കഥ ഇതുവരെ-
കന്യാസ്ത്രീകൾ നടത്തുന്ന അനാഥാലയത്തിൽ വളർന്ന , സുന്ദരിയും പാട്ടുകാരിയുമായ അനിതയോട് ആ നാട്ടിലെ ധനാഢ്യനായ ഇലഞ്ഞിക്കൽ സഖറിയാസിന്റെ മകൻ റോയിക്ക് പ്രണയം തോന്നി. റോയിയുടെ മാതാപിതാക്കൾ ആദ്യം എതിർത്തെങ്കിലും അയാളുടെ നിർബന്ധത്തിനു വഴങ്ങി കല്യാണം ആലോചിച്ചു. ഓർഫനേജിലെ സന്ദർശകമുറിയിൽ ‘പെണ്ണുകാണൽ’ നടന്നു. അനിതക്കും റോയിയെ ഇഷ്ടമായി . മനസമ്മതം കഴിഞ്ഞു വിവാഹവസ്ത്രങ്ങൾ വാങ്ങിക്കൊണ്ടു വരുന്നതിനിടയിൽ റോയിയും അനിതയും സഞ്ചരിച്ചകാർ അപകടത്തിൽപെട്ടു. ആർക്കും ഗുരുതരമായ പരിക്കുണ്ടായില്ലെങ്കിലും അനിത ശാപം കിട്ടിയ പെണ്ണാണെന്ന് റോയിയുടെ മാതാപിതാക്കൾ വിധിയെഴുതി. ആ വിവാഹം ഒഴിവാക്കാൻ അവർ ശ്രമിച്ചെങ്കിലും നടന്നില്ല . റോയിയുടെ നിർബന്ധം മൂലം വിവാഹം നടന്നു. ആദ്യരാത്രിയിൽ പുറത്തേക്കു പോയ റോയി വൈകിയാണ് മണിയറയിലേക്കു കയറിവന്നത്.
(തുടർന്ന് വായിക്കുക )
കണ്ണു തുറന്നു നോക്കിയപ്പോൾ മുമ്പിൽ റോയി.
അനിത കിടക്കയിൽ എണീറ്റിരുന്നിട്ട് ക്ലോക്കിലേക്കു നോക്കി. മണി പതിനൊന്നു നാല്പത്. ഉത്കണ്ഠയോടെ അവള്‍ ചോദിച്ചു:
“എവിടായിരുന്നു ഇത്രേം നേരം?”
“എന്‍റെ കുറെ ഫ്രണ്ട്സ് വന്നിരുന്നു. അവരു ബാംഗ്ലൂര് ഐ.റ്റി.കമ്പനീലാ. രാത്രിയായപ്പഴാ എത്തീത്. വര്‍ത്തമാനം പറഞ്ഞിരുന്നു സമയം പോയതറിഞ്ഞില്ല.”
“എന്നെ വിളിച്ചൊന്നു പരിചയപ്പെടുത്തിയില്ലല്ലോ.” അവള്‍ പരിഭവം പറഞ്ഞു.
“നിന്നെ കാണിക്കാന്‍ പറ്റുന്ന കണ്ടീഷനിലല്ല അവരു വന്നത്. എല്ലാം അടിച്ചു ഫിറ്റായിരുന്നെന്നേ. ഒന്നു പറഞ്ഞു വിടാൻ ഞാൻ പെട്ട പാട്!”
“നന്നായി വിളിക്കാതിരുന്നത്. കുടിക്കുന്നവരെ എനിക്കിഷ്ടമേയല്ല.” അനിത എണീറ്റുപോയി കണ്ണും മുഖവും കഴുകി. എന്നിട്ടു വന്നു കിടക്കയിൽ ഇരുന്നു. അവളുടെ സമീപം റോയിയും. വലതുകൈകൊണ്ട് അവളെ തന്നിലേക്കു ചേർത്തു പിടിച്ചു കൊണ്ട് സ്നേഹാര്‍ദ്രസ്വരത്തിൽ അയാൾ ചോദിച്ചു:
“കാത്തിരുന്നു മുഷിഞ്ഞോ?”
