ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്നേഷ്യസ് കലയന്താനി – അദ്ധ്യായം 42
“ടോണിയും ഭാര്യയും തമ്മില്‍ എന്നും വഴക്കായിരുന്നു. ആ സ്ത്രീ ഫേസ്ബുക്കില്‍ ചാറ്റ് ചെയ്ത് ഏതോ ചെറുപ്പക്കാരനുമായിട്ട് കമ്പനിയായി. ടോണി ഹോസ്പിറ്റലിൽ പോയി കഴിഞ്ഞാൽ അവര്‍ ഒറ്റക്കല്ലേ വീട്ടിൽ. വേറെ പണിയൊന്നുമില്ലല്ലോ . അവിടെ എന്താ നടക്കുന്നതെന്ന് ടോണിക്ക് അറിയില്ലായിരുന്നു. ഇടയ്ക്കു അവന് എന്തോ സംശയം തോന്നി . എപ്പം വിളിച്ചാലും വൈഫിന്റെ ഫോൺ എൻഗേജ്ഡ് . ഒരു ദിവസം അപ്രതീക്ഷിതമായി ഇടസമയത്തു ടോണി വീട്ടിലേക്കു കേറി ചെന്നു. രണ്ടിനേം ബെഡ്റൂമിൽ നിന്ന് കയ്യോടെ പൊക്കി. പിന്നെ ടോണി അവിടെ നിന്നില്ല. അയാളുടെ സാധനങ്ങളെല്ലാം എടുത്തു അവിടെ നിന്നു ലോഡ്ജിലേക്ക് താമസം മാറ്റി. പിന്നെ ഒറ്റയ്ക്കായിരുന്നു താമസം. വൈഫ് അവളുടെ കാമുകന്റെ കൂടെ പോയി. വൈകാതെ ഡിവോഴ്സും നടന്നു. രണ്ടുകൂട്ടർക്കും സമ്മതം ആയിരുന്നതുകൊണ്ടു ഡിവോഴ്സിന് ബുദ്ധിമുട്ടുണ്ടായില്ല .” ശരത് പറഞ്ഞു നിറുത്തി.
“ടോണിയുടെ കുട്ടികള്‍?” ജാസ്മിൻ ആകാംക്ഷയോടെ നോക്കി .
“അവനു കുട്ടികളില്ല. ഒരിക്കല്‍ വൈഫ് പ്രഗ്നന്റ് ആയതായിരുന്നു. ടോണി അറിയാതെ അവളത് അബോര്ഷന് നടത്തി. കുട്ടി ഉണ്ടായാല്‍ അവളുടെ സ്വൈരവിഹാരത്തിന് അതു വിലങ്ങു തടിയാകുമോന്ന് അവള് ഭയന്നു .”
“ടോണിയുടെ പേരിലുണ്ടായിരുന്ന വീട്?”
“അതു വിറ്റു. ബാങ്കില്‍ ഒരുപാട് കടമുണ്ടായിരുന്നു. അതു വീട്ടി. ബാക്കി കാശ് ഭാര്യയുടെ പേരില്‍ ബാങ്കിലിട്ടിട്ട് വാടക വീട്ടിലായിരുന്നു അവര്‍ താമസം. ആ സമയത്താ കാമുകനോടൊപ്പം അവളെ കണ്ടത്. വൈഫ് പോയപ്പം ആ കാശും എടുത്തോണ്ടു പോയി. എല്ലാ കാര്യങ്ങളും അവൻ എന്നോടു തുറന്നുപറയുമായിരുന്നു. ഞങ്ങള്‍ തമ്മിൽ അത്ര അടുപ്പത്തിലായിരുന്നു ”
ജാസ്മിൻ കാതുകൂർപ്പിച്ചു കേട്ടിരിക്കയായിരുന്നു എല്ലാം .
