Home Blog Page 18

ആ 13 കോടി വെട്ടിവിഴുങ്ങാൻ ഞങ്ങളെ അനുവദിച്ചില്ല! കിഴക്കമ്പലത്തെ ജനം മുടിഞ്ഞു പോട്ടെ!

0
''അഴിമതി രാഷ്ട്രീയത്തിനെതിരെ കേരളത്തിലെല്ലായിടത്തും പൊതുസമൂഹം ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.'' ട്വന്റി20 ചീഫ് കോഡിനേറ്റർ സാബു ജേക്കബ്

”അന്ധമായ രാഷ്ട്രീയ അടിമത്വം വെടിഞ്ഞു ജനങ്ങൾ നാടിന്റെ പുരോഗതിക്കു വേണ്ടി ഒരുമിച്ചുനിന്നാൽ ഏത് അഴിമതിക്കാരെയും കൊള്ളക്കാരെയും മുട്ടുകുത്തിക്കാമെന്നതിന്റെ തെളിവാണ് ട്വന്റി20 യുടെ തിളക്കമാർന്ന വിജയമെന്ന് ട്വന്റി20 ചീഫ് കോഡിനേറ്റർ സാബു ജേക്കബ് . ”അഴിമതി രാഷ്ട്രീയത്തിനെതിരെ കേരളത്തിലെല്ലായിടത്തും പൊതുസമൂഹം ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇല്ലെങ്കിൽ ഭാവിയിൽ നിങ്ങളെ അവർ വിഴുങ്ങും. ഈ നാട് പട്ടിണിയിൽ നിന്ന് പട്ടിണിയിലേക്ക് കൂപ്പുകുത്തും. ” സാബു ജേക്കബ് മുന്നറിയിപ്പ് നൽകി.

”കിഴക്കമ്പലത്ത് ട്വന്റി 20 യുടെ കുടക്കീഴിൽ കഴിഞ്ഞ തവണ ജയിച്ചവരിൽ മൂന്നുപേര് അഴിമതി നടത്തി. അവരെ ഞങ്ങൾ പുറത്താക്കി. അവർ മുൻപ് വിവിധ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിച്ചവരായിരുന്നു. പണ്ടാരാണ്ടു പറഞ്ഞപോലെ പട്ടിയുടെ വാല് പന്തീരാണ്ടു കൊല്ലം കുഴലിലിട്ടാലും വളഞ്ഞു തന്നെയല്ലേ ഇരിക്കയുള്ളൂ . അതുതന്നെ ഇവിടെയും സംഭവിച്ചു. പുറത്തുപോയവർ ഇപ്പോൾ ഞങ്ങൾക്കെതിരെ ആക്ഷേപം ഉന്നയിച്ചുകൊണ്ട് പാർട്ടിക്കാരുടെ കൂടെ നടക്കുന്നു” സാബു ജേക്കബ് പരിഹസിച്ചു.

Also Read കേരളത്തിലെ ജനങ്ങൾ കാണണം കിഴക്കമ്പലത്തെ റോഡുകൾ, വീടുകൾ, സൂപ്പർമാർക്കറ്റ്

”എന്റെ വ്യവസായത്തിൽ നിന്ന് കിട്ടുന്ന ലാഭത്തിന്റെ മുഖ്യ പങ്കും ഈ നാട്ടിലെ ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി വിനിയോഗിച്ചതുകൊണ്ടാണ് ജനങ്ങൾ എന്നെ സ്നേഹിച്ചതും വിജയിപ്പിച്ചതും. സാധാരണ വ്യവസായികളിൽ പലരും രാഷ്ട്രീയക്കാർക്ക് വൻതുക സംഭാവന കൊടുത്തിട്ട് വളഞ്ഞ വഴിയിലൂടെ കൂടുതൽ പണം സമ്പാദിക്കാനാണ് ശ്രമിക്കുക. ഞാൻ അതിനു തയ്യാറായില്ല. അതുകൊണ്ടുതന്നെ എന്റെ വ്യവസായം തകർക്കാൻ രാഷ്ട്രീയ നേതാക്കന്മാർ ഒളിഞ്ഞും തെളിഞ്ഞും അഹോരാത്രം പണിപ്പെട്ടു. ജലം മലിനമാക്കുന്നു എന്ന തരത്തിൽ വ്യജവാർത്തകൾ പ്രചരിപ്പിച്ച് അവർ എനിക്കെതിരെ എന്റെ നാട്ടിലെ ജനങ്ങളെ തിരിക്കാൻ നോക്കി. ലോക്‌ഡൗൺ കാലത്ത് എന്റെ സ്ഥാപനത്തിലെ ജീവനക്കാർക്ക് നല്ലഭക്ഷണവും താമസ സൗകര്യവും നൽകിയില്ല എന്ന് വ്യാജ വാർത്തകൾ പടച്ചുവിട്ടു. നാട്ടിൽ നല്ല റോഡുകൾ ഉണ്ടാവാതിരിക്കാൻ അധികാരകേന്ദ്രങ്ങളിൽ സ്വാധീനിച്ചു ഫയലുകൾ മുക്കി. വിലകുറച്ചു സാധനങ്ങൾ വിൽക്കുന്ന ഭക്ഷ്യസുരക്ഷാ സ്റ്റാൾ പൂട്ടിക്കാൻ പഠിച്ച പണി പതിനെട്ടും നോക്കി. എന്നാൽ കോടതിയുടെ സഹായത്തോടെ ഈ പ്രതിബന്ധങ്ങളെയെല്ലാം അതിജീവിക്കാൻ ട്വന്റി20 എന്ന ജനകീയ കൂട്ടായ്മയ്ക്ക് കഴിഞ്ഞു.”

”ഈ രാഷ്ട്രീയക്കാർ എന്തുകൊണ്ട് നിങ്ങൾക്ക് ഒരു നല്ലവീടുണ്ടാകാൻ സമ്മതിക്കുന്നില്ല ? എന്തുകൊണ്ട് നല്ല റോഡുണ്ടാകാൻ സമ്മതിക്കുന്നില്ല? അതിന് ഒരു കാരണമേയുള്ളൂ. നിങ്ങൾ നന്നായാൽ അവർക്ക് നന്നാകാൻ പറ്റില്ല. നിങ്ങൾ പട്ടിണിയിൽ നിന്ന് പട്ടിണിയിലേക്ക് മുങ്ങി താഴണം. നിങ്ങളുടെ പട്ടിണിയാണ് അവരുടെ അന്നം. നിങ്ങൾ എന്ന് നന്നായോ അന്ന് അവരുടെ അന്നം മുട്ടുമെന്ന് അവർക്കറിയാം. കഴുതപ്പുറത്തിരുന്നു പുല്ലു കാണിച്ചു കഴുതയെ മുൻപോട്ട് കൊണ്ടുപോകുന്നപോലെ നാളെ നാളെ എന്ന് പറഞ്ഞു നിങ്ങളെ എക്കാലവും അവർ പറ്റിച്ചുകൊണ്ടേയിരിക്കും.”

Also Read ഇതൊക്കെ കണ്ടതുകൊണ്ടാണ് ഇവിടുത്തെ ജനങ്ങൾ രാഷ്ടീയക്കാരെ എടുത്ത് പൊട്ടക്കിണറ്റിൽ എറിഞ്ഞത്

ട്വന്റി-20 യുടെ ആദ്യ പദ്ധതിയായ കുടിവെള്ള പദ്ധതി തടഞ്ഞുകൊണ്ടാണ് രാഷ്ട്രീയപാർട്ടിക്കാർ ഞങ്ങൾക്കെതിരെ രംഗത്ത് വന്നത്. പിന്നീട് അങ്ങോട്ട് എല്ലാ വികസന പ്രവർത്തനങ്ങളിലും തടസ്സങ്ങൾ സ്യഷ്ടിച്ചു. റോഡു പണികൾ തടസ്സപ്പെടുത്തിയും ട്വന്റി-20 സ്റ്റാൾ പുതുക്കി പണിയുന്നതിന് സ്റ്റോപ്പ് മെമ്മോ കൊടുപ്പിച്ചും അക്രമത്തിലൂടെയും ഭീഷണിയിലൂടെയും കിഴക്കമ്പലത്തെ വികസനത്തിന് തുരങ്കം വയ്ക്കുകയാണ് ഇവിടുത്തെ ഇടത് വലത് രാഷ്ട്രീയക്കാർ ചെയ്തത്. ജനങ്ങൾക്ക് എല്ലാ സൗകര്യവും കിട്ടിയാൽ പിന്നെ അവർ തങ്ങളുടെ പിന്നാലെ വാലാട്ടി നടക്കില്ല എന്ന് നന്നായിട്ടറിയാവുന്ന പാർട്ടി നേതാക്കന്മാർ അവിടുത്തെ വികസനത്തെ തടയാൻ ഏല്ലാ വഴികളും നോക്കി. അതിനെയെല്ലാം ഞങ്ങളതിജീവിച്ചു.”

”റോഡ് പണിക്കായി സർക്കാർ മുടക്കുന്ന തുകയുടെ 40 ശതമാനമേ റോഡിൽ സാധാരണ മുടക്കുന്നുള്ളൂ . ബാക്കി 60 ശതമാനം രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും പോക്കറ്റിലേക്ക് പോകുകയാണ്. ട്വൻറി20 യുടെ വരവോടെ കിഴക്കമ്പലത്തെ രാഷ്ട്രീയക്കാർക്ക് പണം തട്ടാനുള്ള വഴികൾ അടഞ്ഞു. അതുകൊണ്ടാണ് അവർ എനിക്കെതിരെ ആക്ഷേപം ഉന്നയിക്കുന്നതും റോഡുപണിക്കു എതിരുനിൽക്കുന്നതും. ട്വൻറി20 യെ തോൽപിക്കാൻ ആശയവും ആദർശവുമൊക്കെ വലിച്ചെറിഞ്ഞു മുൻപ് ബദ്ധവൈകളായിരുന്നവർ ഇപ്പോൾ ശത്രുത മറന്നു ഒന്നിച്ചു നിൽക്കുകയാണ്. ഇതാണ് നമ്മുടെ നാട്ടിലെ രാഷ്ട്രീയം! ഇത് ജനങ്ങൾ തിരിച്ചറിയണം” സാബു പറഞ്ഞു .

Also Read ” വീട് ചോർന്നൊലിച്ചിട്ടു ടാർപായ വലിച്ചുകെട്ടിയാണ് ഞങ്ങൾ കഴിഞ്ഞിരുന്നത്

”ട്വൻറി20 വരുന്നതിനു മുമ്പ് ഇടതുമുന്നണിയും വലതുമുന്നണിയും മാറിമാറി ഭരിച്ചുകൊണ്ടിരിക്കയായിരുന്നു കിഴക്കമ്പലം പഞ്ചായത്ത്. രണ്ടുകൂട്ടർക്കും അറിയാം അടുത്തതവണ ഭരണം കിട്ടില്ലെന്ന്. അപ്പോൾ കയറുമ്പോൾ തന്നെ ഓരോരുത്തരും തീരുമാനിക്കുകയാണ് അഞ്ചുവർഷം കൊണ്ട് എന്തുമാത്രം ഉണ്ടാക്കാമോ അത്രയും ഉണ്ടാക്കുക എന്ന്. അതുകൊണ്ട് നാടിന്റെ വികസനത്തിനായി അവർ പണമൊന്നും മാറ്റിവച്ചില്ല.

കിഴക്കമ്പലം പഞ്ചായത്തിൽ ഈ കണ്ട വികസനമെല്ലാം നടത്തിക്കഴിഞ്ഞിട്ടും പതിമൂന്നര കോടി രൂപ മിച്ചം വച്ചിട്ടാണ് ട്വന്റി 20 ഭരണം ഒഴിഞ്ഞത് . അടുത്തത് ഞങ്ങളല്ല മറ്റേതെങ്കിലും പാർട്ടിയാണ് ഭരണത്തിൽ വരുന്നതെങ്കിൽ ആ പണം എടുത്തു വിനിയോഗിക്കാം. ഈ പണം കണ്ടിട്ടുകൂടിയാണ്‌ ട്വന്റി 20 യെ ഏതുവിധേനയും തോൽപ്പിക്കാൻ വൈരം മറന്നു രാഷ്ട്രീയപാർട്ടികൾ ഒന്നിച്ചു നിന്നത്. ഇപ്പോൾ ഇവിടുത്തെ ജനങ്ങൾ തീരുമാനിച്ചു ഈ പണം രാഷ്ട്രീയ നേതാക്കന്മാരുടെ പോക്കറ്റിലേക്കല്ല പഞ്ചായത്തിലെ ജനങ്ങളുടെ കൈകളിലേക്കാണ് പോകേണ്ടതെന്ന്. അതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ” സാബു ജേക്കബ് പറഞ്ഞു.

Also Read മേലാളന്മാർക്ക് ചവിട്ടിനിൽക്കാൻ ഞങ്ങളിനിയും കുനിഞ്ഞു കൊടുക്കണോ എന്ന് ഒഐഒപി(OIOP)

അദ്ഭുതകരമായ പ്രകടനമാണ് എറണാകുളം ജില്ലയിൽ ട്വന്റി–20 കൂട്ടായ്മ കാഴ്ചവച്ചത് . രാഷ്ടീയ പാർട്ടികൾക്കും മുന്നണികൾക്കുമെതിരെ ഒറ്റയ്ക്കു നിന്നു കഴിഞ്ഞതവണ കിഴക്കമ്പലം പഞ്ചായത്ത് പിടിച്ചെങ്കിൽ ഇക്കുറി മൂന്നു അയൽ പഞ്ചായത്തുകളും കൂടി പിടിച്ചടക്കി. മഴുവന്നൂർ, ഐക്കരനാട്, കുന്നത്തുനാട് എന്നിവയാണ് നേടിയത്. വെങ്ങോല പഞ്ചായത്തിൽ 23ൽ 10 വാർഡുകളിൽ ജയിച്ച് വലിയ ഒറ്റക്കക്ഷിയായി. ഐക്കരനാട് പഞ്ചായത്തിൽ 14 ൽ 14 വാർഡും തൂത്തുവാരി.

കിഴക്കമ്പലം പഞ്ചായത്തിൽ ആകെയുള്ള 19 വാർഡിൽ 18 എണ്ണവും നേടി. മഴുവന്നൂരിൽ 19 വാർഡിൽ 13 ലും കുന്നത്തുനാട് പഞ്ചായത്തിൽ 18 ൽ 11 ലും ജയിച്ചു. വെങ്ങോലയിൽ പത്തിടത്തു ജയിച്ചു .

കോലഞ്ചേരി, വെങ്ങോല ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ നേടി. ഒൻപതു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും ജയിച്ചു.

വടവുകോട് ബ്ലോക്കിൽ യുഡിഎഫും ട്വന്റി–20യും 5 ഡിവിഷൻ വീതം ജയിച്ചു തുല്യനിലയിലാണ്. . വാഴക്കുളം ബ്ലോക്കിൽ 4 ഡിവിഷനിൽ ട്വന്റി–20 വിജയിച്ചു. വടവുകോട്ട് 2 ഡിവിഷനുകളിൽ രണ്ടാം സ്ഥാനത്തെത്തി.

Also Read ഊരിപ്പിടിച്ച മൈക്കുകള്‍ക്കും ചോദ്യങ്ങള്‍ക്കും ഇടയിലൂടെ ഇരട്ടച്ചങ്കോടെ നടന്നുനീങ്ങുന്ന മുഖ്യനെ കാണാന്‍ കാത്തിരുന്നവര്‍ ഞെട്ടി!

”തേനും പാലും ഒഴുകുന്ന ഒരു നാട് നാളെ നിങ്ങൾക്ക് ഉണ്ടാക്കി തരാമെന്നു പറഞ്ഞാണ് സ്വതന്ത്ര്യം കിട്ടി 73 വർഷം രാഷ്ട്രീയക്കാർ നിങ്ങളെ പറ്റിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ ട്വന്റി20 വെറും അഞ്ചുവർഷം കൊണ്ട് ജനങ്ങൾ ആഗ്രഹിച്ചത് ചെയ്തു കൊടുത്തു. കിഴക്കമ്പലത്തെ ജനങ്ങളെ പറഞ്ഞു പറ്റിച്ച്‌ ഇനി വോട്ട് തട്ടാൻ പറ്റില്ലെന്ന തിരിച്ചറിവിലാണ് കീരിയും പാമ്പും പോലെ പോരടിച്ചു നിന്ന പാർട്ടികൾ ഒന്നിച്ചു നിന്ന് അക്രമം അഴിച്ചുവിട്ട് ഞങ്ങൾക്കെതിരെ പോരാടിയത്. പൊതുസമൂഹം ഈ കാപട്യക്കാരെ തിരിച്ചറിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. നന്ദി ” സാബു ജേക്കബ് പറഞ്ഞു .

”മനസ് നന്നാകട്ടെ .. മനുഷ്യരൊന്നാകട്ടെ…
സത്യവും ധർമ്മവും പരിപാലിക്കും പുതിയൊരു തലമുറ ഉയരട്ടെ
നന്മയും കരുണയും പരസ്പരസ്നേഹവും നിറഞ്ഞൊരു തലമുറ വളരട്ടെ ..
ലക്ഷ്യം നന്നാകട്ടെ , ഹിന്ദുവും ക്രിസ്ത്യനും മുസൽമാനും ഇവിടെ ഒരുമയോടെന്നെന്നും വാഴട്ടെ..
സത് കർമ്മങ്ങൾ സഹൃദങ്ങൾ ഇവിടെങ്ങും വിളയാടട്ടെ
ലക്ഷ്യം നന്നാവട്ടെ, മാനവധർമ്മം ലക്ഷ്യം അതാകട്ടെ
പ്രവൃത്തി നന്നാകട്ടെ , അച്ഛനും അമ്മയും മക്കളുമൊന്നായ് കുടുംബത്തിൽ സന്തോഷം വിരിയട്ടെ
നന്മകൾ നിറയും പുതിയ സമൂഹമായ് നവമൊരുയുഗം പിറക്കട്ടെ
പ്രവൃത്തി നന്നാകട്ടെ പുതിയൊരു സംസ്‌ക്കാരം വളരട്ടെ ” ട്വന്റി 20യുടെ ഉണർത്തുപാട്ടിന്റെ വരികളാണ് സാബുവിനു പൊതുസമൂഹത്തെ ഓർമ്മിപ്പിക്കാനുള്ളത്.

തയ്യാറാക്കിയത് : ഇഗ്‌നേഷ്യസ് കലയന്താനി

Also Read സ്വപ്നമാർക്കും ശങ്കരന്മാർക്കും തട്ടിയെടുക്കാനുള്ളതല്ല നികുതിപ്പണം. ട്വൻ്റി-ട്വൻ്റി മോഡൽ കൂട്ടായ്മ ചങ്ങനാശ്ശേരിയിലും.

Also Read മെറിനെ കൊന്നത് കരുതിക്കൂട്ടിയല്ലെന്നും ഫിലിപ്പിന് മാനസിക പ്രശ്നങ്ങളുണ്ടെന്നും ഫിലിപ്പിന്റെ അഭിഭാഷകന്‍.

Also Read ”ഞാൻ കൊണ്ട തണലത്രയും എന്റെ അച്ഛൻ കൊണ്ട വെയിലായിരുന്നു”

അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 7. രചന: ഇഗ്‌നേഷ്യസ് കലയന്താനി

0
അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 7. ഇഗ്‌നേഷ്യസ് കലയന്താനി

കഥ ഇതുവരെ
കന്യാസ്ത്രീകൾ നടത്തുന്ന അനാഥാലയത്തിൽ വളർന്ന , സുന്ദരിയും പാട്ടുകാരിയുമായ അനിതയോട് ആ ഇടവകയിലെ ധനാഢ്യനായ ഇലഞ്ഞിക്കൽ സഖറിയാസിന്റെ മകൻ റോയിക്ക് അനുരാഗം തോന്നി. റോയിയുടെ മാതാപിതാക്കൾ ആദ്യം എതിർത്തെങ്കിലും അവന്റെ നിർബന്ധത്തിനു വഴങ്ങി ആ കല്യാണം നടത്തിക്കൊടുത്തു. ആദ്യരാത്രിയിൽ അനിതക്ക് മനസിലായി തന്റെ ഭർത്താവ് മദ്യത്തിന് അടിമയാണെന്ന് . അത് അവളെ തളർത്തി. കാഞ്ഞിരപ്പള്ളിയില്‍ 25 ഏക്കർ റബര്‍ത്തോട്ടമുണ്ട് സഖറിയാസിന്. അതു നോക്കി നടത്തി ആദായമെടുക്കുന്ന ചുമതല റോയിയെയാണ് ഏല്പിച്ചിരുന്നത്. ആഴ്ചയില്‍ മൂന്നോ നാലോ ദിവസം റോയി അവിടെപ്പോകും. റോയിയുടെ അഭാവത്തിൽ പപ്പയും അമ്മയും അനിതയെ മാനസികമായി നിരന്തരം പീഡിപ്പിപ്പിച്ചു. അനിത ഭർത്താവിനോട് തന്റെ ദുഃഖങ്ങൾ പറഞ്ഞു. അനിതയെ പീഡിപ്പിക്കുന്നതിന്റെ പേരിൽ ഒരു രാത്രി റോയി മാതാപിതാക്കളുമായി വഴക്കിട്ടു. കലിപൂണ്ട റോയിയുടെ പപ്പ സക്കറിയാസ് ഒരപകട മരണത്തിലൂടെ അനിതയെ കൊന്നുകളയാൻ രഹസ്യമായി പദ്ധതി തയ്യാറാക്കി.(തുടർന്ന് വായിക്കുക )

