ട്രീസാമ്മ സിസ്റ്റർ കുറച്ചുകൂടി ചേർന്നിരുന്നിട്ട് സ്വരം താഴ്ത്തി പറഞ്ഞു:
“നിന്‍റെ പപ്പ ഇപ്പം അമേരിക്കയിൽ ജീവിച്ചിരിപ്പുണ്ട്. “
“നേരോ? അപ്പം എന്‍റെ അമ്മ?”
അനിത ആകാംക്ഷയോടെ സിസ്റ്ററിന്റെ മിഴികളിലേക്കു തന്നെ നോക്കിയിരുന്നു.
“അമ്മ മരിച്ചുപോയി. ”
”ദൈവമേ! എന്റെ അമ്മ മരിച്ചുപോയോ ? എങ്ങനെയാ സിസ്റ്റർ മരിച്ചത് ? ”
സിസ്റ്റർ ചുറ്റും ഒന്ന് കണ്ണോടിച്ചിട്ട് പറഞ്ഞു :
”ഞാൻ ആ കഥ പറയാം . നീ ക്ഷമയോടെ കേൾക്കണം .”
”കേൾക്കാം സിസ്റ്റർ. പറ ”
ട്രീസമ്മാ സിസ്റ്റർ മുഖത്തുനിന്ന് കണ്ണട എടുത്തിട്ട് ഇടതു കൈ കൊണ്ടു മിഴികൾ തുടച്ചു. എന്നിട്ടു കണ്ണട വീണ്ടും വച്ചു കൊണ്ടു പറഞ്ഞു:
“പാലായ്ക്കടുത്തുള്ള ഒരിടവകയിലെ പുരാതന തറവാടാ ഇഞ്ചിയാനിക്കല്‍ വീട്. വല്യ കാശുകാരാ. അവിടെ ജേക്കബ് എന്നു പേരുള്ള ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു. അവൻ അവന്‍റെ വീട്ടില്‍ ജോലിക്കുനിന്ന, ആരോരുമില്ലാത്ത ഒരു പെണ്ണുമായി പ്രണയത്തിലായി. നന്നായി പാട്ടു പാടുന്ന ഒരു കുട്ടിയായിരുന്നു അവൾ . അവൾക്കു സ്വന്തക്കാരോ ബന്ധുക്കളോ എന്നുപറയാൻ ആരുമില്ലായിരുന്നു. കൊച്ചുന്നാൽ മുതൽ ആ വീട്ടിൽ നിന്ന് വളർന്ന പെണ്ണാ. വിഹാഹപ്രായമായപ്പോൾ വീട്ടുകാരറിയാതെ ജേക്കബ് അവളെ രഹസ്യമായി രജിസ്റ്റര്‍ മാര്യേജ് ചെയ്തു . കല്യാണം കഴിഞ്ഞ കാര്യം പിന്നീടാ അവന്‍റെ അപ്പച്ചൻ അറിഞ്ഞത്. അതറിഞ്ഞ ഉടനെ അയാൾ അവനെ രായ്ക്കുരാമാനം അമേരിക്കയിലേക്കു കൊണ്ടുപോയി. അയാൾക്കു അന്ന് അമേരിക്കയിലായിരുന്നു ജോലി. പെണ്ണിനെ നാട്ടിലുള്ള ഒരു ഒളിസങ്കേതത്തിലേക്കു മാറ്റി.
പിന്നെയാ അറിഞ്ഞത് അവള് ഗര്‍ഭിണിയാന്ന്. അക്കാര്യം ജേക്കബിനെ അറിയിച്ചില്ല. പ്രസവത്തോടെ ആ പെണ്ണ് മരിച്ചുപോയി. പക്ഷേ കുഞ്ഞു ജീവിച്ചു. ഒരു വണ്ടിയപകടത്തിൽ അവളു മരിച്ചുപോയീന്ന് ജേക്കബിനെ അവന്‍റെ പപ്പ തെറ്റിദ്ധരിപ്പിച്ചു. പിന്നീട് അവൻ വേറെ കല്യാണം കഴിച്ച് അമേരിക്കയിൽ താമസമാക്കി. കുഞ്ഞിനെ എന്നെ ഏല്പിച്ചു കുറച്ചു കാശും തന്നിട്ട് ജേക്കബിന്‍റെ പപ്പാ പറഞ്ഞു, അനാഥാലയത്തില്‍ കൊണ്ടു പോയി വളര്‍ത്തിക്കോളാന്‍. ഞാൻ സ്വീകരിച്ചില്ലെങ്കിൽ അയാൾ അതിനെ കൊന്നു കളയുമോന്നു ഞാൻ ഭയന്നു . അതുകൊണ്ട് രണ്ടു കൈയും നീട്ടി ഞാന്‍ ആ കുരുന്നിനെ വാങ്ങി. ആ പെണ്‍കുഞ്ഞാ മോളേ നീ. ”
അനിതയുടെ കണ്ണിൽ നിന്ന് ഒരുതുള്ളി കണ്ണീർ അടർന്നു വീണു.
