ഊണുകഴിഞ്ഞ് ഒന്നുറങ്ങാൻ കിടക്കുകയായിരുന്നു ആന്‍റണി അച്ചൻ. അപ്പോഴാണ് കോളിംഗ് ബല്ലിന്‍റെ ശബ്ദം കേട്ടത്. പതിവായുള്ള ഉറക്കം കളയാൻ ആരാണ് ഈ അസമയത്ത് എന്ന ആകാംക്ഷയോടെയും തെല്ലു ദേഷ്യത്തോടെയും അച്ചന്‍ എണീറ്റു ചെന്നു വാതില്‍ തുറന്നു.
”ഈശോ മിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ. ” അച്ചനെ കണ്ടതും സഖറിയാസും മേരിക്കുട്ടിയും കൈകൂപ്പി സ്തുതി ചൊല്ലി.
”ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ.”
അച്ചൻ മനസിലാകാത്ത ഭാവത്തിൽ നോക്കിനിന്നപ്പോൾ സഖറിയാസ് പറഞ്ഞു .
“ഞങ്ങളു കുറച്ചു ദൂരേന്നു വരുകാ. ഒരാളെ അന്വേഷിച്ചു വന്നതാ. ”
”ആരെയാ?”
”ഈ ഇടവകയില്‍ പാട്ടുപാടുന്ന ഒരു പെണ്ണുണ്ടല്ലോ, അനിത റോയി?”
“ഉവ്വ്. അവളുടെ ആരാ?”
“ഞാന്‍ അവളുടെ ഭര്‍ത്താവിന്‍റെ പപ്പയാ. സഖറിയാസ്. ഇതെന്‍റെ ഭാര്യ മേരിക്കുട്ടി.”
“ഓ.. നിങ്ങളാണോ ആ മഹാനും മഹതിയും? ഒന്നു കാണാൻവേണ്ടി നോക്കി ഇരിക്കുകയായിരുന്നു ഞാൻ . എന്താ വന്നതിന്റെ ഉദ്ദേശം? അവളു ജീവിച്ചിരിക്കുന്നൂന്നു അറിഞ്ഞപ്പം പിടിച്ചോണ്ടുപോയി കൊന്നുകളയാനാണോ ?”- അച്ചന്‍റെ കണ്ണുകള്‍ തീപ്പന്തമായി.
” ഒരിക്കലുമല്ല അച്ചോ.” മേരിക്കുട്ടി കൈകൂപ്പി തുടര്‍ന്നു: “ഞങ്ങള്‍ക്കുപറ്റിയ തെറ്റിന് അവളോടു ക്ഷമ ചോദിക്കാൻ വന്നതാണ്. ആ കാലിൽ വീണു മാപ്പുപറയാൻ വന്നതാണ്.”
“കേറിയിരിക്ക്.”
അച്ചന്‍റെ ക്ഷണം സ്വീകരിച്ചു രണ്ടുപേരും മുറിയില്‍ കയറി കസേരയില്‍ ഇരുന്നു.
“ഇപ്പം ഇങ്ങനെയൊരു മനംമാറ്റം തോന്നാന്‍ എന്താ ഉണ്ടായേ?”
അച്ചൻ ഫാൻ ഓൺ ചെയ്തിട്ട് കസേരയിൽ ഇരിക്കുന്നതിനിടയിൽ ചോദിച്ചു.
“അവളു പോയതിനുശേഷം ഞാനൊരു രോഗിയായി മാറി അച്ചോ. ഒരു ധ്യാനത്തില്‍ പങ്കെടുത്തപ്പം അച്ചന്‍ പറഞ്ഞു വീട്ടില്‍ വന്ന മാലാഖയെ ആട്ടി ഇറക്കിയതിന്‍റെ ശിക്ഷയാണു ഞാന്‍ അനുഭവിക്കുന്നതെന്ന്. അവളെ കൊലയ്ക്കു കൊടുത്ത കുറ്റബോധത്തില്‍ പിന്നെ ഒരു ദിവസം പോലും എനിക്ക് മനസമാധാനത്തോടെ ഒന്നുറങ്ങാൻ പറ്റിയിട്ടില്ല. യൂട്യൂബിൽ അവളുടെ വീഡിയോ കണ്ടപ്പഴാ അവള് ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞത്.”
