പാലാ എന്ന് കേട്ടാൽ ആദ്യം മനസിലെത്തുന്നത് കെ എം മാണിയാണ് . പിന്നെ കത്തോലിക്ക അച്ചായന്മാരും അവരുടെ റബ്ബർ കൃഷിയും . എന്നാൽ പാലായെ ഇന്നത്തെ പാലാപ്പട്ടണം ആക്കിയതിൽ വലിയ പങ്കുവഹിച്ച ഒരു ഹൈന്ദവകുടുംബമുണ്ട് . മീനച്ചിൽ കർത്താക്കൾ. കർത്താക്കൾ എന്ന പേര് കേട്ടാൽ പാലാ അച്ചായന്മാർക്ക് അറിയാം ആ കുടുംബത്തിന്റെ മഹത്വം. എതിർപ്പുകളെ അവഗണിച്ചു പാലാ കത്തീഡ്രൽ പള്ളി പണിയാൻ പാലാരൂപതയ്ക്ക് അനുമതി നൽകിയത് അവരാണ്.
2000 കൊല്ലത്തോളം നാട്ടുരാജ ഭരണം നിലനിന്നിരുന്ന നാടാണ് പാലാ ഉൾകൊള്ളുന്ന മീനച്ചിൽ . മൂന്നു നാട്ടുരാജ്യങ്ങൾ അതിരുകൾ തീർത്തിരുന്ന സ്ഥലമാണ് ഈ ഭൂഭാഗം. വടക്കുംകൂർ-തെക്കുംകൂർ രാജ്യങ്ങളെ വിഭജിച്ച് കൈപ്പുഴ മുതൽ കൊണ്ടൂർ വരെ നീളുന്ന മൺകോട്ട കിടങ്ങൂർ കടന്ന് പുലിയന്നൂർ, ളാലം, എന്നീ പ്രദേശങ്ങളിലൂടെ മേലമ്പാറയിൽ മീനച്ചിലാറിന്റെ വടക്കേക്കരയിൽ അവസാനിച്ചിരുന്നു. ഈ കോട്ടയുടെ വടക്കുഭാഗം വടക്കുംകൂറും തെക്കുഭാഗം തെക്കുംകൂറും ആയിരുന്നു. ചോറ്റിയിൽ നിന്ന് ആരംഭിച്ച് ചെമ്മലമറ്റം, തിടനാട് കടന്ന് കൊണ്ടൂരെത്തി മീനച്ചിലാറ്റിൽ ചേരുന്ന ചിറ്റാറിന് കിഴക്ക് പൂഞ്ഞാർ നാട്ടുരാജ്യമായിരുന്നു. AD 1419 ൽ തെക്കുംകൂറിൽ നിന്ന് പാണ്ഡ്യവംശജനായ മാനവിക്രമവർമ്മൻ വിലയ്ക്ക് വാങ്ങി സ്ഥാപിച്ചതാണ് പൂഞ്ഞാർ രാജ്യം. തലപ്പുലം വരെ തെക്കുംകൂറിന് സ്വാധീനം ഉണ്ടായിരുന്നതായി ചില ചരിത്രകാരന്മാർ പറയുന്നു. കടുത്തുരുത്തി ആസ്ഥാനമായ വടക്കുംകൂറിന് കിഴക്കൻ പ്രദേശങ്ങളുടെ ഭരണത്തിനായി വെള്ളിലാപ്പള്ളിയിലും പിൽക്കാലത്ത് കടനാടും ആസ്ഥാനങ്ങളുണ്ടായിരുന്നു. കടനാട്ടിലെ കോവിലകം ഇന്നും അവശേഷിക്കുന്നു.
