കഥ ഇതുവരെ-
അനാഥാലയത്തില്‍ വളര്‍ന്ന, സുന്ദരിയും പാട്ടുകാരിയുമായ അനിതയോടു പ്രണയം തോന്നി, ധനാഢ്യനായ ഇലഞ്ഞിക്കല്‍ സഖറിയാസിന്റെ മകൻ റോയി അവളെ കല്യാണം കഴിച്ചു. അനിതയെ മാനസികമായി പീഡിപ്പിച്ചതിന്‍റെ പേരില്‍ മാതാപിതാക്കളോടു വഴക്കിട്ട് റോയി ഭാര്യയെയും കൂട്ടി വാടകവീട്ടില്‍ താമസമാക്കി. മദ്യപാനവും ചീട്ടുകളിയും മൂലം കടക്കെണിയിലായ റോയി ഭാര്യ അറിയാതെ കള്ളനോട്ടുകച്ചവടത്തില്‍ പങ്കാളിയായി. റോയിയെ പോലീസ് അറസ്റ്റു ചെയ്തു ലോക്കപ്പിലിട്ടു. ഗര്‍ഭിണിയായ അനിത ഇലഞ്ഞിക്കല്‍ തറവാട്ടില്‍ അഭയം തേടി. ഭാര്യ മേരിക്കുട്ടി അറിയാതെ അവളെ കൊന്നു കത്തിച്ചുകളയാന്‍ റോയിയുടെ പപ്പ സഖറിയാസ് ക്വട്ടേഷന്‍സംഘത്തെ ചുമതലപ്പെടുത്തി. ചാക്കോ എന്ന വാടക ഗുണ്ട അവളെ ഇടുക്കിയിലെ വനത്തില്‍ കൊണ്ടുപോയി കൊന്നുകളയാനായി കഴുത്തില്‍ കയറിട്ടു. അവള്‍ ഗര്‍ഭിണിയാണെന്നു കണ്ടപ്പോള്‍ മനസ്സലിവുതോന്നിയ ചാക്കോ അവളെ കടുവാക്കുന്ന് എന്ന ഗ്രാമത്തില്‍ ഏലിക്കുട്ടി എന്ന വൃദ്ധയുടെ വീട്ടില്‍ കൊണ്ടുവന്നു താമസിപ്പിച്ചു. അനിതയെ കൊന്നു കത്തിച്ചുകളഞ്ഞു എന്നു പറഞ്ഞു ചാക്കോ റോയിയുടെ പപ്പയില്‍നിന്നു പണം വാങ്ങിക്കൊണ്ടുപോയി. (തുടര്‍ന്നു വായിക്കുക)
ഇരുമ്പഴിക്കുള്ളിലെ തണുത്ത സിമന്റു തറയിൽ അവശനായി ഇരിക്കുമ്പോള്‍ റോയി ആലോചിച്ചു.
അനിത എവിടെയായിരിക്കും ഇപ്പോള്‍? തറവാട്ടിലേക്ക് പോയി കാണുമോ? അതോ ഓര്‍ഫനേജിലോ? ഇത്രയും ദിവസമായിട്ടും ഒന്നു കാണാന്‍ വന്നില്ലല്ലോ അവൾ ! വെറുപ്പായിരിക്കും തന്നോട്..! അത്രയും വലിയ വഞ്ചനയല്ലേ താൻ ചെയ്തത്.
മദ്യപാനമാണു തന്‍റെ ജീവിതം തകര്‍ത്തത്. പെട്ടെന്നു പണമുണ്ടാക്കാനുള്ള വ്യഗ്രതയില്‍ ദൈവഹിതത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ചു. അതിനുള്ള ശിക്ഷയും കിട്ടി. ഷമീര്‍ തന്നെ ചതിക്കുമെന്നു ഒരിക്കലും വിചാരിച്ചതല്ല. പുറമെ കാണുന്ന മുഖമല്ലല്ലോ പലര്‍ക്കും അകത്ത്.
സുഹൃത്തുക്കളെല്ലാം കൈയൊഴിഞ്ഞു. അല്ലെങ്കിലും ആപത്തു സമയത്ത് ആരും തിരിഞ്ഞു നോക്കില്ലല്ലോ.
പപ്പ സന്തോഷം കൊണ്ട് ചിരിക്കുന്നുണ്ടാവും ഇപ്പോള്‍! അമ്മ കരയുകയാവും.
ഒന്നു കാണാന്‍ പോലും വന്നില്ലല്ലോ ആരും!
