Home More Religion ഉത്തമനായ ഭർത്താവിന്റെ അഞ്ച് യോഗ്യതകൾ

ഉത്തമനായ ഭർത്താവിന്റെ അഞ്ച് യോഗ്യതകൾ

16765
0
ഉത്തമനായ ഭർത്താവിന്റെ അഞ്ച് യോഗ്യതകൾ

ഉത്തമനായ ഭർത്താവിന്റെ അഞ്ച് യോഗ്യതകൾ എന്തൊക്കെയാണ് ?

ഒന്നാമതായി അവൻ സ്വന്തം ഭാര്യയെ വളർത്തുന്നവനായിരിക്കണം. എന്നുവച്ചാൽ ഭാര്യയുടെ വളർച്ചയിൽ സന്തോഷിക്കുന്നവനും അഭിമാനിക്കുന്നവനുമാണ് എന്നർത്ഥം. സഭയിൽ, സമൂഹത്തിൽ, രാഷ്ട്രീയത്തിൽ പടിപടിയായി ഭാര്യ ഉയരുമ്പോൾ അതിൽ അഭിമാനിക്കുന്നവനാണ് ഉത്തമനായ ഭർത്താവ്. സ്വന്തം ഭാര്യയുടെ നേട്ടങ്ങളെ അഭിമാനത്തോടെ കാണുന്നവൻ. സ്വന്തം ഭാര്യക്ക് പേരും പെരുമയും കൂടുമ്പോൾ അതിൽ അസ്വസ്ഥത പ്രകടിപ്പിക്കുന്ന ഭർത്താവാണെങ്കിൽ അവൻ തീർച്ചയായും ഭാര്യയോട് ചേർന്നു നിൽക്കുന്നവനല്ല. ഭാര്യയും ഭർത്താവും ഒന്നാണ് എന്ന തിരിച്ചറിവ് ഓരോ കുടുംബത്തിലും ഉണ്ടാകണം.

വിവാഹം കഴിഞ്ഞ ആദ്യനാളുകളിൽ ബസിൽ യാത്ര ചെയ്യുമ്പോൾ കണ്ടക്ടർ അടുത്തു വന്നു വന്നു പറയും: ” ടിക്കറ്റ് ടിക്കറ്റ്. ” ഉടനെ ഭർത്താവ് പറയും: ” കണ്ടക്ടറെ ഒരു ടിക്കറ്റ്”. അപ്പോൾ കണ്ടക്ടർ ചോദിക്കും: ”ഭാര്യക്ക് എന്താ നാല് വയസ്സ് ആയില്ലേ?” അപ്പോൾ ഭർത്താവിന്റെ മറുപടി എന്തായിരിക്കും?: ” പൊന്ന് കണ്ടക്ടറെ, ഇയാൾക്ക് ഞങ്ങളെ രണ്ടായിട്ട് തോന്നിയാലും ഞങ്ങളെ കെട്ടിച്ച അച്ചൻ പറഞ്ഞത് ഇനിമേൽ നിങ്ങൾ രണ്ടല്ല ഒന്നാണ് എന്നാണ്.”

Also Read ഉത്തമയായ ഭാര്യക്ക് വേണ്ട അഞ്ചു ഗുണങ്ങൾ!

ഭാര്യ എത്ര വളരുമ്പോഴും താനാണ് വളർന്നത് എന്ന തോന്നൽ ഓരോ ഭർത്താവിനും ഉണ്ടാവണം. അവൾ തന്റെ അസ്ഥിയുടെ അസ്ഥിയാണ്, മാംസത്തിന്റെ മാംസമാണ് എന്ന ചിന്ത ഭർത്താവിന് ഉണ്ടാവണം. അവൾ എന്റെ തുടർച്ചയാണ് എന്ന ബോധ്യം ഭർത്താവിന് ഉണ്ടാകണം. ഭാര്യക്ക് പഠിക്കാൻ കഴിവുണ്ടോ, പഠിക്കാൻ വിടണം അവളെ.

