തൊടുപുഴ കലയന്താനി റൂട്ടിൽ ഇടവെട്ടി ഗ്രാമത്തിലെ ഒരമ്മച്ചിയെ പരിചയപ്പെടാം. 95 വയസു പിന്നിട്ട പാണംപീടികയിൽ ഏലിക്കുട്ടി അമ്മച്ചി. ഈ അമ്മച്ചിക്കൊരു സവിശേഷതയുണ്ട്. ഈ 95 വയസിലും ചുറുചുറുക്കോടെ മകന്റെ പലചരക്കുകടയിൽ വന്നിരുന്നു കച്ചവടത്തിൽ മകനെ സഹായിക്കുന്നു. രാവിലെ ഏഴരക്ക് കടയിൽ വന്നാൽ തിരിച്ചുപോകുന്നത് രാത്രി എട്ടുമണിക്ക്. നാരങ്ങാവെള്ളം , മിട്ടായി , മുറുക്കാൻ, പാൽ , സ്റ്റേഷനറി ഐറ്റംസ് തുടങ്ങിയ അല്ലറചില്ലറ വ്യാപാരങ്ങളെല്ലാം അമ്മച്ചിയുടെ കൈകൾകൊണ്ടാണ്. ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലാത്തതിനാൽ എത്രനേരം ഇരിക്കാനും ജോലിചെയ്യാനും മടിയില്ല. മകനും അതൊരു അനുഗ്രഹമാണ്. ചെറുപ്പത്തിലേ നന്നായി ജോലിചെയ്തു ശീലിച്ചതുകൊണ്ട് ഇപ്പോൾ ജോലിചെയ്തില്ലെങ്കിലേ അമ്മച്ചിക്ക് ബുദ്ധിമുട്ടുള്ളൂ. വിശ്രമം എന്നൊരു വാക്കേ അമ്മച്ചിയുടെ നിഘണ്ടുവിലില്ല. പുതുതലമുറയിലെ പെണ്ണുങ്ങൾ കണ്ടുപഠിക്കേണ്ടതാണ് ഏലിക്കുട്ടി അമ്മച്ചിയുടെ ജീവിതം.


സ്വന്തം അമ്മയെപ്പോലെ നാട്ടുകാരും ഏലിക്കുട്ടി അമ്മച്ചിയെ സ്നേഹിക്കുന്നു. എപ്പോഴും കടയിൽ കാണുന്നതുകൊണ്ട് എല്ലാവർക്കും അമ്മച്ചിയെ പരിചയമുണ്ട്. പാണം പീടികയിൽ അമ്മച്ചി എന്നാണ് നാട്ടുകാർ വിളിക്കുന്നത്. അമ്മച്ചിയെ അറിയാത്തവർ ഇടവെട്ടി കരയിലും പരിസരത്തും ആരും തന്നെയില്ല.
സ്വയം തിരിച്ചറിയുന്ന പെൺകുട്ടിക്കു ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു മുന്നേറാം എന്നതിന് തെളിവാണ് ഏലിക്കുട്ടി അമ്മച്ചിയുടെ ജീവിതകഥ. പ്രശ്നങ്ങളെയും പ്രയാസങ്ങളെയും പുഞ്ചിരിയോടെ നേരിട്ടു. എല്ലാവരോടും സ്നേഹത്തോടെ മാത്രം പെരുമാറി. മക്കളെ എല്ലാവരെയും ഒരുകുടക്കീഴിൽ നിറുത്തി പരസ്പര സ്നേഹത്തോടെ വളർത്തി വലുതാക്കി കരപറ്റിച്ചു.
Read Also എൺപതാം വയസിലും പിണങ്ങാതെ പിരിയാതെ ഒരേമനസുമായി ഒരേ വീട്ടിൽ ഈ ഇരട്ടസഹോദരങ്ങൾ
മലയാളവർഷം 1102 ചിങ്ങമാസം 23 നു ജനനം. നാലാം ക്ളാസുവരെ മാത്രം പഠനം . തുടർപഠനത്തിന് അക്കാലത്ത് ഫീസു കൊടുക്കേണ്ടിയിരുന്നതിനാൽ പഠിത്തം മുടങ്ങി.
അതിജീവനത്തിന്റെ കഥയാണ് അമ്മച്ചിക്ക് പറയാനുള്ളത്. ഏലിക്കുട്ടി അമ്മച്ചിയ്ക്ക് സഹോദരിമാർ ആറുപേര് ആണ്. ആങ്ങള ഒരാൾ മാത്രം. എലിക്കുട്ടിയുടെ കല്യാണം കഴിഞ്ഞാണ് ആ ആങ്ങള ജനിച്ചത്. അതുകൊണ്ട് കുഞ്ഞാങ്ങളയെ മതിയാവോളം കൊഞ്ചിക്കാനും ലാളിക്കാനും മൂത്തപെങ്ങൾക്ക് കഴിഞ്ഞില്ല. എങ്കിലും വീട്ടിൽ വരുമ്പോഴൊക്കെ കൊതിതീരുവോളം എടുത്തുകൊണ്ടു നടക്കുമായിരുന്നു.
Read Also 99 ന്റെ പടിയിലും നിറഞ്ഞ ചിരിയുമായി അന്നക്കുട്ടി അമ്മച്ചി
വലിയ സാമ്പത്തികം ഇല്ലാത്ത കുടുംബം ആയിരുന്നുഅമ്മച്ചിയുടേത്. കയർപിരിച്ച് അതു കൊണ്ടുപോയി വിറ്റുകിട്ടുന്ന വരുമാനം കൊണ്ടാണ് ചാച്ചൻ അവരെ വളർത്തിയത്. ആ ജോലിയിൽ ഏഴുപെൺമക്കളൂം ചാച്ചനെ സഹായിച്ചിരുന്നു എന്ന് ഏലിക്കുട്ടി അമ്മച്ചി പറഞ്ഞു. അതുകൊണ്ടാണ് പെണ്മക്കളെയെല്ലാം ചാച്ചന് കെട്ടിച്ചു വിടാൻ പറ്റിയത്. ജോലിചെയ്യുന്നതിൽ ആർക്കും മടിയോ അഭിമാനക്കുറവോ ഉണ്ടായിരുന്നില്ല.
