Home Entertainment അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 14. രചന: ഇഗ്‌നേഷ്യസ് കലയന്താനി

അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 14. രചന: ഇഗ്‌നേഷ്യസ് കലയന്താനി

2002
0
അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 14. രചന: ഇഗ്‌നേഷ്യസ് കലയന്താനി

കഥ ഇതുവരെ-
കന്യാസ്ത്രീകൾ നടത്തുന്ന അനാഥാലയത്തിൽ വളർന്ന , സുന്ദരിയും പാട്ടുകാരിയുമായ അനിതയോട് ആ നാട്ടിലെ ധനാഢ്യനായ ഇലഞ്ഞിക്കൽ സഖറിയാസിന്റെ മകൻ റോയിക്ക് അനുരാഗം തോന്നി. റോയിയുടെ മാതാപിതാക്കൾ അവന്റെ നിർബന്ധത്തിനു വഴങ്ങി കല്യാണം നടത്തിക്കൊടുത്തു . ആദ്യരാത്രിയിൽ അനിതക്ക് മനസിലായി തന്റെ ഭർത്താവ് മദ്യത്തിന് അടിമയാണെന്ന് . അത് അവളെ തളർത്തി.
റോയിയുടെ അഭാവത്തിൽ അയാളുടെ പപ്പയും അമ്മയും അനിതയെ മാനസികമായി പീഡിപ്പിച്ചു. അനിത ഭർത്താവിനോട് തന്റെ ദുഃഖങ്ങൾ പറഞ്ഞു. അനിതയെ പീഡിപ്പിച്ചതിന്റെ പേരിൽ ഒരു രാത്രി മദ്യപിച്ചു വന്ന റോയി പപ്പയും അമ്മയുമായി വഴക്കിട്ടു . സഖറിയാസ് മകന്റെ കരണത്തടിച്ചു . കലിപൂണ്ട റോയി ആ രാത്രി തന്നെ ഭാര്യയെയും വിളിച്ചിറക്കി വീടുവിട്ടിറങ്ങി വാടകവീട്ടിൽ താമസമാക്കി . ഒരു ഇരുനില വീട് . മുകളിലത്തെ നിലയിൽ റോയിയും ഭാര്യയും . താഴെ വീട്ടുടമയായ ഹരികൃഷ്ണനും ഭാര്യ മിനിയും യു കെ ജിയിൽ പഠിക്കുന്ന മകൾ നീരജയും. ചെരിപ്പുകമ്പനിയിൽ ജോലിക്കെന്നു പറഞ്ഞു രാവിലെ പോകുന്ന റോയി നേരെ ചീട്ടുകളി കേന്ദ്രത്തിലേക്കാണ് പോകുന്നതെന്ന് ഹരിയിൽ നിന്ന് അനിത അറിഞ്ഞു. ഇതിന്റെ പേരിൽ റോയിയും അനിതയും തമ്മിൽ വഴക്കുണ്ടായി.
ഇണക്കവും പിണക്കവുമായി അവരുടെ ജീവിതം മുന്പോട്ടുപോകുന്നതിനിടയിൽ അനിത ഗർഭിണിയായി. ചീട്ടുകളിയിൽ നഷ്ടം വന്നു സാമ്പത്തിക പ്രതിസന്ധിയിലായ റോയി ഗർഭഛിദ്രം നടത്താൻ അനിതയെ നിർബന്ധിച്ചു. അവൾ സമ്മതിച്ചില്ല. അനിത ഓർഫനേജിൽ പോയി പഴയ കുട്ടികളെ കണ്ടു . വികാരിയചന്റെ നിർബന്ധപ്രകാരം അവൾ ഇലഞ്ഞിക്കൽ തറവാട്ടിൽ പോയെങ്കിലും സഖറിയാസ് അവളെ ആട്ടിപ്പായിച്ചു. അവിടെ പോയതിനു റോയി അവളോട് പൊട്ടിത്തെറിച്ചു . ബഹളം കേട്ട് ഹരിയും മിനിയും താഴെനിന്ന് മുകളിലേക്ക് ഓടിക്കയറി വന്നു. (തുടർന്ന് വായിക്കുക )