സഖറിയാസിന്‍റെ മിഴികള്‍ നിറഞ്ഞു തുളുമ്പുന്നതു കണ്ടപ്പോള്‍ അച്ചനു മനസ്സിലായി അതു പശ്ചാത്താപത്തിന്‍റെ കണ്ണുനീരാണെന്ന്.
“അവളു നിങ്ങളെയെല്ലാവരെയും മറന്നുകഴിഞ്ഞു. ഇപ്പം അവളുടെ കുഞ്ഞിനോടൊപ്പം സന്തോഷത്തോടെ ഇവിടെ ജീവിക്കുവാ. ഈ സാഹചര്യത്തില്‍ അവള്‍ നിങ്ങളെ കാണുമ്പോൾ എങ്ങനെ പ്രതികരിക്കുമെന്നറിഞ്ഞുകൂടാ. ഒരുപാട് കണ്ണീരു കുടിപ്പിച്ചതല്ലേ നിങ്ങളവളെ.”
“അച്ചന്‍ ഞങ്ങളെ സഹായിക്കണം. പശ്ചാത്താപത്തിന്‍റെ കണ്ണീരുകൊണ്ട് ആ പാദങ്ങള്‍ കഴുകാന്‍ ഞങ്ങള്‍ തയ്യാറാ. ഇനി ഒരിക്കലും ഞങ്ങള്‍ അവളെ വേദനിപ്പിക്കില്ല. ഞങ്ങളോടൊപ്പം പോരാന്‍ അച്ചന്‍ അവളെ പറഞ്ഞു സമ്മതിപ്പിക്കണം .”
കൈകൂപ്പി കരഞ്ഞുകൊണ്ടു മേരിക്കുട്ടി യാചിച്ചു.
“അവളുടെ ഭര്‍ത്താവ് എന്തേ വരാഞ്ഞേ?”
“അവള്‍ അവനെ ഉപേക്ഷിച്ചു പോയീന്നാ ഞങ്ങള്‍ അവനെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത്. ഇപ്പഴും അവന്‍ സത്യം അറിഞ്ഞിട്ടില്ല. അവന്‍ അറിയാതെയാ ഞങ്ങള്‍ ഇങ്ങോട്ടു വന്നത്. അനിത വരാന്‍ തയ്യാറായില്ലെങ്കില്‍ അവന്‍റെ മനസ്സു വിഷമിപ്പിക്കണ്ടല്ലോന്നു കരുതി നടന്നതൊന്നും ഇതുവരെ അവനോടു പറഞ്ഞിട്ടില്ല.”
“സത്യത്തില്‍ എന്തൊക്കെയാ നടന്നത്? എനിക്കെല്ലാം വിശദമായിട്ടറിയണം.”
”പറയാം. തുടക്കം മുതലുള്ള കാര്യങ്ങൾ പറയാം . ”
” ഉം, പറ. ” കേൾക്കാൻ കാതു കൂർപ്പിച്ചിട്ടു അച്ചൻ കസേരയിലേക്ക് ചാഞ്ഞിരുന്നു .
സഖറിയാസ് എല്ലാം വള്ളിപുള്ളി തെറ്റാതെ വിശദീകരിച്ചു. എല്ലാം കേട്ടശേഷം ഒരു ദീര്‍ഘനിശ്വാസം വിട്ടിട്ട് അച്ചന്‍ പറഞ്ഞു:
“ജ്യോൽസ്യത്തിലും കൂടോത്രത്തിലുമൊക്കെ വിശ്വസിച്ച് ഓരോന്നു കാട്ടിക്കൂട്ടുന്നതുകൊണ്ടാ പല കുടുംബങ്ങളില്‍നിന്നും കർത്താവ് അകന്നുപോകുന്നത്. വിവരവും വിദ്യാഭ്യാസവുമുള്ള നിങ്ങൾ ഈ അന്ധവിശ്വാസം മനസിൽ കൊണ്ടു നടന്നതോര്‍ക്കുമ്പോള്‍ സഹതാപം തോന്നുന്നു. ”
“തെറ്റുപറ്റിപ്പോയി അച്ചോ! ക്ഷമിക്കണം.. ”
സഖറിയാസിന്‍റെ ഹൃദയം കുറ്റബോധത്താല്‍ നീറി.