ഒരു ദീര്‍ഘശ്വാസം വിട്ടിട്ട് ശരത് തുടര്‍ന്നു:
“അമ്മയെയും പെങ്ങളെയുംകുറിച്ച് പറഞ്ഞ് അവന് എപ്പഴും കരയ്വായിരുന്നു. പെങ്ങളുടെ കല്യാണം നടത്തിക്കൊടുക്കാന്‍ പറ്റിയില്ല എന്നു പറഞ്ഞ് രാത്രി എണീറ്റിരുന്നു കരയുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. അവൻ ഒരു പാവമാ . ആ പെണ്ണുകാരണം വഴിതെറ്റിപ്പോയതാ . “
“നിങ്ങളു തമ്മില്‍ എന്നാ അവസാനം കണ്ടത്?”
“ആറുമാസം മുമ്പ് ഞാന്‍ വേറൊരാശുപത്രിയിലേക്കു മാറി. പിന്നെ കണ്ടില്ല. ആക്സിഡന്റ് ഉണ്ടായീന്ന് പത്രത്തില്‍ കണ്ടപ്പഴാ അത് എന്റെ സുഹൃത്താണല്ലോന്നു മനസ്സിലായത്.”
“താങ്ക്സ് . ഇത്രയും കാര്യങ്ങള്‍ അറിയിച്ചതിന് വളരെ നന്ദി.”
”ടോണിയുടെ ആരാ ?” ശരത് ചോദിച്ചു.
” കസിനാണ് ” ജാസ്മിൻ മറുപടി നൽകി.
”ടോണിയെ നാട്ടിലേക്കു കൊണ്ടുപോകുന്നുണ്ടോ ?”
”കൊണ്ടുപോകാൻ പറ്റുന്ന ഒരു കണ്ടീഷനിലല്ല ആളിപ്പം ”
”ഞാനൊന്നു കണ്ടിട്ടു വരട്ടെ ?”
”ഉം ” ജാസ്മിൻ തലകുലുക്കി
ശരത് ഐ സി യു ലക്ഷ്യമാക്കി നടന്നു.
ജയപ്രകാശിനോട് ടോണിയുടെ കാര്യങ്ങള്‍ നോക്കിക്കൊള്ളണമെന്നു പറഞ്ഞിട്ട് ജാസ്മിനും ആഗ്നസും ഫ്ളൈറ്റില്‍ നാട്ടിലേക്കു മടങ്ങി.
മടക്കയാത്രയിൽ ജാസ്മിൻ ആഗ്നസിനോട് പറഞ്ഞു :
” ആന്റി , അനുവിനോട് ഇപ്പോൾ ഈ സംഭവമൊന്നും പറയണ്ടാട്ടോ . അവൾ ഹണിമൂൺ ആഘോഷിക്കുകയല്ലേ . അവളുടെ സന്തോഷത്തിനു നമ്മൾ തടയിടാൻ പാടില്ല. ടോണി വേഗം സുഖം പ്രാപിക്കാൻ നമുക്ക് പ്രാർത്ഥിക്കാം .”
”അവൻ മരിച്ചുപോകുമോ മോളെ? ”
”ഇല്ല ആന്റീ . ദൈവം ടോണിയെ കൈവിടില്ല. ചെയ്തുപോയ തെറ്റുകൾക്ക് ടോണിക്ക് പശ്ചാത്താപം തോന്നി എന്ന് ഡോ. ശരത് പറഞ്ഞു . പശ്ചാത്തപിക്കുന്നവരുടെ പാപങ്ങൾ ദൈവം പൊറുക്കും . ആന്റി സമാധാന മായിട്ടിരിക്ക് ”
അടുത്ത ദിവസം വെളുപ്പിന് ജാസ്മിന് ഒരു ഫോണ്‍കോള്‍. ഡോക്ടര്‍ ജയപ്രകാശാണ് വിളിച്ചത്. ടോണിക്കു ബോധം വീണ്ടുകിട്ടിയത്രേ. ഇനി ഭയപ്പെടാനില്ലെന്ന്. ജാസ്മിന് സന്തോഷമായി.
