Home Entertainment അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 6. രചന: ഇഗ്‌നേഷ്യസ് കലയന്താനി

അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 6. രചന: ഇഗ്‌നേഷ്യസ് കലയന്താനി

1972
0
അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 5. രചന: ഇഗ്‌നേഷ്യസ് കലയന്താനി

കഥ ഇതുവരെ
കന്യാസ്ത്രീകൾ നടത്തുന്ന അനാഥാലയത്തിൽ വളർന്ന , സുന്ദരിയും പാട്ടുകാരിയുമായ അനിതയോട് ആ നാട്ടിലെ ധനാഢ്യനായ ഇലഞ്ഞിക്കൽ സഖറിയാസിന്റെ മകൻ റോയിക്ക് പ്രണയം തോന്നി. റോയിയുടെ മാതാപിതാക്കൾ ആദ്യം എതിർത്തെങ്കിലും അവന്റെ നിർബന്ധത്തിനു വഴങ്ങി കല്യാണം നടത്തികൊടുത്തു . ആദ്യരാത്രിയിൽ അനിതക്ക് മനസിലായി തന്റെ ഭർത്താവ് മദ്യത്തിന് അടിമയാണെന്ന് . അത് അവളെ തളർത്തി. ലയൺസ് ക്ലബ് ഹാളിൽ നവദമ്പതികൾക്ക് സുഹൃത്തുക്കൾ ഒരുക്കിയ സ്വീകരണ സൽക്കാരത്തിൽ പെപ്സിയാണെന്ന് തെറ്റിദ്ധരിപ്പിച്ചു മദ്യം ചേർത്ത സോഫ്റ്ഡ്രിങ്ക് റോയി അവൾക്കു കുടിക്കാൻ കൊടുത്തു. അത് തിരിച്ചറിഞ്ഞതോടെ റോയിയോട് അവൾ വഴക്കിട്ടു . മദ്യപിച്ചു കാറോടിച്ചു വീട്ടിലേക്കു തിരിച്ചുപോരുന്നതിനിടയിൽ റോയിയുടെ കാർ വീണ്ടും അപകടത്തിൽപെട്ടു. റോയി ആശുപത്രിയിലായി . അനിതയും മദ്യപിച്ചിരുന്നു എന്ന് അറിഞ്ഞപ്പോൾ റോയിയുടെ പപ്പക്കും അമ്മയ്ക്കും അവളോടുള്ള ദേഷ്യം ഇരട്ടിച്ചു. അവളെ അവർ മാനസികമായി കൂടുതൽ പീഡിപ്പിച്ചു. ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയ റോയിക്ക് അയാളുടെ നിർബന്ധത്തിനു വഴങ്ങി അനിത കുടിക്കാൻ മദ്യം പകർന്നു കൊടുത്തു . അതുകണ്ടുകൊണ്ടാണ് റോയിയുടെ പപ്പയും അമ്മയും മുറിയിലേക്ക് കയറിവന്നത് . (തുടർന്ന് വായിക്കുക )

