കഥ ഇതുവരെ-
അനാഥാലയത്തില്‍ വളര്‍ന്ന, സുന്ദരിയും പാട്ടുകാരിയുമായ അനിതയോടു പ്രണയം തോന്നി, ധനാഢ്യനായ ഇലഞ്ഞിക്കല്‍ റോയി അവളെ കല്യാണം കഴിച്ചു. പപ്പയോടു വഴക്കിട്ട് അവര്‍ വാടകവീട്ടില്‍ താമസമാക്കി. മദ്യപാനവും ചീട്ടുകളിയും മൂലം സാമ്പത്തികപ്രതിസന്ധിയിലായ റോയി പണമുണ്ടാക്കാന്‍ കള്ളനോട്ടുകച്ചവടത്തില്‍ പങ്കാളിയായി. പോലീസ് അയാളെ അറസ്റ്റു ചെയ്തു ജയിലിലാക്കി. ഇലഞ്ഞിക്കല്‍ തറവാട്ടില്‍ തിരിച്ചെത്തിയ അനിതയെ കൊല്ലാന്‍ വാടകക്കൊലയാളിയെ ചുമതലപ്പെടുത്തി സഖറിയാസ്. ഗര്‍ഭിണിയായ അനിതയോടു സഹതാപം തോന്നിയ ഗുണ്ട അവളെ കൊല്ലാതെ ഇടുക്കിയിലെ കടുവാക്കുന്ന് എന്ന ഗ്രാമത്തില്‍ ഏലിക്കുട്ടി എന്ന വൃദ്ധയുടെ വീട്ടില്‍ രഹസ്യമായി പാര്‍പ്പിച്ചു. അനിതയെ പരിചയപ്പെട്ട കടുവാക്കുന്നുപള്ളിയിലെ വികാരിയച്ചന്‍ അവളെ പള്ളിയിലെ ഗായകസംഘത്തിന്റെ ലീഡറാക്കി. റോയിയെ ജാമ്യത്തിലിറക്കി സഖറിയാസ്. അനിത റോയിയെ ഉപേക്ഷിച്ചു മറ്റൊരാളുടെ കൂടെ നാടുവിട്ടുപോയി എന്നു സഖറിയാസ് മകനെ തെറ്റിദ്ധരിപ്പിച്ചു. റോയി ദുഃഖിതനായി. അനിത ഒരാണ്‍കുഞ്ഞിനു ജന്മം നല്‍കി. കടുവാക്കുന്ന് പള്ളിയിലെ ഇടവകദിനാഘോഷത്തിന് അനിത പാടിയ ഭക്തിഗാനം എല്ലാവര്‍ക്കും ഇഷ്ടമായി. (തുടര്‍ന്നു വായിക്കുക )
പൊതുയോഗം കഴിഞ്ഞപ്പോൾ വികാരി ജനറാള്‍ വന്ന് അനിതയെ അഭിനന്ദിച്ചു.
” നല്ല പാട്ടായിരുന്നു, കേട്ടോ മോളെ . എനിക്കൊരുപാട് ഇഷ്ടമായി. കൺഗ്രാജുലേഷൻസ് . നിന്നെക്കുറിച്ചു ആന്റണിയച്ചൻ എന്നോട് പറഞ്ഞു. ”
”താങ്ക് യൂ ഫാദർ ” അനിത ആദരവോടെ കൈകൂപ്പി.
” ഇപ്പം പള്ളിയിലെ ക്വയറിന്റെ ലീഡറും കൂടിയാ ഇവൾ ” ആന്റണിയച്ചൻ അഭിമാനത്തോടെ പറഞ്ഞു.
” വെരി ഗുഡ്! കീപ് ഇറ്റ് അപ്പ്. ”
മഠത്തിലെ മദര്‍സുപ്പീരിയര്‍ വന്ന് അവളുടെ തോളില്‍ തട്ടി അനുമോദിക്കുകയും പ്രശംസിക്കുകയും ചെയ്തു. ആന്‍റണിയച്ചനും വളരെ സന്തോഷത്തിലായിരുന്നു. അച്ചൻ പറഞ്ഞു.