” ക്ഷമിക്കേണ്ടത് ഞാനല്ലല്ലോ . നിങ്ങളുടെ മരുമകൾ അല്ലേ. അവൾ ഇവിടെ അടുത്തൊരു വീട്ടിലാ താമസിക്കുന്നെ. രാവിലെ ഇവിടെ ഉണ്ടായിരുന്നു. ഒരു ചാനലുകാരുവന്ന് ഇന്‍റര്‍വ്യൂ എടുത്തോണ്ടു പോയിട്ടുണ്ട്. നിങ്ങള്‍ക്കറിയുവോ, ആ ഇന്‍റര്‍വ്യൂവില്‍ നിങ്ങളെ കുറ്റപ്പെടുത്തി ഒരു വാക്കുപോലും അവളു സംസാരിച്ചിട്ടില്ല. നിങ്ങളുടെ പേരോ വീട്ടുപേരോ ഒന്നും പറഞ്ഞിട്ടില്ല . ഭര്‍ത്താവു മരിച്ചുപോയീന്നു മാത്രമേ പറഞ്ഞുള്ളൂ. അത്രയ്ക്കു തങ്കപ്പെട്ട മനസ്സാ അവളുടേത്.” – അച്ചന്‍ രണ്ടുപേരെയും മാറിമാറി നോക്കി.
“അതു മനസ്സിലാക്കാന്‍ ഞങ്ങള്‍ വൈകിപ്പോയി അച്ചോ.”
സഖറിയാസ് ശിരസ്സില്‍ കൈ ഊന്നി മുഖം കുമ്പിട്ടിരുന്നു.
“ഞാന്‍ അവളെ ഇങ്ങോട്ടു വിളിച്ചു വരുത്താം. ”
അച്ചന്‍ ഫോണില്‍ വിളിച്ചിട്ട് അനിതയോട് കുഞ്ഞിനെയും കൊണ്ട് ഉടനെ പള്ളിമേടയിലേക്കു വരാന്‍ ആവശ്യപ്പെട്ടു. എന്തിനാണെന്ന് പറഞ്ഞില്ല.
“വരുമ്പഴേ അവളു നിങ്ങളെ കണ്ടു പേടിക്കണ്ട. ഞാന്‍ അവളെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്താന്‍ നോക്കാം . എന്നിട്ട് അവളു തീരുമാനിക്കട്ടെ നിങ്ങളെ അവൾ കാണണോ വേണ്ടയോന്ന്.”
അച്ചന്‍ അവരെ മറ്റൊരു മുറിയില്‍ കൊണ്ടുപോയി ഇരുത്തി.
അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ കുഞ്ഞിനെയും കൊണ്ട് ഓടിക്കിതച്ചെത്തി അനിത. അവളുടെ മുഖത്ത് ഉത്കണ്ഠയും പരിഭ്രാന്തിയും ആയിരുന്നു.
“നീ വല്ലാതെ കിതയ്ക്കുന്നുണ്ടല്ലോ കൊച്ചേ. പേടിപ്പിക്കുന്ന കാര്യം പറയാനൊന്നുമല്ല വിളിച്ചത്. നീ സമാധാനമായിട്ടിരിക്ക് ”
“പെട്ടെന്നു വരാന്‍ പറഞ്ഞത്?”
“ഇരിക്ക്. കിതപ്പു മാറട്ടെ. എന്നിട്ടു പറയാം.”
അച്ചന്റെ സമീപം അവള്‍ കസേരയിൽ ഇരുന്നു. കിതപ്പു മാറിയപ്പോള്‍ അച്ചന്‍ പറഞ്ഞു:
“ഞാന്‍ പറയുന്നതു ചിലപ്പം നിനക്കു സങ്കടം ഉണ്ടാക്കിയേക്കാം; ചിലപ്പം സന്തോഷമായിരിക്കാം. ”
“എന്താ അച്ചോ?”
അവൾക്ക് ഉൽകണ്ഠ വർദ്ധിച്ചു .
“നിന്‍റെ ഭര്‍ത്താവിനെ നീ ഇപ്പഴും സ്നേഹിക്കുന്നുണ്ടോ?”
“ഇപ്പം എന്‍റെ മനസ്സില്‍ ആ രൂപം ഇല്ലച്ചോ. അത് ഞാൻ പണ്ടേ എടുത്തുകളഞ്ഞു. ”
“അയാളു വന്നു മാപ്പു ചോദിച്ചാല്‍ നീ അയാളെ സ്വീകരിക്കുമോ?”