അപ്രതീക്ഷിതമായി പപ്പയെയും അമ്മയെയും മുൻപിൽ കണ്ടപ്പോള്‍ റോയി അമ്പരന്നു. അനിത ജീവച്ഛവം പോലെ നിന്നുപോയി.
കുറെനേരം അനിതയെ തുറിച്ചു നോക്കി നിന്നിട്ടു സഖറിയാസ് റോയിയുടെ അടുത്തേക്കു വന്നു രോഷത്തോടെ പറഞ്ഞു:
“ഇനി കുടിക്കരുതെന്ന് ആശുപത്രീല്‍ വച്ചു ഞാന്‍ നിന്നോടു പറഞ്ഞതല്ലേ?”
“പപ്പാ ഒന്നുറങ്ങാന്‍ വേണ്ടി ഒരല്പം…”
“നീയെന്‍റെ മകനായി ജനിച്ചുപോയല്ലോടാ “
സഖറിയാസ് പല്ലിറുമ്മി, കലിതുള്ളിക്കൊണ്ടു വേഗം മുറിയില്‍നിന്ന് ഇറങ്ങിപ്പോയി.
മേരിക്കുട്ടി അനിതയുടെ അടുത്തേക്കു വന്നിട്ടു സങ്കടത്തോടെ പറഞ്ഞു: “മോളിതിനു കൂട്ടുനില്‍ക്കുമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചില്ല! ഒഴിച്ചുകൊടുക്കാന്‍ നിനക്ക് എങ്ങനെ തോന്നി കൊച്ചേ ?”
“അമ്മേ ഞാന്‍ നിര്‍ബന്ധിച്ചിട്ടാ…”
റോയി കുറ്റം ഏറ്റെടുത്തു.
“പേറെടുക്കാന്‍ വന്ന പെണ്ണ് ഇരട്ട പെറ്റൂന്നു പറഞ്ഞപോലായി.” ഒരു നെടുവീര്‍പ്പിട്ടിട്ടു മേരിക്കുട്ടി അനിതയെ നോക്കി തുടര്‍ന്നു: “ഒരമ്മയുടെ ഹൃദയവേദന നിനക്കു മനസ്സിലാവണമെങ്കില്‍ നീയൊരമ്മയാകണം.”
പിന്നെ ഒരു നിമിഷംപോലും മേരിക്കുട്ടി അവിടെ നിന്നില്ല. പടികളിറങ്ങി താഴേക്കുപോയി.
അനിത ചുമരിനോടു ചേര്‍ന്ന് ഒരു ശിലാബിംബംപോലെ നില്‍ക്കുകയായിരുന്നു. റോയി എണീറ്റു ചെന്ന് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവളുടെ നെഞ്ചകം വിങ്ങിക്കഴച്ചു . കവിൾത്തടങ്ങളിലൂടെ കണ്ണീർ ഒലിച്ചിറങ്ങി .
“പപ്പ ഇപ്പം ഇങ്ങോട്ടു വരുമെന്നു ഞാന്‍ പ്രതീക്ഷിച്ചില്ല.”
റോയിക്കും കുറ്റബോധം തോന്നി.
“വേണ്ട… കുടിക്കുന്നില്ല.”
ഗ്ലാസില്‍ പകര്‍ന്ന മദ്യം അയാള്‍ എടുത്തുകൊണ്ടുപോയി വാഷ്ബേസിനില്‍ ഒഴിച്ചു. എന്നിട്ട് അനിതയെ പിടിച്ചുകൊണ്ടുവന്നു കട്ടിലില്‍ ഇരുത്തിയിട്ടു പറഞ്ഞു:
“എന്നെ ഉറക്കാമെന്നല്ലേ പറഞ്ഞത്? ഉറക്ക്.”
അനിതയുടെ മടിയില്‍ ശിരസുവച്ചു റോയി കിടന്നു. എന്നിട്ട് അവളുടെ കൈ എടുത്തു തന്‍റെ കവിളിലേക്കു ചേര്‍ത്തുപിടിച്ചു.
അനിതയ്ക്കു തെല്ല് ആശ്വാസം തോന്നി. ഭര്‍ത്താവിന്‍റെ മുടിയിഴകളില്‍ അവള്‍ വിരലുകള്‍ ഓടിക്കുകയും കവിളില്‍ സ്നേഹത്തോടെ തഴുകുകയും ചെയ്തുകൊണ്ടിരുന്നു . ആ തലോടലിന്‍റെ ലഹരിയില്‍ റോയി സാവധാനം മയക്കത്തിലേക്കു വീണു.