21 മത്തെ വയസ്സിലായിരുന്നു കല്യാണം. കല്യാണം കഴിഞ്ഞു ഭർതൃവീട്ടിൽ ചെന്നപ്പോഴും ജോലിചെയ്യാൻ ഏലിക്കുട്ടിക്ക് മടിയുണ്ടായില്ല. സ്നേഹം കൊണ്ട് എലിക്കുട്ടിയെ വീർപ്പുമുട്ടിച്ച ഭർത്താവ് കുര്യൻ ജോലിക്കു പോകാൻ മടിച്ചുനിന്നപ്പോൾ പെണ്ണിന്റെ ധൈര്യം പുറത്തെടുത്തു ആരോടും പരാതി പറയാതെ പത്തുവയസ്സായ മകനെയും കൂട്ടി ഏലിക്കുട്ടി നെല്ലുകുത്താൻ പോയി. നെല്ലുകുത്താൻ മാത്രമല്ല കൊയ്യാനും കറ്റമെതിക്കാനും കല്ലുചുമക്കുവാനുമൊക്കെ പോയി ഏലിക്കുട്ടി പണം സമ്പാദിച്ചു. അങ്ങനെ മക്കളെ ദാരിദ്ര്യം അറിയിക്കാതെ വളർത്തി.
Read Also അമ്മയോട് കണക്ക് പറഞ്ഞാൽ തോറ്റു തുന്നം പാടുന്നത് മക്കളായിരിക്കും
ഏലിക്കുട്ടി അമ്മച്ചിക്ക് മക്കൾ എട്ടുപേരാണ്. അഞ്ചാമത്തെ മകൻ ജോസഫിനെ രണ്ടാം വയസിൽ മാലാഖമാർ വന്നു ദൈവസന്നിധിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. മൂന്നാമത്തെ മകൻ ജോണി 57 മത്തെ വയസിൽ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. അമ്മച്ചിയുടെ ഇളയ മകൾ ലാലി സന്യസ്തജീവിതം സ്വീകരിച്ചു സിസ്റ്റർ റാഫേലായി. അവർ ഇപ്പോൾ ഇറ്റലിയിൽ കൗൺസിലറായി സേവനം ചെയ്യുന്നു.
ഇളയ സഹോദരങ്ങളെ നോക്കുവാൻ ആളില്ലാത്തതിനാൽ മൂത്തമകൻ ആറാം ക്‌ളാസ് വരെയേ സ്‌കൂളിൽ പോയുള്ളൂ. ഇടവെട്ടിയിൽ പലചരക്ക്, സ്റ്റേഷനറി കട നടത്തുകയാണ് ആ മകൻ ഇപ്പോൾ . ആ മകനെയാണ് അമ്മച്ചി ഇപ്പോൾ കടയിൽ വന്നിരുന്നു സഹായിക്കുന്നത്. മകനെ ഇപ്പോഴും കൊച്ചേ എന്നെ അമ്മച്ചി വിളിക്കൂ. മകനും അമ്മയെന്നുവച്ചാൽ ജീവനാണ് .
Read Also ഒരു ദേവാലയത്തിൽ കണ്ണീരിന്റെ പണം കൊണ്ട് ആകാശത്തു പൂത്തിരി കത്തിക്കുമ്പോൾ
ചെറുപ്പം മുതലേ ദൈവവിശ്വാസത്തിലും ദൈവസ്നേഹത്തിലും വളർന്നുവന്നത് കൊണ്ട് പള്ളിയിൽ പോക്ക് ഒരിക്കലും മുടക്കിയിട്ടില്ല ഏലിക്കുട്ടി അമ്മച്ചി. ഈ 95 മത്തെ വയസിലും അത് തുടരുന്നു. വീട്ടിൽ സന്ധ്യാപ്രാർത്ഥന ഒരുമണിക്കൂറോളം നീളും. മക്കളും കൊച്ചുമക്കളുമെല്ലാം ആ പ്രാർത്ഥനയിൽ മടികൂടാതെ പങ്കെടുക്കും. മാതാവിനെ സ്തുതിക്കുന്ന പാട്ടുകളും വിശുദ്ധരെ വണങ്ങുന്ന പാട്ടുകളുമൊക്കെ ഏലിക്കുട്ടി അമ്മച്ചിക്ക് കാണാപ്പാഠമാണ്.
എന്നും എപ്പോഴും ദൈവത്തിന്റെ കരം പിടിച്ചു മുൻപോട്ട് പോകുവാനുള്ള ഒരു മനസും അതിനുള്ള ഒരു തീഷ്ണതയും അമ്മച്ചിക്കുണ്ടായിരുന്നു. ആ വിശ്വാസതീഷ്ണത മക്കളിലേക്കു പകർന്നു കൊടുക്കാനും അമ്മച്ചിക്ക് കഴിഞ്ഞു.
ഏലിക്കുട്ടി അമ്മച്ചിയുടെയും കുടുംബത്തിന്റെയും ബാക്കി വിശേഷങ്ങൾ അറിയുവാൻ വീഡിയോ കാണുക
Read Also ഒരു ദുരന്തത്തെ ഒഴിവാക്കാൻ നിനക്ക് സാധിക്കുമോ ? അതാ പ്രവചനം.