”ഞാൻ ജീവിച്ചിരിപ്പുണെന്ന് എന്റെ പപ്പയ്ക്ക് അറിയാമോ സിസ്റ്റർ? ”
”ഇല്ല. ജേക്കബിന് ഇപ്പഴും അറിയില്ല അവന്റെ ആദ്യ ഭാര്യയില്‍ അവനൊരു കുഞ്ഞുണ്ടെന്ന്. രായ്ക്കുരാമാനം അവനെ അമേരിക്കയിലേക്കു കൊണ്ടുപോയില്ലേ. പിന്നെ അവന്റെ ഭാര്യയെ അവൻ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. അവൾ ഗർഭിണിയായിരുന്നെന്ന് അവൻ അറിഞ്ഞുമില്ല.”
“സിസ്റ്ററിനെങ്ങനെയാ എന്‍റെ പപ്പേടെ വീട്ടുകാരെ പരിചയം?” അനിതക്കു സംശയം തീർന്നില്ല.
“ഞാനന്ന് ആ ഇടവകയിലുള്ള മഠത്തിലായിരുന്നു. ജേക്കബിന്‍റെ പപ്പയുമായി വളരെ നല്ല അടുപ്പത്തിലായിരുന്നു. ഓർഫനേജിന് അദ്ദേഹം ഒത്തിരി സംഭവനയൊക്കെ നൽകിയിട്ടുണ്ട്. “
“എനിക്കു എന്റെ പപ്പയെ ഒന്നു കാണാന്‍ പറ്റുമോ സിസ്റ്റര്‍?”
” അയാൾ ഇപ്പം നാട്ടിൽ വന്നിട്ടുണ്ടോന്നു അറിയില്ല. ഞാനൊന്ന് അന്വേഷിച്ചിട്ടു പറയാം. ഇല്ലെങ്കില്‍ ഇനി അവര് വരുമ്പം അതനൊരവസരമുണ്ടാക്കിത്തരാന്‍ നോക്കാം. “
“ഉം…” അവൾ തല കുലുക്കി.
“പക്ഷേ…., നീ എനിക്ക് ഒരു വാക്കു തരണം. അയാളുടെ മകളാ നീയെന്ന് ഒരിക്കലും അയാള്‍ അറിയരുത്. അയാളിപ്പം ഭാര്യയും മക്കളുമായി സന്തോഷത്തോടെ അമേരിക്കയിൽ കഴിയുകയല്ലേ. നമ്മളായിട്ട് എന്തിനാ ഇനി ആ കുടുംബം തകർക്കുന്നത്. ”
“ഒന്നു കണ്ടാല്‍ മാത്രം മതി സിസ്റ്റര്‍ എനിക്ക് . വേറൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല. ഒന്നും. ”
“നിന്റെ മൊബൈല്‍ നമ്പര്‍ തന്നേക്ക്.”
അനിത ഒരു കടലാസില്‍ അവളുടെ മൊബൈല്‍ നമ്പര്‍ എഴുതി സിസ്റ്ററിനു കൊടുത്തു.
” അയാള് നാട്ടിൽ ഉണ്ടങ്കിൽ ഞാൻ നിന്നെ വിളിച്ചറിയിക്കാം. ഇല്ലെങ്കിൽ ഇനി വരുന്നതെന്നാണെന്നു തിരക്കിയിട്ടു ഞാൻ വിളിച്ചുപറയാം. ”
”ഉം. ”
മഠത്തില്‍നിന്ന് കോഫിയും പലഹാരങ്ങളും കഴിച്ച് സന്തോഷത്തോടെയാണ് അനിതയും റോയിയും മടങ്ങിയത്.
മടക്കയാത്രയില്‍ അനിത ഭര്‍ത്താവിനോട് ട്രീസാ സിസ്റ്റർ പറഞ്ഞ കാര്യങ്ങൾ വിശദീകരിച്ചു..
