കഥ ഇതുവരെ-
കന്യാസ്ത്രീകൾ നടത്തുന്ന അനാഥാലയത്തിൽ വളർന്ന , സുന്ദരിയും പാട്ടുകാരിയുമായ അനിതയോട് ആ നാട്ടിലെ ധനാഢ്യനായ ഇലഞ്ഞിക്കൽ സഖറിയാസിന്റെ മകൻ റോയിക്ക് അനുരാഗം തോന്നി. റോയിയുടെ മാതാപിതാക്കൾ അവന്റെ നിർബന്ധത്തിനു വഴങ്ങി കല്യാണം നടത്തിക്കൊടുത്തു . ആദ്യരാത്രിയിൽ അനിതക്ക് മനസിലായി തന്റെ ഭർത്താവ് മദ്യത്തിന് അടിമയാണെന്ന് . അത് അവളെ തളർത്തി.
റോയിയുടെ അഭാവത്തിൽ അയാളുടെ പപ്പയും അമ്മയും അനിതയെ മാനസികമായി പീഡിപ്പിച്ചു. അനിത ഭർത്താവിനോട് തന്റെ ദുഃഖങ്ങൾ പറഞ്ഞു. അനിതയെ പീഡിപ്പിച്ചതിന്റെ പേരിൽ ഒരു രാത്രി മദ്യപിച്ചു വന്ന റോയി പപ്പയും അമ്മയുമായി വഴക്കിട്ടു . സഖറിയാസ് മകന്റെ കരണത്തടിച്ചു . കലിപൂണ്ട റോയി ആ രാത്രി തന്നെ ഭാര്യയെയും വിളിച്ചിറക്കി വീടുവിട്ടിറങ്ങി വാടകവീട്ടിൽ താമസമാക്കി . ഒരു ഇരുനില വീട് . മുകളിലത്തെ നിലയിൽ റോയിയും ഭാര്യയും . താഴെ വീട്ടുടമയായ ഹരികൃഷ്ണനും ഭാര്യ മിനിയും യു കെ ജിയിൽ പഠിക്കുന്ന മകൾ നീരജയും. ചെരിപ്പുകമ്പനിയിൽ ജോലിക്കെന്നു പറഞ്ഞു രാവിലെ പോകുന്ന റോയി നേരെ ചീട്ടുകളി കേന്ദ്രത്തിലേക്കാണ് പോകുന്നതെന്ന് ഹരിയിൽ നിന്ന് അനിത അറിഞ്ഞു. ഇതിന്റെ പേരിൽ റോയിയും അനിതയും തമ്മിൽ വഴക്കുണ്ടായി. ഇണക്കവും പിണക്കവുമായി അവരുടെ ജീവിതം മുന്പോട്ടുപോകുന്നതിനിടയിൽ അനിത ഗർഭിണിയായി. ചീട്ടുകളിയിൽ നഷ്ടം വന്നു സാമ്പത്തിക പ്രതിസന്ധിയിലായ റോയി ഗർഭഛിദ്രം നടത്താൻ അനിതയെ നിർബന്ധിച്ചു. അവൾ സമ്മതിച്ചില്ല. ഹരിയും അനിതയും തമ്മിൽ വഴിവിട്ട ബന്ധം ഉണ്ടോ എന്ന് സംശയിച്ചു റോയി ആ വീട് ഒഴിയാൻ തീരുമാനിച്ചു. (തുടർന്ന് വായിക്കുക )
റോയി വീട് ഒഴിയുവാണെന്നു കേട്ടപ്പോൾ നീരജമോള്‍ക്കും മിനിക്കും വലിയ സങ്കടമായി. അനിത ആന്റിയെ ഇനി കാണാന്‍ പറ്റില്ലല്ലോ എന്ന ദുഃഖമായിരുന്നു നീരജയ്ക്ക്. കുശുമ്പും കുന്നായ്മയുമില്ലാത്ത ഒരു കൂട്ടുകാരിയെ നഷ്ടപ്പെടുന്ന വിഷമം മിനിക്കും. അവൾ ഭര്‍ത്താവിനോടു പറഞ്ഞു:
“ആ പെണ്ണിനെ ആ മനുഷ്യന്‍ കൊണ്ടുപോയി കൊന്നുകളയുമോന്നാ എന്റെ പേടി. അച്ഛനും അമ്മയുമില്ലാത്ത ആ കൊച്ചിന്റെ ഒരു കഷ്ടകാലമേ. ദൈവം എന്തിനാ അതിനെ ഇങ്ങനെ വേദനിപ്പിക്കുന്നേ?”