“ഏയ്…” ഭർത്താവിന്‍റെ നെഞ്ചിലേക്കു മുഖം ചേര്‍ത്തുകൊണ്ട് അവൾ തുടർന്നു: “ഞാനെത്ര ഭാഗ്യവതിയാ! സ്വപ്നം കാണാൻ പോലും പറ്റാത്തത്ര ഒരു വലിയ സമ്മാനമല്ലേ എനിക്കു ദൈവം കൊണ്ട് തന്നത്.”
റോയിയുടെ വലതുകൈ എടുത്തവൾ തന്റെ നെഞ്ചോട് ചേർത്തു പിടിച്ചു.
“സത്യത്തിൽ ഞാനല്ലേ ഭാഗ്യവാൻ ! സ്നേഹസമ്പന്നയായ ഒരു സുന്ദരിക്കുട്ടിയെ ദൈവം എനിക്കു തന്നില്ലേ?”
റോയി അവളുടെ മുഖം സാവധാനം തന്നിലേക്കു ചേർത്തു. റോസാദളങ്ങള്‍പോലെ മൃദുലമായ ചുണ്ടുകളില്‍ ഒരു മധുരചുംബനം നല്‍കി. അനിത കോരിത്തരിച്ചുപോയി. ജീവിതത്തിൽ ആദ്യമായി ഒരു പുരുഷനിൽ നിന്ന് കിട്ടുന്ന സ്നേഹസമ്മാനം !
അടുത്ത നിമിഷം അവൾ പെട്ടെന്നു മുഖം വലിച്ചു. എന്നിട്ടു സംശയത്തോടെ ചോദിച്ചു:
“കുടിച്ചിട്ടുണ്ടോ?”
“ഒരല്പം.”
അനിതയുടെ നെഞ്ചൊന്നു കാളി.
“എന്നും കുടിക്കാറുണ്ടോ?”
“കിടക്കാൻ നേരം ഇത്തിരി. അത്രേയുള്ളൂ.”
അനിത ഒരു നിമിഷനേരം ശ്വാസം നിലച്ച് ഇരുന്നുപോയി. അടുത്ത ക്ഷണം അവള്‍ പറഞ്ഞു:
“ഇനി കുടിക്കരുത്. കേട്ടോ.”
” കോളജില്‍ പഠിക്കുമ്പം തുടങ്ങിയ ശീലമാ. അന്ന് ഹോസ്റ്റലിലാ ഞാന്‍ താമസിച്ചിരുന്നത്. കൂട്ടുകാര് നിർബന്ധികുമ്പം ഇടയ്ക്ക് ഓരോ സ്‌മോളുകഴിക്കും . പിന്നെ അതൊരു ശീലമായി. ശീലമായാൽ പിന്നെ മാറ്റാൻ ബുദ്ധിമുട്ടാണല്ലോ. അധികം ഒന്നുംഇല്ലെന്നേ. കിടക്കാന്‍ നേരം ഒരു പെഗ്; അത്രേയുള്ളൂ.”
” ഇനിയതു വേണ്ടാട്ടോ ”
”കഴിച്ചില്ലെങ്കില്‍ ഇപ്പം ഉറക്കം വര്യേല.”
“ഇനി ഞാനല്ലേ അടുത്തു കിടക്കുന്നത്. ഞാനുറക്കിക്കോളാം.” അനിത റോയിയെ തന്നിലേക്ക് ചേർത്തുപിടിച്ചുകൊണ്ടു ചോദിച്ചു:
“പപ്പയ്ക്കും അമ്മയ്ക്കും അറിയാമോ കുടിക്കുമെന്ന്?”
“പിന്നെ! എല്ലാർക്കും അറിയാം. ഇപ്പഴത്തെ കാലത്ത് ആരാ ഇത്തിരി കഴിക്കാത്തത്.? എന്‍റെ ഫ്രണ്ട്സ് എല്ലാരും ശരിക്ക് അടിക്കുന്നോരാ. കോളേജീന്നു ടൂറു പോയപ്പം പെണ്ണുങ്ങളുവരെ അടിച്ചു ഫിറ്റായി. മോളു കന്യാസ്ത്രീകളുടെ കൂട്ടത്തിൽ വളർന്നതുകൊണ്ടാ ഈ വക കാര്യങ്ങളെ കുറിച്ചൊന്നും വല്യപിടിപാടില്ലാത്തത് ”
അനിത വിഷാദമൂകയായി ഇരുന്നതേയുള്ളൂ.
