Home Literature അവൾ അനാഥയല്ല- നോവൽ- അദ്ധ്യായം ഒന്ന്. രചന: ഇഗ്‌നേഷ്യസ് കലയന്താനി

അവൾ അനാഥയല്ല- നോവൽ- അദ്ധ്യായം ഒന്ന്. രചന: ഇഗ്‌നേഷ്യസ് കലയന്താനി

4184
0
അവൾ അനാഥയല്ല- നോവൽ - അദ്ധ്യായം ഒന്ന്

സെന്‍റ് മേരീസ് ഓർഫനേജ്!
കര്‍മ്മലീത്താമഠത്തിന്റെ കിഴക്കുവശത്തെ ഇരുനില മന്ദിരത്തിന്‍റെ പാരപ്പറ്റിൽ നീലപ്രതലത്തിൽ വെളുത്ത പെയിന്റ് കൊണ്ടെഴുതിയ വലിയ ബോര്‍ഡ്!
ഓര്‍ഫനേജിന്‍റെ മുന്‍വശത്ത് പടര്‍ന്നു പന്തലിച്ചുനില്‍ക്കുന്ന വാകമരത്തിന്‍റെ ചുവട്ടിലിരുന്നു കുട്ടികളെ പാട്ടുപഠിപ്പിക്കുകയാണ് അനിത. ക്രിസ്മസ് രാത്രിയിൽ പള്ളിയിൽ പാടേണ്ട പാട്ടുകളാണ്.
പള്ളിയിലെ ഗായകസംഘത്തിന്റെ ലീഡറാണ് അനിത. മുഖം നിറയെ പുഞ്ചിരിയും മനസു നിറയെ സ്നേഹവുമുള്ള ഒരു മാലാഖക്കുട്ടി. ഓര്‍ഫനേജിലെ കുട്ടികള്‍ക്കും കോണ്‍വെന്‍റിലെ കന്യാസ്ത്രീകള്‍ക്കും പ്രിയങ്കരിയാണവൾ . അനാഥമന്ദിരത്തിലെ കൊച്ചുകുട്ടികള്‍ക്ക് അവള്‍ കുഞ്ഞേച്ചിയായിരുന്നു. എല്ലാവരോടും സ്നേഹത്തോടെയും സൗമ്യതയോടെയും ഇടപെടുന്ന സുന്ദരിച്ചേച്ചി.