“പാവം! ജീവിതകാലം മുഴുവൻ കണ്ണീരുകുടിക്കാനായിരിക്കും അതിന്റെ വിധി. ഓരോരുത്തർക്കും ഓരോന്ന് വിധിച്ചിട്ടുണ്ടല്ലോ. അതിന്റെ കരച്ചിൽ ഓർത്ത് ഒരുമാസത്തെ വാടക ഞാൻ വേണ്ടാന്നു വച്ചു. ”
“അതു നന്നായി ചേട്ടാ. പോരെങ്കില്‍ അതിപ്പം ഗര്‍ഭിണിയുമല്ലേ. ആശുപത്രിയിൽ പോകാനും മറ്റും എന്തോരം കാശുവേണം. അവനാണെങ്കിൽ ചീട്ടുകളിച്ചു നടക്കുകയല്ലാതെ വീട്ടിലെ കാര്യങ്ങൾ ഒന്നും നോക്കുന്നില്ല. നല്ല ഭക്ഷണം പോലും കഴിക്കുന്നുണ്ടാവില്ല ആ പാവം. കാര്യങ്ങൾ പറഞ്ഞുകൊടുക്കാൻ അമ്മയോ ബന്ധുക്കളോ ആരുമില്ലല്ലോ. അതിന്റെ ഒരു ഗതികേടെ! ”
”വല്യവീട്ടിലെ കൊച്ചനാ അവളെ കല്യാണം കഴിച്ചതെന്ന് പറഞ്ഞിട്ട് വല്യ കാര്യവുമുണ്ടോ? ഈ വെള്ളമടിക്കുന്നവന്മാര് ഒരുകാലത്തും ഗതിപിടിക്കില്ലെന്നു പറയുന്നത് ചുമ്മാതല്ല.”
” ഹരിയേട്ടൻ കുടിക്കാത്തത് എന്റെ ഭാഗ്യം. “
” അവസരമില്ലാഞ്ഞിട്ടല്ല. വേണ്ടാന്നു വച്ചിട്ടാ . പലപ്പോഴും സുഹൃത്തുക്കളുടെ പാർട്ടിയിൽ മദ്യപിക്കാൻ എന്നെ ഒരുപാട് നിർബന്ധിച്ചിട്ടുണ്ട്. പക്ഷെ ഞാൻ തൊട്ടിട്ടില്ല. അതിന്റെ പേരിൽ പെങ്കോന്തനെന്ന പേരും കിട്ടീട്ടുണ്ട് . കിട്ടിക്കോട്ടെ . നമുക്ക് നമ്മുടെ കുടുംബജീവിതമല്ലേ വലുത്.?”
” പിന്നല്ലേ! ഇങ്ങനെ ഒരു ഹസ്ബന്റിനെ കിട്ടിയത് എന്റെ ഭാഗ്യം.”
സ്വീകരണമുറിയിൽ അവർ സംസാരിച്ചിരിക്കുമ്പോൾ അനിത അങ്ങോട്ടു കയറി വന്നു. യാത്ര പറയാന്‍ വന്നതാണ്. ചെയ്ത ഉപകാരങ്ങള്‍ക്കും സഹായങ്ങള്‍ക്കും അവള്‍ മനസുതുറന്നു നന്ദി പറഞ്ഞു. അത് കേട്ടപ്പോൾ മിനിയുടെ കണ്ണു നിറഞ്ഞു പോയി.
” എനിക്കും എന്റെ ഹസ്ബന്റിനും വേണ്ടി പ്രാർത്ഥിക്കണം കേട്ടോ.”
ഇടറിയ സ്വരത്തിൽ അവൾ പറഞ്ഞു.
”തീർച്ചയായും. ”
അനിതയുടെ ശബ്ദം കേട്ടപ്പോള്‍ കിടപ്പുമുറിയിലിരുന്നു പടം വരച്ചുകൊണ്ടിരിക്കുകയായിരുന്ന നീരജമോള്‍ ചാടി എണീറ്റ് അനിത ആന്‍റീ എന്നു വിളിച്ചുകൊണ്ടു സ്വീകരണമുറിയിലേക്ക് ഓടി വന്നു.
