അഞ്ചാം ക്ലാസിലെ ക്ലാസ് ടീച്ചറായ മിസ്സിസ് ആനി തോംസൺ ഒരു ദിവസം തന്റെ കുട്ടികളോട് ഇങ്ങനെ പറഞ്ഞു:
“ഈ ക്ലാസിൽ ടെഡി ഒഴികെയുള്ള എല്ലാവരെയും എനിക്ക് ഇഷ്ടമാണ്..!”
തലേവർഷം അവനെ പഠിപ്പിക്കുകയും അവന്റ ഉത്തര പേപ്പറുകൾ നോക്കുകയും ചെയ്തതിന്റെ വെളിച്ചത്തിലായിരുന്നു ആനി ടീച്ചറിന്റെ കമന്റ് .
ടെഡി! അവന്റെ വസ്ത്രം എപ്പോഴും അഴുക്ക് പുരണ്ടതായിരുന്നു. മറ്റുകുട്ടികളോടൊപ്പം കളിക്കാനോ പഠിക്കാനോ ഒട്ടും താൽപര്യമില്ലാത്ത ഒരു അറുബോറൻ. പരീക്ഷയിൽ എല്ലാ ചോദ്യത്തിനും തെറ്റായ ഉത്തരം നൽകി, മണ്ടൻ എന്ന വിളിപ്പേരും പേറി നടക്കുന്നവൻ !
അങ്ങനെയിരിക്കെ ഒരു ദിവസം, ക്ലാസിലെ എല്ലാ വിദ്യാർത്ഥികളുടേയും അതുവരെയുള്ള പഠനഡയറി പരിശോധിക്കണമെന്ന് ഹെഡ്‌മാസ്റ്റർ ക്ലാസ് ടീച്ചർമാർക്കു നിർദേശം നൽകി .
അത് പരിശോധിക്കുന്നതിനിടയിൽ ടെഡിയുടെ ഡയറിയും ആനി ടീച്ചറിന്റെ കൈകളിലെത്തി .
അവന്റെ ഒന്നാം ക്ലാസിലെ ഡയറിയിൽ അന്നത്തെ ക്ലാസ് ടീച്ചർ ഇങ്ങനെ എഴുതിയിരുന്നു.
”ടെഡി സമർത്ഥനായ ഒരു വിദ്യാർത്ഥിയാണ്.. ഒട്ടേറെ കഴിവുകൾ ദൈവം അവനു നൽകിയിട്ടുണ്ട്. അവന് പ്രത്യേക പരിഗണന നൽകി ശ്രദ്ധയോടെ വളർത്തേണ്ടതുണ്ട്.”
ടീച്ചർ അത്ഭുതത്തോടെ നോക്കിയിരുന്നു പോയി . അവന്റെ രണ്ടാം ക്ലാസിലെ ടീച്ചർ എന്താണ് എഴുതിയിരിക്കുന്നതെന്ന് അറിയാൻ ടെഡിയുടെ ആ വർഷത്തെ ഡയറി എടുത്തു നോക്കി .
”ബുദ്ധിമാനായ വിദ്യാർത്ഥിയാണ് ടെഡി. കൂട്ടുകാർക്ക് വളരെ പ്രിയങ്കരൻ.. പക്ഷെ അമ്മക്ക് ക്യാൻസർ ബാധിച്ചതിനെ തുടർന്ന് അവനിപ്പോൾ അസ്വസ്ഥനാണ്..”
ആനി തോംസന്റെ ആകാംഷ വർദ്ധിച്ചു . അവർ ഉടനെ അവന്റെ മൂന്നാം ക്‌ളാസിലെ ഡയറി എടുത്തു തുറന്നു . അതിൽ ക്ലാസ് ടീച്ചർ ഇങ്ങനെ എഴുതിയിരിക്കുന്നു.
”ടെഡിയുടെ അമ്മയുടെ മരണം അവനെ വല്ലാതെ തളർത്തിയിരിക്കുന്നു. പിതാവാകട്ടെ അവനെ പരിഗണിക്കുന്നതേയില്ല . വളരെ പെട്ടെന്നു എന്തെങ്കിലും ചെയ്തില്ലെങ്കിൽ ഈ കുഞ്ഞിന്റെ ജീവിതം താറുമാറാവുന്നതാണ്”.