പാലാ അങ്ങാടിക്കു ജീവൻ വച്ചത് മീനച്ചിൽ കർത്താക്കളുടെ ഭരണ കാലത്തായിരുന്നു. പതിമൂന്നാം നൂറ്റാണ്ടിനോടടുത്ത് കൊടുങ്ങൂർ നിന്ന് മേവടയിൽ വന്നു താമസമാക്കിയ ഞാവക്കാട്ട് കൈമൾമാർക്ക് തെക്കുംകൂർ രാജാവ് മാടമ്പിസ്ഥാനം കൽപ്പിച്ചു നൽകുകയും ക്രമേണ മീനച്ചിൽ കർത്താക്കൾ എന്ന പേരിൽ അവർ പ്രബലന്മാരാകുകയും ചെയ്തു. മീനച്ചിൽ പ്രദേശത്തെ ഒരു കാലത്ത് അടക്കിവാണിരുന്നത് മീനച്ചിൽ കർത്താക്കൾ തന്നെയായിരുന്നു.
കുമ്പാനി എന്ന സ്ഥലത്താണ് മീനച്ചിൽ കർത്താക്കളുടെ ഭരണകേന്ദ്രമായ ഞാവക്കാട്ട് മഠം സ്ഥിതി ചെയ്തിരുന്നത്. 24 കെട്ട് ആയിരുന്ന ഞാവക്കാട്ട് മഠം ഇന്നില്ല. എതിരൻ കതിരവനായിരുന്നു അവസാന രാജാവ്.
കാലാന്തരത്തിൽ ഞാവക്കാട്ട് മഠം മൂന്നായി പിരിഞ്ഞു . കുമ്പാനി മഠം, കിഴക്കേടത്ത് മഠം, കൊച്ചു മഠം.
കുടുംബത്തിലെ ഇപ്പോഴത്തെ കാരണവരായ ഭാസ്‌കരൻ കർത്ത താമസിക്കുന്നതു കൊച്ചുമഠം സമീപത്താണ്.
ഈ മാസം 12 ന് നൂറാം വയസ്സിലേക്ക് പ്രവേശിക്കുകയാണ് ഭാസ്‌കരൻ കർത്ത. മുഖത്തുനോക്കിയാൽ പ്രായം തോന്നുകയേയില്ല . ഒരു വടി കുത്തി, നിറഞ്ഞ ചിരിയുമായി ഭാസ്കരൻ കർത്താ തലയുയർത്തി നടന്നുപോകുന്നത് കാണുമ്പോൾ നൂറിന്റെ പടിയിലെത്തിയോ ഈ മനുഷ്യൻ എന്ന് ആരും അതിശയിച്ചുപോകും.
ചിട്ടയായ ജീവിതമാണു ഭാസ്കരൻ കർത്തായുടെ ആരോഗ്യത്തിന്റെ രഹസ്യം. എന്നും ആറിന് എഴുന്നേൽക്കും. പിന്നെ പ്രാർത്ഥന . വീടിനു ചുറ്റും കുറേനേരം നടക്കും. രണ്ട് ഇഡ്ഡലിയും ചമ്മന്തിയും രാവിലെ . ഉച്ചയ്ക്ക് ഊണ് . വൈകിട്ട് കഞ്ഞി. ആഹാരത്തിൽ പാലും മോരും വെണ്ണയും നിർബന്ധം. രാത്രി എട്ടരയ്ക്ക് ഉറക്കം. ഇന്നോളം മൽസ്യമോ മാംസമോ തൊട്ടിട്ടില്ല.
1960 മുതൽ 1976 വരെ മുത്തോലി പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്നു . രാഷ്ട്രീയം ഒന്നുമില്ല. ഏകകണ്ഠമായിട്ടായിരുന്നു തിരഞ്ഞെടുപ്പ്.
പാലായിലെ എല്ലാ രൂപതാധ്യക്ഷന്മാരുമായും നല്ല അടുപ്പമാണ് കർത്തയ്ക്ക് . പാല കത്തീഡ്രലിലെ കൊടിമരത്തിനുള്ള തേക്കിൻതടി കർത്തായുടെ പറമ്പിൽ നിന്നു പ്രദക്ഷിണമായാണു കൊണ്ടുപോയത്. തടിയുടെ ഒരറ്റത്തു താനും പിടിച്ചതായി കർത്താ ഓർമിക്കുന്നു.
