കഥ ഇതുവരെ –
കന്യാസ്ത്രീകൾ നടത്തുന്ന അനാഥാലയത്തിൽ വളർന്ന , സുന്ദരിയും പാട്ടുകാരിയുമായ അനിതയോട് ആ ഇടവകയിലെ ധനാഢ്യനായ ഇലഞ്ഞിക്കൽ സഖറിയാസിന്റെ മകൻ റോയിക്ക് അനുരാഗം തോന്നി. റോയിയുടെ മാതാപിതാക്കൾ ആദ്യം എതിർത്തെങ്കിലും അവന്റെ നിർബന്ധത്തിനു വഴങ്ങി ആ കല്യാണം നടത്തിക്കൊടുത്തു. ആദ്യരാത്രിയിൽ അനിതക്ക് മനസിലായി തന്റെ ഭർത്താവ് മദ്യത്തിന് അടിമയാണെന്ന് . അത് അവളെ തളർത്തി. കാഞ്ഞിരപ്പള്ളിയില്‍ 25 ഏക്കർ റബര്‍ത്തോട്ടമുണ്ട് സഖറിയാസിന്. അതു നോക്കി നടത്തി ആദായമെടുക്കുന്ന ചുമതല റോയിയെയാണ് ഏല്പിച്ചിരുന്നത്. ആഴ്ചയില്‍ മൂന്നോ നാലോ ദിവസം റോയി അവിടെപ്പോകും. റോയിയുടെ അഭാവത്തിൽ പപ്പയും അമ്മയും അനിതയെ മാനസികമായി നിരന്തരം പീഡിപ്പിപ്പിച്ചു. അനിത ഭർത്താവിനോട് തന്റെ ദുഃഖങ്ങൾ പറഞ്ഞു. അനിതയെ പീഡിപ്പിക്കുന്നതിന്റെ പേരിൽ ഒരു രാത്രി റോയി മാതാപിതാക്കളുമായി വഴക്കിട്ടു. കലിപൂണ്ട റോയിയുടെ പപ്പ സക്കറിയാസ് ഒരപകട മരണത്തിലൂടെ അനിതയെ കൊന്നുകളയാൻ രഹസ്യമായി പദ്ധതി തയ്യാറാക്കി. ഒരുദിവസം അനിതയുടെ ആഗ്രഹപ്രകാരം കാഞ്ഞിരപ്പള്ളിയിലെ എസ്റ്റേറ്റിൽ പോയി ഒരാഴ്ചക്കാലം ഭർത്താവിനോടൊപ്പം അനിത അവിടെ താമസിച്ചു. അവളുടെ വിവാഹാനന്തര ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനങ്ങളായിരുന്നു അത്. ഭർത്താവുമായി ശാരീരികവും മാനസികവുമായ അവളുടെ ബന്ധം അതോടെ കൂടുതൽ ശക്തിപ്പെട്ടു. റോയിക്കും ഭാര്യയെ കൂടുതൽ ഇഷ്ടമായി. എന്നാൽ ഇതിനിടയിൽ അനിതയെ ജീപ്പിടിച്ചു കൊല്ലാൻ സഖറിയാസ് ഒരാളെ ഏർപ്പാട് ചെയ്തു. (തുടർന്ന് വായിക്കുക. )
കുർബാന കഴിഞ്ഞ് വിശുദ്ധ അൽഫോന്‍സാമ്മയുടെ തിരുസ്വരൂപത്തിന്‍റെ മുമ്പില്‍ കൈകൂപ്പി നിന്നു കുറേനേരം പ്രാർത്ഥിച്ചു അനിത. അൽഫോന്‍സാമ്മ സഹിച്ച വേദനകളുടെയും യാതനകളുടെയും മുമ്പിൽ തന്റെ നൊമ്പരങ്ങളും പ്രയാസങ്ങളും എത്രയോ നിസാരം എന്ന് അവള്‍ഓര്‍ത്തു.
പ്രാർത്ഥന കഴിഞ്ഞു നോക്കിയപ്പോൾ എല്ലാവരും പള്ളിക്കു പുറത്തിറങ്ങിയിരുന്നു. എല്ലാ വിശുദ്ധന്മാരെയും വണങ്ങിയിട്ട് അവളും സാവധാനം പള്ളിയിൽ നിന്ന് സാവധാനം പുറത്തേക്കിറങ്ങി. ചെരിപ്പിട്ടിട്ടു തിരിഞ്ഞപ്പോൾ കണ്ടു: തന്നെയും കാത്ത് കാറില്‍ചാരി പള്ളിമുറ്റത്ത് റോയി നില്‍ക്കുന്നു. സന്തോഷത്തോടെ വേഗം അവള്‍ അടുത്തെത്തി.