ഹരിയെയും മിനിയെയും കണ്ടപ്പോൾ റോയിക്കു ജാള്യം തോന്നി. അനിത കരച്ചിൽ അടക്കാൻ പാടുപെട്ടു.
“എന്താ ഇവിടെ ഒരു ബഹളം?” ഉല്കണ്ഠയോടെ ഹരി ആരാഞ്ഞു.
“ഞങ്ങളു കുടുംബകാര്യങ്ങളു സംസാരിച്ചതാ. പ്രശ്നമൊന്നുമില്ല. നിങ്ങള് പൊയ്‌ക്കോ ” മദ്യലഹരിയില്‍ കാലു നിലത്തുറയ്ക്കുന്നില്ലായിരുന്നു റോയിക്ക്.
“താഴെ ഒരു കുടുംബം താമസിക്കുന്നുണ്ടെന്ന വിചാരം വേണം.”
അല്പം ഗൗരവത്തിലായിരുന്നു ഹരി.
“ചട്ടീം കലോം ആയാല്‍ തട്ടീംമുട്ടീം ഇരിക്കും. ഇയാൾക്ക് ബുദ്ധിമുട്ടാണെങ്കില്‍ പറഞ്ഞേരെ, ഞാന്‍ വേറെ വീടു നോക്കിക്കോളാം.”
“ദയവു ചെയ്ത് ഒച്ച ഇത്തിരി കുറയ്ക്കണം. മോള് അവിടെ പഠിച്ചോണ്ടിരിക്ക്വാ. സഹികെട്ടിട്ടാ ഞങ്ങളു കേറി വന്നത്.”
“ഓ… ഉത്തരവ്. ”
കൈകൂപ്പി പരിഹാസരൂപേണ റോയി പറഞ്ഞു.
ഹരി അനിതയെ നോക്കി. ഒന്നും പറയരുതേ എന്ന് അപേക്ഷാഭാവത്തില്‍ ദൈന്യതയോടെയുള്ള അവളുടെ നില്പു കണ്ടപ്പോള്‍ അയാള്‍ക്കു സഹതാപം തോന്നി. മിനിക്കും വിഷമമായി. കൂടുതലൊന്നും സംസാരിക്കാൻ നിൽക്കാതെ മിനി ഭര്‍ത്താവിനെ വിളിച്ചുകൊണ്ടു താഴേക്കു പോയി.
റോയിയുടെ കോപം തെല്ല് അടങ്ങി. തലയിൽ ചൊറിഞ്ഞുകൊണ്ടു അയാള്‍ വന്നു കസേരയിലിരുന്നു. ദൂരേക്കു നോക്കി ചിന്താമൂകനായി ഇരിക്കുന്നത് കണ്ടപ്പോൾ അനിതക്ക് മനസിലായി എന്തോ വലിയ മാനസിക പ്രയാസം റോയിയെ അലട്ടുന്നുണ്ടെന്ന് .
പണത്തിന്‍റെ ദൗര്‍ലഭ്യം റോയിയെ അങ്ങേയറ്റം നിരാശനും ദുഃഖിതനുമാക്കിയിരുന്നു. ചീട്ടുകളിയിലൂടെ ഉണ്ടാക്കിയതെല്ലാം ചീട്ടുകളിയിലൂടെ തന്നെ നഷ്ടമായി. അന്‍പതിനായിരം രൂപയാണ് ഇപ്പോള്‍ കടം. അതെങ്ങനെ വീട്ടും? ഒരു ജോലിയുണ്ടായിരുന്നെങ്കില്‍ ആഹാരത്തിനുള്ള വരുമാനമെങ്കിലും ആയേനെ. ചീട്ടുകളിക്കാനും വീട്ടുചെലവിനും ഇനി ആരോടാണു കടം ചോദിക്കുക? കടം തന്നവരൊക്കെ തിരിച്ചു ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു. കടം വാങ്ങിയ കാശ് എങ്ങനെയുണ്ടാക്കിക്കൊടുക്കും?