“ഇല്ല.”
“അതെന്താ?”
“എന്നെ കൊല്ലാന്‍ കൊടുത്ത ഒരാളെ എനിക്കെങ്ങനെ സ്വീകരിക്കാന്‍ പറ്റും അച്ചോ? അയാളുടെ കൂടെ എങ്ങനെ ജീവിക്കാൻ പറ്റും?’
“നിന്‍റെ ഭര്‍ത്താവിന് ആ രക്തത്തില്‍ പങ്കുണ്ടെന്ന് ആരാ പറഞ്ഞത്?”
”എന്നെ കൊല്ലാൻ കൊണ്ടുപോയ ചാക്കോ പറഞ്ഞു.”
” റോയീടെ പപ്പ പറഞ്ഞ ഒരു നുണയായിരുന്നു അത്. അവൻ ആ സംഭവം അറിഞ്ഞിട്ടേയില്ല . അവന്‍ ജയിലീന്നു ഇറങ്ങിയപ്പം, നീ അവനെ ഉപേക്ഷിച്ചു വേറൊരാളുടെ കൂടെ ഇറങ്ങിപ്പോയീന്നാണു അവന്‍റെ പപ്പയും അമ്മയും അവനെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത് . “
“അച്ചനോട് ഇത് ആരു പറഞ്ഞു?”
“റോയിയുടെ പപ്പയും അമ്മയും ഇപ്പം ഇവിടെയുണ്ട്. നിന്നെ കാണാന്‍ വന്നതാ. അവരിപ്പം ഒരുപാട് മാറിപ്പോയി മോളേ. എന്‍റെ മുമ്പിലിരുന്നു രണ്ടുപേരും കരഞ്ഞു. അതു മാനസാന്തരത്തിന്‍റെ കണ്ണീരാന്ന് എനിക്കു മനസ്സിലായി. നിന്‍റെ കാല്‍ക്കല്‍ വീണു പൊട്ടിക്കരഞ്ഞു ക്ഷമ ചോദിക്കാന്‍ അവരു തയ്യാറാ. നിനക്കു ക്ഷമിച്ചൂടെ?”
“റോയിച്ചന്‍ വന്നിട്ടുണ്ടോ?”
“ഇല്ല. നീ ആട്ടിയിറക്കുമോന്നോര്‍ത്ത് അവനോട് ഒന്നും പറഞ്ഞിട്ടില്ല അവര്. നീ ഇവിടുണ്ടെന്ന് ഇപ്പഴും അവന്‍ അറിഞ്ഞിട്ടില്ല.”
“മദ്യപാനിയായ ഒരു മനുഷ്യന്‍റെ കൂടെ ഇനി എനിക്കു ജീവിക്കാന്‍ ആഗ്രഹമില്ലച്ചോ. എനിക്കീ കടുവാക്കുന്നു ഗ്രാമവും എന്റെ ഏലിക്കുട്ടി അമ്മയും മതി.”
“അവൻ കുടി പാടെ നിറുത്തി മോളെ. ഇപ്പം ഒരു പുതിയ മനുഷ്യനായി മാറീന്നാ കേട്ടത്. കള്ളനോട്ടു കേസില്‍ കോടതി അവനെ വെറുതെ വിടുകയും ചെയ്തു.”
” എന്നാലും വേണ്ടച്ചോ. മനസിന് എടുത്തുകളഞ്ഞതാ ആ രൂപം. ഇനി അത് തിരിച്ചു വയ്ക്കാൻ ആഗ്രഹമില്ല. ”
” എത്രകാലം നിനക്കിങ്ങനെ ഒറ്റയ്ക്ക് കഴിയാൻ പറ്റും? അവൻ മാനസാന്തരപ്പെട്ട് വരുകയാണെങ്കിൽ ക്ഷമിക്കുന്നതല്ലേ മോളെ നല്ലത് ? കർത്താവ് പഠിപ്പിച്ച വഴിയും ക്ഷമയുടേതല്ലേ?”
“എനിക്കു റോയിച്ചനോടു നേരിട്ടു ഒന്ന് സംസാരിക്കണം! എന്നിട്ടു തീരുമാനം പറയാം.”
