ഏലിച്ചേടത്തിയുടെ കരം പിടിച്ചു യാത്ര ചോദിച്ചപ്പോൾ അനിതയുടെ കണ്ണുകള്‍ പൊട്ടി ഒഴുകി . ഏലിക്കുട്ടിയും വിതുമ്പി കരഞ്ഞു. അനിതയെ കെട്ടിപ്പിടിച്ചു കവിളിൽ ഒരു മുത്തം നൽകിയിട്ട് അവർ പറഞ്ഞു :
”എനിക്ക് പിറക്കാതെ പോയ എന്റെ മകളാണ് നീ . നിന്നെ പിരിയുന്ന കാര്യം എനിക്കോർക്കാനേ വയ്യ മോളെ ”
” എനിക്കും.. ” കരഞ്ഞുകൊണ്ട് അവൾ എലിച്ചേടത്തിയെയും കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുത്തു.
റോയിയുടെ കയ്യിൽ നിന്ന് ഉണ്ണിക്കുട്ടനെ വാങ്ങിയിട്ട് ഏലിക്കുട്ടി അവന്റെ കുഞ്ഞിക്കവിളിൽ പലതവണ ഉമ്മ വച്ചു.
“എന്റെ കുട്ടനെ ഇനി എന്നാടാ എനിക്കൊന്നു കാണാന്‍ പറ്റ്വാ?”
എലിക്കുട്ടിയുടെ ചുക്കിച്ചുളിഞ്ഞ മുഖം മാന്തളിർ പോലുള്ള അവന്റെ കുഞ്ഞിക്കവിളിൽ ചേർത്ത് കൊണ്ട് ഏങ്ങി ഏങ്ങി കരഞ്ഞു. അത് കണ്ടപ്പോൾ അവിടെ നിന്നവരുടെയെല്ലാം കണ്ണുനിറഞ്ഞുപോയി.
ഉണ്ണിക്കുട്ടനെ റോയിയുടെ കയ്യിലേക്ക് കൊടുത്തിട്ട് ഏലിക്കുട്ടി അനിതയെ നോക്കി പറഞ്ഞു.
“ഈ വയസ്സിത്തള്ളയെ മറക്കരുതു കേട്ടോ മോളെ.”
“മറക്കാന്‍ പറ്റ്വോ അമ്മേ എനിക്ക്? എന്റെ സ്വന്തം അമ്മയെക്കാളും എന്നെ സ്നേഹിച്ച അമ്മയല്ലേ ഇത് . ഈ രൂപം എന്നെങ്കിലും എന്റെ മനസിന്നു മായ്ക്കാൻ പറ്റുമോ? മരിച്ചാലും മറക്കില്ല എന്റമ്മയെ. ”
അവരുടെ നെഞ്ചിലേക്ക് മുഖം ചേർത്ത് അനിത വിങ്ങിപ്പൊട്ടി.
“ഒന്നര വര്‍ഷത്തെ അടുപ്പമേയുള്ളൂവെങ്കിലും ഒരായുസ്സുമുഴുവന്‍ ഒന്നിച്ചു ജീവിച്ചപോലെ തോന്നുവാ. അത്രയ്ക്കിഷ്ടായിരുന്നു എനിക്കു എന്റെ മോളെ.”
അതു കേട്ടപ്പോള്‍ അനിതയ്ക്കു ദുഃഖം അണപൊട്ടി. അവൾ നിയന്ത്രണം വിട്ട് പൊട്ടികരഞ്ഞു പോയി. മേരിക്കുട്ടി അവളെ സമാധാനിപ്പിച്ചു.
”പോകാം. നേരം ഒരുപാടായി ” റോയി തിടുക്കം കൂട്ടി.
” പോട്ടെ അമ്മേ? ” കൈ ഉയർത്തി കണ്ണുകൾ തുടച്ചിട്ട് അവൾ യാത്ര ചോദിച്ചു.
” ന്റെ മോളെ ഇനി ഒരിക്കലും കരയിപ്പിക്കരുത് കേട്ടോ. ” പോകുന്നതിനു മുൻപ് റോയിയെ നോക്കി ഏലിക്കുട്ടി പറഞ്ഞു.