മഠത്തിന്റെ കീഴിലുള്ള അണ്‍ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അനിത പഠിപ്പിക്കുന്നുണ്ട്. പ്രൈമറി വിഭാഗത്തിലെ ഏറ്റവും നല്ല അധ്യാപികയും അവളായിരുന്നു.
എല്ലാ ദിവസവും രാത്രിയിൽ പ്രാര്‍ത്ഥനയും അത്താഴവും കഴിഞ്ഞ് ഉറങ്ങാന്‍ കിടക്കുമ്പോള്‍ അനിത അവളുടെ പപ്പയെയും അമ്മയെയും കുറിച്ചോർത്തു കണ്ണീർ പൊഴിക്കും. ഒരിക്കലും കണ്ടിട്ടില്ലാത്ത പപ്പയുടെയും അമ്മയുടെയും മുഖങ്ങള്‍ അവള്‍ മനസിൽ കാണും.
കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണീർ പുതപ്പെടുത്തു തുടച്ചുകൊണ്ട് അവൾ ആലോചിക്കും.
എന്തിനാണു പപ്പയും അമ്മയും തന്നെ ഉപേക്ഷിച്ചിട്ടു കടന്നുകളഞ്ഞത്? ലോകത്തിന്‍റെ ഏതെങ്കിലും കോണില്‍ അവർ ജീവിച്ചിരിപ്പുണ്ടാവില്ലേ? ഒരിക്കലെങ്കിലും തനിക്കവരെ ഒന്നു കാണാന്‍ പറ്റുമോ? ചിന്തകളുടെ വേലിയേറ്റത്തിൽ സാവധാനം അവൾ ഉറക്കത്തിലേക്കു വീഴും. നേരം വെളുക്കുമ്പോൾ കണ്ണീർ ഒഴുകിയ പാടുകൾ കവിളിൽ തെളിഞ്ഞു കാണുമായിരുന്നു .
“അനിതേ…”
സിസ്റ്റര്‍ മരിയായുടെ വിളി കേട്ട് അവള്‍ ഞെട്ടി മുഖം ഉയർത്തി .
അവളുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നതു കണ്ടപ്പോള്‍ സിസ്റ്റർ ചോദിച്ചു:
“ങ്ഹാ ഹാ .., പാട്ടു പഠിപ്പിക്കാന്‍ വന്നിട്ട് ഇവിടിരുന്നു കരയ്വാണോ?”
“ഏയ്…”
മുഖത്തു സന്തോഷം വരുത്താന്‍ അവൾ പാടുപെട്ടു.
“നീ ഇങ്ങു വന്നേ…”
സിസ്റ്റര്‍ അവളെ വിളിച്ചിട്ടു തിരിഞ്ഞുനടന്നു. അനിത എണീറ്റു സിസ്റ്ററിന്റെ പിന്നാലെ ചെന്നു. അല്പം മാറി ഒരു ഒട്ടുമാവിന്റെ ചുവട്ടിൽ നിന്നിട്ടു സിസ്റ്റര്‍ പറഞ്ഞു:
“ഒരു സന്തോഷവാര്‍ത്ത പറയാനാ നിന്നെ വിളിച്ചത്. നമ്മുടെ വികാരിയച്ചന്‍ നിനക്ക് ഒരാലോചന കൊണ്ടുവന്നിട്ടുണ്ട്. നീ അറിയുവാരിക്കും ആളെ. ഇലഞ്ഞിക്കലെ സഖറിയാസിന്‍റെ മകന്‍ റോയി. നിന്നെ ഇഷ്ടമാണെന്നും കല്യാണം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും അവന്‍ അച്ചനോടു പറഞ്ഞു. ഈ ഇടവകയിലെ ഏറ്റവും വല്യ കാശുകാരാ. ആളെ കണ്ടിട്ടുണ്ടോ നീ?”
“ഇല്ല.”
“സഖറിയാസിന് ഒരാണും ഒരു പെണ്ണുമാ. മൂത്ത ആളാ റോയി. ഇളേതു ജിഷ. അവളു കോളേജില്‍ പഠിക്ക്വാ.”
അനിത കേട്ടു നിന്നതേയുള്ളൂ.