ഇലഞ്ഞിക്കൽ തറവാട്ടിൽ താൻ ഒറ്റപ്പെട്ടു പോയി എന്ന തോന്നൽ അനിതയെ വല്ലാതെ തളർത്തി. സഖറിയാസും മേരിക്കുട്ടിയും ജിഷയും ഇപ്പോൾ അവളോട് മിണ്ടാറേയില്ല . ഭക്ഷണം കഴിക്കുന്നതുപോലും അവൾ ഒറ്റക്കിരുന്നാണ് .
റോയി എസ്റ്റേറ്റിൽ പോയിക്കഴിഞ്ഞാൽ അവൾ കിടപ്പുമുറിയിൽ ടി വി കണ്ടിരിക്കും . അല്ലെങ്കിൽ വിശുദ്ധഗ്രൻഥം വായിച്ചിരിക്കും . അതുമല്ലെങ്കിൽ മൊബൈൽ ഫോണിൽ പാട്ടുകേട്ടിരിക്കും .
റോയിയുടെ ആഗ്രഹപ്രകാരം കല്യാണത്തിന് മുൻപു തന്നെ സ്‌കൂളിലെ ജോലി അവൾ രാജിവച്ചിരുന്നു. അത് അബദ്ധമായിപ്പോയി എന്ന് അവൾക്ക് തോന്നി. ഒരു ജോലിയുണ്ടായിരുന്നെങ്കിൽ ഈ വിരസത ഒഴിവാക്കാമായിരുന്നു.
ഒരുപാട് സ്വപ്നങ്ങളും മോഹങ്ങളുമായി വിവാഹജീവിതത്തിലേക്കു പ്രവേശിച്ച തനിക്ക് ഒടുവിൽ കിട്ടിയത് എന്താണ് ? കുറെ സങ്കടങ്ങളും കണ്ണീരും മാത്രം ! തന്റെ കല്യാണം നിശ്ചയിച്ചപ്പോൾ സൗമ്യ ടീച്ചർ അസൂയയോടെ പറഞ്ഞ വാക്കുകൾ അവളോർത്തു: ”നിനക്ക് രാജയോഗമായിരിക്കും ഇനി.., രാജയോഗം !” ങ്‌ഹും! ഇതാണോ രാജയോഗം? അവരൊക്കെ ഇപ്പോൾ വിചാരിക്കുന്നത് താൻ ഇലഞ്ഞിക്കൽ തറവാട്ടിൽ ഒരു റാണിയെപ്പോലെ ജീവിക്കുകയാണെന്നല്ലേ? ഇതിനേക്കാൾ എത്രയോ ഭേദമായിരുന്നു ഓർഫനേജിലെ ആ കൊച്ചു വീട്ടിലെ ജീവിതം ! അവിടെ തന്നെ സ്നേഹിക്കാൻ കുറെ കുരുന്നുകളുണ്ടായിരുന്നു.
എമിലിയെയും മഞ്ജുഷയെയും അപ്പൂസിനെയുമൊക്കെ കാണാൻ കൊതിയാവുന്നു. അവരൊക്കെ ഈ കുഞ്ഞേച്ചിയെ ഓർക്കുന്നുണ്ടാവുമോ ?
ഒരുദിവസം റോയിയുടെ അനുമതി വാങ്ങി ഓർഫനേജിലേക്കു പോയി അവൾ. ആദ്യം നേരെ കോൺവെന്റിലേക്കാണ് ചെന്നത് . കന്യാസ്ത്രീകൾ അവളെ ഹൃദ്യമായി സ്വീകരിച്ചിരുത്തി വിശേഷങ്ങൾ തിരക്കി. ഇലഞ്ഞിക്കൽ വീട്ടിൽ തനിക്കു പരമസുഖമാണെന്നാണ് അവൾ എല്ലാവരോടും പറഞ്ഞത്. വെറുതെ എന്തിനു തന്റെ വിഷമങ്ങൾ വിളമ്പി അവരുടെയും മനസുവേദനിപ്പിക്കണം എന്നവൾ ചിന്തിച്ചു.
” ഒക്കെ ദൈവാനുഗ്രഹമാ ! നീ കർത്താവിന് നന്ദി പറയണം കേട്ടോ ” മദർ പറഞ്ഞു.
അനിത മന്ദഹസിച്ചതേയുള്ളു.
” നിന്നെ ഇപ്പം പള്ളീൽ പാട്ടുപാടാനൊന്നും കാണാറില്ലല്ലോ ? കല്യാണം കഴിഞ്ഞൂന്നു വച്ചു ക്വയറീന്നു മാറുവൊന്നും വേണ്ടാട്ടോ ”
” ഉം ” അവൾ തലയാട്ടി
” നിനക്ക് പാടാനുള്ള കഴിവും നല്ല ശബ്ദവും ദൈവം തന്നിട്ടുണ്ട്. അത് ദൈവത്തെ സ്തുതിക്കാനായിട്ടുകൂടി വിനിയോഗിക്കണം .’
അനിതയുടെ കണ്ണുകൾ നിറഞ്ഞതു സിസ്റ്റർ കണ്ടില്ല.
ഏറെ നേരം കന്യാസ്ത്രീകളുമായി അവൾ വിശേഷണങ്ങൾ പങ്കുവച്ചിരുന്നു.
മഠത്തിൽ നിന്ന് ഉച്ചയൂണ് കഴിച്ചിട്ട് സിസ്റ്റർ മരിയായോടൊപ്പം അവൾ ഓർഫനേജിലേക്കു പോയി . അന്ന് ശനിയാഴ്ചയായിരുന്നതിനാൽ കുട്ടികളെല്ലാവരും അവിടെയുണ്ടായിരുന്നു. അനിതയെ കണ്ടതേ കുഞ്ഞേച്ചി വന്നേ എന്നാർത്തു വിളിച്ചുകൊണ്ടു കുട്ടികളെല്ലാവരും ഓടിവന്നു അവളുടെ കരംപിടിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തു. ആ സ്നേഹം കണ്ടപ്പോൾ സന്തോഷം കൊണ്ട് അനിതയുടെ കണ്ണ് നിറഞ്ഞു. അവർക്കു കൊടുക്കാൻ അവൾ മിഠായിയും കേക്കും വാങ്ങി കൊണ്ടുവന്നിട്ടുണ്ടായിരുന്നു. അത് എല്ലാവർക്കുമായി വിതരണം ചെയ്തു.
” കുഞ്ഞേച്ചി ഒരു പാട്ടുപാടാമോ ? ” മധുരം നുണയുന്നതിനിടയിൽ അനിതയുടെ കയ്യിൽ തൂങ്ങിക്കൊണ്ടു എമിലി ചോദിച്ചു .
” പാടാല്ലോ മുത്തേ”
എമിലിയെ ചേർത്ത് നിറുത്തി കവിളിൽ ഒരുമ്മ കൊടുത്തിട്ട് അവൾ പാടി.
” പരിത്രാണകനാം ഈശോ പോരുക.., മമ മാനസ പൂവാടിയിൽ പോരുക. ദിവ്യ സ്നേഹാഗ്നി വീശി എന്നിൽ വാഴുക.., സുര ദീപ്തി ചിന്തി എന്നും വാഴുക ..,”
വിശുദ്ധ അൽഫോൻസാമ്മയുടെ ഏറ്റവും പ്രിയപ്പെട്ട ഗാനം.
പാട്ടു തീർന്നതും അനിതയുടെ കണ്ണുകൾ നിറഞ്ഞൊഴുകി . കൈത്തണ്ടയിൽ ഒരു തുള്ളി കണ്ണീർ വീണപ്പോൾ എമിലി മുഖം ഉയർത്തി ചോദിച്ചു
” കുഞ്ഞേച്ചി കരയുവാണോ ? ”
” അൽഫോൻസാമ്മ അനുഭവിച്ച വേദനകൾ ഓർത്തപ്പോൾ കരഞ്ഞുപോയതാ പോയതാ മോളെ ”
കൈ ഉയർത്തി അനിത മിഴികൾ തുടച്ചു.
കുട്ടികൾ അവളുടെ മടിയിൽ കയറി ഇരിക്കുകയും കഴുത്തിൽ കൈചുറ്റിയിട്ടു കവിളിൽ ഉമ്മവയ്ക്കുകയും ചെയ്തു. അവരുടെ സ്നേഹപ്രകടങ്ങൾ കണ്ടപ്പോൾ അനിത മനസ്സിൽ പറഞ്ഞു. നിഷ്കളങ്കരായ ഈ കുരുന്നുകളുടെ സ്നേഹമാണ് ദൈവത്തിന്റെ സ്നേഹം ! ഇവരുടെ സാമീപ്യമാണ് ദൈവത്തിന്റെ സമീപിപ്യം . ഈ കുഞ്ഞുങ്ങളെ വിട്ടു പോകാനേ തോന്നുന്നില്ല .
” കുഞ്ഞേച്ചി ഇന്ന് പോകണ്ടാട്ടോ . ഞങ്ങടെ കൂടെ ഇന്ന് ഇവിടെ കിടക്കണം ”
അവളുടെ മടിയിൽ കയറി ഇരുന്നിട്ട് കഴുത്തിൽ കൈചുറ്റി അപ്പൂസ് നിർബന്ധം പിടിച്ചു.
”കുഞ്ഞേച്ചിക്കിന്നു പോണല്ലോ മോനെ. പോകാതിരിക്കാൻ പറ്റിയേല ” അനിത അവന്റെ കുഞ്ഞിക്കവിളിൽ ഒരു മുത്തം നൽകി
” ഞങ്ങള് വിടൂല്ലല്ലോ ” മഞ്‌ജുഷയും അവളെ വട്ടം പിടിച്ചു .
കുട്ടികളുടെ സ്നേഹത്തിന്റെ ആഴം കണ്ടപ്പോൾ അവരോടൊപ്പം ഒരു രാത്രി അവിടെ കിടക്കണമെന്ന് അവൾക്കും ആഗ്രഹം തോന്നി. അപ്പോൾ തന്നെ അവൾ റോയിയെ മൊബൈലിൽ വിളിച്ചു അനുവാദം ചോദിച്ചു . റോയി ആദ്യം എതിർത്തെങ്കിലും അവളുടെ നിർബന്ധത്തിനു വഴങ്ങി ഒടുവിൽ സമ്മതം മൂളി .
സന്ധ്യാപ്രാർത്ഥന കഴിഞ്ഞ് ഏറെനേരം അവൾ കുട്ടികളോടൊപ്പം കഥകൾ പറഞ്ഞും പാട്ടുപാടിയും സമയം ചിലവിട്ടു. എമിലിയും അപ്പൂസും അവളുടെ മടിയിലിരുന്ന് കഥകൾ കേട്ട് ഉറങ്ങിപ്പോയി.
എല്ലാവരെയും ഉറക്കാൻ കിടത്തിയിട്ട് അനിതയും കിടന്നു, അവരോടൊപ്പം ആ മുറിയിൽ, കുട്ടികളെ കെട്ടിപ്പിടിച്ച്‌ .
ഇലഞ്ഞിക്കലെ എ സി മുറിയേക്കാൾ എത്രയോ സുഖപ്രദമാണ് അനാഥമന്ദിരത്തിലെ ഈ ഡോർമിറ്ററി എന്നവൾ ഓർത്തു. ഇതാണ് ദൈവത്തിന്റെ ഭവനം !
പിറ്റേന്ന് ഞായറാഴ്ച്ച.
പുലർച്ചെ എണീറ്റ് അവൾ പള്ളിയിൽ പോയി വിശുദ്ധ കുർബാനയിൽ പങ്കുകൊണ്ടു . കുർബാനകഴിഞ്ഞു നേരെ പള്ളി മേടയിൽ വികാരിയച്ചന്റെ മുറിയിലേക്ക് ചെന്നു. അവളെ കണ്ടതേ അച്ചൻ പറഞ്ഞു :
”ഞാൻ വിചാരിച്ചു കല്യാണം കഴിഞ്ഞപ്പം പഴയ ആൾക്കാരെയൊക്കെ മറന്നൂന്ന്. ”
” ഒരിക്കലും മറക്കില്ലച്ചോ . അങ്ങനെ മറക്കാൻ പറ്റുന്ന ഒരു മനസല്ലല്ലോ ദൈവം എനിക്ക് തന്നിരിക്കുന്നത്. ”
” പള്ളീല് പാട്ടുപാടാനൊന്നും ഇപ്പം നിന്നെ കാണുന്നില്ലല്ലോ ? കല്യാണം കഴിഞ്ഞപ്പം പള്ളീൽ വരവൊക്കെ
കുറഞ്ഞോ?”
” ഇടയ്ക്കു മുടങ്ങാറുണ്ട്’ ”
” അത് പാടില്ല. കുർബാനയും കുമ്പസാരവുമൊക്കെ കുറയുന്നതുകൊണ്ടാ പല പ്രശ്നങ്ങളും ഉണ്ടാകുന്നത്.”
ചുറ്റുമൊന്നു കണ്ണോടിച്ചിട്ട് സ്വരം താഴ്ത്തി അച്ചൻ തുടർന്നു : ” നിന്നോടൊരു രഹസ്യം ചോദിക്കട്ടെ ; റോയി കുടിക്കുമോ മോളെ ?”
” ഉം ” അനിത തലയാട്ടി
” മദ്യപിച്ചു കാറോടിച്ചിട്ടാ അപകടം ഉണ്ടായതല്ലേ ?”
”ഉം ”
” അന്ന് നീയും കുടിച്ചായിരുന്നെന്നു കേട്ടത് ശരിയാണോ ?”
” കുടിച്ചതല്ല , എന്നെ ചതിയിൽ വീഴ്ത്തി കുടിപ്പിച്ചതാ അച്ചോ”
” മനസിലായില്ല ? ”
നടന്നതെന്താണെന്ന് അവൾ തുറന്നു പറഞ്ഞു. എല്ലാം കേട്ടശേഷം അച്ചൻ പറഞ്ഞു :” അവൻ അത്രയും വലിയ കുടിയനാണെന്നു ഞാൻ അറിഞ്ഞതേയില്ല .” ഒരുനിമിഷത്തെ ഇടവേളക്കുശേഷം അച്ചൻ തുടർന്നു : ” ഇന്നത്തെ ചെറുപ്പക്കാരുടെ ഏറ്റവും വലിയ ശാപമാ മദ്യപാനവും മയക്കുമരുന്നുപയോഗവും . കഴിഞ്ഞ ദിവസം പത്രത്തിൽ വായിച്ചില്ലേ , ഏതോ കോളേജിന്നു ടൂറുപോയ ആമ്പിള്ളേരും പെമ്പിള്ളേരും കൂടി കുടിച്ചു കൂത്താടീന്നും , അതിന്റെ വീഡിയോ ആരോ എടുത്തു ഫേസ്ബുക്കിൽ ഇട്ടെന്നുമൊക്കെ. നാട്ടുകാരും വീട്ടുകാരുമൊക്കെ അറിഞ്ഞെന്നു കണ്ടപ്പം അതിൽ ഒരു പെണ്ണ് ആത്മഹത്യക്കു ശ്രമിച്ചു . നീ വായിച്ചായിരുന്നോ ആ വാർത്ത ”
” ഉം ”
” പെണ്ണുങ്ങൾക്ക് പോലും ഇപ്പം മദ്യപാനം വല്ല്യ കാര്യമല്ലെന്നായി. ക്രിസ്മസും ഈസ്റ്ററുമൊക്കെ വരുമ്പം പല കുടുംബത്തിലും മാതാപിതാക്കളും മക്കളും ഒരുമിച്ചിരുന്നല്ലേ മദ്യപിക്കുന്നത്. ”
അനിത ഒന്നും മിണ്ടിയില്ല.
” നീ ശ്രദ്ധിക്കണം കേട്ടോ. വലിയ വീടാകുമ്പം ഇടയ്ക്കിടെ പാർട്ടിയും വെള്ളമടിയുമൊക്കെ കാണും. ഇത്തിരി കഴിച്ചോളാൻ ഭർത്താവ് ചിലപ്പോൾ നിർബന്ധിച്ചെന്നുമിരിക്കും . പക്ഷേ കുടി തുടങ്ങിയാൽ പിന്നെ അത് നിറുത്താൻ ബുദ്ധിമുട്ടാ മോളെ .”
” എനിക്കറിയാം അച്ചോ. ഞാൻ ശ്രദ്ധിച്ചോളാം ”
” നീ നിന്നെ ശ്രദ്ധിച്ചാൽ മാത്രം പോരാ ! റോയിയെക്കൂടി ശ്രദ്ധിക്കണം . അവന്റെ കുടി നിറുത്തിക്കാൻ നീ നോക്കണം .ഇല്ലെങ്കിൽ പത്തുപതിനഞ്ചു വർഷം കഴിയുമ്പം ചങ്കും കരളുമൊന്നും കാണുകേല .” തൂവാലയെടുത്തു മുഖം തുടച്ചിട്ട് അച്ചൻ തുടർന്നു : ”ആരോഗ്യമുള്ള കാലത്തു അതിനെപ്പറ്റിയൊന്നും ആരും ചിന്തിക്കുകേല. ഒടുവിൽ ആശുപത്രിയിൽ കിടക്കുമ്പം പഴയതൊക്കെ ഓർത്തു ദുഖിക്കും.
അതുകൊണ്ട് ഒരു കാര്യവുമില്ല താനും .”
അനിതയുടെ മിഴിക്കോണുകളിൽ കണ്ണുനീർ ഉരുണ്ടു കൂടിയത് അച്ചൻ ശ്രദ്ധിച്ചില്ല.
അച്ചൻ തുടർന്നു : ”നമ്മടെ സർക്കാരാകട്ടെ , ഇതിന്റെ ലഭ്യത കൂടിക്കൊണ്ടിരിക്കുകയാണ് താനും . എന്നിട്ടു പ്രസംഗിക്കും , മദ്യ നിരോധനമല്ല മദ്യവർജ്ജനമാണ് വേണ്ടതെന്ന്. സത്യം പറഞ്ഞാൽ ഈ സാധനം പണ്ടേ നിരോധിക്കേണ്ടതായിരുന്നു. ഇത് കുടിച്ചു എത്ര കുടുംബങ്ങളാ നശിച്ചത്. ഇന്ന് നടക്കുന്ന പീഡനങ്ങളുടെയും കൊലപാതകങ്ങളുടെയും മുഖ്യ കാരണക്കാരൻ ഇവനാ . വണ്ടിയപകടത്തിന്റെ കാര്യത്തിലും ഇവൻ തന്നെ വില്ലൻ . അത് നിനക്ക് അനുഭവത്തിന്നു മനസിലായല്ലോ. ഇനിം കുടിക്കരുതെന്നു നീ അവനോടു പറയണം കേട്ടോ ”
” ഉം ” അനിത തലയാട്ടി.
” അവൻ കുടിക്കുമെന്നു എനിക്ക് നേരത്തെ അറിയില്ലായിരുന്നു . അറിഞ്ഞായിരുന്നെങ്കിൽ ഞാനീ കല്യാണത്തിന് മുൻകൈ എടുക്കില്ലായിരുന്നു. ”
അനിതയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയത് കണ്ടപ്പോൾ അച്ചൻ പറഞ്ഞു
” നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല . നീ സന്തോഷമായിട്ടു ജീവിക്കുന്നത് കാണണമെന്നുള്ള ആഗ്രഹം കൊണ്ടു പറഞ്ഞതാ ”
”എനിക്കറിയാം അച്ചോ ” ഷാളിന്റെ അഗ്രം കൊണ്ട് അവൾ മിഴികൾ തുടച്ചു.
”ഇപ്പഴത്തെ കാലത്തു ഇത്തിരി കഴിക്കാത്ത ചെറുപ്പക്കാരില്ലെന്നത് നേരാ . പക്ഷെ ഇതിപ്പം അങ്ങനെയല്ലല്ലോ . അഡിക്ടായിപ്പോയില്ലേ . നീ അവനെ മാറ്റിയെടുക്കണം മോളെ . വഴക്കു കൂടിയല്ല , സ്നേഹം കൊണ്ട്. സ്നേഹം കൊണ്ട് കീഴ്‌പ്പെടുത്താൻ പറ്റാത്ത യാതൊന്നും ഈ ലോകത്തിലില്ല മോളെ . ഈശോ പഠിപ്പിച്ചിരുന്ന മാർഗവും അതാണല്ലോ ”
അനിതയുടെ കണ്ണുകൾ പൊട്ടി ഒഴുകി. ഇടറിയ സ്വരത്തിൽ അവൾ പറഞ്ഞു: ”അച്ചൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം. ”
”തീർച്ചയായും. നീ പറഞ്ഞില്ലെങ്കിലും അച്ചൻ നിനക്ക് വേണ്ടി എന്നും പ്രാർത്ഥിക്കുന്നുണ്ട്‌ . അതാണല്ലോ എന്റെ തൊഴിലും. ”
അച്ചൻ എഴുന്നേറ്റ് അലമാര തുറന്ന് ഒരു കൊന്തയെടുത്തു നീട്ടിക്കൊണ്ടു പറഞ്ഞു : ” ഫ്രാൻസിസ് മാർപാപ്പ വെഞ്ചിരിച്ച കൊന്തയാ . ഇത് കയ്യിൽ പിടിച്ചു എന്നും ജപമാല ചൊല്ലണം കേട്ടോ . മാതാവ് നിന്റെ പ്രാർത്ഥന കേൾക്കാതിരിക്കില്ല ”
അനിത രണ്ടു കയ്യും നീട്ടി കൊന്ത വാങ്ങി .
” വല്ലപ്പോഴും ഈ വയസ്സനച്ചനെ കാണാൻ വരണം കേട്ടോ ”
” വരാം അച്ചോ ”
അനിത തലകുലുക്കി.
”കർത്താവ് നിന്നെയും നിന്റെ കുടുംബത്തെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ ”
അച്ചൻ അവളുടെ തലയിൽ കൈവച്ചു പ്രാർത്ഥിച്ചു.
” എന്നാ ഇനി പൊയ്ക്കോ! ”
അച്ചന്റെ അനുമതി കിട്ടിയതും പള്ളിമേടയിൽ നിന്നിറങ്ങി അവൾ വീട്ടിലേക്കു നടന്നു. വീട്ടിലെത്തിയപ്പോൾ മണി ഒൻപത് . മേരിക്കുട്ടിയും ജിഷയും അവളെ കണ്ടതേ മുഖം വെട്ടിച്ചു മാറി . അനിത ഗോവണിപ്പടികൾ കയറി നേരെ കിടപ്പുമുറിയിലേക്ക് പോയി.
റോയി പത്രം വായിച്ചുകൊണ്ടു മുറിയിൽ ഇരിപ്പുണ്ടായിരുന്നു. അനിതയെ കണ്ടതേ അയാൾ ചോദിച്ചു :
” ങ് ഹാ ,വന്നോ ! എങ്ങനുണ്ടായിരുന്നു അനാഥമന്ദിരത്തിലെ കിടപ്പ് ? ഇവിടുത്തേക്കാൾ സുഖമായിരുന്നോ ?”
ചോദ്യത്തിലെ പരിഹാസം അവൾ തിരിച്ചറിഞ്ഞു.
” സുഖവും ദുഖവും നോക്കിയല്ല , കുട്ടികള് നിർബന്ധിച്ചപ്പം അവരോടൊപ്പം ഒരു രാത്രി അവിടെ തങ്ങീന്നേയുള്ളൂ . എനിക്ക് സ്വന്തക്കാ രെന്നു പറയാൻ അവരല്ലേയുള്ളു .” അനിത നീരസത്തോടെ പറഞ്ഞു
” സത്യം പറയട്ടെ ; നീയവിടെ കിടന്നത് എനിക്കൊട്ടും ഇഷ്ടപ്പെട്ടില്ല . പിന്നെ നീയൊരാഗ്രഹം പറഞ്ഞപ്പം ഞാൻ എതിർത്തില്ലെന്നേയുള്ളൂ . ഇനിയത് സമ്മതിക്കുകേല കേട്ടോ ”
” എനിക്ക് പോകാൻ വേറെവിടാ റോയിച്ചാ ഉള്ളത് ? അപ്പനും അമ്മേം ഇല്ലാത്ത ഒരനാഥ പെണ്ണല്ലേ ഞാൻ ? ”
” നിന്റെ അപ്പനും അമ്മേം നിന്നെ ഉപേക്ഷിച്ചു പോയത് എന്റെ കുറ്റം കൊണ്ടാണോടീ ?”
അടി കിട്ടിയതുപോലെ അനിത ഒരു നിമിഷം ഒന്ന് പിടഞ്ഞു . ഹൃദയത്തിലൂടെ ഒരീർച്ചവാൾ കടന്നുപോയതുപോലെ തോന്നി.
റോയിയുടെ വാക്കുകൾ ഹൃദയത്തിനേൽപ്പിച്ച ആഘാതം സഹിക്കാവുന്നതിനും അപ്പുറമായിരുന്നു അവൾക്ക് .
(തുടരും. അടുത്ത അദ്ധ്യായം നാളെ )
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved)

Also Read അവൾ അനാഥയല്ല- നോവൽ- അദ്ധ്യായം ഒന്ന്.

Also Read അവൾ അനാഥയല്ല – നോവൽ – അദ്ധ്യായം 2 .

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 3

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 4

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 5

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 6

അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 6. രചന: ഇഗ്‌നേഷ്യസ് കലയന്താനി

0
അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 5. രചന: ഇഗ്‌നേഷ്യസ് കലയന്താനി

കഥ ഇതുവരെ
കന്യാസ്ത്രീകൾ നടത്തുന്ന അനാഥാലയത്തിൽ വളർന്ന , സുന്ദരിയും പാട്ടുകാരിയുമായ അനിതയോട് ആ നാട്ടിലെ ധനാഢ്യനായ ഇലഞ്ഞിക്കൽ സഖറിയാസിന്റെ മകൻ റോയിക്ക് പ്രണയം തോന്നി. റോയിയുടെ മാതാപിതാക്കൾ ആദ്യം എതിർത്തെങ്കിലും അവന്റെ നിർബന്ധത്തിനു വഴങ്ങി കല്യാണം നടത്തികൊടുത്തു . ആദ്യരാത്രിയിൽ അനിതക്ക് മനസിലായി തന്റെ ഭർത്താവ് മദ്യത്തിന് അടിമയാണെന്ന് . അത് അവളെ തളർത്തി. ലയൺസ് ക്ലബ് ഹാളിൽ നവദമ്പതികൾക്ക് സുഹൃത്തുക്കൾ ഒരുക്കിയ സ്വീകരണ സൽക്കാരത്തിൽ പെപ്സിയാണെന്ന് തെറ്റിദ്ധരിപ്പിച്ചു മദ്യം ചേർത്ത സോഫ്റ്ഡ്രിങ്ക് റോയി അവൾക്കു കുടിക്കാൻ കൊടുത്തു. അത് തിരിച്ചറിഞ്ഞതോടെ റോയിയോട് അവൾ വഴക്കിട്ടു . മദ്യപിച്ചു കാറോടിച്ചു വീട്ടിലേക്കു തിരിച്ചുപോരുന്നതിനിടയിൽ റോയിയുടെ കാർ വീണ്ടും അപകടത്തിൽപെട്ടു. റോയി ആശുപത്രിയിലായി . അനിതയും മദ്യപിച്ചിരുന്നു എന്ന് അറിഞ്ഞപ്പോൾ റോയിയുടെ പപ്പക്കും അമ്മയ്ക്കും അവളോടുള്ള ദേഷ്യം ഇരട്ടിച്ചു. അവളെ അവർ മാനസികമായി കൂടുതൽ പീഡിപ്പിച്ചു. ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയ റോയിക്ക് അയാളുടെ നിർബന്ധത്തിനു വഴങ്ങി അനിത കുടിക്കാൻ മദ്യം പകർന്നു കൊടുത്തു . അതുകണ്ടുകൊണ്ടാണ് റോയിയുടെ പപ്പയും അമ്മയും മുറിയിലേക്ക് കയറിവന്നത് . (തുടർന്ന് വായിക്കുക )

അപ്രതീക്ഷിതമായി പപ്പയെയും അമ്മയെയും മുൻപിൽ കണ്ടപ്പോള്‍ റോയി അമ്പരന്നു. അനിത ജീവച്ഛവം പോലെ നിന്നുപോയി.
കുറെനേരം അനിതയെ തുറിച്ചു നോക്കി നിന്നിട്ടു സഖറിയാസ് റോയിയുടെ അടുത്തേക്കു വന്നു രോഷത്തോടെ പറഞ്ഞു:
“ഇനി കുടിക്കരുതെന്ന് ആശുപത്രീല്‍ വച്ചു ഞാന്‍ നിന്നോടു പറഞ്ഞതല്ലേ?”
“പപ്പാ ഒന്നുറങ്ങാന്‍ വേണ്ടി ഒരല്പം…”
“നീയെന്‍റെ മകനായി ജനിച്ചുപോയല്ലോടാ “
സഖറിയാസ് പല്ലിറുമ്മി, കലിതുള്ളിക്കൊണ്ടു വേഗം മുറിയില്‍നിന്ന് ഇറങ്ങിപ്പോയി.
മേരിക്കുട്ടി അനിതയുടെ അടുത്തേക്കു വന്നിട്ടു സങ്കടത്തോടെ പറഞ്ഞു: “മോളിതിനു കൂട്ടുനില്‍ക്കുമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചില്ല! ഒഴിച്ചുകൊടുക്കാന്‍ നിനക്ക് എങ്ങനെ തോന്നി കൊച്ചേ ?”
“അമ്മേ ഞാന്‍ നിര്‍ബന്ധിച്ചിട്ടാ…”
റോയി കുറ്റം ഏറ്റെടുത്തു.
“പേറെടുക്കാന്‍ വന്ന പെണ്ണ് ഇരട്ട പെറ്റൂന്നു പറഞ്ഞപോലായി.” ഒരു നെടുവീര്‍പ്പിട്ടിട്ടു മേരിക്കുട്ടി അനിതയെ നോക്കി തുടര്‍ന്നു: “ഒരമ്മയുടെ ഹൃദയവേദന നിനക്കു മനസ്സിലാവണമെങ്കില്‍ നീയൊരമ്മയാകണം.”
പിന്നെ ഒരു നിമിഷംപോലും മേരിക്കുട്ടി അവിടെ നിന്നില്ല. പടികളിറങ്ങി താഴേക്കുപോയി.
അനിത ചുമരിനോടു ചേര്‍ന്ന് ഒരു ശിലാബിംബംപോലെ നില്‍ക്കുകയായിരുന്നു. റോയി എണീറ്റു ചെന്ന് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവളുടെ നെഞ്ചകം വിങ്ങിക്കഴച്ചു . കവിൾത്തടങ്ങളിലൂടെ കണ്ണീർ ഒലിച്ചിറങ്ങി .
“പപ്പ ഇപ്പം ഇങ്ങോട്ടു വരുമെന്നു ഞാന്‍ പ്രതീക്ഷിച്ചില്ല.”
റോയിക്കും കുറ്റബോധം തോന്നി.
“വേണ്ട… കുടിക്കുന്നില്ല.”
ഗ്ലാസില്‍ പകര്‍ന്ന മദ്യം അയാള്‍ എടുത്തുകൊണ്ടുപോയി വാഷ്ബേസിനില്‍ ഒഴിച്ചു. എന്നിട്ട് അനിതയെ പിടിച്ചുകൊണ്ടുവന്നു കട്ടിലില്‍ ഇരുത്തിയിട്ടു പറഞ്ഞു:
“എന്നെ ഉറക്കാമെന്നല്ലേ പറഞ്ഞത്? ഉറക്ക്.”
അനിതയുടെ മടിയില്‍ ശിരസുവച്ചു റോയി കിടന്നു. എന്നിട്ട് അവളുടെ കൈ എടുത്തു തന്‍റെ കവിളിലേക്കു ചേര്‍ത്തുപിടിച്ചു.
അനിതയ്ക്കു തെല്ല് ആശ്വാസം തോന്നി. ഭര്‍ത്താവിന്‍റെ മുടിയിഴകളില്‍ അവള്‍ വിരലുകള്‍ ഓടിക്കുകയും കവിളില്‍ സ്നേഹത്തോടെ തഴുകുകയും ചെയ്തുകൊണ്ടിരുന്നു . ആ തലോടലിന്‍റെ ലഹരിയില്‍ റോയി സാവധാനം മയക്കത്തിലേക്കു വീണു.