” ഇതെപ്പ വന്നു? ഞാൻ പ്രതീക്ഷിച്ചില്ല കേട്ടോ, എന്നെ കൂട്ടിക്കൊണ്ടുപോകാന്‍വരുമെന്ന്.” അവളുടെ കണ്ണുകളിൽ സന്തോഷവും സ്നേഹവും.
“വക്കീലിനെ കണ്ടിട്ടു തിരിച്ചുവന്നപ്പം നിന്നെക്കൂടി കൂട്ടിക്കൊണ്ടുപോകാമെന്നു വച്ചു. അങ്ങനെയല്ലേ സ്നേഹമുള്ള ഒരു ഭർത്താവ് ചെയ്യേണ്ടത്?”
”പിന്നല്ലേ. എനിക്കൊരുപാട് സന്തോഷായി ട്ടോ ”
ചിരിച്ചുകൊണ്ട് റോയി കാറിന്റെ ഡോർ തുറന്നുകൊടുത്തു. അകത്തേക്ക് കയറി അനിത സീറ്റിൽ ഇരുന്നു.
ഡ്രൈവർ സീറ്റിൽ കയറി ഇരുന്നിട്ട് റോയി കാർ സ്റ്റാർട്ട് ചെയ്തു. വണ്ടി മുന്നോട്ടു നീങ്ങിയപ്പോൾ അവൾ പറഞ്ഞു:
“കണ്ടോ, എന്‍റെ പ്രാർത്ഥന കർത്താവ് കേൾക്കാൻ തുടങ്ങി. ഇപ്പം എന്തു സ്നേഹമാ റോയിച്ചന് എന്നോട്.”
”ഇഷ്ടപ്പെട്ടു കൂടെ കൂട്ടിയതല്ലേ . സ്നേഹിക്കാതിരിക്കാൻ പറ്റുമോ മോളെ ” :
“ഇനി പപ്പേടേം അമ്മേടേം കൂടി സ്നേഹം കിട്ടിയാൽ എനിക്കു തൃപ്തിയായി.”
“പപ്പ അടുക്കുമെന്നു തോന്നുന്നില്ല. അങ്ങേരുടെ സ്വഭാവം അങ്ങനെയാ ”
” ഞാൻ എന്നും പ്രാർത്ഥിക്കുന്നുണ്ട് റോയിച്ചാ ; എല്ലാവരും എന്നോട് സ്നേഹത്തോടെ പെരുമാറണമെന്ന് ! ദൈവം എന്റെ പ്രാർത്ഥന കേൾക്കാതിരിക്കുമോ? ”
” പിന്നെ , എല്ലാവരുടെയും പ്രാർത്ഥന കേട്ട് അതേപടി അനുഗ്രഹിക്കാനല്ലേ ദൈവം അവിടെ ഇരിക്കുന്നത് . അങ്ങേർക്കവിടെ നൂറുകൂട്ടം പണിയുണ്ട് കൊച്ചേ ”
” റോയിച്ചന് വിശ്വാസമില്ലാത്തതുകൊണ്ടാ അങ്ങനൊക്കെ പറയുന്നത് . അല്ല , വിശ്വാസം വരണമെങ്കിൽ ജീവിതത്തിൽ പ്രയാസങ്ങളുണ്ടാകണം . റോയിച്ചന് ഇതുവരെ പ്രയാസങ്ങളൊന്നും ഉണ്ടായിട്ടില്ലല്ലോ. ജനിച്ചപ്പം മുതൽ ഇന്നേവരെ ദുഃഖം എന്തെന്ന് അറിഞ്ഞിട്ടില്ല ”
” ശരിയാ , ഇതുവരെ വല്യ ദുഖങ്ങളൊന്നും ഉണ്ടായിട്ടില്ല ”
” ഭാഗ്യം കിട്ടിയ ജന്മം ”
വർത്തമാനം പറഞ്ഞും വിശേഷങ്ങൾ പങ്കുവച്ചും അവർ വീട്ടിലെത്തി.