*********

കാഞ്ഞിരപ്പള്ളിയില്‍ ഇരുപത്തഞ്ചേക്കര്‍ റബര്‍ത്തോട്ടമുണ്ട് സഖറിയാസിന്. അതു നോക്കി നടത്തി ആദായമെടുക്കേണ്ട ചുമതല റോയിയെയാണ് ഏല്പിച്ചിരുന്നത്. കുറെ സ്ഥലത്ത് റീപ്ലാന്‍റിംഗ് നടക്കുന്നുണ്ട്. ആഴ്ചയില്‍ മൂന്നോ നാലോ ദിവസം റോയി അവിടെച്ചെന്ന് പണികൾ നോക്കുകയും ജോലിക്കാര്‍ക്കു നിര്‍ദ്ദേശം നല്‍കുകയും കൂലി കൊടുത്തിട്ടു മടങ്ങുകയും ചെയ്യും.
ആരോഗ്യം വീണ്ടുകിട്ടിയപ്പോള്‍ റോയി എസ്റ്റേറ്റില്‍ പോകാന്‍ തുടങ്ങി. രാവിലെ പോയാല്‍ ഇരുട്ടിയേ തിരിച്ചെത്തൂ.
മദ്യപിക്കാതിരിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും സാധിച്ചില്ല. അനിത ഉറങ്ങിക്കഴിയുമ്പോള്‍ എണീറ്റു ചെന്ന് ഒരു പെഗ് കഴിച്ചിട്ടു ശബ്ദമുണ്ടാക്കാതെ വന്നു കിടക്കും.
ഒരു ദിവസം രാവിലെ എസ്റ്റേറ്റിലേക്കാണെന്നും പറഞ്ഞുപോയ റോയി മടങ്ങിവന്നതു രാത്രി പത്തുമണി കഴിഞ്ഞപ്പോള്‍.
തീ പടര്‍ന്ന മനസ്സുമായി അനിത ഭര്‍ത്താവിനെ കാത്ത് ബാല്‍ക്കണിയില്‍ വഴിയിലേക്ക് കണ്ണും നട്ട് നില്‍ക്കുകയായിരുന്നു.
കാര്‍ വരുന്ന ശബ്ദം കേട്ടതും അവള്‍ വേഗം പടികള്‍ ഇറങ്ങി താഴേക്കു ചെന്നു.
കാറില്‍നിന്നിറങ്ങിയ റോയിയുടെ കാലുകള്‍ നിലത്തുറയ്ക്കുന്നില്ലെന്നു കണ്ടപ്പോള്‍ സഖറിയാസ് അമര്‍ഷത്തോടെ പറഞ്ഞു:
“മൂക്കുകുത്തി വീഴുന്നേനു മുമ്പ് പിടിച്ചുകൊണ്ടെക്കിടത്ത്.”
അനിത വന്നു റോയിയെ താങ്ങിപ്പിടിച്ചുകൊണ്ടു പടികൾ കയറി കിടപ്പുമുറിയിലേക്കു പോയി.
മുറിയില്‍ കയറി വാതില്‍ ബന്ധിച്ചിട്ട് അവള്‍ റോയിയുടെ നേരേ തിരിഞ്ഞു.
“എന്തു കോലമാ റോയിച്ചാ ഇത്? എവിടുന്നാ ഇത്രേം വലിച്ചു കേറ്റീത്?”
“പണ്ട് എന്‍റെ കൂടെ പഠിച്ച ഒരു ക്ലാസ്മേറ്റിനെ കണ്ടു. അവന്‍ വിദേശത്തായിരുന്നു. അവധിക്കുവന്നതാ. അവന്‍ വിളിച്ചു കൊണ്ടുപോയി സല്‍ക്കരിച്ചതാ.”
“മദ്യം കൊടുത്താണോ കൂട്ടുകാരനെ സല്‍ക്കരിക്കുന്നത്?”
“ഞങ്ങള്‍ ആണുങ്ങള്‍ അങ്ങനെയൊക്കെയാ .”
റോയി വേഷം മാറി ലുങ്കി ഉടുത്തു.
“ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതെന്തിനാ?”
“അതിന്‍റെ ചാര്‍ജു തീര്‍ന്നതാ.”