*********

കാഞ്ഞിരപ്പള്ളിയില്‍ ഇരുപത്തഞ്ചേക്കര്‍ റബര്‍ത്തോട്ടമുണ്ട് സഖറിയാസിന്. അതു നോക്കി നടത്തി ആദായമെടുക്കേണ്ട ചുമതല റോയിയെയാണ് ഏല്പിച്ചിരുന്നത്. കുറെ സ്ഥലത്ത് റീപ്ലാന്‍റിംഗ് നടക്കുന്നുണ്ട്. ആഴ്ചയില്‍ മൂന്നോ നാലോ ദിവസം റോയി അവിടെച്ചെന്ന് പണികൾ നോക്കുകയും ജോലിക്കാര്‍ക്കു നിര്‍ദ്ദേശം നല്‍കുകയും കൂലി കൊടുത്തിട്ടു മടങ്ങുകയും ചെയ്യും.
ആരോഗ്യം വീണ്ടുകിട്ടിയപ്പോള്‍ റോയി എസ്റ്റേറ്റില്‍ പോകാന്‍ തുടങ്ങി. രാവിലെ പോയാല്‍ ഇരുട്ടിയേ തിരിച്ചെത്തൂ.
മദ്യപിക്കാതിരിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും സാധിച്ചില്ല. അനിത ഉറങ്ങിക്കഴിയുമ്പോള്‍ എണീറ്റു ചെന്ന് ഒരു പെഗ് കഴിച്ചിട്ടു ശബ്ദമുണ്ടാക്കാതെ വന്നു കിടക്കും.
ഒരു ദിവസം രാവിലെ എസ്റ്റേറ്റിലേക്കാണെന്നും പറഞ്ഞുപോയ റോയി മടങ്ങിവന്നതു രാത്രി പത്തുമണി കഴിഞ്ഞപ്പോള്‍.
തീ പടര്‍ന്ന മനസ്സുമായി അനിത ഭര്‍ത്താവിനെ കാത്ത് ബാല്‍ക്കണിയില്‍ വഴിയിലേക്ക് കണ്ണും നട്ട് നില്‍ക്കുകയായിരുന്നു.
കാര്‍ വരുന്ന ശബ്ദം കേട്ടതും അവള്‍ വേഗം പടികള്‍ ഇറങ്ങി താഴേക്കു ചെന്നു.
കാറില്‍നിന്നിറങ്ങിയ റോയിയുടെ കാലുകള്‍ നിലത്തുറയ്ക്കുന്നില്ലെന്നു കണ്ടപ്പോള്‍ സഖറിയാസ് അമര്‍ഷത്തോടെ പറഞ്ഞു:
“മൂക്കുകുത്തി വീഴുന്നേനു മുമ്പ് പിടിച്ചുകൊണ്ടെക്കിടത്ത്.”
അനിത വന്നു റോയിയെ താങ്ങിപ്പിടിച്ചുകൊണ്ടു പടികൾ കയറി കിടപ്പുമുറിയിലേക്കു പോയി.
മുറിയില്‍ കയറി വാതില്‍ ബന്ധിച്ചിട്ട് അവള്‍ റോയിയുടെ നേരേ തിരിഞ്ഞു.
“എന്തു കോലമാ റോയിച്ചാ ഇത്? എവിടുന്നാ ഇത്രേം വലിച്ചു കേറ്റീത്?”
“പണ്ട് എന്‍റെ കൂടെ പഠിച്ച ഒരു ക്ലാസ്മേറ്റിനെ കണ്ടു. അവന്‍ വിദേശത്തായിരുന്നു. അവധിക്കുവന്നതാ. അവന്‍ വിളിച്ചു കൊണ്ടുപോയി സല്‍ക്കരിച്ചതാ.”
“മദ്യം കൊടുത്താണോ കൂട്ടുകാരനെ സല്‍ക്കരിക്കുന്നത്?”
“ഞങ്ങള്‍ ആണുങ്ങള്‍ അങ്ങനെയൊക്കെയാ .”
റോയി വേഷം മാറി ലുങ്കി ഉടുത്തു.
“ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതെന്തിനാ?”
“അതിന്‍റെ ചാര്‍ജു തീര്‍ന്നതാ.”
“റോയിച്ചനറിയുവോ, ഇവിടെ എല്ലാവരും എന്നെയാ കുറ്റപ്പെടുത്തുന്നത്. ഞാന്‍ വന്നു കേറീതോടെ ഈ കുടുംബത്തിലെ ഐശ്വര്യം പോയീത്രേ.”
“ആര് എന്തു പറഞ്ഞാലും എനിക്കു നിന്നെ ജീവനാടോ.”
അനിതയെ പിടിച്ചു കട്ടിലില്‍ ഇരുത്തിയിട്ടു റോയി അവളെ തന്നിലേക്കു ചേര്‍ത്തുപിടിച്ചുകൊണ്ടു പറഞ്ഞു:
“ദൈവം വിചാരിച്ചാല്‍പോലും നമ്മളെ തമ്മില്‍ ഇനി വേർപിരിക്കാന്‍ പറ്റില്ല.”
ചുട്ടുപൊള്ളിയ ഹൃദയത്തില്‍ മഴത്തുള്ളി വീണ ആശ്വാസമായിരുന്നു അവള്‍ക്ക്. റോയിയുടെ കൈപിടിച്ചു നെഞ്ചോടു ചേര്‍ത്തുകൊണ്ട് അവള്‍ പറഞ്ഞു:
“കല്യാണം കഴിഞ്ഞതിനുശേഷം മനസുതുറന്നു ഞാനൊന്നു ചിരിച്ചിട്ടില്ല. പപ്പേടേം അമ്മേടേം കുത്തുവാക്കുകള്‍ കേട്ടു മടുത്തു റോയിച്ചാ. സഹിക്കുന്നതിന് ഒരു പരിധിയില്ലേ?”
“എന്നിട്ട് ഇതുവരെ എന്നോടിതൊന്നും നീ പറഞ്ഞില്ലല്ലോ.”
“ഞാന്‍ കാരണം ഈ വീട്ടില്‍ ഒരു പ്രശ്നം ഉണ്ടാക്കണ്ടാന്നു കരുതി മിണ്ടാതിരുന്നതാ. ഇന്നും എന്നെ ഒരുപാട് കുറ്റപ്പെടുത്തി പപ്പേം അമ്മേം. ഞാൻ ഒരനാഥ പെണ്ണായതുകൊണ്ടായിരിക്കാം എന്നോടിത്ര വെറുപ്പ്. അല്ലെ റോയിച്ചാ ? ” അവൾ വിങ്ങിപ്പൊട്ടി.
അടുത്തനിമിഷം റോയി എണീറ്റു ധൃതിയില്‍ മുറിവിട്ടിറങ്ങി. സ്റ്റെയര്‍ കേസിറങ്ങി വേഗം താഴേക്കു ചെന്നു.
സ്വീകരണമുറിയില്‍ സഖറിയാസും മേരിക്കുട്ടിയും സംസാരിച്ചുകൊണ്ടിരിപ്പുണ്ടായിരുന്നു.
വന്നപാടേ, രണ്ടുപേരെയും മാറി മാറി നോക്കിയിട്ടു റോയി അമര്‍ഷത്തോടെ പറഞ്ഞു:
“പപ്പയോടും അമ്മയോടും സ്നേഹത്തോടെ ഞാനൊരു കാര്യം പറയുവാ. ദയവുചെയ്ത് എന്‍റെ ഭാര്യയെ ഇനി ഓരോന്നു പറഞ്ഞു വേദനിപ്പിക്കരുത്. അവളൊരു പാവം പെണ്ണാ. അപ്പനും അമ്മേം ഇല്ലാത്ത ഒരനാഥ പെണ്ണ് !അവളെ വേദനിപ്പിച്ചാല്‍ ദൈവം പൊറുക്കുകേല നിങ്ങളോട് “
“ഞങ്ങളെന്നാ പറഞ്ഞെന്നാടാ?”
മേരിക്കുട്ടി ചാടി എണീറ്റു ചോദിച്ചു.
“പറഞ്ഞതും ചെയ്തതുമൊന്നും എന്നെക്കൊണ്ടു പറയിപ്പിക്കണ്ട. കൂടുതലുപറഞ്ഞാല്‍ നമ്മളു തമ്മില്‍ വഴക്കുണ്ടാകും. പപ്പയ്ക്കും അമ്മയ്ക്കും അറിയാലോ അവളിങ്ങോട്ടു വലിഞ്ഞു കേറി വന്നതല്ലെന്ന്. എന്നെ പ്രേമിച്ചു കല്യാണം കഴിച്ചതുമല്ല. പപ്പേം അമ്മേം കൂടി പോയി കണ്ട് സംസാരിച്ചു തീരുമാനിച്ചു നടത്തിയ കല്യാണമല്ലേ”
“നീ ആരോടാ സംസാരിക്കുന്നതെന്നറിയാമോ?”
സഖറിയാസ് മുമ്പിലേക്കു വന്ന് കൈചൂണ്ടിക്കൊണ്ടു ചോദിച്ചു.
“അറിയാം! ഇത്തിരി കുടിച്ചിട്ടുണ്ടേലും എനിക്കു കാഴ്ചക്കുറവൊന്നുമില്ല.” ഒന്നു നിറുത്തിയിട്ടു റോയി തുടര്‍ന്നു: “വയസാംകാലത്ത് നിങ്ങളെ നോക്കാന്‍ അവളേ കാണൂന്ന് ഓര്‍മ്മവേണം.”
“മിണ്ടിപ്പോകരുത് നീ. നിനക്ക് ആ പെണ്ണ് കൈവിഷം തന്നിരിക്ക്വാ. മുടിഞ്ഞ പിശാച് ” സഖറിയാസ് അലറി.
” അവള് പിശാചാണെങ്കിൽ നിങ്ങള് മുതു പിശാചാ ” റോയിയും വിട്ടുകൊടുത്തില്ല.
പരസ്പരം വാക്പോരു മുറുകിയപ്പോള്‍ അനിത താഴേക്ക് ഇറങ്ങി വന്നു.
“വഴക്കുണ്ടാക്കണ്ട റോയിച്ചാ. എന്നെ ആരും വേദനിപ്പിച്ചിട്ടില്ല.”
“അപ്പം കുറച്ചുമുമ്പ് നീയല്ലേ പറഞ്ഞത് പപ്പേം അമ്മേം എന്നും ഓരോന്നു പറഞ്ഞു നിന്നെ വേദനിപ്പിക്കുവാന്ന്.”
“ഞാന്‍ ചുമ്മാ പറഞ്ഞതാ. വാ. വന്നു കിടക്ക്.”
അനിത റോയിയെ പിടിച്ചു മുകളിലേക്കു കൊണ്ടുപോകാന്‍ ശ്രമിച്ചു. അനിതയുടെ പിടിവിടുവിച്ചിട്ട് റോയി പപ്പയുടെ നേരേ തിരിഞ്ഞു:
“എനിക്കറിയാം നിങ്ങള്‍ക്കാര്‍ക്കും ഇവളെ ഇഷ്ടമല്ല. ഇവള്‍ക്ക് അപ്പനില്ല, അമ്മയില്ല, കുടുംബമില്ല. ഇലഞ്ഞിക്കല്‍ക്കാരുടെ അന്തസ്സും അഭിമാനോം തവിടുപൊടിയായില്ലേ”
“മിണ്ടാതിരി റോയിച്ചാ…”
അനിത ദേഷ്യപ്പെട്ടു.
“പറയേണ്ടതു പറയേണ്ടപ്പം പറഞ്ഞില്ലെങ്കില്‍ ഇവര് ഇനീം നിന്‍റെ തലേല്‍ കേറി നിരങ്ങും. അതിനി ഞാന്‍ സമ്മതിക്കുകേല.”
ഒരു വിധത്തില്‍ അനിത ഭര്‍ത്താവിനെ പിടിച്ചു വലിച്ചു പടികള്‍ കയറ്റി മുകളിലേക്കു കൊണ്ടുപോയി. മുറിയില്‍ കയറി വാതിലടച്ചിട്ടു അവൾ റോയിയുടെ നേരേ തിരിഞ്ഞു.
“ഇങ്ങനെയാണോ പപ്പയോടും അമ്മയോടും സംസാരിക്കേണ്ടത്? അവരെന്തു വിചാരിക്കും എന്നെക്കുറിച്ച്? ഈ വീട്ടില്‍ ഞാനെങ്ങനെ ഇനി സമാധാനത്തോടെ ജീവിക്കും? റോയിച്ചന്‍ രാവിലെ സ്ഥലം വിടില്ലേ. പപ്പേം അമ്മേം ഇനി എന്നോടു മിണ്ടുകപോലും ചെയ്യില്ല.”
“അങ്ങനെയുണ്ടായാല്‍ നമുക്കു വേറെ വഴി നോക്കാം.”
“എന്ത് വഴി ? എല്ലാവരും ഒരുമിച്ചു സന്തോഷത്തോടെയും സ്നേഹത്തോടെയും കഴിയുന്നതാ റോയിച്ചാ എനിക്കിഷ്ടം. പപ്പേം അമ്മേം ഒക്കെയുള്ള ഒരു നല്ല കുടുംബജീവിതം. ഞാൻ സ്വപ്‍നം കണ്ട ജീവിതം ജീവിതം അതാ “
“എനിക്കും അതാ ഇഷ്ടം. പക്ഷേ, പപ്പയ്ക്കും അമ്മയ്ക്കും നിന്നെ ഇഷ്ടമില്ലെങ്കില്‍ വേറെന്തിലും മാര്‍ഗ്ഗം നോക്കേണ്ടേ? നിന്നെ കഷ്ടപ്പെടുത്താൻ പറ്റില്ലല്ലോ ”
അനിത ഒന്നും പറഞ്ഞില്ല.
“ഞാനൊന്നു കുളിച്ചിട്ടു വരാം.”
റോയി കുളിക്കാനായി ബാത്തുറൂമിലേക്കു പോയി.
അനിത താടിക്കു കൈയും കൊടുത്ത് ചിന്താമൂകയായി കസേരയില്‍ ഇരുന്നു.
ഈ സമയം താഴെ കിടപ്പുമുറിയില്‍ മേരിക്കുട്ടിയും സഖറിയാസും ഗൗരവമേറിയ ഒരു ചർച്ചയിലായിരുന്നു
“വണ്ടി ഇടിച്ച് ഒരപകടമരണം. ആരും സംശയിക്കുകേല. അതാ ഏറ്റവും സുരക്ഷിതമായ വഴി.”
സഖറിയാസ് പറഞ്ഞു.
“അതൊന്നും വേണ്ടച്ചായാ. മഹാപാപമാ അത്. ഇങ്ങനെയൊക്കെയങ്ങോട്ടു പോട്ടെ. നമ്മുടെ വിധിയാണെന്നു കരുതി എല്ലാം സഹിക്കാം.”
മേരിക്കുട്ടിക്ക് അതിനോടു വിയോജിപ്പായിരുന്നു.
“വിധി! മാങ്ങാത്തൊലി. ആ സാധനത്തിനെ കുടുംബത്തില്‍ കേറ്റാന്‍ കൊള്ളുകേലാന്നു പണ്ടേ ഞാൻ അവനോട് പറഞ്ഞതാ . അതിന്‍റെ തന്തേം തള്ളേം വല്ല പാണ്ടികളുമായിരിക്കും. ജനിച്ചയുടനെ അമ്മത്തൊട്ടിലില്‍ വലിച്ചെറിഞ്ഞിട്ടു പോയതല്ലേ, ശവത്തിനെ. കുടുംബത്തിൽ കേറ്റാൻ കൊള്ളില്ലാത്ത ജന്തു. “
സഖറിയാസ് അമര്‍ഷംകൊണ്ടു.
മേരിക്കുട്ടി താടിക്കു കൈ ഊന്നി ഓരോന്നാലോചിച്ചിരുന്നു.
(തുടരും. അടുത്ത അദ്ധ്യായം നാളെ )
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

Also Read അവൾ അനാഥയല്ല- നോവൽ- അദ്ധ്യായം ഒന്ന്.

Also Read അവൾ അനാഥയല്ല – നോവൽ – അദ്ധ്യായം 2 .

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 3

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 4

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 5

അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 5. രചന: ഇഗ്‌നേഷ്യസ് കലയന്താനി

0
അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 5- രചന: ഇഗ്‌നേഷ്യസ് കലയന്താനി

കഥ ഇതുവരെ-
കന്യാസ്ത്രീകൾ നടത്തുന്ന അനാഥാലയത്തിൽ വളർന്ന , സുന്ദരിയും പാട്ടുകാരിയുമായ അനിതയോട് ആ നാട്ടിലെ ധനാഢ്യനായ ഇലഞ്ഞിക്കൽ സഖറിയാസിന്റെ മകൻ റോയിക്ക് പ്രണയം തോന്നി. റോയിയുടെ മാതാപിതാക്കൾ ആദ്യം എതിർത്തെങ്കിലും അവന്റെ നിർബന്ധത്തിനു വഴങ്ങി കല്യാണം ആലോചിച്ചു. അനിതക്കും റോയിയെ ഇഷ്ടമായി . മനസമ്മതം കഴിഞ്ഞു വിവാഹവസ്ത്രങ്ങൾ വാങ്ങിക്കൊണ്ടു വരുന്നതിനിടയിൽ റോയിയും അനിതയും സഞ്ചരിച്ചകാർ അപകടത്തിൽപെട്ടു. ആർക്കും ഗുരുതരമായ പരിക്കുണ്ടായില്ലെങ്കിലും അനിത ശാപം കിട്ടിയ പെണ്ണാണെന്ന് റോയിയുടെ മാതാപിതാക്കൾ വിധിയെഴുതി. ആ വിവാഹം ഒഴിവാക്കാൻ അവർ ശ്രമിച്ചെങ്കിലും നടന്നില്ല . റോയിയുടെ നിർബന്ധം മൂലം വിവാഹം നടന്നു. ആദ്യരാത്രിയിൽ അനിതക്ക് മനസിലായി തന്റെ ഭർത്താവ് മദ്യത്തിന് അടിമയാണെന്ന് . അത് അവളെ തളർത്തി. ലയൺസ് ക്ലബ് ഹാളിൽ നവദമ്പതികൾക്ക് സുഹൃത്തുക്കൾ ഒരുക്കിയ സ്വീകരണ സൽക്കാരത്തിൽ പെപ്സിയാണെന്ന് തെറ്റിദ്ധരിപ്പിച്ചു മദ്യം ചേർത്ത സോഫ്റ്ഡ്രിങ്ക് റോയി അവൾക്കു കുടിക്കാൻ കൊടുത്തു. (തുടർന്ന് വായിക്കുക )

അല്പനേരം കഴിഞ്ഞപ്പോൾ തലയ്ക്കു ഒരു പെരുപ്പ് അനുഭവപ്പെട്ടു അനിതയ്ക്ക്.
ഹാൾ കറങ്ങുന്നതുപോലൊരു തോന്നൽ .
“സത്യം പറ. പെപ്സിയാണോ റോയിച്ചൻ കൊണ്ടു തന്നത്?” അവൾ ചോദിച്ചു.
“എങ്ങനുണ്ട് സാധനം? ഇപ്പം നല്ല ഉന്മേഷം തോന്നുന്നില്ലേ?”
“ഉന്മേഷം ! കുന്തം. ! എനിക്കു നേരേ നിൽക്കാൻ പറ്റുന്നില്ല. വാ , നമുക്കിപ്പത്തന്നെ വീട്ടിലേക്ക് പോകാം.”
“ഫുഡ് കഴിക്കാത്തതുകൊണ്ടുള്ള പ്രശ്നമാ. വാ… നമുക്കു ഫുഡ് കഴിക്കാം.”
അനിതയെ വിളിച്ചു കൊണ്ടു റോയി ഫുഡ് കൗണ്ടറിനടുത്തേക്ക് നടന്നു.
രണ്ടു ചപ്പാത്തിയും ഇത്തിരി ചിക്കൻകറിയും മാത്രമേ അനിത കഴിച്ചുള്ളൂ. എത്രയും വേഗം സ്ഥലം വിടണമെന്നായിരുന്നു ചിന്ത. ശരീരത്തിനാകെ തളർച്ച!
റോയി വീണ്ടും വീണ്ടും മദ്യം പകർന്നു കഴിക്കുന്നതു കണ്ടപ്പോൾ അനിതയ്ക്കു സങ്കടവും ദേഷ്യവും വന്നു.
“മതി റോയിച്ചാ…,നമുക്കു പോകാം.”
അവൾ തിടുക്കം കൂട്ടി.
” നിനക്കിതൊന്നും ആസ്വദിക്കാൻ പറ്റുന്നില്ലെങ്കിൽ നീയവിടെപ്പോയി സ്വസ്ഥമായിട്ടിരുന്നോ. പോകാറാവുമ്പം ഞാൻ വന്നു വിളിച്ചേക്കാം.” തെല്ലു നീരസത്തോടെയാണ് റോയി അങ്ങനെ പറഞ്ഞത് .
അനിതക്ക് സങ്കടം വന്നു. ആളൊഴിഞ്ഞ കോണിൽ ഒരു കസേരയില്‍ വന്ന് അവളിരുന്നു. തലക്കുള്ളിലെ പെരുപ്പ് കൂടിവരികയാണെന്നു തോന്നിയപ്പോൾ കൈകളിലേക്ക് ശിരസു ചായ്‌ച്ചു കീഴ്പോട്ടു നോക്കിയിരുന്നു.
മദ്യം തലയ്ക്കുപിടിച്ച ചില ശൃംഗാരവേലന്മാർ അവളുടെ അടുത്തു വന്നിരുന്നു കുശലാന്വേഷണം തുടങ്ങി. സംഗതി പന്തിയല്ലെന്നു കണ്ടപ്പോൾ അവൾ എണീറ്റു മറ്റൊരു സ്ഥലത്തേക്കു മാറിയിരുന്നു. ആട്ടവും പാട്ടുമായി രംഗം കൂടുതൽ കൊഴുത്തു. ഒളിയും മറയുമില്ലാതെ സ്ത്രീകളും മദ്യം കഴിക്കുന്നതു കണ്ടപ്പോൾ അനിത അതിശയത്തോടെ നോക്കിയിരുന്നുപോയി! ഇതാണോ ന്യൂജൻ പെണ്ണുങ്ങൾ ?
രാത്രി ഒമ്പതുമണിയായിട്ടും ആഘോഷം തുടരുകയാണ്. ചില സ്ത്രീകൾ ഭർത്താവിനെയും വിളിച്ചുകൊണ്ടു പുറത്തേക്കിറങ്ങിപ്പോകുന്നതു കണ്ടപ്പോൾ അനിത എണീറ്റ് റോയിയുടെ അടുത്തേക്ക് ചെന്നു.
“നേരം ഒരുപാടായി. ഇനി പോകാം റോയിച്ചാ…” അനിത തിടുക്കം കൂട്ടി.
ഒരു പെഗുകൂടി അകത്താക്കിയിട്ട്, സുഹൃത്തുക്കളോടു യാത്ര പറഞ്ഞു റോയി ഭാര്യയെയും വിളിച്ചുകൊണ്ടു പുറത്തേക്കിറങ്ങി.
“കാറോടിക്കാന്‍ പറ്റുമോ റോയിച്ചാ?”
അനിത ചോദിച്ചു.
“അതെന്താ എന്‍റെ കൈ രണ്ടും തളര്‍ന്നുപോയോ?”
“അല്ല, പോലീസു വല്ലോം കൈകാണിച്ചാല്‍?”
“പോലീസു കൈകാണിച്ചാല്‍ കാശുകൊടുത്ത് ഊരിപ്പോരും. നീ കേറ്.”
അനിത കാറില്‍ കയറി ഇരുന്നു. ഡ്രൈവര്‍ സീറ്റില്‍ റോയിയും.
കാർ മുൻപോട്ടുരുണ്ടു .
വണ്ടിയുടെ സ്പീഡു കൂടിയപ്പോള്‍ അനിത പറഞ്ഞു:
“പതിയെപ്പോയാ മതി റോയിച്ചാ…”
“ഇയാൾക്കു പേടിയാകുന്നുണ്ടോ?”
“ഉം.”
“നീ കുറച്ചുകൂടിയൊക്കെ സ്മാര്‍ട്ടാകണം കേട്ടോ! എല്ലാരും അവിടെ അടിച്ചുപൊളിക്കുമ്പോൾ നീയൊരു മൂലയില്‍ പോയി താടിക്കു കൈയും കൊടുത്തു ചത്തവീട്ടില്‍ കുത്തിരിയിക്കുന്നതുപോലെ ഇരിക്കുവല്ലായിരുന്നോ . സത്യം പറഞ്ഞാൽ അത് കണ്ടപ്പം എനിക്ക് ദേഷ്യം തോന്നി. ”
“എന്നെ പെണ്ണ് കാണാന്‍ വന്നപ്പഴേ ഞാന്‍ പറഞ്ഞതല്ലായിരുന്നോ മോഡേണ്‍ രീതികളൊന്നും എനിക്കറിഞ്ഞൂടാന്ന്? കള്ളുകുടിച്ചു കൂത്താടാനൊന്നും എനിക്കറിഞ്ഞൂട റോയിച്ചാ.”
അനിതയ്ക്കു സങ്കടം അണപൊട്ടി.
“വെള്ളമടിച്ചു ഫിറ്റായപ്പം ഒരുത്തൻ എന്നോടു പറയുവാ, എനിക്കു ചേരുന്ന പെണ്ണേയല്ല നീയെന്ന്. ” റോയി പറഞ്ഞു.
” റോയിച്ചന് അങ്ങനെ തോന്നുന്നുണ്ടോ ?”
“എനിക്കിഷ്ടായതുകൊണ്ടല്ലേ നിന്നെ കെട്ടീത്”
“മദ്യം വിളമ്പുന്ന പാര്‍ട്ടിയാന്നറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ വരില്ലായിരുന്നു. വെള്ളമടിച്ചു പൂസായാല്‍ മനുഷ്യന്‍ പിശാചായി മാറുകല്ലേ. റോയിച്ചന്‍ കണ്ടായിരുന്നോ ഒരു പൂവാലന്‍ എന്‍റടുത്തു വന്നിരുന്നു ശൃംഗരിക്കാന്‍ നോക്കീത്? ഞാന്‍ രൂക്ഷമായി ഒന്നു നോക്കിയപ്പം അവന്‍ എണീറ്റുപോയി.”
“ഇനി ഒരു സ്ഥലത്തും നിന്നെ കൊണ്ടുപോകില്ല. വീട്ടിലിരുന്നോ, പ്രാര്‍ത്ഥനയും ഭക്തിഗാനവുമായിട്ട്.”
“ഇപ്പം സംസാരിക്കുന്നത് റോയിച്ചനല്ല. വയറ്റില്‍ കിടക്കുന്ന മദ്യമാ. ആ പിശാച് ഇറങ്ങിപ്പോയിട്ട് നമുക്കിനി സംസാരിക്കാം.”
തന്‍റെ സ്വപ്നങ്ങളും പ്രതീക്ഷകളും തകര്‍ന്നുവീഴുകയാണോ എന്ന് അനിത ഭയപ്പെട്ടു. അവളുടെ തേങ്ങല്‍ കേട്ടപ്പോള്‍ റോയി പറഞ്ഞു:
“കരയാന്‍ മാത്രം ഇപ്പം എന്താ ഉണ്ടായേ? എനിക്കിയാളോട് ഇഷ്ടക്കുറവൊന്നുമില്ല.”
“ഇഷ്ടമല്ല എനിക്കുവേണ്ടത്. സ്നേഹമാണ്. ഇരുപത്തിമൂന്നു വര്‍ഷം സ്വന്തക്കാരുടെയോ ബന്ധുക്കളുടെയോ സ്നേഹം അനുഭവിക്കാതെ വളര്‍ന്ന പെണ്ണാ ഞാന്‍. റോയിച്ചന്‍ അതു മനസ്സിലാക്കണം.”
അനിതയ്ക്കു ദുഃഖം അണപൊട്ടി. മിഴിനീർ കുടുകുടെ ഒഴുകി
റോയി ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ദുഃഖം നിയന്ത്രിക്കാനായില്ല അവള്‍ക്ക്.
കാർ വളഞ്ഞും പുളഞ്ഞുമാണ് പോകുന്നതെന്നു കണ്ടപ്പോള്‍ അനിത പറഞ്ഞു:
“പതിയെപ്പോയാ മതി റോയിച്ചാ.”
അതു കേട്ടപ്പോള്‍ റോയിക്കു വാശി കൂടി.
അയാള്‍ ആക്സിലേറ്ററില്‍ കുറച്ചുകൂടി അമര്‍ത്തിച്ചവിട്ടി.
“ചാകാനുള്ള പോക്കാണോ?”
അനിത അങ്ങനെ ചോദിച്ചതും അടുത്തനിമിഷം കാർ ഒരു ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു. പോസ്റ്റ് ഒടിഞ്ഞു കാറിനു മുകളിലേക്കു വീണു.
ശബ്ദം കേട്ട് ആളുകള്‍ ഓടിക്കൂടി. വൈദ്യുതി ബന്ധം നിലച്ചതിനാല്‍ വലിയ അപകടം ഒഴിവായി.
നാട്ടുകാര്‍ രണ്ടുപേരെയും മറ്റൊരു കാറില്‍ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചു.
രണ്ടുപേര്‍ക്കും ഗുരുതരമായ പരിക്കുണ്ടായിരുന്നില്ല. റോയിയുടെ ഇടതുകൈയ്ക്കു ചെറിയൊരു ഫ്രാക്ചര്‍. കുറച്ചു ദിവസം ആശുപത്രിയില്‍ കിടക്കണം. അനിതയ്ക്ക് അവിടവിടെ ചെറിയ മുറിവും ചതവും മാത്രം.
സംഭവമറിഞ്ഞു സഖറിയാസും മേരിക്കുട്ടിയും ജിഷയും ആശുപത്രിയില്‍ പാഞ്ഞെത്തി. രണ്ടുപേരും മദ്യം കഴിച്ചിരുന്നു എന്നു ഡോക്ടര്‍ പറഞ്ഞപ്പോള്‍ സഖറിയാസും മേരിക്കുട്ടിയും മുഖത്തോടുമുഖംനോക്കി കണ്ണു മിഴിച്ചുനിന്നുപോയി.
അടുത്ത ദിവസം ഉച്ചയായപ്പോള്‍ അനിതയെ ഡിസ്ചാര്‍ജു ചെയ്തു. സഖറിയാസിന്‍റെയും മേരിക്കുട്ടിയുടെയും കൂടെയാണ് അവള്‍ കാറില്‍ വീട്ടിലേക്കു പോന്നത്.
“നീയും കുടിച്ചൂന്നു കേട്ടപ്പം എന്റെ ചങ്കു തകര്‍ന്നുപോയി മോളേ.” മേരിക്കുട്ടി പറഞ്ഞു.
നടന്ന സംഭവങ്ങളൊക്കെ അവൾ തുറന്നുപറഞ്ഞിട്ടും അവര്‍ വിശ്വസിച്ചില്ല.
“എന്തായാലും ഇലഞ്ഞിക്കല്‍ തറവാടിന് വല്യനാണക്കേടായിപ്പോയി. നിന്നെ കല്യാണം ആലോചിച്ചതിനുശേഷം ഇതിപ്പം രണ്ടാമത്തെ അപകടമല്ലേ.”
വീട്ടിലെത്തുന്നതുവരെ ഓരോന്നു പറഞ്ഞ് അനിതയെ വേദനിപ്പിച്ചുകൊണ്ടിരുന്നു ഇരുവരും.
വീട്ടിലെത്തിയതും അവള്‍ മുറിയില്‍ കയറി കതകടച്ചിട്ട് കിടക്കയിലേക്ക് ഒറ്റവീഴ്ചയായിരുന്നു. തലയണയില്‍ കെട്ടിപ്പിടിച്ച് ഏങ്ങിയേങ്ങി കരഞ്ഞു.
വേണ്ടായിരുന്നു ഈ കല്യാണം. മദ്യത്തിനടിമയായ ഒരു പുരുഷനൊടോപ്പം എങ്ങനെ ജീവിക്കും? പപ്പയ്ക്കും അമ്മയ്ക്കും ഇനി തന്നോടു വെറുപ്പായിരിക്കില്ലേ?
ഏറെനേരം അവള്‍ കരഞ്ഞു. ആരും അന്വേഷിക്കാനോ അവളുടെ ക്ഷേമം തിരക്കാനോ അങ്ങോട്ടു വന്നില്ല.
രാത്രി അത്താഴം കഴിക്കാന്‍ വേലക്കാരിയാണു വന്നുവിളിച്ചത്. അനിത ഡൈനിംഗ് റൂമിലേക്കു ചെന്നപ്പോള്‍ മേരിക്കുട്ടിയും സഖറിയാസും ജിഷയും ഭക്ഷണം കഴിച്ചു എണീറ്റ് പോയിരുന്നു. മൂന്നുപേരും അവളോട് ഒന്നും മിണ്ടിയില്ല.
വിശപ്പുണ്ടായിരുന്നിട്ടും ഒന്നും കഴിക്കാന്‍ തോന്നിയില്ല അവള്‍ക്ക്. ഒരു ചപ്പാത്തിയും അല്പം വെജിറ്റബിള്‍ കറിയും മാത്രം കഴിച്ചിട്ട് അവള്‍ എണീറ്റു കൈകഴുകി. ആരോടും ഒന്നും പറയാതെ അവള്‍ വേഗം പടികള്‍ കയറി റൂമിലേക്കു പോയി. കട്ടിലിലേക്കു തളര്‍ന്നുവീണ് പിന്നെയും വിതുമ്പിക്കരഞ്ഞു.
ആരോടാണു തന്‍റെ വേദനകളും വിഷമങ്ങളും ഒന്നു പറയുക? തനിക്കു പപ്പയും അമ്മയും ഉണ്ടായിരുന്നെങ്കില്‍ ഒന്നാശ്വസിപ്പിക്കുകയെങ്കിലും ചെയ്തേനെ.
റോയി മൊബൈലില്‍ വിളിക്കുമെന്ന് അവള്‍ പ്രതീക്ഷിച്ചു. പക്ഷേ, വിളിച്ചില്ല. റോയിച്ചനും തന്നോടു ദേഷ്യമായിരിക്കുമോ?
കര്‍ത്താവിന്‍റെ തിരുസ്വരൂപത്തിനു മുമ്പില്‍ കണ്ണടച്ച് കൈകൂപ്പിനിന്ന് അവള്‍ പ്രാര്‍ത്ഥിച്ചു.
രാത്രി വൈകിയാണ് അവള്‍ ഉറങ്ങിയത്.
പുലര്‍ച്ചെ അവള്‍ എണീറ്റു. പ്രഭാതകൃത്യങ്ങളെല്ലാം കഴിഞ്ഞ് നേരേ അടുക്കളയിലേക്കു ചെന്നു. മേരിക്കുട്ടി ഓരോ ജോലികള്‍ ചെയ്തുകൊണ്ട് അടുക്കളയില്‍ ഉണ്ടായിരുന്നെങ്കിലും അവളോട് ഒന്നും മിണ്ടിയില്ല.
“അമ്മയ്ക്ക് എന്നോടു ദേഷ്യാണോ?”
പതിഞ്ഞ സ്വരത്തില്‍ അവള്‍ ചോദിച്ചു.
“നീ മുറിയില്‍പോയി ഇരുന്നോ. ഭക്ഷണം കഴിക്കാറാവുമ്പം വന്നു വിളിച്ചേക്കാം.”
മേരിക്കുട്ടി തിരിഞ്ഞുനോക്കാനേ പോയില്ല.
സങ്കടത്തോടെ അവള്‍ തിരിച്ചു മുറിയിലേക്കു പോന്നു. റോയിച്ചനെങ്കിലും തന്നോടു സ്നേഹക്കുറവുകാണിക്കാതിരുന്നാല്‍ മതിയായിരുന്നു എന്നവളോര്‍ത്തു.
മുറിയില്‍ വന്നിട്ട് അവള്‍ റോയിയെ ഫോണ്‍ ചെയ്തു വിശേഷങ്ങള്‍ തിരക്കി. ഭാഗ്യം! റോയിക്ക് പിണക്കമോ ദേഷ്യമോ ഒന്നുമില്ലെന്നു കണ്ടപ്പോൾ അവള്‍ക്കു സമാധാനമായി.