റോയി എണീറ്റ് അലമാരയില്‍നിന്നു മദ്യക്കുപ്പി എടുത്തു തുറന്ന് അല്പം മദ്യം ഗ്ലാസിലേക്കു പകര്‍ന്നു. അനിത അത് കണ്ടെങ്കിലും ഒന്നും മിണ്ടിയില്ല. ഇഷ്ടംപോലെ കുടിച്ചോട്ടെ എന്നവള്‍ വിചാരിച്ചു. എതിര്‍ത്താല്‍ പ്രശ്നം വഷളാകുകയേയുള്ളൂ ! ഒരടിയോ തൊഴിയോ തന്നാല്‍ വയറ്റില്‍ക്കിടക്കുന്ന കുഞ്ഞിന്‍റെ ജീവനാണ് അപകടത്തിലാവുന്നത്. മദ്യപിച്ചു ഭ്രാന്തുപിടിച്ചു നിൽക്കുന്ന ഈ അവസ്ഥയിൽ ഇനിയും പ്രകോപിപ്പിക്കേണ്ട ! ഭൂമിയോളം ക്ഷമിക്കുക; സഹിക്കുക! വേലയും കൂലിയുമില്ലാത്ത ഒരു ഭാര്യക്ക് അതല്ലേ പറ്റൂ?
അന്ന്, പിന്നീടൊരക്ഷരം മിണ്ടിയില്ല റോയി ഭാര്യയോട്. അനിതയും മിണ്ടാന്‍ പോയില്ല.
രാത്രി അത്താഴം കഴിച്ചില്ല രണ്ടുപേരും.
മദ്യം കഴിച്ചിട്ട് റോയി വേഗം പോയി കിടന്നു. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ കൂര്‍ക്കം വലിക്കുന്ന ശബ്ദമാണ് കേട്ടത്.
കുളിയും പ്രാര്‍ത്ഥനയും കഴിഞ്ഞ് അനിതയും വന്നു കിടന്നു; റോയിയുടെ സമീപം എതിർദിശയിലേക്കു ചെരിഞ്ഞ് നിർവികാരയായി. മനസിൽ അപ്പോൾ, ഒരിക്കലും കാണാത്ത അവളുടെ പപ്പയുടെയും അമ്മയുടെയും മുഖങ്ങളായിരുന്നു തെളിഞ്ഞു വന്നത് . എന്തിനാണ് പപ്പയും അമ്മയും തന്നെ ഉപേക്ഷിച്ചിട്ട് പോയികളഞ്ഞത് ? പപ്പയും അമ്മയും ഉണ്ടായിരുന്നെങ്കിൽ തന്റെ വിഷമങ്ങളും വേദനകളും അവരുടെ മുൻപിൽ ഇറക്കി വച്ച് ആശ്വാസം കണ്ടെത്താമായിരുന്നു . ഇതിപ്പോൾ ആരോടാണ് ഒന്ന് പറയുക ? ഏങ്ങലടിച്ചു കിടന്ന് എപ്പോഴോ മയങ്ങി.
രാവിലെ എണീറ്റപ്പോഴും റോയി മൗനത്തിലായിരുന്നു. തന്നോടൊന്നും മിണ്ടുന്നില്ലെന്നു കണ്ടപ്പോള്‍ അനിത തന്നെ മൗനം ഭേദിച്ചു:
“റോയിച്ചനെന്താ പറ്റീത്? ഞാൻ ഓര്‍ഫനേജില്‍ പോയിട്ടു വന്നപ്പം മുതല്‍ ശ്രദ്ധിക്കുവാ, റോയിച്ചനെ എന്തോ വലിയ ദുഃഖം അലട്ടുന്നുണ്ട്. എന്താ റോയിച്ചാ? ഇന്നലെ പതിവിലേറെ കുടിക്കുകയും ചെയ്തല്ലോ? എന്താ വിഷമമെന്ന് എന്നോട് തുറന്നു പറ ”