“റോയിച്ചനറിയുവോ, ഇവിടെ എല്ലാവരും എന്നെയാ കുറ്റപ്പെടുത്തുന്നത്. ഞാന്‍ വന്നു കേറീതോടെ ഈ കുടുംബത്തിലെ ഐശ്വര്യം പോയീത്രേ.”
“ആര് എന്തു പറഞ്ഞാലും എനിക്കു നിന്നെ ജീവനാടോ.”
അനിതയെ പിടിച്ചു കട്ടിലില്‍ ഇരുത്തിയിട്ടു റോയി അവളെ തന്നിലേക്കു ചേര്‍ത്തുപിടിച്ചുകൊണ്ടു പറഞ്ഞു:
“ദൈവം വിചാരിച്ചാല്‍പോലും നമ്മളെ തമ്മില്‍ ഇനി വേർപിരിക്കാന്‍ പറ്റില്ല.”
ചുട്ടുപൊള്ളിയ ഹൃദയത്തില്‍ മഴത്തുള്ളി വീണ ആശ്വാസമായിരുന്നു അവള്‍ക്ക്. റോയിയുടെ കൈപിടിച്ചു നെഞ്ചോടു ചേര്‍ത്തുകൊണ്ട് അവള്‍ പറഞ്ഞു:
“കല്യാണം കഴിഞ്ഞതിനുശേഷം മനസുതുറന്നു ഞാനൊന്നു ചിരിച്ചിട്ടില്ല. പപ്പേടേം അമ്മേടേം കുത്തുവാക്കുകള്‍ കേട്ടു മടുത്തു റോയിച്ചാ. സഹിക്കുന്നതിന് ഒരു പരിധിയില്ലേ?”
“എന്നിട്ട് ഇതുവരെ എന്നോടിതൊന്നും നീ പറഞ്ഞില്ലല്ലോ.”
“ഞാന്‍ കാരണം ഈ വീട്ടില്‍ ഒരു പ്രശ്നം ഉണ്ടാക്കണ്ടാന്നു കരുതി മിണ്ടാതിരുന്നതാ. ഇന്നും എന്നെ ഒരുപാട് കുറ്റപ്പെടുത്തി പപ്പേം അമ്മേം. ഞാൻ ഒരനാഥ പെണ്ണായതുകൊണ്ടായിരിക്കാം എന്നോടിത്ര വെറുപ്പ്. അല്ലെ റോയിച്ചാ ? ” അവൾ വിങ്ങിപ്പൊട്ടി.
അടുത്തനിമിഷം റോയി എണീറ്റു ധൃതിയില്‍ മുറിവിട്ടിറങ്ങി. സ്റ്റെയര്‍ കേസിറങ്ങി വേഗം താഴേക്കു ചെന്നു.
സ്വീകരണമുറിയില്‍ സഖറിയാസും മേരിക്കുട്ടിയും സംസാരിച്ചുകൊണ്ടിരിപ്പുണ്ടായിരുന്നു.
വന്നപാടേ, രണ്ടുപേരെയും മാറി മാറി നോക്കിയിട്ടു റോയി അമര്‍ഷത്തോടെ പറഞ്ഞു:
“പപ്പയോടും അമ്മയോടും സ്നേഹത്തോടെ ഞാനൊരു കാര്യം പറയുവാ. ദയവുചെയ്ത് എന്‍റെ ഭാര്യയെ ഇനി ഓരോന്നു പറഞ്ഞു വേദനിപ്പിക്കരുത്. അവളൊരു പാവം പെണ്ണാ. അപ്പനും അമ്മേം ഇല്ലാത്ത ഒരനാഥ പെണ്ണ് !അവളെ വേദനിപ്പിച്ചാല്‍ ദൈവം പൊറുക്കുകേല നിങ്ങളോട് “
“ഞങ്ങളെന്നാ പറഞ്ഞെന്നാടാ?”
മേരിക്കുട്ടി ചാടി എണീറ്റു ചോദിച്ചു.
“പറഞ്ഞതും ചെയ്തതുമൊന്നും എന്നെക്കൊണ്ടു പറയിപ്പിക്കണ്ട. കൂടുതലുപറഞ്ഞാല്‍ നമ്മളു തമ്മില്‍ വഴക്കുണ്ടാകും. പപ്പയ്ക്കും അമ്മയ്ക്കും അറിയാലോ അവളിങ്ങോട്ടു വലിഞ്ഞു കേറി വന്നതല്ലെന്ന്. എന്നെ പ്രേമിച്ചു കല്യാണം കഴിച്ചതുമല്ല. പപ്പേം അമ്മേം കൂടി പോയി കണ്ട് സംസാരിച്ചു തീരുമാനിച്ചു നടത്തിയ കല്യാണമല്ലേ”
