Home Entertainment അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 20. രചന: ഇഗ്‌നേഷ്യസ് കലയന്താനി

അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 20. രചന: ഇഗ്‌നേഷ്യസ് കലയന്താനി

2476
0
അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 20 . രചന: ഇഗ്‌നേഷ്യസ് കലയന്താനി

കഥ ഇതുവരെ:
അനാഥാലയത്തില്‍ വളര്‍ന്ന, സുന്ദരിയും പാട്ടുകാരിയുമായ അനിതയോടു പ്രണയം തോന്നി, ധനാഢ്യനായ ഇലഞ്ഞിക്കല്‍ റോയി അവളെ കല്യാണം കഴിച്ചു. അനിതയെ മാനസികമായി പീഡിപ്പിച്ചതിന്റെ പേരിൽ പപ്പയോടു വഴക്കിട്ട് റോയിയും ഭാര്യയും വാടകവീട്ടില്‍ താമസമാക്കി. മദ്യപാനവും ചീട്ടുകളിയുംമൂലം കടക്കെണിയിലായ റോയി പണമുണ്ടാക്കാന്‍ കള്ളനോട്ടുകച്ചവടത്തില്‍ പങ്കാളിയായി. പോലീസ് അയാളെ അറസ്റ്റുചെയ്തു ജയിലിലാക്കി. അഭയംതേടി അനിത ഇലഞ്ഞിക്കല്‍ തറവാട്ടിലെത്തി. അവളെ രഹസ്യമായി കൊന്നുകളയാന്‍ റോയിയുടെ പപ്പ ക്വട്ടേഷന്‍ സംഘത്തെ ചുമതലപ്പെടുത്തി. എന്നാല്‍ ഗര്‍ഭിണിയായ അനിതയെ കണ്ടപ്പോള്‍ സഹതാപം തോന്നിയ വാടക ഗുണ്ട അവളെ ഇടുക്കിയില്‍ കടുവാക്കുന്ന് എന്ന ഗ്രാമത്തില്‍ വൃദ്ധയായ ഏലിക്കുട്ടിയുടെ വീട്ടില്‍ രഹസ്യമായി പാര്‍പ്പിച്ചു. അനിതയെ കൊന്നു കളഞ്ഞു എന്നു പറഞ്ഞ് സഖറിയാസിന്‍റെ പക്കല്‍നിന്ന് അയാള്‍ പണം വാങ്ങിക്കൊണ്ടുപോയി. റോയിയെ സഖറിയാസ് ജാമ്യത്തിലിറക്കി. അനിത റോയിയെ ഉപേക്ഷിച്ചിട്ട് മറ്റൊരാളുടെ കൂടെ നാടുവിട്ടുപോയി എന്നു സഖറിയാസ് മകനെ തെറ്റിദ്ധരിപ്പിച്ചു. അനിതയെ പരിചയപ്പെട്ട കടുവാക്കുന്ന് പള്ളിയിലെ വികാരിയച്ചന്‍ ഫാ ആന്റണി ആലുംമൂട്ടിൽ അവളെ പള്ളിയിലെ ഗായകസംഘത്തിന്റെ ലീഡറാക്കി. (തുടര്‍ന്നു വായിക്കുക)