“സ്വര്‍ഗ്ഗത്തിലിരുന്ന് എന്‍റെ അമ്മ ഒരുപാട് കരഞ്ഞിട്ടുണ്ടാവും, എന്‍റെ കഷ്ടപ്പാടുകള്‍ കണ്ട് . ഇല്ലേ റോയിച്ചാ. “
“ഹേയ്! അങ്ങനെയൊന്നും വിചാരിക്കണ്ട . എല്ലാം കലങ്ങിത്തെളിഞ്ഞില്ലേ. അമ്മ ഇപ്പം ഒരുപാട് സന്തോഷിക്കുകയാവും.”
റോയി ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു.
*******
ജേക്കബ് നാട്ടിൽ വന്നിട്ടുണ്ടെന്ന് ട്രീസാസിസ്റ്ററിന് അറിവു കിട്ടി. ജേക്കബിന്റെ ഫോൺ നമ്പർ അന്വേഷിച്ചു കണ്ടുപിടിച്ചിട്ട് അവർ അദ്ദേഹത്തെ ഫോണിൽ വിളിച്ചു. അങ്ങേ തലക്കൽ ഹലോ എന്ന ശബ്ദം കേട്ടപ്പോൾ ട്രീസാമ്മ സിസ്റ്റർ പറഞ്ഞു.
“ഞാന്‍ സിസ്റ്റര്‍ ട്രീസയാ. പണ്ട് നിങ്ങടെ ഇടവകേലെ മഠത്തിലുണ്ടായിരുന്ന സിസ്റ്ററാ. ജേക്കബിന് എന്നെ പരിചയം കാണില്ലായിരിക്കും. പക്ഷേ, ജേക്കബിന്‍റെ അപ്പച്ചന് എന്നെ നന്നായിട്ടറിയാം . ഞാനിപ്പം വിളിച്ചത് ഒരത്യാവശ്യ കാര്യത്തിനാ. ”
“എന്താ സംഭാവനയ്ക്കു വല്ലോം ആണോ ?”
“അല്ല. ഒരു പ്രധാനപ്പെട്ട കാര്യം പറയാനാ. എനിക്കിപ്പം നടക്കാനൊക്കെ ബുദ്ധിമുട്ടാ. എന്നാലും ഞാനാരെയെങ്കിലും കൂട്ടി അങ്ങോട്ടുവരാം. ഇപ്പം താമസിക്കുന്നത് എവിടാ?”
“സിസ്റ്റർ ബുദ്ധിമുട്ടണമെന്നില്ല. ഞാന്‍ അങ്ങോട്ടു വന്നു കാണുന്നതില്‍ വിരോധമുണ്ടോ?”
“ഒരിക്കലുമില്ല. എനിക്ക് സന്തോഷമേയുള്ളൂ.”
” എങ്കിൽ പറഞ്ഞോളൂ , എവിടെയാ സിസ്റ്റര് ഇപ്പം?”
സിസ്റ്റര്‍ സ്ഥലവും മഠത്തിന്‍റെ പേരും പറഞ്ഞു.
”എപ്പോൾ വരണം ?”
”പറ്റുമെങ്കിൽ നാളെത്തന്നെ വാ ”
“ശരി. നാളെ ഉച്ചയ്ക്കു മുമ്പ് എത്താം. സിസ്റ്റര്‍ അവിടെ കാണുമല്ലോ.”
“തീര്‍ച്ചയായും. പിന്നെ ഒരു കാര്യം. തനിച്ചു വന്നാല്‍ മതി. ഒരു സ്വകാര്യം പറയാനാ.”
“ഓക്കെ.”
” ബാക്കിയൊക്കെ വരുമ്പം പറയാം .”
”ആയിക്കോട്ടെ ”
ട്രീസാ സിസ്റ്റർ ഫോണ്‍ കട്ടു ചെയ്തു.
പിറ്റേന്നു പതിനൊന്നു മണിയായപ്പോള്‍ ഒരു സ്കോഡ കാറില്‍ ജേക്കബ് മഠത്തിന്‍റെ മുറ്റത്തു വന്നിറങ്ങി.