“എന്നാലും ജയപ്രകാശ് അവിടുണ്ടാകണം. എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചോണം. മറ്റേതെങ്കിലും ആശുപത്രിയിലേക്കു മാറ്റണമെങ്കില്‍ അതുമാകാം.”
“വേണ്ട മാഡം. ഇതു നല്ല ഹോസ്പിറ്റലാ. ഞാന്‍ നോക്കിക്കോളാം എല്ലാം.”
“ഓക്കെ.”
ജാസ്മിന് ഒരു ആശ്വാസനിശ്വാസമുതിര്‍ത്തു.
ആശുപത്രിയില്‍നിന്നു വീട്ടിലേക്കു മടങ്ങുമ്പോള്‍ ടോണി പുതിയൊരു മനുഷ്യനായി മാറിയിരുന്നു. പഴയ ആരോഗ്യവും പ്രസരിപ്പുമൊക്കെ തിരിച്ചുകിട്ടിയിരിക്കുന്നു.
അമ്മയെയും പെങ്ങളെയും തിരിച്ചുകിട്ടിയതിന്റെ സന്തോഷം ആ മുഖത്തു പ്രകടമായിരുന്നു. ടോണി ഓര്‍ത്തു. ഒരുപാട് വേദനിപ്പിച്ചതാണ് താന്‍ അവരെ. ആതിരയുടെ വാക്കുകേട്ട് പെറ്റമ്മയെയും കൂടപ്പിറപ്പിനെയും പിണക്കി അകറ്റി. എന്നിട്ട് എന്ത് കിട്ടി ? കുറെ കണ്ണീരുമാത്രം.
ജാസ്മിന് ഒരു രക്ഷകയായി വന്ന് തന്റെ ജീവന് രക്ഷിച്ചതില്‍ അദ്ഭുതം തോന്നുന്നു. പണ്ട് തന്റെ വീട്ടില്‍നിന്ന് ഇറക്കി വിട്ടതാണ് താന്‍ അവളെ. മനസ്സില്‍നിന്ന് എന്നന്നേക്കുമായി പിഴുതെറിഞ്ഞതാണ് ആ രൂപം. എന്നിട്ടും അപകടസന്ധിയില്‍ ഒരു മാലാഖയെപ്പോലെ വന്നു അവൾ തന്നെ സഹായിച്ചല്ലോ. തനിക്കുവേണ്ടി ഒരുപാട് പണം മുടക്കിയല്ലോ! ആ മനസ്സ് ഇത്രയും വിശാലമാണെന്ന് സ്വപ്നത്തില്‍പോലും കരുതിയില്ല. അവളുടെ സ്നേഹവും പരിചരണവും ജീവിതാന്ത്യം വരെ അനുഭവിക്കാന്‍ കിട്ടിയ അവസരം താന്‍ തട്ടിക്കളഞ്ഞല്ലോ ദൈവമേ .
ജയിംസ് ഭാഗ്യവാനാണ്. മനസ്സില്‍ സ്നേഹം മാത്രമുള്ള ഒരു പെണ്ണിനെ അയാള്‍ക്കു ഭാര്യയായി കിട്ടിയല്ലോ.
ആതിരയെന്ന പണച്ചാക്കിനെ വിവാഹം കഴിച്ചപ്പോള്‍ ഒരിക്കലും ദുഃഖിക്കേണ്ടിവരില്ലെന്നു താന്‍ കരുതി. അവളുടെ വാക്കുകേട്ട് അമ്മയെയും അനിയത്തിയെയും കൈയൊഴിഞ്ഞു. ഈ പാപം പൊറുക്കുമോ ദൈവം?
“മോനെന്താ ആലോചിക്കുന്നത്?”