ജയിലില്‍ നിന്നു പുറത്തിറങ്ങി ഇലഞ്ഞിക്കല്‍ തറവാട്ടില്‍ തിരിച്ചെത്തിയ റോയി ഒരു പുതിയ മനുഷ്യനായി മാറിയിരുന്നു. പഴയ വീര്യവും ശൗര്യവും പാടെ ചോര്‍ന്നുപോയി. ഇപ്പോള്‍ ആരോടും അധികം മിണ്ടാട്ടമില്ല. മദ്യപാനം പൂര്‍ണ്ണമായും നിറുത്തി. പുലിപോലെയിരുന്ന ആള്‍ എലിപോലെ ചുരുണ്ടതു കണ്ടപ്പോള്‍ സഖറിയാസും മേരിക്കുട്ടിയും അതിശയിച്ചുപോയി. ഇതെന്തൊരു മാറ്റം ! പഴയ മകന്‍ മരിച്ചുപോയിട്ട് പുതിയൊരാള്‍ ഉയിര്‍ത്തെഴുന്നേറ്റു വന്നതുപോലെയാണ് സഖറിയാസിനു തോന്നിയത്. ഒന്നാം നിലയിലെ അടച്ചു കുറ്റിയിട്ട മുറിയില്‍ ഏകനായി അവന്‍ ഇരിക്കുന്നതു കണ്ടപ്പോള്‍ സഖറിയാസിനും മേരിക്കുട്ടിക്കും തെല്ലു ഭയം തോന്നി. മകന്‍റെ മാനസികനിലയില്‍ താളപ്പിള പറ്റിയോ എന്നുപോലും സംശയിച്ചു.

അനിതയെപ്പറ്റിയുള്ള ചിന്തകളാണ് റോയിയെ തളര്‍ത്തിയത്. തന്നെ ഉപേക്ഷിച്ചിട്ട് അവള്‍ നാടുവിട്ടുപോയല്ലോ എന്ന സങ്കടം! താന്‍ അവളെ ഒരുപാടു വേദനിപ്പിച്ചല്ലോ എന്ന കുറ്റബോധം. കടം കയറി നില്‍ക്കക്കള്ളി ഇല്ലാതായപ്പോള്‍ പണയം വയ്ക്കാന്‍ താലിമാല ഊരിത്തന്നു സഹായിച്ച അവളോടു താന്‍ എന്തുമാത്രം നുണ പറഞ്ഞു! തനിക്കിനി അവളെ സംരക്ഷിക്കാനുള്ള കെല്പില്ലെന്നു തോന്നിയതുകൊണ്ടല്ലേ മറ്റൊരാളുടെ കൂടെ അവള്‍ ഇറങ്ങിപ്പോയത്? ഇല്ലെങ്കിൽ ഗർഭിണിയായ ഒരു പെണ്ണ് അങ്ങനെ ഇറങ്ങി പോകുമോ ?ജീവിച്ചിരിപ്പുണ്ടോ? മരിച്ചോ? ആര്‍ക്കറിയാം. എന്തായാലും ഇനി തിരിച്ചുവരുമെന്നു പ്രതീക്ഷ വേണ്ട . മാസം രണ്ടു കഴിഞ്ഞില്ലേ പോയിട്ട്. ഒന്ന് ഫോൺ വിളിക്കുക പോലും ചെയ്തില്ല . അത്രയ്ക്കും വെറുപ്പായിരിക്കും തന്നോട്. തന്റെ ജീവിതം ഒരു പുകഞ്ഞ കൊള്ളിയായിപ്പോയല്ലോ. അവളുണ്ടായിരുന്നെങ്കിൽ ഒന്നാശ്വസിപ്പിക്കുകയെങ്കിലും ചെയ്തേനെ .

റോയി മേശയിലേക്കു മുഖം ചായ്ച്ച് ഒരു ജീവച്ഛവംപോലെ ഇരുന്നു.