“ഓക്കെ. എന്നാ പപ്പേം അമ്മേം ഇപ്പം ഞാന്‍ ഇങ്ങോട്ടു വിളിക്കട്ടെ?”
“ഉം.”
അച്ചന്‍ എണീറ്റ് അടുത്ത മുറിയില്‍ചെന്ന് സഖറിയാസിനെയും മേരിക്കുട്ടിയെയും വിളിച്ചുകൊണ്ടുവന്നു.
പപ്പയെയും അമ്മയെയും കണ്ടപ്പോള്‍ അനിത ബഹുമാനത്തോടെ എണീറ്റു നിന്നു. പക്ഷേ, അവളുടെ മുഖത്ത് അപ്പോഴും നിര്‍വ്വികാരതയായിരുന്നു.
“മോളേ.”
ഓടിവന്നു മേരിക്കുട്ടി അവളെ കെട്ടിപ്പിടിച്ചു.
“ക്ഷമിക്കൂ മോളേ. തെറ്റു പറ്റിപ്പോയി. ഞങ്ങളോടു പൊറുക്കണം.”
അനിത മിണ്ടിയില്ല. ഒരു പാവ കണക്കെ നിർവികാരയായി നിന്നതേയുള്ളൂ.
“പൊന്നുമോനേ, ചക്കരക്കുട്ടാ…”
അനിതയുടെ തോളില്‍ കിടന്ന കുഞ്ഞിനെ വാരിയെടുക്കാനാഞ്ഞപ്പോള്‍ അവന്‍ കരഞ്ഞുകൊണ്ട് അമ്മയുടെ കഴുത്തില്‍ കൈചുറ്റി മുറുകെപ്പിടിച്ചു.
അനിത സഖറിയാസിനെ നോക്കി. തകര്‍ന്ന ഹൃദയത്തോടെ, നിറഞ്ഞ കണ്ണുകളോടെ , കുറ്റബോധത്തോടെ അനിതയുടെ മുഖത്തേക്ക് നോക്കാൻ പോലും ശക്തിയില്ലാതെ നില്‍ക്കുകയായിരുന്നു അയാള്‍. ആ കണ്ണുകളില്‍ പശ്ചാത്താപത്തിന്‍റെ തിരയിളക്കം അവള്‍ കണ്ടു.
“വരില്ലേ മോളേ ഞങ്ങളുടെ കൂടെ?”
മേരിക്കുട്ടി യാചനാസ്വരത്തില്‍ ചോദിച്ചു.
“റോയിച്ചന്‍ വന്നു വിളിക്കട്ടെ. അപ്പം തീരുമാനം പറയാം.”
“ഞങ്ങളോടു ക്ഷമിച്ചു എന്നെങ്കിലും പറയൂ മോളെ.” സഖറിയാസ് അപേക്ഷിച്ചു.
“എനിക്കാരോടും വിരോധമില്ല. പപ്പേം അമ്മേം പൊയ്‌ക്കോളൂ . എന്നെ ഓർത്തു നിങ്ങളാരും വിഷമിക്കണ്ട. ഞാന്‍ ഇവിടെ സന്തോഷത്തോടെയാ ഇപ്പം ജീവിക്കുന്നത്.”
” അവനെയും കൂട്ടിക്കൊണ്ടു ഞങ്ങൾ തിരിച്ചു വരും. അപ്പം മോള് വരാതിരിക്കരുത് ”
അതിനു മറുപടി ഒന്നും പറഞ്ഞില്ല അവൾ.
മൗനമായി യാത്ര ചോദിച്ചിട്ട് സഖറിയാസും മേരിക്കുട്ടിയും പുറത്തേക്കിറങ്ങി.
അവർ പോയിക്കഴിഞ്ഞപ്പോൾ അച്ചന്‍ അവളോട് ചോദിച്ചു.
“നീ എന്തു തീരുമാനിച്ചു?”
“എന്തു തീരുമാനിക്കണം അച്ചോ? അച്ചന്‍ പറയുന്നതുപോലെ ഞാന്‍ ചെയ്യാം. ”
“കേട്ടിടത്തോളം അവരു പറഞ്ഞതൊക്കെ സത്യമാന്നു തോന്നുന്നു. റോയി വന്നു വിളിച്ചാല്‍ നീ പോകണമെന്നാ എന്‍റെ അഭിപ്രായം. പിന്നീട് നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ ഇങ്ങോട്ടു പോരെ. ഞാന്‍ നോക്കിക്കോളാം നിന്നേം കുഞ്ഞിനേം; എന്‍റെ സഹോദരിയായിട്ട്..”
