ആറാമത്തെ വയസ്സിലാണ് എനിക്ക് അമ്മയെ നഷ്ടപ്പെട്ടത് . പിന്നീട് അച്ഛൻ മുരളീധരനായിരുന്നു എനിക്കെല്ലാം. ഞാൻ നന്നായി പഠിക്കണമെന്നും ഉയർന്ന വിജയം നേടണമെന്നുമായിരുന്നു അച്ഛന്റെ ആഗ്രഹം. നല്ല പ്രതീക്ഷയോടെ എഴുതിയ മെഡിക്കൻ എൻട്രൻസിന് പരാജയമായിരുന്നു ഫലം . അങ്ങനെ വെറ്ററിനറി ഡോക്ടറാകാനുള്ള എൻട്രൻസ് പരീക്ഷ പാസായി മണ്ണൂത്തി കോളജിൽ അഡ്മിഷൻ നേടി.മൂന്നാം റാങ്കോടെ പാസായി.
ആ കാലത്താണ് ഐ എ എസിനെപ്പറ്റി ആലോചിക്കുന്നത്. മണ്ണൂത്തിയിലെ കോളജിൽ റിസർച്ച് അസിസ്റ്റന്റായി ജോലി ചെയ്തു നേടിയ പണം കൊണ്ടാണ് ചെന്നൈയിലെ പരിശീലന സ്ഥാപനത്തിൽ ഫീസടച്ച് ഐ. എ.എസ് കോച്ചിങ്ങിനായി ചേർന്നത്. അച്ഛനെ ഇത് അറിയിച്ചതേയില്ല.


ചെന്നൈയിലെ ഒരു കോളജിൽ പിജിക്ക് അഡ്മിഷൻ കിട്ടിയെന്ന് അച്ഛനോട് കള്ളം പറഞ്ഞാണ് പരിശീലനത്തിനു പോയത് . റിസൾട്ട് വരുമ്പോൾ അച്ഛനൊരു സർപ്രൈസ് കൊടുക്കണമെന്നായിരുന്നു മനസ്സിൽ. പുസ്തകം വാങ്ങാൻ കാശില്ലാതെ വിഷമിച്ചപ്പോൾ ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് സ്വന്തം പുസ്തകങ്ങൾ പങ്കുവച്ചു.മത്സര പരീക്ഷകളിൽ സാധാരണ ആരും ഇത് ചെയ്യാത്തതാണ്.
വലിയ പ്രതീക്ഷയോടെയാണ് 2015–ലെ ഐ. എ.എസ് പ്രിലിമിനറി പരീക്ഷ എഴുത്തിയത് . ആദ്യശ്രമം എട്ട് നിലയിൽ പൊട്ടി . തിരിച്ചു വീട്ടിലെത്തി അച്ഛനെ കെട്ടിപ്പിടിച്ച് ഉറക്കെ കരഞ്ഞു. കാര്യമറിയാതെ അച്ഛൻ പകച്ചു. ആ സമയത്താണ് ഹരിയാനയിലെ ബറോലിയിലെ വെറ്ററിനറി ഇൻസ്റ്റിറ്റ്യൂട്ടിൽ, ഓൾ ഇന്ത്യ എൻട്രൻസ് വഴി പി.ജിക്ക് അഡ്മിഷൻ കിട്ടിയത് .
ബറോലിയിലെത്തി ആദ്യത്തെ സെമസ്റ്റർ ബ്രേക്കിൽ നാട്ടിൽ വന്ന് മടങ്ങും വഴി ഒരിക്കൽക്കൂടി ചെന്നൈയിലെ പരിശീലന സ്ഥാപനത്തില്‍ പോയി. ഓപ്ഷനൽ സബ്ജക്ട്, വെറ്ററിനറി സയൻസിൽ നിന്നു മാറി സോഷ്യോളജി എടുക്കാൻ തീരുമാനിച്ചു.