“ഇഷ്ടം പോലെ സ്വത്തുണ്ട്. സ്ത്രീധനമായിട്ടു നയാ പൈസ കൊടുക്കണ്ട. കേട്ടപ്പം നിന്‍റെ യോഗം തെളിഞ്ഞൂന്നു ഞങ്ങൾ എല്ലാരും പറഞ്ഞു .”
അനിതയുടെ മനസില്‍ ഒരു റോസാപ്പൂവ് വിടര്‍ന്ന അനുഭൂതി.
“അച്ചനോട് ഞങ്ങൾ എന്നാ പറയണം?”
“അത്രേം വല്യ വീട്ടിലേക്കു കേറിച്ചെല്ലാനുള്ള യോഗ്യത എനിക്കുണ്ടോ സിസ്റ്റര്‍? “
“നമ്മള്‍ അങ്ങോട്ട് ആലോചിച്ചു ചെന്നതല്ലല്ലോ. അവരിങ്ങോട്ടു വന്നതല്ലേ. ഇതിനേക്കാള്‍ നല്ലൊരു ബന്ധം നിനക്കു കിട്ടുമെന്നു നീ വിചാരിക്കുന്നുണ്ടോ കൊച്ചേ ? അപ്പനും അമ്മേം ആരെന്നറിയാത്ത ഒരു കുട്ടിക്ക് ഇതുപോലൊരാലോചന വന്നാത് ദൈവാനുഗ്രഹമാണെന്നു കൂട്ടിയാൽ മതി ” .
“പണവും പത്രാസുമൊന്നും എനിക്കു വേണ്ട സിസ്റ്റര്‍. എന്നെ ഹൃദയം തുറന്നു സ്നേഹിക്കുന്ന ഒരാളെ കിട്ടിയാല്‍ മതി. കൂലിപ്പണിക്കാരനാണെങ്കിലും എനിക്ക് കുഴപ്പമില്ല.”
അനിത ഷാളിന്‍റെ അഗ്രംകൊണ്ടു മിഴികള്‍ തുടച്ചു.
“നമ്മുടെ വികാരിയച്ചന്‍ അവരെ നല്ലോണം അറിയുന്നതാ. ഞങ്ങളും അന്വേഷിച്ചു. നല്ല കുടുംബക്കാരാ. ഇതു കേട്ടപ്പം അച്ചനെന്തു സന്തോഷമായീന്നറിയുവോ! നിനക്കറിയാമല്ലോ, അച്ചനു നിന്നെ വല്യ കാര്യാന്ന്.”
“എനിക്കു റോയിയോട് നേരിട്ടൊന്നു സംസാരിക്കാന്‍ പറ്റുമോ സിസ്റ്റര്‍?”
“അതു പറയാനല്ലേ ഞാനിപ്പ വന്നത്. നിന്‍റെ തീരുമാനം അറിഞ്ഞിട്ടു റോയിയെ വിളിക്കാന്നാ അച്ചന്‍ പറഞ്ഞത്. നേരിട്ടു സംസാരിച്ചുകഴിയുമ്പം നിന്‍റെ പേടീം സംശയോം ഒക്കെ മാറിക്കോളും. ഞായറാഴ്ച റോയിയോട് വരാന്‍ പറയട്ടെ?”
“ഉം” അനിത തലകുലുക്കി.
“എന്നാ പോയി പാട്ടു പഠിപ്പിച്ചോ.”
സിസ്റ്റര്‍ കോണ്‍വെന്‍റിലേക്കു പോയി. അനിത കുട്ടികളുടെ അടുത്തേക്കും.
അടുത്ത ദിവസം സ്കൂളില്‍ ചെന്നപ്പോള്‍ അനിത ഇലഞ്ഞിക്കല്‍ തറവാടിനെക്കുറിച്ച് സഹപ്രവര്‍ത്തകയായ സൗമ്യ ടീച്ചറോടു തിരക്കി.
ടീച്ചർ പറഞ്ഞു.
“നല്ല കുടുംബക്കാരാ. എന്തേ ചോദിച്ചത്?”
അനിത കാര്യം തുറന്നു പറഞ്ഞു.
” നീ ഒന്നും ആലോചിക്കേണ്ട . കണ്ണുമടച്ചു യേസ് പറഞ്ഞോ . ഇതിനേക്കാൾ നല്ലൊരു ബന്ധം നിനക്ക് കിട്ടുകേല .”
സൗമ്യയുടെ മറുപടികേട്ടപ്പോൾ അനിതക്ക് സമാധാനമായി. സന്തോഷം നിറഞ്ഞ മനസോടെയാണ് അവൾ സ്‌കൂളിൽ നിന്ന് മടങ്ങിയത്.

