കോറല്‍ സ്പ്രിങ്‌സ് : അമേരിക്കയിലെ മയാമിയില്‍ ഭർത്താവിന്റെ കുത്തേറ്റു മരിച്ച മലയാളി നഴ്‌സ് മെറിന്‍ ജോയി (26 ), തന്നെ കുത്തിയത് ഭര്‍ത്താവ് നെവിന്‍ ആണെന്നു പൊലീസിനോടു പറഞ്ഞതായി അവിടുത്തെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ആംബുലന്‍സില്‍വച്ചാണ് മെറിന്‍ ഇത് പറഞ്ഞത് . 17 തവണ കുത്തിയ ശേഷം വീണുകിടന്ന മെറിന്റെ ശരീരത്തിലൂടെ നെവിന്‍ കാർ ഓടിച്ചുകയറ്റുകയായിരുന്നു.
മെറിന്‍ ജോയിയെ കൊല്ലാന്‍ ഭര്‍ത്താവ് ഫിലിപ് മാത്യു നേരത്തെയും ശ്രമിച്ചിരുന്നതായി കോടതിയില്‍ പൊലീസ് പറഞ്ഞു . മെറിന്‍ വിശ്വാസവഞ്ചന കാണിച്ചതാണ് കൊലയ്ക്ക് കാരണമെന്ന് ഫിലിപ് മാത്യു പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. ഫിലിപ് മാത്യുവിന് കോടതി ജാമ്യം നിഷേധിച്ചു.
സ്വയം കുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച ഫിലിപ്പിനെ രണ്ടു കൈയും ബാന്‍ഡേജിട്ട് നിലയിലാണ് കോടതിയില്‍ ഹാജരാക്കിയത്. ഫിലിപ്പിന് മാനസിക പ്രശ്നങ്ങളുണ്ടെന്നും മനപൂർവം നടന്ന കൊലയല്ലെന്ന് പറഞ്ഞ് കുറ്റം ലഘൂകരിക്കാനുള്ള ശ്രമത്തിലായിരുന്നു ഫിലിപ് മാത്യുവിന്റെ അഭിഭാഷകന്‍. പക്ഷേ, പൊലീസ് ഇത് അംഗീകരിച്ചില്ല. കത്തിയും ചുറ്റികയും വാങ്ങി ആശുപത്രിയിലെത്തിയത് കൊല്ലാൻ തന്നെയായിരുന്നെന്നു പൊലീസ് പറയുന്നു . ഫിലിപ്പിനെ മാനസിക പരിശോധനയ്ക്കും വിധേയനാക്കി.
2016 ജൂലൈ 30-നാണ് നെവിനും മെറിനും വിവാഹിതരായത്. ഇവര്‍ക്കു രണ്ടു വയസ്സുള്ള ഒരു മകളുണ്ട്. രണ്ടു വര്‍ഷത്തിനുള്ളില്‍ തന്നെ ദാമ്പത്യബന്ധത്തിൽ പ്രശ്‌നങ്ങളുണ്ടായി.
മെറിനെ കൊന്ന് താൻ ആത്മഹത്യ ചെയ്യുമെന്ന് നെവീന്‍ മുൻപ് ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് ഇവരുടെ വീട്ടില്‍ പൊലീസ് എത്തി നെവിനെതിരെ കേസെടുത്തിരുന്നു. .
കഴിഞ്ഞ ഡിസംബറില്‍ നെവിനും മെറിനും നാട്ടിലെത്തിയപ്പോള്‍ മെറിന്റെ മാതാപിതാക്കള്‍ ഇതേക്കുറിച്ച് അറിഞ്ഞിരുന്നുവെന്നു സുഹൃത്തുക്കള്‍ പറയുന്നു. പിന്നീട് അമേരിക്കയിൽ നെവിന്‍ ഒറ്റയ്ക്കാണു താമസിച്ചിരുന്നത്. മെറിൻ കുഞ്ഞിനെ നാട്ടില്‍ അമ്മയെ ഏല്‍പ്പിച്ച ശേഷമാണ് മടങ്ങിയത്.
ജൂലൈ 19ന് മെറിന്‍, കോറല്‍ സ്പ്രിങ്‌സ് പൊലീസില്‍ വിളിച്ച് വിവാഹമോചനക്കാര്യം പറഞ്ഞുവെന്നും എന്നാൽ ഭര്‍ത്താവിന് താന്‍ തിരികെ ചെല്ലണമെന്നാണ് ആഗ്രഹമെന്നും സൂചിപ്പിച്ചുവെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു . എന്നാല്‍ ഭർത്താവിൽ നിന്നും ക്രൂരതയൊന്നും ഉണ്ടാകാത്ത സാഹചര്യത്തില്‍ വിവാഹമോചനത്തിനായി വിവാഹമോചന അറ്റോര്‍ണിയെ സമീപിക്കാനായിരുന്നു പൊലീസ് നിര്‍ദേശിച്ചത്.
വിവാഹമോചനത്തിനായി മെറിന്‍ ശ്രമിച്ചതാണ് നെവിനെ ചൊടിപ്പിച്ചതെന്ന് അയാളുടെ സുഹൃത്തുക്കളിൽ ചിലർ പറഞ്ഞു . കുഞ്ഞിനെ ചൊല്ലിയുള്ള തര്‍ക്കമാണ് നെവിനെ ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ചതെന്നും ചിലർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ചൊവ്വാഴ്ച മെറിന്റെ ജോലിസ്ഥലത്ത് രാവിലെ ഏഴുമണിക്ക് എത്തി നെവിന്‍ പാര്‍ക്കിങ് ഏരിയയില്‍ കാത്തുനിന്നു . കോവിഡ് വാര്‍ഡിലെ ഡ്യൂട്ടി കഴിഞ്ഞ് 7.30ന് മെറിന്‍ പുറത്തുവന്നപ്പോഴാണ് നെവിന്‍ ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു .
കരച്ചിൽ കേട്ട് സഹപ്രവര്‍ത്തകര്‍ ഓടിയെത്തിയെങ്കിലും കത്തി വീശി നെവിന്‍ അവരെ അകറ്റിനിറുത്തി. തുടര്‍ന്ന് കാറിൽ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ സഹപ്രവര്‍ത്തകര്‍ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റിന്റെ ചിത്രമെടുത്തു പൊലീസിനു കൈമാറി . മെറിന്‍റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍.
അതേസമയം ഒരുവിഭാഗം ആളുകൾ സോഷ്യൽമീഡിയയിൽ മെറിനെതിരെയും പ്രചാരണം നടത്തുന്നുമുണ്ട് . മെറിനെ പ്രതികൂട്ടിൽ നിറുത്തിക്കൊണ്ടുള്ള മോശം കമന്റുകളും ഇതുസംബന്ധിച്ച വാർത്തയ്ക്കു കീഴിൽ അവർ ഇടുന്നു. കൊലയെപ്പറ്റി മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വളച്ചൊടിച്ചതാണെന്നാണ് ഇവരുടെ വാദം. മെറിനെതിരെയുള്ള ഇത്തരം മോശം കമന്റുകൾ തങ്ങളെ ഏറെ വേദനിപ്പിച്ചുവെന്നു മെറിന്റെ സഹപ്രവർത്തകർ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു .














