”ഇല്ലമ്മച്ചി. ഇനി ഒരിക്കലും അങ്ങനെ ഉണ്ടാവില്ല. ” റോയിയുടെയും കണ്ണുകൾ നിറഞ്ഞു.
ആ വീടിനോടും കടുവാക്കുന്നു ഗ്രാമത്തോടും നിശ്ശബ്ദമായി യാത്ര പറഞ്ഞിട്ട് അനിത സാവധാനം നടന്നു; റോയിയുടെ പിന്നാലെ റോഡിലേക്ക് . ആ സമയം റോയിയുടെ തോളില്‍ കിടന്ന് അനിതയെനോക്കി ഓരോ കുസൃതി കാണിക്കുകയായിരുന്നു ഉണ്ണിക്കുട്ടന്‍.
ഒറ്റയടിപ്പാതയിലൂടെ നടന്നു അവർ റോഡിലെത്തി. റോഡില്‍ കാറു കിടപ്പുണ്ടായിരുന്നു. സഖറിയാസും ജിഷയും മേരിക്കുട്ടിയും പിൻസീറ്റിൽ കയറി. ജിഷയുടെ മടിയിലായിരുന്നു ഉണ്ണിക്കുട്ടൻ . റോയിയും അനിതയും മുൻസീറ്റിൽ കയറി ഇരുന്നു. റോയിയാണ് കാർ ഓടിച്ചത്. അത് സാവധാനം മുമ്പോട്ടുരുണ്ടു.
********
വ്യാഴാഴ്ച രാവിലെ ഏഴരമണി.
പ്രമുഖ മലയാളം ടിവി ചാനലില്‍ ‘പ്രഭാതസ്പന്ദനം ‘ എന്ന പ്രത്യേക പരിപാടി. ആ പ്രോഗ്രാമിലാണ് അനിതയുമായി നടത്തിയ അഭിമുഖം സംപ്രേഷണം ചെയ്യുന്നത്.
അനിതയും റോയിയും സഖറിയാസും മേരിക്കുട്ടിയും അതു കാണാന്‍ റെഡിയായി ടിവിയുടെ മുമ്പിലിരിക്കുകയാണ്. എല്ലാ മുഖങ്ങളിലും ആകാംക്ഷ !
പ്രോഗ്രാം തുടങ്ങി . അവതാരകന്റെ വാക്കുകൾ ടിവിയിൽ നിന്ന് ഒഴുകി .
“ഇന്ന് ‘പ്രഭാതസ്പന്ദന’ത്തിൽ ഞങ്ങള്‍ പരിചയപ്പെടുത്തുന്നത് ഇടുക്കിജില്ലയിലെ കടുവാക്കുന്ന് എന്ന കൊച്ചുഗ്രാമത്തില്‍ താമസിക്കുന്ന ഒരു വീട്ടമ്മയെയാണ്. അടുക്കളയില്‍നിന്നു പാടിയ ഒരു പാട്ടിലൂടെ പ്രശസ്തയായി മാറിയ ചന്ദ്രലേഖയ്ക്കുശേഷം സോഷ്യല്‍ മീഡിയയിയിൽ സംഗീതപ്രേമികളുടെ ഇഷ്ടതാരമായി മാറിയ അനിത റോയി. ഈ യുവഗായികയാണ് ഇന്നത്തെ നമ്മുടെ അതിഥി. “
അവതാരകന്‍റെ വെളിപ്പടുത്തലിനു ശേഷം പ്രോഗ്രാം തുടങ്ങി. അനിതയെപ്പറ്റി ഒരു വിവരണത്തിനുശേഷം
അവളുമായി ചാനൽ റിപ്പോർട്ടർ നടത്തിയ അഭിമുഖവും തുടർന്ന് ആന്‍റണിയച്ചന്‍റെയും ഏലിക്കുട്ടിയുടെയും അഭിപ്രായപ്രകടനവുമെല്ലാം ടിവിയില്‍ കാണിച്ചു. അനിതയുടെ ഏതാനും പാട്ടുകളും ഉണ്ടായിരുന്നു. പത്തു മിനിറ്റു ദൈര്‍ഘ്യമുള്ള ഒരു പരിപാടി.