മോളെ വാരിയെടുത്ത് അനിത ഉമ്മ വച്ചു.
“ആന്‍റി പോകണ്ടാട്ടോ.”
മോളുടെ സ്നേഹപ്രകടനം കണ്ടപ്പോള്‍ അനിതയുടെ കണ്ണുനിറഞ്ഞു.
” നീരജമോളെ വിട്ടു പോകുന്ന കാര്യം ഓർക്കാനേ വയ്യ ചേച്ചി” അനിതയുടെ കണ്ണുകൾ പൊട്ടിയൊഴുകി.
” കുറച്ചുമുമ്പ് റോയി പുറത്തേക്കു പോകുന്നതു കണ്ടു?” ഹരി ചോദിച്ചു
” സാധനങ്ങള് കേറ്റിക്കൊണ്ടുപോകാൻ വണ്ടി വിളിക്കാൻ പോയതാ.”
” എവിടാ വീടെടുത്തിരിക്കുന്നേ ?”
” എനിക്കറിയില്ല . ചോദിച്ചിട്ടൊന്നും പറഞ്ഞില്ല . എവിടാണെങ്കിലും പോയല്ലേ പറ്റൂ”
“പ്രഗ്നന്റ് ആയിരിക്കുന്ന ഈ അവസ്ഥയിൽ നീ നന്നായിട്ടു ശ്രദ്ധിക്കണം കേട്ടോ. നേരം ഇരുട്ടുന്നേനു മുമ്പ് വീട്ടില്‍ വരാന്‍ റോയിയോടു പറയണം. ഇനി ചെല്ലുന്ന സ്ഥലം എങ്ങനുള്ളതാണെന്ന് ആർക്കറിയാം .” മിനി ഓർമ്മിപ്പിച്ചു .
അനിത ഒന്നും മിണ്ടിയില്ല. അവളുടെ കണ്ണുകളിൽ നിന്ന് കുടുകുടെ മിഴിനീർ ഒഴുകുന്നത് മിനി ശ്രദ്ധിച്ചു.
“ഒരയല്‍ക്കാരിയെപ്പോലെയല്ല, എന്റെ അനിയത്തിയെപ്പോലെയാ ഞാൻ നിന്നെ കണ്ടിരുന്നത് . ഞങ്ങൾ എന്നും നിന്റെ കാര്യം പറയുമായിരുന്നു ”
“എനിക്കറിയാം ചേച്ചി. നിങ്ങളെ വിട്ടുപോകാന്‍ എനിക്കൊരുപാടു വിഷമമുണ്ട്. വല്ലപ്പോഴും വിളിക്കണം ട്ടോ. മോളുടെ ശബ്ദം കേള്‍ക്കാന്‍ കൊതിയാകും. ” നീരജയുടെ മുഖത്തേക്ക് നോക്കി തുടർന്ന്: ”ഈ ആന്റിയെ മറക്കരുത് കേട്ടോ മോളെ? ഭാഗ്യം ഉണ്ടെങ്കിൽ ഇനിയും എവിടെയെങ്കിലുമൊക്കെ വച്ച് നമുക്ക് കാണാം ”
നിറകണ്ണുകളോടെ എല്ലാവരോടും യാത്ര പറഞ്ഞിട്ട് അവള്‍ പുറത്തേക്കിറങ്ങി. അനിത പടികള്‍ കയറി മുകളിലേക്കു പോകുന്നതു ഹരിയും മിനിയും നീരജയും വാതില്‍ക്കല്‍ നോക്കിനിന്നു.
അര മണിക്കൂർ കഴിഞ്ഞപ്പോൾ ഒരു മിനി ലോറി മുറ്റത്തു വന്നുനിന്നു. റോയിയും ഒരു ചുമട്ടുതൊഴിലാളിയും ലോറിയിൽ നിന്നിറങ്ങി മുകളിലേക്കു കയറിപ്പോയി.
രണ്ടുപേരും കൂടി കൊണ്ടുപോകാനുള്ള സാധനങ്ങളെല്ലാം ലോറിയില്‍ കയറ്റി.