ടീച്ചർ ഉടൻ തന്നെ അവന്റെ നാലാം ക്ലാസിലെ ഡയറി എടുത്തു നോക്കി.
”ടെഡി തന്നിലേക്കു തന്നെ ഒതുങ്ങി ജീവിക്കുന്നവനാണ്. പഠനത്തിൽ അവനു ഒട്ടും താൽപ്പര്യമില്ല. കൂട്ടുകാരുമില്ല.. ക്ലാസിൽ ഏതുനേരവും ഉറക്കം തൂങ്ങിയിരിക്കുകയാണ് ഈ അലസൻ .”
ഇത്രയും വായിച്ചപ്പോൾ ആനി തോംസനു ടെഡിയുടെ യഥാർത്ഥ പ്രശ്‌നം മനസിലായി .
താൻ അവനെക്കുറിച്ച് ക്‌ളാസിൽ പറഞ്ഞ കമന്റ് ഓർത്തപ്പോൾ ടീച്ചറിന് വലിയ കുറ്റബോധവും സങ്കടവും തോന്നി.
അങ്ങനെയിരിക്കെ, ആനി ടീച്ചറിന്റെ ജന്മദിനാഘോഷം വന്നു . എല്ലാ കുട്ടികളും ചിത്രപ്പണി ചെയ്ത് അലങ്കരിച്ച കവറിൽ വിലകൂടിയ സമ്മാനം നൽകിയപ്പോൾ, മാർക്കറ്റിൽ നിന്ന് സൗജന്യമായി ലഭിക്കുന്ന പോളിത്തീൻ കവറിൽ പൊതിഞ്ഞ ഒരു ഉപഹാരമാണ് ടെഡി ടീച്ചറിന് സമ്മാനമായി നൽകിയത്. ആകാംഷയോടെ ടീച്ചർ ടെഡിയുടെ സമ്മാനപ്പൊതി തുറന്നു.
ചെറിയ മുത്തുകൾ കോർത്തുണ്ടാക്കിയ ഒരു മാലയും, മുക്കാൽഭാഗത്തോളം ഉപയോഗിച്ച് തീർന്ന ഒരു അത്തർ കുപ്പിയുമായിരുന്നു അതിൽ . ഇതു കണ്ട മറ്റു കുട്ടികൾ ആർത്തു ചിരിക്കുക കൂടി ചെയ്തപ്പോൾ ടെഡിക്ക് കരച്ചിൽ വന്നു.
പക്ഷെ, തനിക്ക് ലഭിച്ച സമ്മാനങ്ങളിൽ മാലയും അത്തറുമാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതെന്ന് ആനി ടീച്ചർ പറഞ്ഞതോടെ കുട്ടികളുടെ ചിരിയടങ്ങി. അതുമല്ല , ആനി ടീച്ചർ ടെഡിക്ക് പ്രത്യേകം നന്ദിപറയുകയും ചെയ്തു. എന്നിട്ട് എല്ലാവരും കാൺകെ ആ മാല അവർ കഴുത്തിൽ ഇടുകയും അത്തർ ശരീരത്തിൽ പുരട്ടുകയും ചെയ്തു.
ആ ദിവസം ക്ലാസ് കഴിഞ്ഞിട്ടും ടെഡി വീട്ടിലേക്ക് പോയില്ല. ആനി ടീച്ചറിന്റെ മുറിയുടെ മുൻപിൽ ടീച്ചറെ കാത്തു നിന്നു അവൻ. ടീച്ചർ വന്നപ്പോൾ അവൻ പറഞ്ഞു:
”ഇന്ന് ടീച്ചർക്കു എന്റെ അമ്മയുടെ മണമാണ് !”
ഇതുകേട്ടതും ആനി ടീച്ചറിന്റെ കണ്ണുകൾ നിറഞ്ഞു.