തറയില്‍നിന്ന് എണീറ്റ് ഇരുമ്പഴികളില്‍ പിടിച്ച് വെളിയിലേക്കു നോക്കി ചിന്താമൂകനായി നിന്നു റോയി.
“എത്ര ദിവസമായി കിടക്കാൻ തുടങ്ങിയിട്ട്. ജാമ്യത്തിലിറക്കാൻ നിനക്കാരുമില്ലേടാ ?”
ജയില്‍ ഉദ്യോഗസ്ഥന്റെ ചോദ്യത്തിനു മറുപടി പറയാനാവാതെ മുഖം കുമ്പിട്ടു നിന്നതേയുള്ളൂ റോയി.
” മാതാപിതാക്കളെ വേദനിപ്പിക്കുന്നവർക്കു ദൈവം ശിക്ഷ കൊടുക്കുമെന്ന് പറയുന്നത് ചുമ്മാതല്ല.”
ആരോടെന്നില്ലാതെ അങ്ങനെ പറഞ്ഞിട്ടു ഉദ്യോഗസ്ഥൻ മുൻപോട്ടു നടന്നു നീങ്ങി.
അടുത്ത ദിവസം രാവിലെ ജയിൽ ഉദ്യോഗസ്ഥൻ വന്നിട്ട് പറഞ്ഞു: “നിന്റെ പ്രാർത്ഥന ദൈവം കേട്ടു . നിന്നെ ജാമ്യത്തിലിറക്കിക്കൊണ്ടു പോകാന്‍ ഒരാളു വന്നിട്ടുണ്ട്. ഇറങ്ങി വാ.”
അയാൾ ഇരുമ്പുവാതില്‍ തുറന്നു. സെല്ലില്‍നിന്നിറങ്ങി റോയി അയാളുടെ പിന്നാലെ വാര്‍ഡന്‍റെ മുറിയിലേക്കു നടന്നു. ജാമ്യത്തിലിറക്കാൻ വന്ന ആളെ കണ്ടപ്പോള്‍ റോയി അദ്ഭുതപ്പെട്ടുപോയി.
പപ്പ!
വീട്ടില്‍നിന്ന് തന്നെ അടിച്ചിറക്കിയ പപ്പ വക്കീലിനോടൊപ്പം വാര്‍ഡന്‍റെ മുറിയില്‍!
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം റോയി സഖറിയാസിനോടൊപ്പം പുറത്തേക്കിറങ്ങി. വീട്ടിലേക്കുള്ള യാത്രയില്‍, കാറിലിരിക്കുമ്പോള്‍ റോയി പറഞ്ഞു:
“പപ്പ എന്നോടു ക്ഷമിക്കണം. എനിക്ക് തെറ്റുപറ്റിപ്പോയി.”
“ഇപ്പഴെങ്കിലും മാനസാന്തരം ഉണ്ടായല്ലോ. “
സഖറിയാസ് അമര്‍ഷത്തിലായിരുന്നു.
“പപ്പ അനിത…?”
“അതുപറയാൻ ഞാൻ മറന്നു. പറ്റിയ ആളാ നിന്റെ ഭാര്യ. അവളു വീട്ടിലുണ്ടായിരുന്നു കുറെ ദിവസം ! ഒരു ദിവസം ഏതോ ഒരു ചെറുപ്പക്കാരനെ അവള് വിളിച്ചുവരുത്തിയിട്ട് അയാളുടെ കൂടെ അങ്ങ് ഇറങ്ങിപ്പോയി. പോകുന്നേനുമുമ്പ് അവളു പറഞ്ഞു. ഞാന്‍ അനാഥാലയത്തില്‍ വളര്‍ന്ന പെണ്ണാ, ഇനിയും അവിടെത്തന്നെ ജീവിച്ചോളാമെന്ന്. നീ വരുമ്പം അവളെ അന്വേഷിക്കണ്ടാന്നും പറഞ്ഞു. നിന്റെകൂടെ ഇനിയും ജീവിക്കാന്‍ അവള്‍ക്കു താല്പര്യമില്ലത്രേ. അന്വേഷിച്ചപ്പം പഴയ ഓര്‍ഫനേജില്‍ അവളു ചെന്നിട്ടില്ല. പിന്നെ എങ്ങോട്ടാ പോയതെന്ന് ആർക്കറിയാം ! . നിന്നെ വേണ്ടാന്നു പറഞ്ഞു വല്ലവന്റെയും കൂടെ ഇറങ്ങിപ്പോയ പോയ അവളെ നീയും അങ്ങ് ഉപേക്ഷിച്ചേക്ക് . നിനക്കു വേറെ നല്ല പെണ്ണിനെ കിട്ടും.”