” മദ്യത്തിന്റെ മണമേ എനിക്കിഷ്ടമല്ല ”
”അതൊക്കെ വഴിയേ ഇഷ്ടായിക്കൊള്ളും. കള്ളിന്‍റെ കഥ പറഞ്ഞു ഫസ്റ്റ് നൈറ്റിന്റെ ത്രില്ലു കളയണ്ട. ഹാപ്പിയായിട്ടിരിക്ക് . ഇന്നുമുതല്‍ നമ്മള്‍ രണ്ടല്ല, ഒന്നാണ്. ”
അങ്ങനെ പറഞ്ഞിട്ട് റോയി അവളെ മെല്ലെ കിടക്കയിലേക്കു ചായ്‌ച്ചു.
*****
പ്രഭാതം!
നന്നേ പുലർച്ചെ അനിത ഉണര്‍ന്നു. എണീറ്റ പാടേ ബാത്റൂമിൽ പോയി നന്നായി കുളിച്ചു. കണ്ണാടിയുടെ മുമ്പില്‍ വന്നു മുടി ചീകിക്കൊണ്ടിരിക്കുമ്പോൾ ഓർത്തു ! ആദ്യ രാത്രിയെക്കുറിച്ചുള്ള തന്റെ സ്വപ്നങ്ങളും യാഥാർത്ഥ്യവും തമ്മിൽ എന്തുമാത്രം അന്തരം! കുടിച്ചിട്ട് മണിയറയിലേക്ക് കയറിവരുന്ന ഒരു ഭർത്താവിനെയല്ല താൻ മനസിൽകണ്ടത്.
പക്ഷേ .., മദ്യത്തിന്റെ മണം ആദ്യരാത്രിയിലെ മധുരാനുഭവങ്ങളുടെ ശോഭ കെടുത്തി. റോയിച്ചന്‍റെ മദ്യപാനം നിറുത്തിക്കാൻ പറ്റുമോ തനിക്ക്? സ്നേഹത്തോടെ പറഞ്ഞാൽ കേൾക്കുമായിരിക്കും.
അവൾ റോയിയെ നോക്കി. കൂർക്കം വലിച്ചു കിടന്നുറങ്ങുകയാണ് കക്ഷി . ഉറങ്ങട്ടെ . നന്നായി ഉറങ്ങിക്കോട്ടെ . രാത്രി വൈകിയല്ലേ ഉറങ്ങിയത്.
ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്നു അവൾ മുറിയിൽ നിന്നിറങ്ങി. പടികളിറങ്ങി താഴെ അടുക്കളയിലേക്കു ചെന്നു. മേരിക്കുട്ടി ചായ തിളപ്പിക്കുകയായിരുന്നു. അമ്മയോടു കുശലം ചോദിച്ചു കൊണ്ട് അവൾ അവിടെ ചുറ്റിപ്പറ്റി നിന്നു . ഗ്ലാസിലേക്കു ചായ പകർന്ന് അനിതയ്ക്കു നീട്ടുന്നതിനിടയിൽ മേരിക്കുട്ടി ചോദിച്ചു:
“ഇന്നലെ രാത്രി അവന്‍ കുടിച്ചിട്ടാണോ മോളെ വന്നത്?”
“ഉം.”
“പണ്ടേ തുടങ്ങിയതാ കുടി. മോളു പറഞ്ഞ് അവനെ അതീന്നു മാറ്റണം കേട്ടോ. മോളു പറഞ്ഞാല്‍ അവന്‍ കേള്‍ക്കാതിരിക്കില്ല. അത്രയ്ക്കിഷ്ടാ അവനു നിന്നെ.”
”ഉം” അനിത തലയാട്ടി.