അന്‍പതു വയസിനടുത്തു പ്രായമുള്ള വെളുത്തു തുടുത്തു സുന്ദരനായ ഒരു മനുഷ്യന്‍. പാന്റ്സും ഫുൾ സ്ലീവ് ഷർട്ടുമായിരുന്നു വേഷം . ഒരു സിനിമാതാരത്തെപ്പോലുള്ള രൂപവും ഭാവവും .
സന്ദര്‍ശകമുറിയില്‍ കയറി, ട്രീസാസിസ്റ്ററിനെ കാത്ത് അദ്ദേഹം സെറ്റിയില്‍ ഇരുന്നു. അല്പനേരം കഴിഞ്ഞപ്പോള്‍ ട്രീസാമ്മ സാവധാനം വടിയും കുത്തി അങ്ങോട്ടു വന്നു. സിസ്റ്ററിനെ കണ്ടതും ജേക്കബ് എണീറ്റു ഭവ്യതയോടെ കൈകൂപ്പി.സിസ്റ്ററും കൈകൂപ്പി.
“ഓര്‍മ്മയുണ്ടോ എന്നെ?”
ജേക്കബിന് അഭിമുഖമായി കസേരയില്‍ ഇരിക്കുന്നതിനിടയിൽ സിസ്റ്റര്‍ ചിരിയോടെ ചോദിച്ചു.
“ഓർക്കുന്നില്ലല്ലോ സിസ്റ്റർ ” ജേക്കബ് ആ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.
“പത്തിരുപത്തഞ്ചു വര്‍ഷം മുമ്പ് ഞാൻ നിങ്ങടെ ഇടവകയിലെ മഠത്തിലുണ്ടായിരുന്നു. ജേക്കബിന്‍റെ അപ്പച്ചനെ എനിക്കു നല്ല പരിചയമുണ്ട് .”
“അപ്പച്ചൻ മരിച്ചുപോയി”
”എനിക്കറിയാം. മരിച്ചടക്കിനു ഞാനവിടെ വന്നിരുന്നു.” ഒന്നു നിറുത്തിയിട്ട് സിസ്റ്റര്‍ തുടര്‍ന്നു: “ജേക്കബ് അമേരിക്കേലാണെന്നെനിക്കറിയാം. അവിടെന്താ, ജോലിയോ ബിസിനസോ?”
“ബിസിനസാ…”
“ഭാര്യയും മക്കളുമൊക്കെ…?”
“ഭാര്യയുണ്ട്. ഇപ്പം നാട്ടിൽ വന്നിട്ടുണ്ട്. പക്ഷേ മക്കളില്ല. അമ്മയാകാനുള്ള കഴിവ് ദൈവം അവള്‍ക്കു കൊടുത്തില്ല.”
“ഓ… അതെനിക്കറിയില്ലായിരുന്നു. പ്രോബ്ലം ഭാര്യയ്ക്കാണോ?”
“അതെ! ഒരുപാട് ട്രീറ്റ്മെന്‍റ് നടത്തീതാ. ഒരു പ്രയോജനോം ഉണ്ടായില്ല. ഒടുവില്‍ ഒരു കുഞ്ഞിനെ ദത്തെടുത്താലോന്നാലോചിച്ചു. പിന്നെ ആലോചിച്ചപ്പം വേണ്ടാന്നു തോന്നി. എന്‍റെ ഒരു ഫ്രണ്ട് ഇങ്ങനെ ഒരു കുട്ടിയെ ദത്തെടുത്തു വളര്‍ത്തീതാ. വലുതായപ്പം അവൻ അയാളെ കൊന്നിട്ട് ഒള്ള സ്വത്തുമായി കടന്നു.”
“മക്കളില്ലാത്തതിന്‍റെ ദുഃഖം ഒരുപാടുണ്ടല്ലേ?”
“ചോദിക്കാനുണ്ടോ? ആ ഒരു ദുഃഖം മാത്രമേയുള്ളൂ .. കോടിക്കണക്കിനു രൂപേടെ സ്വത്തുണ്ട് എനിക്ക്. നാട്ടില്‍ വരുമ്പം ഒരുപാടു പേര്‍ക്കു സഹായോം ചെയ്യുന്നുണ്ട്. അതുകൊണ്ടാ ഞാൻ ചോദിച്ചതു സംഭാവനക്കു വല്ലതുമാണോ വിളിച്ചതെന്ന്. എന്തു ചെയ്താലെന്താ? മക്കളില്ലാത്തതിന്‍റെ വിടവ് സ്വത്തുകൊണ്ടു നികത്താനാവില്ലല്ലോ.”