“എന്‍റെ കുഞ്ഞല്ലേ പപ്പാ അവളുടെ വയറ്റില്?”
“ആ ചിന്ത അവള്‍ക്കുണ്ടായില്ലല്ലോ. അവളു തിരിച്ചുവരുമോ, ഫോണ്‍ വിളിക്കുമോ എന്നു നമുക്കു നോക്കാം. വന്നാല്‍ നീ അവളെ. സ്വീകരിച്ചോ. എനിക്ക് വിരോധമില്ല .”
കൊന്നു കത്തിച്ചുകളഞ്ഞ ആള്‍ ഒരിക്കലും തിരിച്ചുവരില്ലല്ലോ എന്ന ഉറപ്പിലാണ് സഖറിയാസ് അങ്ങനെ പറഞ്ഞത്.
അനിത ഹരിയെ വിളിച്ചുവരുത്തി അയാളുടെ കൂടെയാവും ഇറങ്ങിപ്പോയത് എന്ന് റോയി ചിന്തിച്ചു. അയാൾ അവളെ എവിടെങ്കിലും കൊണ്ടുപോയി സുരക്ഷിതമായി താമസിപ്പിച്ചിട്ടുണ്ടാവും. അവന് അവളോട് പ്രത്യേക താല്പര്യം ഉണ്ടായിരുന്നല്ലോ. അതുകൊണ്ടല്ലേ സിനിമയ്ക്ക് കൊണ്ടുപോയതും. ഇനി അവൾ തിരിച്ചുവരുമെന്ന് തോന്നുന്നില്ല. റോയി ചിന്തിച്ചു.
********
കടുവാക്കുന്നില്‍, ഏലിച്ചേടത്തിയുടെ വീട്ടിലെ താമസം അനിതയ്ക്ക് ഒരുപാട് ആശ്വാസം പകര്‍ന്നു. ഒരമ്മയുടെ സ്നേഹവും വാത്സല്യവും അവള്‍ അനുഭവിച്ചത് ഏലിച്ചേടത്തിയില്‍ നിന്നായിരുന്നു. വഴിമുട്ടിയ ജീവിതത്തില്‍ വഴികാട്ടാന്‍ ദൈവം നിയോഗിച്ച കാവല്‍മാലാഖയാണ് ഏലിക്കുട്ടി എന്നവള്‍ വിശ്വസിച്ചു.
കര്‍ത്താവ് വസിക്കുന്നത് ഇലഞ്ഞിക്കലെ എ.സി. മുറിയിലല്ല, ഏലിച്ചേടത്തിയുടെ കൊച്ചുവീട്ടിലാണ് എന്ന് അവൾ തിരിച്ചറിഞ്ഞത് ആ സമയത്തായിരുന്നു.
ചെക്കപ്പിനായി അനിതയെ ആശുപത്രിയില്‍ കൊണ്ടുപോയിയും അവളുടെ ദൈനംദിനാവശ്യങ്ങള്‍ നിറവേറ്റിയും വയറ്റില്‍ കിടക്കുന്ന കുഞ്ഞിന്‍റെ വളർച്ചക്ക് ആവശ്യമായ പോഷകാഹാരം വാങ്ങിച്ചു കൊടുത്തും ഒരു പെറ്റമ്മയുടെ സ്ഥാനത്തു നിന്ന് ഏലിക്കുട്ടി അവളെ പരിചരിച്ചു.
ഏലിക്കുട്ടിയുടെ ഇളയമകന്‍ ബെന്നി ആഴ്ചയിലൊരിക്കല്‍ അമ്മയുടെ ക്ഷേമം അന്വേഷിക്കാന്‍ വീട്ടില്‍ വരും. അനിതയെക്കുറിച്ച് അയാള്‍ ചോദിച്ചപ്പോൾ ചില നുണകളൊക്കെ പറഞ്ഞു ഏലിക്കുട്ടി അവളെ സംരക്ഷിച്ചു. ഒരു പെണ്ണിന്‍റെ ജീവിതം സുരക്ഷിതമാക്കാന്‍ ഇത്തിരി നുണപറഞ്ഞാലും കർത്താവ് കോപിക്കില്ല എന്ന് അവര്‍ക്ക് ഉറപ്പുണ്ടായിരുന്നു.