റോയിക്കു കൊടുക്കാനുള്ള ചായ വാങ്ങിക്കൊണ്ട് അവള്‍ സ്റ്റെയര്‍കെയ്സ് കയറി കിടപ്പുമുറിയിലേക്കു ചെന്നു.
റോയി അപ്പോഴും നല്ല ഉറക്കം!
വിളിച്ചുണർത്തി ചായ കൊടുത്തിട്ടു പറഞ്ഞു:
“കുളിച്ചിട്ടു വാ. നമുക്കു പള്ളീൽ പോയി വിശുദ്ധ കുർബാന കാണണം. പുതിയ ജീവിതം തുടങ്ങ്വല്ലേ ഇന്ന് .”
റോയി എതിര്‍പ്പൊന്നും പ്രകടിപ്പിച്ചില്ല. വേഗം കുളിച്ചു ഡ്രസ്സുമാറി രണ്ടുപേരും കാറിൽ കയറി പള്ളിയിലേക്കു പുറപ്പെട്ടു.
കുർബാന കഴിഞ്ഞു സിസ്റ്റർമാരെയും ഓർഫനേജിലെ കുഞ്ഞുങ്ങളെയും കണ്ട് അവള്‍ കുശലാന്വേഷണം നടത്തി.
വീട്ടിലേക്കു മടങ്ങുമ്പോൾ കാറിലിരുന്ന് അനിത പറഞ്ഞു: “ഇനി റോയിച്ചനെ കുടിക്കാൻ തോന്നിപ്പിക്കരുതേ ഈശോയേ എന്നായിരുന്നു കുർബാനേടെ സമയം മുഴുവൻ ഞാൻ പ്രാർത്ഥിച്ചോണ്ടിരുന്നത്.”
“പിന്നെ! ഇത്തിരി വെള്ളമടിക്കുന്നതു വല്യ പാപമല്ലേ. ഈശോ അതുകേട്ടു ചിരിച്ചു കാണും ” – റോയി ചിരിച്ചുകൊണ്ട് അത് നിസ്സാരമായി തള്ളി.
“ഈ വിഷം വലിച്ചുകേറ്റി ആരോഗ്യം നശിപ്പിക്കുന്നതെന്തിനാ റോയിച്ചാ?”
“നമ്മളു കഴിക്കുന്നതെല്ലാം വിഷമല്ലേ? പച്ചക്കറി, പാല്, ഇറച്ചി എല്ലാത്തിലും വിഷമല്ലേ. പിന്നെ മദ്യം മാത്രം ഒഴിവാക്കിയിട്ട് എന്താ കാര്യം?”
” ഒഴിവാക്കാന്‍ പറ്റുന്നത് ഒഴിവാക്കണം റോയിച്ചാ. ഇതു കഴിച്ചിട്ടു എന്ത് ഗുണമാ റോയിച്ചന് കിട്ടുന്നത് ?”
” അത് കഴിച്ചിട്ടല്ലാത്തതുകൊണ്ടു തോന്നുന്നതാ . ഇന്ന് മുതൽ നീയും ഒരുപെഗ് കഴിച്ചു നോക്കിക്കേ. അപ്പം അറിയാം ഗുണം ! രാത്രി കിടാക്കാൻ നേരം നമുക്ക് രണ്ടുപേർക്കും ഓരോ സ്‌മോൾ വീശിയിട്ടു കിടാക്കാം. എന്താ?”
“ശ്ശൊ! റോയിച്ചന് എങ്ങനെയിതു പറയാൻ തോന്നി. കഷ്ടംണ്ട് കേട്ടോ.”
“നീ കന്യാസ്ത്രീകളുടെ തടവറയിൽ വളർന്ന പെണ്ണായതുകൊണ്ടാ ഇതിനെപ്പറ്റിയൊന്നും വല്യ വിവരമില്ലാത്തത്.”
” ദൈവഹിതത്തിനു നിരക്കാത്ത യാതൊന്നും ഞാനിതുവരെ ചെയ്തിട്ടില്ല . ഇനി ചെയ്യുകേം ഇല്ല. ആര് നിര്ബന്ധിച്ചാലും. ”
റോയി പിന്നീട് ഒന്നും പറഞ്ഞില്ല.
