കഥ ഇതുവരെ
കന്യാസ്ത്രീകൾ നടത്തുന്ന അനാഥാലയത്തിൽ വളർന്ന , സുന്ദരിയും പാട്ടുകാരിയുമായ അനിതയോട് ആ നാട്ടിലെ ധനാഢ്യനായ ഇലഞ്ഞിക്കൽ സഖറിയാസിന്റെ മകൻ റോയിക്ക് പ്രണയം തോന്നി. റോയിയുടെ മാതാപിതാക്കൾ ആദ്യം എതിർത്തെങ്കിലും അയാളുടെ നിർബന്ധത്തിനു വഴങ്ങി കല്യാണം ആലോചിച്ചു. ഓർഫനേജിലെ സന്ദർശകമുറിയിൽ ‘പെണ്ണുകാണൽ’ നടന്നു. അനിതക്ക് റോയിയെയും ഇഷ്ടമായി. മനസമ്മതം കഴിഞ്ഞു . വിവാഹവസ്ത്രങ്ങൾ വാങ്ങിക്കൊണ്ടു മടങ്ങുന്നതിനിടയിൽ റോയി അനിതയെ ഡ്രൈവിങ് പഠിപ്പിക്കാൻ ഒരു ശ്രമം നടത്തി. പഠനത്തിനിടയിൽ കാർ ദിശ തെറ്റി ഓടയിലേക്കു മറിഞ്ഞു . (തുടർന്ന് വായിക്കുക )
ഓടിക്കൂടിയ ആളുകൾ കാറിന്റെ ഡോർ തുറന്ന് അനിതയെയും റോയിയെയും വെളിയിലെടുത്തു. അനിതയുടെ വസ്ത്രത്തിൽ മുഴുവൻ ചോര!
ഇടതുകൈ നെറ്റിയിലൂന്നി, ഭയന്നിരിക്കുകയായിരുന്നു റോയി. വിരലുകള്‍ക്കിടയിലൂടെ രക്തം ഒലിച്ചിറങ്ങുന്നുണ്ട്. ഒട്ടും വൈകാതെ, അതു വഴി വന്ന ഒരു കാറിൽ കയറ്റി ഇരുവരെയും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു നാട്ടുകാർ.
അനിതയുടെ കൈമുട്ടിലും വലതുകാലിലും രണ്ടു ചെറിയ മുറിവുകൾ. റോയിയുടെ നെറ്റിയിലും താടിയിലും പാദത്തിലുമായിരുന്നു പരിക്ക്.
വിശദപരിശോധനയിൽ ആരുടെയും പരിക്കു ഗുരുതരമല്ലെന്നു കണ്ടെത്തി. പ്രഥമശുശ്രൂഷയ്ക്കുശേഷം അനിതയെ അന്നുതന്നെ ഡിസ്ചാര്‍ജു ചെയ്തു.
മുറിവു തുന്നിക്കെട്ടിയിട്ടു റോയിയെ കൂടുതൽ നിരീക്ഷണത്തിനായി മുറിയിലേക്കു മാറ്റി.
കോണ്‍വെന്‍റിൽ നിന്നു സിസ്റ്റേഴ്സ് വന്നാണ് അനിതയെ കൂട്ടിക്കൊണ്ടുപോയത്. ഡ്രൈവിങ് പഠിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നു കേട്ടപ്പോൾ മദർ സുപ്പീരിയർ അവളെ വഴക്കു പറഞ്ഞു.
“കല്യാണം കഴിഞ്ഞിട്ടു പോരായിരുന്നോ മോളെ ഡ്രൈവിംഗ് പഠിത്തോം കുട്ടിക്കളിയുമൊക്കെ?” മദർ അവളെ രൂക്ഷമായി നോക്കി .
” വേണ്ടെന്നു ഞാൻ ഒത്തിരി പറഞ്ഞതാ സിസ്റ്റർ ! റോയിച്ചൻ സമ്മതിക്കണ്ടേ!”
അനിത വിഷമത്തോടെ പറഞ്ഞു.
“അസൂയക്കാര് ഒരുപാട് പേരുണ്ട്. അവര് ഇനി ഓരോന്നു പറഞ്ഞു പരത്തും. ഈ കല്യാണമെങ്ങാനും ഇനി നടക്കാതെ വന്നാല്‍ നിനക്കതു സഹിക്കാന്‍ പറ്റുമോ കുഞ്ഞേ?”