അഞ്ചു കിലോമീറ്റര്‍ ദൂരെയാണ് ബെന്നി താമസിക്കുന്നത്. ഏലിക്കുട്ടിക്കു ജീവിക്കാന്‍ വേണ്ട പണം കൊടുക്കുന്നതു ബെന്നിയാണ്. ബെന്നിക്കും ഭാര്യയ്ക്കും സഹകരണബാങ്കിലാണു ജോലി. ഒരു ദിവസം ബെന്നി അമ്മയോടു പറഞ്ഞു:
“ഗർഭിണിയായ ഒരനാഥപ്പെണ്ണിനെ നോക്കി അമ്മ എന്തിനാ ഇത്ര കഷ്ടപ്പെടുന്നെ? വല്ല അനാഥാലയത്തിലും കൊണ്ടാക്കിക്കൂടേ?”
“നീ നിന്‍റെ പണി നോക്കി പോടാ. നിന്‍റെ കെട്ട്യോളേക്കാള്‍ എത്രയോ സ്നേഹമുള്ള കൊച്ചാടാ അവള്. ഈ പെണ്ണായിരുന്നു നിനക്കു ഭാര്യയായി കിട്ടിയിരുന്നതെങ്കില്‍ എന്നു ഞാന്‍ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്.”
“ഓ പിന്നെ. ബെസ്റ്റ് സാധനമാ . കുറച്ചു നാളു കഴിയുമ്പം ഒഴിവാക്കാന്‍ പറ്റാത്ത ഒരു ബാധ്യതയായിട്ടുവരും ഈ തള്ളേം കൊച്ചും.”
“അങ്ങനെ വന്നാൽ ഞാനതങ്ങു സഹിച്ചോളാം.നിന്റടുത്തു സഹായത്തിനു വരില്ല. നീ നിന്‍റെ കെട്ട്യോളു വരച്ച വരയിൽ നിന്ന് ജീവിച്ചാ മതി. നട്ടെല്ലില്ലാത്ത പെങ്കോന്തൻ “
ബെന്നി പിന്നെയൊന്നും മിണ്ടിയില്ല.
എല്ലാ ദിവസവും രാവിലെ ഏലിച്ചേടത്തിയുടെ കൂടെ പള്ളിയില്‍ പോയി കുർബാനയിൽ പങ്കുകൊള്ളും അനിത. അരക്കിലോമീറ്റര്‍ ദൂരമേയുള്ളൂ പള്ളിയിലേക്ക്. ഇടവകയിലെ മാറ്റാൾക്കാരുമായി അധികം ഇടപഴകാൻ പോയില്ല അവൾ. കുർബാന കഴിഞ്ഞാൽ നേരെ വീട്ടിലേക്ക് . പിന്നെ ഏലിചേടത്തിയുടെ കൂടെ വീട്ടുജോലിയിൽ സഹായിക്കും. ഒരമ്മക്ക് കൊടുക്കേണ്ട സ്നേഹവും ബഹുമാനവും അവൾ എലിച്ചേടത്തിക്കു കൊടുത്തു.
സന്ധ്യാപ്രാര്‍ത്ഥനയ്ക്കു നേതൃത്വം കൊടുക്കുന്നത് അനിതയാണ്. ഭക്തിനിര്‍ഭരമായി അവള്‍ ജപമാല ചൊല്ലുന്നതും ബൈബിള്‍വചനങ്ങള്‍ ഉദ്ധരിക്കുന്നതും കുടുംബത്തിന്‍റെ ഐശ്വര്യത്തിനുവേണ്ടി സ്വയംപ്രേരിത പ്രാർത്ഥന നടത്തുന്നതുമൊക്കെ ഏലിക്കുട്ടി അതിശയത്തോടെ നോക്കിയിരുന്നുപോയിട്ടുണ്ട് . ജപമാലയ്ക്കുശേഷം മാതാവിനെ സ്തുതിച്ചുകൊണ്ട് മനോഹരമായ ശബ്ദത്തിൽ ഒരു ഗാനം ആലപിക്കും. ആ ശബ്ദമാധുരിയിൽ സ്വയം മറന്നു ലയിച്ചിരുന്നുപോകും ഏലിക്കുട്ടി.
രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ അനിത റോയിയെക്കുറിച്ചോര്‍ക്കും! തന്നെ കൊന്നുകളയാന്‍ ആ മനുഷ്യന്‍ തീരുമാനിച്ചു എന്നു ചാക്കോ പറഞ്ഞതു സത്യമായിരിക്കുമോ? ഇത്രയും ക്രൂരനാണോ റോയിച്ചന്‍? റോയിച്ചന്‍റെ കുഞ്ഞല്ലേ തന്‍റെ വയറ്റില്‍? സ്വന്തം കുഞ്ഞിനെ കൊന്നു കളയാന്‍ ഒരു അപ്പന് സാധിക്കുമോ?