“ഞാന്‍ ജേക്കബിനെ വിളിച്ചത് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനാ.”
“എന്താ സിസ്റ്റര്‍?”
“ജേക്കബിന് സെലീന എന്നു പേരുള്ള ഒരു പെണ്ണിനെ അറിയുവോ? പണ്ട് നിങ്ങളുടെ വീട്ടില്‍ ജോലിക്കു നിന്ന ഒരനാഥപ്പെണ്ണ്?”
“ഉവ്വ്. അവളെന്‍റെ ഭാര്യയായിരുന്നു. ഞാന്‍ സ്നേഹിച്ചു കെട്ടിയ പെണ്ണ്. ഒരു വണ്ടിയപകടത്തില്‍ അവളു മരിച്ചുപോയി. എന്തേ ഇപ്പം ഇത് ചോദിച്ചത് ?”
“വണ്ടിയപകടത്തിലാ മരിച്ചതെന്ന് ജേക്കബ് കണ്ടോ?”
“ഇല്ല. ഞാനപ്പം അമേരിക്കയിലായിരുന്നു. വീട്ടീന്ന് വിളിച്ചു പറഞ്ഞുള്ള അറിവേയുള്ളൂ ”
“ഡെഡ് ബോഡി കാണാന്‍ ജേക്കബ് വന്നോ?”
“ഇല്ല. അപ്പച്ചന് ഇഷ്ടമില്ലായിരുന്നു ആ കല്യാണം. കുറെ ദിവസം കഴിഞ്ഞാ മരണവാര്‍ത്ത എന്നെ അറിയിച്ചത്. ”
സിസ്റ്റർ കുറച്ചുനേരം അയാളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു . ആ നോട്ടത്തിൽ ഒരു പന്തികേട്
തോന്നിയപ്പോൾ ജേക്കബ് ചോദിച്ചു.
” എന്താ സിസ്റ്റർ ?”
“അവള്‍ മരിച്ചത് വണ്ടിയപകടത്തിലായിരുന്നില്ല.”
“പിന്നെ?” ജേക്കബിന്റെ കണ്ണുകൾ വിടർന്നു
“ജേക്കബിന്‍റെ കുഞ്ഞിനെ അവള്‍ ഗർഭം ധരിച്ചിരുന്നു. പക്ഷേ, പ്രസവത്തോടെ അവളു മരിച്ചു പോയി. കുഞ്ഞ് ജീവിച്ചു.”
“എനിക്കൊന്നും പിടികിട്ടിയില്ല.”
ട്രീസാമ്മ സിസ്റ്റര്‍ ആ സംഭവം വള്ളിപുള്ളി തെറ്റാതെ വിശദീകരിച്ചു . എന്നിട്ടു പറഞ്ഞു:
“അന്നത്തെ ആ പെണ്‍കുഞ്ഞ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.”
”ങ് ഹേ !!”
ഒരു ഞെട്ടലോടെ വായ്‌പൊളിച്ചിരുന്നുപോയി ജേക്കബ്.
“എവിടെ? എവിടെയുണ്ട് സിസ്റ്റര്‍ അവള്‍? എനിക്കെന്‍റെ മോളെ കാണണം.”
“കാണിക്കാം. പക്ഷേ അതിനുമുമ്പ് ഒന്നു ചോദിച്ചോട്ടെ. ജേക്കബ് അവളെ മകളായി സ്വീകരിക്കാന്‍ ഇനിയും തയ്യാറാവുമോ?”
“എന്തു ചോദ്യമാണ് സിസ്റ്റര്‍ ഇത്? ഒരു കുഞ്ഞിക്കാലുകാണാതെ കഴിഞ്ഞ ഇരുപത്തഞ്ചുവർഷമായി ഞാന്‍ കണ്ണീരു കുടിച്ചു കഴിയുമ്പം , എന്‍റെ രക്തത്തില്‍ പിറന്ന ഒരു മോളുണ്ടെന്നു കേട്ടാൽ ഞാനവളെ വേണ്ടാന്നു പറയുമോ? ഞാന്‍ മാത്രമല്ല, ഈ വാർത്ത കേൾക്കുമ്പം എന്നേക്കാള്‍ കൂടുതല്‍ സന്തോഷിക്കുന്നത് എന്‍റെ ഭാര്യയായിരിക്കും. എവിടെയുണ്ട് സിസ്റ്റര്‍ എന്റെ മോൾ ?”