റോയിയുടെ പിന്നാലെ അനിതയും കാറിൽ നിന്നിറങ്ങുന്നതു കണ്ടപ്പോൾ സഖറിയാസിന്റെ മുഖം വല്ലാതായി.
“നീ വക്കീലിനെ കാണാൻ പോയില്ലേ?” സഖറിയാസ് നെറ്റിചുളിച്ചുകൊണ്ട് ആരാഞ്ഞു.
“പോയി. കാശു വാങ്ങിക്കുകയും ചെയ്തു.”
”ഓ ഞാൻ വിചാരിച്ചു പോയില്ലാന്ന് ”
”പപ്പ പറഞ്ഞാൽ പിന്നെ ഞാൻ പോകണ്ടിരിക്കുവോ ?”
തന്റെ പദ്ധതി പാളിപ്പോയതിൽ സഖറിയാസിന് ഇച്ഛാഭംഗം തോന്നി.
സാരമില്ല. ഇനിയും അവസരം കിട്ടും. അയാൾ സമാധാനിച്ചു.
*****
ഒരു ദിവസം എസ്റ്റേറ്റിൽ പോയിട്ടു റോയി മടങ്ങി വന്നപ്പോൾ അനിത മുറിയിലിരുന്നു കരയുകയായിരുന്നു. ഒരു സുഹൃത്തിന്റെ ബർത് ഡേ പാര്‍ട്ടിയില്‍പങ്കെടുത്ത് മദ്യപിച്ചിട്ടായിരുന്നു റോയിയുടെ വരവ്.
ഭാര്യ കിടക്കയിൽ ചെരിഞ്ഞു കിടന്ന് ഏങ്ങിയേങ്ങി കരയുന്നതു കണ്ടപ്പോൾ റോയി അടുത്തു വന്നിരുന്ന് അവളുടെചുമലിൽ കൈ വച്ചു .
“എന്തു പറ്റി?”
എണീട്ടിരുന്നിട്ട് , ഭർത്താവിന്റെ നെഞ്ചിലേക്ക് ശിരസുചേർത്തു കെട്ടിപ്പിടിച്ചുകൊണ്ട് അവൾ പറഞ്ഞു:
“വയ്യ റോയിച്ചാ ഈ വീട്ടിൽ താമസിക്കാൻ . ഇങ്ങനെപോയാൽ ഞാൻ മരിച്ചുപോകും.”
“എന്താ ഉണ്ടായേ?”
ഭാര്യയെ തന്നിലേക്ക് ചേർത്തുപിടിച്ചുകൊണ്ടു സ്നേഹവായ്പോടെ റോയി ആരാഞ്ഞു.
“കോണ്‍വെന്റീന്ന് മദറും മരിയാ സിസ്റ്ററും ഇന്നെന്നെ കാണാൻ ഇവിടെ വന്നിരുന്നു. ഞാൻ ബാത്റൂമിലായിരുന്നു ആ സമയം. അപ്പം സിസ്റ്ററിനോട് അമ്മ എന്തൊക്കെയാ പറഞ്ഞു കേൾപ്പിച്ചതെന്നറിയ്വോ? ഞാൻ അഹങ്കാരിയാണ്, ധിക്കാരിയാണ്, മദ്യപാനിയാണ് എന്നൊക്കെ. ഞാൻ വന്നു കേറീതേ ഈ കുടുംബത്തിലെ സമാധാനം പോയീത്രേ . സിസ്റ്റർ എന്നോടിതു പറഞ്ഞപ്പം എന്റെ ചങ്കു തകർന്നുപോയി റോയിച്ചാ . ജീവിക്കണമെന്നുള്ള ആഗ്രഹം പോലും എനിക്കിപ്പം ഇല്ല. അവരൊക്കെ എന്നെക്കുറിച്ചു എന്തുവിചാരിക്കും ?” ഗദ് ഗദം അടക്കാൻ അവള്‍ പാടുപെട്ടു.
“അങ്ങനെ പറഞ്ഞോ? അത് മോശമായി പോയല്ലോ . ഞാനിപ്പത്തന്നെ അമ്മയോടു ചോദിക്കാം.”