പ്രോഗ്രാം കഴിഞ്ഞതും മേരിക്കുട്ടി അവളെ പ്രശംസിച്ചു.
“നന്നായിരുന്നു മോളെ. ഞങ്ങളിത്രയൊക്കെ ദ്രോഹിച്ചിട്ടും ഞങ്ങളെ കുറ്റപ്പെടുത്തി ഒരു വാക്കുപോലും നീ പറഞ്ഞില്ലല്ലോ. സന്തോഷമായി ട്ടോ “
“എന്‍റെ മനസ്സില്‍ ആരോടും പകയും ശത്രുതയും ഇല്ലമ്മേ. അതുകൊണ്ടല്ലേ കര്‍ത്താവ് ഒരാപത്തും വരുത്താതെ ഇത്രകാലവും എന്നെ കാത്തത്.”
” എന്തായാലൂം എല്ലാം കലങ്ങി തെളിഞ്ഞല്ലോ. ആശ്വാസമായി.” മേരിക്കുട്ടി മരുമകളെ ചേർത്തുനിറുത്തി സ്നേഹവായ്‌പോടെ തലോടി.
അടുത്തദിവസം രാവിലെ അനിതയ്ക്ക് ഒരു ഫോണ്‍കോള്‍.
ഒരു പ്രമുഖ സിനിമാസംവിധായകനാണു വിളിച്ചത്! സിനിമയില്‍ പാടാന്‍ താല്‍പര്യമുണ്ടെങ്കില്‍ ഉടന്‍ ഷൂട്ടു തുടങ്ങുന്ന ഒരു മലയാളചലച്ചിത്രത്തില്‍ പിന്നണി പാടാന്‍ ചാന്‍സ് തരാമത്രേ!
അനിത റോയിയോട് അഭിപ്രായം ചോദിച്ചു.
”തീർച്ചയായും പോകണം മോളെ . . നമുക്ക് കിട്ടുന്ന അവസരങ്ങളൊന്നും പാഴാക്കരുത് . ഇനി എല്ലാക്കാര്യത്തിലും നിനക്ക് എന്റെ സപ്പോർട്ട് ഉണ്ടായിരിക്കും .”
റോയിക്കു പൂര്‍ണ്ണസമ്മതമാണെന്നു കണ്ടപ്പോൾ സന്തോഷമായി.
”ഇങ്ങനെ ഒരു ഹസ്ബന്റിനെയാണ് ഞാൻ ആഗ്രഹിച്ചതും കൊതിച്ചതും. ദൈവം ഇന്ന് എനിക്കതു തന്നിരിക്കുന്നു.”
അവൾ റോയിയെ കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുത്തു.
പിറ്റേന്ന് അവൾ റോയിയോടൊപ്പം എറണാകുളത്തു ചെന്നു സംവിധായകനെ കണ്ടു. ഓഡിഷന്‍ ടെസ്റ്റില്‍ പിന്നണിഗായികയ്ക്കു പറ്റിയ ശബ്ദമാണെന്ന് മ്യൂസിക് ഡയറക്ടർ വിധി എഴുതിയപ്പോൾ അനിതയ്ക്കും റോയിക്കും ഒരുപാട് സന്തോഷമായി. റെക്കോര്‍ഡിംഗിനുള്ള തീയതിയും സമയവും നിശ്ചയിച്ചിട്ടാണ് അവർ വീട്ടിലേക്കു മടങ്ങിയത് .
മടക്കയാത്രയിൽ കാറിലിരുന്നു തന്നെ ആന്‍റണിയച്ചനെയും ഏലിക്കുട്ടിയെയും വിളിച്ചു സന്തോഷവാര്‍ത്ത അറിയിച്ചു. അച്ചന്‍ അവള്‍ക്ക് എല്ലാ വിജയാശംസകളും നേര്‍ന്നു. ഏലിക്കുട്ടി കൊതിതീരുവോളം അവളോട് സംസാരിച്ചു.