“അവള് കല്യാണം കഴിച്ച് ഇപ്പം സന്തോഷത്തോടെ ജീവിക്കുകയാ. പപ്പയെ കാണണമെന്ന് പറഞ്ഞു കുറച്ചുനാൾ മുൻപ് അവള്‍ ഇവിടെ വന്നിരുന്നു. അതുകൊണ്ടാ ഞാന്‍ ഇപ്പം ജേക്കബിനെ വിളിച്ചു വരുത്തീതും കാര്യങ്ങളൊക്കെ പറഞ്ഞതും. എനിക്കറിയില്ലായിരുന്നു നിങ്ങള്‍ക്കു മക്കളില്ലെന്ന്!”
” എനിക്ക് എന്റെ മോളെ ഒന്ന് കാണണം സിസ്റ്റർ ” ജേക്കബ് തിടുക്കം കൂട്ടി.
” അവള് വീട്ടിൽ ഉണ്ടോന്നു ഞാൻ ഒന്ന് വിളിച്ചു ചോദിക്കട്ടെ. ”
ട്രീസാസിസ്റ്റര്‍ മൊബൈലില്‍ അനിതയുടെ നമ്പര്‍ ഡയല്‍ ചെയ്തു. ഭാഗ്യം . അവള്‍ വീട്ടിലുണ്ടായിരുന്നു.
പപ്പയെ കാണണമെങ്കിൽ ഉടനെ മഠത്തിലേക്കു വരാൻ പറഞ്ഞിട്ട് സിസ്റ്റര്‍ ഫോണ്‍ കട്ടു ചെയ്തു. എന്നിട്ട് അവളുടെ ജീവിത കഥ മുഴുവൻ വിശദമായി ജേക്കബിനോടു പറഞ്ഞു.
“അവളിപ്പം സിനിമേലൊക്കെ പാടി വല്യ പ്രസിദ്ധയായി.” സിസ്റ്റര്‍ പറഞ്ഞു നിറുത്തി .
“ഞാന്‍ ഭാഗ്യവാനാ. എന്റെ കുഞ്ഞിനെ ദൈവം എനിക്ക് തിരിച്ചു തന്നല്ലോ . അതുമല്ല , നല്ലൊരു വിവാഹബന്ധവും എന്‍റെ കുഞ്ഞിനു ദൈവം കൊടുത്തല്ലോ .” സന്തോഷം കൊണ്ട് ജേക്കബിന്റെ കണ്ണുകൾ നിറഞ്ഞു.
ഉച്ചകഴിഞ്ഞപ്പോൾ മഠത്തിന്‍റെ മുറ്റത്ത് ഒരു കാറുവന്നു നിന്നു. കാറിൽ നിന്ന് അനിതയും റോയിയും പുറത്തേക്കിറങ്ങി. ഇടവും വലവും നോക്കാതെ നേരേ അവര്‍ വിസിറ്റേഴ്സ് റൂമിലേക്കു കയറി വന്നു .
മകളെ കണ്ടതും ജേക്കബ് കണ്ണിമയ്ക്കാതെ നോക്കി നിന്നുപോയി കുറേനേരം.
പപ്പയെ കണ്ടപ്പോൾ അനിതയുടെയും കണ്ണുകള്‍ നിറഞ്ഞു! സന്തോഷവും സങ്കടവും ആ മുഖത്തു പ്രകടമായി. പപ്പാ എന്നൊന്ന് വിളിക്കാൻ ഹൃദയം തുടിച്ചെങ്കിലും സിസ്റ്ററിനു കൊടുത്ത വാക്ക് അവളെ അതിൽ നിന്ന് പിന്തിരിപ്പിച്ചു.
ട്രീസാസിസ്റ്റര്‍ എണീറ്റു സാവധാനം നടന്നു വന്നിട്ട് അവളുടെ തോളില്‍ കൈവച്ചു . എന്നിട്ടു പറഞ്ഞു.