റോയിച്ചന് അതില്‍ പങ്കില്ലെങ്കില്‍ തീര്‍ച്ചയായും തന്നെ അന്വേഷിച്ചു വരും. ഭാര്യ ഏതു കുഗ്രാമത്തിലാണെങ്കിലും സ്നേഹമുണ്ടെങ്കിൽ ഭര്‍ത്താവ് കണ്ടുപിടിക്കും. കുറച്ചുകാലം കാത്തിരിക്കാം. വരുമോ ഇല്ലയോന്ന്. വന്നില്ലെങ്കിൽ ഉറപ്പിക്കാം. ആ മനുഷ്യനും തന്നെ ഉപേക്ഷിച്ചെന്ന് .
ഒരു ദിവസം കടുവാക്കുന്ന് സെന്‍റ് മേരീസ് പള്ളിയിലെ വികാരിയച്ചന്‍ ഫാദര്‍ ആന്‍റണി ആലുംമൂട്ടില്‍ ഏലിക്കുട്ടിയുടെ വീട്ടിലെത്തി. ഇടവയിലെ വീടുകൾ വെഞ്ചരിക്കുന്നതിന്‍റെ ഭാഗമായി കയറി വന്നതാണ്. അച്ചൻ തനിച്ചേ ഉണ്ടായിരുന്നുള്ളു . വെഞ്ചിരിപ്പു പ്രാര്‍ത്ഥനയ്ക്കിടയിൽ ഗാനം ആലപിച്ചത് അനിതയായിരുന്നു. അവളുടെ മനോഹരമായ സ്വരമാധുരിയില്‍ എല്ലാം മറന്ന് ലയിച്ചുനിന്നുപോയി അച്ചന്‍. വെഞ്ചരിപ്പു കഴിഞ്ഞ് അച്ചന്‍ ഏലിക്കുട്ടിയോടു ചോദിച്ചു:
“ഇതേതാ ചേടത്തീ ഈ പുതിയ പെണ്ണ്?”
“എനിക്കു ഈശോ കൊണ്ടു തന്നതാ അച്ചോ”
അച്ചന് ചിരി വന്നുപോയി.
“ഈശോ സ്വര്‍ഗ്ഗത്തുനിന്നു കെട്ടിയിറക്കിത്തന്നതാണോ?”
“സ്വര്‍ഗ്ഗത്തുനിന്നല്ല. ഭൂമീന്നു തന്നെയാ. അച്ചനു കാപ്പിയെടുക്കട്ടെ?”
“കാപ്പിയൊക്കെ പിന്നെയാകാം. ഞാന്‍ ചോദിച്ചതിനു മറുപടി പറ ആദ്യം.”
“അതിപ്പം അച്ചനോട് ഞാന്‍ എങ്ങനെയാ പറയുക?”
“അതെന്താ പറയാന്‍ പറ്റാത്ത വല്ല ഇടപാടിലും ഉള്ളതാണോ?”
“സത്യക്രിസ്ത്യാനിക്കു നിരക്കാത്തതൊന്നും ഈ ഏലിക്കുട്ടി ചെയ്തിട്ടില്ലച്ചോ. ഇനി ചെയ്യുകേം ഇല്ല. കഴിഞ്ഞ ഒരു വര്‍ഷമായി അച്ചന്‍ എന്നെ കാണുന്നതല്ലേ?”
“ഞാനൊരു തമാശ പറഞ്ഞതല്ലേ ഏലിച്ചേടത്തീ. അതു കാര്യാക്കിയോ? ഈ പെണ്ണിനെ മുമ്പിവിടെ കണ്ടിട്ടില്ല അതുകൊണ്ടു ചോദിച്ചെന്നേയുള്ളൂ. പറയാന്‍ പറ്റിയേലെങ്കില്‍ വേണ്ട. ഞാൻ പൊക്കോളാം ” അച്ചൻ എണീറ്റു.
“പറ്റിയേലായ്കയൊന്നുമില്ലച്ചോ . പക്ഷേ, അച്ചന്‍ വേറാരോടും ഇതു പറയരുത്. ഒരു കുമ്പസാരരഹസ്യംപോലെ മനസിൽ സൂക്ഷിക്കണം.”
“ധൈര്യായിട്ടു പറഞ്ഞോ. ഞാനാരോടും പറയില്ല. ഏലിച്ചേടത്തിക്കു എന്നെ അറിയാവുന്നതല്ലേ?”