“ഞാന്‍ വിചാരിച്ചതിനേക്കാളേറെ ഗംഭീരമായി പാടി കേട്ടോ! എല്ലാം വീഡിയോയില്‍ പകര്‍ത്തീട്ടുണ്ട്. പിന്നൊരു ദിവസം വാ… കാണിച്ചു തരാം.”
“ഉം” -അനിത ആത്മഹര്‍ഷത്തോടെ തലകുലുക്കി.
പ്രോഗ്രാം കഴിഞ്ഞ് ഏലിക്കുട്ടിയോടൊപ്പം വീട്ടിലേക്കു മടങ്ങുമ്പോള്‍ അനിതയുടെ കഴുത്തില്‍ കൈചുറ്റി, തോളില്‍ കിടന്നുറങ്ങുകയായിരുന്നു ഉണ്ണിക്കുട്ടന്‍. മോനെ നെഞ്ചോടു ചേര്‍ത്തു പിടിച്ചുകൊണ്ട് അവള്‍ പറഞ്ഞു:
“ഇവന്‍ ഉണ്ടായതിനുശേഷം എന്‍റെ മനസ്സിലെ പ്രയാസമെല്ലാം മാറി അമ്മേ. ഇപ്പം ഇവന്‍റെ അപ്പനെക്കുറിച്ചു ഞാന്‍ ഓര്‍ക്കാറേയില്ല. ഓര്‍ക്കുമ്പഴല്ലേ സങ്കടം വരൂ. ഇനി നല്ല കാലമായിരിക്കും എനിക്കു വരാന്‍ പോകുന്നതെന്ന് എന്‍റെ മനസ്സു പറയുന്നു.”
“നിന്‍റെ പാട്ടു തീര്‍ന്നപ്പം ആ പെണ്ണ് എവിടുത്തെയാന്ന് എന്‍റെ അടുത്തിരുന്ന ഒരു സ്ത്രീ വേറൊരു സ്ത്രീയോട് ചോദിക്കുന്ന കേട്ടു. എന്തോരം വല്യ കൈയടിയായിരുന്നു. ഞാനും നീട്ടി അടിച്ചു. ”
“മാതാവിന്റെ കൃപകൊണ്ടാ നന്നായി പാടാന്‍ പറ്റീത്. എന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു പാളിച്ചയൊന്നും പറ്റരുതേന്ന്.”
“ഏതായാലും ഈ ഇടവകയില് നീ ഇപ്പം അറിയപ്പെടുന്ന ഒരു പെണ്ണായി . ആ കന്യാസ്ത്രീക്കിപ്പം കുശുമ്പ് കൂടിക്കാണും ”
അനിത ചിരിച്ചതേയുള്ളൂ.
***********
തണുത്ത പ്രഭാതം!
രാവിലെ ഉണര്‍ന്നപ്പോള്‍ സഖറിയാസിന് ഒരു വല്ലായ്മ . ശരീരത്തിനു ബലം കുറഞ്ഞതുപോലൊരു തോന്നല്‍. പതിവായി ആറുമണിക്കു മുമ്പേ കിടക്കയില്‍നിന്ന് എണീല്‍ക്കാറുള്ള അയാള്‍ അന്ന് ഏഴുമണി കഴിഞ്ഞിട്ടും എണീറ്റില്ല. ക്ഷീണം മൂലം എണീൽക്കാനേ തോന്നിയില്ല.
കഴിഞ്ഞ ഒരു മാസമായിട്ടു വിശപ്പു കുറവാണ്. ആഹാരം കഴിക്കുന്നതിന്റെ അളവ് കുറഞ്ഞു.
ഭക്ഷണം കഴിക്കുമ്പോൾ തൊണ്ടയില്‍ ചെറിയ വേദനയും അസ്വസ്ഥതയും. വെള്ളം കുടിക്കാതെ ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ട് . ആശുപത്രിയില്‍ പോയി ഡോക്ടറെ കാണാന്‍ മേരിക്കുട്ടി പലതവണ പറഞ്ഞിട്ടും സഖറിയാസ് ചെവിക്കൊണ്ടില്ല. എല്ലാം തനിയെ മാറുമെന്ന പ്രതീക്ഷയില്‍ ദിവസങ്ങള്‍ തള്ളി നീക്കികൊണ്ടിരുന്നു അയാൾ .