എറണാകുളത്തുവച്ചായിരുന്നു ഗാനത്തിന്‍റെ റെക്കോര്‍ഡിംഗ്. സൂപ്പര്‍സ്റ്റാര്‍ അഭിനയിക്കുന്ന സിനിമയാണ്. ഒരു ബിഗ് ബജറ്റ് ചിത്രം!
പാട്ടു ഹിറ്റായാല്‍ താനും പ്രശസ്തയാകുമെന്നു അനിത ഓർത്തു. പിന്നെ ഒരുപാട് ചാന്‍സുകള്‍ വരും . സിനിമാലോകത്ത് താന്‍ അറിയപ്പെടുന്ന ഗായികയായി മാറും. പണം, പ്രശസ്തി, അംഗീകാരം; അവളുടെ മോഹങ്ങൾ അപ്പൂപ്പന്‍താടിപോലെ സ്വപ്ന ലോകത്ത് ഒഴുകിനടന്നു.
നിശ്ചിത ദിവസം റെക്കോർഡിങ്ങിനായി വീണ്ടും എറണാകുളത്തെത്തി .
റെക്കോര്‍ഡു ചെയ്ത പാട്ട് അനിതയും റോയിയും കേട്ടു.
മനോഹരം! ഹൃദ്യം!
സംവിധായകനും സംഗീതസംവിധായകനും അവളെ മുക്തകൺഠം പുകഴ്ത്തി.
“മലയാളസിനിമയ്ക്ക് ഒരു പുതിയ ഗായികയെക്കൂടി കിട്ടി.”
സംഗീതസംവിധായകന്റെ വാക്കുകൾ കേട്ടപ്പോള്‍ അനിത സന്തോഷത്താൽ ഒരുമുഴം ആകാശത്തേക്കുയർന്നു.
പാട്ടിനു പ്രതിഫലമായി പതിനായിരം രൂപയുടെ ചെക്ക് പ്രൊഡ്യൂസര്‍ അപ്പോൾ തന്നെ അവളുടെകയ്യിൽ കൊടുത്തു.
നിറഞ്ഞ ഹൃദയത്തോടെയാണ് അവർ സ്റ്റുഡിയോയില്‍നിന്നു വീട്ടിലേക്കു മടങ്ങിയത്.
“മോനുണ്ടായതിനുശേഷം ഞാന്‍ ദുഃഖം എന്താന്ന് അറിഞ്ഞിട്ടില്ല. അവന്‍ എന്‍റെ രക്ഷകനാ.” ഒന്നു നിറുത്തിയിട്ട് റോയിയുടെ മുഖത്തേക്കു നോക്കി തുടര്‍ന്നു: “വയറ്റില്‍വച്ചുതന്നെ കൊന്നുകളയാന്‍ പറഞ്ഞതല്ലായിരുന്നോ റോയിച്ചന്‍ ആ മുത്തിനെ?.”
“എല്ലാം മറക്കാന്‍ ശ്രമിക്കുമ്പം പഴയതൊക്കെ കുത്തിപ്പൊക്കി എന്നെ വേദനിപ്പിക്കല്ലേ മോളെ ”
“വേദനിപ്പിക്കാൻ പറഞ്ഞതല്ല. എനിക്കവന്‍ ജീവനാ റോയിച്ചാ. അവനില്ലായിരുന്നെങ്കില്‍ ഇന്ന് ഞാനീ ഭൂമിയില്‍ കാണില്ലായിരുന്നു.”