“നീ അന്വേഷിച്ചു നടന്ന നിന്‍റെ പപ്പയാ ഇത്. ഞാനെല്ലാം പപ്പയോടു തുറന്നു പറഞ്ഞു മോളെ . ഇനി സന്തോഷമായിട്ടു നീ വിളിച്ചോ പപ്പേന്ന്; എത്രവേണമെങ്കിലും. ”
ജേക്കബ് മെല്ലെ അവളുടെ അടുത്തേക്കു വന്നു. അവളുടെ കൈകൾ രണ്ടും പുണർന്ന് നെഞ്ചോടു ചേര്‍ത്തു പിടിച്ചുകൊണ്ടു പറഞ്ഞു:
” നീ എന്റെ മോളാണെന്ന് കേട്ടപ്പം എനിക്ക് എന്തു സന്തോഷമായീന്നറിയുവോ . ഒരു കുഞ്ഞില്ലാത്തിന്‍റെ വേദനയില്‍ നീറിനീറി കഴിയുകയായിരുന്നു ഞങ്ങള്‍. ഇനി മുതല്‍ നീ എന്‍റെ സ്വന്തം മകളാ. എന്‍റെ പൊന്നുമോള്‍. പാപ്പാന്ന് ഒന്നു വിളിക്കൂ മോളെ.”
“പപ്പാ.”
അവളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. ജേക്കബിന്‍റെയും മിഴികളില്‍ അശ്രുബിന്ദുക്കള്‍ പൊടിഞ്ഞു.
മകളെ നെഞ്ചോടു ചേര്‍ത്തു പിടിച്ചുകൊണ്ട് ജേക്കബ് പറഞ്ഞു:
“ഇങ്ങനെയൊരു മോള് എനിക്കുണ്ടെന്നു നേരത്തേ അറിഞ്ഞിരുന്നെങ്കില്‍ പണ്ടേ ഞാന്‍ വന്നു നിന്നെ കൂട്ടിക്കൊണ്ടുപോയേനെ. ആരും എന്നോടത് പറഞ്ഞില്ല മോളെ , ആരും.. ” ജേക്കബ് വിങ്ങിപ്പൊട്ടി .
“എനിക്കറിയാം പപ്പാ. ട്രീസാസിസ്റ്റര്‍ കഥകളെല്ലാം എന്നോടു പറഞ്ഞു.” അവൾ ജേക്കബിന്റെ ദേഹത്തോട് ഒട്ടിച്ചേർന്നു നിന്നു .
“നമുക്കിപ്പത്തന്നെ എന്റെ വീട്ടിലേക്കു പോകാം . നിന്നെ കാണുമ്പോൾ നിന്റെ അമ്മക്കു വലിയ സന്തോഷമാകും ? ”
” അമ്മക്ക് എന്നെ ഉൾകൊള്ളാൻ പറ്റുമോ പപ്പാ ? ”
” നീ എന്താ ഈ പറയുന്നേ ? ഞാൻ ഇക്കാര്യം ഫോണിൽ വിളിച്ചു പറഞ്ഞപ്പം എന്നെക്കാൾ കൂടുതൽ സന്തോഷിച്ചത് അവളാ. നിന്നെ ഇന്നുതന്നെ കൂട്ടിക്കൊണ്ടു ചെല്ലണമെന്ന് അവള് പ്രത്യേകം പറഞ്ഞിട്ടുണ്ട് . വരില്ലേ നീ എന്റെകൂടെ ?”
“വരാം പപ്പാ…” റോയിയെ ചൂണ്ടിക്കാണിച്ചുകൊണ്ട് അനിത തുടർന്നു :
“ഇത് എന്‍റെ ഹസ്ബന്‍റാ പപ്പാ. റോയിച്ചന്‍. എന്നെ ജീവനുതുല്യം സ്നേഹിക്കുന്ന എന്‍റെ ജീവിതപങ്കാളി.”
“മോനെ.”
ജേക്കബ് റോയിയെ അടുത്തു പിടിച്ചു നിറുത്തി. എന്നിട്ടു രണ്ടുപേരെയും ചേർത്ത് പിടിച്ചുകൊണ്ടു പറഞ്ഞു:
“എന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമാ ഇന്ന്. മക്കളില്ലാതിരുന്ന എനിക്ക് രണ്ടുമക്കളെയല്ലേ ദൈവം ഒരുമിച്ചുതന്നിരിക്കുന്നത്. ”
” രണ്ടല്ല, മൂന്ന് . അവൾക്കൊരു കുഞ്ഞുകൂടിയുണ്ട് ” ട്രീസ സിസ്റ്റർ ഓർമ്മിപ്പിച്ചു.