പറയട്ടെ എന്ന് ചോദ്യരൂപേണ ഏലിക്കുട്ടി അനിതയെ നോക്കി. പറഞ്ഞോളൂ എന്ന് അവള്‍ കണ്ണുകൊണ്ട് ആംഗ്യം കാട്ടി.
“എന്‍റെ അച്ചോ. ഈ കൊച്ചിനെ അവളുടെ കെട്ട്യോനും അവന്‍റെ അപ്പനും കൂടി കൊല്ലാന്‍ കൊടുത്തതാ. നമ്മളു കന്നുകാലിയെയൊക്കെ വേണ്ടാതാകുമ്പം കൊല്ലാൻ കൊടുക്കുകേലേ. എന്നു പറഞ്ഞപോലെ. ദൈവാനുഗ്രഹംകൊണ്ട് ഈ കൊച്ചിന്‍റെ ജീവന്‍ പോയില്ല. “
ഒന്നും മനസ്സിലാകാതെ ആന്‍റണിയച്ചന്‍ നെറ്റുചുളിച്ച് ഏലിക്കുട്ടിയെത്തന്നെ നോക്കിയിരുന്നു.
ഏലിക്കുട്ടി കുറച്ചുകൂടി അടുത്തു വന്നിട്ട് സ്വരം താഴ്ത്തി അച്ചനോട് എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു. എല്ലാം കേട്ടു കഴിഞ്ഞ് അച്ചന്‍ താടിക്കു കൈയും കൊടുത്ത് കുറേനേരം അനിതയുടെ മുഖത്തേക്കു തന്നെ നോക്കിയിരുന്നുപോയി. അവളുടെ കണ്‍കോണുകളില്‍ മിഴിനീര്‍ നിറയുന്നതും അതു തുള്ളിയായി താഴേക്കു വീഴാന്‍ വെമ്പല്‍കൊള്ളുന്നതും അച്ചന്‍ കണ്ടു.
“ഇത് ഒരു സിനിമാക്കഥപോലെയുണ്ടല്ലോ കൊച്ചേ . മനുഷ്യന്‍ ഇത്രയും അധഃപതിക്കുമോ? വിശ്വസിക്കാൻ പറ്റുന്നില്ല “
അനിതയുടെ മിഴികള്‍ തുളുമ്പി.
”കേട്ടപ്പം എനിക്കും വിശ്വസിക്കാൻ പറ്റിയില്ലഅച്ചോ . ” ഏലിക്കുട്ടി പറഞ്ഞു.
അവളെ സമാധാനിപ്പിച്ചുകൊണ്ടു അച്ചന്‍ പറഞ്ഞു:
“സാരമില്ല മോളേ . നിനക്കു ദൈവം കൂട്ടുണ്ട് . അതുകൊണ്ടല്ലേ ആ വാടകഗുണ്ടയ്ക്കു നിന്നെ കൊല്ലാതിരിക്കാനും ഇവിടെക്കൊണ്ടെത്തിക്കാനും തോന്നീത്. ഇനി നിനക്കൊന്നും സംഭവിക്കില്ല . എലിച്ചേടത്തി നിന്നെ പൊന്നുപോലെ നോക്കിക്കോളും.എനിക്കറിയാം എലിച്ചെടുത്തിയെ. ” ഒന്നു നിറുത്തിയിട്ട് അച്ചന്‍ തുടര്‍ന്നു.
“നിന്‍റെ പാട്ടു ഞാനിപ്പം കേട്ടു. എത്ര മനോഹരമായ ശബ്ദമാ ദൈവം നിനക്കു തന്നിരിക്കുന്നത്? നേരത്തേ പാടാറുണ്ടായിരുന്നോ?”
“പള്ളീല് പാടുമായിരുന്നു.”
“സമ്മാനങ്ങളൊക്കെ കിട്ടീട്ടുണ്ടോ?”
“സ്കൂളില്‍ പഠിക്കുമ്പം.”
“എനിക്കു പാട്ടും പാട്ടുകാരേം വല്യ ഇഷ്ടാ. ചെറുപ്പത്തില്‍ ഞാനും പാടുമായിരുന്നു. ഒന്നു രണ്ടു കാസറ്റിലും പാടീട്ടുണ്ട് . പിന്നെ അതു നിറുത്തി. ഇപ്പം വയസ്സു പത്തറുപത്തഞ്ചായില്ലേ . ”
അനിത മന്ദഹസിച്ചതേയുള്ളൂ.