“വേണ്ട.” അനിത തടഞ്ഞു: “അമ്മയോട് ഇപ്പം ഒന്നും ചോദിക്കണ്ട. അതു കൂടുതല്‍പ്രശ്നമുണ്ടാക്കുകയേയുള്ളൂ. ഞാനും പോരുകാ, റോയിച്ചന്‍റെ കൂടെ എസ്റ്റേറ്റിലേക്ക്. നമുക്കവിടെ താമസിക്കാം . നമ്മൾ രണ്ടുപേരും മാത്രമുള്ള ഒരു ലോകത്ത് . കൊട്ടാരമൊന്നും വേണ്ട എനിക്ക് . ഒരു ചെറിയ വീട് മതി ”
”ചോദിക്കാതിരുന്നാൽ ശരിയാവില്ല . ഇല്ലെങ്കിൽ ഇനിയും അവര് നിന്റെ തലേൽ കേറി നിരങ്ങും ”
അനിതയുടെ പിടി വിടുവിച്ച് റോയി മുറിവിട്ടിറങ്ങി താഴേക്കു പാഞ്ഞു ചെന്നു.
മേരിക്കുട്ടി സ്വീകരണമുറിയിൽ സീരിയൽ കണ്ടുകൊണ്ട് ഇരിപ്പുണ്ടായിരുന്നു. നേരേ ചെന്നു ടി.വി. ഓഫു ചെയ്തിട്ട് റോയി അമ്മയുടെ നേരേ തിരിഞ്ഞു:
“അമ്മ എന്തൊക്കെയാ ഇന്നു മഠത്തീന്നു സിസ്റ്റർമാരു വന്നപ്പം അവരോട് പറഞ്ഞുകേൾപ്പിച്ചത്?”
“ഓ… വന്നു കേറിയതേ അവളു എല്ലാം വിളമ്പിയോ? ഞാൻ ഇല്ലാത്തതൊന്നും പറഞ്ഞില്ല. ഒള്ള കാര്യമേ പറഞ്ഞിട്ടുള്ളു “
“അവളെ ഈ വീട്ടീന്നു പുകച്ചു ചാടിക്കാനാണുദ്ദേശമെങ്കിൽ അതു നടക്കിയേല. അമ്മയോടുള്ളതിനേക്കാൾ കൂടുതൽ സ്നേഹം എനിക്കവളോടുണ്ട്.”
“അതെനിക്കറിയാടാ. തൊലിവെളുപ്പുള്ള ഒരു പെണ്ണിനെ കണ്ടപ്പം നിനക്ക് അമ്മേം വേണ്ട അപ്പനും വേണ്ട.”
“ഞാൻ ചുമ്മാ വിളിച്ചിറക്കിക്കൊണ്ടുവന്നതല്ലല്ലോ അവളെ? നിങ്ങടെയൊക്കെ സാന്നിദ്ധ്യത്തിൽ പള്ളീല്‍വച്ച് താലികെട്ടി കൂട്ടി ക്കൊണ്ടുവന്നതല്ലേ?” ഒന്നു നിറുത്തിയിട്ട് കൈചൂണ്ടി ആജ്ഞാസ്വരത്തിൽ റോയി തുടർന്നു: “ഒരു കാര്യം പറഞ്ഞേക്കാം. ഇനി അവളെ വല്ലതും പറഞ്ഞു വേദനിപ്പിച്ചാൽ ഇപ്പഴത്തെ ഈ റോയിയെയായിരിക്കില്ല പിന്നെ നിങ്ങൾ കാണുക.”
” നിങ്ങളോ ? നീ വല്ലാതെ മാറിപ്പോയല്ലോടാ കൊച്ചേ ”
” മാറേണ്ട സാഹചര്യം വന്നാൽ മാറും . അങ്ങനെയൊരുസാഹചര്യം ഉണ്ടാക്കാതിരുന്നാൽ നിങ്ങൾക്ക് നല്ലത് ”
സംസാരംകേട്ട് സഖറിയാസ് കിടപ്പുമുറിയിൽ നിന്ന് ഒരു ഈറ്റപ്പുലിയെപ്പോലെ ചാടിയെണീറ്റു സ്വീകരണ മുറിയിലേക്കു വന്നു.