” റോയിച്ചൻ എന്നെ ഉപേക്ഷിക്കില്ല സിസ്റ്റർ ”
” റോയിച്ചനല്ല , അവന്റെ അപ്പനും അമ്മയും വേണ്ടാന്നു പറഞ്ഞാലോ? കല്യാണം ആലോചിച്ചപ്പോഴേ ശകുനപ്പിഴയാ, അതുകൊണ്ട് നമുക്കിത് വേണ്ടെടാന്നു അവര് പറഞ്ഞാൽ, അവനങ്ങു സമ്മതിച്ചെങ്കിലോ ? നീയൊന്നാലോചിച്ചു നോക്ക്. നിന്റെ ഭാഗ്യത്തിൽ അസൂയ പൂണ്ട ഒരു പാട് ആളുകൾ കാണും, പിരികേറ്റിക്കൊടുക്കാൻ ”
അനിതയുടെ ഉള്ളിൽ ഒരു കനൽ എരിയാൻ തുടങ്ങി. ഏതു ശപിക്കപ്പെട്ട നിമിഷത്തിലാണോ കാർ ഓടിക്കാന്‍ തോന്നിയത്. വേണ്ടെന്നു നിർബന്ധപൂർവം പറഞ്ഞു താൻ ഒഴിവാക്കണമായിരുന്നു. ഈ കല്യാണം ഇനി മുടങ്ങിപ്പോയാൽ തനിക്കതു താങ്ങാനാവില്ല .
ഓർഫനേജിലെ തന്റെ മുറിയിൽ വന്നിട്ട് , ഈശോയുടെ ക്രൂശിതരൂപത്തില്‍ നോക്കി അവള്‍ മനമുരുകി പ്രാര്‍ത്ഥിച്ചു; റോയിച്ചന്‍റെ പപ്പയ്ക്കും അമ്മയ്ക്കും തന്നോടു ദേഷ്യമൊന്നും തോന്നരുതേയെന്ന്.
രാത്രി ഒന്‍പതു മണിയായപ്പോള്‍ അനിതയ്ക്കു ഒരു ഫോണ്‍ കോൾ. റോയിയാണ് വിളിച്ചത്
“ഉറങ്ങിയായിരുന്നോ?”
റോയിയുടെ സ്നേഹമസൃണമായ സ്വരം
“ഇല്ല.”
“ശരീരത്തിനു വേദനയൊന്നുമില്ലല്ലോ?”
“ഇല്ല. റോയിച്ചന് എങ്ങനെയുണ്ട്. ?”
“നല്ല വേദനയാ. സാരമില്ല. ഇത്രയൊക്കെയല്ലേ പറ്റിയുള്ളൂ. ആട്ടെ, മദർ എന്നാ പറഞ്ഞു?”
“എന്നെ കുറെ വഴക്കു പറഞ്ഞു.”
” കുറ്റം എന്റേതാന്ന് പറഞ്ഞില്ലേ ?”
”എന്തുപറഞ്ഞാലും മദർ എന്നെയല്ലേ കുറ്റപ്പെടുത്തൂ. ഞാൻ പറഞ്ഞതല്ലായിരുന്നോ റോയിച്ചാ വേണ്ടാന്ന് ?”
“സാരമില്ലെന്നേ! ഇത്രയൊക്കെയല്ലേ പറ്റിയുള്ളു. എന്നോടു ദേഷ്യമൊന്നും തോന്നരുതു കേട്ടോ ?”
“റോയിച്ചനോട് എനിക്കു ദേഷ്യപ്പെടാന്‍ പറ്റുമോ? പപ്പയ്ക്കും അമ്മയ്ക്കും എന്നോടു പിണക്കമുണ്ടാകുമോന്നാ എനിക്കു പേടി.”
“ഹേയ്! തെറ്റ് എന്‍റേതാന്നു ഞാൻ പറഞ്ഞു. അവർക്കു ദേഷ്യമൊന്നുമില്ല. നെറ്റിയിലെ മുറിവുമാത്രമേ കാര്യമായിട്ടുള്ളൂ. മൂന്നാലുദിവസം കഴിയുമ്പം പോകാന്നു ഡോക്ടര്‍ പറഞ്ഞു. വിഷമിക്കുവൊന്നും വേണ്ടാട്ടോ . . കല്യാണം നിശ്ചയിച്ച ഡേറ്റിൽ ത്തന്നെ നടക്കും. അത് മാറിപ്പോകുവൊന്നുമില്ല .”