ഭാര്യയുടെ സ്നേഹാർദ്രമായ ആ ചോദ്യത്തിനു മുമ്പിൽ റോയിയുടെ ഹൃദയം ഐസുപോലെ അലിഞ്ഞു. കുറ്റബോധംകൊണ്ട് അയാളുടെ കണ്ണുകള്‍ നിറഞ്ഞു. മിഴിനീര്‍ കവിളിലൂടെ ഒഴുകുന്നതുകണ്ടപ്പോള്‍ അനിതയ്ക്ക് ഉത്കണ്ഠയായി.
“ആദ്യമായിട്ടാണല്ലോ റോയിച്ചന്‍ കരഞ്ഞു കാണുന്നത്? എന്താ പറ്റിയതെന്ന് എന്നോടു പറ. ഞാൻ റോയിച്ചന്റെ ഭാര്യയല്ലേ ? എന്ത് വിഷമമുണ്ടെങ്കിലും എന്നോട് പറ ”
അനിത ഭര്‍ത്താവിനെ തന്നിലേക്കു ചേർത്തുപിടിച്ച് കണ്ണുനീര്‍ ഒപ്പി.എന്നിട്ട് ആ കവിളിൽ ഒരു ചുംബനം നൽകി . റോയിക്കു നെഞ്ചുപൊട്ടുന്ന വിഷമം തോന്നി. ഭാര്യയെ കെട്ടിപ്പിടിച്ചുകൊണ്ട് അയാള്‍ എല്ലാം തുറന്നു പറഞ്ഞു. ചീട്ടുകളിയില്‍ നഷ്ടം വന്നതും കടം കയറി നില്‍ക്കക്കള്ളിയില്ലാതായതുമെല്ലാം. അനിത ആശ്വസിപ്പിച്ചുകൊണ്ടുപറഞ്ഞു:
“സാരമില്ല റോയിച്ചാ. എല്ലാം ശരിയാകും. കടം വീട്ടാനുള്ള വഴി ഞാന്‍ പറഞ്ഞുതരാം. എന്‍റെ ഈ താലിമാല കൊണ്ടുപോയി പണയം വച്ചോ. ഇത് അഞ്ചു പവനുണ്ടല്ലോ. കടം വീട്ടാനും അത്യാവശ്യം നിത്യച്ചെലവിനുള്ളതും കിട്ടും. എനിക്കൊരു വരവുമാല വാങ്ങിച്ചുതന്നാല്‍ മതി. ഈ താലിയിടാൻവേണ്ടി മാത്രം.”
റോയി വിടർന്ന കണ്ണുകളോടെ തെല്ലുനേരം അവളെ നോക്കിനിന്നുപോയി. ഇത്രയും വിശാല ഹൃദയായ ഒരു മാലാഖയാണ് തന്‍റെ മുൻപിൽ ഇരിക്കുന്നതെന്ന് അയാൾ ഒരിക്കലും വിചാരിച്ചില്ല. ഈ സ്നേഹത്തിന് എന്തു പ്രതിഫലമാണു താന്‍ കൊടുക്കുക?
അവളെ ഗാഢമായി പുണർന്നു സ്നേഹവായ്പോടെ പലതവണ ചുംബിച്ചു റോയി . ആ സ്നേഹലഹരിയിൽ എല്ലാ ദുഃഖങ്ങളും മറന്ന് അനിത ഭര്‍ത്താവിന്‍റെ നെഞ്ചിലേക്കു പറ്റിച്ചേര്‍ന്നിരുന്നു; ഒരു കൊച്ചുകുട്ടിയെപ്പോലെ.
“കടങ്ങളെല്ലാം വീട്ടീട്ട് റോയിച്ചന്‍ ഇനി എന്തെങ്കിലും ജോലി ചെയ്തു ജീവിക്കണം. അപ്പം മനസ്സമാധാനവും കുടുംബത്തില്‍ ഐശ്വര്യവും ഉണ്ടാകും. ചീട്ടുകളിച്ചും ചൂതുകളിച്ചും മറ്റുള്ളവരുടെ കണ്ണീരുകൊണ്ട് ഉണ്ടാക്കുന്ന പണം ശ്വാശ്വതമാകില്ല റോയിച്ചാ ”
റോയി ഒന്നും പറഞ്ഞില്ല.
അയാൾ എണീറ്റുപോയി കണ്ണും മുഖവും കഴുകി.