” ഓ, ഞാനതങ്ങു മറന്നു. അവനെ എന്തേ കൊണ്ടുവരാതിരുന്നത് ? ”
”പപ്പാ എന്നെ സ്വീകരിക്കുമെന്നു പ്രതീക്ഷിച്ചല്ല ഞാൻ വന്നത്.അതുകൊണ്ട് മോനെ കൊണ്ടുവന്നില്ല. ”
”ഒരു കുഞ്ഞില്ലാതെ നീറി നീറിക്കഴിഞ്ഞ എനിക്ക് എന്റെ സ്വന്തം മോളെ ദൈവം കൊണ്ടുതരുമ്പം ഞാൻ സ്വീകരിക്കാതിരുക്കുമോ മോളെ ?”
ജേക്കബ് ബാഗു തുറന്ന് ഒരു ചെക്ക് ബുക്ക് എടുത്തു. ചെക്ക് ലീഫില്‍ ഒരു സംഖ്യ എഴുതി ഒപ്പിട്ടിട്ട് കീറി സിസ്റ്ററിന്‍റെ നേരേ നീട്ടിക്കൊണ്ടു പറഞ്ഞു:
“അനാഥാലയത്തിലെ കുട്ടികള്‍ക്ക് എന്‍റെ വക ഒരു ചെറിയ പാരിതോഷികം. ഇഷ്ടമുള്ളതൊക്കെ അവര്‍ക്കു വാങ്ങിക്കൊടുക്കണം. നല്ല ഭക്ഷണവും വസ്ത്രവുമൊക്കെ . വർഷത്തിൽ ഒരിക്കലെങ്കിലും അവരേയും കൂട്ടി ടൂറു പോകണം . ഒന്നിനും ഒരുപിശുക്കു കാണിക്കണ്ട. മാതാപിതാക്കളില്ലാതെ വളരുന്ന കുട്ടികളല്ലേ. ആ ദുഃഖം അവരറിയരുത് .”
സിസ്റ്റര്‍ ചെക്കുവാങ്ങി നോക്കി.
പത്തുലക്ഷം രൂപാ!
അദ്ഭുതത്തോടെ അവര്‍ അതിലേക്കു തന്നെ നോക്കിനിന്നുപോയി കുറേനേരം.
“കാശിന് ആവശ്യം വരുമ്പം ഒന്നു ഫോണ്‍ ചെയ്താല്‍ മതി. ഞാന്‍ അക്കൗണ്ടിലേക്കു പൈസ ഇട്ടേക്കാം . 25 വര്‍ഷക്കാലം എന്‍റെ കുഞ്ഞിനെ പൊന്നുപോലെ നോക്കിയതല്ലേ. ആ സ്നേഹം എനിക്ക് കാണിക്കാതിരിക്കാൻ പറ്റുമോ ” ജേക്കബ് പറഞ്ഞു
സിസ്റ്ററിന്‍റെ കണ്ണു നിറഞ്ഞുപോയി.
“പോകാം മക്കളെ?”
ജേക്കബ് റോയിയെ നോക്കി.
“ഉം.” റോയി തലകുലുക്കി .
സിസ്റ്ററിനോടു യാത്ര പറഞ്ഞിട്ടു മൂന്നുപേരും വെളിയിലേക്കിറങ്ങി. സിസ്റ്ററും സാവധാനം അവരുടെ പിന്നാലെ വരാന്തയിലേക്കിറങ്ങി ചെന്നു .
റോയിയുടെ കാർ മുറ്റത്തരികിൽ ഒതുക്കി പാർക്കു ചെയ്തിട്ടു മൂന്നുപേരും ജേക്കബിന്‍റെ കാറില്‍ കയറി. അത് സാവധാനം മുൻപോട്ടുരുണ്ട് ഗേറ്റുകടന്നു റോഡിലേക്കിറങ്ങി . കണ്ണിൽ നിന്ന് മറയുന്നതു വരെ ട്രീസാ സിസ്റ്റർ അത് നോക്കി വരാന്തയിൽ നിന്നു .
(തുടരും.. അവസാന അധ്യായം നാളെ )
രചന : ഇഗ്‌നേഷ്യസ് കലയന്താനി ( copyright reserved )
Also Read അവൾ അനാഥയല്ല- നോവൽ- അദ്ധ്യായം 1
Also Read അവൾ അനാഥയല്ല – നോവൽ – അദ്ധ്യായം 2
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 3
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 4
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 5
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 6
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 7
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 8
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 9
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 10
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 11
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 12
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 13
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 14
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 15
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 16
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 17
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 18
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 19
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 20
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 21
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 22
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 23
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 24
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 25
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 26