ഭര്‍ത്താവ് എണീറ്റു വന്നില്ലെന്നു കണ്ടപ്പോള്‍ മേരിക്കുട്ടി വേഗം കിടപ്പുമുറിയിലേക്കു ചെന്നു. മൂടിപ്പുച്ചു കിടന്നുറങ്ങുകയാണ് സഖറിയാസ്.
“എന്നാ കിടപ്പാ ഇത് ! എന്നും രാവിലെ എഴുന്നേല്ക്കുന്ന ആളാണല്ലോ . ഇതിപ്പം എന്നാ പറ്റി? സുഖമില്ലേ? കുറച്ചു ദിവസം ആയല്ലോ ഇങ്ങനെ.. “
മേരിക്കുട്ടി നെറ്റിയില്‍ കൈവച്ചു നോക്കി. ചെറിയ പനിയുണ്ട്.
“ചെറിയ ചൂടുണ്ടല്ലോ അച്ചായാ . എണീറ്റു വന്നു വല്ലതും കഴിച്ചേ! എന്നിട്ട് നമുക്ക് ആശുപത്രീല്‍ പോയി ഡോക്ടറെ കാണാം. ഒരു മാസം കഴിഞ്ഞില്ലേ ക്ഷീണോം വിഷമോം തുടങ്ങിയിട്ട്. ഇനി ഇത് ഇങ്ങനെ വച്ചോണ്ടിരുന്നാൽ ശരിയാവില്ല.”
മേരിക്കുട്ടി ഭര്‍ത്താവിനെ പിടിച്ചെഴുന്നേല്പിച്ചു. അഴിഞ്ഞുപോയ മുണ്ട് എടുത്ത് ഉടുത്തിട്ട് അയാള്‍ മേരിക്കുട്ടിയുടെ പിന്നാലെ ഡൈനിംഗ് റൂമിലേക്ക് ചെന്നു. കപ്പില്‍ നിറച്ചുവച്ചിരുന്ന ചായ എടുത്തു മേരിക്കുട്ടി ഭര്‍ത്താവിനു കൊടുത്തു:
ചായ കുടിക്കുന്നതിനിടയില്‍ സഖറിയാസ് പറഞ്ഞു.
“ശരീരത്തിന് ഒരു സുഖം തോന്നണില്ല.”
“എത്ര ദിവസമായി ഞാന്‍ പറയുന്നു ആശുപത്രീല്‍ പോയി ഡോക്ടറെ കാണാന്‍. ഇന്നെന്തായാലും ഞാന്‍ പിടിച്ച പിടിയാലേ കൊണ്ടുപോകും.”
മേരിക്കുട്ടിയുടെ സംസാരം കേട്ടപ്പോള്‍ ചിരി വന്നുപോയി സഖറിയാസിന്.
ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞിട്ടു സഖറിയാസും മേരിക്കുട്ടിയും റോയിയും കൂടി ആശുപത്രിയില്‍ പോയി ഫിസിഷ്യനെ കണ്ടു.
“നമുക്ക് ബ്ലഡ് ഒന്നു ടെസ്റ്റ് ചെയ്യാം. പിന്നെ ഒരു സ്കാനും. “
സഖറിയാസ് തലകുലുക്കി .
അന്നുതന്നെ രക്തംപരിശോധിക്കാന്‍ കൊടുത്തു. പിന്നെ സ്കാനിംഗും നടത്തി. അടുത്ത ദിവസം വീണ്ടും ഡോക്ടറെ കാണാനായി സഖറിയാസ് ആശുപത്രിയില്‍ എത്തി.
ബ്ലഡ് ടെസ്റ്റിന്‍റെയും സ്കാനിന്‍റെയും റിസള്‍ട്ടു നോക്കിയിട്ടു ഡോക്ടര്‍ പറഞ്ഞു:
“ഒരു എന്‍ഡോസ്കോപ്പി കൂടി എടുക്കണം.”
“ആയിക്കോട്ടെ.”