*****

ഒരാഴ്ച കഴിഞ്ഞപ്പോള്‍ റോയിയെ ഡിസ്ചാര്‍ജു ചെയ്തു. സഖറിയാസും മേരിക്കുട്ടിയും കൂടിയാണു റോയിയെ കൂട്ടിക്കൊണ്ടു വന്നത്.
അനിത വരേണ്ടെന്ന് അവര്‍ പറഞ്ഞതുകൊണ്ട് അവള്‍ വീട്ടില്‍ത്തന്നെ ഇരുന്നു.
മുറ്റത്തു കാറുവന്നു നിന്നതും അവള്‍ ഓടിച്ചെന്നു ഭര്‍ത്താവിനെ കൈപിടിച്ചുകൊണ്ട് മുകളിലത്തെ നിലയിലേക്കു കൊണ്ടുപോയി.
റൂമില്‍ കയറി വാതിൽ ചാരിയിട്ട് റോയി വന്നു കസേരയിലിരുന്നു. ഇടതുകൈയിൽ പ്ലാസ്റ്റര്‍ ഇട്ടിട്ടുണ്ടായിരുന്നു.
“ഇപ്പം എങ്ങനെയുണ്ട്? വേദനയൊക്കെ മാറിയോ.”അനിത ചോദിച്ചു.
“ഉം.”
“ഞാന്‍ മനസ്സുരുകി പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു.”
“പപ്പേം അമ്മേം എന്തു പറഞ്ഞു?”
“എല്ലാരും എന്നേയാ കുറ്റപ്പെടുത്തീത്.”
“സാരമില്ല. തെറ്റ് എന്‍റെ ഭാഗത്താ. നീ വിഷമിക്കണ്ട. ഞാന്‍ നിന്നെ വേദനിപ്പിക്കുവൊന്നുമില്ല.”
“ആ ഒരു സന്തോഷം മാത്രമേയുള്ളൂ റോയിച്ചാ എനിക്ക്.”
“കുറെ ദിവസമായി നന്നായിട്ടൊന്ന് ഉറങ്ങീട്ട്. അതെങ്ങനാ, ഉറങ്ങാനുള്ള മരുന്ന് ഇവിടായിപ്പോയില്ലേ…”
റോയി എണീറ്റു അലമാര തുറന്നു.
അതിനുള്ളില്‍ ഒളിപ്പിച്ചുവച്ചിരുന്ന മദ്യക്കുപ്പി എടുത്തുകൊണ്ടുവന്നിട്ട് അനിതയുടെ നേരേ നീട്ടിക്കൊണ്ടു പറഞ്ഞു:
“ഇതീന്നിത്തിരി ആ ഗ്ലാസിലേക്ക് ഒഴിച്ചേ.”
“എന്താ റോയിച്ചാ ഇത്?” അനിത അന്തംവിട്ടു. “ഇനീം കുടിക്കാനോ? ഞാന്‍ സമ്മതിക്കില്ല.”
അവള്‍ കുപ്പിവാങ്ങി അലമാരയില്‍ വയ്ക്കാന്‍ ഒരുങ്ങിയപ്പോള്‍ റോയി കൈയില്‍ കടന്നു പിടിച്ചു.
“ഇത്തിരി മതി. ഒന്നുറങ്ങാന്‍ മാത്രം.”
“ബ്രാണ്ടി കഴിച്ചിട്ടുള്ള ഉറക്കം ഇനി വേണ്ട. റോയിച്ചന്‍ കിടക്ക്. ഞാനുറക്കാം.”
“എന്നെ ഭരിക്കാന്‍ വരുന്നതെനിക്കിഷ്ടമല്ല. നീയാ ഗ്ലാസു കഴുകിയെടുത്ത് അതിലേക്കു കുറച്ച് ഒഴിക്ക്.”-റോയിയുടെ ശബ്ദവും ഭാവവും മാറി.
റോയിയുടെ ഭാവമാറ്റം കണ്ടപ്പോള്‍ അനിത ഭയന്നു. ഇനി എതിര്‍ത്തിട്ടു കാര്യമില്ലെന്നു തോന്നി. അവള്‍ പോയി ഗ്ലാസുകഴുകി എടുത്തുകൊണ്ടുവന്നു.
“ഇത്തിരിയേ തരൂട്ടോ.”
അനിത ഗ്ലാസിലേക്കു മദ്യം പകര്‍ന്നു.
ഇതു കണ്ടുകൊണ്ടാണ് സഖറിയാസും മേരിക്കുട്ടിയും ആ സമയം മുറിയിലേക്കു കയറിവന്നത്. പരസ്പരം നോക്കി അവര്‍ കണ്ണുമിഴിച്ചു നിന്നു പോയി
(തുടരും. അടുത്ത അദ്ധ്യായം നാളെ )
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

Also Read അവൾ അനാഥയല്ല- നോവൽ- അദ്ധ്യായം ഒന്ന്.

Also Read അവൾ അനാഥയല്ല – നോവൽ – അദ്ധ്യായം 2 .

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 3

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 4

അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 4. രചന: ഇഗ്‌നേഷ്യസ് കലയന്താനി

0
അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 4-. രചന: ഇഗ്‌നേഷ്യസ് കലയന്താനി

കഥ ഇതുവരെ-
കന്യാസ്ത്രീകൾ നടത്തുന്ന അനാഥാലയത്തിൽ വളർന്ന , സുന്ദരിയും പാട്ടുകാരിയുമായ അനിതയോട് ആ നാട്ടിലെ ധനാഢ്യനായ ഇലഞ്ഞിക്കൽ സഖറിയാസിന്റെ മകൻ റോയിക്ക് പ്രണയം തോന്നി. റോയിയുടെ മാതാപിതാക്കൾ ആദ്യം എതിർത്തെങ്കിലും അയാളുടെ നിർബന്ധത്തിനു വഴങ്ങി കല്യാണം ആലോചിച്ചു. ഓർഫനേജിലെ സന്ദർശകമുറിയിൽ ‘പെണ്ണുകാണൽ’ നടന്നു. അനിതക്കും റോയിയെ ഇഷ്ടമായി . മനസമ്മതം കഴിഞ്ഞു വിവാഹവസ്ത്രങ്ങൾ വാങ്ങിക്കൊണ്ടു വരുന്നതിനിടയിൽ റോയിയും അനിതയും സഞ്ചരിച്ചകാർ അപകടത്തിൽപെട്ടു. ആർക്കും ഗുരുതരമായ പരിക്കുണ്ടായില്ലെങ്കിലും അനിത ശാപം കിട്ടിയ പെണ്ണാണെന്ന് റോയിയുടെ മാതാപിതാക്കൾ വിധിയെഴുതി. ആ വിവാഹം ഒഴിവാക്കാൻ അവർ ശ്രമിച്ചെങ്കിലും നടന്നില്ല . റോയിയുടെ നിർബന്ധം മൂലം വിവാഹം നടന്നു. ആദ്യരാത്രിയിൽ പുറത്തേക്കു പോയ റോയി വൈകിയാണ് മണിയറയിലേക്കു കയറിവന്നത്.
(തുടർന്ന് വായിക്കുക )

കണ്ണു തുറന്നു നോക്കിയപ്പോൾ മുമ്പിൽ റോയി.
അനിത കിടക്കയിൽ എണീറ്റിരുന്നിട്ട് ക്ലോക്കിലേക്കു നോക്കി. മണി പതിനൊന്നു നാല്പത്. ഉത്കണ്ഠയോടെ അവള്‍ ചോദിച്ചു:
“എവിടായിരുന്നു ഇത്രേം നേരം?”
“എന്‍റെ കുറെ ഫ്രണ്ട്സ് വന്നിരുന്നു. അവരു ബാംഗ്ലൂര് ഐ.റ്റി.കമ്പനീലാ. രാത്രിയായപ്പഴാ എത്തീത്. വര്‍ത്തമാനം പറഞ്ഞിരുന്നു സമയം പോയതറിഞ്ഞില്ല.”
“എന്നെ വിളിച്ചൊന്നു പരിചയപ്പെടുത്തിയില്ലല്ലോ.” അവള്‍ പരിഭവം പറഞ്ഞു.
“നിന്നെ കാണിക്കാന്‍ പറ്റുന്ന കണ്ടീഷനിലല്ല അവരു വന്നത്. എല്ലാം അടിച്ചു ഫിറ്റായിരുന്നെന്നേ. ഒന്നു പറഞ്ഞു വിടാൻ ഞാൻ പെട്ട പാട്!”
“നന്നായി വിളിക്കാതിരുന്നത്. കുടിക്കുന്നവരെ എനിക്കിഷ്ടമേയല്ല.” അനിത എണീറ്റുപോയി കണ്ണും മുഖവും കഴുകി. എന്നിട്ടു വന്നു കിടക്കയിൽ ഇരുന്നു. അവളുടെ സമീപം റോയിയും. വലതുകൈകൊണ്ട് അവളെ തന്നിലേക്കു ചേർത്തു പിടിച്ചു കൊണ്ട് സ്നേഹാര്‍ദ്രസ്വരത്തിൽ അയാൾ ചോദിച്ചു:
“കാത്തിരുന്നു മുഷിഞ്ഞോ?”
“ഏയ്…” ഭർത്താവിന്‍റെ നെഞ്ചിലേക്കു മുഖം ചേര്‍ത്തുകൊണ്ട് അവൾ തുടർന്നു: “ഞാനെത്ര ഭാഗ്യവതിയാ! സ്വപ്നം കാണാൻ പോലും പറ്റാത്തത്ര ഒരു വലിയ സമ്മാനമല്ലേ എനിക്കു ദൈവം കൊണ്ട് തന്നത്.”
റോയിയുടെ വലതുകൈ എടുത്തവൾ തന്റെ നെഞ്ചോട് ചേർത്തു പിടിച്ചു.
“സത്യത്തിൽ ഞാനല്ലേ ഭാഗ്യവാൻ ! സ്നേഹസമ്പന്നയായ ഒരു സുന്ദരിക്കുട്ടിയെ ദൈവം എനിക്കു തന്നില്ലേ?”
റോയി അവളുടെ മുഖം സാവധാനം തന്നിലേക്കു ചേർത്തു. റോസാദളങ്ങള്‍പോലെ മൃദുലമായ ചുണ്ടുകളില്‍ ഒരു മധുരചുംബനം നല്‍കി. അനിത കോരിത്തരിച്ചുപോയി. ജീവിതത്തിൽ ആദ്യമായി ഒരു പുരുഷനിൽ നിന്ന് കിട്ടുന്ന സ്നേഹസമ്മാനം !
അടുത്ത നിമിഷം അവൾ പെട്ടെന്നു മുഖം വലിച്ചു. എന്നിട്ടു സംശയത്തോടെ ചോദിച്ചു:
“കുടിച്ചിട്ടുണ്ടോ?”
“ഒരല്പം.”
അനിതയുടെ നെഞ്ചൊന്നു കാളി.
“എന്നും കുടിക്കാറുണ്ടോ?”
“കിടക്കാൻ നേരം ഇത്തിരി. അത്രേയുള്ളൂ.”
അനിത ഒരു നിമിഷനേരം ശ്വാസം നിലച്ച് ഇരുന്നുപോയി. അടുത്ത ക്ഷണം അവള്‍ പറഞ്ഞു:
“ഇനി കുടിക്കരുത്. കേട്ടോ.”
” കോളജില്‍ പഠിക്കുമ്പം തുടങ്ങിയ ശീലമാ. അന്ന് ഹോസ്റ്റലിലാ ഞാന്‍ താമസിച്ചിരുന്നത്. കൂട്ടുകാര് നിർബന്ധികുമ്പം ഇടയ്ക്ക് ഓരോ സ്‌മോളുകഴിക്കും . പിന്നെ അതൊരു ശീലമായി. ശീലമായാൽ പിന്നെ മാറ്റാൻ ബുദ്ധിമുട്ടാണല്ലോ. അധികം ഒന്നുംഇല്ലെന്നേ. കിടക്കാന്‍ നേരം ഒരു പെഗ്; അത്രേയുള്ളൂ.”
” ഇനിയതു വേണ്ടാട്ടോ ”
”കഴിച്ചില്ലെങ്കില്‍ ഇപ്പം ഉറക്കം വര്യേല.”
“ഇനി ഞാനല്ലേ അടുത്തു കിടക്കുന്നത്. ഞാനുറക്കിക്കോളാം.” അനിത റോയിയെ തന്നിലേക്ക് ചേർത്തുപിടിച്ചുകൊണ്ടു ചോദിച്ചു:
“പപ്പയ്ക്കും അമ്മയ്ക്കും അറിയാമോ കുടിക്കുമെന്ന്?”
“പിന്നെ! എല്ലാർക്കും അറിയാം. ഇപ്പഴത്തെ കാലത്ത് ആരാ ഇത്തിരി കഴിക്കാത്തത്.? എന്‍റെ ഫ്രണ്ട്സ് എല്ലാരും ശരിക്ക് അടിക്കുന്നോരാ. കോളേജീന്നു ടൂറു പോയപ്പം പെണ്ണുങ്ങളുവരെ അടിച്ചു ഫിറ്റായി. മോളു കന്യാസ്ത്രീകളുടെ കൂട്ടത്തിൽ വളർന്നതുകൊണ്ടാ ഈ വക കാര്യങ്ങളെ കുറിച്ചൊന്നും വല്യപിടിപാടില്ലാത്തത് ”
അനിത വിഷാദമൂകയായി ഇരുന്നതേയുള്ളൂ.
” മദ്യത്തിന്റെ മണമേ എനിക്കിഷ്ടമല്ല ”
”അതൊക്കെ വഴിയേ ഇഷ്ടായിക്കൊള്ളും. കള്ളിന്‍റെ കഥ പറഞ്ഞു ഫസ്റ്റ് നൈറ്റിന്റെ ത്രില്ലു കളയണ്ട. ഹാപ്പിയായിട്ടിരിക്ക് . ഇന്നുമുതല്‍ നമ്മള്‍ രണ്ടല്ല, ഒന്നാണ്. ”
അങ്ങനെ പറഞ്ഞിട്ട് റോയി അവളെ മെല്ലെ കിടക്കയിലേക്കു ചായ്‌ച്ചു.

*****

പ്രഭാതം!
നന്നേ പുലർച്ചെ അനിത ഉണര്‍ന്നു. എണീറ്റ പാടേ ബാത്റൂമിൽ പോയി നന്നായി കുളിച്ചു. കണ്ണാടിയുടെ മുമ്പില്‍ വന്നു മുടി ചീകിക്കൊണ്ടിരിക്കുമ്പോൾ ഓർത്തു ! ആദ്യ രാത്രിയെക്കുറിച്ചുള്ള തന്റെ സ്വപ്നങ്ങളും യാഥാർത്ഥ്യവും തമ്മിൽ എന്തുമാത്രം അന്തരം! കുടിച്ചിട്ട് മണിയറയിലേക്ക് കയറിവരുന്ന ഒരു ഭർത്താവിനെയല്ല താൻ മനസിൽകണ്ടത്.
പക്ഷേ .., മദ്യത്തിന്റെ മണം ആദ്യരാത്രിയിലെ മധുരാനുഭവങ്ങളുടെ ശോഭ കെടുത്തി. റോയിച്ചന്‍റെ മദ്യപാനം നിറുത്തിക്കാൻ പറ്റുമോ തനിക്ക്? സ്നേഹത്തോടെ പറഞ്ഞാൽ കേൾക്കുമായിരിക്കും.
അവൾ റോയിയെ നോക്കി. കൂർക്കം വലിച്ചു കിടന്നുറങ്ങുകയാണ് കക്ഷി . ഉറങ്ങട്ടെ . നന്നായി ഉറങ്ങിക്കോട്ടെ . രാത്രി വൈകിയല്ലേ ഉറങ്ങിയത്.
ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്നു അവൾ മുറിയിൽ നിന്നിറങ്ങി. പടികളിറങ്ങി താഴെ അടുക്കളയിലേക്കു ചെന്നു. മേരിക്കുട്ടി ചായ തിളപ്പിക്കുകയായിരുന്നു. അമ്മയോടു കുശലം ചോദിച്ചു കൊണ്ട് അവൾ അവിടെ ചുറ്റിപ്പറ്റി നിന്നു . ഗ്ലാസിലേക്കു ചായ പകർന്ന് അനിതയ്ക്കു നീട്ടുന്നതിനിടയിൽ മേരിക്കുട്ടി ചോദിച്ചു:
“ഇന്നലെ രാത്രി അവന്‍ കുടിച്ചിട്ടാണോ മോളെ വന്നത്?”
“ഉം.”
“പണ്ടേ തുടങ്ങിയതാ കുടി. മോളു പറഞ്ഞ് അവനെ അതീന്നു മാറ്റണം കേട്ടോ. മോളു പറഞ്ഞാല്‍ അവന്‍ കേള്‍ക്കാതിരിക്കില്ല. അത്രയ്ക്കിഷ്ടാ അവനു നിന്നെ.”
”ഉം” അനിത തലയാട്ടി.
റോയിക്കു കൊടുക്കാനുള്ള ചായ വാങ്ങിക്കൊണ്ട് അവള്‍ സ്റ്റെയര്‍കെയ്സ് കയറി കിടപ്പുമുറിയിലേക്കു ചെന്നു.
റോയി അപ്പോഴും നല്ല ഉറക്കം!
വിളിച്ചുണർത്തി ചായ കൊടുത്തിട്ടു പറഞ്ഞു:
“കുളിച്ചിട്ടു വാ. നമുക്കു പള്ളീൽ പോയി വിശുദ്ധ കുർബാന കാണണം. പുതിയ ജീവിതം തുടങ്ങ്വല്ലേ ഇന്ന് .”
റോയി എതിര്‍പ്പൊന്നും പ്രകടിപ്പിച്ചില്ല. വേഗം കുളിച്ചു ഡ്രസ്സുമാറി രണ്ടുപേരും കാറിൽ കയറി പള്ളിയിലേക്കു പുറപ്പെട്ടു.
കുർബാന കഴിഞ്ഞു സിസ്റ്റർമാരെയും ഓർഫനേജിലെ കുഞ്ഞുങ്ങളെയും കണ്ട് അവള്‍ കുശലാന്വേഷണം നടത്തി.
വീട്ടിലേക്കു മടങ്ങുമ്പോൾ കാറിലിരുന്ന് അനിത പറഞ്ഞു: “ഇനി റോയിച്ചനെ കുടിക്കാൻ തോന്നിപ്പിക്കരുതേ ഈശോയേ എന്നായിരുന്നു കുർബാനേടെ സമയം മുഴുവൻ ഞാൻ പ്രാർത്ഥിച്ചോണ്ടിരുന്നത്.”
“പിന്നെ! ഇത്തിരി വെള്ളമടിക്കുന്നതു വല്യ പാപമല്ലേ. ഈശോ അതുകേട്ടു ചിരിച്ചു കാണും ” – റോയി ചിരിച്ചുകൊണ്ട് അത് നിസ്സാരമായി തള്ളി.
“ഈ വിഷം വലിച്ചുകേറ്റി ആരോഗ്യം നശിപ്പിക്കുന്നതെന്തിനാ റോയിച്ചാ?”
“നമ്മളു കഴിക്കുന്നതെല്ലാം വിഷമല്ലേ? പച്ചക്കറി, പാല്, ഇറച്ചി എല്ലാത്തിലും വിഷമല്ലേ. പിന്നെ മദ്യം മാത്രം ഒഴിവാക്കിയിട്ട് എന്താ കാര്യം?”
” ഒഴിവാക്കാന്‍ പറ്റുന്നത് ഒഴിവാക്കണം റോയിച്ചാ. ഇതു കഴിച്ചിട്ടു എന്ത് ഗുണമാ റോയിച്ചന് കിട്ടുന്നത് ?”
” അത് കഴിച്ചിട്ടല്ലാത്തതുകൊണ്ടു തോന്നുന്നതാ . ഇന്ന് മുതൽ നീയും ഒരുപെഗ് കഴിച്ചു നോക്കിക്കേ. അപ്പം അറിയാം ഗുണം ! രാത്രി കിടാക്കാൻ നേരം നമുക്ക് രണ്ടുപേർക്കും ഓരോ സ്‌മോൾ വീശിയിട്ടു കിടാക്കാം. എന്താ?”
“ശ്ശൊ! റോയിച്ചന് എങ്ങനെയിതു പറയാൻ തോന്നി. കഷ്ടംണ്ട് കേട്ടോ.”
“നീ കന്യാസ്ത്രീകളുടെ തടവറയിൽ വളർന്ന പെണ്ണായതുകൊണ്ടാ ഇതിനെപ്പറ്റിയൊന്നും വല്യ വിവരമില്ലാത്തത്.”
” ദൈവഹിതത്തിനു നിരക്കാത്ത യാതൊന്നും ഞാനിതുവരെ ചെയ്തിട്ടില്ല . ഇനി ചെയ്യുകേം ഇല്ല. ആര് നിര്ബന്ധിച്ചാലും. ”
റോയി പിന്നീട് ഒന്നും പറഞ്ഞില്ല.
വീട്ടിൽ വന്ന് ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ടു റോയി വേഷം മാറി പുറത്തേക്കു പോയി. പറമ്പിൽ കൃഷിപ്പണി നടക്കുന്നുണ്ട്. എല്ലാം നോക്കി നടത്താനുള്ള ചുമതല റോയിയെയാണ് സഖറിയാസ് ഏല്പിച്ചിരിക്കുന്നത്.
അനിതയ്ക്കു ചെയ്യേണ്ടതായ ഒരു ജോലിയുമുണ്ടായിരുന്നില്ല ആ വീട്ടിൽ . എല്ലാ പണിക്കും ജോലിക്കാർ ഉണ്ട്. അനിത വെറുതെ ഇരുന്നു ബോറടിക്കുന്നതുകണ്ടപ്പോൾ മേരിക്കുട്ടി ജിഷയോടു പറഞ്ഞു:
“മോളു അനിതയെ കൂട്ടിക്കൊണ്ടുപോയി പറമ്പും കൃഷീം ഒക്കെ ഒന്നു കാണിച്ചു കൊടുത്തേ.”
ജിഷ അനിതയെ കൂട്ടിക്കൊണ്ടു വെളിയിലേക്കിറങ്ങി. പുരയിടവും കൃഷിതോട്ടങ്ങളുമെല്ലാം ചുറ്റി നടന്നു കണ്ടു. പാടത്തു കിളികൾ നെല്ലു കൊത്തുന്നതും പറമ്പിൽ പശുപുല്ലുമേയുന്നതുമൊക്കെ അവൾ കൗതുകത്തോടെ നോക്കിനിന്നു. ഉച്ചയായപ്പോൾ തിരിച്ചെത്തി.
ഉച്ചയ്ക്ക് എല്ലാവരും ഒരുമിച്ചിരുന്നാണ് ഊണു കഴിച്ചത്. സഖറിയാസിന്റെ മുഖത്തു ദേഷ്യം തളം കെട്ടിക്കിടക്കുന്നതുപോലെ അനിതയ്ക്കു തോന്നി. പപ്പ തന്നോട് ഒന്നും മിണ്ടിയില്ലല്ലോ. നോക്കി ഒന്നു ചിരിക്കുകപോലും ചെയ്തില്ല. മനഃപൂർവം തന്നെ കാണാതെ നടക്കുന്നതുപോലൊരു തോന്നൽ. പപ്പയ്ക്ക് തന്നോട് ഇഷ്ടക്കേട് ഉണ്ടോ? ഒക്കെ തന്റെ തോന്നലായിരിക്കും.
മേരിക്കുട്ടിയും ജിഷയും പ്രസന്നവദനരായിരുന്നു. എങ്കിലും അനിതയോടു മിണ്ടുന്നതിൽ അവരും പിശുക്കു കാണിച്ചു.
ഊണു കഴിഞ്ഞു റോയിയോടൊപ്പം കിടപ്പുമുറിയിൽ വന്നിരുന്ന് അനിത ഹൃദയവികാരങ്ങൾ കൈമാറി. ഭർത്താവിന്റെ മാറിലെ ചൂടുപറ്റി കിടക്കുമ്പോൾ അവൾ തന്റെ പപ്പയെയും അമ്മയെയും കുറിച്ചോർത്തു. അവർ എവിടെയെങ്കിലും ജീവനോടെ ഇരിപ്പുണ്ടാവുമോ? എന്തിനാണ് തന്നെ അമ്മതൊട്ടിലിൽ ഉപേക്ഷിച്ചിട്ട് പോയത് ? ഒരിക്കലെങ്കിലും ഒന്നു കാണാൻ പറ്റിയിരുന്നെങ്കിൽ തുറന്നു ചോദിക്കാമായിരുന്നു.
ദേഹത്തു കണ്ണുനീരിന്റെ നനവു പറ്റിയപ്പോൾ റോയി ചോദിച്ചു:
“കരയ്യ്വാണോ?”
“ഞാനെന്‍റെ പപ്പയേം അമ്മയേം കുറിച്ച് ഓര്‍ത്തുപോയി.” അവള്‍ കൈ ഉയര്‍ത്തി മിഴികൾ തുടച്ചു
“ഈ ഹണിമൂണ്‍ ഡെയ്സ് ചുമ്മാ കരഞ്ഞു പിഴിഞ്ഞു കളയല്ലേ. പഴയതൊന്നും ഓർക്കണ്ട . പുതിയൊരു പപ്പയെയും അമ്മയേയും കിട്ടിയില്ലേ ? പിന്നെന്താ? ”
കണ്ണീർ തുടച്ചിട്ട് , സ്നേഹവായ്പോടെ അവളുടെ കവിളിൽ ഒരു മുത്തം നല്‍കിയിട്ടു റോയി തുടർന്നു
“ഇന്നു ലയൺസ് ക്ലബ് ഹാളില്‍ നമുക്കൊരു റിസപ്ഷന്‍ ഒരുക്കീട്ടുണ്ട് എന്‍റെ ഫ്രണ്ട്സ്. നീ നല്ല സ്മാര്‍ട്ടായിട്ടു ഷൈന്‍ ചെയ്തേക്കണം കേട്ടോ .”
“വല്യ വല്യ ആൾക്കാരൊക്കെ ഉണ്ടാകുമോ ?”
വലുതും ചെറുതുമൊക്കെയുണ്ട്. അടിപൊളി പാർട്ടിയാ ഒരുക്കീരിക്കുന്നേ.”
“എനിക്കു പേടിയാവുന്നു.”
“എന്തിന് ? അവിടെ ചെല്ലുമ്പം നീയും അവരുടെ കൂടെ അടിച്ചുപൊളിച്ചേക്കണം. ഇലഞ്ഞിക്കലെ റോയീടെ ഭാര്യ മിടുക്കിയാണെന്ന് എല്ലാവരെക്കൊണ്ടും പറയിപ്പിക്കണം കേട്ടോ .”
” എനിക്കങ്ങനെ അടിച്ചുപൊളിക്കാനൊന്നും അറിയില്ല റോയിച്ചാ .”
” അതൊക്കെ ശരിയാക്കിയെടുക്കാം . ഞാനല്ലേ കൂടെയുള്ളത് ”
വിശേഷങ്ങള്‍ പങ്കുവച്ചിരുന്നു രണ്ടുപേരും സാവധാനം ഉറക്കത്തിലേക്കു വീണു.

******

ആറുമണിയായപ്പോൾ അനിത വേഷം മാറി പോകാൻ റെഡിയായി. ഭര്‍ത്താവിന്‍റെ ഇഷ്ടത്തിനനുസരിച്ച് ഏറ്റവും ഭംഗിയുള്ള ചുരിദാര്‍ ധരിച്ചു. പൗഡറിടാനും മുടി ചീകിക്കെട്ടാനും പുതിയ കമ്മലിടാനുമൊക്കെ റോയിയും സഹായിച്ചു. ഒരുക്കം പൂര്‍ത്തിയാക്കിയിട്ടു ഭര്‍ത്താവിന്‍റെ മുമ്പില്‍ വന്ന് അവള്‍ ചോദിച്ചു:
“എങ്ങനുണ്ട്?”
“അടിപൊളി. മീരാ ജാസ്മിന്‍ തോറ്റു തൊപ്പിയിടും .”
പ്രശംസ കേട്ട് അനിത കോരിത്തരിച്ചു.
“അത്രയ്ക്കും സുന്ദരിയാണോ?”
“പിന്നല്ലേ? ചെല്ലുമ്പം നീയായിരിക്കും അവിടുത്തെ താരം.”
അനിതയ്ക്ക് അഭിമാനവും ആഹ്ലാദവും തോന്നി.
ആറുമണിക്ക് മുൻപേ അവർ ലയണ്‍സ് ക്ലബ് ഹാളിലെത്തി. ഹാള്‍ നിറയെ ആളുകൾ . അൽപ വസ്ത്രധാരികളായ ചില പെണ്ണുങ്ങള്‍ ഓടി പാഞ്ഞു നടക്കുന്നതുകണ്ടപ്പോൾ അനിതയ്ക്ക് അദ്ഭുതം തോന്നി. ഇതാണോ ന്യൂജന്‍ പെണ്ണുങ്ങള്‍? നാണം എന്നൊരു വികാരം ഇവർക്കില്ലേ ?
ചടങ്ങ് തുടങ്ങി. നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നു പലരും പ്രസംഗിച്ചു. ഒടുവില്‍ ഒരു പാട്ടുപാടാന്‍ അനിതയെ ഒരാള്‍ ക്ഷണിച്ചു.
അനിത സങ്കോചത്തോടെ സാവധാനം മൈക്കിനടുത്തുവന്നു. പിന്നെ മനോഹരമായ ശബ്ദത്തില്‍ അവള്‍ പാടി: “നിത്യവിശുദ്ധയാം കന്യാമറിയമേ നിന്‍നാമം വാഴ്ത്തപ്പെടട്ടെ…”
പാട്ടു തീർന്നതും നീണ്ട കരഘോഷം. ചിലർ എണീറ്റുവന്ന് അഭിനന്ദിച്ചു. മറ്റു ചിലർ ഷേക്ക് ഹാന്‍ഡ് നല്‍കി.
യോഗം കഴിഞ്ഞു സ്നേഹവിരുന്ന്. മദ്യക്കുപ്പികളും സോഡയും തെരുതെരെ പൊട്ടി.
റോയി പോയി ഒരു പെഗ് മദ്യം എടുത്തു കുടിക്കുന്നതു കണ്ടപ്പോള്‍ സങ്കടം വന്നു അവള്‍ക്ക്. കുടിക്കരുതെന്ന് ഈ സമയത്തു പറയുന്നതെങ്ങനെ?
തെല്ലു കഴിഞ്ഞപ്പോൾ ഒരു ഗ്ലാസിൽ നിറമുള്ള പാനീയവുമായി റോയി അനിതയുടെ അടുത്തേക്കു വന്നു.
“സോഫ്റ്റ് ഡ്രിംഗാ. ഇത്തിരി കഴിച്ചു നോക്കിക്കേ. ഒരെനർജി കിട്ടും.”
“എനിക്കു വേണ്ട.”
“ലിക്വറൊന്നുമല്ല. കുടിച്ചു നോക്കിക്കേ. കുടിച്ചു കഴിയുമ്പം നീ പറയും ഒരു ഗ്ലാസുകൂടി തരാന്‍.”
അവള്‍ ഗ്ളാസ് വാങ്ങി മണത്തു നോക്കി. മദ്യത്തിന്‍റെ ഗന്ധമില്ല. കോളയുടെ മണമുണ്ട്.
“ശരിക്കും പറ. സോഫ്റ്റ് ഡ്രിംഗാണോ?”
“അതേന്നേ…”
റോയി നിർബന്ധിച്ചപ്പോള്‍ അവള്‍ ഒറ്റവലിക്ക് അതകത്താക്കി.
പെപ്സിയില്‍ അല്പം മദ്യം ചേർത്താണ് കുടിക്കാൻ കൊടുത്തതെന്ന സത്യം അവൾ അറിഞ്ഞതേയില്ല
“ഒരു ഗ്ലാസുകൂടി കൊണ്ടുവരട്ടെ.”
“വേണ്ടേ വേണ്ട. ഇതിനു വേറെന്തോ ടേസ്റ്റാ. കുടിച്ചിറക്കി കഴിഞ്ഞപ്പം വായ്ക്ക് എന്തൊരു കയ്പാ…! ഇത് പെപ്സി തന്നെയാണോ ?”
” പിന്നല്ലാണ്ടെന്താ? ”
റോയിക്ക് ഉള്ളിൽ ചിരി വന്നുപോയി.
( തുടരും. അടുത്ത അദ്ധ്യായം നാളെ )

എഴുതിയത് : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

Also Read അവൾ അനാഥയല്ല- നോവൽ- അദ്ധ്യായം ഒന്ന്.