വീട്ടിൽ വന്ന് ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ടു റോയി വേഷം മാറി പുറത്തേക്കു പോയി. പറമ്പിൽ കൃഷിപ്പണി നടക്കുന്നുണ്ട്. എല്ലാം നോക്കി നടത്താനുള്ള ചുമതല റോയിയെയാണ് സഖറിയാസ് ഏല്പിച്ചിരിക്കുന്നത്.
അനിതയ്ക്കു ചെയ്യേണ്ടതായ ഒരു ജോലിയുമുണ്ടായിരുന്നില്ല ആ വീട്ടിൽ . എല്ലാ പണിക്കും ജോലിക്കാർ ഉണ്ട്. അനിത വെറുതെ ഇരുന്നു ബോറടിക്കുന്നതുകണ്ടപ്പോൾ മേരിക്കുട്ടി ജിഷയോടു പറഞ്ഞു:
“മോളു അനിതയെ കൂട്ടിക്കൊണ്ടുപോയി പറമ്പും കൃഷീം ഒക്കെ ഒന്നു കാണിച്ചു കൊടുത്തേ.”
ജിഷ അനിതയെ കൂട്ടിക്കൊണ്ടു വെളിയിലേക്കിറങ്ങി. പുരയിടവും കൃഷിതോട്ടങ്ങളുമെല്ലാം ചുറ്റി നടന്നു കണ്ടു. പാടത്തു കിളികൾ നെല്ലു കൊത്തുന്നതും പറമ്പിൽ പശുപുല്ലുമേയുന്നതുമൊക്കെ അവൾ കൗതുകത്തോടെ നോക്കിനിന്നു. ഉച്ചയായപ്പോൾ തിരിച്ചെത്തി.
ഉച്ചയ്ക്ക് എല്ലാവരും ഒരുമിച്ചിരുന്നാണ് ഊണു കഴിച്ചത്. സഖറിയാസിന്റെ മുഖത്തു ദേഷ്യം തളം കെട്ടിക്കിടക്കുന്നതുപോലെ അനിതയ്ക്കു തോന്നി. പപ്പ തന്നോട് ഒന്നും മിണ്ടിയില്ലല്ലോ. നോക്കി ഒന്നു ചിരിക്കുകപോലും ചെയ്തില്ല. മനഃപൂർവം തന്നെ കാണാതെ നടക്കുന്നതുപോലൊരു തോന്നൽ. പപ്പയ്ക്ക് തന്നോട് ഇഷ്ടക്കേട് ഉണ്ടോ? ഒക്കെ തന്റെ തോന്നലായിരിക്കും.
മേരിക്കുട്ടിയും ജിഷയും പ്രസന്നവദനരായിരുന്നു. എങ്കിലും അനിതയോടു മിണ്ടുന്നതിൽ അവരും പിശുക്കു കാണിച്ചു.
ഊണു കഴിഞ്ഞു റോയിയോടൊപ്പം കിടപ്പുമുറിയിൽ വന്നിരുന്ന് അനിത ഹൃദയവികാരങ്ങൾ കൈമാറി. ഭർത്താവിന്റെ മാറിലെ ചൂടുപറ്റി കിടക്കുമ്പോൾ അവൾ തന്റെ പപ്പയെയും അമ്മയെയും കുറിച്ചോർത്തു. അവർ എവിടെയെങ്കിലും ജീവനോടെ ഇരിപ്പുണ്ടാവുമോ? എന്തിനാണ് തന്നെ അമ്മതൊട്ടിലിൽ ഉപേക്ഷിച്ചിട്ട് പോയത് ? ഒരിക്കലെങ്കിലും ഒന്നു കാണാൻ പറ്റിയിരുന്നെങ്കിൽ തുറന്നു ചോദിക്കാമായിരുന്നു.
ദേഹത്തു കണ്ണുനീരിന്റെ നനവു പറ്റിയപ്പോൾ റോയി ചോദിച്ചു:
“കരയ്യ്വാണോ?”