“നീ ആരോടാ സംസാരിക്കുന്നതെന്നറിയാമോ?”
സഖറിയാസ് മുമ്പിലേക്കു വന്ന് കൈചൂണ്ടിക്കൊണ്ടു ചോദിച്ചു.
“അറിയാം! ഇത്തിരി കുടിച്ചിട്ടുണ്ടേലും എനിക്കു കാഴ്ചക്കുറവൊന്നുമില്ല.” ഒന്നു നിറുത്തിയിട്ടു റോയി തുടര്‍ന്നു: “വയസാംകാലത്ത് നിങ്ങളെ നോക്കാന്‍ അവളേ കാണൂന്ന് ഓര്‍മ്മവേണം.”
“മിണ്ടിപ്പോകരുത് നീ. നിനക്ക് ആ പെണ്ണ് കൈവിഷം തന്നിരിക്ക്വാ. മുടിഞ്ഞ പിശാച് ” സഖറിയാസ് അലറി.
” അവള് പിശാചാണെങ്കിൽ നിങ്ങള് മുതു പിശാചാ ” റോയിയും വിട്ടുകൊടുത്തില്ല.
പരസ്പരം വാക്പോരു മുറുകിയപ്പോള്‍ അനിത താഴേക്ക് ഇറങ്ങി വന്നു.
“വഴക്കുണ്ടാക്കണ്ട റോയിച്ചാ. എന്നെ ആരും വേദനിപ്പിച്ചിട്ടില്ല.”
“അപ്പം കുറച്ചുമുമ്പ് നീയല്ലേ പറഞ്ഞത് പപ്പേം അമ്മേം എന്നും ഓരോന്നു പറഞ്ഞു നിന്നെ വേദനിപ്പിക്കുവാന്ന്.”
“ഞാന്‍ ചുമ്മാ പറഞ്ഞതാ. വാ. വന്നു കിടക്ക്.”
അനിത റോയിയെ പിടിച്ചു മുകളിലേക്കു കൊണ്ടുപോകാന്‍ ശ്രമിച്ചു. അനിതയുടെ പിടിവിടുവിച്ചിട്ട് റോയി പപ്പയുടെ നേരേ തിരിഞ്ഞു:
“എനിക്കറിയാം നിങ്ങള്‍ക്കാര്‍ക്കും ഇവളെ ഇഷ്ടമല്ല. ഇവള്‍ക്ക് അപ്പനില്ല, അമ്മയില്ല, കുടുംബമില്ല. ഇലഞ്ഞിക്കല്‍ക്കാരുടെ അന്തസ്സും അഭിമാനോം തവിടുപൊടിയായില്ലേ”
“മിണ്ടാതിരി റോയിച്ചാ…”
അനിത ദേഷ്യപ്പെട്ടു.
“പറയേണ്ടതു പറയേണ്ടപ്പം പറഞ്ഞില്ലെങ്കില്‍ ഇവര് ഇനീം നിന്‍റെ തലേല്‍ കേറി നിരങ്ങും. അതിനി ഞാന്‍ സമ്മതിക്കുകേല.”
ഒരു വിധത്തില്‍ അനിത ഭര്‍ത്താവിനെ പിടിച്ചു വലിച്ചു പടികള്‍ കയറ്റി മുകളിലേക്കു കൊണ്ടുപോയി. മുറിയില്‍ കയറി വാതിലടച്ചിട്ടു അവൾ റോയിയുടെ നേരേ തിരിഞ്ഞു.
“ഇങ്ങനെയാണോ പപ്പയോടും അമ്മയോടും സംസാരിക്കേണ്ടത്? അവരെന്തു വിചാരിക്കും എന്നെക്കുറിച്ച്? ഈ വീട്ടില്‍ ഞാനെങ്ങനെ ഇനി സമാധാനത്തോടെ ജീവിക്കും? റോയിച്ചന്‍ രാവിലെ സ്ഥലം വിടില്ലേ. പപ്പേം അമ്മേം ഇനി എന്നോടു മിണ്ടുകപോലും ചെയ്യില്ല.”