വീടുപൂട്ടിയിട്ട് റോയി താക്കോലുമായി ഹരിയുടെ അടുത്തേക്കു ചെന്നു.
“എവിടെയാ വീട് എടുത്തിരിക്കുന്നേ?”
ഹരി ചോദിച്ചു.
“കുറച്ചു ദൂരെയാ.” സംസാരിക്കാന്‍ താല്‍പര്യമില്ലാത്ത മട്ടിലാണ് റോയിയുടെ മറുപടി എന്നു മനസ്സിലായപ്പോള്‍ ഹരി കൂടുതലൊന്നും ചോദിച്ചില്ല.
മിനി അനിതയുടെ അടുത്തേക്കു വന്നു കരം പുണര്‍ന്നുകൊണ്ടു ചോദിച്ചു:
“ഇനി എന്നെങ്കിലും കാണാന്‍ പറ്റുമോ?”
ഒരു വിങ്ങിപ്പൊട്ടലായിരുന്നു മറുപടി.
“കരയണ്ട. നിനക്കു നല്ലതു വരും. ഞാന്‍ പ്രാര്‍ത്ഥിക്കാം.” – മിനി ചുമലില്‍ തട്ടി ആശ്വസിപ്പിച്ചു.
നീരജമോളെ എടുത്ത് ഒരിക്കല്‍ക്കൂടി ഉമ്മവച്ചിട്ട് അനിത റോയിയുടെ പിന്നാലെ ലോറിയുടെ അടുത്തേക്കു നടന്നു. മുന്‍സീറ്റില്‍ അനിതയെ കയറ്റിയിരുത്തിയിട്ട് തൊട്ടടുത്തു റോയിയും കയറി ഇരുന്നു.
ലോറി ഗേറ്റുകടന്നു പോകുന്നതു നിറകണ്ണുകളോടെ നോക്കി നിന്നു മിനിയും നീരജയും .
” കൊല്ലാൻ കൊണ്ടുപോകുന്നതുപോലെയാ ” സങ്കടം അടക്കാനാവാതെ മിനി കരഞ്ഞു പോയി .
ലോറിയിലിരിക്കുമ്പോൾ അനിതയുടെ നെഞ്ചകം പിടയുകയായിരുന്നു. ഇനി ഏതു ദുനിയാവിലാണോ താമസം ?
കുറേദൂരം ഓടിയിട്ട് ലോറി ഒരു പോക്കറ്റ് റോഡിലേക്കു തിരിഞ്ഞു. ആ വഴി കുറെ പോയിട്ട് ഒരു റബര്‍ തോട്ടത്തിലേക്കു കയറി . തോട്ടത്തിലെ ചെമ്മണ്‍റോഡിലൂടെയായിരുന്നു പിന്നീടുള്ള യാത്ര.
വിസ്തൃതമായ റബര്‍തോട്ടത്തിന്‍റെ നടുവില്‍ വിജനമായ സ്ഥലത്ത് പ്രേതാലയംപോലെ ഒരു പഴയ വീട്! വീടിന്‍റെ മുറ്റത്ത് വണ്ടി വന്നു നിന്നു. റോയി പറഞ്ഞു:
“ഇതാ വീട്.”
അനിത അന്തം വിട്ടിരുന്നുപോയി. ഈ ഭാര്‍ഗവീനിലയത്തിലാണോ ഇനിയുള്ള താമസം? അടുത്തെങ്ങും ഒരു മനുഷ്യജീവിയെപ്പോലും കാണാനില്ലല്ലോ?
” ചത്തപോലെ ഇരിക്കാതെ ഇറങ്ങ്. ”
റോയി അവളുടെ കൈ പിടിച്ചു ലോറിയിൽ നിന്നിറക്കി.
“തൊട്ടടുത്ത് താമസക്കാരൊന്നുമില്ലേ ?”
ചുറ്റും നോക്കിയിട്ട് അവള്‍ ചോദിച്ചു.
“ഒരുപാട് താമസക്കാരില്ലാത്തതാ നല്ലത്.”
റോയിയുടെ സംസാരത്തിലെ ദുരര്‍ത്ഥം അവള്‍ക്കു പിടികിട്ടി. പിന്നെ ഒന്നും ചോദിച്ചില്ല.