“നമുക്കു പള്ളീല് ഒരു ഗായകസംഘം രൂപീകരിക്കണം മോളേ . നമ്മുടെ ഇടവകേല്‍ പാടാന്‍ കഴിവുള്ള കുറേ നല്ല പിള്ളേരുണ്ട്. ഞാന്‍ അവരെ സംഘടിപ്പിക്കാം. നിനക്കൊന്നു ലീഡു ചെയ്യാന്‍ പറ്റുമോ?”
“ഉം. ഓര്‍ഫനേജിലെ ഇടവകേല് കുറച്ചുകാലം ഞാനായിരുന്നു ക്വയറിന്‍റെ ലീഡര്‍.”
“വെരി ഗുഡ്! അപ്പം നിനക്കറിയാമല്ലോ അതിന്‍റെ രീതികളൊക്കെ. ഇനി മുതല്‍ ഞായറാഴ്ച കുര്‍ബ്ബാനയ്ക്കു വരുമ്പം അള്‍ത്താരേടെ സമീപം മൈക്കിനടുത്തു നീയും വേണം. ഇപ്പം ഒരു സിസ്റ്ററാ പാടുന്നത്. ഒരു വകയ്ക്കും കൊള്ളുകേല. പക്ഷേ, സിസ്റ്ററിന്‍റെ വിചാരം ചിത്രയാന്നാ. മൂക്കില്ലാ രാജ്യത്തു മുറിമൂക്കൻ രാജാവെന്നുപറഞ്ഞപോലെ വേറെ ആരുമില്ലാത്ത സ്ഥിതിക്ക് അവര് പാടിക്കോട്ടേന്നു ഞാനും വിചാരിച്ചു ”
അനിതയ്ക്കു ചിരി വന്നുപോയി.
“ഇനി നീയും കൂടി സിസ്റ്ററിന്‍റെ അടുത്തു നിന്നു പാടണം. ഞാൻ ആ സിസ്റ്ററിനോട് പറഞ്ഞു ഏർപ്പാടാക്കിയേക്കാം ”
“ഉം.”
അനിത തലകുലുക്കി.
കുറേനേരം കൂടി അച്ചന്‍ സംസാരിച്ചിരുന്നു. ഏലിക്കുട്ടി കടുംകാപ്പി ഉണ്ടാക്കിക്കൊണ്ടുവന്നു കൊടുത്തു. അതു കുടിച്ചിട്ട് അച്ചന്‍ എണീറ്റു.
“അടുത്ത ഞായറാഴ്ച പള്ളീല്‍ വരുമ്പം എന്നെ വന്നൊന്നു കാണണം.” അനിതയെ നോക്കി അച്ചൻ പറഞ്ഞു
“ഉം”
“എന്നാ വരട്ടെ ” യാത്ര പറഞ്ഞിട്ട് കുടയും നിവർത്തി അച്ചന്‍ ഇറങ്ങി നടന്നു; അടുത്ത വീട് ലക്ഷ്യമാക്കി.
“നല്ല ഭക്തിയും പാവങ്ങളോടു കരുണയും ഉള്ള അച്ചനാ. ഇടവകേല് എല്ലാര്‍ക്കും വല്യ ഇഷ്ടമാ.” ഏലിക്കുട്ടി അച്ചനെക്കുറിച്ചു അനിതയോടു പുകഴ്ത്തി പറഞ്ഞു.
” ആ സംസാരം കേൾക്കാൻ തന്നെ എന്ത് രസമാ” അനിതക്കും ഇഷ്ടമായി അച്ചനെ .
പിറ്റേഞായറാഴ്ച കുര്‍ബാന കഴിഞ്ഞ് ഏലിക്കുട്ടിയോടൊപ്പം അനിത പള്ളിമേടയില്‍ ചെന്ന് വികാരി അച്ചനെ കണ്ടു. അച്ചന്‍ പറഞ്ഞു:
“നിന്നെക്കുറിച്ചു ഞാന്‍ സിസ്റ്റര്‍മാരോടു പറഞ്ഞു. അവരു പാടാനുള്ള പിള്ളേരെ സംഘടിപ്പിച്ചോളും. സമയം കിട്ടുമ്പം നീ മഠത്തില്‍ പോയി അവരെയൊന്നു സെറ്റപ്പാക്കണം. മഠത്തീന്നു വിളിച്ചു പറയും. പിന്നെ ഏലിക്കുട്ടീടെ ഒരു ബന്ധുവാ, ഭര്‍ത്താവ് പെട്ടെന്നു മരിച്ചുപോയി, അതുകൊണ്ട് ഇവിടെ വന്നു താമസിക്കുവാ എന്നൊക്കെയാ ഞാനവരോടു പറഞ്ഞിരിക്കുന്നത് . അവരു വല്ലതും ചോദിച്ചാല്‍ അങ്ങനെ തന്നെ പറഞ്ഞാൽ മതി. നീ കൂടുതല്‍ വിശദീകരിക്കാനൊന്നും നിൽക്കണ്ട . ഒന്നും ചോദിക്കണ്ടാന്നു ഞാൻ പറഞ്ഞിട്ടുണ്ട്. എങ്കിലും പെണ്ണുങ്ങളല്ലേ . കിള്ളിക്കിള്ളി എന്തെങ്കിലും ചോദിക്കാതിരിക്കുവോ ? ചോദിച്ചാൽ സത്യമൊന്നും പറയണ്ടട്ടോ . അതിന്റെ പേരിൽ ദൈവം ദോഷമൊന്നും ഉണ്ടാവില്ല. ”
“ഉം.”