“അച്ചന്‍റെ ഈ സ്നേഹം ഞാനൊരിക്കലും മറക്കില്ല! ദൈവം എന്നെ ഈ സ്ഥലത്തെത്തിച്ചത് എന്‍റെ വല്യ ഭാഗ്യാ. ” അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
” എല്ലാം ദൈവത്തിന്റെ പദ്ധതിയാ മോളെ . ” അച്ചൻ തുടർന്നു :” എന്നാ ചെല്ല്! ചെന്ന് ഏലിച്ചേടത്തിയോടു കാര്യങ്ങളൊക്കെ പറ.”
കുഞ്ഞിനേയും തോളിലിട്ടുകൊണ്ട് അനിത വീട്ടിലേക്കു മടങ്ങി.
***********
ഹോസ്റ്റലില്‍ നിന്ന് ജിഷയെ വിളിച്ചു വരുത്തി മേരിക്കുട്ടി.
രാത്രി പ്രാര്‍ത്ഥന കഴിഞ്ഞു തിരി ഊതിയശേഷം മേരിക്കുട്ടി റോയിയുടെ അടുത്തേക്കു ചെന്നു.
“മോനേ, നിന്നോടു ഞങ്ങള്‍ക്കൊരു കാര്യം പറയാനുണ്ട്.”
എന്താമ്മേ ?”
”നീ ദേഷ്യപ്പെടുവൊന്നും ചെയ്യരുത്.”
“എന്താ?” അവന് ഉത്കണ്ഠയായി.
“ഞങ്ങള്‍ ഇന്ന് അനിതയെക്കണ്ടു.”
“എവിടെ വച്ച്?” റോയിയുടെ കണ്ണുകള്‍ വിടര്‍ന്നു.
മേരിക്കുട്ടി എല്ലാം തുറന്നു പറഞ്ഞു. അവന്‍ ജയിലിലായതിനുശേഷം നടന്ന എല്ലാ സംഭവങ്ങളും.
“എന്‍റെ പപ്പ ഇത്രയും നീചനാണെന്നു ഞാന്‍ ഒരിക്കലും കരുതിയില്ല.” അവൻ പൊട്ടിത്തെറിക്കുകയും പിന്നെ
പൊട്ടിക്കരയുകയും ചെയ്തു.
“തെറ്റുപറ്റിപ്പോയിമോനേ; ഞങ്ങളോട് ക്ഷമിക്ക് .”
സഖറിയാസ് മകന്റെ കൈപിടിച്ച് അപേക്ഷിച്ചു.
”നിങ്ങൾ ഒരു മനുഷ്യ ജീവിയാണോ ? എന്തൊരു ക്രൂരതയാ അവളോട് ചെയ്തത്. എന്റെ അപ്പനാ നിങ്ങൾ എന്ന് പറയാൻ പോലും എനിക്കിപ്പം അറപ്പാ.., വെറുപ്പാ .. നിങ്ങളെ എനിക്ക് കാണണ്ട ”
സമനില തെറ്റിയതുപോലെ റോയി വായിൽ വന്നതൊക്കെ വിളിച്ചു പറഞ്ഞു. മേരിക്കുട്ടിയും ജിഷയും ഏറെ പണിപ്പെട്ടിട്ടാണ് അവനെ ശാന്തനാക്കിയത്. എന്നിട്ടും അവന്റെ രോഷം അടങ്ങിയിരുന്നില്ല.
” മോനെ, നാളെത്തന്നെ നമുക്ക് അവളെ പോയി കണ്ടു മാപ്പു ചോദിച്ചു കൂട്ടിക്കൊണ്ടു വരാം.” മേരിക്കുട്ടി ആശ്വസിപ്പിക്കാൻ നോക്കി.
“അവൾ വരുമോ അമ്മേ?”