ഭയാശങ്കയോടെയാണ് അവൾ വീടിനുള്ളിലേക്കു കാലെടുത്തുവച്ചത് . പൊടിയും മാറാലയും പിടിച്ച് വൃത്തിഹീനമായി കിടക്കുകയാണ് മുറികളെല്ലാം. മച്ചില്‍ ചിതല്‍ കയറിയിരിക്കുന്നു. കുറേനാളായി ആൾ താമസമില്ലാതെ കിടക്കുന്ന വീടാണെന്ന് ഒറ്റനോട്ടത്തിലേ അറിയാം.
റോയി ലൈറ്റ് ഓണ്‍ ചെയ്തപ്പോള്‍ തറയില്‍നിന്ന് ഒരു അരണ ഇഴഞ്ഞ് അനിതയുടെ കാല്‍ക്കലേക്കു വന്നു. അവള്‍ ഞെട്ടി പിന്നാക്കം മാറി.
“ഹൊ! പേടിച്ചുപോയി. ഇവിടെങ്ങനെ താമസിക്കും റോയിച്ചാ?”
“ആദ്യം കുറച്ചു ദിവസത്തെ ബുദ്ധിമുട്ടേ ഉണ്ടാകൂ. അതു കഴിയുമ്പം എല്ലാം ഓക്കെയാകും.”
ഒരു മുറിയില്‍ പഴയ ഒരു കട്ടിലും മറ്റൊരുമുറിയില്‍ ഒരു മേശയും കസേരയുമുണ്ടായിരുന്നു.
ലോറിയില്‍നിന്നു ചുമട്ടുകാരന്‍ സാധനങ്ങളെല്ലാം ഇറക്കി മുറിക്കുള്ളിൽ കൊണ്ടുവന്നു വച്ചു.
റോയി വാതിലും ജനാലകളുമെല്ലാം തുറന്നിട്ടു. തറ വൃത്തിയാക്കാനും ചുമരിലെ ചിലന്തിവല തൂത്തുകളയാനും അനിതയെ റോയിയും സഹായിച്ചു. ചുമട്ടുകാരൻ കൂലിവാങ്ങിയിട്ടു അതേ ലോറിയിൽ തിരിച്ചുപോയി.
അടുപ്പില്‍ തീ കൂട്ടി അനിത ചായ ഉണ്ടാക്കി. ചായ കുടിച്ചുകൊണ്ടിരുന്നപ്പോള്‍ അനിത പറഞ്ഞു:
“ഈ പ്രേതാലയത്തിൽ എന്നെ തനിച്ചാക്കിയിട്ടു റോയിച്ചന്‍ എങ്ങും പോകരുതു കേട്ടോ. എനിക്കു തന്നെയിരിക്കാൻ പേടിയാ ”
“ഞാനിവിടെ കൂട്ടിരുന്നാൽ തിന്നാനുള്ളത് ആരു കൊണ്ടുവന്നു തരും?”
റോയി ചോദിച്ചു.
അനിത ഒന്നും മിണ്ടിയില്ല. അവളാകെ തളർന്നിരിക്കുകയായിരുന്നു.
കട്ടിലിൽ കയറി അവൾ കുറേനേരം ഓരോന്നോർത്തു വിഷമിച്ചു കിടന്നു
സന്ധ്യയായി.
രാത്രിയായി.
ലൈറ്റണച്ചിട്ടു ഉറങ്ങാൻ കിടന്നപ്പോൾ അനിതയ്ക്കു ഭയം തോന്നി. റോയി നേരത്തേ ഉറക്കം പിടിച്ചിരുന്നു. അനിതയ്ക്കുറക്കം വന്നില്ല. കണ്ണടയ്ക്കുമ്പോള്‍ മുമ്പില്‍ പ്രേതങ്ങള്‍ ഓടി നടക്കുന്നതുപോലൊരു തോന്നല്‍. ദൈവമേ ! എങ്ങനെ ഇരുട്ടി വെളുപ്പിക്കും ഈ പ്രേതാലയത്തിൽ?