അന്നുതന്നെ എന്‍ഡോസ്കോപ്പി ടെസ്റ്റും നടത്തി. ഉച്ചകഴിഞ്ഞു വീണ്ടും ഡോക്ടറെ കണ്ടു.
പരിശോധനാഫലങ്ങളെല്ലാം നോക്കിയിട്ടു ഡോക്ടര്‍ പറഞ്ഞു:
“അന്നനാളത്തില്‍ ചെറിയ ഒരു മുഴ കാണുന്നുണ്ട്. ചിലപ്പം അതു സാദാ മുഴയായിരിക്കാം. എന്തായാലും നമുക്ക് ഒരു ബയോപ്സി എടുത്തു നോക്കാം .”
മുഴ എന്നു കേട്ടപ്പോള്‍ സഖറിയാസ് പരിഭ്രാന്തനായി. മേരിക്കുട്ടിയും റോയിയും മുഖത്തോടു മുഖം നോക്കി.
“പേടിക്കാനൊന്നുമില്ല.” ഡോക്ടര്‍ സമാധാനിപ്പിച്ചുകൊണ്ടു തുടര്‍ന്നു: “ഇനി അഥവാ അതൊരു ക്യാന്‍സര്‍ ഗ്രോത്താണെങ്കില്‍ ഒരു സര്‍ജറി കൊണ്ടു പരിഹരിക്കാവുന്നതേയുള്ളൂ. നാളെ രാവിലെ ഏഴുമണിക്ക് ഇവിടെ വന്നു ബിയോപ്സി എടുക്കണം. ”
”ഉം ”
സഖറിയാസ് ആകെ മൂഡ് ഓഫ് ആയി.
വീട്ടിലേക്കുള്ള മടക്കയാത്രയില്‍ കാറിന്‍റെ സീറ്റിലേക്കു ചാരി കണ്ണടച്ചു കിടക്കുകയായിരുന്നു അയാള്‍. ക്യാൻസറായിരിക്കരുതേ കർത്താവേ എന്നയാൾ മൗനമായി പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
അടുത്ത ദിവസം വീണ്ടും അവര്‍ ആശുപത്രിയില്‍ വന്നു. അന്നനാളത്തിലെ മുഴയുടെ കോശങ്ങളെടുത്ത് ഡോക്ടര്‍ ബയോപ്സിക്കയച്ചു. റിസള്‍ട്ടു കിട്ടാന്‍ ഒരാഴ്ച കഴിയണം.
ആ ഒരാഴ്ചക്കാലം തികച്ചും മൂകനായിരുന്നു സഖറിയാസ് . പ്രാർത്ഥനയും ഉപവാസവുമായി ദിനങ്ങൾ തള്ളിനീക്കി .
നിശ്ചിതദിവസം വീണ്ടും ഡോക്ടറെ കാണാന്‍ ചെന്നു അവര്‍.
റിസൾട്ടു വായിച്ചുനോക്കിയിട്ട് ഡോക്ടര്‍ മൂന്നുപേരെയും മാറിമാറി നോക്കി. എന്നിട്ടു സഖറിയാസിനെ നോക്കി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു:
“പറയുമ്പോൾ പേടിച്ചു പോകരുത് . സംശയിച്ചതുപോലെ തന്നെ കാന്‍സറിന്‍റെ തുടക്കമാ. ഭയപ്പെടാനൊന്നുമില്ല. ഒരു സര്‍ജറി കൊണ്ട് ഭേദമാക്കാവുന്നതേയുള്ളൂ . ചിലപ്പം ഒരു റേഡിയേഷനും വേണ്ടിവരും. നിങ്ങള്‍ക്കു കാശിനു ബുദ്ധിമുട്ടില്ലല്ലോ. ഞാന്‍ നല്ല ഒരു ഹോസ്പിറ്റലിലേക്കു റഫര്‍ ചെയ്യാം.”
സഖറിയാസിനു തല കറങ്ങുന്നതുപോലെ തോന്നി. അയാള്‍ കസേരയിലേക്കു ചാഞ്ഞിട്ടു മിഴികള്‍ അടച്ചു. കണ്‍പോളകള്‍ക്കിടയിലൂടെ മിഴിനീര്‍ പുറത്തേക്കു വന്നു. ഹൃദയം വിങ്ങി കഴച്ചു .
“ഡോക്ടര്‍ ആശ്വസിപ്പിച്ചു കൊണ്ട് തുടർന്നു . “ഇപ്പം ക്യാന്‍സറൊക്കെ ഭേദമാക്കാവുന്ന രോഗമാന്നേ . താന്‍ പാതി ദൈവം പാതി എന്നാണല്ലോ ചൊല്ല് . ഞങ്ങടെ പാതി ഞങ്ങളു ചെയ്യും. ബാക്കി ദൈവം നോക്കിക്കോളും. മാരകപാപമൊന്നും നമ്മളാരും ചെയ്തിട്ടില്ലല്ലോ നമ്മളെ ദൈവം കൈവിടാൻ .”
ഉണ്ട് ഡോക്ടര്‍! ദൈവം പൊറുക്കാത്ത മാരകപാപം പാപം ചെയ്തിട്ടുണ്ട് ഈ മനുഷ്യൻ . സ്വന്തം മകന്‍റെ ഭാര്യയെയും വയറ്റില്‍ കിടന്ന കുഞ്ഞിനെയും കൊലയ്ക്കു കൊടുത്ത മഹാ പാപിയാണ് അങ്ങയുടെ മുൻപിലിരിക്കുന്ന ഈ മനുഷ്യൻ എന്ന് വിളിച്ചു പറയണമെന്ന് മേരിക്കുട്ടിക്കു തോന്നിയെങ്കിലും അവർ മൗനം പാലിച്ചു.
താൻ തളർന്നു വീണുപോയേക്കുമെന്നു സഖറിയാസിന് തോന്നി . വീണുപോകാതിരിക്കാൻ കസേര കയ്യിൽ അയാൾ മുറുകെപ്പിടിച്ചു. മേരിക്കുട്ടിയും റോയിയും താങ്ങിപ്പിടിച്ചാണ് അയാളെ കൊണ്ടുവന്നു കാറിൽ കയറ്റിയത്. കാറിലിരുന്ന് അയാൾ ഏങ്ങി ഏങ്ങി കരഞ്ഞു . മേരിക്കുട്ടിയുടെ ആശ്വാസവാക്കുകളൊന്നും ആ ഹൃദയത്തിൽ ഏശിയില്ല.
വീട്ടിൽ വന്നു കിടക്കയിലേക്ക് ഒറ്റവീഴ്ചയായിരുന്നു .
അടുത്ത ദിവസം എറണാകുളത്തെ പ്രസിദ്ധമായ ആശുപത്രിയില്‍ പോയി ഡോക്ടറെ കണ്ടു . പരിശോധനകളെല്ലാം ഒരിക്കല്‍കൂടി നടത്തിയിട്ട് സര്‍ജറിക്കുള്ള തീയതി നിശ്ചയിച്ചു.
മടക്കയാത്രയില്‍ തീര്‍ത്തും നിശ്ശബ്ദനായിരുന്നു സഖറിയാസ്. മനസിന്റെ ശക്തിയെല്ലാം ചോർന്നുപോയിരിക്കുന്നു. താന്‍ മാരകരോഗത്തിന് അടിമയായല്ലോ എന്ന ചിന്ത ശരീരത്തെപ്പോലും തളര്‍ത്തികഴിഞ്ഞിരുന്നു.
രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ ഇടറിയ സ്വരത്തില്‍ മേരിക്കുട്ടി പറഞ്ഞു:
“ആ പെണ്ണിനെ കൊല്ലേണ്ടായിരുന്നു അച്ചായാ.”
“മുറിഞ്ഞ ഹൃദയത്തിലേക്കു മുളകു തേച്ചു നീറ്റിക്കാതെ മേരിക്കുട്ടീ. “
മനോവേദനയാല്‍ സഖറിയാസ് പുളഞ്ഞു. മേരിക്കുട്ടിയുടെ ആശ്വാസവാക്കുകളൊന്നും അയാള്‍ക്കു ശാന്തി നല്‍കിയില്ല. ജീവിതം തീർന്നു എന്ന തോന്നൽ തീയായി ഹൃദയത്തിൽ ആളിക്കത്തി.
“ഓപ്പറേഷനുമുമ്പ് നമുക്ക് ഒരു ധ്യാനം കൂടാന്‍ പോയാലോ അച്ചായാ?”
“പോകാം! എവിടെ വേണേലും പോകാം . ചെയ്തുപോയ തെറ്റുകള്‍ക്കൊക്കെ മനമുരുകി കരഞ്ഞ് എനിക്കു മാപ്പു ചോദിക്കണം. ഇനി എത്രകാലമുണ്ട് ജീവിതമെന്ന് ആർക്കറിയാം . കര്‍ത്താവു ക്ഷമിക്കുമോ മേരിക്കുട്ടീ?”
“ക്ഷമിക്കും അച്ചായാ. പശ്ചാത്തപിച്ചു പ്രാർത്ഥിച്ചാൽ ക്ഷമിക്കും ! ഞാനും പ്രാര്‍ത്ഥിക്കുന്നുണ്ടല്ലോ. കർത്താവ് നമ്മളെ ഉപേക്ഷിക്കില്ല ” മേരിക്കുട്ടി ശിരസിൽ തലോടി സമാധാനിപ്പിച്ചു.
അടുത്ത ദിവസം മധ്യ കേരളത്തിലെ പ്രസിദ്ധമായ ധ്യാനകേന്ദ്രത്തില്‍ പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനുമായി പോയി മൂന്നുപേരും. അഞ്ചുദിവസത്തെ ആത്മനവീകരണധ്യാനം. സമാപനദിവസം മുഖ്യധ്യാനഗുരുവിന്‍റെ അടുക്കല്‍ പ്രത്യേക അനുഗ്രഹപ്രാര്‍ത്ഥനയ്ക്കായി സഖറിയാസ് ചെന്നു. അച്ചന്‍ സഖറിയാസിന്‍റെ തലയില്‍ കൈവച്ച്, കണ്ണടച്ചുനിന്ന് കുറെനേരം പ്രാര്‍ത്ഥിച്ചിട്ടു ചോദിച്ചു:
“ഒരു വലിയ രോഗം അലട്ടുന്നുണ്ടല്ലേ ?”
“ഉവ്വ്.”
“പാപങ്ങള്‍ ഒരുപാട് ചെയ്തതായി കാണുന്നല്ലോ ? വീട്ടില്‍ വന്നു കയറിയ ഒരു മാലാഖയെ കണ്ണീരു കുടിപ്പിച്ച് ഇറക്കിവിട്ടതായി കാണുന്നല്ലോ . ആരാ അവള്‍?”
” എന്റെ മകന്റെ ഭാര്യയാ.”
”എന്താ സംഭവിച്ചേ?”
സഖറിയാസ് എല്ലാ കാര്യങ്ങളും അച്ചനോടു തുറന്നു പറഞ്ഞു. തുടക്കം മുതൽ അവളെ കൊല്ലാൻ ഏർപ്പാടുചെയ്തതുവരെയുള്ള സംഭവങ്ങൾ !
എല്ലാം കേട്ടശേഷം അച്ചൻ പറഞ്ഞു.
“വലിയ ക്രൂരതയാണല്ലോ ചെയ്തത്. അതിന്‍റെ ശിക്ഷയാ ഇപ്പം അനുഭവിക്കുന്നത്.”
” തെറ്റുപറ്റിപ്പോയി. ഞാൻ ഇനി എന്ത് ചെയ്യണം അച്ചോ?”
” പശ്ചാത്താപവും പരോപകാരപ്രവൃത്തികളുമൊക്കെ ചെയ്യുക. എനിക്കിപ്പം അതേ പറയാനുള്ളൂ.”
“എന്റെ രോഗം മാറുമോ അച്ചോ?”
“പുണ്യപ്രവൃത്തികൾകൊണ്ട് ഹൃദയത്തിലെ പാപക്കറ കഴുകിക്കളയാന്‍ പറ്റിയാല്‍ ജീവിതത്തിലേക്കു തിരിച്ചുവരാം. മാനസാന്തരപ്പെടുക. ഇനി പാപം ചെയ്യില്ലെന്ന് ദൈവത്തിനു വാക്കു കൊടുക്കുക! അശരണരെ സഹായിക്കുക . ബാക്കിയൊക്കെ ദൈവഹിതംപോലെ നടക്കും.”
വീട്ടില്‍ തിരിച്ചെത്തിയ സഖറിയാസ് ഒരു പുതിയ മനുഷ്യനായി മാറിയിരുന്നു. സന്ധ്യാപ്രാര്‍ത്ഥനയില്‍ കണ്ണീരൊഴുക്കി ചെയ്ത തെറ്റുകള്‍ക്കു കർത്താവിനോടു മാപ്പു ചോദിച്ചു. തന്‍റെ ഭര്‍ത്താവ് കരയുന്നത് ആദ്യമായി കാണുകയായിരുന്നു മേരിക്കുട്ടി. അതുകണ്ടപ്പോൾ അവരുടെയും കണ്ണു നിറഞ്ഞു തുളുമ്പി.
“ജോത്സ്യന്‍റെ വാക്കു വിശ്വസിച്ച് ഒരു പെണ്ണിന്‍റെ ജീവനെടുത്തതു വലിയ തെറ്റായിപ്പോയി അച്ചായാ.”
“ഇനിയും അതു പറഞ്ഞ് എന്നെ വേദനിപ്പിക്കല്ലേ മേരിക്കുട്ടീ. കര്‍ത്താവ് ശിക്ഷ തന്നു. രോഗം മാറിയില്ലെങ്കില്‍ ഭക്ഷണം ഇറക്കാന്‍പോലും കഴിയാതെ വേദന തിന്ന് ഇഞ്ചിഞ്ചായി മരിക്കേണ്ടി വരില്ലേ ഞാന്‍? അതോര്‍ക്കാന്‍ വയ്യ.”
“എല്ലാം ശരിയാകും അച്ചായാ. നമുക്കെല്ലാവർക്കും കൂട്ടത്തോടെ പ്രാർത്ഥിക്കാം “
” കാന്‍സര്‍ വന്നിട്ടു ഭേദമായവര്‍ വിരലിലെണ്ണാനേയുള്ളൂ.”
ഒട്ടും പ്രതീക്ഷയില്ലാത്ത മട്ടില്‍ സഖറിയാസ് പറഞ്ഞു.
ഭര്‍ത്താവിന്‍റെ തലയില്‍ സ്നേഹവായ്പോടെ തലോടിക്കൊണ്ട് മേരിക്കുട്ടി ഓരോന്നു പറഞ്ഞ് ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.
സർജറിയുടെ ദിവസം അടുക്കും തോറും സഖറിയാസിനു മാനസികവ്യഥ കൂടിക്കൂടി വന്നു.
ഒടുവില്‍ ആ ദിവസം എത്തി!
രാവിലെ ഏഴുമണിക്കാണ് സര്‍ജറി. ആറരയായപ്പോള്‍ സഖറിയാസിനെ പ്രത്യേകവേഷം ധരിപ്പിച്ച് ഓപ്പറേഷന്‍ തിയറ്ററിലേക്കു കൊണ്ടുപോയി. മേരിക്കുട്ടിയും റോയിയും ജിഷയും അനുഗമിച്ചു.
ഓപ്പറേഷന്‍ തിയറ്ററിന്‍റെ മുമ്പിലെ വരാന്തയില്‍ മൂന്നുപേരും നിശ്ശബ്ദമായി പ്രാർത്ഥിച്ചുകൊണ്ട് ചുമരിലേക്ക് ഒട്ടി നിന്നു.
(തുടരും)
രചന: ഇഗ്‌നേഷ്യസ് കലയന്താനി ( copyright reserved )
Also Read അവൾ അനാഥയല്ല- നോവൽ- അദ്ധ്യായം 1
Also Read അവൾ അനാഥയല്ല – നോവൽ – അദ്ധ്യായം 2
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 3
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 4
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 5
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 6
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 7
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 8
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 9
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 10
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 11
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 12
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 13
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 14
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 15
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 16
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 17
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 18
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 19
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 20
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 21
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 22














