******

ഞായറാഴ്ച!
ഉച്ചകഴിഞ്ഞ് മുറിയില്‍ തുണി തയ്ച്ചുകൊണ്ടിരുന്നപ്പോള്‍ സിസ്റ്റര്‍ മരിയ ഓടിവന്നു പറഞ്ഞു:
“ആളു വന്നിട്ടുണ്ട്. ഡ്രസു മാറി വേഗം വിസിറ്റേഴ്സ് റൂമിലേക്കു ചെല്ല്.”
അനിതയുടെ നെഞ്ചിടിപ്പു കൂടി. അവള്‍ എഴുന്നേറ്റ് ഏറ്റവും ഇഷ്ടപ്പെട്ട ചുരിദാര്‍ എടുത്തു ധരിച്ചു. മുടി ഭംഗിയായി ചീകി ഒതുക്കിയിട്ടു അഗ്രം കെട്ടിയിട്ടു . മുഖത്തു പൗഡറിട്ടു. കണ്ണാടിയുടെ മുമ്പില്‍ നിന്ന് തിരിഞ്ഞും മറിഞ്ഞും നോക്കിയിട്ട് എല്ലാം ഭംഗിയായി എന്നുറപ്പുവരുത്തി. എന്നിട്ടു സാവധാനം മുറിയില്‍നിന്നിറങ്ങി സന്ദർശക മുറിയിലേക്ക് നടന്നു.
മുറിയുടെ വാതിൽക്കലെത്തിയപ്പോൾ മദർ സുപ്പീരിയർ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങുന്നതു കണ്ടു.
” എന്താ താമസിച്ചത്? പുള്ളിക്കാരൻ കാത്തിരുന്നു മടുത്തു . വേഗം ചെല്ല് . അറിയാനുള്ളതെല്ലാം ചോദിച്ചുകൊള്ളണേ ! പിന്നെ അറിഞ്ഞില്ല, കേട്ടില്ലാന്നൊന്നും പറഞ്ഞേക്കരുത് ”
”ഉം ” അനിത പുഞ്ചിരിയോടെ തലകുലുക്കി. മദർ തന്റെ സ്വകാര്യ മുറിയിലേക്ക് പോയി.
പാതി അടഞ്ഞു കിടന്ന സന്ദര്‍ശക മുറിയുടെ വാതില്‍ തള്ളിത്തുറന്ന് അവള്‍ മെല്ലെ അകത്തേക്കു പ്രവേശിച്ചു. മുഖം ഉയര്‍ത്തി നോക്കിയപ്പോള്‍ കണ്ടു; സുമുഖനായ ഒരു യുവാവ് ചെറു പുഞ്ചിരിയുമായി സെറ്റിയില്‍ ഇരിക്കുന്നു. പാന്‍റ്സും ക്രീം ഷര്‍ട്ടുമാണ് വേഷം. വെളുത്ത നിറം. മുടി ഭംഗിയായി ചീകി ഒതുക്കി വച്ചിരിക്കുന്നു .
കണ്ണുകൾ കൂട്ടിമുട്ടിയപ്പോൾ ഇരുവരും പുഞ്ചിരിച്ചു.
“ഇരിക്ക്.”- റോയി സെറ്റിയിലേക്കു കൈചൂണ്ടിക്കൊണ്ടു പറഞ്ഞു.
റോയിയുടെ ആഗ്രഹമനുസരിച്ച് അവള്‍ അഭിമുഖമായി സെറ്റിയില്‍ ഇരുന്നു.
“എന്നെ മുമ്പു കണ്ടിട്ടുണ്ടോ?”
പുഞ്ചിരിച്ചുകൊണ്ട് റോയിയുടെ ആദ്യ ചോദ്യം. ഇല്ല എന്ന അര്‍ത്ഥത്തില്‍ അവള്‍ തലയാട്ടി.
“എങ്ങനെ കാണാനാ…. കുർബാന കഴിഞ്ഞാല്‍ ഇടോം വലോം നോക്കാതെ ഒറ്റപ്പോക്കല്ലേ. മാലാഖകുട്ടി പോകുന്നപോലെ ”
ആ വാചകം കേട്ടപ്പോൾ അനിതയ്ക്കു ചിരി വന്നുപോയി.
“പക്ഷേ ഞാന്‍ കണ്ടിട്ടുണ്ട് കേട്ടോ. എന്നും പള്ളിക്കകത്ത് അള്‍ത്താരേടെ അടുത്തുനിന്ന് പാട്ടുപാടുന്ന ആളല്ലേ . പാട്ട് ഉഗ്രനാ കേട്ടോ !ഞങ്ങൾ വീട്ടിൽ ഇക്കാര്യം എപ്പോഴും പറയാറുണ്ട്. എന്തൊരു നല്ല ശബ്ദമാ ദൈവം തന്നിരിക്കുന്നത്. ”
അനിതയുടെ ഹൃദയത്തില്‍ ഒരായിരം പൂക്കൾ ഒന്നിച്ചു വിടര്‍ന്ന അനുഭൂതി.