“എന്നാ പൊക്കോ.”
അനിതയും ഏലിക്കുട്ടിയും പള്ളിമുറിയില്‍നിന്നിറങ്ങി വീട്ടിലേക്കു നടന്നു.
രണ്ടുദിവസം കഴിഞ്ഞപ്പോള്‍ മഠത്തില്‍നിന്ന് സിസ്റ്റര്‍, എലിക്കുട്ടിയെ ഫോണില്‍ വിളിച്ചു. അനിതയെയും കൂട്ടി അങ്ങോട്ട് ചെല്ലാൻ ആവശ്യപ്പെട്ടു . കുറെ കുട്ടികളെ സംഘടിപ്പിച്ചു മഠത്തിൽ കൊണ്ടുവന്നിരുത്തിയിട്ടുണ്ടത്രേ .
ഏലിക്കുട്ടി അനിതയെയും കൂട്ടിക്കൊണ്ടു അപ്പോൾ തന്നെ മഠത്തിലേക്കു ചെന്നു. ആറേഴു കുട്ടികളുണ്ടായിരുന്നു അവിടെ .പതിമ്മൂന്നിനും ഇരുപതിനും ഇടയില്‍ പ്രായമുള്ളവര്‍. പെണ്‍കുട്ടികളാണ്.
സിസ്റ്റര്‍ കാണിച്ചുകൊടുത്ത മുറിയില്‍ അവരെയും കൂട്ടി അനിത ഇരുന്നു. ആദ്യം എല്ലാവരെയും അവള്‍ പരിചയപ്പെട്ടു. പിന്നെ മനോഹരമായ ശബ്ദത്തില്‍ മാതാവിനെ സ്തുതിച്ചുകൊണ്ട് ഒരു പാട്ടുപാടി.
കുട്ടികള്‍ കൈയടിച്ച് അഭിനന്ദിച്ചു. അവള്‍ക്കു സന്തോഷമായി. പിന്നെ ഓരോ കുട്ടിയെയുംകൊണ്ട് ഓരോ പാട്ടു പാടിപ്പിച്ചു. പാടാൻ നല്ല കഴിവുള്ള കുട്ടികളാണു തന്‍റെ മുമ്പിലിരിക്കുന്നതെന്ന് അവള്‍ക്കു മനസ്സിലായി.
വിശുദ്ധ കുര്‍ബാനയുടെ ഇടയില്‍ ഗാനം ആലപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അവള്‍ ആദ്യം ഒരു ക്ലാസ് നല്‍കി. പിന്നെ പാടേണ്ട പാട്ടുകള്‍ ഓരോന്നായി പാടുകകയും കുട്ടികളെക്കൊണ്ടു പാടിപ്പിക്കുയും ചെയ്തു.
രണ്ടു മണിക്കൂര്‍ നേരത്തെ പരിശീലനം. കുട്ടികള്‍ മടുത്തപ്പോള്‍ അന്നത്തെ ക്ലാസ് അവസാനിപ്പിച്ചു.
മഠത്തില്‍നിന്നു ചായകുടിച്ചിട്ടാണ് അവൾ മടങ്ങിയത്.
(തുടരും )
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved)
Also Read അവൾ അനാഥയല്ല- നോവൽ- അദ്ധ്യായം 1
Also Read അവൾ അനാഥയല്ല – നോവൽ – അദ്ധ്യായം 2
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 3
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 4
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 5
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 6
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 7
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 8
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 9
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 10
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 11
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 12
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 13
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 14
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 15
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 16
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 17
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 18
Your style is really unique compared to other folks I
have read stuff from. Many thanks for posting when you’ve got the opportunity, Guess I will just
bookmark this page.