“എനിക്കറിയാം. ഒരുപാടു തെറ്റുകള്‍ പറ്റിപ്പോയി എനിക്ക്. മദ്യമായിരുന്നു അതിന്‍റെ കാരണം. നീ പലതവണ നിര്‍ബന്ധിച്ചിട്ടും കുടി നിറുത്താന്‍ ഞാന്‍ തയ്യാറായില്ല. പക്ഷേ, ജയിലില്‍ കുറെ ദിവസം കിടന്നപ്പോള്‍ ഞാനാ പിശാചിന്‍റെ പിടിയില്‍നിന്നു മോചിതനായി. പിന്നെ കുടിക്കണമെന്നു തോന്നിയതേയില്ല. സാഹചര്യങ്ങളാണല്ലോ ഓരോരുത്തരുടെയും ജീവിതം മാറ്റിമറിക്കുന്നത്. പപ്പയ്ക്കു മനംമാറ്റമുണ്ടായത് കാൻസർ വന്നതിനുശേഷമല്ലേ. എല്ലാം നല്ലതിനായിരുന്നൂന്ന് ഇപ്പം തോന്നുന്നു.”
റോയി ഒന്നു നെടുവീര്‍പ്പിട്ടു.
“നമുക്ക് മിനിയെയും നീരജമോളെയും ഒന്നു പോയി കാണണം റോയിച്ചാ. ആപത്തു നേരത്തു എന്നെ സഹായിച്ചത് അവരാ. എനിക്കവരെ കാണാന്‍ ഒരുപാട് ആഗ്രഹമുണ്ട്. പ്രത്യേകിച്ചു നീരജമോളെ. അവള്‍ക്കെന്നെ ജീവനായിരുന്നു.”
” അവിടെ മാത്രമല്ല നിന്‍റെ ഓര്‍ഫനേജിലും നമുക്കൊന്ന് പോകാം . പഴിയ കുട്ടികളെയൊക്കെ നിനക്ക് ഒന്നു കാണണ്ടേ?”
“തീർച്ചയായും. കുട്ടികളെയും സിസ്റ്റേഴ്സിനെയുമൊക്കെ കാണണം. എന്‍റെ സ്വന്തക്കാര് അവരൊക്കെയല്ലേ.”
“എവിടെ വേണമെങ്കിലും ഞാന്‍ കൊണ്ടുപോകാം. നിന്റെ ഇഷ്ടമാണ് ഇനി എന്റെ ഇഷ്ടം ”
“കടുവാക്കുന്നിലെ എലിച്ചേടത്തിക്ക് ഒരു നല്ല വീട് പണിതു കൊടുക്കണം റോയിച്ചാ. അവരു സഹായിച്ചി ല്ലായിരുന്നെങ്കിൽ ഞാനിന്നു ഈ ഭൂമിയിൽ കാണുമായിരുന്നില്ല.”
“തീർച്ചയായും കൊടുക്കാം. പണം ഒരുപാട് കൂട്ടിവച്ചിട്ടു കാര്യമില്ലല്ലോ. പപ്പേടെ സ്ഥിതി കണ്ടില്ലേ? പ്രാര്‍ത്ഥനകൊണ്ടാ പപ്പ രക്ഷപ്പെട്ടത്. ഇപ്പം ആളാകെ മാറി. എല്ലാ ദിവസവും പ്രാർത്ഥിക്കുകയും ഒരുപാട് പേരെ സഹായിക്കുകയും ചെയ്യുന്നുണ്ട്. ”
“എനിക്കറിയാം. ജിഷയോടുള്ളതിനേക്കാള്‍ കൂടുതൽ സ്നേഹം ഇപ്പം പപ്പയ്ക്ക് എന്നോടുണ്ട്. ഈ സ്നേഹമായിരുന്നു പണ്ടേ ഞാന്‍ ആഗ്രഹിച്ചത് .”
അവള്‍ കര്‍ച്ചീഫുകൊണ്ടു മുഖം തുടച്ചു.
******
അനിതയുടെ സിനിമ റിലീസ് ചെയ്തു. പടം സൂപ്പര്‍ ഹിറ്റ്! പാട്ടുകളും ഹിറ്റായി. ടിവിയിലൂടെയും റേഡിയോയിലൂടെയും അവളുടെ സ്വരമാധുര്യം ലോകമെങ്ങും പരന്നു. സോഷ്യല്‍ മീഡിയകളില്‍ അതു വൈറലായി.