“നേരിട്ടു കണ്ടു സംസാരിക്കണമെന്നു പറഞ്ഞപ്പം എനിക്കൊരുപാട് സന്തോഷമായി ട്ടോ! അങ്ങനെ വേണം പെണ്ണുങ്ങള്‍! മനസിലുള്ളതെല്ലാം തുറന്നു പറയണം . ആഗ്രഹങ്ങളും പ്രതീക്ഷകളും സ്വപ്നങ്ങളുമെല്ലാം . അറിയേണ്ടതൊക്കെ ചോദിച്ചോ. ഒരു മടിയും വിചാരിക്കണ്ട. എനിക്ക് സന്തോഷമേയുള്ളൂ ”
ഒന്നും മിണ്ടാതെ ലജ്ജയോടെ ഇരുന്നതേയുള്ളൂ അനിത.
“ഇത്രേം നാണംകുണുങ്ങിയാന്നു ഞാന്‍ വിചാരിച്ചില്ലാട്ടോ”
അപ്പോഴും അവൾ മൗനം.
“നല്ല സ്വഭാവവും സ്നേഹവുമുള്ള ഒരു പെണ്ണായിരിക്കണം എന്‍റെ ഭാര്യ എന്നു മാത്രമേ ഞാനാഗ്രഹിച്ചിട്ടുള്ളൂ. അനിതയെ കണ്ടപ്പം എനിക്കിഷ്ടം തോന്നി. ഇപ്പഴല്ല. ഈ ഇടവകയിൽ അനിത വന്നപ്പോൾ തന്നെ . അന്നേ തീരുമാനിച്ചതാ പറ്റുമെങ്കിൽ കൂടെ കൂട്ടണമെന്ന്. പക്ഷേ പപ്പയോടു പറയാന്‍ എനിക്കു പേടിയായിരുന്നു. അടുത്ത നാളിലാ പറഞ്ഞത്. പപ്പ പൊട്ടിത്തെറിക്കുമെന്നാ ഞാന്‍ വിചാരിച്ചത്. പക്ഷേ എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് പപ്പേം അമ്മേം അപ്പഴേ സമ്മതിച്ചു. അനിയത്തിക്കും വലിയ സന്തോഷമായി. അവൾക്ക് അനിതയെ നേരത്തേ മുതലേ ഇഷ്ടമായിരുന്നു. ആ ശബ്ദമാധുരി കേട്ടാല്‍ ആര്‍ക്കാ ഇഷ്ടപ്പെടാതെ വരിക?”
താൻ ആകാശത്തേക്ക് ഉയരുന്നതുപോലെ അവള്‍ക്കു തോന്നി.
“അനിതയുടെ മനസ്സറിഞ്ഞിട്ടുവേണം ബാക്കി കാര്യങ്ങള്‍. ചോദിക്കാനുള്ളതൊക്കെ ചോദിച്ചോ. ഒരു മടിയും വിചാരിക്കണ്ട .”
“പിറന്നുവീണപ്പം മുതല്‍ ഓര്‍ഫനേജില്‍ വളര്‍ന്ന എനിക്ക് ഒരുപാട് അറിവും ലോകപരിചയവുമൊന്നുമില്ല” വളരെ ബദ്ധപ്പെട്ടാണ് അവള്‍ അത്രയും പറഞ്ഞൊപ്പിച്ചത് .
“ഞങ്ങളും വല്യ പരിഷ്കാരികളൊന്നുമല്ല. തനി നാട്ടിൻപുറത്തുകാരാ.” ഒന്ന് നിറുത്തിയിട്ട് അയാൾ തുടർന്നു : ”ഒരു കാര്യം ഞാന്‍ ഉറപ്പുതരാം. എന്‍റെ ഭാഗത്തുനിന്ന് അനിതയെ വേദനിപ്പിക്കുന്ന ഒരു വാക്കോ പ്രവൃത്തിയോ ഒരിക്കലും ഉണ്ടാകില്ല. ഷുവര്‍.”
ആകാശത്തുനിന്നു പൂമഴ പെയ്തതുപോലെ അവൾക്കു തോന്നി ! താന്‍ കേള്‍ക്കാന്‍ കൊതിച്ച വാക്കുകൾ ചോദിക്കാതെ തന്നെ റോയി പറഞ്ഞിരിക്കുന്നു.
“അങ്ങനെയൊരാളെയാണ് ഞാൻ ആഗ്രഹിക്കുന്നതും.”
അനിത തുറന്നു പറഞ്ഞു.
”അനിതയുടെ ആഗ്രഹം നിറവേറ്റാൻ എനിക്ക് കഴിയുമെന്നാണ് എന്റെ വിശ്വാസം. ”
”അത് എന്റെ ഭാഗ്യമായിരിക്കുമെന്ന് ഞാനും കരുതുന്നു.”
പിന്നെയും ഒരുപാട് കാര്യങ്ങൾ റോയി പറയുകയും ചോദിക്കുകയും ചെയ്തു. അനിതയും ഉള്ളു തുറന്നു സംസാരിച്ചു. തമാശകളും വിശേഷങ്ങളുമായി സമയം പോയതറിഞ്ഞതേയില്ല. റോയിയുടെ സംസാരവും പെരുമാറ്റവും അങ്ങേയറ്റം ഇഷ്ടമായി അവൾക്ക് . എത്ര സ്നേഹത്തോടെയുള്ള വർത്തമാനം.
