തിരുവനന്തപുരം: അന്ന് ട്രെയിന്‍ അപകടം തടഞ്ഞ് അനേകരെ രക്ഷിച്ച അനുജിത്ത് ഇന്ന് അവയവ ദാനത്തിലൂടെ എട്ടുപേര്‍ക്ക് ജീവിതം നല്‍കി.
ചന്ദനത്തോപ്പ് ഐ.ടി.ഐയില്‍ പഠിക്കുന്ന കാലത്ത് 2010 സെപ്റ്റംബറിൽ അനുജിത് സൃഹൃത്തുക്കളുമൊത്ത് റെയില്‍വേ പാളത്തിലൂടെ നടക്കുന്നതിനിടെയാണ് പാളത്തിൽ ഒരു വിള്ളല്‍ കണ്ടത് . ആ സമയം ട്രെയിന്‍ വന്നു. അനുജിത്തും സുഹൃത്തും പാളത്തിലൂടെ ഓടി കയ്യിലുണ്ടായിരുന്ന ചുവന്ന സഞ്ചി വീശി അപായസിഗ്നല്‍ നല്‍കി. ഇതുകണ്ട് ട്രെയിന്‍ നിര്‍ത്തിയതിനാൽ വന്‍ദുരന്തം ഒഴിവായി.
അടുത്ത ദിവസം ഇറങ്ങിയ പത്രങ്ങളിലെല്ലാം ഇതു വാര്‍ത്തയായി. ഒടുവില്‍ അനുജിത്തിന്റെ ജീവിതം അതിലും വലിയ നന്മപ്രവൃത്തിയുടെ വാര്‍ത്തയായി . പ്രിയതമന്റെ ആഗ്രഹപൂര്‍ത്തീകരണത്തിന് ഭാര്യ പ്രിന്‍സിയും . എതിരു നിന്നില്ല. അവയവദാനം നടത്തിയ അനുജിത്തിന്റെ കുടുംബത്തെ മന്ത്രി കെ.കെ. ശൈലജയും ആദരമറിയിച്ചു.
‘‘ഞാനീ ലോകത്തില്ലെങ്കില്‍, ഞാനായിട്ട് മറ്റൊരാള്‍ക്ക് ജീവിക്കാന്‍ കഴിയണം.” ജീവിച്ചിരുന്നപ്പോൾ അനുജിത് സുഹൃത്തുക്കളോടും ഭാര്യയോടും പറയുമായിരുന്നു .
ഈ മാസം പതിനാലിന് കൊട്ടാരക്കരയ്ക്ക് സമീപം വച്ചാണ് അനുജിത്തിനു ബൈക്ക് അപകടത്തില്‍ ജീവൻ നഷ്ടമായത് . മസ്തിഷ്‌കമരണം സ്ഥിരീകരിച്ചതോടെ ഭാര്യ അവയദാനത്തിനു സന്നദ്ധയായി ഭർത്താവിനെ അനശ്വരനാക്കി.
‘‘ഞാനീ ലോകത്തില്ലെങ്കില്‍, ഞാനായിട്ട് മറ്റൊരാള്‍ക്ക് ജീവിക്കാന്‍ കഴിയണം.” ജീവിച്ചിരുന്നപ്പോൾ അനുജിത് സുഹൃത്തുക്കളോടും ഭാര്യയോടും പറയുമായിരുന്നു . അങ്ങനെയാണ് അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയില്‍ സമ്മതപത്രം നല്‍കിയത്. രക്തം നൽകിയും മറ്റും രോഗികളെ സഹായിക്കാൻ ഓടിനടക്കാറുള്ള ആളുമായിരുന്നു അനുജിത്ത്. അഗ്നി രക്ഷാ സേനയുടെ സിവിൽ ഡിഫൻസ് വൊളന്റിയറായിരുന്നു.
ഹൃദയം, കരള്‍, നേത്രപടലങ്ങള്‍, വൃക്കകള്‍, രണ്ടുെകെ എന്നിവയാണ് അനുജിത്ത് എട്ടുപേര്‍ക്കായി പകുത്തു നല്‍കിയത്.
എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തൃപ്പൂണിത്തുറ സ്വദേശി സണ്ണി തോമസിനാണ്(55) ഹൃദയം വച്ചുപിടിപ്പിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നേകാലിനായിരുന്നു കിംസില്‍ ശസ്ത്രക്രിയ നടന്നത്. 50 മിനിറ്റുകൊണ്ട് എറണാകുളത്ത് ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിന്റെ ഹെലിപാഡില്‍ എത്തി. ഒരു മിനിറ്റില്‍ രണ്ടു ബോക്‌സും പുറത്തെത്തിച്ചു. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ഹൃദയം എടുത്ത് മൂന്നു മണിക്കൂര്‍ 11 മിനിറ്റ് കൊണ്ട് പുതിയ ശരീരത്തില്‍ മിടിച്ചു തുടങ്ങി.
ഹൃദയമുള്ളവര്‍ക്ക് ഒരു ജീവിത പാഠമാണ് അനുജിത്ത് . മരണത്തിനപ്പുറവും അവന്റെ ഹൃദയം സ്പന്ദിക്കും. ഹൃദയം മാത്രമല്ല, കൈകകളും കണ്ണുകളും വൃക്കകളുമെല്ലാം.














