*********

ഒരു ബുധനാഴ്ച!
ഉച്ചയ്ക്ക് ഊണുകഴിച്ചിട്ട് മുറിയില്‍ ബൈബിള്‍ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു അനിത. കോളിംഗ് ബെല്ലിന്‍റെ ശബ്ദം കേട്ടപ്പോള്‍ അവള്‍ ചെന്നു വാതില്‍ തുറന്നു.
ഹരികൃഷ്ണന്റെ ഭാര്യ മിനിയായിരുന്നു വാതിൽക്കൽ.
ചിരിച്ചുകൊണ്ട് അവരെ അകത്തേക്കു സ്വാഗതം ചെയ്തു.
“ഇന്നു നൈറ്റാ ഡ്യൂട്ടി. വെറുതെ ഇരുന്നപ്പം വന്നെന്നേയുള്ളൂ. തിരക്കിലായിരുന്നോ?”
“ഏയ്.. എനിക്കെന്തു തിരക്ക്.”
മിനി അകത്തുകയറി കസേരയിൽ ഇരുന്നു.
രണ്ടുപേരും കുറേനേരം വിശേഷങ്ങള്‍ പങ്കുവച്ചിരുന്നു . അനിത ചായയുണ്ടാക്കിക്കൊണ്ടുവന്നു കൊടുത്തു. ചായ കുടിക്കുന്നതിനിടയില്‍ മിനി പറഞ്ഞു:
“കഴിഞ്ഞ ദിവസം ഞങ്ങള്‍ അനിതേടെ കാര്യം പറഞ്ഞു. സ്വന്തമെന്നു പറയാന്‍ ആരുമില്ലാത്ത അവസ്ഥ എത്ര കഷ്ടമാ അല്ലേ?”
“ഓരോരുത്തര്‍ക്കും ഓരോന്നു വിധിച്ചിട്ടുണ്ടല്ലോ ചേച്ചീ”
അനിതയുടെ കണ്ണുകള്‍ നിറയുന്നതു മിനി ശ്രദ്ധിച്ചു.
“ഞങ്ങടെ കല്യാണം കഴിഞ്ഞിട്ട് അഞ്ചു വര്‍ഷമായി. ഇതുവരെ ഞങ്ങളു തമ്മില്‍ ഒരു വഴക്കുണ്ടാക്കീട്ടില്ല. ഞാനിതു പറയുമ്പം കൂടെയുള്ള നഴ്സുമാരു പറയും ചുമ്മാ നുണ പറയുന്നതാന്ന്. ആർക്കും അത് അങ്ങ് വിശ്വസിക്കാൻ പറ്റുന്നില്ല . നുണയല്ല കേട്ടോ. ഹരിയേട്ടനാണെങ്കില്‍ ഒരു കാര്യത്തിലും ദേഷ്യമോ പിടിവാശിയോ ഇല്ല. ആരേം സഹായിക്കുന്നതിനും മടിയില്ല. അതെന്റെ ഒരു വല്യ ഭാഗ്യമായി “
“നിങ്ങടെ ചിരിയും വര്‍ത്തമാനവുമൊക്കെ കേള്‍ക്കുമ്പം ഞാന്‍ ഓര്‍ക്കാറുണ്ട് എത്ര ഭാഗ്യമുള്ള ദമ്പതികളാണെന്ന്.”
”എല്ലാം ഈശ്വരാനുഗ്രഹം . ങ്ഹാ .., ഞാനിപ്പം വന്നത് വീടിന്‍റെ താക്കോലു തരാനും കൂടിയാ.” കയ്യിലിരുന്ന താക്കോല്‍ അനിതയ്ക്കു നീട്ടിക്കൊണ്ടു മിനി തുടര്‍ന്നു: “ഹരിയേട്ടന്‍ ഇന്നു താക്കോലെടുക്കാന്‍ മറന്നു. ഓഫീസില്‍ ഒരുപാടു ജോലിയുള്ളതുകൊണ്ട് ഇന്നിത്തിരി വൈകിയേ വരൂന്നു വിളിച്ചു പറഞ്ഞു. അതിനു മുമ്പ് എനിക്കു ഡ്യൂട്ടിക്കു കേറണം.”
“അപ്പം മോള്?”
“അവളു സ്കൂളീന്നു പിക്നിക് പോയിരിക്കുവാ. രാത്രിയേ വരൂ. ഹരിയേട്ടന്‍ പോയി കൂട്ടിക്കൊണ്ടു വന്നോളും.”
അനിത താക്കോല്‍ വാങ്ങി. മിനി യാത്ര പറഞ്ഞിട്ട് എണീറ്റു പുറത്തേക്കിറങ്ങി.
വൈകുന്നേരം ഏഴു മണിയായപ്പോഴാണ് ഹരികൃഷ്ണന്‍ എത്തിയത്. താക്കോല്‍ വാങ്ങാനായി പടികള്‍ കയറി നേരേ അനിതയുടെ വീട്ടിലേക്കാണ് അയാൾ വന്നത്. അനിത ഹരിയെ വിളിച്ച് അകത്തു കയറ്റി ഇരുത്തി.
“റോയി വന്നില്ലേ?”
ഹരി ആരാഞ്ഞു.
“ഇല്ല.”