പ്രശസ്തി വര്‍ദ്ധിച്ചതോടെ കൂടുതല്‍ സിനിമക്കാർ അവളെത്തേടിയെത്തി. റോയിയുടെ പിന്തുണ കിട്ടിയപ്പോള്‍, വന്ന ചാന്‍സുകളൊന്നും തട്ടിക്കളഞ്ഞില്ല.
രണ്ടു മാസത്തിനുള്ളില്‍ ആറു പാട്ടുകള്‍ക്ക് അവള്‍ കരാർ ഒപ്പിട്ടു.
പത്രക്കാര്‍ വന്ന് ഇന്‍റര്‍വ്യൂ എടുത്തു. ചാനലുകാര്‍ സ്റ്റുഡിയോയില്‍ കൊണ്ടിരുത്തി ടോക് ഷോ നടത്തി.
ഫേസ്ബുക്കില്‍ അനിതയുടെ പേരില്‍ ജിഷ ഒരു പേജ് ക്രിയേറ്റു ചെയ്തു. ഒരാഴ്ച കൊണ്ട് കിട്ടിയത് അഞ്ചു ലക്ഷത്തിലേറെ ഫോളോവേഴ്സ് .
ഒരു രാത്രി റോയിയോട് ഒട്ടിച്ചേര്‍ന്നു കിടക്കുമ്പോള്‍ അനിത പറഞ്ഞു:
“ഇതെല്ലാം കാണാന്‍ എനിക്കു ജന്മം നല്‍കിയ എന്‍റെ പപ്പേം അമ്മേം ഇല്ലാതെ പോയല്ലോ എന്ന ദുഃഖം മാത്രമേ ഇപ്പം എനിക്കുള്ളൂ. ”
“സാരമില്ല. സന്തോഷകരമായ ഒരു ജീവിതം ഇപ്പം കിട്ടിയില്ലേ. ഇനി ഈ കണ്ണുകൾ നിറയാൻ ഞാൻ അനുവദിക്കില്ല. ”
അവളുടെ റോസാദളങ്ങൾ പോലുള്ള ചുണ്ടുകളിൽ റോയി സ്നേഹവായ്‌പോടെ ഒരു ചുംബനം നൽകി.
“കൊച്ചുന്നാളില്‍ ഞാന്‍ ഓടിക്കളിച്ചു നടന്ന ഓര്‍ഫനേജില്‍ എനിക്കൊന്നു പോണം റോയിച്ചാ . അമ്മത്തൊട്ടിലീന്ന് എന്നെ എടുത്തുവളര്‍ത്തിയ സിസ്റ്റര്‍ ട്രീസയെയും എനിക്കൊന്നു കാണണം. ”
“അതിനെന്താ, നാളെത്തന്നെ പോയേക്കാം. ”
”ഉം.. ”
അടുത്ത ദിവസം റോയിയോടൊപ്പം അവള്‍ പഴയ ഓര്‍ഫനേജിലേക്കു പുറപ്പെട്ടു. കുറെ ദൂരെയായിരുന്നു മഠവും ഓര്‍ഫനേജും.
കോൺവെന്റ് വളപ്പിലേക്ക് കാറു കയറിയപ്പോള്‍ പഴയ ഓര്‍മ്മകള്‍ മനസ്സിലേക്ക് ഓടിക്കയറിവന്നു . കൊച്ചുന്നാളില്‍ ഓടിക്കളിച്ചു നടന്ന മുറ്റവും വരാന്തയും. മുറ്റത്തരികിലെ നാട്ടുമാവ് ഒരുപാട് വളർന്നിരിക്കുന്നു . ആ മാവിൽ പണ്ട് ഊഞ്ഞാൽ കെട്ടി ആടിയത് അവളോർത്തു. പഴയ ഓർമ്മകൾ മനസിലേക്ക് ഓടിക്കയറി വന്നപ്പോൾ കണ്ണുകൾ നിറഞ്ഞു.