“മോനേ…”
പുറത്ത് അമ്മയുടെ വിളിയൊച്ച കേട്ടതും അവന്‍ എണീറ്റു ചെന്നു വാതില്‍ തുറന്നു.
“നീയിങ്ങനെ മുറിയില്‍ത്തന്നെ ചടഞ്ഞുകൂടിയിരിക്കാതെ പുറത്തേക്കൊക്കെ ഒന്നിറങ്ങാന്‍ മേലായിരുന്നോ? ആ പണിക്കാരുടെ അടുത്തുപോയി കൃഷിപ്പണികളൊക്കെയൊന്നു നോക്കി നടത്തരുതോ? പുറത്തിറങ്ങി ഇത്തിരി ശുദ്ധവായു എങ്കിലും ശ്വസിക്ക്. ”
അവന്റെ സ്ഥിതികണ്ടപ്പോൾ മേരിക്കുട്ടിക്കു സങ്കടമായിരുന്നു.
“എനിക്കു മനസ്സിന് ഒരു സുഖമില്ലമ്മേ… അമ്മ പൊയ്‌ക്കോ … ഞാന്‍ കുറച്ചുനേരം തനിച്ചൊന്നിരിക്കട്ടെ.”
“വന്നപ്പം മുതല്‍ ഈ മുറീല്‍ ചുരുണ്ടുകൂടിയിരിക്ക്വല്ലേ നീ ? എന്താ നിന്‍റെ പ്രയാസമെന്നു പറ ? കേസിന്‍റെ കാര്യം ഓര്‍ത്താണോ? അതാണെങ്കില്‍ നീ ഒട്ടും പേടിക്കണ്ട. പപ്പ നല്ല വക്കീലിനെ വച്ചിട്ടുണ്ട്. ഈസിയായിട്ട് ഊരിപ്പോരാമെന്നാ വക്കീലു പറഞ്ഞത്. “
“അതല്ലമ്മേ. അനിതയെക്കുറിച്ചോര്‍ക്കുമ്പം നെഞ്ചു വിങ്ങി കഴയ്ക്കുവാ…”
“അവള് മരിച്ചുപോയിട്ടൊന്നുമില്ലല്ലോ? കുറച്ചുനാള് കഴിയുമ്പം തിരിച്ചു വരുമായിരിക്കും. നീ എണീറ്റു വാ… എന്നിട്ട് വയറു നിറച്ച് വല്ലതും കഴിക്ക്! ശരീരത്തിന് ഒരു ഉണർവ്വും ഉന്മേഷവുമൊക്കെ വരട്ടെ. ചുമ്മാ ചുരുണ്ടുകൂടി തളർന്ന്‌ ഇരിക്കാതെ എണീറ്റ് വാന്നേ .”
മേരിക്കുട്ടി അവനെ ബലമായി പിടിച്ചെഴുന്നേല്പിച്ച് കൊണ്ടുപോയി ഭക്ഷണം വിളമ്പിക്കൊടുത്തു.
രാത്രിയില്‍ ഉറങ്ങാന്‍ കിടന്നപ്പോള്‍ മേരിക്കുട്ടി ഭര്‍ത്താവിനോടു പറഞ്ഞു:
“അവനാ പെണ്ണിനെ ഇപ്പഴും ഓര്‍ത്തോണ്ടിരിക്ക്വാ കേട്ടോ. അതോര്‍ത്തിട്ടാ അവന്‍റെ വിഷമമെന്ന് അവന്‍ എന്നോട് പറഞ്ഞു.”
“കുറച്ചു കഴിയുമ്പം അതു മാറിക്കോളും.”
“എനിക്കു തോന്നുന്നില്ല. ഇപ്പം മാസം രണ്ടു കഴിഞ്ഞില്ലേ? കൂടിയതല്ലാതെ കുറഞ്ഞില്ലല്ലോ? ഞാനൊരു കാര്യം പറയട്ടെ?”
“ഉം.”
“നമ്മൾ എന്തിനാ ആ പെണ്ണിനെ ഹൈറേഞ്ചിൽ കൊണ്ടുപോയി താമസിപ്പിച്ചിരിക്കുന്നെ? പ്രസവം കഴിയാനൊന്നും ഇനി നോക്കിയിരിക്കണ്ട . നമുക്ക് അവളെ ചെന്ന് ഇങ്ങോട്ടു വിളിച്ചോണ്ടു വന്നാലോ? അവനു അവളെ കാണുമ്പം വലിയ സന്തോഷമാകും. നമ്മളോടുള്ള ഇഷ്ടം കൂടുകയും ചെയ്യും. “
“എവിടുന്ന് വിളിച്ചോണ്ട് വരാൻ ?”