“ആരോടാടാ നിന്റെ ഭീഷണി?” പല്ലു ഞെരിച്ചുകൊണ്ടു സഖറിയാസ് തുടര്‍ന്നു: “ഒരു പെഴച്ചപെണ്ണിനെ കിട്ടിയപ്പം നിനക്ക് അമ്മേം വേണ്ട അപ്പനും വേണ്ട ! നിന്‍റെ ഭാര്യയ്ക്കു സഹിക്കാൻ പറ്റാത്തത് എന്തെങ്കിലും ഈ വീട്ടിലുണ്ടെങ്കിൽ ഇറങ്ങിക്കോ അവളേം വിളിച്ച് എങ്ങോട്ടെങ്കിലും ഈ നിമിഷം . നീ സമ്പാദിച്ച നയാ പൈസ ഈ വീട്ടിലില്ല. ഇത് എന്റെയും എന്‍റെ ഭാര്യയുടേയും വീടാ.”
“പപ്പാ ഞാന്‍പറഞ്ഞത്…”
“നീയൊന്നും പറയണ്ടടാ. നിന്റെ ഭാര്യയെന്നു പറയുന്ന ആ ജന്തുവുണ്ടല്ലോ, ആ പിശാച് ; അതീവീട്ടിൽ കാലുകുത്തിയപ്പം തുടങ്ങിയതാ ഈ വീടിന്റെ കഷ്ടകാലം.”
“ചുമ്മാ കിടന്നു കുരച്ചിട്ടു കാര്യമില്ല. അവളെന്തു തെറ്റാ ചെയ്തതെന്നു പറ?”
“നീയെന്താ പറഞ്ഞേ? കുരച്ചിട്ടു കാര്യമില്ലെന്നോ?” റോയിയുടെ കരണത്തൊന്നു പൊട്ടിച്ചിട്ട് സഖറിയാസ് ചീറി. “സ്വന്തം അപ്പനെ പട്ടിയായി കാണുന്ന നീയൊക്കെ ഒരു മനുഷ്യനാണോടാ? തീർന്നു; നീയും ഞങ്ങളും തമ്മിലുള്ള ബന്ധം ഈ നിമിഷം തീർന്നു. ഇനി മുതൽ നീ എന്റെ മകനല്ല. ഇവള്‍ നിന്റെ അമ്മേം അല്ല. ആ യക്ഷിയേം വിളിച്ചോണ്ട് ഇറങ്ങിക്കോ ഈ നിമിഷം ഈ വീട്ടീന്ന്. ഇനി കാണണ്ട രണ്ടിന്റേം മുഖം എനിക്ക് ”
മേരിക്കുട്ടി ഭര്‍ത്താവിനെ ശാന്തനാക്കാന്‍ നോക്കിയെങ്കിലും സഖറിയാസിന്‍റെ കലി അടങ്ങിയില്ല.
“പുകഞ്ഞകൊള്ളി പുറത്ത്. അവന് അവന്‍റെ വഴി. നമുക്ക് നമ്മുടെ വഴി.”
കവിളിൽ തടവിക്കൊണ്ട് റോയി ദേഷ്യത്തോടെ പപ്പയെ നോക്കി പറഞ്ഞു:
“ഇയാളെന്നെ ഇറക്കിവിട്ടാൽ ഞങ്ങളു പട്ടിണി കിടന്നു ചാകുമെന്നു താൻ കരുതിയോ? ഇയാളു സമ്പാദിച്ച നയാപൈസ എനിക്കു വേണ്ട. ദൈവം എനിക്ക് ആരോഗ്യം തന്നിട്ടുണ്ട്. ഈ കൈകൊണ്ട് അദ്ധ്വാനിച്ചു ഞാന്‍ ജീവിക്കും. ഈ മകനെ ഇയാൾക്കു വേണ്ടെങ്കിൽ ഇങ്ങനെയൊരു തന്തയെ എനിക്കും വേണ്ട.”
മേരിക്കുട്ടി ഓടി വന്നു മകനെ ശാന്തനാക്കാൻ ശ്രമിച്ചെങ്കിലും റോയിയുടെ രോഷം അടങ്ങിയില്ല.
“എന്‍റെ ഭാര്യയെ പിഴച്ചവളായി കാണുന്ന ഒരു മനുഷ്യനെ എനിക്കെങ്ങനെ അപ്പനായി കാണാന്‍പറ്റും അമ്മേ? ഇയാൾ എന്റെ അപ്പനല്ല. “
“നീയൊരു പുല്ലും കാണണ്ടടാ ചെറ്റേ! അന്തസ്സുണ്ടെങ്കില്‍ ഇറങ്ങ്. ഈ നിമിഷം ഈ വീട്ടീന്ന്.”