*****
ചീട്ടുകളികേന്ദ്രത്തിന്‍റെ നടത്തിപ്പുകാരനും തരികിടപ്പണികളുടെ ആശാനുമായ ഷമീറാണ് ഇപ്പോള്‍ റോയിയുടെ അടുത്ത സുഹൃത്ത്. ഷമീറിന് ഇല്ലാത്ത ഊടായിപ്പുബിസിനസുകളൊന്നുമില്ല.
ചീട്ടുകളിയില്‍ പണനഷ്ടമുണ്ടായപ്പോള്‍ റോയിക്കു കാശു കടം കൊടുത്തു സഹായിച്ചത് അയാളായിരുന്നു. ഒന്നു കൊടുത്താല്‍ നാലുവാങ്ങിക്കാമെന്ന് അയാള്‍ക്കറിയാം. വാചകത്തിലൂടെ ആരെയും കറക്കി വീഴിക്കാന്‍ അതി സമര്‍ത്ഥന്‍. കാഴ്ചയില്‍ മാന്യനും മനുഷ്യസ്നേഹിയും. നിരവധി കേസുകളില്‍ പ്രതിയായ ഷമീര്‍ പോലീസിന്‍റെയും രാഷ്ട്രീയക്കാരുടെയും പിന്‍ബലത്തില്‍ തട്ടിപ്പും തരികിടപ്പണികളും നിർബാധം തുടര്‍ന്നുകൊണ്ടിരുന്നു. ഇതൊന്നും പക്ഷേ റോയിക്ക് അറിയില്ലായിരുന്നു .
റോയിക്ക് പുതിയ വീടു വാടകയ്ക്ക് എടുത്തു കൊടുത്തതു ഷമീറായിരുന്നു. കുറഞ്ഞ വാടക മാത്രം. അയാളുടെ കപട സ്നേഹത്തില്‍ റോയി വീണുപോയി. ശുദ്ധഹൃദയനായ റോയിയെ ഉപയോഗിച്ച് കൂടുതല്‍ തട്ടിപ്പു നടത്തുക എന്നതായിരുന്നു ഷമീറിന്‍റെ ലക്ഷ്യം.
ഒരു ദിവസം ഷമീര്‍ റോയിയോടു പറഞ്ഞു:
“നീ താമസിക്കുന്ന വീടിന്‍റെ വടക്കുവശത്തെ ആ ഒറ്റപ്പെട്ട മുറിയുണ്ടല്ലോ, അതെനിക്കു വിട്ടുതന്നാല്‍ മാസംതോറും അന്പതിനായിരം രൂപ വീതം ഞാന്‍ നിനക്കു തരാം.”
റോയി അതിശയത്തോടെ വാ പൊളിച്ചിരുന്നുപോയി.
“എന്തിനാ അത് ?”
“പറയുമ്പം നീ തെറ്റിദ്ധരിക്കരുത്. കള്ളനോട്ടു കച്ചവടത്തിനാ. പാക്കിസ്ഥാനീന്നു വരുന്ന കള്ളനോട്ടില്‍ കുറച്ച് ഇവിടെ കൊണ്ടുവന്നു സൂക്ഷിക്കും. അതിവിടെ വിതരണം ചെയ്യുവൊന്നുമില്ല. ബംഗാളികളായ കുറെ ഏജന്‍റമാരുണ്ട്. അവരുവഴി അതു നോര്‍ത്ത് ഇന്ത്യയിലേക്കു കടത്തും. അതുകൊണ്ട് നമുക്കിവിടെ ഒരു റിസ്കുമില്ല. ഇതൊരു ഗോഡൗൺ മാത്രം . നിനക്കു തരുന്ന കാശ് കള്ളനോട്ടല്ല ഒറിജിനല്‍ കറന്‍സി ആയിരിക്കും. അതുകൊണ്ടു നിനക്കൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല. ”
“അയ്യോ. ഞാനില്ല.” റോയി കേട്ടപാടെ നിരസിച്ചു.
“പേടിക്കാനൊന്നുമില്ലെന്നേ. കള്ളനോട്ടുകച്ചവടം അത്ര തരം താഴ്ന്ന ബിസിനസൊന്നുമല്ല. പിടിക്കപ്പെടുമെന്നുള്ള പേടീം വേണ്ട. പോലീസുകാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കുമൊക്കെ ഞാന്‍ മാസാമാസം തുട്ടെണ്ണിക്കൊടുക്കുന്നുണ്ട്. അതുകൊണ്ടു അവരാരും നമ്മളെ തൊടില്ല.