“ഞാനെന്‍റെ പപ്പയേം അമ്മയേം കുറിച്ച് ഓര്‍ത്തുപോയി.” അവള്‍ കൈ ഉയര്‍ത്തി മിഴികൾ തുടച്ചു
“ഈ ഹണിമൂണ്‍ ഡെയ്സ് ചുമ്മാ കരഞ്ഞു പിഴിഞ്ഞു കളയല്ലേ. പഴയതൊന്നും ഓർക്കണ്ട . പുതിയൊരു പപ്പയെയും അമ്മയേയും കിട്ടിയില്ലേ ? പിന്നെന്താ? ”
കണ്ണീർ തുടച്ചിട്ട് , സ്നേഹവായ്പോടെ അവളുടെ കവിളിൽ ഒരു മുത്തം നല്‍കിയിട്ടു റോയി തുടർന്നു
“ഇന്നു ലയൺസ് ക്ലബ് ഹാളില്‍ നമുക്കൊരു റിസപ്ഷന്‍ ഒരുക്കീട്ടുണ്ട് എന്‍റെ ഫ്രണ്ട്സ്. നീ നല്ല സ്മാര്‍ട്ടായിട്ടു ഷൈന്‍ ചെയ്തേക്കണം കേട്ടോ .”
“വല്യ വല്യ ആൾക്കാരൊക്കെ ഉണ്ടാകുമോ ?”
വലുതും ചെറുതുമൊക്കെയുണ്ട്. അടിപൊളി പാർട്ടിയാ ഒരുക്കീരിക്കുന്നേ.”
“എനിക്കു പേടിയാവുന്നു.”
“എന്തിന് ? അവിടെ ചെല്ലുമ്പം നീയും അവരുടെ കൂടെ അടിച്ചുപൊളിച്ചേക്കണം. ഇലഞ്ഞിക്കലെ റോയീടെ ഭാര്യ മിടുക്കിയാണെന്ന് എല്ലാവരെക്കൊണ്ടും പറയിപ്പിക്കണം കേട്ടോ .”
” എനിക്കങ്ങനെ അടിച്ചുപൊളിക്കാനൊന്നും അറിയില്ല റോയിച്ചാ .”
” അതൊക്കെ ശരിയാക്കിയെടുക്കാം . ഞാനല്ലേ കൂടെയുള്ളത് ”
വിശേഷങ്ങള്‍ പങ്കുവച്ചിരുന്നു രണ്ടുപേരും സാവധാനം ഉറക്കത്തിലേക്കു വീണു.
******
ആറുമണിയായപ്പോൾ അനിത വേഷം മാറി പോകാൻ റെഡിയായി. ഭര്‍ത്താവിന്‍റെ ഇഷ്ടത്തിനനുസരിച്ച് ഏറ്റവും ഭംഗിയുള്ള ചുരിദാര്‍ ധരിച്ചു. പൗഡറിടാനും മുടി ചീകിക്കെട്ടാനും പുതിയ കമ്മലിടാനുമൊക്കെ റോയിയും സഹായിച്ചു. ഒരുക്കം പൂര്‍ത്തിയാക്കിയിട്ടു ഭര്‍ത്താവിന്‍റെ മുമ്പില്‍ വന്ന് അവള്‍ ചോദിച്ചു:
“എങ്ങനുണ്ട്?”
“അടിപൊളി. മീരാ ജാസ്മിന്‍ തോറ്റു തൊപ്പിയിടും .”
പ്രശംസ കേട്ട് അനിത കോരിത്തരിച്ചു.
“അത്രയ്ക്കും സുന്ദരിയാണോ?”
“പിന്നല്ലേ? ചെല്ലുമ്പം നീയായിരിക്കും അവിടുത്തെ താരം.”
അനിതയ്ക്ക് അഭിമാനവും ആഹ്ലാദവും തോന്നി.
ആറുമണിക്ക് മുൻപേ അവർ ലയണ്‍സ് ക്ലബ് ഹാളിലെത്തി. ഹാള്‍ നിറയെ ആളുകൾ . അൽപ വസ്ത്രധാരികളായ ചില പെണ്ണുങ്ങള്‍ ഓടി പാഞ്ഞു നടക്കുന്നതുകണ്ടപ്പോൾ അനിതയ്ക്ക് അദ്ഭുതം തോന്നി. ഇതാണോ ന്യൂജന്‍ പെണ്ണുങ്ങള്‍? നാണം എന്നൊരു വികാരം ഇവർക്കില്ലേ ?