Also Read അവൾ അനാഥയല്ല – നോവൽ – അദ്ധ്യായം 2 .

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 3

അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 3. രചന: ഇഗ്‌നേഷ്യസ് കലയന്താനി

0
അവൾ അനാഥയല്ല - നോവൽ- അദ്ധ്യായം 3

കഥ ഇതുവരെ
കന്യാസ്ത്രീകൾ നടത്തുന്ന അനാഥാലയത്തിൽ വളർന്ന , സുന്ദരിയും പാട്ടുകാരിയുമായ അനിതയോട് ആ നാട്ടിലെ ധനാഢ്യനായ ഇലഞ്ഞിക്കൽ സഖറിയാസിന്റെ മകൻ റോയിക്ക് പ്രണയം തോന്നി. റോയിയുടെ മാതാപിതാക്കൾ ആദ്യം എതിർത്തെങ്കിലും അയാളുടെ നിർബന്ധത്തിനു വഴങ്ങി കല്യാണം ആലോചിച്ചു. ഓർഫനേജിലെ സന്ദർശകമുറിയിൽ ‘പെണ്ണുകാണൽ’ നടന്നു. അനിതക്ക് റോയിയെയും ഇഷ്ടമായി. മനസമ്മതം കഴിഞ്ഞു . വിവാഹവസ്ത്രങ്ങൾ വാങ്ങിക്കൊണ്ടു മടങ്ങുന്നതിനിടയിൽ റോയി അനിതയെ ഡ്രൈവിങ് പഠിപ്പിക്കാൻ ഒരു ശ്രമം നടത്തി. പഠനത്തിനിടയിൽ കാർ ദിശ തെറ്റി ഓടയിലേക്കു മറിഞ്ഞു . (തുടർന്ന് വായിക്കുക )

ഓടിക്കൂടിയ ആളുകൾ കാറിന്റെ ഡോർ തുറന്ന് അനിതയെയും റോയിയെയും വെളിയിലെടുത്തു. അനിതയുടെ വസ്ത്രത്തിൽ മുഴുവൻ ചോര!
ഇടതുകൈ നെറ്റിയിലൂന്നി, ഭയന്നിരിക്കുകയായിരുന്നു റോയി. വിരലുകള്‍ക്കിടയിലൂടെ രക്തം ഒലിച്ചിറങ്ങുന്നുണ്ട്. ഒട്ടും വൈകാതെ, അതു വഴി വന്ന ഒരു കാറിൽ കയറ്റി ഇരുവരെയും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു നാട്ടുകാർ.
അനിതയുടെ കൈമുട്ടിലും വലതുകാലിലും രണ്ടു ചെറിയ മുറിവുകൾ. റോയിയുടെ നെറ്റിയിലും താടിയിലും പാദത്തിലുമായിരുന്നു പരിക്ക്.
വിശദപരിശോധനയിൽ ആരുടെയും പരിക്കു ഗുരുതരമല്ലെന്നു കണ്ടെത്തി. പ്രഥമശുശ്രൂഷയ്ക്കുശേഷം അനിതയെ അന്നുതന്നെ ഡിസ്ചാര്‍ജു ചെയ്തു.
മുറിവു തുന്നിക്കെട്ടിയിട്ടു റോയിയെ കൂടുതൽ നിരീക്ഷണത്തിനായി മുറിയിലേക്കു മാറ്റി.
കോണ്‍വെന്‍റിൽ നിന്നു സിസ്റ്റേഴ്സ് വന്നാണ് അനിതയെ കൂട്ടിക്കൊണ്ടുപോയത്. ഡ്രൈവിങ് പഠിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നു കേട്ടപ്പോൾ മദർ സുപ്പീരിയർ അവളെ വഴക്കു പറഞ്ഞു.
“കല്യാണം കഴിഞ്ഞിട്ടു പോരായിരുന്നോ മോളെ ഡ്രൈവിംഗ് പഠിത്തോം കുട്ടിക്കളിയുമൊക്കെ?” മദർ അവളെ രൂക്ഷമായി നോക്കി .
” വേണ്ടെന്നു ഞാൻ ഒത്തിരി പറഞ്ഞതാ സിസ്റ്റർ ! റോയിച്ചൻ സമ്മതിക്കണ്ടേ!”
അനിത വിഷമത്തോടെ പറഞ്ഞു.
“അസൂയക്കാര് ഒരുപാട് പേരുണ്ട്. അവര് ഇനി ഓരോന്നു പറഞ്ഞു പരത്തും. ഈ കല്യാണമെങ്ങാനും ഇനി നടക്കാതെ വന്നാല്‍ നിനക്കതു സഹിക്കാന്‍ പറ്റുമോ കുഞ്ഞേ?”
” റോയിച്ചൻ എന്നെ ഉപേക്ഷിക്കില്ല സിസ്റ്റർ ”
” റോയിച്ചനല്ല , അവന്റെ അപ്പനും അമ്മയും വേണ്ടാന്നു പറഞ്ഞാലോ? കല്യാണം ആലോചിച്ചപ്പോഴേ ശകുനപ്പിഴയാ, അതുകൊണ്ട് നമുക്കിത് വേണ്ടെടാന്നു അവര് പറഞ്ഞാൽ, അവനങ്ങു സമ്മതിച്ചെങ്കിലോ ? നീയൊന്നാലോചിച്ചു നോക്ക്. നിന്റെ ഭാഗ്യത്തിൽ അസൂയ പൂണ്ട ഒരു പാട് ആളുകൾ കാണും, പിരികേറ്റിക്കൊടുക്കാൻ ”
അനിതയുടെ ഉള്ളിൽ ഒരു കനൽ എരിയാൻ തുടങ്ങി. ഏതു ശപിക്കപ്പെട്ട നിമിഷത്തിലാണോ കാർ ഓടിക്കാന്‍ തോന്നിയത്. വേണ്ടെന്നു നിർബന്ധപൂർവം പറഞ്ഞു താൻ ഒഴിവാക്കണമായിരുന്നു. ഈ കല്യാണം ഇനി മുടങ്ങിപ്പോയാൽ തനിക്കതു താങ്ങാനാവില്ല .

ഓർഫനേജിലെ തന്റെ മുറിയിൽ വന്നിട്ട് , ഈശോയുടെ ക്രൂശിതരൂപത്തില്‍ നോക്കി അവള്‍ മനമുരുകി പ്രാര്‍ത്ഥിച്ചു; റോയിച്ചന്‍റെ പപ്പയ്ക്കും അമ്മയ്ക്കും തന്നോടു ദേഷ്യമൊന്നും തോന്നരുതേയെന്ന്.
രാത്രി ഒന്‍പതു മണിയായപ്പോള്‍ അനിതയ്ക്കു ഒരു ഫോണ്‍ കോൾ. റോയിയാണ് വിളിച്ചത്
“ഉറങ്ങിയായിരുന്നോ?”
റോയിയുടെ സ്നേഹമസൃണമായ സ്വരം
“ഇല്ല.”
“ശരീരത്തിനു വേദനയൊന്നുമില്ലല്ലോ?”
“ഇല്ല. റോയിച്ചന് എങ്ങനെയുണ്ട്. ?”
“നല്ല വേദനയാ. സാരമില്ല. ഇത്രയൊക്കെയല്ലേ പറ്റിയുള്ളൂ. ആട്ടെ, മദർ എന്നാ പറഞ്ഞു?”
“എന്നെ കുറെ വഴക്കു പറഞ്ഞു.”
” കുറ്റം എന്റേതാന്ന് പറഞ്ഞില്ലേ ?”
”എന്തുപറഞ്ഞാലും മദർ എന്നെയല്ലേ കുറ്റപ്പെടുത്തൂ. ഞാൻ പറഞ്ഞതല്ലായിരുന്നോ റോയിച്ചാ വേണ്ടാന്ന് ?”
“സാരമില്ലെന്നേ! ഇത്രയൊക്കെയല്ലേ പറ്റിയുള്ളു. എന്നോടു ദേഷ്യമൊന്നും തോന്നരുതു കേട്ടോ ?”
“റോയിച്ചനോട് എനിക്കു ദേഷ്യപ്പെടാന്‍ പറ്റുമോ? പപ്പയ്ക്കും അമ്മയ്ക്കും എന്നോടു പിണക്കമുണ്ടാകുമോന്നാ എനിക്കു പേടി.”
“ഹേയ്! തെറ്റ് എന്‍റേതാന്നു ഞാൻ പറഞ്ഞു. അവർക്കു ദേഷ്യമൊന്നുമില്ല. നെറ്റിയിലെ മുറിവുമാത്രമേ കാര്യമായിട്ടുള്ളൂ. മൂന്നാലുദിവസം കഴിയുമ്പം പോകാന്നു ഡോക്ടര്‍ പറഞ്ഞു. വിഷമിക്കുവൊന്നും വേണ്ടാട്ടോ . . കല്യാണം നിശ്ചയിച്ച ഡേറ്റിൽ ത്തന്നെ നടക്കും. അത് മാറിപ്പോകുവൊന്നുമില്ല .”
അനിതയ്ക്കു സമാധാനമായി. കുറേനേരം അവർ ഫോണില്‍ സംസാരിച്ചിരുന്നു. ഫോണ്‍ വയ്ക്കാനേ തോന്നിയില്ല അനിതയ്ക്ക്. ഒടുവില്‍ ഗുഡ്നൈറ്റ് പറഞ്ഞ് റോയിയാണ് ഫോണ്‍ കട്ടു ചെയ്തത്.
റിസീവര്‍ ക്രേഡിലില്‍ വച്ചപ്പോൾ മനസ്സില്‍ ഒരു മഞ്ഞുമഴ പെയ്ത അനുഭൂതിയായിരുന്നു അനിതയ്ക്ക്. ശാന്തമായ മനസ്സോടെയാണ് അവള്‍ ഉറങ്ങാന്‍ കിടന്നത്.

*******

പ്രഭാതം!
സഖറിയാസ് ആശുപത്രി മുറിയിലേക്കു കയറി വന്നപ്പോൾ റോയി നല്ല ഉറക്കത്തിലായിരുന്നു. ജനാലയിലൂടെ വെളിയിലേക്കു മിഴികൾ നട്ട് തൊട്ടടുത്തു കസേരയിലിരിപ്പുണ്ട് മേരിക്കുട്ടി.
” ഇതുവരെ എണീറ്റില്ലേ ഇവന്‍?” വന്നപാടെ സഖറിയാസ് ചോദിച്ചു.
“അതെങ്ങനാ ,രാത്രി വൈകിയല്ലേ ഉറങ്ങീത്.”
മേരിക്കുട്ടി പറഞ്ഞു.
“വേദനയുണ്ടായിരുന്നോ?”
“ഉം.” മൂളിയിട്ട് മേരിക്കുട്ടി തുടർന്നു:
“എല്ലാം ശകുനപ്പിഴയാ അച്ചായാ . കു ടുംബത്തിൽ കേറ്റാൻ കൊള്ളില്ലാത്ത പെണ്ണാ അവള് എന്നിപ്പം നമുക്ക് മനസിലായില്ലേ? ഇന്നലെ രാത്രി ഞാൻ ഒരുപാട് പറഞ്ഞു നോക്കി. അവന്റെ തലയിലേക്കൊന്നു കേറണ്ടേ ? അവനു ഈ പെണ്ണിനെത്തന്നെ മതീന്ന്. നമ്മുടെ ഭാഗ്യദോഷമെന്നു കരുതിയാൽ മതി.”
മേരിക്കുട്ടി താടിക്കു കൈയുംകൊടുത്ത് താഴേക്കു നോക്കി ഇരുന്നു.
“ആ ശവത്തിനെ സ്നേഹിക്കാൻ ഏതു പിശാചാ ഇവനെ പ്രേരിപ്പിച്ചേ .?.”
സഖറിയാസ് റോയിയെ നോക്കി പല്ലു ഞെരിച്ചു.
“നമ്മുടെ കഷ്ടകാലത്തിനാ ആ പെണ്ണ് ഈ ഓര്‍ഫനേജിലേക്കു സ്ഥലം മാറി വന്നത്.”
മേരിക്കുട്ടി സങ്കടത്തോടെ പറഞ്ഞു.
“ഇനിയിപ്പം വരുന്നത് അനുഭവിക്കുക തന്നെ. അല്ലാണ്ടെന്താ ചെയ്കാ ? ഇവന് ഭ്രാന്തു പിടിച്ചു പോയില്ലേ ”
സഖറിയാസ് മേരിക്കുട്ടിയുടെ സമീപം കട്ടിലിൽ ഇരുന്നു.
അനിതയെ കുറ്റപ്പെടുത്തി അവർ പരസ്പരം സംസാരിച്ചുകൊണ്ടിരുന്നു
ഇതിനിടയിൽ റോയി ഉണർന്നു.
“പപ്പ എപ്പ വന്നു?” കട്ടിലിൽ നിന്ന് എണീറ്റുകൊണ്ട് അയാൾ ചോദിച്ചു
”ഇപ്പ വന്നതേയുള്ളൂ .”
റോയി ബാത്റൂമിൽ പോയി തിരികെ വന്നു കിടക്കയില്‍ ഇരുന്നിട്ടു ചോദിച്ചു:
“പപ്പ അനിതയെ വിളിച്ചായിരുന്നോ?”
“ഇല്ല.”
”അവളെ വിളിച്ചു വഴക്കു പറയുകയോ ദേഷ്യപ്പെടുകയോ ഒന്നും ചെയ്യരുതു കേട്ടോ. അവളാകെ പേടിച്ചിരിക്ക്വാ.”
“എന്നെ ഉപദേശിക്കാൻ നീ വരണ്ട.”
സഖറിയാസ് ദേഷ്യത്തിലായിരുന്നു.
“പപ്പാ ഞാന്‍ പറഞ്ഞത്.”
“നീ ഒന്നും പറയണ്ട. നിനക്കു വേറൊരു പെണ്ണിനേം കിട്ടിയില്ലേ പ്രേമിക്കാന്‍? കാശുവേണ്ട. കുടുംബത്തില്‍ പിറന്ന ഒരു പെണ്ണെങ്കിലുമായിരുന്നെങ്കിൽ .”
അത്രയും പറഞ്ഞിട്ട് ദേഷ്യത്തോടെ സഖറിയാസ് എണീറ്റു പുറത്തേക്കു പോയി.
“പപ്പ വല്യ ദേഷ്യത്തിലാണല്ലോ അമ്മേ?”
മേരിക്കുട്ടി മുഖം കറുപ്പിച്ചിരുന്നതല്ലാതെ അതിനു മറുപടി പറഞ്ഞില്ല.
“ആരെന്തു പറഞ്ഞാലും ഞാനാ പെണ്ണിനെയേ കെട്ടൂ.” ഉറച്ചതായിരുന്നു റോയിയുടെ തീരുമാനം.
ബ്രേക്ക് ഫാസ്റ്റ് കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അനിതയുടെ ഫോണ്‍ കോള്‍ വന്നു. കുറേനേരം പരസ്പരം സംസാരിച്ചു. റോയിയുടെ ചിരിയും തമാശകളുമൊക്കെ കണ്ടപ്പോൾ മേരിക്കുട്ടി രോഷം കടിച്ചമർത്തി.
നാലുദിവസം കഴിഞ്ഞപ്പോൾ റോയിയെ ഡിസ്ചാര്‍ജു ചെയ്തു. പിന്നെ വീട്ടിൽ വന്നു പൂർണ്ണവിശ്രമം. എല്ലാ ദിവസവും അയാൾ അനിതയെ ഫോണില്‍ വിളിച്ച് വിശേഷങ്ങൾ കൈമാറിക്കൊണ്ടിരുന്നു.
രണ്ടാഴ്ച പിന്നിട്ടപ്പോഴേക്കും റോയി പൂർണ്ണആരോഗ്യത്തിലേക്ക് തിരിച്ചു വന്നു

**********

കല്യാണത്തിന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തലേദിവസം രാത്രി അനിതയ്ക്ക് ഉറക്കമേ വന്നില്ല.
ആദ്യരാത്രിയിലെ മധുരാനുഭവങ്ങളും മധുവിധുകാലത്തെ അനുഭൂതികളുമൊക്കെ മനസ്സില്‍ സങ്കല്പിച്ച് അവള്‍ സ്വപ്നങ്ങള്‍ നെയ്തുകൂട്ടി കിടന്നു. പാതിരാത്രി കഴിഞ്ഞപ്പോഴാണ് ഉറങ്ങിയത്.
നന്നേ വെളുപ്പിന് ഉണർന്നു.
കുളിച്ച് ഉന്മേഷവതിയായി .
വിവാഹവസ്ത്രങ്ങള്‍ അണിയിക്കാനും മേക്കപ്പിടാനും മറ്റും മദർ ഒരു ബ്യൂട്ടീഷനെ ഏർപ്പാടു ചെയ്തിട്ടുണ്ടായിരുന്നു.
ശുഭ്രവസ്ത്രം ധരിച്ചു സ്വർണ്ണാഭരണങ്ങളണിഞ്ഞ്, കൈയില്‍ പൂച്ചെണ്ടുമായി അനിത പള്ളിയിലേക്കു കയറിവന്നപ്പോള്‍ എല്ലാ കണ്ണുകളും അവളുടെ നേരേയായിരുന്നു. ആയിരങ്ങളെ സാക്ഷി നിർത്തി റോയി അനിതയുടെ കഴുത്തിൽ മിന്നു ചാര്‍ത്തി. ഫാദർ കുര്യാക്കോസ് പുത്തൻ പുരയ്ക്കലാണ് വിവാഹം ആശീർവദിച്ചത്.
ചടങ്ങുകഴിഞ്ഞു പാരീഷ് ഹാളില്‍ വിഭവസമൃദ്ധമായ സദ്യ. ഫോട്ടോയെടുക്കാനും വീഡിയോ പിടിക്കാനുമുള്ള തിരക്ക്. ഇതിനിടയില്‍ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ആശംസകളും ഹസ്തദാനവും .
എല്ലാം കഴിഞ്ഞു വീട്ടിലെത്തിയപ്പോള്‍ മണി മൂന്നര. നെറ്റിയിൽ കുരിശു വരച്ച് മേരിക്കുട്ടി മരുമകളെ കൈ പിടിച്ചു വീട്ടിലേക്കു കയറ്റി.
കൊട്ടാരം പോലുള്ള വലിയ വീട്. അനിത അദ്ഭുതം കൂറി. ഇനി ഈ വീട്ടിലെ നായിക താനാണല്ലോ എന്നോർത്തപ്പോള്‍ അഭിമാനവും ഒപ്പം ആഹ്ലാദവും തോന്നി.
റോയിയുടെ സ്വന്തക്കാരും ബന്ധുക്കളുമൊക്കെ അടുത്തു വന്നിരുന്നു കുശലം ചോദിക്കുകയും സ്വയം പരിചയപ്പെടുത്തുകയും ചെയ്തു.
സന്ധ്യയായപ്പോഴേക്കും തിരക്കൊഴിഞ്ഞു. ഇനി ഒന്നു കുളിച്ചു ഫ്രഷാകണം. റോയിയോടു പറഞ്ഞിട്ട് അവള്‍ ബാത്റൂമിലേക്കു പോയി.
വിശാലമായ ബാത്റൂം! അവള്‍ അദ്ഭുതപ്പെട്ടുപോയി . ഇത്രയും മനോഹരമായ ബാത്റൂം സിനിമയില്‍ മാത്രമേ കണ്ടിട്ടുള്ളൂ! കിടന്നു കുളിക്കാന്‍ ബാത് ടബ്. ചൂടുവെള്ളത്തിനും തണുത്ത വെള്ളത്തിനും വെവ്വേറെ ടാപ്പുകള്‍. ഇളം ചൂടുവെള്ളം ദേഹത്തേക്കു വീണപ്പോള്‍ വല്ലാത്തൊരു അനുഭൂതി തോന്നി അവള്‍ക്ക്.
കുളി കഴിഞ്ഞു വന്ന് എല്ലാവരോടും ഒപ്പമിരുന്ന് അവള്‍ ജപമാല ചൊല്ലി. അതിനുശേഷം അത്താഴം! ഒരുപാടു വിഭവങ്ങളുണ്ടായിരുന്നു അത്താഴത്തിന്. ഇത്രയും ഗംഭീരമായ ഒരത്താഴം ജീവിതത്തില്‍ ആദ്യമായിട്ടു കഴിക്കുകയായിരുന്നു അവള്‍.
അത്താഴം കഴിച്ചു കൊണ്ടിരിക്കുമ്പോൾ റോയിക്ക് ഒരു ഫോണ്‍ വന്നു. കൂട്ടുകാർ ആരോ ആണ്. ഉടനെ വരാ മെന്നു പറഞ്ഞു റോയി ഷർട്ടെടുത്തിട്ടു പുറത്തേക്കു പോയി.

മുകളിലത്തെ നിലയിലായിരുന്നു മണിയറ. കിടക്കാൻ നേരമായപ്പോള്‍ കൈയില്‍ ഒരു ഗ്ലാസ് പാലുമായി വന്നു മേരിക്കുട്ടി മരുമകളെ വിളിച്ചുകൊണ്ടു മുകളിലേക്കുള്ള പടികള്‍ കയറി.
വാതിൽ തുറന്ന് അനിതയെ മണിയറയിലേക്ക് ആനയിച്ചിട്ട് മേരിക്കുട്ടി പാല്‍ മേശപ്പുറത്തു വച്ചു. മേരിക്കുട്ടി തിരിച്ചു പോകാനൊരുങ്ങിയപ്പോള്‍ അനിത പറഞ്ഞു:
“റോയിച്ചനെ കണ്ടില്ലല്ലോ അമ്മേ? .”
“പുറത്തു കൂട്ടുകാരുടെ കൂടെ സൊറ പറഞ്ഞു ഇരിപ്പുണ്ടാക്കും . അവന്‍ വന്നോളും . ഉറക്കം വരുന്നുണ്ടേൽ നീ കിടന്നോ.”
മേരിക്കുട്ടി മുറിവിട്ടിറങ്ങി.
മനോഹരമായി ഒരുക്കിയ മണിയറ. മുറിയിലാകെ മുല്ലപ്പൂവിന്‍റെ സുഗന്ധം. എയര്‍ക്കണ്ടീഷണറിന്‍റെ നേര്‍ത്ത മൂളല്‍ ഒഴിച്ചാല്‍ നിശ്ശബ്ദമായിരുന്നു മുറിക്കകം.
അനിത സാവധാനം വന്നു ബഡ്ഡില്‍ ഇരുന്നു. എത്ര മാർദ്ദവമായ കിടക്ക. തന്‍റെ ജീവിതത്തിലെ ആദ്യരാത്രി ഇത്രയും മനോഹരമായ ഒരു മണിയറയിലായിരിക്കുമെന്നു സ്വപ്നത്തില്‍പോലും വിചാരിച്ചില്ല. എല്ലാം ദൈവാനുഗ്രഹം !
ഏറെനേരം കഴിഞ്ഞിട്ടും റോയിയെ കണ്ടില്ല. ഒന്നു വിളിക്കാനാണെങ്കിൽ മൊബൈൽ ഫോണും ഇല്ല. അവള്‍ എണീറ്റു ബാല്‍ക്കണിയിലേക്കുള്ള വാതില്‍ തുറന്നു.
ബാല്‍ക്കണിയില്‍ വന്നു നിന്നു താഴേക്കു നോക്കി.
വൈദ്യുതിദീപങ്ങളുടെ പ്രഭയില്‍ കുളിച്ചുനില്‍ക്കുന്നു മുറ്റവും പരിസരവും. വര്‍ണ്ണാഭമായ ആ കാഴ്ചകണ്ടു കുറേനേരം അവള്‍ അങ്ങനെ നിന്നു. പിന്നെ സാവധാനം തിരിഞ്ഞു മുറിയിലേക്കു കയറി.
ക്ലോക്കിലേക്കു നോക്കിയപ്പോൾ മണി പത്തേമുക്കാൽ .
റോയി എവിടെയാണ് ഈ നേരമത്രയും? ഇവിടൊരാള്‍ കാത്തിരിക്കുന്നുണ്ടെന്ന വിചാരമെങ്കിലും വേണ്ടേ?
തെല്ലു വിഷമത്തോടെ അവള്‍ കിടക്കിയിലേക്കു ചാഞ്ഞു. ആദ്യരാത്രിയെക്കുറിച്ചുള്ള മധുരസ്വപ്നങ്ങള്‍ മനസിൽ കണ്ട്, കണ്ണടച്ചു വെറുതെ കിടന്നു. അല്പനേരം കഴിഞ്ഞപ്പോള്‍ അറിയാതെ മയക്കത്തിലേക്കു വീണുപോയി.
ആരോ ശരീരത്തിൽ സ്പർശിക്കുന്നു എന്ന് അറിഞ്ഞപ്പോൾ അവൾ ഞെട്ടി ഉണർന്നു.
(തുടരും. അടുത്തഭാഗം നാളെ)
രചന : ഇഗ്‌നേഷ്യസ് കലയന്താനി ( Copyright reserved)

Also Read അവൾ അനാഥയല്ല- നോവൽ- അദ്ധ്യായം ഒന്ന്.

Also Read അവൾ അനാഥയല്ല – നോവൽ – അദ്ധ്യായം 2 .