ആഗ്നസിന്റെ ചോദ്യം കേട്ടാണ് ടോണി ചിന്തയില്‍ നിന്നുണര്‍ന്നത്. താന്‍ കാറിനകത്താണെന്നും വണ്ടി ഓടിക്കൊണ്ടിരിക്കുകയാണെന്നും അപ്പോഴാണ് ഓര്‍മ്മ വന്നത്.
“ഒന്നുമില്ലമ്മേ.”
ടോണിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നതു കണ്ടപ്പോള്‍ ആഗ്നസ് പറഞ്ഞു:
“പഴയതൊന്നും ഓര്‍ത്തു മനസ്സു വിഷമിപ്പിക്കണ്ടാട്ടോ. അതൊക്കെ ഒരു ദുസ്സ്വപ്നമായിട്ടു കരുതിയാല്‍ മതി.എല്ലാം കലങ്ങി തെളിഞ്ഞില്ലേ ? ”
“എളുപ്പം മറക്കാന്‍ പറ്റുന്നതാണോ അമ്മേ ഞാന്‍ ചെയ്ത ക്രൂരതകള്‍. മനസ്സില്‍ അതൊരു തീക്കനലായിട്ടു കിടക്ക്വാ ഇപ്പഴും.”
“ചേട്ടായിയോടു ഞങ്ങള്‍ക്കാര്‍ക്കും പിണക്കവും ദേഷ്യവുമൊന്നുമില്ലല്ലോ. പിന്നെന്തിനാ ഇനി വിഷമിക്കുന്നേ?” അനുവാണ് മറുപടി പറഞ്ഞത്.
“എന്റമ്മയും പെങ്ങളും അനുഭവിച്ച ദുരിതങ്ങളോര്ക്കുമ്പം…”
“ആ ദുരിതങ്ങള്‍ക്കൊക്കെ ഇപ്പം അറുതിയായില്ലേ? ഞാനും അമ്മയും സന്തോഷത്തോടെ ജീവിക്കുന്നതു കാണാന്‍ പറ്റിയില്ലേ?”
“ഒക്കെ ആ കൊച്ചിന്റെ നല്ല മനസ്സുകൊണ്ടാ.”
ആഗ്നസ് ജാസ്മിനെപ്പറ്റിയാണ് പറഞ്ഞത്.
“പഴയ ഒരു അയല്പക്കബന്ധം മാത്രേ ഉള്ളൂവെങ്കിലും നമ്മളെ കൈ അയച്ചു സഹായിച്ചു മോനേ ആ കൊച്ച്. നമ്മുടെ തറവാട് തിരിച്ചു വാങ്ങിത്തന്നു. അനുവിന്റെ കല്യാണം നടത്തിക്കൊടുത്തു. ഇപ്പം നിന്റെ ആശുപത്രച്ചെലവും വഹിച്ചു.”
“ചേട്ടായി ജീവിച്ചിരിക്കുന്നതു തന്നെ ചേച്ചീടെ കാരുണ്യംകൊണ്ടാ.”
”ടോണി ഒന്നും മിണ്ടിയില്ല. കുറ്റബോധം അയാളുടെ മനസിനെ കുത്തി കുത്തി നോവിച്ചുകൊണ്ടിരുന്നു. അലീനയെ ആശുപത്രിയിലാക്കാൻ തന്റെ മുമ്പില്‍വന്ന് അവള് കേണപേക്ഷിച്ചപ്പോള്‍ നിഷ്കരുണം തള്ളിയതാണ് താന്‍ അവളെ. അലീന മരിച്ചത് താന്‍ കാരണമാണ്. സമയത്ത് ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ അവള് മരിക്കില്ലായിരുന്നു. അവസാനമായി അവളുടെ മൃതദേഹം ഒന്ന് കാണാൻ പോലും താൻ പോയില്ലല്ലോ . ആ കഥകളൊക്കെ തന്റെ മുഖത്തു നോക്കി അവൾ വിളിച്ചു പറഞ്ഞാല്‍? താങ്ങാനാവുമോ തനിക്കത്?