ചില ആണുങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്ന യുവതിയെ കല്യാണം കഴിക്കും. അപ്പോൾ കൊടുക്കുന്ന വാഗ്ദാനം കല്യാണം കഴിഞ്ഞാലും പഠിത്തം തുടരാൻ വേണ്ട എല്ലാ കാര്യവും ചെയ്തു തരാം എന്നാകും. എന്നാൽ കല്യാണം കഴിയുമ്പോഴോ ? പഠിക്കാൻ വിടത്തില്ല. ആഗ്രഹം പൂർത്തീകരിക്കാതെ ഭർത്താവിന് കീഴിൽ ഒരു അടിമയെ പോലെ നിൽക്കാൻ വിധിക്കപ്പെട്ട ഹതഭാഗ്യരായ ഒരുപാട് യുവതികൾ ഉണ്ട് ഇന്ന് സമൂഹത്തിൽ. അങ്ങനെ വരുമ്പോഴാണ് കുടുംബത്തിൽ താളപ്പിഴകൾ ഉണ്ടാകുന്നത്. തുടർന്ന് ബന്ധം വേർപെടുത്താനുള്ള ഒരു അന്തരീക്ഷം ആ കുടുംബത്തിൽ ഉരുത്തിരിയുന്നു. തന്നെപ്പോലെ തന്റെ ഭാര്യയും വളരണമെന്ന് ചിന്തിക്കുന്നവനാണ് ഉത്തമനായ ഭർത്താവ് .

രണ്ട് , ഉത്തമനായ ഭർത്താവ് ഭാര്യയെ സ്നേഹിക്കുന്നവനായിരിക്കണം. സ്നേഹം ഉള്ളിൽ വെച്ചാൽ പോരാ, അത് ഭാര്യക്കും മക്കൾക്കും കാണിച്ചു കൊടുക്കണം, പ്രകടിപ്പിക്കണം. സ്നേഹമുള്ള ഭർത്താവാണ്, സ്നേഹമുള്ള അപ്പനാണ് എന്ന തോന്നൽ അവർക്കുണ്ടകണം.

Also Read എത്ര പ്രായമായാലും പിണക്കമായാലും ദമ്പതികൾ ഒരു മുറിയിലെ കിടക്കാവൂ.

ചില ആണുങ്ങൾ വളരെ നല്ലവരാണ്. പക്ഷേ സ്നേഹം പുറത്തേക്ക് കാണിക്കില്ല . അത് പ്രകടിപ്പിക്കാൻ അവർക്കറിയില്ല. തേങ്ങ പോലെയാണ് അവർ. പുറത്ത് ചകിരി , അകത്ത് ചിരട്ട, അതിനകത്ത് തേങ്ങ, അതിനുള്ളിൽ മധുരമുള്ള വെള്ളം. .

ഒരിക്കൽ ഒരു സ്ത്രീ പറഞ്ഞു: ”എനിക്കൊരു മോനുണ്ട്. അവന് അഞ്ചു ഭാഷകൾ അറിയാം. പക്ഷെ ഒരു കുഴപ്പമുണ്ട് . അവൻ വർത്തമാനം പറയത്തില്ല, ഊമനാണ്.” എത്ര ഭാഷ അറിയാമെങ്കിലും വർത്തമാനം പറയില്ലെങ്കിൽ പിന്നെ ഭാഷകൊണ്ട് എന്ത് പ്രയോജനം? റബർ ഷീറ്റിന് കിലോയ്ക്ക് 500 രൂപ വിലയുണ്ടെന്നു കരുതുക. പക്ഷേ റബർ വെട്ടാൻ പറ്റുന്നില്ലെങ്കിൽ പിന്നെ ഈ വില കൊണ്ട് എന്ത് കാര്യം ? ഇതുപോലെയാണ് സ്നേഹവും. ഉള്ളു നിറയെ സ്നേഹം ഉണ്ടെങ്കിലും അത് പ്രകടിപ്പിക്കാൻ പറ്റുന്നില്ലെങ്കിൽ എന്ത് പ്രയോജനം? സ്നേഹം പ്രകടിപ്പിക്കാത്ത ഭർത്താവ് ദാമ്പത്യജീവിതത്തിൽ ഒരു വൻ പരാജയമാകും.

