Home Kerala ഊരിപ്പിടിച്ച മൈക്കുകള്‍ക്കും ചോദ്യങ്ങള്‍ക്കും ഇടയിലൂടെ ഇരട്ടച്ചങ്കോടെ നടന്നുനീങ്ങുന്ന മുഖ്യനെ കാണാന്‍ കാത്തിരുന്നവര്‍ ഞെട്ടി!

ഊരിപ്പിടിച്ച മൈക്കുകള്‍ക്കും ചോദ്യങ്ങള്‍ക്കും ഇടയിലൂടെ ഇരട്ടച്ചങ്കോടെ നടന്നുനീങ്ങുന്ന മുഖ്യനെ കാണാന്‍ കാത്തിരുന്നവര്‍ ഞെട്ടി!

674
0

”ഊരിപ്പിടിച്ച മൈക്കുകള്‍ക്കും ചോദ്യങ്ങള്‍ക്കും ഇടയിലൂടെ ഇരട്ടച്ചങ്കോടെ നടന്നുനീങ്ങുന്ന മുഖ്യനെ കാണാന്‍ കാത്തിരുന്നവര്‍ ആ പൊട്ടിത്തെറി കണ്ട് ഞെട്ടി!”
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രസ് സെക്രട്ടറി പി ടി ചാക്കോയുടെ ഫേസ് കുറിപ്പ് ശ്രദ്ധേയമായി .
കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ :

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ ഒരു എഫ് ബി പോസ്റ്റ് കാണാനിടയായി. അതിലെ ചില പരാമര്‍ശം ഇപ്രകാരം: പത്രസമ്മേളനത്തിന് ഒറ്റയ്ക്ക് പോകാന്‍ ധൈര്യമില്ല. ഒരിടത്തുനിന്നു രണ്ടു പേര്‍. പരസ്പരം കയ്യുംപിടിച്ച് ചോദ്യങ്ങള്‍. ഒരു സ്ഥാപനത്തില്‍ നിന്ന് ഒരാള്‍ എന്നതാണ് മര്യാദ. ഒരാള്‍ തന്നെ രണ്ട്, പരമാവധി മൂന്ന് – അത്രയേ ചോദിക്കൂ. അതും മര്യാദ.

മുന്‍പ്രസ് സെക്രട്ടറി എന്ന നിലയില്‍ എന്റെ അനുഭവം പറയാം. നോര്‍ത്ത് ബ്ലോക്കിലെ മൂന്നാം നിലയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് അടുത്തുള്ള കോണ്‍ഫറന്‍സ് ഹാളില്‍ വച്ചായിരുന്നു അന്ന് മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങള്‍. എല്ലാ ബുധനാഴ്ചയും രാവിലെ മന്ത്രിസഭായോഗം ചേര്‍ന്നതിനുശേഷം ഉച്ചയോടെ പത്രസമ്മേളനം.

ഏതാണ്ട് 50 പേര്‍ക്ക് രണ്ടുവരികളായി ടേബിളിനു ചുറ്റും ഇരിക്കാനുള്ള സൗകര്യമുണ്ട്. സാധാരണഗതിയില്‍ ഇത്രയും മതി താനും. എന്നാല്‍ വിവാദങ്ങള്‍ കൊടുമ്പിരി കൊള്ളുമ്പോള്‍ കോണ്‍ഫറന്‍സ് ഹാള്‍ മാധ്യമ പ്രവര്‍ത്തകരെക്കൊണ്ട് നിറഞ്ഞു കവിയും.

പ്രമുഖ പത്രസ്ഥാപനങ്ങളില്‍ നിന്നെല്ലാം രണ്ടു റിപ്പോര്‍ട്ടര്‍മാര്‍ എങ്കിലും ഉണ്ടാകും. ഒരാള്‍ ചോദിക്കാന്‍ മാത്രം, മറ്റൊരാള്‍ റിപ്പോര്‍ട്ട് ചെയ്യാനും!