മുറ്റത്തരികിൽ കാറു നിറുത്തിയിട്ട് അവർ ഇറങ്ങി. വരാന്തയില്‍ കയറി മണി അടിച്ചു. ഒരു സിസ്റ്റര്‍ വന്നു വാതില്‍ തുറന്നു. അനിത പറഞ്ഞു:
“ട്രീസ സിസ്റ്ററിനെ കാണാന്‍ വന്നതാ.”
“ഏത് ട്രീസ ?”
”പണ്ടിവിടുണ്ടായിരുന്ന മദർ . ട്രീസാമ്മ സിസ്റ്റർ . ഓർഫനേജിന്റെ ചാർജ്ജുണ്ടായിരുന്ന .. ”
” ഓ.., ആ തടിയുള്ള വെളുത്ത സിസ്റ്ററാണോ ?പുഞ്ചക്കുന്നേലെ ..?”
“അതെ.”
“അവരിപ്പം വേറൊരു മഠത്തിൽ വിശ്രമ ജീവിതം നയിക്കുവാ “
”ഏതു മഠത്തിലാ ?”
സിസ്റ്റര്‍ സ്ഥലപ്പേരു പറഞ്ഞു. എന്നിട്ടു ചോദിച്ചു.
”നിങ്ങൾ എവിടുന്നു വരുവാ ?”
” കുറച്ചു ദൂരേന്നാ. എന്റെ ഒരു പരിചയക്കാരിയാ ട്രീസാമ്മ സിസ്റ്റർ. ഒന്ന് കാണാൻ വന്നതാ ”
കൂടുതലൊന്നും പറയാന്‍ നിൽക്കാതെ രണ്ടുപേരും തിരിഞ്ഞു നടന്നു കാറില്‍ കയറി. അടുത്ത മഠം ലക്ഷ്യമാക്കി കാര്‍ പാഞ്ഞു.
പ്രതീക്ഷ തെറ്റിയില്ല. ട്രീസാമ്മ സിസ്റ്റര്‍ ആ മഠത്തിലുണ്ടായിരുന്നു.
അനിതയും റോയിയും സന്ദർശകമുറിയിൽ അവരെ കാത്തിരുന്നു .
തെല്ലുനേരം കഴിഞ്ഞപ്പോൾ വടിയുംകുത്തി ട്രീസാമ്മ സാവധാനം സന്ദര്‍ശകമുറിയിലേക്കു വന്നു. അനിതയും റോയിയും എണീറ്റു ഭവ്യതയോടെ കൈകൂപ്പി . സിസ്റ്റർ മനസിലാകാത്ത ഭാവത്തിൽ നോക്കിനിൽക്കുന്നത് കണ്ടപ്പോൾ അനിത സിസ്റ്ററിന്‍റെ കരം പുണര്‍ന്ന് ചിരിച്ചുകൊണ്ട് ചോദിച്ചു.
“അമ്മക്കെന്നെ മനസ്സിലായില്ലേ ?”
”ഓർമ്മയിലേക്ക് വരുന്നില്ലല്ലോ മോളെ ?”
“ഞാന്‍ അനിതയാ അമ്മേ. പണ്ട് ഓര്‍ഫനേജിലുണ്ടായിരുന്ന…”
“ഓ… അനിതക്കൊച്ചാണോ?” സിസ്റ്ററിന്റെ കണ്ണുകൾ വിടർന്നു :” നീ ഒരുപാട് മാറിപ്പോയല്ലോ മോളെ ! കഴിഞ്ഞ ദിവസം നിന്‍റെ കാര്യം ആരോ ഇവിടെ പറഞ്ഞു. സിനിമേല്‍ പാട്ടുപാടി വല്യ ആളായീന്നോ മറ്റോ . നേരാണോ മോളേ?”
“ഉം” അവള്‍ തലകുലുക്കി.
സിസ്റ്റർ അവളെ തന്നിലേക്ക് ചേർത്തുപിടിച്ചു കവിളിൽ ഒരു മുത്തം നൽകി . അനിതയും കൊടുത്തു സിസ്റ്ററിന്റെ കവിളിൽ ഒരു ഉമ്മ..