ഭർത്താവ് എങ്ങനെയാണ് സ്നേഹം പ്രകടിപ്പിക്കുക? വിവാഹ വാർഷികത്തിലോ ജന്മദിനത്തിലോ ഒക്കെ ഒരു സമ്മാനം ഭാര്യക്ക് വാങ്ങി കൊടുക്കുന്നത് , ഒരുമിച്ച് ദേവാലയത്തിൽ പോകുന്നത്, കുഞ്ഞുങ്ങളുടെ ജന്മദിനത്തിന് ഭാര്യയെയും മക്കളെയും കൂട്ടി ഒരു വിനോദയാത്ര പോകുന്നത് …, ഇതൊക്കെയാണ് സ്നേഹത്തിന്റെ പ്രകടനം. സ്നേഹം പ്രകടിപ്പിക്കുന്നവനാണ് ഒരു നല്ല ഭർത്താവ്.

Also Read എത്ര ദേഷ്യം വന്നാലും ഭാര്യ ഭർത്താവിനോട് മിണ്ടാതിരിക്കരുത്.

ഒരിക്കൽ ഒരു സ്ത്രീ പറഞ്ഞു. എന്റെ ഭർത്താവ് എന്നെ അല്ല അച്ചോ വിവാഹം കഴിച്ചിരിക്കുന്നത് എന്ന്. അയാൾ വിവാഹം കഴിച്ചിരിക്കുന്നത് 25 ഏക്കർ റബ്ബർ തോട്ടത്തെയും ഒരു ഇൻഡിക്ക കാറിനെയുമാണ്. മാസത്തിൽ ഒരു അഞ്ചു ദിവസമെങ്കിലും എന്റെ കൂടെ ആ മനുഷ്യൻ ഒന്ന് ജീവിച്ചാൽ മതിയായിരുന്നു അച്ചോ എന്ന് അവർ സങ്കടത്തോടെ പറഞ്ഞു. ഞാൻ ആ ഭർത്താവിനോട് പറഞ്ഞു ഭാര്യക്ക് ഇങ്ങനെ ഒരു പരാതി ഉണ്ട് കേട്ടോ എന്ന് . ഉടനെ ഭർത്താവ് പറഞ്ഞു: ” അച്ചാ, അവൾ ഒരു പൊട്ടിയാ. അവൾക്കു വല്ല വിവരവും ഉണ്ടോ? എന്തിന്റെ കുറവാ അവൾക്ക് ? ദിവസം നൂറു റബ്ബർ ഷീറ്റ്. ഒരു അംബാസഡർ കാർ. സമർത്ഥനായ ഒരു ഡ്രൈവർ. ഒരു കുറവും ഞാൻ വരുത്തിയിട്ടില്ല അച്ചോ . ഞാൻ പറഞ്ഞു: ”അതാണ് കുറവ്. ഡ്രൈവർ പോരാ വീട്ടിൽ; നീ വേണം.” ഭർത്താവിന്റെ സാമീപ്യം ഇല്ലാത്തത് ഭാര്യയുടെ ഒരു വലിയ കുറവാണ്.