“അച്ചായന്‍ അവളെ കൊണ്ടാക്കിയിടത്തുനിന്ന്.”
“നരകത്തിന്നോ? അതോ സ്വർഗ്ഗത്തിന്നോ ?”
“അച്ചായനെന്നാ ഈ പറയുന്നേ ? ഇടുക്കിയിലെ ഏതോ വീട്ടില്‍ കൊണ്ടെയാക്കിയിരിക്ക്വല്ലേ അവളെ? അച്ചായന്‍ അതു മറന്നുപോയോ ?”
“എന്‍റെ പൊന്നു മേരിക്കുട്ടീ നീ ഇത്ര ശുദ്ധഗതിക്കാരിയായി പോയല്ലോ. ഇനി അവളെ വിളിച്ചോണ്ടു വരണമെങ്കില്‍ അങ്ങു സ്വര്‍ഗ്ഗത്തിലേക്കോ നരകത്തിലേക്കോ ചെല്ലണം. മിക്കവാറും നരകത്തിലായിരിക്കും. “
“എന്നതാ അച്ചായാ ഈ പറയുന്നേ?”
മേരിക്കുട്ടി നെറ്റി ചുളിച്ചു.
“ഞാനവളെ ഇടുക്കീല്‍ കൊണ്ടാക്കാമെന്നു പറഞ്ഞ് ഒരാളുടെ കൂടെ പറഞ്ഞയച്ചില്ലേ? അന്നു തീര്‍ന്നെടി അവളുടെ കഥ.”
ഒന്നും മനസ്സിലാകാതെ വായ് പൊളിച്ചിരുന്നു മേരിക്കുട്ടി.
”ഒന്ന് തെളിച്ചുപറ അച്ചായാ. ”
വാടകക്കൊലയാളിയുടെ കൂടെ അനിതയെ പറഞ്ഞയച്ചതും അവളെ കൊന്നു കത്തിച്ചുകളഞ്ഞു എന്നു പറഞ്ഞ് തിരിച്ചുവന്ന് അയാള്‍ പണം വാങ്ങിക്കൊണ്ടു പോയതുമെല്ലാം സഖറിയാസ് ഭാര്യയോടു വിശദീകരിച്ചു. സംഭവം കേട്ടപ്പോൾ മേരിക്കുട്ടി കരഞ്ഞുപോയി .
“സ്വന്തം മകന്റെ ഭാര്യയോട് ഇത്രയും ക്രൂരത കാണിക്കാൻ എങ്ങനെ മനസുവന്നു അച്ചായാ? അതും ഗർഭിണിയായ ഒരു പെണ്ണിനോട് ! കഷ്ടം ഒണ്ട്. ”
മേരിക്കുട്ടിക്ക് അത് സഹിക്കാൻ കഴിഞ്ഞില്ല. .ഭർത്താവിനോട് അവർക്ക് അന്ന് ആദ്യമായി ദേഷ്യവും വെറുപ്പും തോന്നി.
“അവളു ജീവിച്ചിരിക്കുന്ന കാലത്തോളം ഈ കുടുംബത്തില്‍ അനര്‍ത്ഥങ്ങള്‍ സംഭവിക്കുമെന്നാ ഒരു ജോല്‍സ്യന്‍ പറഞ്ഞത്. അവളിലെ ദുഷ്ടശക്തിയുടെ അടുത്ത ഇര നമ്മളാണെങ്കിലോ? ഒരു കുടുംബം മുഴുവന്‍ നശിക്കുന്നതിനെക്കാള്‍ നല്ലത് ഒരു വ്യക്തി നശിക്കുന്നതല്ലേ? നീ നോക്കിക്കോ ഇനി നമുക്ക് നല്ല കാലമായിരിക്കും വരാൻ പോകുന്നത് .”
“നമ്മള്‍ കത്തോലിക്കരല്ലേ അച്ചായാ? ജോല്‍സ്യത്തിലും കൂടോത്രത്തിലുമൊന്നും വിശ്വസിക്കരുതെന്നല്ലേ തിരുസഭ നമ്മളെ പഠിപ്പിച്ചിരിക്കുന്നത്.”
“രാഹുകാലത്തിലും വാസ്തുനോക്കുന്നതിലും വിശ്വസിക്കരുതെന്നല്ലേ സഭ പഠിപ്പിച്ചിരിക്കുന്നത്. എന്നിട്ട് നമ്മളു വീടു പണിതപ്പം ഇതുരണ്ടും നോക്കിയല്ലേടി കല്ലിട്ടത്?”
“അതുപോലാണോ അച്ചായാ ഇത്? റോയിച്ചനെങ്ങാനും ഇതറിഞ്ഞാല്‍…!”