അവൾ അനാഥയല്ല – നോവൽ – അദ്ധ്യായം 2 . രചന: ഇഗ്‌നേഷ്യസ് കലയന്താനി

0
അവൾ അനാഥയല്ല. നോവൽ - അദ്ധ്യായം 2

കഥ ഇതുവരെ-
കന്യാസ്ത്രീകൾ നടത്തുന്ന അനാഥാലയത്തിൽ വളർന്ന, സുന്ദരിയും പാട്ടുകാരിയുമായ അനിതയോട് ആ നാട്ടിലെ ധനാഢ്യനായ ഇലഞ്ഞിക്കൽ സഖറിയാസിന്റെ മകൻ റോയിക്ക് പ്രണയം തോന്നി. റോയിയുടെ മാതാപിതാക്കൾ ആദ്യം എതിർത്തെങ്കിലും അയാളുടെ നിർബന്ധത്തിനു വഴങ്ങി കല്യാണം ആലോചിച്ചു. ഓർഫനേജിലെ സന്ദർശകമുറിയിൽ പെണ്ണുകാണൽ നടന്നു. അനിതക്കും റോയിയെ ഇഷ്ടമായി.
(തുടർന്ന് വായിക്കുക )

ഡിസംബറിലെ മഞ്ഞുപെയ്യുന്ന രാത്രി.
ഓർഫനേജിന്റെ മുറ്റം നിറയെ പാൽനുര പോലെ നിലാവെളിച്ചം പരന്നുകിടക്കുന്നു.
പാതി തുറന്ന ജനാലയുടെ അരികിൽ വെളിയിലേക്കു മിഴികൾ നട്ടുകിടക്കുകയായിരുന്നു അനിത. ആകാശത്തിലെ അമ്പിളിയമ്മാവനെപ്പോലെ മനസിന്റെ കണ്ണാടിയിൽ തിളങ്ങി നില്‍ക്കുകയാണ് റോയിയുടെ ചിരിക്കുന്ന മുഖം. ആ ചിരി കാണാന്‍ എന്തൊരു ഭംഗിയാണ് ! സംസാരം കേൾക്കാൻ എത്ര രസം! ഒരു ദിവസത്തെ പരിചയമേയുള്ളുവെങ്കിലും ഒരു വർഷത്തെ അടുപ്പം പോലെ തോന്നുന്നു !
പണക്കാരനെന്ന അഹങ്കാരമോ തലക്കനമോ ഇല്ലാത്ത സുമുഖനായ ചെറുപ്പക്കാരൻ! തന്നോട് ഇത്രയധികം ഇഷ്ടം തോന്നാൻ എന്തുയോഗ്യതയാണ് തനിക്കുള്ളത്? അത്രക്കും സുന്ദരിയാണോ താൻ?
അവൾ കണ്ണാടിയെടുത്തു മുഖം നോക്കി.
ങും ! കൊള്ളാം! കാണാൻ ചന്തമുണ്ട് !
തന്റെ സൗന്ദര്യമാണോ ഹൃദയശുദ്ധിയാണോ റോയിയെ ആകർഷിച്ചത് ? ആവോ !
മനസ്സിൽ സ്വപ്നങ്ങളും മോഹങ്ങളും നെയ്തുകൂട്ടി അവൾ ഏറെനേരം റോയിയെക്കുറിച്ച് ഓര്‍ത്തു കിടന്നു.
നാളെ റോയിയുടെ പപ്പയും അമ്മയും കാണാൻ വരും!
അവരോട് എങ്ങനെ സംസാരിക്കണം?
ഇഷ്ടപ്പെടാത്ത ഒരു വാക്കോ പ്രവൃത്തിയോ തന്നിൽ നിന്ന് ഉണ്ടാകാതിരിക്കാൻ നോക്കികൊള്ളണേ ഈശോയേ എന്നവൾ മനസിൽ പ്രാര്‍ത്ഥിച്ചു.
പപ്പയുടെയും അമ്മയുടെയും വാല്‍സല്യം നുകര്‍ന്ന്, ഭര്‍ത്താവിന്‍റെ നെഞ്ചിലെ ചൂടുപറ്റി ഇലഞ്ഞിക്കൽ തറവാട്ടിലെ വലിയ ബംഗ്ലാവിൽ ഒരു റാണിയെപ്പോലെ ജീവിക്കുന്നത് അവള്‍ ഭാവനയില്‍ കണ്ടു.
പള്ളിയില്‍ റോയിയുടെ ഇടതുവശം ചേര്‍ന്നുനില്‍ക്കുമ്പോള്‍ കല്യാണപ്പെണ്ണിന്‍റെ സ്വന്തക്കാരെന്നു പറഞ്ഞ് അടുത്തുനില്‍ക്കാന്‍ ആരുമില്ലല്ലോ തനിക്ക്! പപ്പയും അമ്മയും കൂടപ്പിറപ്പുകളുമൊക്കെ ഉണ്ടായിരുന്നെങ്കിൽ എത്ര സന്തോഷകരമായിരുന്നേനെ ഈ കല്യാണം !
ഓർത്തപ്പോൾ അവളുടെ മിഴികൾ നിറഞ്ഞു. ഓരോന്നോര്‍ത്തു കിടന്നു എപ്പോഴോ അവൾ ഉറക്കത്തിലേക്കു വീണു.
പിറ്റേന്നു രാവിലെ പള്ളിയില്‍ പോയി അവള്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊണ്ടു. ആ പതിവ് തെറ്റിക്കാറില്ല.
തിരികെവന്ന് അനാഥാലയത്തിലെ കുഞ്ഞുങ്ങള്‍ക്ക് ബ്രേക്ക്ഫാസ്റ്റ് വിളമ്പിക്കൊണ്ടിരുന്നപ്പോള്‍ കുസൃതിക്കുടുക്കയായ മഞ്ജുഷ ചോദിച്ചു:
“കുഞ്ഞേച്ചി കല്യാണം കഴിക്കാന്‍ പോക്വാണോ?”
“ആരാ കാന്താരീ ഇതു പറഞ്ഞേ?”
“മറിയാമ്മ ആന്‍റി പറഞ്ഞു. കുഞ്ഞേച്ചി ഞങ്ങളെ ഇട്ടേച്ച് വല്യ കൊട്ടാരത്തിലേക്കു പോക്വാന്ന്.”
“കുഞ്ഞേച്ചി എവിടെപ്പോയാലും നിങ്ങളെ കാണാന്‍ ഇടയ്ക്കിടെ ഇവിടെ ഓടിയെത്തൂലേ മുത്തേ ! നിങ്ങളെ ഉപേക്ഷിച്ചിട്ടു ഈ കുഞ്ഞേച്ചിക്കു പോകാന്‍ പറ്റുമോ ?”
അവള്‍ മഞ്ജുഷയെ വാരിയെടുത്തു സ്നേഹവായ്പോടെ കവിളില്‍ ഒരു മുത്തം നല്‍കി.
” ഇടയ്ക്കിടെ വന്നാൽ പോരാ ! എന്നും വരണം !” അപ്പൂസിന്റെ കല്പന.
” വരാടാ കണ്ണാ ” അവന്റെ കവിളിൽ അവൾ വാത്സല്യത്തോടെ ഒരു നുള്ളുകൊടുത്തു.
അനിത ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ മദര്‍ സുപ്പീരിയര്‍ അങ്ങോട്ടു വന്നു.
“ഇത്തിരി മുമ്പ് സഖറിയാസ് വിളിച്ചു. ഇന്നു നാലു മണിയാകുമ്പം അവരിങ്ങോട്ടു വരുമെന്ന്. സ്കൂളീന്ന് ഇത്തിരി നേരത്തേ വരാന്‍ മേലേ നിനക്ക്?” മദർ ചോദിച്ചു.
“ഉം” അനിത തലയാട്ടി.
കുട്ടികളോടു കുശലാന്വേഷണം നടത്തിയിട്ട് മദര്‍ തിരിച്ചുപോയി.
പതിവിലേറെ ഉത്സാഹത്തോടെയാണ് അന്ന് അനിത സ്കൂളിലേക്കു പോയത്. സ്കൂളിലിരിക്കുമ്പോള്‍ എത്രയും വേഗം നാലുമണിയാകണേ എന്നായിരുന്നു പ്രാര്‍ത്ഥന. മൂന്നരയായപ്പോള്‍ ഹെഡ്മിസ്ട്രസിനോട് അനുമതി വാങ്ങിയിട്ട് അവള്‍ ഓര്‍ഫനേജിലേക്കു തിരിച്ചു.
മുറിയില്‍ വന്ന് സാരി മാറിയിട്ട് ചുരിദാര്‍ ധരിച്ചു. മുട്ടറ്റം നീണ്ടുകിടന്ന മുടി അഴിച്ചു ചീകിയൊതുക്കിയിട്ട് അഗ്രം കെട്ടിയിട്ടു. മുഖത്തു പൗഡറിട്ടുകൊണ്ടിരിക്കുമ്പോള്‍ വെളിയില്‍ കാറുവരുന്ന ശബ്ദം കേട്ടു.
വൈകാതെ സിസ്റ്റർ മരിയ മുറിയിലേക്കു വന്നു.
“ഒരുക്കം കഴിഞ്ഞില്ലേ? അവരു വന്നു കാത്തിരിക്കുന്നു.”
” ഇതാ വരുന്നു.”
അവസാന മിനുക്കുപണിയും നടത്തിയിട്ട് അനിത കണ്ണാടിയില്‍ നോക്കി. എല്ലാം തൃപ്തികരമെന്നു ഉറപ്പു വരുത്തിയിട്ട് അവൾ പുറത്തേക്കിറങ്ങി സന്ദര്‍ശകമുറിയിലേക്കു നടന്നു. ഹൃദയം പെരുമ്പറ കൊട്ടുകയായിരുന്നു.
വിസിറ്റേഴ്സ് റൂമിൽ സഖറിയാസും ഭാര്യ മേരിക്കുട്ടിയും ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. അനിത സാവധാനം അകത്തേക്ക് കയറിയിട്ട് എല്ലാവർക്കും കാണത്തക്കവിധം ചുമരിനോടു ചേര്‍ന്ന് ഒതുങ്ങിനിന്നു.
“ഇരിക്കൂ മോളേ…”
മേരിക്കുട്ടിയുടെ മധുരം കിനിയുന്ന സ്വരം. അവള്‍ അവർക്കഭിമുഖമായി സെറ്റിയില്‍ ഇരുന്നു.
” അനിതയെന്നല്ലേ പേര് ? മേരിക്കുട്ടിയുടെ ചോദ്യം.
” അതെ ”
“ഞങ്ങളെ മുമ്പു കണ്ടിട്ടുണ്ടോ?”
ഇല്ല എന്നഅർത്ഥത്തിൽ അവള്‍ തലയാട്ടി.
“ഞങ്ങളു കണ്ടിട്ടുണ്ട് കേട്ടോ. റോയി ഇങ്ങനെ ഒരാഗ്രഹം പറഞ്ഞപ്പം ഞങ്ങൾക്കു സന്തോഷമായി. പണമല്ലല്ലോ വലുത്, സ്വഭാവമല്ലേ. നല്ലസ്വഭാവമുള്ള ഒരു കുട്ടിയെ കിട്ടണമെന്നേ ഞങ്ങൾ ആഗ്രഹിച്ചിട്ടുള്ളൂ .”
അനിത മന്ദഹസിച്ചതേയുള്ളൂ.
“ഇവിടെ വന്നിട്ട് എത്ര കാലമായി ? ” സഖറിയാസ് ചോദിച്ചു.
“മൂന്നുവർഷം. ഇവിടെ പുതിയ ഓർഫനേജു തുടങ്ങീപ്പം ഇവിടുത്തെ മദറു കൂട്ടിക്കൊണ്ടു വന്നതാ.”
”നേരത്തെ എവിടായിരുന്നു?”
അവൾ സ്ഥലപ്പേര് പറഞ്ഞു.
“എത്ര വരെ പഠിച്ചു?”
“ഡിഗ്രി പാസായി”
പിന്നെയും കുറേ ചോദ്യങ്ങൾ . എല്ലാറ്റിനും ഭംഗിയായി മറുപടി പറഞ്ഞു.
“പള്ളീലെ പാട്ടു കേട്ടിട്ടുണ്ട്. നല്ല ശബ്ദമാ കേട്ടോ മോളെ. ദൈവം തന്ന ആ വലിയ കഴിവ് കൂടുതൽ പ്രയോജനപ്പെടുത്തണം! ” മേരിക്കുട്ടി പറഞ്ഞു .
അനിത മന്ദഹസിച്ചു തലകുലുക്കിയതേയുള്ളൂ.
പത്തു മിനിറ്റു നേരത്തെ കൂടിക്കാഴ്ച. ഒടുവില്‍ പോകാനായി എണീറ്റപ്പോള്‍ മേരിക്കുട്ടി ചിരിച്ചുകൊണ്ടു പറഞ്ഞു:
“ഇനി പള്ളീല്‍ ചെല്ലുമ്പം അവനുവേണ്ടിക്കൂടി പ്രാര്‍ത്ഥിക്കണേ.”
“ഉം.” ചിരിച്ചുകൊണ്ട് അവള്‍ തലകുലുക്കി.
മേരിക്കുട്ടി യാത്ര പറഞ്ഞിട്ടു പുറത്തേക്കിറങ്ങി. അവർ കാറിൽ കയറി പോകുന്നത് നോക്കി അവൾ വരാന്തയിൽ നിന്നു.
തിരികെ മുറിയിലേക്ക് നടക്കുമ്പോൾ അനിത ഓർത്തു. എത്ര നല്ല പപ്പയും അമ്മയും! തന്നോട് എന്ത് സ്നേഹത്തോടെയാണ് അമ്മ സംസാരിച്ചത്. ! ഈ കല്യാണം നടന്നാൽ തന്റെ രാജയോഗമായിരിക്കും ! മുറിയിൽ കയറി അവൾ കൈകൂപ്പി മാതാവിനോട് പ്രാർത്ഥിച്ചു .
ഈ കല്യാണം ഒരിക്കലും മുടങ്ങിപ്പോകരുതേ അമ്മേ എന്ന്.
“എന്തു പറഞ്ഞു അവര്?”
മദറിന്‍റെ ശബ്ദംകേട്ട് അനിത തിരിഞ്ഞു നോക്കി.
” പ്രത്യേകിച്ച്‌ ഒന്നും പറഞ്ഞില്ല.”
” ഇഷ്ടപ്പെട്ടോ നിന്നെ?”
” ആവോ ”
“ഇനി എല്ലാം നിന്‍റെ യോഗംപോലെയിരിക്കും . കര്‍ത്താവിനോടു മനസ്സുരുകി പ്രാര്‍ത്ഥിച്ചോ. പത്തിരുപത്തി മൂന്നു വർഷം സങ്കടം തിന്നു ജീവിച്ചില്ലേ! ഇനി സന്തോഷിക്കാനായിരിക്കും ദൈവനിശ്ചയം.”
അത് പറഞ്ഞിട്ട് മദര്‍ തിരിച്ചുപോയി.
പിറ്റേന്ന് സ്കൂളില്‍ ചെന്നപ്പോള്‍ സൗമ്യടീച്ചര്‍ കല്യാണക്കാര്യം തിരക്കി. അനിത എല്ലാം വിശദമായി പറഞ്ഞു.
“നീ നന്നായിട്ടു പ്രാര്‍ത്ഥിച്ചോ. എന്നാ വല്യ സ്വത്തുകാരാ. റോയിയാണേല്‍ സിനിമാനടനെപ്പോലെ സുന്ദരനും. സത്യം പറഞ്ഞാ എനിക്കിപ്പം നിന്നോട് അസൂയയാ. എനിക്കാണെങ്കിൽ രണ്ടുവർഷമായി കല്യാണം ആലോചിക്കാൻ തുടങ്ങിയിട്ട് ! ചൊവൊള്ള ഒരെണ്ണം പോലും ഇതുവരെ വന്നില്ല! സ്ത്രീധനമായിട്ട് അമ്പത് ലക്ഷം കൊടുക്കാനാ പപ്പേടെ പ്ലാൻ ! പക്ഷെ അത് മേടിക്കാൻ യോഗ്യതയുള്ള ഒരുത്തൻ കയറി വരണ്ടേ! ”
അനിതക്ക് ചിരിവന്നുപോയി.
“എല്ലാത്തിനും ഓരോ സമയമുണ്ട് ടീച്ചറേ” അനിത പറഞ്ഞു.
” അതെയതെ ! നമ്മൾ എത്ര ഓടിനടന്നാലും ദൈവം നിശ്ചയിച്ച സമയത്തേ കല്യാണം നടക്കൂ !”
അനിത ചിരിച്ചതേയുള്ളൂ .
അടുത്തദിവസം രാവിലെ പള്ളിയിലെ കുർബാന കഴിഞ്ഞപ്പോള്‍ വികാരിയച്ചന്‍ ഫാദര്‍ കുര്യാക്കോസ് പുത്തന്‍പുരയ്ക്കല്‍ കപ്യാരെ വിട്ട് അനിതയെ പള്ളിമേടയിലേക്കു വിളിപ്പിച്ചു. അച്ചന്‍റെ മുമ്പില്‍ വന്ന് അവൾ ഭവ്യതയോടെ നിന്നു.
“ഒരു സന്തോഷവാര്‍ത്ത പറയാനാ നിന്നെ വിളിപ്പിച്ചത്. സഖറിയാസിനും മേരിക്കുട്ടിക്കും നിന്നെ ഇഷ്ടമായി! ഇന്നലെ രാത്രി എന്നെ വിളിച്ചിരുന്നു. നോമ്പു കഴിഞ്ഞു കല്യാണം നടത്താനാ അവരുടെ പ്ലാന്‍. നിനക്ക് ഇഷ്ടക്കേടൊന്നുമില്ലല്ലോ അല്ലെ?”
ഇല്ല എന്ന അര്‍ത്ഥത്തില്‍ അവള്‍ തലയാട്ടി.
“ഇപ്പം എത്ര വയസ്സായി നിനക്ക്?”
“ഇരുപത്തിമൂന്നു കഴിഞ്ഞു.”
“ഇനിയുള്ള കാലം സന്തോഷമായിട്ടു ജീവിക്കാനായിരിക്കും ദൈവനിശ്ചയം.”
അവള്‍ ഒന്നും പറഞ്ഞില്ല.
” കല്യാണം കഴിഞ്ഞു അങ്ങോട്ട് ചെല്ലുമ്പം നിന്നെ ഇട്ടിട്ടു പോയ നിന്റെ അപ്പനേം അമ്മേം ഓർത്തു കരഞ്ഞു പിഴിഞ്ഞ് ഇരുന്നേക്കരുത് കേട്ടോ? ദൈവം സ്നേഹസമ്പന്നനായ ഒരു അപ്പനെയും അമ്മയെയുമാ നിനക്ക് തരാൻ പോകുന്നത്. ഹൃദയം തുറന്നു സ്നേഹിച്ചോണം അവരെ . ”
” ഉം ” അവൾ സമ്മതഭാവത്തിൽ തലയാട്ടി.
ഭര്‍ത്താവിന്‍റെ വീട്ടില്‍ച്ചെല്ലുമ്പോള്‍ ഒരു ഭാര്യ പാലിക്കേണ്ട കടമകളെക്കുറിച്ചും കര്‍ത്തവ്യങ്ങളെക്കുറിച്ചും അച്ചന്‍ ചില നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കി. അവൾ എല്ലാം മൂളി കേട്ടു .
“എന്നാ ഇനി പൊയ്ക്കോ.”
അച്ചന്‍റെ അനുമതി കിട്ടിയതും അവള്‍ പള്ളിമേടയില്‍ നിന്നിറങ്ങി.
ഓര്‍ഫനേജില്‍ വന്ന് വേഷം മാറിയിട്ട് അവൾ ഡൈനിംഗ് റൂമിലേക്കു ചെന്നു. പാചകക്കാരി മറിയാമ്മച്ചേടത്തി കിച്ചണില്‍ നിന്നു ഭക്ഷണമെടുത്തു കൊണ്ടുവന്നു മേശപ്പുറത്തു വയ്ക്കുകയായിരുന്നു ആ സമയം. അനിതയും അവരെ സഹായിച്ചു.
“കല്യാണം കഴിയുമ്പം കുഞ്ഞ് റോയിയോടു പറഞ്ഞ് എനിക്കു വീടു വയ്ക്കാന്‍ ഒരു അമ്പതിനായിരം രൂപ വാങ്ങിത്തരണം കേട്ടോ. കടമായിട്ടു തന്നാ മതി. ഉണ്ടാകുമ്പം തിരിച്ചു തന്നേക്കാം !”
“കല്യാണം കഴിയട്ടെ മറിയാമ്മച്ചേടത്തീ. എനിക്കു പറ്റുന്ന സഹായമൊക്കെ ചെയ്യാം. ഉള്ളവന്‍ ഇല്ലാത്തവനു കൊടുക്കണമെന്നല്ലേ കർത്താവ് പറഞ്ഞിരിക്കുന്നത്. ഒരുപാട് സമ്പാദിച്ചു കൂട്ടിട്ട് എന്താ കാര്യം ?”
മറിയാമ്മയ്ക്കു സന്തോഷമായി.
അനിത ഒരു പ്ലേറ്റെടുത്ത് അതില്‍ രണ്ടു കഷണം പുട്ട് എടുത്തുവച്ചിട്ട് മീതെ കുറച്ചുകടലക്കറി ഒഴിച്ചു. അടുക്കളയില്‍ നിന്നു കൊണ്ടു തന്നെ അവളതു കഴിച്ചു.
ഭക്ഷണം കഴിച്ച് , പാത്രം കഴുകി വച്ചിട്ട് അവള്‍ മുറിയിലേക്കു പോയി

***************

ക്രിസ്മസ് കഴിഞ്ഞ് ആദ്യത്തെ ആഴ്ചയില്‍ റോയിയുടെയും അനിതയുടെയും മനസ്സമ്മതം നടന്നു.
മനസ്സമ്മതത്തിന് ഏറ്റവും അടുത്ത കൂട്ടുകാരെ മാത്രമേ അനിത ക്ഷണിച്ചുള്ളൂ. ചെറിയൊരു ചടങ്ങു മാത്രം.
കല്യാണം കെങ്കേമമായി നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു റോയി. വിവാഹത്തിനുള്ള വസ്ത്രങ്ങളും സ്വര്‍ണ്ണാഭരണങ്ങളുമൊക്കെ വാങ്ങിയത് റോയിയായിരുന്നു. .
നൂറ്റിയൊന്നു പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങി. അത്രയും വേണ്ടെന്ന് അനിത പറഞ്ഞതാണ്. പക്ഷേ, റോയി സമ്മതിച്ചില്ല. ഒന്നിനും ഒരു കുറവുണ്ടാകരുതെന്ന് റോയിക്കാഗ്രഹം!
തുണിക്കടയിൽ നിന്നിറങ്ങുമ്പോൾ സമയം നാലു മണി കഴിഞ്ഞിരുന്നു. റോയിയുടെ കാറിലായിരുന്നു അനിതയുടെ മടക്കയാത്ര. ആ കാറിൽ റോയിയും അനിതയും മാത്രം. സഖറിയാസും കൂട്ടരും മറ്റൊരു കാറില്‍ മുമ്പേ പോയി.
കാറിലിരുന്നു രണ്ടുപേരും ഒരുപാടു വിശേഷങ്ങള്‍ പങ്കുവച്ചു. തമാശകള്‍ പറഞ്ഞുചിരിച്ചു. ആളൊരു സംസാര പ്രിയനാണെന്ന് അനിതക്ക് തോന്നി. താമാശകൾ പറയാൻ എന്തൊരു സാമർഥ്യമാണ്.ചിരിപ്പിച്ചു കൊല്ലും .
“ഡ്രൈവിംഗ് അറിയാമോ?”
ഇടക്ക് റോയി ചോദിച്ചു.
“ഇല്ല.”
“ഒന്നോടിച്ചു നോക്കുന്നോ?”
“ഇപ്പഴോ… യ്യോ, വേണ്ട…”
“എന്തായാലും കല്യാണം കഴിഞ്ഞ് ഇതു പഠിക്കാതെ പറ്റിയേല. ഇപ്പം ഒന്നോടിച്ചു നോക്കിക്കേ…! ചുമ്മാ ഒരു ട്രയൽ ! ”
റോയി കാറു നിറുത്തി.
“വേണ്ട റോയിച്ചാ… പ്ലീസ്… ഇപ്പ വേണ്ട. കല്യാണം കഴിഞ്ഞിട്ട് മതി !”
“ഇപ്പം നമ്മളു രണ്ടു പേരല്ലേയുള്ളൂ. നല്ല വീതിയുള്ള റോഡുമാ..ഓട്ടോ ഗീയർ മോഡിലേക്കിട്ടാൽ ഓടിക്കാൻ എളുപ്പമാ. സ്റ്റീയറിങ് മാത്രം പിടിച്ചാൽ മതി . ബാക്കി ഞാൻ നോക്കിക്കോളാം .”
റോയി കാറില്‍ നിന്നിറങ്ങിയിട്ട് അനിതയെ പിടിച്ചിറക്കി ഡ്രൈവര്‍ സീറ്റില്‍ കയറ്റി ഇരുത്തി. തൊട്ടടുത്ത്, ഇടതുവശത്തു റോയിയും ഇരുന്നു.
” പ്ലീസ് റോയിച്ചാ, ഇപ്പ വേണ്ട . എനിക്ക് പേടിയാ . ”
”എന്നാ പേടിക്കാനിരിക്കുന്നെ? മോളുടെ റോയിച്ചനല്ലേ അടുത്തിരിക്കുന്നത്. ഞാൻ പറയുന്നപോലെയങ്ങോട്ടും ഇങ്ങോട്ടും തിരിച്ചാൽ മതി. ”
”വേണ്ട റോയിച്ചാ.. . ആരെങ്കിലും കണ്ടാൽ മോശമാ. കല്യാണം കഴിയുന്നതിനുമുന്പേ…”
“ആരും കാണുകേല. മോള് ആ സ്റ്റീയറിംഗിലേക്കു കൈ പിടിച്ചേ.”
അവളുടെ കൈ എടുത്തു റോയി സ്റ്റീയറിംഗിലേക്കു വച്ചു . റോയിയുടെ കരസ്പര്‍ശമേറ്റപ്പോള്‍ കോരിത്തരിച്ചുപോയി അവള്‍.
ആദ്യം ചില നിർദേശങ്ങൾ നൽകി റോയി. എന്നിട്ടു അനിതയെക്കൊണ്ട് വണ്ടി സ്റ്റാർട്ട് ചെയ്യിപ്പിച്ചു. കാർ മെല്ലെ മുൻപോട്ട് ഉരുണ്ടു. ആദ്യമൊക്കെ സ്റ്റീയറിംഗ് തിരിക്കാൻ റോയി അവളെ സഹായിച്ചു. പിന്നീട് റോയിയുടെ നിര്‍ദ്ദേശമനുസരിച്ച് അനിത സ്റ്റീയറിംഗ് ഇടത്തോട്ടും വലത്തോട്ടും തിരിച്ചുകൊണ്ടിരുന്നു.
ഒരു വളവു തിരിഞ്ഞതും പൊടുന്നനെ എതിർദിശയില്‍നിന്ന് ഒരു ടിപ്പർ ലോറി പാഞ്ഞുവന്നു. സ്റ്റീയറിംഗ് എങ്ങോട്ടു തിരിക്കണമെന്നറിയാതെ അനിത ഒരു നിമിഷം പകച്ചുപോയി.
നൊടിയിടയിൽ റോയി സ്റ്റീയറിംഗ് പിടിച്ച് ഇടത്തേക്കു ആഞ്ഞു തിരിച്ചു.
നിയന്ത്രണം വിട്ട് കാര്‍ ഇടതുവശത്തെ ഓടയിലേക്കു വീണു മറിഞ്ഞു.
ലോറി നിറുത്തി. ഡ്രൈവർ ഇറങ്ങി ഓടിവന്നു.
മറിഞ്ഞുകിടന്ന കാറില്‍ നിന്ന് ഒരു സ്ത്രീയുടെ രോദനം അയാൾ കേട്ടു.
( തുടരും )
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved)
(അടുത്ത അദ്ധ്യായം നാളെ)

Alaso Read അവൾ അനാഥയല്ല- നോവൽ- അദ്ധ്യായം ഒന്ന്. രചന: ഇഗ്‌നേഷ്യസ് കലയന്താനി

അവൾ അനാഥയല്ല- നോവൽ- അദ്ധ്യായം ഒന്ന്. രചന: ഇഗ്‌നേഷ്യസ് കലയന്താനി

0
അവൾ അനാഥയല്ല- നോവൽ - അദ്ധ്യായം ഒന്ന്

സെന്‍റ് മേരീസ് ഓർഫനേജ്!
കര്‍മ്മലീത്താമഠത്തിന്റെ കിഴക്കുവശത്തെ ഇരുനില മന്ദിരത്തിന്‍റെ പാരപ്പറ്റിൽ നീലപ്രതലത്തിൽ വെളുത്ത പെയിന്റ് കൊണ്ടെഴുതിയ വലിയ ബോര്‍ഡ്!
ഓര്‍ഫനേജിന്‍റെ മുന്‍വശത്ത് പടര്‍ന്നു പന്തലിച്ചുനില്‍ക്കുന്ന വാകമരത്തിന്‍റെ ചുവട്ടിലിരുന്നു കുട്ടികളെ പാട്ടുപഠിപ്പിക്കുകയാണ് അനിത. ക്രിസ്മസ് രാത്രിയിൽ പള്ളിയിൽ പാടേണ്ട പാട്ടുകളാണ്.
പള്ളിയിലെ ഗായകസംഘത്തിന്റെ ലീഡറാണ് അനിത. മുഖം നിറയെ പുഞ്ചിരിയും മനസു നിറയെ സ്നേഹവുമുള്ള ഒരു മാലാഖക്കുട്ടി. ഓര്‍ഫനേജിലെ കുട്ടികള്‍ക്കും കോണ്‍വെന്‍റിലെ കന്യാസ്ത്രീകള്‍ക്കും പ്രിയങ്കരിയാണവൾ . അനാഥമന്ദിരത്തിലെ കൊച്ചുകുട്ടികള്‍ക്ക് അവള്‍ കുഞ്ഞേച്ചിയായിരുന്നു. എല്ലാവരോടും സ്നേഹത്തോടെയും സൗമ്യതയോടെയും ഇടപെടുന്ന സുന്ദരിച്ചേച്ചി.