സഖറിയാസ് ദേഷ്യംകൊണ്ട് വിറച്ചു.
“നിങ്ങളൊന്നു മിണ്ടാതിരി മനുഷ്യാ.” മേരിക്കുട്ടി ഭർത്താവിനെ ശാസിച്ചു.
“നീ പോടീ അകത്ത്.” സഖറിയാസ് മേരിക്കുട്ടിയെ പിടിച്ച് ഒരു തള്ളു കൊടുത്തു.
പപ്പയെ തുറിച്ചൊന്നു നോക്കിയിട്ട് റോയി തിരിഞ്ഞു ധൃതിയിൽ പടികൾ കയറി മുകളിലേക്കു പോയി.
വഴക്കു കേട്ടു കൊണ്ടു മുകളിൾ ഗോവണിപ്പടികള്‍ക്കു സമീപം അനിത നില്പുണ്ടായിരുന്നു. റോയി പറഞ്ഞു:
“വേഗം ഡ്രസുമാറ്. ഈ നിമിഷം നമുക്കീ വീട്ടീന്നിറങ്ങണം. “
“എങ്ങോട്ട്.”
“എങ്ങോട്ടെങ്കിലും. ഇനി ഇവിടെ താമസിക്കാൻ എന്റെ അഭിമാനം സമ്മതിക്കില്ല .നീ വേഷം മാറ്.”
“റോയിച്ചന്‍കുടിച്ചിട്ടുണ്ടല്ലേ?”
“ഉം. നീ ഡ്രസ് മാറ്.”
“നേരം വെളുത്തിട്ട് നമുക്ക് എല്ലാം പറഞ്ഞു തീർക്കാം. ഇപ്പം റോയിച്ചന്‍വന്നു കിടക്ക്.” – അനിത ഭര്‍ത്താവിനെ പിടിച്ചു മുറിയിലേക്കു കൊണ്ടുപോകാൻ ശ്രമിച്ചു.
“എന്തുവന്നാലും ഇനി ഈ വീട്ടിൽ താമസിക്കുന്ന പ്രശ്നമേയില്ല. നീ വരുന്നില്ലെങ്കിൽ ഞാനെന്‍റെ വഴിക്കുപോകും. വരുന്നോ?”
” ഈ രാത്രീല്‍എങ്ങോട്ടു പോകാനാ? റോയിച്ചനല്ല, റോയിച്ചന്‍റെ വയറ്റില്‍കിടക്കുന്ന മദ്യമാ ഇപ്പം സംസാരിക്കുന്നത്. അതുകൊണ്ടാ ഞാൻ പറഞ്ഞത് നേരം വെളുത്തിട്ട് നമുക്ക് എന്തെങ്കിലും ചെയ്യാമെന്ന് “
“ഞാന്‍പറയുന്നതനുസരിക്കാൻ നിനക്കു പറ്റില്ലേ? നിനക്കുവേണ്ടിയാ ഞാനിപ്പം വഴക്കുണ്ടാക്കീയതും പപ്പേടെ അടിമേടിച്ചതും ”
”ഒന്നും ചോദിക്കേണ്ടെന്ന് ഞാൻ പറഞ്ഞതല്ലായിരുന്നോ ?”
”പിന്നെന്തിനാ എന്നോട് പരാതി പറഞ്ഞത്? ”
”ഞാനെന്റെ സങ്കടം പറഞ്ഞെന്നേയുള്ളൂ. ഒന്നും ചോദിയ്ക്കാൻ പോകേണ്ടെന്നു ഞാൻ പറഞ്ഞതല്ലായിരുന്നോ ?”
”ഇപ്പം കുറ്റം എന്റെ തലയിലായി അല്ലേ ?”