ഒടുവിൽ പോകാനായി റോയി എണീറ്റു.
“നാളെത്തന്നെ ഞാന്‍ പപ്പയേം അമ്മയേം ഇങ്ങോട്ടു പറഞ്ഞുവിടാം. അവരോടു സംസാരിച്ചുകഴിയുമ്പം അനിതേടെ പേടീം ആശങ്കയുമൊക്കെ മാറിക്കോളും.”
” എനിക്കിപ്പം പേടിയൊന്നുമില്ല ” അനിത ചിരിച്ചുകൊണ്ട് പറഞ്ഞു .
”ഓ കെ. ദൈവം അനുഗ്രഹിക്കുമെങ്കിൽ നമുക്ക് ഒന്നാകാം ! പോട്ടെ ?”
” ഉം ” അവൾ ചിരിച്ചുകൊണ്ട് തലകുലുക്കി.
റോയി യാത്ര പറഞ്ഞ് ഇറങ്ങി.
അനിതയ്ക്കു വിഷമം തോന്നി. അയാളുടെ സാമീപ്യം അവൾ കുറച്ചുനേരം കൂടി കൊതിച്ചു. ആ സംസാരം കേൾക്കാൻ എന്തൊരു രസമാണ് !
എത്ര മാന്യമായ പെരുമാറ്റമാണ് !
റോയിയുടെ പിന്നാലെ അവളും പുറത്തേക്കിറങ്ങി.
റോയി കാറിൽ കയറി സ്റ്റാർട്ട് ചെയ്യുന്നതും കാർ ഗേറ്റു കടന്നു റോഡിലേക്കിറങ്ങുന്നതും നോക്കി അവള്‍ വരാന്തയില്‍ തന്നെ നിന്നു.
“ഇഷ്ടായോ?”
മരിയ സിസ്റ്റര്‍ പിന്നില്‍ വന്നു നിന്നത് അവള്‍ കണ്ടതേയില്ല .
ഇഷ്ടമായി എന്ന അര്‍ത്ഥത്തില്‍ ലജ്ജ പുരണ്ട പുഞ്ചിരിയായിരുന്നു ആ ചോദ്യത്തിനുള്ള മറുപടി.
“എന്നാ പറഞ്ഞിട്ടു പോയി?”
“പപ്പേം അമ്മേം പറഞ്ഞുവിടാന്ന്.”
“കര്‍ത്താവിനോട് നീ ഉള്ളുരുകി പ്രാര്‍ത്ഥിച്ചോ. ഇത് നടന്നാൽ നിന്റെ രാജയോഗമാ ”
അനിത ചിരിച്ചതേയുള്ളൂ. ഒരുപാട് സന്തോഷത്തോടെയാണ് അവള്‍ തന്റെ റൂമിലേക്കു മടങ്ങിയത്.
മുറിയില്‍വന്ന് തിരുഹൃദയത്തിന്‍റെ രൂപത്തില്‍ നോക്കി കൈകൂപ്പി കണ്ണടച്ചുനിന്ന് അവള്‍ കർത്താവിനോടു പ്രാർത്ഥിച്ചു. ഈ കല്യാണം നടക്കണേയെന്ന്.
ഈ സമയം റോയിയുടെ കാർ ഇലഞ്ഞിക്കല്‍ തറവാടിന്‍റെ മുറ്റത്തേക്കു കയറി പോര്‍ച്ചില്‍ വന്നു നിന്നു. ഡോര്‍ തുറന്നു റോയി വെളിയിലേക്കിറങ്ങി.
സിറ്റൗട്ടിലെ ചാരുകസേരയില്‍ സഖറിയാസ് ചിന്താമൂകനായി നീണ്ടു നിവര്‍ന്ന് കിടപ്പുണ്ടായിരുന്നു . വലിയ ഒരു സ്വര്‍ണ്ണമാല രോമാവൃതമായ ആ നെഞ്ചില്‍ പറ്റിച്ചേര്‍ന്നു കിടക്കുന്നു. മുഖത്ത് ഗൗരവഭാവം .
റോയിയെ രൂക്ഷമായി ഒന്നു നോക്കിയതല്ലാതെ അയാള്‍ ഒന്നും ചോദിച്ചില്ല . റോയിയും ഒന്നും സംസാരിച്ചില്ല. അവന്‍ നേരേ അകത്തേക്കു നടന്നു.
സ്വീകരണമുറിയില്‍ അമ്മ മേരിക്കുട്ടിയും സഹോദരി ജിഷയും മരിച്ച വീട്ടില്‍ കുത്തിയിരിക്കുന്നതുപോലെ താടിക്കു കൈയും കൊടുത്ത് സങ്കടപ്പെട്ട് ഇരിക്കുകയായിരുന്നു. റോയിയെ കണ്ടതേ മേരിക്കുട്ടി ചോദിച്ചു:
“കണ്ടോ നീ അവളെ ?”