അനിതയ്ക്കു സമാധാനമായി. കുറേനേരം അവർ ഫോണില്‍ സംസാരിച്ചിരുന്നു. ഫോണ്‍ വയ്ക്കാനേ തോന്നിയില്ല അനിതയ്ക്ക്. ഒടുവില്‍ ഗുഡ്നൈറ്റ് പറഞ്ഞ് റോയിയാണ് ഫോണ്‍ കട്ടു ചെയ്തത്.
റിസീവര്‍ ക്രേഡിലില്‍ വച്ചപ്പോൾ മനസ്സില്‍ ഒരു മഞ്ഞുമഴ പെയ്ത അനുഭൂതിയായിരുന്നു അനിതയ്ക്ക്. ശാന്തമായ മനസ്സോടെയാണ് അവള്‍ ഉറങ്ങാന്‍ കിടന്നത്.
*******
പ്രഭാതം!
സഖറിയാസ് ആശുപത്രി മുറിയിലേക്കു കയറി വന്നപ്പോൾ റോയി നല്ല ഉറക്കത്തിലായിരുന്നു. ജനാലയിലൂടെ വെളിയിലേക്കു മിഴികൾ നട്ട് തൊട്ടടുത്തു കസേരയിലിരിപ്പുണ്ട് മേരിക്കുട്ടി.
” ഇതുവരെ എണീറ്റില്ലേ ഇവന്‍?” വന്നപാടെ സഖറിയാസ് ചോദിച്ചു.
“അതെങ്ങനാ ,രാത്രി വൈകിയല്ലേ ഉറങ്ങീത്.”
മേരിക്കുട്ടി പറഞ്ഞു.
“വേദനയുണ്ടായിരുന്നോ?”
“ഉം.” മൂളിയിട്ട് മേരിക്കുട്ടി തുടർന്നു:
“എല്ലാം ശകുനപ്പിഴയാ അച്ചായാ . കു ടുംബത്തിൽ കേറ്റാൻ കൊള്ളില്ലാത്ത പെണ്ണാ അവള് എന്നിപ്പം നമുക്ക് മനസിലായില്ലേ? ഇന്നലെ രാത്രി ഞാൻ ഒരുപാട് പറഞ്ഞു നോക്കി. അവന്റെ തലയിലേക്കൊന്നു കേറണ്ടേ ? അവനു ഈ പെണ്ണിനെത്തന്നെ മതീന്ന്. നമ്മുടെ ഭാഗ്യദോഷമെന്നു കരുതിയാൽ മതി.”
മേരിക്കുട്ടി താടിക്കു കൈയുംകൊടുത്ത് താഴേക്കു നോക്കി ഇരുന്നു.
“ആ ശവത്തിനെ സ്നേഹിക്കാൻ ഏതു പിശാചാ ഇവനെ പ്രേരിപ്പിച്ചേ .?.”
സഖറിയാസ് റോയിയെ നോക്കി പല്ലു ഞെരിച്ചു.
“നമ്മുടെ കഷ്ടകാലത്തിനാ ആ പെണ്ണ് ഈ ഓര്‍ഫനേജിലേക്കു സ്ഥലം മാറി വന്നത്.”
മേരിക്കുട്ടി സങ്കടത്തോടെ പറഞ്ഞു.
“ഇനിയിപ്പം വരുന്നത് അനുഭവിക്കുക തന്നെ. അല്ലാണ്ടെന്താ ചെയ്കാ ? ഇവന് ഭ്രാന്തു പിടിച്ചു പോയില്ലേ ”
സഖറിയാസ് മേരിക്കുട്ടിയുടെ സമീപം കട്ടിലിൽ ഇരുന്നു.
അനിതയെ കുറ്റപ്പെടുത്തി അവർ പരസ്പരം സംസാരിച്ചുകൊണ്ടിരുന്നു
ഇതിനിടയിൽ റോയി ഉണർന്നു.