” എന്ന് ഞാൻ പറഞ്ഞില്ലല്ലോ ”
”എന്നാ ഡ്രസ് മാറ് . നമുക്ക് ഉടനെ പോണം ”
അനിത ധർമ്മസങ്കടത്തിലായി. പോകേണ്ടെന്ന് അവൾ എത്ര പറഞ്ഞിട്ടും ആ രാത്രിയിൽത്തന്നെ പോയേ പറ്റൂ എന്നു റോയി വാശിപിടിച്ചു. കൂടുതൽ പറഞ്ഞിട്ടു പ്രയോജനമില്ലെന്നു തോന്നിയപ്പോൾ അവൾ വേഷം മാറി. വസ്ത്രങ്ങൾ എടുത്തു ബാഗിൽ അടുക്കി വച്ചു. സ്വർണ്ണാഭരണങ്ങൾ എടുത്തു ബാഗിൽ വയ്ക്കാൻ ഒരുങ്ങിയപ്പോൾ റോയി തടഞ്ഞു:
“താലിമാലയും കമ്മലും മോതിരവുമൊഴിച്ച് ഒന്നും എടുക്കണ്ട. എല്ലാം അപ്പന്റെ സമ്പാദ്യമല്ലേ. അയാളുകൊണ്ടെ പുഴുങ്ങിത്തിന്നട്ടെ.”
അനിതയ്ക്കു കരച്ചിൽ വന്നു. വെറും കൈയോടെ ഇറങ്ങിപ്പോയാൽ എങ്ങനെ ജീവിക്കും? കള്ളുകുടിച്ചു ലക്കുകെട്ട ഈ മനുഷ്യനോട് ഇതൊന്നും പറഞ്ഞാൽ തലയിലേക്കു കയറില്ലല്ലോ.
ബാഗെടുത്തു റോയിയുടെ പിന്നാലെ അവൾ സ്റ്റെയര്‍കെയ്സിറങ്ങി.
മേരിക്കുട്ടിയും ജിഷയും ഓടിവന്ന് റോയിയുടെ കൈപിടിച്ചു കരഞ്ഞുകൊണ്ടു പറഞ്ഞു, പോകരുതേയെന്ന്. റോയി കൈ തട്ടിമാറ്റിയിട്ട് പുറത്തേക്കുള്ള വാതിൽ തുറന്നു.
“പോകരുതെന്നു പറ മോളേ”
മേരിക്കുട്ടി വന്ന് അനിതയുടെ കൈ പിടിച്ചു യാചിച്ചു.
“ഞാന്‍ ഒരുപാടു പറഞ്ഞതാ അമ്മേ.”
അനിത നിസ്സഹായാവസ്ഥ പ്രകടിപ്പിച്ചു.
“അവൻ പോകെട്ടെടീ . പോയി ചാകട്ടെ .. നീ ഇങ്ങോട്ടു വാ ”
കിടപ്പുമുറിയിൽ നിന്നു സഖറിയാസിന്റെ ശബ്ദം.
റോയിയും അനിതയും പുറത്തേക്കിറങ്ങി. ഗേറ്റിനരികിലേക്കു നടക്കുമ്പോൾ സിറ്റൗട്ടിൽ മേരിക്കുട്ടിയുടെ നിലവിളി ഉയർന്നു. അനിതയ്ക്കു സങ്കടം വന്നു.
“അമ്മേടെ കരച്ചിൽ കേട്ടില്ലേ റോയിച്ചാ. നമുക്കു തിരിച്ചുപോകാം.”
“നിനക്കത്ര സഹതാപമാണെങ്കിൽ നീ പൊയ്ക്കോ! ഞാന്‍എന്‍റെ വഴി നോക്കിക്കോളാം .”
പിന്നെ ഒന്നും മിണ്ടിയില്ല അവള്‍.
റോഡില്‍വന്നുനിന്നിട്ട് റോയി ആരെയോ ഫോണ്‍ചെയ്തു. അല്പനേരം കഴിഞ്ഞപ്പോൾ ഒരു ഓട്ടോ അവരുടെ അരികിൽ വന്നു നിന്നു. ആദ്യം അനിതയെ കയറ്റിയിരുത്തിയിട്ട് പിന്നാലെ റോയിയും കയറി. ഓട്ടോ മുമ്പോട്ടു നീങ്ങി.
(തുടരും. അടുത്ത അദ്ധ്യായം നാളെ )
രചന : ഇഗ്‌നേഷ്യസ് കലയന്താനി ( copyright reserved )
Also Read അവൾ അനാഥയല്ല- നോവൽ- അദ്ധ്യായം 1
Also Read അവൾ അനാഥയല്ല – നോവൽ – അദ്ധ്യായം 2
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 3
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 4
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 5
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 6
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 7
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 8