“കണ്ടു. സംസാരിക്ക്വേം ചെയ്തു. ഞാന്‍ അവളോടു പറഞ്ഞിരിക്കുന്നത് പപ്പയ്ക്കും അമ്മയ്ക്കും ഈ കല്യാണത്തിനു വല്യ താല്‍പര്യമാന്നാ. ഇനി നിങ്ങളതിന് ഒടക്കു വക്കുകയോ അവളോട് എന്തെങ്കിലും പറഞ്ഞു ഇതിൽ നിന്നു പിന്തിരിപ്പിക്കുകയോ ചെയ്തേക്കരുത് . അങ്ങനെ വല്ലതും സംഭവിച്ചാൽ പിന്നെ ഇങ്ങനെയൊരു മകൻ ഈ വീട്ടിൽ ഉണ്ടാകില്ലെന്നോർത്തോണം”
“എടാ കൊച്ചേ .., ജാതിയോ മതമോ ഏതെന്നറിയാത്ത ഒരനാഥപ്പെണ്ണിനെ…”
മേരിക്കുട്ടി അത്രയും പറഞ്ഞതേ റോയി ഇടപെട്ടു.
“ജനിച്ചു വീഴുമ്പം എല്ലാര്‍ക്കും ഒരേ ജാതിയും മതവുമാ അമ്മേ. മനുഷ്യജാതി . അവളും ആ ജാതിയിൽപെട്ടതാ! എനിക്കതുമതി . അവള്‍ക്കു സ്നേഹിക്കാന്‍ കഴിയുന്ന ഒരു ഹൃദയമുണ്ടെന്ന് ഇന്നു സംസാരിച്ചപ്പം എനിക്കു മനസ്സിലായി. ഈ പെണ്ണിനെയല്ലാതെ ഞാന്‍ വേറൊരു പെണ്ണിനെ കെട്ടുന്ന പ്രശ്നമേയില്ല. ദൈവം തമ്പുരാൻ ഇറങ്ങി വന്നു പറഞ്ഞാലും അതിനു മാറ്റമില്ല ”
“‘ ചേട്ടായി ഒന്നുകൂടി ഒന്നാലോചിച്ചിട്ട് ” ജിഷ മുഴുമിപ്പിക്കും മുൻപേ റോയി പറഞ്ഞു
” ചേട്ടായിക്ക് ഇനി ഒന്നും ആലോചിക്കാനില്ല . ശരിക്കും ആലോചിച്ചെടുത്ത തീരുമാനമാ . അതിന് ഇനി മാറ്റമുണ്ടാകില്ല .”
” കല്യാണം കഴിയുമ്പം അവളുടെ അപ്പനും അമ്മേം ആണെന്ന് പറഞ്ഞു വല്ല തെണ്ടികളും കേറി വന്നാൽ ഈ കുടുംബത്തിന്റെ മാനം പോകില്ലേ മോനെ? ”
മേരിക്കുട്ടി ദയനീയമായി മകനെ നോക്കി.
” പിന്നെ! ഇരുപത്തിമൂന്നു വർഷമായിട്ടു വരാത്ത അപ്പനും അമ്മേം അല്ലേ ഇനി വരാൻ പോകുന്നത്. അമ്മ ഒന്ന് മിണ്ടാതിരിക്ക്. ഒന്നുമല്ലെങ്കിലും മഠത്തിൽ വളർന്ന ഒരു കൊച്ചല്ലേ? ജീവിച്ച സാഹചര്യം മോശമാണെന്ന് ആരും പറയുകേലല്ലോ . എനിക്കാ പെണ്ണ് മതി ”
എല്ലാം കേട്ടുകൊണ്ട് സഖറിയാസ് സിറ്റ് ഔട്ടിൽ നിന്ന് എണീറ്റ് സ്വീകരണമുറിയിലേക്കു പാഞ്ഞു വന്നിട്ടു പറഞ്ഞു:
“നിനക്ക് ആ പെണ്ണിനെ മതിയെങ്കില്‍ അങ്ങു കെട്ടിച്ചു തന്നേക്കാം. പക്ഷേ കുറച്ചു നാളുകഴിഞ്ഞ് ഇതു വേണ്ടായിരുന്നെന്നു തോന്നിയാല്‍ പിന്നെ ജീവിതകാലം മുഴുവന്‍ ദുഃഖിക്കേണ്ടി വരും. ”
“അങ്ങനെയൊരു ദുഃഖം ഉണ്ടായാല്‍ അത് ഞാന്‍ സഹിച്ചോളാം. അതിന്റെ പേരിൽ നിങ്ങളെയാരെയും
കുറ്റപ്പെടുത്താൻ വരില്ല ! പോരെ ?”
“ഓക്കെ. നിന്റെ ഇഷ്ടം പോലെ നടക്കട്ടെ . ഇനി ഇതിനെപ്പറ്റി ഒരു തർക്കം വേണ്ട. ഞങ്ങള് തന്നെ പോയി ആലോചിച്ചു ഈ കല്യാണം നടത്തിത്തരാം”
റോയിക്കു സന്തോഷമായി
” പപ്പാ ഞാൻ … ”
” ഇനി ഒന്നും പറയണ്ട . നിന്റെ ഇഷ്ടം നടത്തിത്തരാമെന്നു പറഞ്ഞില്ലേ . പിന്നെന്താ ? നീ പോയി നിന്റെ ജോലി നോക്ക് ”
സഖറിയാസ് അമർഷത്തോടെ ചവിട്ടി കുലുക്കി പുറത്തേക്കിറങ്ങി സൗറ്റൗട്ടിലെ ചാരുകസേരയില്‍ വീണ്ടും വന്ന് ഇരുന്നു; കൈകകള്‍ രണ്ടും തലയ്ക്കടിയില്‍ വച്ച് ചിന്താമൂകനായി.
(തുടരും. മുഴുവൻ അധ്യായങ്ങളും വായിക്കാൻ ചുവടെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക )
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ ഒന്ന് മുതൽ 28 വരെയുള്ള മുഴുവൻ അദ്ധ്യായങ്ങൾ വായിക്കാൻ താഴെയുള്ള ലിങ്കിൽ പോകുക

Also Read അവൾ അനാഥയല്ല- നോവൽ- അദ്ധ്യായം 1

Also Read അവൾ അനാഥയല്ല – നോവൽ – അദ്ധ്യായം 2

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 3

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 4

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 5

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 6

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 7

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 8

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 9

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 10

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 11

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 12

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 13

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 14

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 15

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 16

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 17

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 18

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 19

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 20

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 21

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 22

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 23

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 24

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 25

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 26

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം27

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം28

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here