അവന്റെ അമ്മ ഉപയോഗിച്ചിരുന്ന അത്തറാണ് തനിക്ക് സമ്മാനമായി തന്നതെന്ന് അവർ തിരിച്ചറിഞ്ഞു.
മരിച്ചു പോയ അമ്മയെയാണ് ടെഡി തന്നിൽ കാണുന്നതെന്ന് ആ അധ്യാപികക്ക് മനസിലായി .
അന്നുമുതൽ ആനി തോംസൺ ടെഡിക്ക് പ്രത്യേക ശ്രദ്ധ നൽകി. ഒരമ്മയെപ്പോലെ അവനെ സ്നേഹിക്കുകയും ലാളിക്കുകയും വണ്ടീ കാര്യങ്ങളിൽ ശ്രദ്ധിക്കുകയും ചെയ്തു . ക്രമേണ അവന് ഉന്മേഷവും പ്രസരിപ്പും തിരിച്ചു കിട്ടി. പഠിക്കാൻ ഉത്സാഹം കാണിച്ചു . വർഷാവസാനമായപ്പോഴേക്കും ും ആ ക്ലാസിലെ ഏറ്റവും സമർത്ഥരായ കുട്ടികളുടെ ഗണത്തിൽ അവനും എത്തി.
ഒരു ദിവസം തന്റെ മുറിയുടെ വാതിലിൽ ടെഡി ഒട്ടിച്ചു വെച്ച ഒരു കുറിപ്പ് ആനി തോംസൺ കണ്ടു:
”എന്റെ ജീവിതത്തിൽ ഞാൻ കണ്ടതിൽവെച്ച് ഏറ്റവും നല്ല ടീച്ചറാണ് ആനി ടീച്ചർ ..”
ആനി തോംസൺ ടെഡിക്ക് ഇങ്ങനെ മറുപടി എഴുതി: ”ഒരു നല്ല അദ്ധ്യാപിക ആകുന്നത് എങ്ങനെ എന്ന് എന്നെ പഠിപ്പിച്ച മിടുക്കനാണ് ടെഡി .!”
ടെഡി സ്‌കൂൾപഠനം പൂർത്തിയാക്കി സ്‌കൂളിൽ നിന്ന് പിരിഞ്ഞു . .
വർഷങ്ങൾക്കുശേഷം അവിടത്തെ മെഡിക്കൽ കോളേജിൽനിന്ന് ആനി തോംസണെ തേടി ഒരു ക്ഷണക്കത്ത് എത്തി.
ആ വർഷത്തെ മെഡിക്കൽ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ അമ്മയുടെ സ്ഥാനത്ത് ടീച്ചർ വരണമെന്ന് അപേക്ഷിച്ചുകൊണ്ടുള്ള ടെഡിയുടെ കത്തായിരുന്നു അത് .
ടെഡി സമ്മാനിച്ച മുത്തുമാല അണിഞ്ഞ്, ആനി തോംസൺ അന്നവിടെ എത്തിച്ചേർന്നു. ടെഡിയുടെ അമ്മയുടെ സ്ഥാനത്തു നിന്ന് ആ ചടങ്ങിൽ സന്തോഷപൂർവം അവർ പങ്കെടുത്തു.
പിൽക്കാലത്ത് ലോകത്തിൽ അറിയപ്പെടുന്ന ഡോക്ടറായി മാറിയ ഡോ. ടെഡി സ്‌റ്റൊഡാർട്ട് ആയിരുന്നുവത്രേ ആ ബാലൻ.
പ്രശസ്ത എഴുത്തുകാരിയായ എലിസബത്ത് സിലൻസ് ബല്ലാർഡ് Three Letters From Teddy എന്ന ശീർഷത്തിൽ
1974 ൽ ‘ഹോം ലൈഫ് ‘ മാഗസിനിൽ എഴുതിയ ഒരു കഥയാണ് ഇത് . എന്നാൽ ഇതു ഒരു സംഭവ കഥയാണെന്ന രീതിയിൽ പിന്നീട് ലോകമെങ്ങും പ്രചരിക്കുകയും പ്രശസ്തി നേടുകയും ചെയ്തു. ! അധ്യാപകരുടെ പരിശീലന ക്ലാസുകളിൽ ഇതൊരു ഗുണപാഠ കഥയായി അവതരിപ്പിക്കാറുമുണ്ട് പരിശീലകർ .