“പപ്പ എപ്പ വന്നു?” കട്ടിലിൽ നിന്ന് എണീറ്റുകൊണ്ട് അയാൾ ചോദിച്ചു
”ഇപ്പ വന്നതേയുള്ളൂ .”
റോയി ബാത്റൂമിൽ പോയി തിരികെ വന്നു കിടക്കയില്‍ ഇരുന്നിട്ടു ചോദിച്ചു:
“പപ്പ അനിതയെ വിളിച്ചായിരുന്നോ?”
“ഇല്ല.”
”അവളെ വിളിച്ചു വഴക്കു പറയുകയോ ദേഷ്യപ്പെടുകയോ ഒന്നും ചെയ്യരുതു കേട്ടോ. അവളാകെ പേടിച്ചിരിക്ക്വാ.”
“എന്നെ ഉപദേശിക്കാൻ നീ വരണ്ട.”
സഖറിയാസ് ദേഷ്യത്തിലായിരുന്നു.
“പപ്പാ ഞാന്‍ പറഞ്ഞത്.”
“നീ ഒന്നും പറയണ്ട. നിനക്കു വേറൊരു പെണ്ണിനേം കിട്ടിയില്ലേ പ്രേമിക്കാന്‍? കാശുവേണ്ട. കുടുംബത്തില്‍ പിറന്ന ഒരു പെണ്ണെങ്കിലുമായിരുന്നെങ്കിൽ .”
അത്രയും പറഞ്ഞിട്ട് ദേഷ്യത്തോടെ സഖറിയാസ് എണീറ്റു പുറത്തേക്കു പോയി.
“പപ്പ വല്യ ദേഷ്യത്തിലാണല്ലോ അമ്മേ?”
മേരിക്കുട്ടി മുഖം കറുപ്പിച്ചിരുന്നതല്ലാതെ അതിനു മറുപടി പറഞ്ഞില്ല.
“ആരെന്തു പറഞ്ഞാലും ഞാനാ പെണ്ണിനെയേ കെട്ടൂ.” ഉറച്ചതായിരുന്നു റോയിയുടെ തീരുമാനം.
ബ്രേക്ക് ഫാസ്റ്റ് കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അനിതയുടെ ഫോണ്‍ കോള്‍ വന്നു. കുറേനേരം പരസ്പരം സംസാരിച്ചു. റോയിയുടെ ചിരിയും തമാശകളുമൊക്കെ കണ്ടപ്പോൾ മേരിക്കുട്ടി രോഷം കടിച്ചമർത്തി.
നാലുദിവസം കഴിഞ്ഞപ്പോൾ റോയിയെ ഡിസ്ചാര്‍ജു ചെയ്തു. പിന്നെ വീട്ടിൽ വന്നു പൂർണ്ണവിശ്രമം. എല്ലാ ദിവസവും അയാൾ അനിതയെ ഫോണില്‍ വിളിച്ച് വിശേഷങ്ങൾ കൈമാറിക്കൊണ്ടിരുന്നു.
രണ്ടാഴ്ച പിന്നിട്ടപ്പോഴേക്കും റോയി പൂർണ്ണആരോഗ്യത്തിലേക്ക് തിരിച്ചു വന്നു
**********
കല്യാണത്തിന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തലേദിവസം രാത്രി അനിതയ്ക്ക് ഉറക്കമേ വന്നില്ല.
ആദ്യരാത്രിയിലെ മധുരാനുഭവങ്ങളും മധുവിധുകാലത്തെ അനുഭൂതികളുമൊക്കെ മനസ്സില്‍ സങ്കല്പിച്ച് അവള്‍ സ്വപ്നങ്ങള്‍ നെയ്തുകൂട്ടി കിടന്നു. പാതിരാത്രി കഴിഞ്ഞപ്പോഴാണ് ഉറങ്ങിയത്.
നന്നേ വെളുപ്പിന് ഉണർന്നു.
കുളിച്ച് ഉന്മേഷവതിയായി .
വിവാഹവസ്ത്രങ്ങള്‍ അണിയിക്കാനും മേക്കപ്പിടാനും മറ്റും മദർ ഒരു ബ്യൂട്ടീഷനെ ഏർപ്പാടു ചെയ്തിട്ടുണ്ടായിരുന്നു.