മഠത്തിന്റെ കീഴിലുള്ള അണ്‍ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അനിത പഠിപ്പിക്കുന്നുണ്ട്. പ്രൈമറി വിഭാഗത്തിലെ ഏറ്റവും നല്ല അധ്യാപികയും അവളായിരുന്നു.
എല്ലാ ദിവസവും രാത്രിയിൽ പ്രാര്‍ത്ഥനയും അത്താഴവും കഴിഞ്ഞ് ഉറങ്ങാന്‍ കിടക്കുമ്പോള്‍ അനിത അവളുടെ പപ്പയെയും അമ്മയെയും കുറിച്ചോർത്തു കണ്ണീർ പൊഴിക്കും. ഒരിക്കലും കണ്ടിട്ടില്ലാത്ത പപ്പയുടെയും അമ്മയുടെയും മുഖങ്ങള്‍ അവള്‍ മനസിൽ കാണും.
കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണീർ പുതപ്പെടുത്തു തുടച്ചുകൊണ്ട് അവൾ ആലോചിക്കും.
എന്തിനാണു പപ്പയും അമ്മയും തന്നെ ഉപേക്ഷിച്ചിട്ടു കടന്നുകളഞ്ഞത്? ലോകത്തിന്‍റെ ഏതെങ്കിലും കോണില്‍ അവർ ജീവിച്ചിരിപ്പുണ്ടാവില്ലേ? ഒരിക്കലെങ്കിലും തനിക്കവരെ ഒന്നു കാണാന്‍ പറ്റുമോ? ചിന്തകളുടെ വേലിയേറ്റത്തിൽ സാവധാനം അവൾ ഉറക്കത്തിലേക്കു വീഴും. നേരം വെളുക്കുമ്പോൾ കണ്ണീർ ഒഴുകിയ പാടുകൾ കവിളിൽ തെളിഞ്ഞു കാണുമായിരുന്നു .
“അനിതേ…”
സിസ്റ്റര്‍ മരിയായുടെ വിളി കേട്ട് അവള്‍ ഞെട്ടി മുഖം ഉയർത്തി .
അവളുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നതു കണ്ടപ്പോള്‍ സിസ്റ്റർ ചോദിച്ചു:
“ങ്ഹാ ഹാ .., പാട്ടു പഠിപ്പിക്കാന്‍ വന്നിട്ട് ഇവിടിരുന്നു കരയ്വാണോ?”
“ഏയ്…”
മുഖത്തു സന്തോഷം വരുത്താന്‍ അവൾ പാടുപെട്ടു.
“നീ ഇങ്ങു വന്നേ…”
സിസ്റ്റര്‍ അവളെ വിളിച്ചിട്ടു തിരിഞ്ഞുനടന്നു. അനിത എണീറ്റു സിസ്റ്ററിന്റെ പിന്നാലെ ചെന്നു. അല്പം മാറി ഒരു ഒട്ടുമാവിന്റെ ചുവട്ടിൽ നിന്നിട്ടു സിസ്റ്റര്‍ പറഞ്ഞു:
“ഒരു സന്തോഷവാര്‍ത്ത പറയാനാ നിന്നെ വിളിച്ചത്. നമ്മുടെ വികാരിയച്ചന്‍ നിനക്ക് ഒരാലോചന കൊണ്ടുവന്നിട്ടുണ്ട്. നീ അറിയുവാരിക്കും ആളെ. ഇലഞ്ഞിക്കലെ സഖറിയാസിന്‍റെ മകന്‍ റോയി. നിന്നെ ഇഷ്ടമാണെന്നും കല്യാണം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും അവന്‍ അച്ചനോടു പറഞ്ഞു. ഈ ഇടവകയിലെ ഏറ്റവും വല്യ കാശുകാരാ. ആളെ കണ്ടിട്ടുണ്ടോ നീ?”
“ഇല്ല.”
“സഖറിയാസിന് ഒരാണും ഒരു പെണ്ണുമാ. മൂത്ത ആളാ റോയി. ഇളേതു ജിഷ. അവളു കോളേജില്‍ പഠിക്ക്വാ.”
അനിത കേട്ടു നിന്നതേയുള്ളൂ.
“ഇഷ്ടം പോലെ സ്വത്തുണ്ട്. സ്ത്രീധനമായിട്ടു നയാ പൈസ കൊടുക്കണ്ട. കേട്ടപ്പം നിന്‍റെ യോഗം തെളിഞ്ഞൂന്നു ഞങ്ങൾ എല്ലാരും പറഞ്ഞു .”
അനിതയുടെ മനസില്‍ ഒരു റോസാപ്പൂവ് വിടര്‍ന്ന അനുഭൂതി.
“അച്ചനോട് ഞങ്ങൾ എന്നാ പറയണം?”
“അത്രേം വല്യ വീട്ടിലേക്കു കേറിച്ചെല്ലാനുള്ള യോഗ്യത എനിക്കുണ്ടോ സിസ്റ്റര്‍? “
“നമ്മള്‍ അങ്ങോട്ട് ആലോചിച്ചു ചെന്നതല്ലല്ലോ. അവരിങ്ങോട്ടു വന്നതല്ലേ. ഇതിനേക്കാള്‍ നല്ലൊരു ബന്ധം നിനക്കു കിട്ടുമെന്നു നീ വിചാരിക്കുന്നുണ്ടോ കൊച്ചേ ? അപ്പനും അമ്മേം ആരെന്നറിയാത്ത ഒരു കുട്ടിക്ക് ഇതുപോലൊരാലോചന വന്നാത് ദൈവാനുഗ്രഹമാണെന്നു കൂട്ടിയാൽ മതി ” .
“പണവും പത്രാസുമൊന്നും എനിക്കു വേണ്ട സിസ്റ്റര്‍. എന്നെ ഹൃദയം തുറന്നു സ്നേഹിക്കുന്ന ഒരാളെ കിട്ടിയാല്‍ മതി. കൂലിപ്പണിക്കാരനാണെങ്കിലും എനിക്ക് കുഴപ്പമില്ല.”
അനിത ഷാളിന്‍റെ അഗ്രംകൊണ്ടു മിഴികള്‍ തുടച്ചു.
“നമ്മുടെ വികാരിയച്ചന്‍ അവരെ നല്ലോണം അറിയുന്നതാ. ഞങ്ങളും അന്വേഷിച്ചു. നല്ല കുടുംബക്കാരാ. ഇതു കേട്ടപ്പം അച്ചനെന്തു സന്തോഷമായീന്നറിയുവോ! നിനക്കറിയാമല്ലോ, അച്ചനു നിന്നെ വല്യ കാര്യാന്ന്.”
“എനിക്കു റോയിയോട് നേരിട്ടൊന്നു സംസാരിക്കാന്‍ പറ്റുമോ സിസ്റ്റര്‍?”
“അതു പറയാനല്ലേ ഞാനിപ്പ വന്നത്. നിന്‍റെ തീരുമാനം അറിഞ്ഞിട്ടു റോയിയെ വിളിക്കാന്നാ അച്ചന്‍ പറഞ്ഞത്. നേരിട്ടു സംസാരിച്ചുകഴിയുമ്പം നിന്‍റെ പേടീം സംശയോം ഒക്കെ മാറിക്കോളും. ഞായറാഴ്ച റോയിയോട് വരാന്‍ പറയട്ടെ?”
“ഉം” അനിത തലകുലുക്കി.
“എന്നാ പോയി പാട്ടു പഠിപ്പിച്ചോ.”
സിസ്റ്റര്‍ കോണ്‍വെന്‍റിലേക്കു പോയി. അനിത കുട്ടികളുടെ അടുത്തേക്കും.
അടുത്ത ദിവസം സ്കൂളില്‍ ചെന്നപ്പോള്‍ അനിത ഇലഞ്ഞിക്കല്‍ തറവാടിനെക്കുറിച്ച് സഹപ്രവര്‍ത്തകയായ സൗമ്യ ടീച്ചറോടു തിരക്കി.
ടീച്ചർ പറഞ്ഞു.
“നല്ല കുടുംബക്കാരാ. എന്തേ ചോദിച്ചത്?”
അനിത കാര്യം തുറന്നു പറഞ്ഞു.
” നീ ഒന്നും ആലോചിക്കേണ്ട . കണ്ണുമടച്ചു യേസ് പറഞ്ഞോ . ഇതിനേക്കാൾ നല്ലൊരു ബന്ധം നിനക്ക് കിട്ടുകേല .”
സൗമ്യയുടെ മറുപടികേട്ടപ്പോൾ അനിതക്ക് സമാധാനമായി. സന്തോഷം നിറഞ്ഞ മനസോടെയാണ് അവൾ സ്‌കൂളിൽ നിന്ന് മടങ്ങിയത്.

******

ഞായറാഴ്ച!
ഉച്ചകഴിഞ്ഞ് മുറിയില്‍ തുണി തയ്ച്ചുകൊണ്ടിരുന്നപ്പോള്‍ സിസ്റ്റര്‍ മരിയ ഓടിവന്നു പറഞ്ഞു:
“ആളു വന്നിട്ടുണ്ട്. ഡ്രസു മാറി വേഗം വിസിറ്റേഴ്സ് റൂമിലേക്കു ചെല്ല്.”
അനിതയുടെ നെഞ്ചിടിപ്പു കൂടി. അവള്‍ എഴുന്നേറ്റ് ഏറ്റവും ഇഷ്ടപ്പെട്ട ചുരിദാര്‍ എടുത്തു ധരിച്ചു. മുടി ഭംഗിയായി ചീകി ഒതുക്കിയിട്ടു അഗ്രം കെട്ടിയിട്ടു . മുഖത്തു പൗഡറിട്ടു. കണ്ണാടിയുടെ മുമ്പില്‍ നിന്ന് തിരിഞ്ഞും മറിഞ്ഞും നോക്കിയിട്ട് എല്ലാം ഭംഗിയായി എന്നുറപ്പുവരുത്തി. എന്നിട്ടു സാവധാനം മുറിയില്‍നിന്നിറങ്ങി സന്ദർശക മുറിയിലേക്ക് നടന്നു.
മുറിയുടെ വാതിൽക്കലെത്തിയപ്പോൾ മദർ സുപ്പീരിയർ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങുന്നതു കണ്ടു.
” എന്താ താമസിച്ചത്? പുള്ളിക്കാരൻ കാത്തിരുന്നു മടുത്തു . വേഗം ചെല്ല് . അറിയാനുള്ളതെല്ലാം ചോദിച്ചുകൊള്ളണേ ! പിന്നെ അറിഞ്ഞില്ല, കേട്ടില്ലാന്നൊന്നും പറഞ്ഞേക്കരുത് ”
”ഉം ” അനിത പുഞ്ചിരിയോടെ തലകുലുക്കി. മദർ തന്റെ സ്വകാര്യ മുറിയിലേക്ക് പോയി.
പാതി അടഞ്ഞു കിടന്ന സന്ദര്‍ശക മുറിയുടെ വാതില്‍ തള്ളിത്തുറന്ന് അവള്‍ മെല്ലെ അകത്തേക്കു പ്രവേശിച്ചു. മുഖം ഉയര്‍ത്തി നോക്കിയപ്പോള്‍ കണ്ടു; സുമുഖനായ ഒരു യുവാവ് ചെറു പുഞ്ചിരിയുമായി സെറ്റിയില്‍ ഇരിക്കുന്നു. പാന്‍റ്സും ക്രീം ഷര്‍ട്ടുമാണ് വേഷം. വെളുത്ത നിറം. മുടി ഭംഗിയായി ചീകി ഒതുക്കി വച്ചിരിക്കുന്നു .
കണ്ണുകൾ കൂട്ടിമുട്ടിയപ്പോൾ ഇരുവരും പുഞ്ചിരിച്ചു.
“ഇരിക്ക്.”- റോയി സെറ്റിയിലേക്കു കൈചൂണ്ടിക്കൊണ്ടു പറഞ്ഞു.
റോയിയുടെ ആഗ്രഹമനുസരിച്ച് അവള്‍ അഭിമുഖമായി സെറ്റിയില്‍ ഇരുന്നു.
“എന്നെ മുമ്പു കണ്ടിട്ടുണ്ടോ?”
പുഞ്ചിരിച്ചുകൊണ്ട് റോയിയുടെ ആദ്യ ചോദ്യം. ഇല്ല എന്ന അര്‍ത്ഥത്തില്‍ അവള്‍ തലയാട്ടി.
“എങ്ങനെ കാണാനാ…. കുർബാന കഴിഞ്ഞാല്‍ ഇടോം വലോം നോക്കാതെ ഒറ്റപ്പോക്കല്ലേ. മാലാഖകുട്ടി പോകുന്നപോലെ ”
ആ വാചകം കേട്ടപ്പോൾ അനിതയ്ക്കു ചിരി വന്നുപോയി.
“പക്ഷേ ഞാന്‍ കണ്ടിട്ടുണ്ട് കേട്ടോ. എന്നും പള്ളിക്കകത്ത് അള്‍ത്താരേടെ അടുത്തുനിന്ന് പാട്ടുപാടുന്ന ആളല്ലേ . പാട്ട് ഉഗ്രനാ കേട്ടോ !ഞങ്ങൾ വീട്ടിൽ ഇക്കാര്യം എപ്പോഴും പറയാറുണ്ട്. എന്തൊരു നല്ല ശബ്ദമാ ദൈവം തന്നിരിക്കുന്നത്. ”
അനിതയുടെ ഹൃദയത്തില്‍ ഒരായിരം പൂക്കൾ ഒന്നിച്ചു വിടര്‍ന്ന അനുഭൂതി.
“നേരിട്ടു കണ്ടു സംസാരിക്കണമെന്നു പറഞ്ഞപ്പം എനിക്കൊരുപാട് സന്തോഷമായി ട്ടോ! അങ്ങനെ വേണം പെണ്ണുങ്ങള്‍! മനസിലുള്ളതെല്ലാം തുറന്നു പറയണം . ആഗ്രഹങ്ങളും പ്രതീക്ഷകളും സ്വപ്നങ്ങളുമെല്ലാം . അറിയേണ്ടതൊക്കെ ചോദിച്ചോ. ഒരു മടിയും വിചാരിക്കണ്ട. എനിക്ക് സന്തോഷമേയുള്ളൂ ”
ഒന്നും മിണ്ടാതെ ലജ്ജയോടെ ഇരുന്നതേയുള്ളൂ അനിത.
“ഇത്രേം നാണംകുണുങ്ങിയാന്നു ഞാന്‍ വിചാരിച്ചില്ലാട്ടോ”
അപ്പോഴും അവൾ മൗനം.
“നല്ല സ്വഭാവവും സ്നേഹവുമുള്ള ഒരു പെണ്ണായിരിക്കണം എന്‍റെ ഭാര്യ എന്നു മാത്രമേ ഞാനാഗ്രഹിച്ചിട്ടുള്ളൂ. അനിതയെ കണ്ടപ്പം എനിക്കിഷ്ടം തോന്നി. ഇപ്പഴല്ല. ഈ ഇടവകയിൽ അനിത വന്നപ്പോൾ തന്നെ . അന്നേ തീരുമാനിച്ചതാ പറ്റുമെങ്കിൽ കൂടെ കൂട്ടണമെന്ന്. പക്ഷേ പപ്പയോടു പറയാന്‍ എനിക്കു പേടിയായിരുന്നു. അടുത്ത നാളിലാ പറഞ്ഞത്. പപ്പ പൊട്ടിത്തെറിക്കുമെന്നാ ഞാന്‍ വിചാരിച്ചത്. പക്ഷേ എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് പപ്പേം അമ്മേം അപ്പഴേ സമ്മതിച്ചു. അനിയത്തിക്കും വലിയ സന്തോഷമായി. അവൾക്ക് അനിതയെ നേരത്തേ മുതലേ ഇഷ്ടമായിരുന്നു. ആ ശബ്ദമാധുരി കേട്ടാല്‍ ആര്‍ക്കാ ഇഷ്ടപ്പെടാതെ വരിക?”
താൻ ആകാശത്തേക്ക് ഉയരുന്നതുപോലെ അവള്‍ക്കു തോന്നി.
“അനിതയുടെ മനസ്സറിഞ്ഞിട്ടുവേണം ബാക്കി കാര്യങ്ങള്‍. ചോദിക്കാനുള്ളതൊക്കെ ചോദിച്ചോ. ഒരു മടിയും വിചാരിക്കണ്ട .”
“പിറന്നുവീണപ്പം മുതല്‍ ഓര്‍ഫനേജില്‍ വളര്‍ന്ന എനിക്ക് ഒരുപാട് അറിവും ലോകപരിചയവുമൊന്നുമില്ല” വളരെ ബദ്ധപ്പെട്ടാണ് അവള്‍ അത്രയും പറഞ്ഞൊപ്പിച്ചത് .
“ഞങ്ങളും വല്യ പരിഷ്കാരികളൊന്നുമല്ല. തനി നാട്ടിൻപുറത്തുകാരാ.” ഒന്ന് നിറുത്തിയിട്ട് അയാൾ തുടർന്നു : ”ഒരു കാര്യം ഞാന്‍ ഉറപ്പുതരാം. എന്‍റെ ഭാഗത്തുനിന്ന് അനിതയെ വേദനിപ്പിക്കുന്ന ഒരു വാക്കോ പ്രവൃത്തിയോ ഒരിക്കലും ഉണ്ടാകില്ല. ഷുവര്‍.”
ആകാശത്തുനിന്നു പൂമഴ പെയ്തതുപോലെ അവൾക്കു തോന്നി ! താന്‍ കേള്‍ക്കാന്‍ കൊതിച്ച വാക്കുകൾ ചോദിക്കാതെ തന്നെ റോയി പറഞ്ഞിരിക്കുന്നു.
“അങ്ങനെയൊരാളെയാണ് ഞാൻ ആഗ്രഹിക്കുന്നതും.”
അനിത തുറന്നു പറഞ്ഞു.
”അനിതയുടെ ആഗ്രഹം നിറവേറ്റാൻ എനിക്ക് കഴിയുമെന്നാണ് എന്റെ വിശ്വാസം. ”
”അത് എന്റെ ഭാഗ്യമായിരിക്കുമെന്ന് ഞാനും കരുതുന്നു.”
പിന്നെയും ഒരുപാട് കാര്യങ്ങൾ റോയി പറയുകയും ചോദിക്കുകയും ചെയ്തു. അനിതയും ഉള്ളു തുറന്നു സംസാരിച്ചു. തമാശകളും വിശേഷങ്ങളുമായി സമയം പോയതറിഞ്ഞതേയില്ല. റോയിയുടെ സംസാരവും പെരുമാറ്റവും അങ്ങേയറ്റം ഇഷ്ടമായി അവൾക്ക് . എത്ര സ്നേഹത്തോടെയുള്ള വർത്തമാനം.
ഒടുവിൽ പോകാനായി റോയി എണീറ്റു.
“നാളെത്തന്നെ ഞാന്‍ പപ്പയേം അമ്മയേം ഇങ്ങോട്ടു പറഞ്ഞുവിടാം. അവരോടു സംസാരിച്ചുകഴിയുമ്പം അനിതേടെ പേടീം ആശങ്കയുമൊക്കെ മാറിക്കോളും.”
” എനിക്കിപ്പം പേടിയൊന്നുമില്ല ” അനിത ചിരിച്ചുകൊണ്ട് പറഞ്ഞു .
”ഓ കെ. ദൈവം അനുഗ്രഹിക്കുമെങ്കിൽ നമുക്ക് ഒന്നാകാം ! പോട്ടെ ?”
” ഉം ” അവൾ ചിരിച്ചുകൊണ്ട് തലകുലുക്കി.
റോയി യാത്ര പറഞ്ഞ് ഇറങ്ങി.
അനിതയ്ക്കു വിഷമം തോന്നി. അയാളുടെ സാമീപ്യം അവൾ കുറച്ചുനേരം കൂടി കൊതിച്ചു. ആ സംസാരം കേൾക്കാൻ എന്തൊരു രസമാണ് !
എത്ര മാന്യമായ പെരുമാറ്റമാണ് !
റോയിയുടെ പിന്നാലെ അവളും പുറത്തേക്കിറങ്ങി.
റോയി കാറിൽ കയറി സ്റ്റാർട്ട് ചെയ്യുന്നതും കാർ ഗേറ്റു കടന്നു റോഡിലേക്കിറങ്ങുന്നതും നോക്കി അവള്‍ വരാന്തയില്‍ തന്നെ നിന്നു.
“ഇഷ്ടായോ?”
മരിയ സിസ്റ്റര്‍ പിന്നില്‍ വന്നു നിന്നത് അവള്‍ കണ്ടതേയില്ല .
ഇഷ്ടമായി എന്ന അര്‍ത്ഥത്തില്‍ ലജ്ജ പുരണ്ട പുഞ്ചിരിയായിരുന്നു ആ ചോദ്യത്തിനുള്ള മറുപടി.
“എന്നാ പറഞ്ഞിട്ടു പോയി?”
“പപ്പേം അമ്മേം പറഞ്ഞുവിടാന്ന്.”
“കര്‍ത്താവിനോട് നീ ഉള്ളുരുകി പ്രാര്‍ത്ഥിച്ചോ. ഇത് നടന്നാൽ നിന്റെ രാജയോഗമാ ”
അനിത ചിരിച്ചതേയുള്ളൂ. ഒരുപാട് സന്തോഷത്തോടെയാണ് അവള്‍ തന്റെ റൂമിലേക്കു മടങ്ങിയത്.
മുറിയില്‍വന്ന് തിരുഹൃദയത്തിന്‍റെ രൂപത്തില്‍ നോക്കി കൈകൂപ്പി കണ്ണടച്ചുനിന്ന് അവള്‍ കർത്താവിനോടു പ്രാർത്ഥിച്ചു. ഈ കല്യാണം നടക്കണേയെന്ന്.
ഈ സമയം റോയിയുടെ കാർ ഇലഞ്ഞിക്കല്‍ തറവാടിന്‍റെ മുറ്റത്തേക്കു കയറി പോര്‍ച്ചില്‍ വന്നു നിന്നു. ഡോര്‍ തുറന്നു റോയി വെളിയിലേക്കിറങ്ങി.
സിറ്റൗട്ടിലെ ചാരുകസേരയില്‍ സഖറിയാസ് ചിന്താമൂകനായി നീണ്ടു നിവര്‍ന്ന് കിടപ്പുണ്ടായിരുന്നു . വലിയ ഒരു സ്വര്‍ണ്ണമാല രോമാവൃതമായ ആ നെഞ്ചില്‍ പറ്റിച്ചേര്‍ന്നു കിടക്കുന്നു. മുഖത്ത് ഗൗരവഭാവം .
റോയിയെ രൂക്ഷമായി ഒന്നു നോക്കിയതല്ലാതെ അയാള്‍ ഒന്നും ചോദിച്ചില്ല . റോയിയും ഒന്നും സംസാരിച്ചില്ല. അവന്‍ നേരേ അകത്തേക്കു നടന്നു.
സ്വീകരണമുറിയില്‍ അമ്മ മേരിക്കുട്ടിയും സഹോദരി ജിഷയും മരിച്ച വീട്ടില്‍ കുത്തിയിരിക്കുന്നതുപോലെ താടിക്കു കൈയും കൊടുത്ത് സങ്കടപ്പെട്ട് ഇരിക്കുകയായിരുന്നു. റോയിയെ കണ്ടതേ മേരിക്കുട്ടി ചോദിച്ചു:
“കണ്ടോ നീ അവളെ ?”
“കണ്ടു. സംസാരിക്ക്വേം ചെയ്തു. ഞാന്‍ അവളോടു പറഞ്ഞിരിക്കുന്നത് പപ്പയ്ക്കും അമ്മയ്ക്കും ഈ കല്യാണത്തിനു വല്യ താല്‍പര്യമാന്നാ. ഇനി നിങ്ങളതിന് ഒടക്കു വക്കുകയോ അവളോട് എന്തെങ്കിലും പറഞ്ഞു ഇതിൽ നിന്നു പിന്തിരിപ്പിക്കുകയോ ചെയ്തേക്കരുത് . അങ്ങനെ വല്ലതും സംഭവിച്ചാൽ പിന്നെ ഇങ്ങനെയൊരു മകൻ ഈ വീട്ടിൽ ഉണ്ടാകില്ലെന്നോർത്തോണം”
“എടാ കൊച്ചേ .., ജാതിയോ മതമോ ഏതെന്നറിയാത്ത ഒരനാഥപ്പെണ്ണിനെ…”
മേരിക്കുട്ടി അത്രയും പറഞ്ഞതേ റോയി ഇടപെട്ടു.
“ജനിച്ചു വീഴുമ്പം എല്ലാര്‍ക്കും ഒരേ ജാതിയും മതവുമാ അമ്മേ. മനുഷ്യജാതി . അവളും ആ ജാതിയിൽപെട്ടതാ! എനിക്കതുമതി . അവള്‍ക്കു സ്നേഹിക്കാന്‍ കഴിയുന്ന ഒരു ഹൃദയമുണ്ടെന്ന് ഇന്നു സംസാരിച്ചപ്പം എനിക്കു മനസ്സിലായി. ഈ പെണ്ണിനെയല്ലാതെ ഞാന്‍ വേറൊരു പെണ്ണിനെ കെട്ടുന്ന പ്രശ്നമേയില്ല. ദൈവം തമ്പുരാൻ ഇറങ്ങി വന്നു പറഞ്ഞാലും അതിനു മാറ്റമില്ല ”
“‘ ചേട്ടായി ഒന്നുകൂടി ഒന്നാലോചിച്ചിട്ട് ” ജിഷ മുഴുമിപ്പിക്കും മുൻപേ റോയി പറഞ്ഞു
” ചേട്ടായിക്ക് ഇനി ഒന്നും ആലോചിക്കാനില്ല . ശരിക്കും ആലോചിച്ചെടുത്ത തീരുമാനമാ . അതിന് ഇനി മാറ്റമുണ്ടാകില്ല .”
” കല്യാണം കഴിയുമ്പം അവളുടെ അപ്പനും അമ്മേം ആണെന്ന് പറഞ്ഞു വല്ല തെണ്ടികളും കേറി വന്നാൽ ഈ കുടുംബത്തിന്റെ മാനം പോകില്ലേ മോനെ? ”
മേരിക്കുട്ടി ദയനീയമായി മകനെ നോക്കി.
” പിന്നെ! ഇരുപത്തിമൂന്നു വർഷമായിട്ടു വരാത്ത അപ്പനും അമ്മേം അല്ലേ ഇനി വരാൻ പോകുന്നത്. അമ്മ ഒന്ന് മിണ്ടാതിരിക്ക്. ഒന്നുമല്ലെങ്കിലും മഠത്തിൽ വളർന്ന ഒരു കൊച്ചല്ലേ? ജീവിച്ച സാഹചര്യം മോശമാണെന്ന് ആരും പറയുകേലല്ലോ . എനിക്കാ പെണ്ണ് മതി ”
എല്ലാം കേട്ടുകൊണ്ട് സഖറിയാസ് സിറ്റ് ഔട്ടിൽ നിന്ന് എണീറ്റ് സ്വീകരണമുറിയിലേക്കു പാഞ്ഞു വന്നിട്ടു പറഞ്ഞു:
“നിനക്ക് ആ പെണ്ണിനെ മതിയെങ്കില്‍ അങ്ങു കെട്ടിച്ചു തന്നേക്കാം. പക്ഷേ കുറച്ചു നാളുകഴിഞ്ഞ് ഇതു വേണ്ടായിരുന്നെന്നു തോന്നിയാല്‍ പിന്നെ ജീവിതകാലം മുഴുവന്‍ ദുഃഖിക്കേണ്ടി വരും. ”
“അങ്ങനെയൊരു ദുഃഖം ഉണ്ടായാല്‍ അത് ഞാന്‍ സഹിച്ചോളാം. അതിന്റെ പേരിൽ നിങ്ങളെയാരെയും
കുറ്റപ്പെടുത്താൻ വരില്ല ! പോരെ ?”
“ഓക്കെ. നിന്റെ ഇഷ്ടം പോലെ നടക്കട്ടെ . ഇനി ഇതിനെപ്പറ്റി ഒരു തർക്കം വേണ്ട. ഞങ്ങള് തന്നെ പോയി ആലോചിച്ചു ഈ കല്യാണം നടത്തിത്തരാം”
റോയിക്കു സന്തോഷമായി
” പപ്പാ ഞാൻ … ”
” ഇനി ഒന്നും പറയണ്ട . നിന്റെ ഇഷ്ടം നടത്തിത്തരാമെന്നു പറഞ്ഞില്ലേ . പിന്നെന്താ ? നീ പോയി നിന്റെ ജോലി നോക്ക് ”
സഖറിയാസ് അമർഷത്തോടെ ചവിട്ടി കുലുക്കി പുറത്തേക്കിറങ്ങി സൗറ്റൗട്ടിലെ ചാരുകസേരയില്‍ വീണ്ടും വന്ന് ഇരുന്നു; കൈകകള്‍ രണ്ടും തലയ്ക്കടിയില്‍ വച്ച് ചിന്താമൂകനായി.
(തുടരും. മുഴുവൻ അധ്യായങ്ങളും വായിക്കാൻ ചുവടെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക )
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ ഒന്ന് മുതൽ 28 വരെയുള്ള മുഴുവൻ അദ്ധ്യായങ്ങൾ വായിക്കാൻ താഴെയുള്ള ലിങ്കിൽ പോകുക

Also Read അവൾ അനാഥയല്ല- നോവൽ- അദ്ധ്യായം 1

Also Read അവൾ അനാഥയല്ല – നോവൽ – അദ്ധ്യായം 2

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 3

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 4

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 5

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 6

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 7

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 8

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 9

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 10

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 11

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 12

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 13

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 14

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 15

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 16

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 17

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 18

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 19

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 20

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 21

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 22

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 23

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 24

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 25

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 26

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം27

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം28

ക്ഷോഭിച്ചു നിൽക്കുന്ന ഒരു പുരുഷനെ ശാന്തനാക്കാൻ ഭാര്യക്ക് മാത്രമേ കഴിയൂ.

0
ഒരു സ്ത്രീയാണ് ഒരു കുടുംബത്തിന്റെ വിളക്ക് . ആ വിളക്ക് ഭർത്താവിനും മക്കൾക്കും വെളിച്ചം പകർന്ന് എപ്പോഴും തെളിഞ്ഞു നിൽക്കണം

ഒരു സ്ത്രീയുടെ ഏറ്റവും വലിയ ദൗത്യം ഒരു കുടുംബത്തെ ഭംഗിയായി കൊണ്ടു പോവുക എന്നതാണ്. ഭർത്താവ് ഒന്നും ശ്രദ്ധിക്കുന്നില്ല. മക്കൾ വളർന്നു വരികയാണ്. അങ്ങനെയുള്ള ഒരു സാഹചര്യത്തിൽ ഒരു കുടുംബത്തെ ഉറപ്പിച്ചു നിറുത്തേണ്ടത്, ടോൾസ്റ്റോയി അന്നാകരനീനയിൽ പറയുന്നപോലെ ആ വീട്ടിലെ ഏറ്റവും മുതിർന്ന സ്ത്രീയാണ്. ഒരു സ്ത്രീയാണ് ഒരു കുടുംബത്തിന്റെ വിളക്ക്. ഭർത്താവിനും മക്കൾക്കും വെളിച്ചം പകർന്ന് ആ വിളക്ക് എപ്പോഴും പ്രകാശിച്ചു നിൽക്കണം.

ഒരു കുടുംബത്തിന്റെ ഏറ്റവും വലിയ മഹത്വം ആ കുടുംബത്തിലെ കുട്ടികളാണ്. ജനിതക ശാസ്ത്രം പറയുന്നത് ഒരു പുരുഷനും സ്ത്രീയും വിവാഹം കഴിച്ച് ഒരു കുട്ടി ജനിക്കുമ്പോൾ അച്ഛന്റെ 23 ക്രോമസോമും അമ്മയുടെ 23 ക്രോമസോമും ഓരോ കോശത്തിലും ഉള്ള കുട്ടിയാണ് ജനിക്കുന്നത് എന്നാണ്. ഇനി ആ കുട്ടിക്ക് ഒരു കുഞ്ഞ് ജനിക്കുമ്പോൾ ആ കുഞ്ഞിന് മുത്തശ്ശന്റെയും മുത്തശിയുടെയും പതിനൊന്നര ക്രോമസോം ഓരോ കോശത്തിലും ഉണ്ടാവും. ഈ കൊച്ചുമോന് ഒരു കുട്ടി ജനിക്കുമ്പോൾ അഞ്ചേകാൽ ക്രോമസോം ഉണ്ടാവും. അങ്ങനെ 800 വർഷങ്ങൾ കഴിയുമ്പോൾ, അതായത് 32 തലമുറ കഴിയുമ്പോൾ നമ്മുടെ മക്കൾക്ക് നമ്മൾ കൊടുക്കുന്ന അവസാനത്തെ സ്വതന്ത്ര ക്രോമോസോം ഇല്ലാതാവും. അതേസമയം ക്രോമസോം ഉണ്ടാക്കപ്പെട്ടിട്ടുള്ളത് ജീനുകൾ കൊണ്ടാണ്. ആ ജീനുകൾ ഈ ഭൂമിയിൽ പന്തീരായിരം വർഷം നിലനിൽക്കും എന്നാണ് ജനിതകശാസ്ത്രം.

Also Read കണ്ണുകളെ നിയന്ത്രിച്ചില്ലെങ്കിൽ കണ്ണുകൾ നമ്മളെ പാപത്തിലേക്ക് തള്ളിയിടും!