ചടങ്ങ് തുടങ്ങി. നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നു പലരും പ്രസംഗിച്ചു. ഒടുവില്‍ ഒരു പാട്ടുപാടാന്‍ അനിതയെ ഒരാള്‍ ക്ഷണിച്ചു.
അനിത സങ്കോചത്തോടെ സാവധാനം മൈക്കിനടുത്തുവന്നു. പിന്നെ മനോഹരമായ ശബ്ദത്തില്‍ അവള്‍ പാടി: “നിത്യവിശുദ്ധയാം കന്യാമറിയമേ നിന്‍നാമം വാഴ്ത്തപ്പെടട്ടെ…”
പാട്ടു തീർന്നതും നീണ്ട കരഘോഷം. ചിലർ എണീറ്റുവന്ന് അഭിനന്ദിച്ചു. മറ്റു ചിലർ ഷേക്ക് ഹാന്‍ഡ് നല്‍കി.
യോഗം കഴിഞ്ഞു സ്നേഹവിരുന്ന്. മദ്യക്കുപ്പികളും സോഡയും തെരുതെരെ പൊട്ടി.
റോയി പോയി ഒരു പെഗ് മദ്യം എടുത്തു കുടിക്കുന്നതു കണ്ടപ്പോള്‍ സങ്കടം വന്നു അവള്‍ക്ക്. കുടിക്കരുതെന്ന് ഈ സമയത്തു പറയുന്നതെങ്ങനെ?
തെല്ലു കഴിഞ്ഞപ്പോൾ ഒരു ഗ്ലാസിൽ നിറമുള്ള പാനീയവുമായി റോയി അനിതയുടെ അടുത്തേക്കു വന്നു.
“സോഫ്റ്റ് ഡ്രിംഗാ. ഇത്തിരി കഴിച്ചു നോക്കിക്കേ. ഒരെനർജി കിട്ടും.”
“എനിക്കു വേണ്ട.”
“ലിക്വറൊന്നുമല്ല. കുടിച്ചു നോക്കിക്കേ. കുടിച്ചു കഴിയുമ്പം നീ പറയും ഒരു ഗ്ലാസുകൂടി തരാന്‍.”
അവള്‍ ഗ്ളാസ് വാങ്ങി മണത്തു നോക്കി. മദ്യത്തിന്‍റെ ഗന്ധമില്ല. കോളയുടെ മണമുണ്ട്.
“ശരിക്കും പറ. സോഫ്റ്റ് ഡ്രിംഗാണോ?”
“അതേന്നേ…”
റോയി നിർബന്ധിച്ചപ്പോള്‍ അവള്‍ ഒറ്റവലിക്ക് അതകത്താക്കി.
പെപ്സിയില്‍ അല്പം മദ്യം ചേർത്താണ് കുടിക്കാൻ കൊടുത്തതെന്ന സത്യം അവൾ അറിഞ്ഞതേയില്ല
“ഒരു ഗ്ലാസുകൂടി കൊണ്ടുവരട്ടെ.”
“വേണ്ടേ വേണ്ട. ഇതിനു വേറെന്തോ ടേസ്റ്റാ. കുടിച്ചിറക്കി കഴിഞ്ഞപ്പം വായ്ക്ക് എന്തൊരു കയ്പാ…! ഇത് പെപ്സി തന്നെയാണോ ?”
” പിന്നല്ലാണ്ടെന്താ? ”
റോയിക്ക് ഉള്ളിൽ ചിരി വന്നുപോയി.
( തുടരും. അടുത്ത അദ്ധ്യായം നാളെ )
എഴുതിയത് : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
Also Read അവൾ അനാഥയല്ല- നോവൽ- അദ്ധ്യായം ഒന്ന്.
Also Read അവൾ അനാഥയല്ല – നോവൽ – അദ്ധ്യായം 2 .
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 3