ശുഭ്രവസ്ത്രം ധരിച്ചു സ്വർണ്ണാഭരണങ്ങളണിഞ്ഞ്, കൈയില്‍ പൂച്ചെണ്ടുമായി അനിത പള്ളിയിലേക്കു കയറിവന്നപ്പോള്‍ എല്ലാ കണ്ണുകളും അവളുടെ നേരേയായിരുന്നു. ആയിരങ്ങളെ സാക്ഷി നിർത്തി റോയി അനിതയുടെ കഴുത്തിൽ മിന്നു ചാര്‍ത്തി. ഫാദർ കുര്യാക്കോസ് പുത്തൻ പുരയ്ക്കലാണ് വിവാഹം ആശീർവദിച്ചത്.
ചടങ്ങുകഴിഞ്ഞു പാരീഷ് ഹാളില്‍ വിഭവസമൃദ്ധമായ സദ്യ. ഫോട്ടോയെടുക്കാനും വീഡിയോ പിടിക്കാനുമുള്ള തിരക്ക്. ഇതിനിടയില്‍ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ആശംസകളും ഹസ്തദാനവും .
എല്ലാം കഴിഞ്ഞു വീട്ടിലെത്തിയപ്പോള്‍ മണി മൂന്നര. നെറ്റിയിൽ കുരിശു വരച്ച് മേരിക്കുട്ടി മരുമകളെ കൈ പിടിച്ചു വീട്ടിലേക്കു കയറ്റി.
കൊട്ടാരം പോലുള്ള വലിയ വീട്. അനിത അദ്ഭുതം കൂറി. ഇനി ഈ വീട്ടിലെ നായിക താനാണല്ലോ എന്നോർത്തപ്പോള്‍ അഭിമാനവും ഒപ്പം ആഹ്ലാദവും തോന്നി.
റോയിയുടെ സ്വന്തക്കാരും ബന്ധുക്കളുമൊക്കെ അടുത്തു വന്നിരുന്നു കുശലം ചോദിക്കുകയും സ്വയം പരിചയപ്പെടുത്തുകയും ചെയ്തു.
സന്ധ്യയായപ്പോഴേക്കും തിരക്കൊഴിഞ്ഞു. ഇനി ഒന്നു കുളിച്ചു ഫ്രഷാകണം. റോയിയോടു പറഞ്ഞിട്ട് അവള്‍ ബാത്റൂമിലേക്കു പോയി.
വിശാലമായ ബാത്റൂം! അവള്‍ അദ്ഭുതപ്പെട്ടുപോയി . ഇത്രയും മനോഹരമായ ബാത്റൂം സിനിമയില്‍ മാത്രമേ കണ്ടിട്ടുള്ളൂ! കിടന്നു കുളിക്കാന്‍ ബാത് ടബ്. ചൂടുവെള്ളത്തിനും തണുത്ത വെള്ളത്തിനും വെവ്വേറെ ടാപ്പുകള്‍. ഇളം ചൂടുവെള്ളം ദേഹത്തേക്കു വീണപ്പോള്‍ വല്ലാത്തൊരു അനുഭൂതി തോന്നി അവള്‍ക്ക്.
കുളി കഴിഞ്ഞു വന്ന് എല്ലാവരോടും ഒപ്പമിരുന്ന് അവള്‍ ജപമാല ചൊല്ലി. അതിനുശേഷം അത്താഴം! ഒരുപാടു വിഭവങ്ങളുണ്ടായിരുന്നു അത്താഴത്തിന്. ഇത്രയും ഗംഭീരമായ ഒരത്താഴം ജീവിതത്തില്‍ ആദ്യമായിട്ടു കഴിക്കുകയായിരുന്നു അവള്‍.
അത്താഴം കഴിച്ചു കൊണ്ടിരിക്കുമ്പോൾ റോയിക്ക് ഒരു ഫോണ്‍ വന്നു. കൂട്ടുകാർ ആരോ ആണ്. ഉടനെ വരാ മെന്നു പറഞ്ഞു റോയി ഷർട്ടെടുത്തിട്ടു പുറത്തേക്കു പോയി.
മുകളിലത്തെ നിലയിലായിരുന്നു മണിയറ. കിടക്കാൻ നേരമായപ്പോള്‍ കൈയില്‍ ഒരു ഗ്ലാസ് പാലുമായി വന്നു മേരിക്കുട്ടി മരുമകളെ വിളിച്ചുകൊണ്ടു മുകളിലേക്കുള്ള പടികള്‍ കയറി.