നിങ്ങൾ ഗർഭം ധരിച്ച് ഒരു കുഞ്ഞിനെ പ്രസവിക്കുമ്പോൾ , ആ കുഞ്ഞിന്റെ സന്തതി പരമ്പര ഈ ഭൂമിയിൽ നിലനിൽക്കുകയാണെങ്കിൽ നിങ്ങൾ മരിച്ച് നിങ്ങളുടെ ശരീരം മണ്ണോട് മണ്ണ് ചേർന്നാലും ഇപ്പോൾ നിങ്ങളുടെ ശരീരത്തിൽ തുടിച്ചു കൊണ്ടിരിക്കുന്ന ഒരു ഭാഗം പന്തീരായിരം വർഷം ഈ ഭൂമിയിൽ ജീവനോടെ തന്നെ ഉണ്ടാവും. പുറകോട്ടു നോക്കിയാൽ 800 വർഷം കൊണ്ട് എത്ര പൂർവികരുടെ ക്രോമസോം നമ്മുടെ ശരീരത്തിൽ നിന്ന് വേർതിരിക്കാൻ പറ്റും? ശാസ്ത്രം പറയുന്നു 15,60,000 പൂർവികരുടെ ക്രോമസോം എന്ന്. നമ്മുടെ ഓരോരുത്തരുടെയും ശരീരത്തിൽ നിന്ന് 15,60,000 ക്രോമസോം വേർതിരിക്കാൻ പറ്റും എന്നർത്ഥം. എത്ര പൂർവ്വപിതാക്കന്മാരുടെയും മാതാപിതാക്കളുടെയും ജീനുകൾ നമ്മുടെ ശരീരത്തിൽ കണ്ടെത്താൻ പറ്റും? ശാസ്ത്രം പറയുന്നു, മൂന്നു കോടി 20 ലക്ഷം മാതാപിതാക്കളുടെ ജീനുകൾ എന്ന് . ഇതാണ് കുടുംബം എന്ന് പറയുന്നത്. ഒരു കുടുംബ സൃഷ്ടിക്കുമ്പോൾ പന്തീരായിരം കൊല്ലം നിലനിൽക്കാൻ പോകുന്ന ഒരു വംശപരമ്പര സൃഷ്ടിക്കുകയാണ് നമ്മൾ ചെയ്യുന്നത്. മക്കളെ നല്ല രീതിയിൽ വളർത്താൻ കഴിയുന്നത് ഒരു സ്ത്രീയുടെ ഇഹലോകജീവിതത്തിലെ ഏറ്റവും വലിയ കാര്യമാണ് എന്നോർക്കുക.

യേശുദേവൻ പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾ അവിടെ നിൽക്കുന്ന ആളുകൾ പറയുന്നുണ്ട് ഇവനെ മുല കുടിപ്പിച്ച ആ സ്ത്രീ എത്ര ഭാഗ്യം ചെയ്തവൾ എന്ന് . നിങ്ങടെ മക്കളെ നോക്കിയിട്ട് നിങ്ങളെ ആരെങ്കിലും പുകഴ്ത്തിയാൽ അതാണ് ഒരു സ്ത്രീയുടെ ഏറ്റവും വലിയ സന്തോഷം.

കുട്ടികളെ വളർത്തേണ്ടത് എങ്ങനെയാണ് എന്ന് അമ്മമാർ പഠിക്കണം. അതിനെപ്പറ്റി പ്രതിപാദിക്കുന്ന വിശ്വപ്രസിദ്ധമായ പുസ്തകമാണ് എലിസബത്ത് ഹെർലോക്ക് എഴുതിയ ചൈൽഡ് ഡെവലപ്മെന്റ് . പ്രസിദ്ധമായ മറ്റൊരു രചനയാണ് പാപാലിയയുടെ ഹ്യൂമൻ ഡെവലപ്മെൻറ് എന്ന പുസ്തകം. ഇങ്ങനെയുള്ള വിശ്വപ്രസിദ്ധമായ പുസ്തകങ്ങൾ വായിച്ച് കുട്ടികളെ വളർത്താൻ അമ്മമാർ പഠിക്കണം.

Also Read ഭാര്യക്കും ഭർത്താവിനും പരസ്പരം സംശയം തോന്നുന്നത് പലതും ഒളിക്കുന്നതും മറയ്ക്കുന്നതും കൊണ്ടല്ലേ?

ഭർത്താവ് ഒരു പുരുഷനാണ് എന്ന് എല്ലാ സ്ത്രീകളും മനസിലാക്കണം. പുരുഷന് പെട്ടെന്ന് ദേഷ്യം വരും. അപ്പോൾ വല്ലതുമൊക്കെ വിളിച്ചു പറഞ്ഞെന്നിരിക്കും. അഞ്ചു മിനിറ്റ് നേരത്തേക്ക് ഉള്ളൂ അത്. പറഞ്ഞതൊക്കെ മനസ്സിൽ വെച്ച് നടക്കാനുള്ള കപ്പാസിറ്റി ഒന്നും പുരുഷനു ഇല്ല. ദേഷ്യം വരുമ്പോൾ എന്തെങ്കിലുമൊക്കെ പറഞ്ഞെന്നിരിക്കും. സ്ത്രീകൾ അതൊന്നും തലച്ചോറിനകത്തു സൂക്ഷിച്ചു വയ്ക്കരുത്. സ്ത്രീകൾക്കു പുരുഷന്മാരേക്കാൾ ഓർമശക്തി കൂടുതലാണ്. ഒരിക്കൽ എന്തെങ്കിലും കേട്ടാൽ അത് ഓർമ്മയിൽ സൂക്ഷിച്ചു വയ്ക്കും. ഇടയ്ക്കിടെ അത് എടുത്തിടും. ഇത്രയും ഓർമശക്തി വല്ല ഫിസിക്സിലോ കണക്കിലോ ഒക്കെ പ്രയോഗിച്ചിരുന്നെങ്കിൽ എത്രയോ സ്ത്രീകൾ ഇന്ന് ശാസ്ത്രജ്ഞർ ആയേനെ. പുരുഷൻ പറഞ്ഞത് പെട്ടെന്ന് മറന്നു പോകും . സ്ത്രീ മറക്കില്ല. അഞ്ചുവർഷം കഴിഞ്ഞാലും അന്ന് അങ്ങനെ പറഞ്ഞില്ലേ ഇങ്ങനെപറഞ്ഞില്ലേ എന്നൊക്കെ ചോദിക്കും. പക്ഷേ പുരുഷന് അതുവല്ലതും ഓർമ്മയുണ്ടോ? അതുകൊണ്ട് സ്ത്രീകൾ ഇങ്ങനെയുള്ള വികാര പ്രകടനങ്ങൾക്ക് പുരുഷന് ചില ഡിസ്‌കൗണ്ട് ഒക്കെ കൊടുക്കണം.

ക്ഷോഭിച്ചു നിൽക്കുന്ന ഒരു പുരുഷനെ ശാന്തനാക്കാൻ ഭാര്യക്ക് മാത്രമേ കഴിയൂ. പുരുഷൻ അവന്റെ കർമ്മപഥത്തിൽ മുൻപോട്ടു പോകുമ്പോൾ ഞാൻ നിന്റെ കൂടെ ഉണ്ട് എന്ന് പറഞ്ഞ് അവനെ ശക്തിപ്പെടുത്താൻ ഭാര്യക്ക് മാത്രമേ കഴിയൂ. ഭാര്യ ആ കർത്തവ്യം നിർവഹിക്കുമ്പോൾ പുരുഷൻ വലിയ വലിയ നേട്ടങ്ങൾ കൈവരിക്കും. അതുകൊണ്ടാണ് ബൈബിളിൽ ശലോമോൻ പറയുന്നത് നല്ല ഭാര്യ ലഭിക്കുന്ന പുരുഷൻ ഭാഗ്യവാനാണെന്ന്. ഭർത്താവിന്റെ മഹത്വത്തിൽ പങ്കുചേരാൻ, ഭർത്താവിനെ ഉയർച്ചയിലേക്ക് നയിക്കാൻ ഭാര്യമാർ ഏറ്റവും വലിയ റോൾ വഹിക്കണം.

Also Read പ്രകൃതിചികിത്സയിലൂടെ ഫാറ്റിലിവറിനെ പഴയപടിയിലേക്ക് തിരികെ കൊണ്ടുവരാം

മറ്റൊന്ന് വീട്ടിലെ പ്രാർത്ഥനയുടെ ആവശ്യകതയാണ്. ചെറുപ്രായത്തിൽ, അതായത് നാലു വയസ്സാകുമ്പോൾ തന്നെ കുട്ടികളെ പ്രാർത്ഥിക്കാൻ പഠിപ്പിക്കണം. ഈശ്വരവിശ്വാസം പഠിപ്പിക്കണം. വേദപുസ്തകം എന്താണ് പറയുന്നത് എന്ന് പഠിപ്പിക്കണം. യേശു തമ്പുരാൻ ആരായിരുന്നു എന്ന് പഠിപ്പിക്കണം. സഭയുടെ വിശ്വാസങ്ങൾ എന്തൊക്കെയാണ് എന്ന് കുട്ടികളെ ചെറുപ്പത്തിൽ തന്നെ പഠിക്കണം. അങ്ങനെ അവൻ മുളയിലെ അത് പഠിച്ചാൽ മരണംവരെ വിശ്വാസം കാത്തു സൂക്ഷിക്കുന്ന ഒരാളായി മാറും. അവൻ ഒരിക്കലും വിശ്വാസത്തിൽനിന്നു വ്യതിചലിക്കില്ല.

എന്റെ വല്യമ്മച്ചിമാർ രണ്ടുപേരും ഭയങ്കര പ്രാർത്ഥനക്കാരാണ്. ചെറുപ്പത്തിൽ എന്നെ മടിയിൽ എടുത്തു വച്ചിട്ട് ഓരോ പ്രാർത്ഥനകൾ പറഞ്ഞുതരുമായിരുന്നു. വേദപുസ്തകത്തിലെ കഥകളെല്ലാം പറഞ്ഞു തന്നത് വല്യമ്മച്ചി ആണ്.അതുകൊണ്ട് പറഞ്ഞുതന്ന കഥകൾ ഒന്നും ഞാൻ മറന്നിട്ടില്ല. ഭക്തിയിൽ കുട്ടികളെ വളർത്തണം. സത്യത്തിന്റെ വഴിയിൽ അവരെ ജീവിക്കാൻ പ്രാപ്തരാക്കണം .

എന്റെ പോലീസ് ജീവിതത്തിൽ എന്റെ ഭക്തിയെപ്പറ്റി പലർക്കും എതിർപ്പുണ്ടായിട്ടുണ്ട്. ഒരിക്കൽ ഇന്ത്യൻ എക്സ്പ്രസ് എന്ന പത്രം ഞാൻ പള്ളികളിൽ പോയി പ്രസംഗിക്കുന്നതിന് എന്നെ കളിയാക്കി ഒന്നാംപേജിൽ വർത്തകൊടുത്തു. അലക്സാണ്ടർ ജേക്കബ് ഇന്ത്യൻ പോലീസ് സർവീസ് എന്നതിന് പകരം ഇന്ത്യൻ പാസ്റ്ററൽ സർവീസ് എന്ന് കളിയാക്കി വാർത്ത കൊടുത്തു. ഞാന് പത്രം വായിച്ചു ചിരിച്ചു. അതൊരു അംഗീകാരമായി മതമേ ഞാൻ കണ്ടുള്ളൂ.

Also Read ഒറിജിനൽ ഏത്, പെയിന്റിംഗ് ഏത് ? വരയിൽ വിസ്മയം തീർത്ത് സന്തോഷ് പോരുവഴി.

ഒരിക്കൽ ഒരു ഡിജിപി എന്നോട് പറഞ്ഞു. അലക്‌സാണ്ടർ യു ആർ മോർ എ ക്രിസ്ത്യൻ ദാൻ എ പോലീസ് ഓഫീസർ. എന്നെ കളിയാക്കാൻ പറഞ്ഞതാണ്. പക്ഷേ ഞാനതൊരു പ്രശംസ ആയിട്ടാണ് എടുത്തത്. നമ്മുടെ വിശ്വാസത്തെ വേറൊരാൾ ചോദ്യം ചെയ്താൽ നമ്മൾ അത് സന്തോഷത്തോടെ സ്വീകരിക്കണം.

വിശ്വാസത്തിൽ ഉറപ്പുള്ള മക്കളെ വളർത്തി കൊണ്ടുവരണം. രാവിലെയും വൈകിട്ടുമുള്ള പ്രാർത്ഥന നിർബന്ധമായും നടത്തിയിരിക്കണം. ഭർത്താവ് ആ സമയത്ത് വീട്ടിൽ ഉണ്ടാവില്ലായിരിക്കാം. എന്നെ പ്പോലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥൻ ചിലപ്പോൾ ദിവസങ്ങളോളം വീട്ടിൽ കാണില്ല. പക്ഷേ രാവിലെ കുട്ടികളെ വിളിച്ചുണർത്തി പ്രാർത്ഥിക്കുക എന്നത് എന്റെ ഭാര്യ കൃത്യമായി ചെയ്യുന്ന ഒരു കാര്യം ആണ്. അമ്മമാരാണ് ഇതിന് മുൻകൈയെടുക്കേണ്ടത്. മക്കളെ പ്രാർത്ഥന പഠിപ്പിക്കേണ്ടത് ഓരോ അമ്മയുടെയും കടമയാണ്.

സ്ത്രീകളാണ് അവരുടെ ഭർത്താവിന്റെയും കുടുംബത്തിന്റെയും കാവൽ എന്ന് ഓരോസ്ത്രീയും മനസിലാക്കിയിരിക്കണം.

Also Read മിമിക്രിയിൽ മാത്രമല്ല പാട്ടിലും മിടുക്കിയാണ് പ്രഭാവതിഅമ്മ

ഒരിക്കൽ ഒരു ഭർത്താവ് രാത്രി ഒമ്പതിന് എന്നെ വിളിച്ചു പറഞ്ഞു : ”സാറെ എന്റെ ഭാര്യ ഒരു ഗൾഫുകാരന്റെ കൂടെ ഓടി പോയി.” ഗൾഫുകാരൻ അവധിക്കു നാട്ടിൽ വന്നതാണ്. ഞാൻ ചോദിച്ചു ഡൈവോഴ്സ് വല്ലതും ആയതാണോ ? അയാൾ പറഞ്ഞു : ” ഇല്ല സാറേ അവൾ അങ്ങ് ഇറങ്ങിപ്പോയി”

എനിക്ക് ബന്ധമുള്ള ഒരു കുടുംബം ആണ്. അതുകൊണ്ട് അന്വേഷിക്കാൻ ഞാൻ മെനക്കെട്ട് ഇറങ്ങി. ഞാൻ അന്ന് ഡിജിപി ആണ്. ഞാൻ പോയി അവളെ കണ്ടു പിടിച്ചു. ഞാൻ പറഞ്ഞു, നീ എന്ത് വിവരക്കേടാണ് ഈ കാണിച്ചെ ? അവൾ പറഞ്ഞു, ഇല്ല ഞാൻ തിരിച്ചു പോകി ല്ല. ഭർത്താവിന്റെ കൂടെ ജീവിക്കാൻ വയ്യ എന്ന് . ഞാൻ പിന്നെ ഈ ഗൾഫ് കാരന്റെ അടുത്തുചെന്നു . ഞാൻ പറഞ്ഞു, താൻ എന്ത് പണിയാ കാണിച്ചത്. വേറൊരാളുടെ ഭാര്യയെയും കൊണ്ട് ഒളിച്ചോടുകയാണോ? നീ എവിടം വരെ പോകും ? കുറച്ചു നേരം ഞാൻ അവനെ വിരട്ടി. നിന്നെ അറസ്റ്റ് ചെയ്തു അകത്താക്കും എന്ന് ഞാൻ പറഞ്ഞു . അന്ന് ഞാൻ ജയിൽ ഡിജിപിയാണ് . അറസ്റ്റു ചെയ്ത് അങ്ങോട്ട് വന്നാൽ എന്റെ കയ്യിലേക്കാ നീ വരുന്നത് എന്ന് പറഞ്ഞു പേടിപ്പിച്ചു .അത് ഏറ്റു. അവൻ പറഞ്ഞു ഞാൻ പൊക്കോളാം എന്ന് . പിറ്റേദിവസം രാവിലെ അവൻ പ്ലെയിൻ കയറി ഗൾഫിലേക്ക് പോയി. ഭാര്യ തിരിച്ചു ഭർത്താവിന്റെ അടുത്തേക്ക് വന്നു.

24 മണിക്കൂർ കഴിഞ്ഞിരുന്നെങ്കിലോ? അവളുടെ ചാരിത്ര്യം നഷ്ടപ്പെട്ട് തിരിച്ചു വന്നിരുന്നെങ്കിലോ ? ഭർത്താവ് അവളെ സ്വീകരിച്ചില്ലെങ്കിലോ ? രാത്രിക്കു മുൻപ് പിടികൂടിയതുകൊണ്ട് തിരിച്ചുകിട്ടി. അങ്ങനെ ഒരു സ്ത്രീ പോയാൽ ആ കുടുംബത്തിന്റെ മാനം പോയില്ലേ? അവരുടെ കുട്ടികളുടെ ജീവിതം പോയില്ലേ?

Also Read ഒരു കുടയും കുഞ്ഞുപെങ്ങളും

ചെമ്മീൻ സിനിമയിൽ തകഴി പറയുന്ന പോലെ കണവൻ കടലിൽ പോയാൽ അവന് കാവൽ ഭാര്യയാണ് . മുക്കുവൻ കടലിൽ പോയി, അരയത്തി പെണ്ണ് തപസ്സിരുന്നു. അവനെ കടലമ്മ കൊണ്ടു വന്നു. എന്നാൽ വേറൊരു മുക്കുവൻ പോയി. അരയത്തി പെണ്ണ് പിഴച്ചു പോയി. അവനെ കടലമ്മ കൊണ്ടു പോയി. ഇത് മുക്കുവന്മാരെ ഉദ്ദേശിച്ചു തകഴി എഴുതിയതാണെങ്കിലും ഫലത്തിൽ ഓരോ കുടുംബത്തിനും ബാധകമാണ് .

വീട്ടിൽ നിന്നിറങ്ങിപ്പോകുന്ന ഭർത്താവ് സുരക്ഷിതനായി തിരിച്ചു വരുന്നത്, അവൻ അന്തസോടെ സമൂഹത്തിൽ മാന്യമായി ജീവിക്കുന്നത് ഭാര്യമാർ വീട്ടിലിരുന്ന് പ്രാർത്ഥിക്കുന്നതുകൊണ്ടാണ്. നിങ്ങളുടെ പ്രാർത്ഥന ഉണ്ടെങ്കിലേ ഭർത്താവിനു വിജയിക്കാൻ പറ്റൂ. അതുകൊണ്ട് ഭർത്താവിന്റെ കാവലാളായി ഭാര്യമാർ ഇരിക്കാൻ വേദപുസ്തകത്തിലെ താളുകളിൽ നിന്ന് നിങ്ങൾ പാഠങ്ങൾ പഠിച്ചു ജീവിക്കേണ്ടതാണ് .

ഡോ. അലക്‌സാണ്ടർ ജേക്കബ് ഐ പി എസിന്റെ പ്രഭാഷണം കേൾക്കു. ( വീഡിയോ കാണുക )

Also Read അച്ഛന്‍ അറിയാതെ ഐ. എ. എസ് നേടിയ ഒരുപെണ്ണിന്റെ കഥ

Also Read കേരളത്തിലെ ജനങ്ങൾ കാണണം കിഴക്കമ്പലത്തെ റോഡുകൾ, വീടുകൾ, സൂപ്പർമാർക്കറ്റ് എല്ലാം

Also Read ”ഇവിടെ നാലു ഡാമാണ് പൊട്ടാൻ പോകുന്നത്! ” ഓർക്കുന്നില്ലേ ആ പേടിപ്പിക്കൽ പ്രസംഗം.

Also Read നന്മചെയ്യുന്നവരെ മതവും ജാതിയും നോക്കാതെ ദൈവം രക്ഷിക്കുമെന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്

നന്മചെയ്യുന്നവരെ മതവും ജാതിയും നോക്കാതെ ദൈവം രക്ഷിക്കുമെന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്: ഫാ.ജോസഫ് പുത്തൻപുരക്കൽ

0
ജീവിതവിശുദ്ധിയും നൈർമല്യവുമൊക്കെ കാത്തു സൂക്ഷിച്ചു പോയാൽ എല്ലാ ജാതിയിൽ പെട്ടവർക്കും രക്ഷയുണ്ട്.

നമുക്ക് ഓരോ മതഗ്രന്ഥവും വെച്ച് മതഭ്രാന്ത് പഠിപ്പിക്കുവാൻ പറ്റും. ഖുർആൻ വെച്ച് മതഭ്രാന്ത് പഠിപ്പിക്കുന്നവർ ഉണ്ട്. മഹാഭാരതവും രാമായണവും വെച്ച് മതഭ്രാന്ത് പഠിപ്പിക്കുന്നവരും ഉണ്ട് . ബൈബിൾ വെച്ചും മതഭ്രാന്ത് പഠിപ്പിക്കുന്നവർ ഉണ്ട്.

എരുമയെയും പോത്തിനെയും കുളിപ്പിക്കുന്ന കുളത്തിൽ മുങ്ങിയാലേ നിത്യരക്ഷയുള്ളൂ എന്ന് പഠിപ്പിക്കുന്നവർ ഉണ്ട്. ഞങ്ങളുടെ കൂടെ വരാത്തവർ എല്ലാം നശിക്കും എന്ന് പറയുന്നത് ബൈബിൾ വെച്ചുള്ള മതഭ്രാന്ത് ആണ്.

ബൈബിൾ ശരിക്കും പഠിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അങ്ങനെയുള്ള വ്യാഖ്യാനങ്ങൾ ഒന്നും കൊടുക്കാൻ പറ്റില്ല. ക്രിസ്തു വഴിയും സത്യവും ജീവനും ആണ്. അങ്ങനെയെങ്കിൽ യഥാർത്ഥ വഴിയെ നടക്കുന്ന മുസൽമാനെയും ഹിന്ദുവിനേയും സത്യം പ്രവർത്തിക്കുന്ന ഏത് മതക്കാരനേയും, ജീവനെ മാനിക്കുന്ന ഏത് സമൂഹത്തിൽ പെട്ട ആളെയും ദൈവം കാക്കും. ഓരോരുത്തരുടെയും രക്ഷയ്ക്ക് വേണ്ടി ദൈവം കാണിച്ചുകൊടുത്ത ഓരോ വഴികൾ ആണ് അവർ പിറന്ന മതം. ആ മതത്തിനകത്തുതന്നെ രക്ഷക്കുള്ള വഴി ദൈവം ഒരുക്കി വച്ചിട്ടുണ്ട് . അത് മോശമാണെന്നും പറഞ്ഞ് പരിഹസിച്ചു പോകുന്നതിൽ അർത്ഥമില്ല.

Also Read ഭാര്യക്കും ഭർത്താവിനും പരസ്പരം സംശയം തോന്നുന്നത് പലതും ഒളിക്കുന്നതും മറയ്ക്കുന്നതും കൊണ്ടല്ലേ?

സ്വന്തം മതവിശ്വാസത്തെ ത്യജിച്ചിട്ടു മറ്റൊരു മത വിശ്വാസത്തിലേക്ക് പോകുന്നത് ഡൈവോഴ്സ് നടത്തി പോകുന്ന കെട്ടിയോനും ഭാര്യക്കും തുല്യമാണ്. നിങ്ങളുടെ മതം മഹാമോശം എന്റെ മതം വളരെ നല്ലത്. അങ്ങനെ വിധിക്കാൻ നമുക്ക് അവകാശമില്ല. അതിനെ വിളിക്കുന്നത് ഭക്തിയുടെ അഹങ്കാരം എന്നാണ് . ഈ ധ്യാന കേന്ദ്രം കൊള്ളില്ല , ആ ധ്യാനകേന്ദ്രമാണ് നല്ലത് എന്ന് പറഞ്ഞു ധ്യാന കേന്ദ്രങ്ങൾ തോറും മാറി മാറി ഓടിനടന്നു ധ്യാനം കൂടുന്നതിൽ യാതൊരു അർത്ഥവുമില്ല .

ജീവിതവിശുദ്ധിയും നൈർമല്യവുമൊക്കെ കാത്തു സൂക്ഷിച്ചു പോയാൽ എല്ലാ ജാതിയിൽ പെട്ടവർക്കും രക്ഷയുണ്ട്. അങ്ങനെയേ വേദപുസ്തകത്തെ നമുക്ക് വ്യാഖ്യാനിക്കാൻ പറ്റൂ.

ഇന്ന് ആൾക്കാർ എവിടെ ധ്യാനം വച്ചാലും അങ്ങോട്ട് പായും. ഒരു പത്ത് വർഷക്കാലം ഒരു പ്രത്യേക ധ്യാന കേന്ദ്രത്തിലേക്ക് ഒറ്റ പോക്കാണ്. അതേ ആൾക്കാർ അടുത്ത 10 വർഷം വേറൊരു ധ്യാനകേന്ദത്തിലേക്ക് പോകും. അങ്ങനെ മാറി മാറി പോയതുകൊണ്ടൊന്നും ആധ്യാത്മിക വളരില്ല.

Also Read ”ഇക്കാലത്ത് വിവാഹമോചനത്തിന് വരുന്ന യുവതീയുവാക്കൾ പറയുന്ന പരാതി കേട്ടാൽ നിങ്ങൾ ഞെട്ടും!” ഫാ.തോമസ് കോഴിമല

ആധ്യാത്മികത എന്നത് ബേസിക് ഓറിയന്റേഷനിൽ വരുന്ന ഒരു മാറ്റം ആണ്. അത് നമ്മുടെയൊക്കെ കാരണവന്മാരുടെ കാലത്ത് ഉള്ളതായിരുന്നു. എത്ര ക്ഷാമം വന്നാലും തമ്പുരാൻ കാത്തുകൊള്ളും എന്ന അപ്പനമ്മമാരുടെ ആ ഒരു വിശ്വാസം ഉണ്ടല്ലോ, ആ വിശ്വാസദാർഢ്യം ഇന്ന് പലർക്കും ഇല്ല. ഇന്ന് വെള്ളത്തിലെ ഓളം പോലെ, കടലിലെ തിരമാലപോലെ, വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ചകിരി പോലെ, ഇമോഷണൽ തലത്തിൽ മാത്രമേ ആത്യാത്മികത ഉള്ളൂ. അത് ആഴത്തിലേക്ക് ഇറങ്ങുന്നില്ല. മാറ്റം വരണമെങ്കിൽ ഓരോ ധ്യാനത്തിലും കിട്ടുന്ന ചിന്തകളുടെ വെളിച്ചത്തിൽ എന്തെങ്കിലുമൊരു കാര്യം കുടുംബജീവിതത്തിൽ കൊണ്ടുവരണം. ജീവിതരീതിയിൽ ഒരു തിരുത്തലൊക്കെ വരുമ്പോഴേ മാറ്റം ഉണ്ടാകൂ. അതു മാറ്റാതെ പുതിയ പുതിയ ധ്യാനം കൂടിയത് കൊണ്ട് യാതൊരു കാര്യമില്ല. അങ്ങനെ തപ്പിത്തപ്പി പോകുന്നത് കൊണ്ടാണ് മാറ്റം ഉണ്ടാവാത്തത്. ഒരുപാട് ധ്യാനങ്ങൾ കൂടുതൽ അർത്ഥമില്ല. ധ്യാനത്തിൽ കിട്ടുന്നത് ജീവിതത്തിൽ പകർത്തണം .

പ്രാർത്ഥന മാത്രം പോരാ. പ്രാർത്ഥനയും പ്രവർത്തിയും മിക്സ് ചെയ്തതാവണം. പ്രാർത്ഥന മാത്രം മതി എന്ന് ചിലർ പറയുന്നത് ഒരു രക്ഷപെടൽ ആണ്. മറ്റെല്ലാത്തിൽനിന്നും മാറി വേറെ ലോകത്ത് ജീവിക്കുന്ന ഒരു അവസ്ഥയാണത്.

Also Read ”പുത്തൻപുരയ്ക്കൽ ജോസഫേ നീ ഏത് ധ്യാനഗുരു ആയാലും നിന്റെ അപ്പന്റെ ഒട്ടുപാൽ മണം മറക്കരുത്”

എന്തിനുവേണ്ടിയാണ് പ്രാർത്ഥന ? പ്രവർത്തിക്കാനുള്ള ശക്തിയുടെ ഊർജ്ജം ആയിട്ടാണ് പ്രാർത്ഥന. പ്രാർത്ഥനയും പ്രവൃത്തിയും മിക്സ് ചെയ്തു കൊണ്ടുപോകുന്നതാണ് ദൈവഹിതം. താൻ പാതി ദൈവം പാതി എന്നല്ലേ പറയുന്നത് ? കർത്താവ് ഭവനം പണിയുന്നില്ലെങ്കിൽ പണിക്കാർ വ്യർത്ഥം. കർത്താവ് നഗരം കാക്കുന്നില്ലെങ്കിൽ കാവൽക്കാരനെകൊണ്ട് എന്തുഗുണം? എന്ത് ചെയ്യുമ്പോഴും ഓർക്കണം ദൈവാനുഗ്രഹം ഇല്ലെങ്കിൽ ഒന്നും നടക്കില്ല എന്ന്. ജോലി ചെയ്യുന്നതിന് ഫലം ഉണ്ടാവണമെങ്കിൽ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകണം . മനുഷ്യൻറെ കഴിവുകൾക്ക് പരിധിയുണ്ട്. മനുഷ്യന് കുരുക്ക് ഇടാൻ പറ്റും. കുരുക്കഴിക്കാൻ ദൈവം തന്നെ വേണം. ചില കാര്യങ്ങളിൽ നമ്മൾ ചിന്തിച്ച് തല പുകയുമ്പോൾ ഒരു ചെറിയ ഇടപെടലിലൂടെ ദൈവം അത് എളുപ്പമുള്ളതാക്കി തരുന്നു.

കാപ്പിപ്പൊടി അച്ചൻ എന്നറിയപ്പെടുന്ന ഫാ ജോസഫ് പുത്തൻപുരക്കലിന്റെ സംഭാഷണം കേൾക്കൂ

Also Read ”ഒന്നും കഴിക്കാൻ ഇല്ലാത്തവർ കഴിക്കുന്നതല്ല വിവാഹം.” ഫാ.തോമസ് കോഴിമല

Also Read ഭർത്താവിന്റെ സ്നേഹം പിടിച്ചുപറ്റാൻ ഭാര്യ പ്രയോഗിച്ച സൂത്രം പാളിപ്പോയ കഥ!

Also Read രണ്ടു വഴിയിലൂടെ ഭർത്താവിനെ വരച്ചവരയിൽ നിറുത്താനുള്ള കൃപ പെണ്ണുങ്ങൾക്ക് ദൈവം കൊടുത്തിട്ടുണ്ട്

Also Read പെണ്ണുങ്ങൾക്ക് ഷേക് ഹാൻഡ് കൊടുത്താൽ മേഡേൺ ബ്രെഡിന് ഷേക്ക് ഹാൻഡ് കൊടുക്കുന്നതുപോലെയാ !