ദേശാഭിമാനിയില്‍ നിന്ന് ആര്‍എസ് ബാബുവാണ് ചോദിക്കുന്നത്. മോഹന്‍ദാസ് റിപ്പോര്‍ട്ട് ചെയ്യും. ഒന്നോ രണ്ടോ ചോദ്യങ്ങളല്ല, ചോദ്യപരമ്പരകള്‍! അതുകൊണ്ട് ആര്‍എസ് ബാബുവിനോട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് എന്തെങ്കിലും അനിഷ്ടം ഉണ്ടായില്ല. രണ്ടാഴ്ച മുമ്പും പ്രസ് അക്കാദമിക്കുവേണ്ടി മുന്‍മുഖ്യമന്ത്രിയുടെ ബൈറ്റ് അദ്ദേഹം എടുത്തിരുന്നു. ഏഷ്യാനെറ്റ് ഉള്‍പ്പെടെ മറ്റു മാധ്യമ സ്ഥാപനങ്ങളില്‍ നിന്നും ഇതൊക്കെ തന്നെയായിരുന്നു സ്ഥിതി. ആരോടും ഒരനിഷ്ടവും കാണിച്ചതായി എന്റെ ഓര്‍മയിലില്ല.

റിപ്പോര്‍ട്ടമാരുടെ ചോദ്യത്തിന്റെ സ്‌റ്റോക്ക് തീരുമ്പോള്‍ എസ്എംഎസ് വഴിയായും ഫോണിലൂടെയും കൂടുതല്‍ ചോദ്യങ്ങള്‍ അവര്‍ക്ക് വന്നുകൊണ്ടിരുന്നു. ചോദ്യങ്ങളുടെ മഹാപ്രളയം. പക്ഷേ മുഖ്യമന്ത്രിയുടെ വിശദീകരണം കഴിയുമ്പോള്‍ വിവാദങ്ങള്‍, മല എലിയെ പ്രസവിച്ചതുപോലെയായ നിരവധി സംഭവങ്ങള്‍ക്ക് മീഡിയ സാക്ഷി. മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കിയ തകര്‍പ്പന്‍ ചോദ്യങ്ങളും ഉയര്‍ന്നിട്ടുണ്ട്. കൊണ്ടുംകൊടുത്തുമുള്ള ആ പത്രസമ്മേളനങ്ങള്‍ ബൗദ്ധിക വ്യാപാരം കൂടിയായിരുന്നു എന്ന് എനിക്ക് ഇപ്പോള്‍ തോന്നുന്നു.

ചോദ്യങ്ങളിലല്ല കാര്യം. അത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണു കാര്യം.

മുഖ്യമന്ത്രിയുടെ ഓഫീസുള്ള മൂന്നാംനിലയില്‍ മീഡിയ പ്രവര്‍ത്തകര്‍ കയറാതിരിക്കാന്‍ ഇപ്പോള്‍ താഴത്തെ നിലയില്‍ പുതിയ മീഡിയ റൂം കൂടി തുറക്കുകയും ചെയ്തു. സൗത്ത് ബ്ലോക്കില്‍ പിആര്‍ഡിയുടെ ഏറ്റവും നൂതനമായ മീഡിയ റൂം ഉള്ളപ്പോഴാണിത്.

കഴിഞ്ഞ നാലേകാല്‍ വര്‍ഷത്തിനിടയില്‍.. രണ്ടേരണ്ടു പേര്‍.. രണ്ടേരണ്ടു ദിവസം.. അനായാസം കൈകാര്യം ചെയ്യാവുന്ന രണ്ടോമൂന്നോ ചോദ്യം. കാറ്റുപോയില്ലേ!

ഊരിപ്പിടിച്ച മൈക്കുകള്‍ക്കും ചോദ്യങ്ങള്‍ക്കും ഇടയിലൂടെ ഇരട്ടച്ചങ്കോടെ നടന്നുനീങ്ങുന്ന മുഖ്യനെ കാണാന്‍ കാത്തിരുന്നവര്‍ ആ പൊട്ടിത്തെറി കണ്ട് ഞെട്ടി!

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here