“ഇപ്പഴും കുടി ഉണ്ടോ?”
“ഉം. “
“ഇങ്ങനെ പോയാല്‍ എങ്ങനെ മുമ്പോട്ടു പോകും? കഴിഞ്ഞ മാസത്തെ വാടക തന്നില്ല. ഞാന്‍ ചോദിക്കാനും പോയില്ല കേട്ടോ. സാമ്പത്തികബുദ്ധിമുട്ടാണെന്ന് എനിക്കറിയാം. ഈ കുടി നിറുത്താതെ നയാ പൈസ മിച്ചം വയ്ക്കാന്‍ പറ്റില്ലാട്ടോ. എന്‍റെ ഓഫീസിലെ ഒരു പ്യൂണ് ഇതുപോലെ കുടിച്ചു നശിപ്പിച്ചു എല്ലാം. ഒടുവില്‍ അയാള് നിൽക്കക്കള്ളിയില്ലാതെ ഒരു മുഴം കയറിൽ ജീവൻ ഒടുക്കി.”
“എനിക്ക് അപേക്ഷിക്കാനല്ലേ പറ്റൂ.”
അനിതയുടെ ശബ്ദം ഇടറി.
”അനിതയുടെ ബുദ്ധിമുട്ട് എനിക്ക് മനസിലാകും. ഞാനൊന്നു പറഞ്ഞെന്നു മാത്രമേയുള്ളൂ. അനിത കാര്യങ്ങളൊക്കെ പറഞ്ഞു അവനെ ബോധ്യപ്പെടുത്താൻ നോക്ക് . ആദ്യം എവിടെങ്കിലും ഒരു ജോലി സംഘടിപ്പിക്കാൻ പറ. ”
അവൾ തലകുലുക്കി.
കുറെ ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്‍കിയിട്ട് ഹരി എണീറ്റു. അനിതയുടെ കൈയില്‍നിന്നു താക്കോല്‍ വാങ്ങിയിട്ട് അയാള്‍ പുറത്തേക്കിറങ്ങി. നേരം ഇരുട്ടിയിരുന്നു. ഹരി സ്റ്റെയര്‍കേസിറങ്ങി മുറ്റത്തേക്കു കാലെടുത്തുവച്ചതും മുന്‍പില്‍ റോയി. അയാള്‍ മുകളിലോട്ടു കയറാന്‍ തുടങ്ങുകയായിരുന്നു.
“ഇന്നെന്താ നേരത്തെ എത്തിയോ ?”
ചിരിച്ചുകൊണ്ട് ഹരി ആരാഞ്ഞു.
”നേരത്തെ വന്നത് ഇഷ്ടപ്പെട്ടില്ലേ?”
”അയ്യോ ആ അർത്ഥത്തിലല്ല ചോദിച്ചത് ”
“ഉം .” റോയി നീട്ടി ഒന്ന് മൂളിയതേയുള്ളു .
തന്നെ ഒരു വിധത്തിലും സംശയിക്കരുതെന്നു കരുതി ഹരി പറഞ്ഞു:
“വീടിന്‍റെ താക്കോല്‍ അവിടെയാ കൊടുത്തിരുന്നത്. അതു വാങ്ങിക്കാന്‍ പോയതാ.”
“ഞാന്‍ ചോദിച്ചില്ലല്ലോ?”
ഹരി ഇളിഭ്യനായി.
സൂക്ഷിച്ചൊന്നു നോക്കിയിട്ട് റോയി സ്റ്റെയര്‍കേസ് കയറി വേഗം മുകളിലേക്കു ചെന്നു. ഭര്‍ത്താവിനെ കണ്ടതും അനിത പറഞ്ഞു:
“ഹരി താക്കോല്‍ വാങ്ങിക്കാന്‍ ഇപ്പം ഇവിടെ വന്നിരുന്നു. കണ്ടായിരുന്നോ?”
“കണ്ടു. എന്നു മുതലാ ആ നാറി ഇവിടെ താക്കോല്‍ ഏല്‍പ്പിക്കാന്‍ തുടങ്ങിയത്?”
“ഹരിയല്ല; മിനിയാ ഇവിടെക്കൊണ്ടു തന്നിട്ടുപോയത്.”
നടന്ന കാര്യങ്ങള്‍ വള്ളി പുള്ളി തെറ്റാതെ അവള്‍ പറഞ്ഞു. എല്ലാം കേട്ട ശേഷം റോയി പറഞ്ഞു:
“നീ പറയാറില്ലേ, നമ്മൾ ജീവിക്കുന്ന ചുറ്റുപാടുകളും സാഹചര്യങ്ങളുമൊക്കെയാ നമ്മളെ നന്നാക്കുന്നതും ചീത്തയാക്കുന്നതുമെന്നുമൊക്കെ. ഇവിടുത്തെ ചുറ്റുപാടുകള്‍ ഇപ്പം അത്ര നല്ലതാണെന്ന് എനിക്ക് തോന്നുന്നില്ല.”
“ഇവിടിപ്പം എന്താ ഉണ്ടായേ?”