ആത്മവേദന സഹിക്കാനാവുന്നില്ല. ഹൃദയം പൊള്ളുകയാണ്. കണ്ണടച്ച്, സീറ്റിലേക്കു ചാരി ഇരുന്നു ടോണി വിതുമ്പി.
കാർ പ്രധാന റോഡിൽ നിന്ന് പോക്കറ്റ് റോഡിലേക്ക് തിരിഞ്ഞു . ജാസ്മിന്റെ റെഡിമെയ്ഡ് വസ്ത്ര നിർമ്മാണ സ്ഥാപനത്തിന്റെ മുൻപിൽ എത്തിയപ്പോൾ വണ്ടി നിറുത്താനാവശ്യപ്പെട്ടു അനു .
”ഇവിടെയാ ചേട്ടായി ഞാൻ വർക്ക് ചെയ്യുന്നേ . ഞാനിവിടെ ഇറങ്ങുവാ . ചേട്ടായി വരുന്നോ എന്റെ ഓഫിസ് കാണാൻ ?”
”പിന്നൊരിക്കലാവട്ടെ ”
അനു കാറിൽ നിന്നിറങ്ങി ഗേറ്റ് കടന്നു നടന്നു പോകുന്നതു ടോണി നോക്കി ഇരുന്നു.
കാർ മുൻപോട്ട് നീങ്ങിയപ്പോൾ ടോണി ചുറ്റും കണ്ണോടിച്ചു.
പഴയ ചിത്തിരപുരം ഒരുപാട് മാറിയിരിക്കുന്നു. പുതിയ വീടുകൾ, സ്ഥാപനങ്ങൾ, കെട്ടിടങ്ങൾ… പതിനഞ്ചു വർഷത്തെ ഇടവേളയിൽ ഈ ഗ്രാമം കൂടുതൽ സുന്ദരിയായിരിക്കുന്നു..
കുറെ ദൂരം ഓടിയിട്ട് കാർ വീട്ടുവളപ്പിലേക്ക് തിരിഞ്ഞു.
ടോണി ഓർത്തു .
പിറന്ന മണ്ണിലേക്ക് തിരിച്ചെത്തിയിരിക്കുന്നു താൻ . നീണ്ട ഇടവേളക്കു ശേഷം .
മുറ്റത്തു വന്നു വണ്ടി നിന്നതും ആഗ്നസ് ആദ്യം ഇറങ്ങി . പിറകെ ടോണിയും.
വീട്ടിലേക്കു നോക്കി കുറെ നേരം കണ്ണിമയ്ക്കാതെ നിന്നു ടോണി .
പഴയ വീട് ഒരുപാട് മാറിയിരിക്കുന്നു. മുറ്റത്തു പൂന്തോട്ടം . ചുറ്റും കോമ്പൗണ്ട് വാൾ . നോക്കി നിന്നപ്പോൾ കണ്ണ് നിറഞ്ഞു.
പണ്ട് ആതിരയുടെ നിര്‍ബന്ധത്തിനു വഴങ്ങി താന്‍ വിറ്റു തുലച്ച വീടാണ്. ഈ വീട്ടിലേക്കു കയറാന്‍ തനിക്കര്ഹതയുണ്ടോ?
വീട് വിറ്റപ്പോൾ അമ്മ എന്തുമാത്രം കരഞ്ഞു. ആ കണ്ണീർ കണ്ടു മനസ്സലിവ് തോന്നിയിട്ടാകും ദൈവം അമ്മക്ക് ഈ വീട് തിരികെ കൊടുത്തത് .
(തുടരും )
രചന : ഇഗ്നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം29
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം30
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം31
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം32
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം33
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം34
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം35
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം36
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം37
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം38
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം39