Home Entertainment അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 17. രചന: ഇഗ്‌നേഷ്യസ് കലയന്താനി

അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 17. രചന: ഇഗ്‌നേഷ്യസ് കലയന്താനി

1793
0
അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 17. രചന: ഇഗ്‌നേഷ്യസ് കലയന്താനി

കഥ ഇതുവരെ-
കന്യാസ്ത്രീകൾ നടത്തുന്ന അനാഥാലയത്തിൽ വളർന്ന , സുന്ദരിയും പാട്ടുകാരിയുമായ അനിതയോട് ആ നാട്ടിലെ ധനാഢ്യനായ ഇലഞ്ഞിക്കൽ സഖറിയാസിന്റെ മകൻ റോയിക്ക് അനുരാഗം തോന്നി. റോയിയുടെ മാതാപിതാക്കൾ അവന്റെ നിർബന്ധത്തിനു വഴങ്ങി കല്യാണം നടത്തിക്കൊടുത്തു . ആദ്യരാത്രിയിൽ അനിതക്ക് മനസിലായി തന്റെ ഭർത്താവ് മദ്യത്തിന് അടിമയാണെന്ന് . അത് അവളെ തളർത്തി.
റോയിയുടെ അഭാവത്തിൽ അയാളുടെ പപ്പയും അമ്മയും അനിതയെ മാനസികമായി പീഡിപ്പിച്ചു. അനിത ഭർത്താവിനോട് തന്റെ ദുഃഖങ്ങൾ പറഞ്ഞു. അനിതയെ പീഡിപ്പിച്ചതിന്റെ പേരിൽ ഒരു രാത്രി മദ്യപിച്ചു വന്ന റോയി പപ്പയും അമ്മയുമായി വഴക്കിട്ടു . സഖറിയാസ് മകന്റെ കരണത്തടിച്ചു . കലിപൂണ്ട റോയി ആ രാത്രി തന്നെ ഭാര്യയെയും വിളിച്ചിറക്കി വീടുവിട്ടിറങ്ങി വാടകവീട്ടിൽ താമസമാക്കി . ചെരിപ്പുകമ്പനിയിൽ ജോലിക്കെന്നു പറഞ്ഞു രാവിലെ പോകുന്ന റോയി നേരെ ചീട്ടുകളി കേന്ദ്രത്തിലേക്കാണ് പോകുന്നതെന്ന് അനിത അറിഞ്ഞു. ഇതിന്റെ പേരിൽ റോയിയും അനിതയും തമ്മിൽ വഴക്കുണ്ടായി. ഇണക്കവും പിണക്കവുമായി അവരുടെ ജീവിതം മുന്പോട്ടുപോകുന്നതിനിടയിൽ അനിത ഗർഭിണിയായി. ചീട്ടുകളി കേന്ദ്രത്തിന്റെ ഉടമയായ ഷമീർ റോയിയെ ചതിയിൽ വീഴ്ത്തി കള്ളനോട്ടുകച്ചവടത്തിൽ പങ്കാളിയാക്കി . കള്ളനോട്ടു കൊടുത്തതിനു തുണിക്കടയിൽ വച്ച് റോയിയെ പോലീസ് അറസ്റ്റുചെയ്തു ലോക്കപ്പിലാക്കി . അനിത ഇലഞ്ഞിക്കൽ തറവാട്ടിൽ അഭയം തേടി എത്തി. ആ സമയം സഖറിയാസ് വീട്ടിലുണ്ടായിരുന്നില്ല . ഗർഭിണിയാണെന്ന് കണ്ടപ്പോൾ അവളെ അവിടെ താമസിപ്പിക്കാൻ മേരിക്കുട്ടി നിര്ബന്ധിതയായി. (തുടർന്ന് വായിക്കുക.)

” കേറി വാ ”
ഈർഷ്യയോടെ മേരിക്കുട്ടി അങ്ങനെ പറഞ്ഞിട്ട് അകത്തേക്കു നടന്നു. പിന്നാലെ അനിത അകത്തേക്ക് കയറി. ഒന്നാം നിലയിലേക്ക് അവളെ കൂട്ടിക്കൊണ്ടു പോയിട്ട്, തെക്കു വശത്തെ മുറി തുറന്നു കൊടുത്ത്, തെല്ലു പരിഹാസത്തോടെ മേരിക്കുട്ടി പറഞ്ഞു:
” കള്ളനോട്ടു കച്ചവടം നടത്തി ക്ഷീണിച്ചു വന്നതല്ലേ, കുറച്ചുനേരം വിശ്രമിക്ക് . പുറത്തേക്കൊന്നും ഇറങ്ങണ്ടാട്ടോ . അച്ചായനെങ്ങാനും കണ്ടാൽ നിന്റെ കാലു തല്ലിയൊടിക്കും. ഞാനിനി എന്നാ പറഞ്ഞു അങ്ങേരെ സമാധാനിപ്പിക്കൂന്നറിയില്ല. ”
അനിത ദൈന്യതയോടെ മേരിക്കുട്ടിയെ നോക്കി.
”നിനക്ക് തിന്നാൻ വല്ലതും വേണോ?” മേരിക്കുട്ടിയുടെ ചോദ്യത്തിലെ നീരസം തിരിച്ചറിഞ്ഞപ്പോൾ വിശപ്പുണ്ടായിരുന്നിട്ടും ഒന്നും വേണ്ടെന്നു പറഞ്ഞു അനിത.
” ഇതെത്രയാ മാസം?”
” ആറ്. ”
”കള്ളനോട്ടടിക്കാൻ നീയാണോ അവനെ നിർബന്ധിച്ചത്?”
”ഞാനൊന്നും അറിഞ്ഞിരുന്നില്ലമ്മേ. ”
” ഓ.., ഒരു പുണ്ണിയാളത്തി. എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട. വാശിപിടിച്ചു ഇറങ്ങിപ്പോയിട്ടു ഒടുവിൽ തിരിച്ചു വന്നു ഞങ്ങടെ കാലുപിടിക്കേണ്ടിവന്നില്ലേ? അതാ ദൈവത്തിന്റെ കളി! ഈ മുറീല് തന്നെ ഇരുന്നാൽ മതി കേട്ടോ . പുറത്തേക്കെങ്ങും നിന്റെ തലവെട്ടം കണ്ടേക്കരുത്. സമയാസമയം ഭക്ഷണം ഇങ്ങെത്തിച്ചേക്കാം. ”
“ഉം” അവൾ തലയാട്ടി.
മേരിക്കുട്ടി പുറത്തേക്കിറങ്ങി വാതിൽ ചാരി.
അനിത കട്ടിലിൽ വന്നിരുന്നു; വലതുകരം ബെഡിൽ ഊന്നി കീഴ്പോട്ടു നോക്കി. ഇരുമിഴികളിൽ നിന്നും ഓരോ തുള്ളി കണ്ണീർ ബെഡിൽ വീണു പടർന്നു.
ക്ഷീണം തോന്നിയപ്പോൾ അവൾ കിടക്കയിലേക്ക് സാവധാനം ചാഞ്ഞു.
കുറച്ചുനേരം കഴിഞ്ഞപ്പോൾ മേരിക്കുട്ടി അവൾക്കു കഴിക്കാൻ ഭക്ഷണവും മാറാൻ ഡ്രസ്സും കൊണ്ടുവന്നു കൊടുത്തു. മേരിക്കുട്ടി പോകാൻ തിരിഞ്ഞപ്പോൾ അനിത ചോദിച്ചു.
” അമ്മേ ജിഷ?”
” അവള് ഹോസ്റ്റലിൽ നിന്നാ ഇപ്പം പഠിക്കുന്നെ. ”
കൂടുതലൊന്നും പറഞ്ഞില്ല മേരിക്കുട്ടി. അവർ പടികളിറങ്ങി വേഗം താഴേക്കു പോയി.
കൃഷി സ്ഥലത്തായിരുന്ന സഖറിയാസ് സന്ധ്യയായപ്പോഴാണ് മടങ്ങിയെത്തിയത് . മേരിക്കുട്ടിയുടെ സംസാരത്തിലെ പരിഭ്രമവും മുഖത്തെ ഉല്കണ്ഠയുമൊക്കെ കണ്ടപ്പോൾ എന്തോ പന്തികേടുണ്ടെന്നു തോന്നി.
ഭാര്യയുടെ കയ്യിൽ നിന്ന് ചായവാങ്ങി കുടിക്കുമ്പോൾ സഖറിയാസ് ചോദിച്ചു:
” എന്താ നിന്റെ മുഖത്തു പതിവില്ലാത്തൊരു പേടി?.”
” ഏയ് ഒന്നുമില്ല. ”
” പിന്നെ ! ഞാൻ നിന്നെ ഇന്നോ ഇന്നലെയോ കാണാൻ തുടങ്ങിയതല്ലല്ലോ. ഈ മുഖത്തെ ഏതു ഭാവമാറ്റവും എനിക്ക് പിടികിട്ടും.”
” ഞാനൊരു കാര്യം പറഞ്ഞാൽ അച്ചായൻ എന്നോട് ദേഷ്യപ്പെടരുത്”
” നീ കാര്യം പറ. ”
” ദേഷ്യപ്പെടുമോ?”
”അതിപ്പം കേട്ടെങ്കിലല്ലേ പറയാൻ പറ്റൂ ”
മേരിക്കുട്ടി മടിച്ചു നിന്നപ്പോൾ സഖറിയാസ് പറഞ്ഞു.
” സസ്‌പെൻസിടാതെ കാര്യം പറ മേരിക്കുട്ടി.”
” അനിത ഇപ്പം ഈ വീട്ടിലുണ്ട്”
സഖറിയാസ് ചായ പാതി കഴിച്ചിട്ടു ഗ്ളാസ് ടേബിളിൽ വച്ചു . എന്നിട്ടു തെല്ലുനേരം മേരിക്കുട്ടിയെ തന്നെ തുറിച്ചു നോക്കിയിരുന്നു.
” അച്ചായൻ ദേഷ്യപ്പെടരുത്. ഇപ്പം അവളോടുപോയി വഴക്കുണ്ടാക്കുകയും ചെയ്യരുത്. ആറു മാസം ഗർഭിണിയാ ആ പെണ്ണ്. ഇപ്പം എന്തെങ്കിലും പറഞ്ഞു അവളെ വേദനിപ്പിച്ചാൽ വയറ്റിൽ കിടക്കുന്ന കുഞ്ഞിനെ അത് ബാധിക്കും. ഒന്നുമല്ലെങ്കിലും നമ്മുടെ മോന്റെ കുഞ്ഞല്ലേ അവളുടെ വയറ്റിൽ? ”
”എന്നോട് ചോദിക്കാതെ എന്തിനവളെ ഈ വീട്ടിൽ കയറ്റി? ” സഖറിയാസിന്റെ സ്വരം കനത്തു. ഭാവം മാറി.
” ഒരു ഗർഭിണി കരഞ്ഞു പിഴിഞ്ഞ് അഭയം ചോദിച്ചോണ്ടു വന്നപ്പം ഞാൻ ആട്ടിപ്പായിക്കണമായിരുന്നോ അച്ചായാ ? ഞാനൊരമ്മയല്ലേ?”
നടന്ന കാര്യങ്ങൾ ഒന്നൊഴിയാതെ അവർ ഭർത്താവിനോട് പറഞ്ഞു. എന്നിട്ടു തുടർന്നു : ” മോളായിട്ടു കാണണ്ട അവളെ. സംസാരിക്കുകയും വേണ്ട . അതവിടെകിടന്നോളും; ജയിലിൽ കിടക്കുന്നപോലെ . വയറുവിശക്കുമ്പം എന്തെങ്കിലും കൊടുത്താൽ മതി. അച്ചായൻ അങ്ങോട്ട് പോകുവോ നോക്കുവോ വേണ്ട. കണ്ടാലല്ലേ ദേഷ്യം വരൂ.”
” എന്റെ കൺവെട്ടത്തു കാണരുത് ആ മുഖം. ”
” ഇല്ലെന്നേ. പുറത്തേക്കിറങ്ങരുതെന്നു ഞാൻ പ്രത്യേകം പറഞ്ഞിട്ടുണ്ട് . ”
” എന്തെങ്കിലും ചെയ്യ് . എനിക്ക് കാണണ്ട ആ ശവത്തിനെ. ”
”വേണ്ട.., കാണണ്ട ..”
മേരിക്കുട്ടിക്ക് സമാധാനമായി. ആഞ്ഞടിക്കാൻ വന്ന കൊടുങ്കാറ്റ് ഒഴിഞ്ഞുപോയ ആശ്വാസത്തിൽ മേരിക്കുട്ടി ഒരു ദീർഘശ്വാസം വിട്ടു.

******

ജയിലിലെ സെല്ലിലടച്ച ഏകാന്ത തടവുകാരിയെപ്പോലെ അനിത റൂമിൽ ശ്വാസം മുട്ടി കഴിഞ്ഞു . റോയിയെ ജാമ്യത്തിലിറക്കണമെന്നു അവൾ പലവട്ടം മേരിക്കുട്ടിയോടു യാചിച്ചെങ്കിലും അവർ നിസ്സഹായാവസ്ഥ പ്രകടിപ്പിച്ചു. സഖറിയാസിന്റെ വാശിക്ക് ഒട്ടും അയവു വന്നിട്ടില്ല. മേരിക്കുട്ടി അപേക്ഷിച്ചിട്ടും ജയിലിൽ പോയി മകനെ ഒന്നു കാണാൻ പോലും കൂട്ടാക്കിയില്ല അയാൾ. കുറച്ചുകാലം ജയിലിൽ കിടന്നു അവനു മാനസാന്തരം വരട്ടെ എന്ന ചിന്തയിലായിരുന്നു അയാൾ.

റോയി പിണങ്ങിപ്പോയതിനു ശേഷം ഒരിക്കൽ സഖറിയാസ് ഒരു ജ്യോത്സ്യനെ കണ്ടിരുന്നു. കാര്യങ്ങൾ ചോദിച്ചു മനസിലാക്കിയിട്ടു ജ്യോൽസ്യൻ ഗണിച്ചു പറഞ്ഞത് ഇപ്രകാരമായിരുന്നു: ” ഏതോ തെരുവ് വേശ്യക്ക് പിഴച്ചുണ്ടായ സന്തതിയാണ് അനിത. അവളിൽ ഒരു ദുഷ്ടശക്തി കടന്നുകൂടിയിട്ടുണ്ട് . പ്രാർത്ഥനകൊണ്ടോ പൂജകൊണ്ടോ അതിനെ ഒഴിപ്പിക്കാനാവില്ല. അവളുടെ മരണം വരെ ആ ദുരാത്മാവും അവളോടൊപ്പമുണ്ടായിരിക്കും. അവളുടെ കൂടെ താമസിക്കുന്നവരെയെല്ലാം ആ ശക്തി നശിപ്പിക്കും. പണനഷ്ടവും മാനഹാനിയും ദുർമരണവും ഉണ്ടായേക്കാം. അവൾക്കു ഒരു കുഞ്ഞുണ്ടായാൽ ആ ദുഷ്ടശക്തി കുഞ്ഞിലേക്കും കുടിയേറും. അപകടങ്ങൾ തുടർന്നുകൊണ്ടേയിരിക്കും. ഒരിക്കലും നിങ്ങൾക്ക് ചേർന്ന ഒരു ബന്ധമായിരുന്നില്ല ഇത്. പ്രതിവിധി ഒന്നേയുള്ളൂ. ആ പെണ്ണിന്റെ മരണം. അതോടെ ആ ദുഷ്ടശക്തിയും ഒഴിഞ്ഞുപോകും. അതിനുവേണ്ടി വേണ്ടി പ്രാർത്ഥിക്കുക ; നേർച്ചകാഴ്ചകൾ സമർപ്പിക്കുക. ”
അത് സത്യമാണെന്നു സഖറിയാസ് വിശ്വസിച്ചു. മനസമ്മതം കഴിഞ്ഞപ്പോഴും കല്യാണം കഴിഞ്ഞപ്പോഴും അടുത്തടുത്ത് രണ്ടു കാർ അപകടങ്ങൾ ഉണ്ടായില്ലേ? മാതാപിതാക്കളെ അവൻ ഉപേക്ഷിച്ചില്ലേ? ഇപ്പോൾ പണനഷ്ടവും മാനഹാനിയും ജയിൽവാസവുമായി. ഇനി എന്താ വരാനിരിക്കുന്നതെന്ന് ആർക്കറിയാം ? പോരെങ്കിൽ ആ പെണ്ണ് ഈ കുടുംബത്തിലേക്ക് തിരിച്ചു വന്നിരിക്കുന്നു. ആരുടെയെങ്കിലും ജീവനെടുത്തോണ്ടു പോകാനായിരിക്കുമോ ആ ദുരാത്മാവിന്റെ മടങ്ങി വരവ് ?
സഖറിയാസിന് ഭീതിയായി .
രാത്രി ഉറങ്ങാൻ കിടന്നപ്പോൾ അയാൾ ആലോചിച്ചു. ആ ദുഷ്ടശക്തിയെ ഇല്ലാതാക്കി ഈ കുടുംബത്തെ രക്ഷിക്കാൻ എന്താ വഴി? അനിതയെ കൊന്നുകളയുക ! ആ ദുരാത്മാവും അവളോടൊപ്പം നശിക്കട്ടെ . വരാനിരിക്കുന്ന ദുരന്തങ്ങൾ ഒഴിവാക്കാൻ അതേമാർഗ്ഗമുള്ളൂ . അവളും ആ കുഞ്ഞും ഈ ഭൂമിയിൽ നിന്ന് എന്നെന്നേക്കുമായി പോകട്ടെ! തൽകാലം ഇത് മേരിക്കുട്ടി അറിയേണ്ട.
മേരിക്കുട്ടി ഉറക്കം പിടിച്ചപ്പോൾ സഖറിയാസ് സാവധാനം എണീറ്റ് പുറത്തേക്കിറങ്ങി. എന്നിട്ടു കൊട്ടേഷൻ സംഘത്തലവൻ വിശ്വം ഭരന്റെ നമ്പർ ഡയൽ ചെയ്തു. കാര്യങ്ങൾ വിശദീകരിച്ചിട്ടു സഖറിയാസ് പറഞ്ഞു.
”ഒരു തെളിവും അവശേഷിക്കാതെ കത്തിച്ചു ചാമ്പലാക്കണം .”
” ഞാനേറ്റു . ഞങ്ങൾ ഇതുപോലെ എത്രയോ ഓപ്പറേഷൻസ് നടത്തീട്ടുള്ളതാ . ഇത് ചെറുത് . ചോദിക്കാനും പറയാനും ആളില്ലാത്ത പെണ്ണാകുമ്പം കാര്യങ്ങൾ ഈസിയല്ലേ? ഒരു കൊതുകിനെ കൊല്ലുന്നപോലെയുള്ളൂ. ”.
ഓപ്പറേഷന്റെ മുന്നൊരുക്കമെന്ന നിലയിൽ സഖറിയാസ് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചു വിശ്വംഭരൻ വിശദീകരിച്ചു.
പിറ്റേന്ന് രാവിലെ സഖറിയാസ് മേരിക്കുട്ടിയോടു പറഞ്ഞു.
” അനിതയെ ഇടുക്കിയിലെ ഒരു വീട്ടിലേക്കു മാറ്റുവാ ഞാൻ. റോയിയെ ജാമ്യത്തിലിറക്കി ഇവിടെകൊണ്ടുവരുമ്പം അവളെ അവൻ കാണാൻ പാടില്ല. കുറച്ചുകാലം അവർ അകന്നു താമസിക്കട്ടെ.”
” അച്ചായാ അവനു നമ്മളോട് സ്നേഹം തോന്നണമെങ്കിൽ ആപത്തു സമയത്ത് അവളെ നമ്മള് സംരക്ഷിച്ചു എന്നൊരു തോന്നലുണ്ടാകണ്ടേ ? അതിനു അവളെ ഇവിടെ താമസിപ്പിക്കുന്നതല്ലേ നല്ലത് ?”
” അതിലും നല്ലത് തത്കാലം അവളെ അവൻ കാണാതിരിക്കുന്നതാ. ”
” അവള് ഗർഭിണിയായിരിക്കുന്ന ഈ അവസ്ഥയിൽ തനിയെ താമസിപ്പിക്കുന്നത് ശരിയാണോ അച്ചായാ?”
” തനിച്ചല്ല. അവിടെ ഒരു തള്ളേടെ വീട്ടിൽ കൊണ്ടാക്കുവാ. കുറച്ചു കാശുകൊടുത്താൽ അവളെ അവർ പൊന്നുപോലെ നോക്കിക്കോളും. ഞാനതൊക്കെ ഏർപ്പാടാക്കീട്ടുണ്ട് . ഒന്നും പേടിക്കാനില്ല . നീ അവളെ പറഞ്ഞൊന്നു സമ്മതിപ്പിക്കണം. നിന്റെ സ്വന്തക്കാരുടെ വീട്ടിൽ കൊണ്ടുപോയി താമസിപ്പിക്കുവാണെന്നു പറഞ്ഞാൽ മതി. നീ മയത്തിൽ പറഞ്ഞൊന്നു സമ്മതിപ്പിക്കണം. അത് നിന്റെ സാമർഥ്യം. ”
” അപ്പം റോയി വരുമ്പം അനിത എവിടെ എന്ന് ചോദിച്ചാൽ എന്തുപറയും? ”
”അതിനാണോ ബുദ്ധിമുട്ട് . അതൊക്കെ ഞാൻ പ്ലാൻ ചെയ്തു വച്ചിട്ടുണ്ട് . കല്ലുവച്ച ഒരു നുണ. അവൻ നമ്മളോട് കൂടുതൽ അടുത്തു കഴിയുമ്പം സാവകാശം നമുക്ക് അവളെ ചെന്ന് കൂട്ടിക്കൊണ്ടുവരാം . അവനൊരു സർപ്രൈസ് ആകുകേം ചെയ്യും. ”
മേരിക്കുട്ടി മനസില്ലാ മനസോടെ സമ്മതം മൂളി.
അന്ന് രാവിലെ ബ്രേക്ക് ഫാസ്റ്റ് കൊണ്ടു കൊടുത്തപ്പോൾ പതിവില്ലാതെ സ്നേഹത്തോടെയാണ് മേരിക്കുട്ടി അനിതയോടു സംസാരിച്ചത്. അമ്മയുടെ സ്നേഹം കണ്ടപ്പോൾ തന്നോടുള്ള ദേഷ്യവും വെറുപ്പും മാറി എന്നു വിശ്വസിച്ചു അവൾ .
അനിതയുടെ കരം പിടിച്ചുകൊണ്ട് മേരിക്കുട്ടി പറഞ്ഞു.
” മോളെ.., എനിക്ക് നിന്നോട് വെറുപ്പും ദേഷ്യവുമൊന്നുമില്ല. എന്റെ മോന്റെ കുഞ്ഞല്ലേ നിന്റെ വയറ്റിൽ . പക്ഷെ പപ്പയ്ക്ക് നിന്നോട് തീർത്താൽ തീരാത്ത കലിയാ. നീ ഈ വീട്ടിൽ താമസിക്കുന്നത് അത്ര സുരക്ഷിതമല്ല. എന്തും ചെയ്യാൻ മടിക്കാത്ത ക്രൂരനാ എന്റെ കെട്ടിയോൻ . രാത്രി അയാളുവന്നു നിന്റെ കഴുത്തുഞെരിച്ചു കൊല്ലുമോന്നു ഞാൻ ഭയപ്പെടുന്നു. അതുകൊണ്ടു മോളൊരു കാര്യം ചെയ്യണം . ഇടുക്കിയിൽ എന്റെ ഒരു സ്വന്തക്കാരിയുണ്ട് . നിന്നെ അവിടെകൊണ്ടാക്കാം . കുറച്ചുകാലം നീ അവിടെ നിൽക്ക് . റോയിച്ചനെ ജാമ്യത്തിലിറക്കി കൊണ്ടുവന്നിട്ട് , എല്ലാം ഒന്ന് നേരെയാക്കീട്ടു നിന്നെ തിരിച്ചു വിളിച്ചോണ്ട് വന്നോളാം ഞാൻ. ”
” ഞാൻ എവിടെവേണമെങ്കിലും പോയി നിൽക്കാം അമ്മേ. എന്റെ റോയിച്ചനെ ജയിലിന് ഒന്നിറക്കിയാൽ മാത്രം മതി. ”
” അവൻ വരുമ്പം ഞാൻ അവനെയും കൂട്ടി നിന്നെവന്നു കണ്ടുകൊള്ളാം. ”
”ഉം ” അനിത തലയാട്ടി.
തന്ത്രം വിജയിച്ചതിൽ മേരിക്കുട്ടിക്കു സന്തോഷം തോന്നി. അവർ മുകളിലത്തെ നിലയിൽ നിന്ന് താഴേക്കു ഇറങ്ങി വന്നു സഖറിയാസിനോട് വിവരം പറഞ്ഞു .
” നീ മിടുക്കിയാണല്ലോ മേരിക്കുട്ടി. സ്നേഹം കൊണ്ട് വളച്ചെടുത്തു സമ്മതിപ്പിച്ചു അല്ലെ?”
” ഒരു നല്ല വീട്ടിൽ കൊണ്ടേ സുരക്ഷിതമായി താമസിപ്പിക്കണം കേട്ടോ? വയറ്റിലുള്ള പെണ്ണാണെന്ന് ഓർമ്മവേണം ”
” എല്ലാ ഓർമ്മകളുമുണ്ട് മേരിക്കുട്ടി”’ അങ്ങനെ പറഞ്ഞിട്ട് സഖറിയാസ് മൊബൈൽ എടുത്തുകൊണ്ടു മുറ്റത്തേക്കിറങ്ങി . വിശ്വംഭരന്റെ നമ്പർ ഡയൽ ചെയ്തു.
പിറ്റേന്ന് വിശ്വംഭരന്റെ ക്വട്ടേഷൻ ടീമിലെ അംഗമായ ചാക്കോ ജീപ്പുമായി ഇലഞ്ഞിക്കൽ തറവാട്ടിലെത്തി. ഈ ഓപ്പറേഷൻ ചാക്കോയെയാണ് വിശ്വംഭരൻ ഏൽപ്പിച്ചിരിക്കുന്നത്. ചാക്കോ വന്ന സമയത്തു സഖറിയാസ് മേരിക്കുട്ടിയെ കാര്യങ്ങൾ പറഞ്ഞേൽപ്പിച്ചിട്ടു ആ വീട്ടിൽ നിന്ന് മാറി നിന്നു.
അനിത വേഷം മാറി. കൊണ്ടുപോകാനുള്ള വസ്ത്രങ്ങളെല്ലാം ബാഗിൽ നിറച്ചു.
മേരിക്കുട്ടി മുറിയിലേക്ക് കയറിവന്നിട്ടു അഞ്ഞൂറിന്റെ പത്തു നോട്ടുകൾ അവളുടെ നേരെ നീട്ടിക്കൊണ്ടു പറഞ്ഞു: ” ഇത് കയ്യിൽ വച്ചോ. അത്യാവശ്യം വന്നാൽ എടുക്കാം .”
”ഉം ”
അവൾ നോട്ടു വാങ്ങി ബാഗിൽ വച്ചു. അമ്മയോട് യാത്ര പറഞ്ഞിട്ട് അവൾ ബാഗുമെടുത്തു പുറത്തേക്കിറങ്ങി. ചാക്കോ ജീപ്പിൽ ചാരി നില്പുണ്ടായിരുന്നു. ആരോടും ഒന്നും മിണ്ടാതെ അവൾ ചെന്ന് ജീപ്പിന്റെ പിന് സീറ്റിൽ കയറി ഇരുന്നു. മേരിക്കുട്ടി അടുത്തു വന്ന് അവളെ ആശ്വസിപ്പിച്ചു യാത്രയാക്കി.
ചാക്കോ ഡ്രൈവർ സീറ്റിൽ കയറി ഇരുന്നിട്ട് വണ്ടി സ്റ്റാർട് ചെയ്തു. ജീപ്പ് സാവധാനം മുന്പോട്ടുരുണ്ടു.

*******

നിബിഡമായ വനം ! അതിന്റെ മധ്യത്തിലൂടെയുള്ള ടാർ റോഡിലൂടെ ജീപ്പ് മുൻപോട്ടു കുതിച്ചു. ചാക്കോയ്ക്ക് ചിരപരിചിതമായ സ്ഥലമാണ് . മുൻപ് അയാൾ താമസിച്ചിരുന്നത് ഇടുക്കിയിലെ ഒരു ഗ്രാമത്തിലാണ്. അതുകൊണ്ടാണ് ഈ കൊലപാതകം വിശ്വംഭരൻ ചാക്കോയെ തന്നെ ഏല്പിച്ചത് .
മെയിൻ റോഡിൽ നിന്ന് ജീപ്പ് വലത്തോട്ടു തിരിഞ്ഞ് ഒരു ചെമ്മൺ റോഡിലേക്ക് പ്രവേശിച്ചു. വനാന്തർഭാഗത്തുകൂടി വീതി കുറഞ്ഞ ഒരു വഴി. അനിത ഭയത്തോടെ ചോദിച്ചു.
” ഈ വനത്തിന്റെ നടുവിലാണോ വീട് ?”
” ങാ! ഇവിടുന്നു കുറച്ചു കൂടി ഉള്ളിലേക്ക് പോകണം ”
” കർത്താവേ! ഇവിടെങ്ങനെ ഞാൻ ജീവിക്കും?”
” ഒരുപാട് കാലമൊന്നും ജീവിക്കേണ്ടി വരില്ലെന്നേ. നമുക്കൊക്കെ എന്തോരം ആയുസു ദൈവം തന്നിട്ടുണ്ടെന്ന് ആർക്കറിയാം” ചാക്കോ അങ്ങനെ പറഞ്ഞതും പൊടുന്നനെ വണ്ടി നിന്നു.
:” എന്ത് പറ്റി ? ‘ അനിത ആരാഞ്ഞു.
” എന്തോ ! വണ്ടി നിന്നുപോയി . ഞാനൊന്ന് നോക്കട്ടെ ”
ചാക്കോ ഇറങ്ങി ജീപ്പിന്റെ പിന്ഭാഗത്തേക്കു വന്നു. വണ്ടിയിൽ സൂക്ഷിച്ചിരുന്ന ബലമുള്ള പ്ലാസ്റ്റിക് കയർ അയാൾ കയ്യിലെടുത്തു.
അനിത കീഴ്പോട്ടു നോക്കി എന്തോ ആലോചിച്ചിരിക്കുകയായിരുന്നു ആ സമയം .
നൊടിയിടക്കുള്ളിൽ ചാക്കോ കയർ അനിതയുടെ കഴുത്തിൽ ചുറ്റി മുറുക്കി .
ശബ്ദം പോലും പുറപ്പെടുവിക്കാനാവാതെ അനിത പിടഞ്ഞു . കണ്ണും നാവും പുറത്തേക്കു തള്ളി വന്നു.
(തുടരും…. അടുത്തഭാഗം നാളെ)
രചന : ഇഗ്‌നേഷ്യസ് കലയന്താനി copyright reserved

Also Read അവൾ അനാഥയല്ല- നോവൽ- അദ്ധ്യായം 1

Also Read അവൾ അനാഥയല്ല – നോവൽ – അദ്ധ്യായം 2

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 3

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 4

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 5

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 6

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 7

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 8

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 9

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 10

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 11

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 12

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 13

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 14

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 15

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 16

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here