”വരും. നീ ചെന്നു വിളിച്ചാല്‍ അവള് വരും . എന്റെ മനസ് അങ്ങനെ പറയുന്നു. ”
”എനിക്ക് പ്രതീക്ഷയില്ലമ്മേ. ”
“വരും മോനെ! സ്നേഹത്തോടെ വിളിച്ചാല്‍ അവള് വരും. കര്‍ത്താവ് നമ്മളെ കൈവിടില്ല. ചെയ്ത തെറ്റുകൾക്ക് കണ്ണീരൊഴുക്കി പശ്ചാത്തപിച്ചല്ലോ നിന്റെ പപ്പാ. ഈ രാത്രി മുഴുവന്‍ ഞാൻ ഉറങ്ങാതെയിരുന്നു പ്രാര്‍ത്ഥിക്കാം. “
മേരിക്കുട്ടി അവന് ആത്മവിശ്വാസം പകർന്നു.
ആ രാത്രി ഒട്ടും ഉറങ്ങാൻ കഴിഞ്ഞില്ല നാല് പേർക്കും. മേരിക്കുട്ടി കണ്ണീരൊഴുക്കി ജപമാല ചൊല്ലുകയായിരുന്നു വെളുക്കുവോളം.
പിറ്റേന്നു പുലര്‍ച്ചെ എണീറ്റ് അവര്‍ കടുവാക്കുന്നിലേക്കു പുറപ്പെട്ടു. പത്തുമണിയായപ്പോള്‍ പള്ളിമേടയിലെത്തി. അച്ചന്‍ അനിതയെ വിളിച്ചു വരുത്തി.
റോയിയെ കണ്ടതും അവളുടെ കണ്ണുകള്‍ നിറഞ്ഞു. റോയി ഓടിച്ചെന്നു ഭാര്യയെ കെട്ടിപ്പിടിച്ചു കരഞ്ഞു. പിന്നെ മോനെ എടുത്തു തെരുതെരെ ഉമ്മ വച്ചു.
“ക്ഷമിക്കണം മോളെ! ഞാന്‍ ഒരുപാട് വേദനിപ്പിച്ചു നിന്നെ. ഈ റോയിച്ചനോട് പൊറുക്കണം. ”
ഭാര്യയുടെ കരം പുണര്‍ന്നുകൊണ്ട് അവന്‍ യാചിച്ചു: “വരില്ലേ എന്‍റെ കൂടെ?”
അനിത അച്ചനെ നോക്കി. വരാമെന്നു പറയാന്‍ അച്ചന്‍ കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു.
“വരാം. പക്ഷേ, ഒരു വാക്കുതരണം. ഇനി ഒരിക്കലും മദ്യപിക്കില്ലെന്നും എന്നെ വേദനിപ്പിക്കില്ലെന്നും.”
“വാക്ക്! നുറുവട്ടം വാക്ക്! പഴയ റോയിയല്ല ഇപ്പം നിന്‍റെ മുമ്പില്‍ നില്‍ക്കുന്നത്. പുതിയ മനുഷ്യനാ. ഞാന്‍ മാത്രമല്ല; പപ്പയും അമ്മയും ജിഷയുമൊക്കെ പുതിയ മനുഷ്യരായിട്ടാ നിന്‍റെ മുമ്പില്‍ വന്നു നില്‍ക്കുന്നത്. വരില്ലേ ഞങ്ങടെ കൂടെ?”
“ഉം.” അവള്‍ തലകുലുക്കി.
റോയിയുടെ മിഴിയില്‍ നിന്ന് അടര്‍ന്നുവീണ ഒരു തുള്ളി കണ്ണീര്‍ അവളുടെ കൈത്തലത്തില്‍ വീണു പടര്‍ന്നു.
അത് പശ്ചാത്താപത്തിന്റെ കണ്ണീരാണെന്ന് അവൾക്ക് മനസിലായി. അത്രയ്ക്ക് ചൂടുണ്ടായിരുന്നു ആ കണ്ണുനീരിന്. ( തുടരും.)
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved)
Also Read അവൾ അനാഥയല്ല- നോവൽ- അദ്ധ്യായം 1
Also Read അവൾ അനാഥയല്ല – നോവൽ – അദ്ധ്യായം 2
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 3
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 4
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 5
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 6
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 7
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 8
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 9
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 10
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 11
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 12
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 13
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 14
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 15
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 16
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 17
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 18
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 19
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 20
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 21
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 22
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 23
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 24














