“ഒന്നും ഉണ്ടായില്ല. ഉണ്ടാകാതിരിക്കാന്‍ നമ്മളു മുൻകരുതലെടുക്കണമല്ലോ. അതുകൊണ്ട് ഞാനൊരു കാര്യം തീരുമാനിച്ചു. ഈ വീട് ഒഴിയുവാ. ഐശ്വര്യം കെട്ട വീടാ ഇത്. നമുക്കു വേറൊരു വീടു സംഘടിപ്പിച്ച് അങ്ങോട്ടു മാറാം.”
“റോയിച്ചന്‍ എന്നെ സംശയിക്കുന്നുണ്ടോ?”
“നിന്നെ സംശയമില്ല. പക്ഷേ അവനെ എനിക്കത്ര വിശ്വാസമില്ല. കള്ളനാ അവൻ ; മുഖം കണ്ടാലറിയാം. തനി കള്ളൻ “
“എനിക്കങ്ങനെ തോന്നിയിട്ടില്ല.”
“തോന്നില്ല. അതാണല്ലോ അവന്‍റെ കഴിവ്. സ്ത്രീലമ്പടൻമാരായ എല്ലാ ആണുങ്ങളും ആദ്യം വളരെ ഡീസന്‍റായിട്ടായിരിക്കും പെരുമാറുക. പെണ്ണിന്‍റെ ഇഷ്ടം പിടിച്ചുപറ്റാനുള്ള ഏറ്റവും വല്യ തന്ത്രം. അതുകൊണ്ടാണ് നിന്നെ സിനിമക്ക് കൊണ്ടുപോകണമെന്ന് അവനു തോന്നിയത് . ഇപ്പം താക്കോൽ ഇവിടെ കൊണ്ടുവന്നു തന്നു . നാളെ അവൻ കിടപ്പും ഇവിടെയാക്കും. രോഗം വന്നിട്ടു ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് വരാതെ നോക്കുന്നതല്ലേ? അതുകൊണ്ടു നമുക്കിവിടെനിന്നു മാറാം “
അനിത ഒന്നും മിണ്ടിയില്ല. കൂടുതല്‍ എന്തെങ്കിലും പറഞ്ഞ് പ്രശ്നം വഷളാക്കേണ്ടെന്നു അവൾ ചിന്തിച്ചു . തന്നെ സംശയിക്കുന്നതിനുള്ള ഒരു സാഹചര്യവും താൻ ഉണ്ടാക്കാൻ പാടില്ല . റോയി എന്തെങ്കിലും ചെയ്യട്ടെ. എവിടെങ്കിലും പോയി ജീവിക്കട്ടെ ! കൂടെപ്പോകാതിരിക്കാനാവില്ലല്ലോ തനിക്ക് . ഭാര്യയായി പോയില്ലേ ..
ഒന്ന് നെടുവീർപ്പിട്ടു ചായ എടുക്കാന്‍ അവള്‍ കിച്ചണിലേക്കു പോയി.
(തുടരും.അടുത്ത ഭാഗം നാളെ )
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved)

Also Read അവൾ അനാഥയല്ല- നോവൽ- അദ്ധ്യായം 1

Also Read അവൾ അനാഥയല്ല – നോവൽ – അദ്ധ്യായം 2

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 3

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 4

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 5

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 6

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 7

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 8

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 9

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 10

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 11

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 12

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 13

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here