മൂന്ന്, ഉത്തമനായ ഭർത്താവ് കല്യാണം കഴിയുമ്പോൾ ചിലതൊക്കെ ഉപേക്ഷിയ്ക്കാൻ തയ്യാറാകണം. അതാണ് മാതാപിതാക്കളെ വിട്ടു ഭാര്യയോട് ചേരുന്നു എന്ന് പറയുന്നതിന്റെ അർത്ഥം. ഒറ്റയ്ക്കായിരുന്ന പ്പോൾ സിഗരറ്റ് വലി, പുകവലി, മയക്കുമരുന്ന്, മദ്യപാനം, സിനിമയ്ക്ക് പോക്ക് തുടങ്ങി വേണ്ടാത്ത കൂട്ടുകെട്ട് ഒക്കെ ഉണ്ടായിരുന്നു. പക്ഷേ ഉത്തരവാദിത്വമുള്ള ഒരു ഭർത്താവായി കഴിയുമ്പോൾ അതെല്ലാം അവൻ ഉപേക്ഷിക്കണം. അപ്പന്റെയും അമ്മയുടെയും കൂടെ ജീവിച്ചിരുന്ന കാലഘട്ടത്തിൽ, അവന്റെ കൗമാരത്തിൽ അവനു അവന്റേതായ പല സ്വഭാവങ്ങളും ഉണ്ടായിരുന്നിരിക്കാം. അതെല്ലാം ഉപേക്ഷിക്കേണ്ടതായി വരും. ഉത്തമനായ ഭർത്താവ് ഭാര്യക്ക് വേണ്ടി പലതും ഉപേക്ഷിക്കുന്നവനാണ്.

Also Read വീട് ഒരു ദേവാലയം. ദമ്പതികളുടെ കിടപ്പുമുറി മദ്ബഹ. 

നാല് , ഉത്തമനായ ഭർത്താവ് ഭാര്യക്കുവേണ്ടി എല്ലാം ത്യജിക്കാനും മരിക്കാനും തയ്യാറാകുന്നവനാണ്. ഭാര്യക്കും മക്കൾക്കും വേണ്ടി മരിക്കാൻ ഉള്ള മനസ്സ്. ഇതാണ് ഉത്തമനായ ഭർത്താവിന്റെ ഒരു യോഗ്യതയായി നമ്മൾ കാണുക. അതാണ് വിവാഹത്തിന്റെ വാഗ്ദാനവും. ഞാൻ ഉണ്ടില്ലെങ്കിലും അവളെ ഊട്ടും, ഞാൻ ഉടുത്തില്ലെങ്കിലും അവളെ ഉടുപ്പിക്കും, ഞാൻ കഴിച്ചില്ലെങ്കിലും അവളെ കഴിപ്പിക്കും. ഇതാണ് എന്റെ വിവാഹത്തിൽ ഞാൻ ഭാര്യയോട് ചെയ്ത വാഗ്ദാനം എന്ന് ഓരോ ഭർത്താവും ചിന്തിക്കണം.

ഞാൻ ഒരു മനുഷ്യനെ കണ്ടിട്ടുണ്ട്. ജോലി കഴിഞ്ഞ് വൈകുന്നേരം വീട്ടിൽ പോകുമ്പോൾ അയാൾ നാലു ബോണ്ട വാങ്ങി ഒരു കടലാസിൽ പൊതിഞ്ഞു കൊണ്ടുപോകും. ഒന്ന് അയാൾക്ക് . ഒരെണ്ണം ഭാര്യക്ക്. രണ്ടെണ്ണം ഓരോ കുഞ്ഞുങ്ങൾക്കും. അത് ഒന്നിച്ചിരുന്ന് മുറിച്ചു കഴിക്കുമ്പോൾ കിട്ടുന്ന സംതൃപ്തിയാണ് ആ കുടുംബത്തിന്റെ സംതൃപ്തി.

വേറൊരു മനുഷ്യനെ കണ്ടിട്ടുണ്ട്. ഭാര്യയോടൊത്ത് സിറ്റിയിൽ പോകുമ്പോൾ അയാൾ അവളോട് പറയും: ”നീ ഇവിടെ നിൽക്ക്; ഞാൻ പോയി ഒരു ചായ കുടിച്ചിട്ട് വരാം.” അങ്ങനെ പറയുന്ന ഭർത്താക്കന്മാരെയും കണ്ടിട്ടുണ്ട്. ഇവിടെയാണ് പറയുക, നല്ലവനായ ഭർത്താവ് ഭാര്യക്ക് വേണ്ടി മരിക്കാൻ മനസ്സുള്ളവനാണ് എന്ന്.