”ഒരുപാട് കാലം കൂടി നിന്നെ ഒന്ന് കാണാൻ പറ്റിയല്ലോ. സന്തോഷമായി ട്ടോ ”
”എനിക്കും. ”
സിസ്റ്ററിനു കൊടുക്കാനായി കൊണ്ടു വന്ന ഗിഫ്റ്റ് അവള്‍ കൈമാറി.
സിസ്റ്റര്‍ അവളെ ചേര്‍ത്തു നിറുത്തി സ്നേഹവായ്‌പോടെ ശിരസ്സില്‍ തലോടികൊണ്ടു ചോദിച്ചു .
” എന്നെ കാണാനായിട്ടു തന്നെ വന്നതാണോ ഇപ്പം?”
“അതെ സിസ്റ്റർ ..”
”ഒത്തിരി സന്തോഷമായി ട്ടോ . നീയവിടെ ഇരുന്നേ . വിശേഷങ്ങൾ ചോദിക്കട്ടെ.”
അനിതയെ അടുത്ത് പിടിച്ചിരുത്തിയിട്ടു ഒരുപാട് നേരം സംസാരിച്ചു സിസ്റ്റർ . പഴയ സംഭവങ്ങള്‍ പലതും അയവിറക്കി. അനിതയുടെ കഥകൾ ചോദിച്ചറിഞ്ഞു. സിസ്റ്ററിന്റെ വിശേഷങ്ങൾ അനിതയും ആരാഞ്ഞു . സംസാരത്തിനൊടുവിൽ അനിത പറഞ്ഞു:
“ഒരു സങ്കടം മാത്രമേ എനിക്കിപ്പം ഉള്ളൂ സിസ്റ്റര്‍. എനിക്കു ജന്മം നല്‍കിയ എന്‍റെ പപ്പേം അമ്മേം ഒരിക്കല്‍പോലും ഒന്നു കാണാന്‍ പറ്റിയില്ലല്ലോന്ന്.”
അത് പറഞ്ഞപ്പോൾ അനിതയുടെ കണ്ണുകള്‍ നിറഞ്ഞത് ട്രീസാമ്മ സിസ്റ്റർ ശ്രദ്ധിച്ചു.
“നിനക്ക് അവരെ കാണണമെന്ന് ഇപ്പഴും ആഗ്രഹമുണ്ടോ?”
“ഉണ്ട് സിസ്റ്റർ. അമ്മത്തൊട്ടിലില്‍ എന്നെ ഉപേക്ഷിച്ചിട്ടു പോയത് എന്തിനാണെന്നറിയാന്‍ എനിക്കാഗ്രഹമുണ്ട്.”
“നിന്നെ ആരും അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചതല്ല. നീ അനാഥയുമല്ല. നിന്‍റെ പപ്പ ഇപ്പോഴും ജീവിച്ചിരുപ്പുണ്ട്.”
“എവിടെ?”
അവളുടെ കണ്ണുകള്‍ വിടര്‍ന്നു.
റോയിയുടെ സാന്നിദ്ധ്യം സിസ്റ്ററിനു പറയാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നു കണ്ടപ്പോള്‍ അനിത റോയിയോടു പുറത്തേക്ക് ഇറങ്ങി നില്‍ക്കാന്‍ കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു.
റോയി എണീറ്റു പുറത്തേക്കിറങ്ങിപ്പോയി.
”പറയൂ സിസ്റ്റര്‍, എന്‍റെ പപ്പ ഇപ്പം എവിടുണ്ട്?”
(തുടരും )
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
Also Read അവൾ അനാഥയല്ല- നോവൽ- അദ്ധ്യായം 1
Also Read അവൾ അനാഥയല്ല – നോവൽ – അദ്ധ്യായം 2
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 3
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 4
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 5
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 6
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 7
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 8
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 9
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 10
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 11
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 12
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 13
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 14
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 15
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 16
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 17
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 18
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 19
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 20
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 21
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 22
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 23
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 24
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 25














