“അവനിത് ഒരിക്കലും അറിയരുത് ! അവളവനെ ഉപേക്ഷിച്ചുപോയി എന്നു തന്നെ വിശ്വസിച്ചിരിക്കട്ടെ അവന്‍. എങ്കിലേ അവനെക്കൊണ്ടു വേറൊരു കല്യാണം കഴിപ്പിക്കാന്‍ പറ്റൂ. അതുകൊണ്ടാ ഞാൻ അങ്ങനെ ഒരു കഥയുണ്ടാക്കി അവനോടു പറഞ്ഞത്. “
” അവന്റെ വിഷമം മാറ്റാൻ ഇനി എന്താ ഒരു വഴി?”
” അവനെക്കൊണ്ട് കല്യാണം കൂടി കഴിപ്പിക്കണം.”
“അവനിനി ഒരു കല്യാണത്തിനു സമ്മതിക്കുമോ അച്ചായാ?”
“നീ പറഞ്ഞു സമ്മതിപ്പിക്കണം. കല്യാണം കഴിച്ചെങ്കിലേ അവന്‍റെ ഈ വിഷമോം പ്രയാസവുമൊക്കെ മാറുവൊള്ളൂ. ഇല്ലെങ്കില്‍ കുറച്ചു കഴിയുമ്പം അവനു ഭ്രാന്തു പിടിക്കും. ഒരു പെണ്ണു വന്നു കേറിയാല്‍ തീരുന്ന പ്രശ്നമേ അവനുള്ളൂ.”
“കള്ളനോട്ടുകേസിലെ പ്രതിക്ക് ആരാ അച്ചായാ പെണ്ണു കൊടുക്കുക?”
“വല്യകൊമ്പത്തെ പെണ്ണൊന്നും വേണ്ടെന്നേ . നമുക്കു പത്രത്തിലൊരു പരസ്യം കൊടുത്തു നോക്കാം. ആദ്യം നീ അവനെ പറഞ്ഞൊന്നു സമ്മതിപ്പിക്ക്.”
“ഞാന്‍ നോക്കാം. സമ്മതിച്ചാല്‍ ഭാഗ്യം.” മേരിക്കുട്ടി പ്രതീക്ഷയില്ലാത്ത മട്ടില്‍ പറഞ്ഞു.
പിറ്റേന്നു രാവിലെ റോയി ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ മേരിക്കുട്ടി അടുത്തു വന്നിരുന്ന് മകന്‍റെ ശിരസിൽ സ്നേഹവായ്‌പോടെ തലോടിക്കൊണ്ട് പറഞ്ഞു:
“നിന്‍റെ ഈ വിഷമോം സങ്കടോം മാറാന്‍ അമ്മ ഒരു വഴി പറയട്ടേ?”
“ഉം…”
“ഏതായാലും അനിത ഇനി തിരിച്ചുവരുമെന്നു പ്രതീക്ഷിക്കേണ്ട. ജീവിതകാലം മുഴുവന്‍ നിനക്ക് ഒറ്റയ്ക്കു കഴിയാനും പറ്റുകേല.” കുറച്ചുകൂടി ചേര്‍ന്നിരുന്നിട്ട് അവര്‍ തുടര്‍ന്നു: “നിനക്ക് വേറൊരു കല്യാണം ആലോചിക്കട്ടെ?”
“എനിക്കാരാ അമ്മേ ഇനി പെണ്ണു തരിക? ലോകം മുഴുവൻ അറിഞ്ഞില്ലേ ഞാൻ കള്ളനോട്ടുകേസിലെ പ്രതിയാണെന്ന്.”
“നമുക്ക് അന്വേഷിച്ചുനോക്കാം. കാശുണ്ടെങ്കില്‍ കിട്ടാത്തതെന്താ ഈ ഭൂമീലുള്ളത്. നീയൊന്നു സമ്മതം മൂളിയാല്‍ മാത്രം മതി. ബാക്കി ഞങ്ങള് നോക്കിക്കോളാം. “
“എനിക്കു താത്പര്യമില്ല.”
“അങ്ങനെ പറഞ്ഞാലെങ്ങനാ? നിന്നെ പറഞ്ഞു സമ്മതിപ്പിക്കണമെന്നു പറഞ്ഞിട്ടാ പപ്പ പോയിരിക്കുന്നേ. നിനക്കറിയാല്ലോ പപ്പാടെ സ്വഭാവം? പപ്പയ്ക്കു ദേഷ്യം വന്നാല്‍ ഇറക്കിവിടും നിന്നെ. പിന്നെ കേസു കളിക്കാന്‍ വേറെ വക്കീലിനെ വയ്ക്കേണ്ടി വരും. അതിനുള്ള കാശുണ്ടോ നിന്‍റെ കൈയില്‍? ഇനീം പോയി ജയിലില്‍ കിടക്കണോ ? ഒന്ന് ആലോചിച്ചു നോക്ക്. “