“എന്തൊക്കെയായാലും ഈ പണിക്കു ഞാനില്ല “
“ബിസിനസു പച്ചപിടിച്ചാല്‍ അന്പതിനായിരമെന്നത് ഞാന്‍ വീണ്ടും കൂട്ടിത്തരും. നിന്നെ ഒരു അനിയനെപ്പോലെയാ ഞാന്‍ കാണുന്നത്. ചീട്ടുകളിച്ചു നഷ്ടം വന്നപ്പം കാശുതന്നു സഹായിച്ചതു ഞാനല്ലേ?”
“അതു പലിശയ്ക്കല്ലേ?”
“അതെ. ഒരു സെക്യൂരിറ്റീം വാങ്ങാതെ ചോദിച്ച കാശു ഞാന്‍ തന്നില്ലേ? നീയൊന്നാലോചിച്ചു നോക്ക്. ഒരു മുടക്കുമില്ലാതെ ഒരുവര്‍ഷം നിനക്കു കിട്ടാന്‍ പോകുന്നത് ആറു ലക്ഷം ഇന്ത്യന്‍ റുപ്പിയാ. ഒരു കാറൊക്കെ വാങ്ങി വീട്ടില്‍ചെന്ന് അപ്പന്‍റെ മുമ്പില്‍ ഞെളിഞ്ഞു നിന്നു രണ്ടു വര്‍ത്തമാനം പറയണ്ടേ? അടിച്ചിറക്കി വിട്ടതല്ലേ നിന്നെ അയാള് ?”
വിദഗ്ധമായി ബ്രെയിന്‍ വാഷ് ചെയ്തു റോയിയെ വീഴ്ത്താൻ ഷമീറിന് കഴിഞ്ഞു . അയാള്‍ ചതിക്കില്ലെന്നു റോയി വിശ്വസിച്ചു. വാചകത്തിലൂടെയും പെരുമാറ്റത്തിലൂടെയും അങ്ങനെ വിശ്വസിപ്പിക്കാന്‍ ഷമീറിനു കഴിഞ്ഞു എന്നതാണ് സത്യം .
ഒറ്റാലില്‍ വീണ മീന്‍ ചാടിപ്പോകാതിരിക്കാന്‍ ഷമീര്‍ അപ്പോള്‍ത്തന്നെ അയാള്‍ക്ക് 25000 രൂപ അഡ്വാന്‍സ് നല്‍കുകയും ചെയ്തു.
************
വീടിന്‍റെ വടക്കുവശത്തെ മുറിയില്‍ പുറത്തുനിന്ന് ആളുകള്‍ വരികയും പോകുകയും ചെയ്യുന്നതുകണ്ടപ്പോള്‍ അനിതയ്ക്കു സംശയമായി. അവള്‍ റോയിയോട് അക്കാര്യം സൂചിപ്പിച്ചപ്പോൾ . റോയി പറഞ്ഞു:
“അതു വീട്ടുടമസ്ഥന്‍റെ എന്തോ കച്ചവടസാധനങ്ങളു സൂക്ഷിക്കുന്ന ഗോഡൗണാ. നമ്മളങ്ങോട്ടു ശ്രദ്ധിക്കണ്ട.”
അനിത അതു വിശ്വസിച്ചു.