വാതിൽ തുറന്ന് അനിതയെ മണിയറയിലേക്ക് ആനയിച്ചിട്ട് മേരിക്കുട്ടി പാല്‍ മേശപ്പുറത്തു വച്ചു. മേരിക്കുട്ടി തിരിച്ചു പോകാനൊരുങ്ങിയപ്പോള്‍ അനിത പറഞ്ഞു:
“റോയിച്ചനെ കണ്ടില്ലല്ലോ അമ്മേ? .”
“പുറത്തു കൂട്ടുകാരുടെ കൂടെ സൊറ പറഞ്ഞു ഇരിപ്പുണ്ടാക്കും . അവന്‍ വന്നോളും . ഉറക്കം വരുന്നുണ്ടേൽ നീ കിടന്നോ.”
മേരിക്കുട്ടി മുറിവിട്ടിറങ്ങി.
മനോഹരമായി ഒരുക്കിയ മണിയറ. മുറിയിലാകെ മുല്ലപ്പൂവിന്‍റെ സുഗന്ധം. എയര്‍ക്കണ്ടീഷണറിന്‍റെ നേര്‍ത്ത മൂളല്‍ ഒഴിച്ചാല്‍ നിശ്ശബ്ദമായിരുന്നു മുറിക്കകം.
അനിത സാവധാനം വന്നു ബഡ്ഡില്‍ ഇരുന്നു. എത്ര മാർദ്ദവമായ കിടക്ക. തന്‍റെ ജീവിതത്തിലെ ആദ്യരാത്രി ഇത്രയും മനോഹരമായ ഒരു മണിയറയിലായിരിക്കുമെന്നു സ്വപ്നത്തില്‍പോലും വിചാരിച്ചില്ല. എല്ലാം ദൈവാനുഗ്രഹം !
ഏറെനേരം കഴിഞ്ഞിട്ടും റോയിയെ കണ്ടില്ല. ഒന്നു വിളിക്കാനാണെങ്കിൽ മൊബൈൽ ഫോണും ഇല്ല. അവള്‍ എണീറ്റു ബാല്‍ക്കണിയിലേക്കുള്ള വാതില്‍ തുറന്നു.
ബാല്‍ക്കണിയില്‍ വന്നു നിന്നു താഴേക്കു നോക്കി.
വൈദ്യുതിദീപങ്ങളുടെ പ്രഭയില്‍ കുളിച്ചുനില്‍ക്കുന്നു മുറ്റവും പരിസരവും. വര്‍ണ്ണാഭമായ ആ കാഴ്ചകണ്ടു കുറേനേരം അവള്‍ അങ്ങനെ നിന്നു. പിന്നെ സാവധാനം തിരിഞ്ഞു മുറിയിലേക്കു കയറി.
ക്ലോക്കിലേക്കു നോക്കിയപ്പോൾ മണി പത്തേമുക്കാൽ .
റോയി എവിടെയാണ് ഈ നേരമത്രയും? ഇവിടൊരാള്‍ കാത്തിരിക്കുന്നുണ്ടെന്ന വിചാരമെങ്കിലും വേണ്ടേ?
തെല്ലു വിഷമത്തോടെ അവള്‍ കിടക്കിയിലേക്കു ചാഞ്ഞു. ആദ്യരാത്രിയെക്കുറിച്ചുള്ള മധുരസ്വപ്നങ്ങള്‍ മനസിൽ കണ്ട്, കണ്ണടച്ചു വെറുതെ കിടന്നു. അല്പനേരം കഴിഞ്ഞപ്പോള്‍ അറിയാതെ മയക്കത്തിലേക്കു വീണുപോയി.
ആരോ ശരീരത്തിൽ സ്പർശിക്കുന്നു എന്ന് അറിഞ്ഞപ്പോൾ അവൾ ഞെട്ടി ഉണർന്നു.
(തുടരും. അടുത്തഭാഗം നാളെ)
രചന : ഇഗ്‌നേഷ്യസ് കലയന്താനി ( Copyright reserved)
Also Read അവൾ അനാഥയല്ല- നോവൽ- അദ്ധ്യായം ഒന്ന്.
Also Read അവൾ അനാഥയല്ല – നോവൽ – അദ്ധ്യായം 2 .