“അങ്ങനെയുണ്ടായാല്‍ നമുക്കു വേറെ വഴി നോക്കാം.”
“എന്ത് വഴി ? എല്ലാവരും ഒരുമിച്ചു സന്തോഷത്തോടെയും സ്നേഹത്തോടെയും കഴിയുന്നതാ റോയിച്ചാ എനിക്കിഷ്ടം. പപ്പേം അമ്മേം ഒക്കെയുള്ള ഒരു നല്ല കുടുംബജീവിതം. ഞാൻ സ്വപ്‍നം കണ്ട ജീവിതം ജീവിതം അതാ “
“എനിക്കും അതാ ഇഷ്ടം. പക്ഷേ, പപ്പയ്ക്കും അമ്മയ്ക്കും നിന്നെ ഇഷ്ടമില്ലെങ്കില്‍ വേറെന്തിലും മാര്‍ഗ്ഗം നോക്കേണ്ടേ? നിന്നെ കഷ്ടപ്പെടുത്താൻ പറ്റില്ലല്ലോ ”
അനിത ഒന്നും പറഞ്ഞില്ല.
“ഞാനൊന്നു കുളിച്ചിട്ടു വരാം.”
റോയി കുളിക്കാനായി ബാത്തുറൂമിലേക്കു പോയി.
അനിത താടിക്കു കൈയും കൊടുത്ത് ചിന്താമൂകയായി കസേരയില്‍ ഇരുന്നു.
ഈ സമയം താഴെ കിടപ്പുമുറിയില്‍ മേരിക്കുട്ടിയും സഖറിയാസും ഗൗരവമേറിയ ഒരു ചർച്ചയിലായിരുന്നു
“വണ്ടി ഇടിച്ച് ഒരപകടമരണം. ആരും സംശയിക്കുകേല. അതാ ഏറ്റവും സുരക്ഷിതമായ വഴി.”
സഖറിയാസ് പറഞ്ഞു.
“അതൊന്നും വേണ്ടച്ചായാ. മഹാപാപമാ അത്. ഇങ്ങനെയൊക്കെയങ്ങോട്ടു പോട്ടെ. നമ്മുടെ വിധിയാണെന്നു കരുതി എല്ലാം സഹിക്കാം.”
മേരിക്കുട്ടിക്ക് അതിനോടു വിയോജിപ്പായിരുന്നു.
“വിധി! മാങ്ങാത്തൊലി. ആ സാധനത്തിനെ കുടുംബത്തില്‍ കേറ്റാന്‍ കൊള്ളുകേലാന്നു പണ്ടേ ഞാൻ അവനോട് പറഞ്ഞതാ . അതിന്‍റെ തന്തേം തള്ളേം വല്ല പാണ്ടികളുമായിരിക്കും. ജനിച്ചയുടനെ അമ്മത്തൊട്ടിലില്‍ വലിച്ചെറിഞ്ഞിട്ടു പോയതല്ലേ, ശവത്തിനെ. കുടുംബത്തിൽ കേറ്റാൻ കൊള്ളില്ലാത്ത ജന്തു. “
സഖറിയാസ് അമര്‍ഷംകൊണ്ടു.
മേരിക്കുട്ടി താടിക്കു കൈ ഊന്നി ഓരോന്നാലോചിച്ചിരുന്നു.
(തുടരും. അടുത്ത അദ്ധ്യായം നാളെ )
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

Also Read അവൾ അനാഥയല്ല- നോവൽ- അദ്ധ്യായം ഒന്ന്.

Also Read അവൾ അനാഥയല്ല – നോവൽ – അദ്ധ്യായം 2 .

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 3

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 4

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 5

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here