റോയി ധര്‍മ്മസങ്കടത്തിലായി. മറുപടി ഒന്നും പറയാതെ അവൻ കുറച്ചു നേരം മൂകനായി കീഴ്പോട്ടു നോക്കി ഇരുന്നു.
“പപ്പാടെ ഇഷ്ടത്തിനു സമ്മതിക്കൂ മോനേ. നിന്‍റെ ഭാവിക്ക് അതാ നല്ലത്. ആ പെണ്ണ് എന്തായാലും ഇനി തിരിച്ചു വരില്ല. അതോർത്തു നീ കാത്തിരിക്കണ്ട. “
“നിങ്ങടെ ഇഷ്ട്ടം പോലെ ചെയ്യ്.”
റോയി എണീറ്റു കൈ കഴുകിയിട്ട് മുറിയിലേക്കു പോയി.
വൈകുന്നേരം സഖറിയാസ് വന്നപ്പോള്‍, റോയി വിവാഹത്തിനു സമ്മതിച്ച കാര്യം മേരിക്കുട്ടി അറിയിച്ചു.
“ഇപ്പഴാ അവന്‍ നമ്മുടെ മോനായത്.” സഖറിയാസിനു സന്തോഷമായി.
വൈകാതെ സഖറിയാസ് പത്രത്തിലൊരു വിവാഹപ്പരസ്യം കൊടുത്തു. കുറെ ആളുകള്‍ ഫോണില്‍ വിളിച്ചു. കള്ളനോട്ടു കേസിലെ പ്രതിയാണെന്നറിഞ്ഞപ്പോള്‍ വിളിച്ചവരെല്ലാം അപ്പോഴേ ഫോണ്‍ കട്ടു ചെയ്തു. സഖറിയാസും മേരിക്കുട്ടിയും മുഖത്തോട് മുഖം നോക്കി .
“എനിക്കു തോന്നുന്നില്ല, ഇനിയൊരു കല്യാണം നടക്കുമെന്ന്. “
മേരിക്കുട്ടി ദുഃഖഭാരത്തോടെ പറഞ്ഞു. സഖറിയാസ് മറുപടി ഒന്നും പറഞ്ഞില്ല. അയാളുടെ പ്രതീക്ഷയും ഏറെക്കുറെ അസ്തമിച്ചിരുന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം ഒരു ആലോചനയുമായി ഒരു കല്യാണബ്രോക്കർ ഇലഞ്ഞിക്കല്‍ വീട്ടില്‍ വന്നു.
ഉയർന്ന കുടുംബത്തിലെ പെണ്ണ്. രണ്ടാം വിവാഹമാണ് . ഭര്‍ത്താവ് കല്യാണം കഴിഞ്ഞ് ഒരു വര്‍ഷത്തിനു മുമ്പേ അറ്റാക്കു വന്നു മരിച്ചുപോയി. കുട്ടികളൊന്നുമില്ല.
“ഇവിടത്തെ സ്ഥിതിഗതികളൊക്കെ ഞാനവരോടു പറഞ്ഞിട്ടുണ്ട്. കേസില്‍ പ്രതിയാണെന്ന കാര്യത്തിലൊന്നും അവര്‍ക്കു പ്രശ്നമില്ല. കാശുണ്ടെങ്കില്‍ ഏതു കേസീന്നാ ഊരിപ്പോരാന്‍ മേലാത്തതെന്നാ അവരു ചോദിച്ചത്.” ബ്രോക്കര്‍ പറഞ്ഞു.
“എന്നാലും പെണ്ണു രണ്ടാം കെട്ടല്ലേ?”
മേരിക്കുട്ടിക്കു വിഷമം.
“കണ്ടാല്‍ അങ്ങനെ പറയുകേയില്ല. നല്ല സുന്ദരിയാ. കുട്ടികളൊട്ടില്ലതാനും . നിങ്ങളു പോയി ഒന്നു കണ്ടു നോക്ക്. കണ്ടാൽ നിങ്ങൾക്കിഷ്ടപ്പെടും. “
“പോയി നോക്കാം . അല്ലെ മേരിക്കുട്ടി ?.” സഖറിയാസ് ഭാര്യയെ നോക്കി.