Also Read ”ഒരു വണ്ടിയിൽ കയറിഇരുന്നിട്ട് മറ്റൊരു വണ്ടിയെപ്പറ്റിചിന്തിക്കരുത്. 

അഞ്ചാമത്, ഒരു നല്ല ഭർത്താവ് അവന്റെ ജീവിതത്തിൽ പുനർജനിക്കാൻ കഴിവുള്ളവൻ ആകണം. ഭാര്യക്കും മക്കൾക്കും വേണ്ടി പുനർജനിക്കുന്നവനാണ് ഉത്തമ ഭർത്താവ്. ഭർത്താവിന് ചില കാര്യങ്ങൾ മുൻപ് ഇഷ്ടം അല്ലായിരുന്നു എന്ന് കരുതുക. പക്ഷേ ഭാര്യയെ പ്രതി അവന്റെ ഇഷ്ടക്കേട് അവൻ മാറ്റിവയ്ക്കണം. ഉദാഹരണം, വിശുദ്ധ കുർബാനയ്ക്ക് പോകുന്നത് ഇഷ്ടമില്ലാത്ത ഒരു കുടുംബനാഥൻ ആണെന്ന് വിചാരിക്കുക. പക്ഷേ കല്യാണം കഴിയുമ്പോൾ ഭാര്യയെയും മക്കളെയും ഓർത്ത് അവൻ വിശുദ്ധ കുർബാനയ്ക്ക് പോയേ പറ്റൂ. ഭർത്താവിന് കുമ്പസാരം എന്ന കൂദാശ ഇഷ്ടമില്ല. പക്ഷെ ഭാര്യയേയും മക്കളേയുമോർത്ത് അവൻ കുമ്പസാരത്തിന് പോകണം. ചില പെണ്ണുങ്ങൾ കരഞ്ഞുകൊണ്ടു പറയും: എന്റെ അച്ചാ, ഭർത്താവ് ഒന്ന് കുമ്പസാരിച്ചു കണ്ടാൽ മതിയായിരുന്നു. വിവാഹത്തിനു കുമ്പസാരിച്ചു എന്ന് പറയുന്നതല്ലാതെ പിന്നെ ഞാൻ ജീവിതത്തിൽ ഇതുവരെ അങ്ങേരു കുമ്പസാരിക്കുന്നത് കണ്ടിട്ടില്ല.

ഭാര്യയുടെ കണ്ണുനീരും വേദനയും തൻ്റെ വേദനയായി കാണുന്നവൻ ആണ് ഉത്തമനായ ഭർത്താവ് . ഭാര്യയുടെ വേദനക്ക് തന്റെ ജീവിതം കൊണ്ട് പരിഹാരം ചെയ്യുന്നവൻ ആണ് ഉത്തമനായ ഭർത്താവ്. തന്റെ ഇഷ്ടങ്ങൾ മാത്രം നിറവേറ്റുന്നവൻ ഒരു നല്ല ഭർത്താവ് അല്ല. വിവാഹം കഴിക്കുമ്പോൾ അവന്റെ ജീവിതത്തിലേക്ക് കടന്നു വരുന്ന ആളിന്റെ ഇഷ്ടം കൂടി നോക്കണം. അവിടെയാണ് വിവാഹത്തിന്റെ വിജയം വിജയം.

ദൈവം തന്ന ദാമ്പത്യം മക്കൾക്ക് ഒരു മാതൃകയാക്കി കാണിച്ചു കൊടുക്കാനുള്ള ഉത്തരവാദിത്വം ദമ്പതികൾക്കുണ്ട് . കുഞ്ഞുങ്ങൾ കണ്ടുപഠിക്കണം മാതാപിതാക്കളുടെ ജീവിതം. വീട് ഒരു സർവ്വകലാശാലയാണ്. അവിടുത്തെ അധ്യാപകർ മാതാപിതാക്കൾ. അവിടുത്തെ ശിഷ്യഗണം മക്കൾ.