ഇഗ്‌നോയുടെ ബി.എ. സോഷ്യോളജി പുസ്തകങ്ങൾ സംഘടിപ്പിച്ച് പഠനം തുടങ്ങി. ഇതിനിടയിൽ പിജി കോഴ്സിന്റെ അസൈൻമെന്റുകളും പേപ്പറുകളും. സിവിൽ സർവീസ് പരീക്ഷയുടെ ഓൺലൈൻ ടെസ്റ്റ് സീരീസിൽ പങ്കെടുക്കാൻ ആറായിരം രൂപ സംഘടിപ്പിക്കാൻ പെട്ടപാട് എനിക്കേ അറിയൂ . 2016–ലെ പ്രിലിമിനറി പരീക്ഷയുടെ റിസൾട്ട് വന്നപ്പോൾ വലിയൊരാശ്വാസമായിരുന്നു. ആദ്യ കടമ്പ കടന്നിരിക്കുന്നു.
മെയിൻ പരീക്ഷയിൽ 700 മാർക്കായിരുന്നു ലക്ഷ്യം വച്ചത്. റിസൾട്ടു വന്നപ്പോൾ 898 മാർക്ക്. ഇന്റർവ്യൂവിനു പങ്കെടുക്കാന്‍ ഡൽഹിയിലെത്തുമ്പോഴും അച്ഛനോട് ഒന്നും പറഞ്ഞില്ല.
ഒരു ദിവസം വീട്ടിലേക്കു പോരാനായി ബറോലിയിൽ നിന്ന് ഡൽഹിയിലെത്തുമ്പോൾ നല്ല പനി. വൈകുന്നേരം അച്ഛൻ വിളിച്ചപ്പോൾ പനിയുടെ കാര്യമെല്ലാം പറഞ്ഞു. ജൂൺ രണ്ടിനു പിറന്നാളാണ്. ആ ദിവസം തന്നെ പരീക്ഷാഫലം വരും. ഇത്തവണത്തെ പിറന്നാൾ തോൽവിയിലായിരിക്കല്ലേ എന്ന് പ്രാർഥിച്ചിരിക്കുമ്പോഴാണ് ചെന്നൈയിൽ നിന്ന് ഫോൺ വരുന്നത്. ലിസ്റ്റിൽ പേരുണ്ടെന്നും 42–ാം റാങ്കാണെന്നും.
സന്തോഷം പങ്കുവയ്ക്കാനായി അച്ഛനെ വിളിച്ചപ്പോൾ ഫോണ്‍ സ്വിച്ച്ഓഫ്. എയർപോർട്ടിലേക്കു പോകും വഴി അതാ വരുന്നു അച്ഛന്റെ വിളി. വിവരം പറഞ്ഞപ്പോൾ ഫോണിന്റെ മറുതലയ്ക്കൽ ഒരു തേങ്ങലാണ് കേട്ടത്.
വൈകുന്നേരം വീട്ടിലെത്തിയപ്പോഴേക്കും മുറ്റത്ത് തെളിഞ്ഞ മുഖത്തോടെ അച്ഛൻ. കേരളത്തിൽ നാലാം റാങ്കുണ്ടായിരുന്നിട്ടും പത്രങ്ങളിലൊന്നും തന്നെ വിജയിയുടെ ലിസ്റ്റിൽ എന്റെ പേരില്ലായിരുന്നു.
പിജി പഠനത്തിനു ചേരുമ്പോൾ ജീവിതത്തെ സ്വാധീനിച്ച കാര്യത്തെക്കുറിച്ച് എഴുതാൻ ആവശ്യപ്പെട്ടിരുന്നു. അന്നു ഞാൻ എഴുതിയത് ഉറുമ്പുകളെക്കുറിച്ചാണ്. വലുപ്പത്തിൽ തീരെ ചെറുതായിരുന്നിട്ടും അച്ചടക്കത്തോടെ എല്ലാ പ്രതിബന്ധങ്ങളെയും തട്ടിമാറ്റി ലക്ഷ്യത്തിലേക്കു പോകുന്ന ഉറുമ്പുകൾ.
ഒരു ഉറുമ്പിന്റെ മനസ്സ് മാത്രം മതി, മറ്റൊന്നും വേണ്ട ജീവിതത്തിൽ നമ്മൾ ആഗ്രഹിക്കുന്ന ഉയരങ്ങളിൽ ചെന്നു ചേരാൻ. ഇപ്പോൾ തമിഴ്നാട് കേഡറിലെ ഐ. എ. എസ് ഉദ്യോഗസ്ഥ ആണ് കൊല്ലം പോരുവഴി സ്വദേശിനി ഡോ: എസ്. അനു മുരളി