ദാമോദര സിംഹർ ഭാസ്‌കരൻ കർത്ത എന്നാണ് മുഴുവൻ പേര്. കുടുംബത്തിലെ പുരുഷൻമാരുടെ മാറാപ്പേരാണ് ഈ വിശേഷണം. സ്ത്രീകളുടെ പേരിന് മുമ്പായി ശ്രീദേവി എന്നും ഉണ്ട് . ഭാസ്‌കര കർത്തയുടെ സഹോദരി, 97-കാരിയായ സരസ്വതി തമ്പാട്ടി താമസിക്കുന്ന ചെച്ചേരിൽ മഠം തൊട്ടുപിന്നിലാണ്. 120 വർഷത്തോളം പഴക്കമുള്ള നാലുകെട്ടാണത്.
1921 സെപ്റ്റംബർ 12ന് പരമേശ്വരൻ പോറ്റിയുടെയും സാവിത്രി തമ്പാട്ടിയുടെയും മകനായാണു ഭാസ്കരൻ കർത്താ ജനിച്ചത് . ചിങ്ങത്തിലെ ഉത്രാടം നക്ഷത്രം.
മീനച്ചിൽ എയ്ഡഡ് എൽപി സ്കൂളിലായിരുന്നു കർത്തായുടെ പ്രാഥമിക വിദ്യാഭ്യാസം. അക്കാലത്ത് മീനച്ചിൽ കർത്താക്കളുടേതായിരുന്നു ഈ സ്കൂൾ. പിന്നീടു പാലാ രൂപതയ്ക്കു കൈമാറി. മഹാകവികളായ വള്ളത്തോളും ഉള്ളൂരുമൊക്കെ കർത്തായുടെ തറവാട്ടു വീട്ടിലെത്തിയിട്ടുണ്ട്.
കുടുംബത്തിലെ ഏറ്റവും പഴക്കമുള്ള കെട്ടിടം കിഴക്കേടത്ത് മഠമാണ്. കുമ്പാനിയിൽനിന്ന് മുത്തോലി ഭാഗത്തേക്ക് അഞ്ച് കിലോമീറ്റർ മാറി മേവടയെന്ന സ്ഥലത്താണത്.
രാജസ്ഥാനിലെ മേവാഡിൽ നിന്ന് മധുര വഴിയാണു കർത്താക്കന്മാരുടെ കേരളത്തിലേക്കുള്ള വരവ്. ഇവർ ആദ്യമെത്തി താമസിച്ച സ്ഥലമാണു പിന്നീട് മേവടയായതെന്ന് പറയപ്പെടുന്നു .
2018-ൽ രാജസ്ഥാനിലെ ഉദയ്‌പൂർ സിറ്റി പാലസിൽ നടന്ന മഹാറാണ മേവാർ ഫൗണ്ടേഷന്റെ വാർഷിക പരിപാടിക്ക് മീനച്ചിൽ കർത്താക്കൾക്കും ക്ഷണം കിട്ടിയിരുന്നു . വലിയ ചരിത്രമുള്ള മീനച്ചിൽ കർത്താക്കൻമാരുടെ പിൻഗാമികളായി മുന്നൂറോളം ആളുകൾ ലോകത്തിന്റെ പലഭാഗങ്ങളിലായുണ്ട്.
Read Also ഒരു ദുരന്തത്തെ ഒഴിവാക്കാൻ നിനക്ക് സാധിക്കുമോ ? അതാ പ്രവചനം.
Read Also എങ്ങനെ സ്നേഹിക്കാതിരിക്കും ഈ അച്ചനെ ?
Read Also ജാതികൃഷിയിൽ അത്ഭുതം സൃഷ്ടിച്ച പുന്നത്താനത്ത് വർക്കി
Read Also മിന്നും മിന്നാ മിന്നി മിന്നി മിന്നി പൊന്നുംമുത്തായി
Read Also സ്വന്തം ജീവൻ നൽകി ‘അപ്പു’ യജമാനന്റെ ജീവൻ രക്ഷിച്ചു.