Also Read ഭർത്താവിന്റെ സ്നേഹം പിടിച്ചുപറ്റാൻ ഭാര്യ പ്രയോഗിച്ച സൂത്രം പാളിപ്പോയ കഥ!

പ്രാർത്ഥിക്കുന്ന അപ്പനെയും അമ്മയെയും കാണുമ്പോൾ മക്കളും അതുപോലെ പ്രാർത്ഥിക്കും. ദാനധർമ്മം ചെയ്യുന്ന മാതാപിതാക്കളെ കാണുമ്പോൾ മക്കളും അത് തുടരും. ബഹുമാനത്തോടെ സംസാരിക്കുന്ന അപ്പനെയും അമ്മയെയും കാണുമ്പോൾ മക്കൾ അത് കണ്ടുപഠിക്കും. ഭാര്യയെ ചീത്ത വിളിക്കുന്ന ഭർത്താവ്. ഭർത്താവിനെ ചതിക്കുന്ന ഭാര്യ. അത് കണ്ടുവളരുന്ന മക്കൾ പറയും, എന്തിനാ കല്യാണം കഴിക്കുന്നത് എന്റെ അപ്പന്റെയും അമ്മയുടെയും ജീവിതം കണ്ടും മടുത്തവരാണ് ഞങ്ങൾ എന്ന്.

മാതാപിതാക്കളുടെ സ്നേഹമില്ലായ്മ മൂലം വിവാഹം പോലും വേണ്ടെന്ന് തീരുമാനിച്ചു ജീവിക്കുന്ന ചില യുവജനങ്ങളുണ്ട്. മക്കൾക്ക് മാതൃകയാക്കി ജീവിതത്തെ കൊണ്ടുവരണം മാതാപിതാക്കൾ. അവരുടെ കഴിഞ്ഞ കാല അനുഭവങ്ങൾ മക്കൾക്ക് പറഞ്ഞു കൊടുക്കണം. കണ്ണുനീരിന്റെയും അലച്ചിലിന്റെയും കഷ്ടപ്പാടിന്റെയും ചരിത്രം മാതാപിതാക്കൾ മക്കൾക്ക് പറഞ്ഞു കൊടുക്കണം.

കാപ്പിപ്പൊടിയച്ചൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഫാ ജോസഫ് പുത്തൻപുരക്കലിന്റെ തിരഞ്ഞെടുത്ത നർമ്മ പ്രഭാഷണങ്ങൾ കേൾക്കുക (വീഡിയോ കാണുക )

Also Read രണ്ടു വഴിയിലൂടെ ഭർത്താവിനെ വരച്ചവരയിൽ നിറുത്താനുള്ള കൃപ പെണ്ണുങ്ങൾക്ക് ദൈവം കൊടുത്തിട്ടുണ്ട്

Also Read പെണ്ണുങ്ങൾക്ക് ഷേക് ഹാൻഡ് കൊടുത്താൽ മേഡേൺ ബ്രെഡിന് ഷേക്ക് ഹാൻഡ് കൊടുക്കുന്നതുപോലെയാ !

Also Read വീര്യവും ശൗര്യവും പോയാൽ പിന്നെ ശാരീരികബന്ധം പോലും യാന്ത്രികമായിരിക്കും

Also Read ചില ഹോട്ടലിൽ കയറി മസാലദോശയ്ക്ക് ഓർഡർ കൊടുക്കുമ്പോൾ ചോദിക്കാതെ കൊണ്ടുവരുന്ന.

Also Read “നീ അലറി വിളിച്ചപ്പോൾ അവര് വന്നില്ലേൽ കാണായിരുന്നു

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here