Read Also ”ബുദ്ധിമുട്ടില്ലെങ്കിൽ കുറച്ച് ഭാരക്കുറവുളള പെട്ടികൾ ചുമക്കുന്ന ജോലി അവനെ ഏൽപ്പിക്കണം
പലതരം പ്രശ്നങ്ങൾക്കിടയിൽപ്പെട്ടു അന്തർമുഖരായി ജീവിക്കുന്ന നിരവധി ടെഡിമാർ നമ്മുടെ നാട്ടിലെ സ്‌കൂളുകളിലും ഉണ്ട് .ഒന്നിനും കൊള്ളാത്തവൻ എന്നു മുദ്രകുത്തി അധ്യാപകർ എഴുതിത്തള്ളിയ ബാല്യങ്ങൾ! അവരുടെ പ്രശ്നങ്ങൾ യഥാസമയം കണ്ടെത്തി പരിഹരിക്കാൻ കഴിഞ്ഞാൽ ഒരുപാട് നല്ല കുട്ടികളെ വാർത്തെടുക്കാൻ അധ്യാപകർക്ക് കഴിയും .
സ്വന്തം മക്കളെ സ്നേഹിക്കുന്നതുപോലെ ക്ലാസിലെ കുട്ടികളെ സ്നേഹിക്കാൻ ഒരു അധ്യാപകന് കഴിയണം! കുട്ടികളുടെ ജീവിത പശ്ചാത്തലം കൂടി മനസിലാക്കിയിട്ട് , അതിനനുസരിച്ചു വേണം ഓരോ കുട്ടിയോടുമുള്ള ഇടപെടലും കരുതലും !വ്യത്യസ്ത കഴിവുകളും അഭിരുചികളും ഉള്ള കുട്ടികളാണുള്ളത് ഓരോ ക്ലാസിലും ഉള്ളത് . കഴിവുകുറഞ്ഞവരെ ഒരിക്കലും പരിഹസിക്കുകയോ നിന്ദിച്ചു സംസാരിക്കുകയോ ചെയ്യരുത്. അത് കുട്ടികളുടെ മനസ്സിനെ വല്ലാതെ മുറിവേല്‍പ്പിക്കുകയും പഠനത്തിൽ നിന്ന് അവരെ അകറ്റുകയും ചെയ്യും.
തലേവര്‍ഷം തന്റെ ക്ലാസ്സിലുണ്ടായിരുന്ന കുട്ടികളല്ല ഈ വർഷം മുൻപിൽ ഇരിക്കുന്നത് എന്ന ഓർമ്മ ഓരോ അധ്യാപകനും ഉണ്ടായിരിക്കണം ! ഒരു വർഷം കൊണ്ട് മാനസികവും ശാരീരികവും കുടുംബപരവുമായി ഒരുപാട് മാറ്റങ്ങൾ അവരിൽ വന്നിട്ടുണ്ടാകും . അതനുസരിച്ചു അവരോടുള്ള സമീപനത്തിലും മാറ്റങ്ങൾ വരുത്താൻ അധ്യാപകർ തയ്യാറാവണം !
ഇന്ന് മാതാപിതാക്കളോടൊപ്പമുള്ളതിനേക്കാൾ കൂടുതല്‍ സമയം അധ്യാപകരോടൊപ്പമാണ് കുട്ടികൾ ചിലവഴിക്കുന്നത്. അതുകൊണ്ടു തന്നെ അവരെ നന്മയുടെ പാതയിലൂടെ നയിക്കാൻ മാതാപിതാക്കളെക്കാളേറെ ബാദ്ധ്യത അധ്യാപകനുണ്ട്.
കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഇന്ന് വര്‍ധിച്ചുകൊണ്ടിരിക്കുന്നു . അവരെ വഴിതെറ്റിക്കാന്‍ സ്‌കൂളുകള്‍ക്കു ചുറ്റും ലഹരി മാഫിയകള്‍ വട്ടമിട്ടു പറക്കുകയാണ് . പീഡന ലോബിയും സജീവമാണ് ! ഇതിനെയെല്ലാം നേരിടാൻ അധ്യാപകരുടെ സഹായം കുട്ടികൾക്ക് അനിവാര്യമാണ് . തനിക്കെല്ലാം തുറന്നു പറയാനും ആശ്വാസം കണ്ടെത്താനുമുള്ള ഒരാളായാണ് അധ്യാപകനെ കുട്ടികൾ കാണുന്നത് . മാതാപിതാൾ പറയുന്നത് അനുസരിക്കാത്ത കുട്ടികള്‍ പോലും അധ്യാപകര്‍ പറയുന്നത് അനുസരിക്കുന്ന അനുഭവങ്ങള്‍ നമുക്ക് ചുറ്റുമുണ്ട് . അതുകൊണ്ടു തന്നെ ഇക്കാലത്തു മുഴുവൻ അധ്യാപകർക്കും കൗൺസിലിംഗ് പരിശീലനം നൽകേണ്ടത് അത്യാവശ്യമാണ് !
തേച്ചു മിനുക്കി എടുത്താൽ പത്തരമാറ്റ് തനിത്തങ്കമാറ്റാൻ പറ്റുന്ന നിരവധി കുട്ടികൾ നമ്മുടെ സ്‌കൂളുകളിലുണ്ട് ! തേച്ചു മിനുക്കാനുള്ള സന്മനസും സമയവും അധ്യാപകർക്കുണ്ടാകണമെന്നു മാത്രം !
അധ്യാപകന്റെ സ്വഭാവസവിശേഷതകളും സംസാര രീതികളും പെരുമാറ്റവുമെല്ലാം കൊച്ചു കുട്ടികള്‍ അറിയാതെ തന്നെ സ്വായത്തമാക്കുന്നു. ”ആശാനക്ഷരമൊന്നു പിഴച്ചാല്‍ അമ്പത്തെട്ടു പിഴയ്ക്കും ശിഷ്യന്.” എന്ന വാചകം എപ്പോഴും അധ്യാപകന്റെ മനസ്സിലുണ്ടായിരിക്കണം. പാഠപുസ്തകങ്ങൾക്കപ്പുറത്തേക്കു കുട്ടികളെ കൂട്ടിക്കൊണ്ടുപോയി, പുതിയ അറിവിന്റെയും അനുഭവങ്ങളുടെയും നന്മകളുടെയും മധുരം പകര്‍ന്നു നൽകുന്ന അച്ഛനമ്മമാരാകണം അധ്യാപകർ .അധ്യാപകരുടെ അറിവിന്റെ വിളക്ക് എപ്പോഴും പ്രകാശം ചൊരിഞ്ഞു കെണ്ടേയിരിക്കണം. എങ്കിലേ അതില്‍ നിന്ന് മറ്റൊരു വിളക്കു കൊളുത്താനാവൂ!
പഴയ അധ്യാപകരെ ജീവിത വഴിയില്‍ കണ്ടുമുട്ടുമ്പോള്‍ അവരെ നോക്കി ഒന്ന് പുഞ്ചിരിക്കുക, അവരെ ബഹുമാനിക്കുക, സഹായിക്കുക . നമ്മളെ പഠിപ്പിച്ച അധ്യാപകർക്ക് നമുക്ക് നല്‍കാവുന്ന ഏറ്റവും നല്ല ഗുരുദക്ഷിണ അതാണ് .
എഴുതിയത് : ഇഗ്‌നേഷ്യസ് കലയന്താനി
Read Also മലകളെ വിഴുങ്ങുന്ന ഭൂതങ്ങൾ..
Read Also ഇതൊക്കെ കണ്ടതുകൊണ്ടാണ് ഇവിടുത്തെ ജനങ്ങൾ രാഷ്ടീയക്കാരെ എടുത്ത് പൊട്ടക്കിണറ്റിൽ എറിഞ്ഞത്
Read Also സിമിത്തേരിയിൽ ഞാൻ കണ്ട ഏറ്റവും സുന്ദരമായ കാഴ്ച!!