” ഉം ” മേരിക്കുട്ടി തലകുലുക്കി
അടുത്ത ദിവസം റോയിയെയും കൂട്ടി അവര്‍ പെണ്ണു കാണാൻ പോയി.
സുന്ദരിപ്പെണ്ണ്! നല്ല സംസാരവും പെരുമാറ്റവും. പ്രായവും കുറവ്. ഒറ്റ നോട്ടത്തിലേ മൂന്നു പേര്‍ക്കും പെണ്ണിനെ ഇഷ്ടമായി.
പെണ്ണിനു റോയിയെയും ഇഷ്ടമായി .
ആ ആലോചന മുറുകി.
വിവാഹം ഉറപ്പിച്ചു.
ആർഭാടങ്ങളൊന്നുമില്ലാതെ ഇല്ലാതെ രജിസ്റ്റര്‍ മാര്യേജ് മതിയെന്ന് ഇരു കുടുംബവും തീരുമാനിച്ചു. പെണ്ണിന്‍റെ സഹോദരൻ കുവൈറ്റില്‍നിന്ന് വൈകാതെ വരും. അതു കഴിഞ്ഞു മതി കല്യാണം എന്ന് പെണ്ണിനു നിര്‍ബന്ധം. സഖറിയാസിനും മേരിക്കുട്ടിക്കും അതിൽ എതിർപ്പില്ലായിരുന്നു .
(തുടരും. )
രചന :ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved)

Also Read അവൾ അനാഥയല്ല- നോവൽ- അദ്ധ്യായം 1

Also Read അവൾ അനാഥയല്ല – നോവൽ – അദ്ധ്യായം 2

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 3

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 4

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 5

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 6

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 7

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 8

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 9

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 10

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 11

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 12

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 13

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 14

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 15

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 16

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 17

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 18

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 19

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here