ഒരിക്കൽ ഒരു കര്‍ഷകന്‍ ദൈവത്തോട് വഴക്കിട്ട് ഇങ്ങനെ പറഞ്ഞു : “അങ്ങേക്ക് കൃഷിയെപ്പറ്റി എന്തറിയാം?തോന്നുമ്പോള്‍ മഴ പെയ്യിക്കുന്നു. അസമയത്തു കാറ്റ് വീശിക്കുന്നു. വലിയ ശല്യമായിരിക്കുകയാണ് ഞങ്ങൾ കർഷകർക്ക് . അങ്ങ് ആ ജോലികളൊക്കെ കര്‍ഷകനായ എന്നെ ഏല്‍പ്പിക്കൂ. ഞാനതു ഭംഗിയായി നിർവഹിക്കാം. ”
ദൈവം പ്രത്യക്ഷപ്പെട്ട് ഇങ്ങനെ പറഞ്ഞു: “അങ്ങനെയാണോ? എന്നാല്‍ ഇന്നു മുതല്‍ കാറ്റ്, മഴ എന്നിവയെല്ലാം നിന്‍റെ നിയന്ത്രണത്തില്‍ ഇരിക്കട്ടെ.” കർഷകനെ അനുഗ്രഹിച്ചിട്ട് ദൈവം അപ്രത്യക്ഷനായി.
കര്‍ഷകന് വളരെ സന്തോഷമായി.
അടുത്ത കൃഷിയിറക്കേണ്ട സമയമെത്തിയപ്പോള്‍ കര്‍ഷകന്‍ ”മഴയേ പെയ്യുക” എന്നു പറഞ്ഞു. മഴ പെയ്തു. ആവശ്യത്തിന് വെള്ളം ആയപ്പോൾ ”പെയ്തതു മതി”’ മതി എന്നു പറഞ്ഞു. മഴ തോര്‍ന്നു. നനവുള്ള മണ്ണിൽ ഉഴുതു മറിച്ച്, ആവശ്യമുള്ളത്ര വേഗതയില്‍ കാറ്റു വീശിപ്പിച്ചു വിത്തുകള്‍ പാകി.ആവശ്യമുള്ള സമയത്തു വെയിൽ പരത്തി.
മഴയും വെയിലും കാറ്റും ആ കര്‍ഷകന്‍റെ നിയന്ത്രണത്തിൽ നിന്നു. ചെടികള്‍ വളര്‍ന്നു . കൃഷിസ്ഥലം കാണാന്‍ മനോഹരമായി. വൈകാതെ കൊയ്ത്തുകാലം വന്നു .
കര്‍ഷകന്‍ ഒരു നെല്‍ക്കതിര്‍ കൊയ്തെടുത്തു നെല്ല് നോക്കി. അതിനകത്ത് ധാന്യം ഉണ്ടായിരുന്നില്ല.
മറ്റൊരു കതിരെടുത്തു നോക്കി. അതിലും ധാന്യമുണ്ടായിരുന്നില്ല. ഓരോന്നും എടുത്തു നോക്കിയപ്പോള്‍ ഒന്നിലും ധാന്യമുണ്ടായിരുന്നില്ല.
അയാള്‍ കോപാക്രാന്തനായി
“ഹേ ദൈവമേ! മഴ, വെയില്‍, കാറ്റ് എല്ലാം ശരിയായ അളവിലായിരുന്നല്ലോ ഞാന്‍ കൊടുത്തത് ? എന്നിട്ടും എന്തുകൊണ്ടാണ് എന്‍റെ കൃഷി നശിച്ചത്?”.
ദൈവം പറഞ്ഞു: “എന്‍റെ നിയന്ത്രണത്തിലയിരുന്നപ്പോൾ , കാറ്റു വേഗതയോടുകൂടി വീശുമ്പോള്‍ അമ്മയെ ഇറുകെപ്പിടിക്കുന്ന കുഞ്ഞിനെപ്പോലെ സസ്യങ്ങള്‍ ഭൂമിയുടെ ഉള്ളിലേക്ക് വേരുകളെ ആഴത്തില്‍ ഇറക്കി ബലപ്പെടുത്തുമായിരുന്നു. മഴ കുറയുമ്പോള്‍ ജലം അന്വേഷിച്ച് വേരുകള്‍ നാനാവശങ്ങളിലേക്കും പടരു മായിരുന്നു. പോരാട്ടം ഉള്ളിടത്തേ സസ്യങ്ങള്‍ സ്വയം സംരക്ഷിച്ചു കൊണ്ടു ശക്തിയോടെ വളരുകയുള്ളൂ.എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തപ്പോള്‍ നിന്‍റെ സസ്യങ്ങള്‍ മടിയന്‍മാരായി. സമൃദ്ധിയായി വളര്‍ന്നുവെങ്കിലും ധാന്യമണികള്‍ നല്‍കുവാന്‍ അവയ്ക്കു കഴിഞ്ഞില്ല. ”
കർഷകൻ പറഞ്ഞു : “നിന്‍റെ മഴയും കാറ്റും വെയിലും ഒന്നു എനിക്കു വേണ്ട. നീ തന്നെ നിയന്ത്രിച്ചു കൊള്ളുക” അത് പറഞ്ഞിട്ട് കര്‍ഷകന്‍ അവയെ ദൈവത്തിനു തിരിച്ചുകൊടുത്തു.
ഗുണപാഠം :
ഓരോരോ പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോഴാണ് അതിനെ തരണം ചെയ്യാനുള്ള വഴികളെപ്പറ്റി നിങ്ങൾ ആലോചിക്കുക . നിങ്ങളുടെ ബുദ്ധിയും സാമര്‍ത്ഥ്യവും ആ ഘട്ടത്തിലാണ് വിനിയോഗിക്കപ്പെടുക .
വെല്ലുവിളികളാണ് മനുഷ്യനെ പൂര്‍ണ്ണതയിലെത്തിക്കുന്നത് .
ഇരുട്ട് എന്ന പ്രതിഭാസം ഉള്ളതു കൊണ്ടാണല്ലോ വൈദ്യുതിലാമ്പുകൾ കണ്ടുപിടിക്കപ്പെട്ടത്.
യാത്ര ആവശ്യമായി വന്നതുകൊണ്ടാണല്ലോ വാഹനങ്ങള്‍ കണ്ടുപിടിക്കപ്പെട്ടത് .
ദൂരെയുള്ളവരോട് ആശയവിനിമയം നടത്തുക എന്ന ആവശ്യം വന്നപ്പോഴാണല്ളോ ടെലിഫോണ്‍ കണ്ടുപിടിക്കപ്പെട്ടത്. പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ പിന്നെ നിങ്ങളുടെ ബൗധികസാമർഥ്യം നിങ്ങളെങ്ങനെ മനസ്സിലാകും ?
സ്വയം ചെയ്യാൻ പരിശീലിപ്പിക്കാതെ ഇന്ന് കുട്ടികൾക്ക് എല്ലാം ചെയ്‌തുകൊടുക്കുന്ന മാതാപിതാക്കൾ ഓർക്കുക . നിങ്ങൾ വളർത്തിക്കൊണ്ടുവരുന്നത് ധാന്യങ്ങൾ ഇല്ലാത്ത കതിരുകൾ ആണ് . പ്രശ്നങ്ങളും വെല്ലുവിളികളും അഭിമുഖീകരിച്ചു വളരുവാൻ കുട്ടികളെ അനുവദിക്കുക.