പിന്നീടുള്ള ദിവസങ്ങളിൽ റോയി കൂടുതല്‍ സന്തോഷവാനായി കാണപ്പെട്ടു. ഭാര്യയോടുള്ള സ്നേഹം കൂടി. പണയം വച്ച താലിമാല തിരിച്ചെടുത്തു കൊടുത്തു. അലമാരയും ഫ്രിഡ്ജുമുള്‍പ്പെടെ വീട്ടിലേക്ക് ഒരുപാടു സാധനങ്ങൾ വാങ്ങിക്കൊണ്ടുവന്നു. യാത്ര ചെയ്യാന്‍ ഒരു പുതിയ ബൈക്കും വാങ്ങി. ആർഭാടം നിറഞ്ഞ ജീവിതം കണ്ടപ്പോള്‍ അനിതയ്ക്കു സംശയം തോന്നി. ഇതിനുവേണ്ട പണമെല്ലാം എങ്ങനെ സംഘടിപ്പിച്ചു? ഒരു ദിവസം അവളതു തുറന്നു ചോദിച്ചു. റോയി പറഞ്ഞു:
“ഞാന്‍ മൂന്നു ലക്ഷം രൂപ ലോണെടുത്തു. എന്‍റെ കൂടെ പഠിച്ച ഒരുത്തന്‍ ഇപ്പം സ്റ്റേറ്റ് ബാങ്കിലെ ബ്രാഞ്ചുമാനേജരാ. ഒരു മാസം മുമ്പ് ഞാനവനെ കണ്ടു. എന്‍റെ പ്രയാസങ്ങളു കേട്ടപ്പം അവനെനിക്കൊരു ലോണ്‍ ശരിയാക്കിത്തന്നു. രണ്ടുവർഷം കഴിഞ്ഞു കുറേശ്ശെ തിരിച്ചടച്ചാല്‍ മതി.”
റോയി പറഞ്ഞ നുണ പൂർണ്ണമായും അവൾ വിശ്വസിച്ചു.
********
റോയിയും അനിതയും തുണിക്കടയില്‍ നില്‍ക്കുകയാണ്. അനിതയ്ക്കു പുതിയ കുറെ ഡ്രസുകള്‍ വാങ്ങണം. ഇഷ്ടമുള്ളതൊക്കെ വാങ്ങിക്കൊള്ളാൻ റോയിയുടെ അനുമതി കിട്ടിയപ്പോൾ അവൾക്കു സന്തോഷമായി. ഏറെ നേരം നോക്കി നടന്നു ഇഷ്ടപ്പെട്ട കുറെ ചുരിദാറുവുകൾ തിരഞ്ഞെടുത്തു വച്ചു .
” കഴിഞ്ഞോ?” റോയി ചോദിച്ചു
” ഉം ”
ബില്ലു പേ ചെയ്യാനായി റോയി പോക്കറ്റില്‍ നിന്ന് അഞ്ഞൂറിന്റെ കുറെ നോട്ടുകളെടുത്തു കാഷ്യറുടെ നേരെ നീട്ടി
കാഷ്യര്‍ അത് വാങ്ങി നോക്കിയപ്പോൾ എല്ലാം കള്ളനോട്ട്. റോയിയെ അക്കാര്യം അറിയിക്കാതെ കാഷ്യര്‍ ചെന്നു മാനേജരോടു വിവരം പറഞ്ഞു.
ഇത്തിരിനേരം വെയ്റ്റു ചെയ്യാന്‍ കാഷ്യര്‍ വന്നു പറഞ്ഞപ്പോഴും റോയിക്കു സംശയം ഒന്നും തോന്നിയില്ല .
പത്തു മിനിറ്റിനുള്ളിൽ സ്ഥലം എസ്ഐയും നാലഞ്ചു പോലീസുകാരും തുണിക്കടയിൽ പാഞ്ഞെത്തി. മാനേ ജരോട് സംസാരിച്ചിട്ട് അവർ നേരെ റോയിയുടെ അടുത്തേക്കു വന്നു.
” നിന്റെ പേരെന്താടാ ?” എസ് ഐ ചോദിച്ചു.
റോയി പേര് പറഞ്ഞു
” നീയാണോ ഈ കാശ് ഇവിടെ കൊടുത്തത് ?”
കുറെ അഞ്ഞൂറ് രൂപാ നോട്ടുകൾ കാണിച്ചുകൊണ്ട് എസ് ഐ ചോദിച്ചു.
” അതെ !”
” വേറെ കാശുണ്ടോ കയ്യിൽ ?”
” ഉവ്വ് ”
”കാണട്ടെ ”
റോയി പോക്കറ്റിൽ നിന്ന് കുറെ അഞ്ഞൂറ് രൂപാ നോട്ടുകൾ കൂടി എടുത്തു കാണിച്ചു .
അത് വാങ്ങി സൂക്ഷ്മമായി പരിശോധിച്ചിട്ടു എസ് ഐ ചോദിച്ചു .
” എത്ര കാലമായി ഈ ബിസിനസ് തുടങ്ങിയിട്ട് ?”
” എന്ത് ബിസിനസ് ?”
” നിനക്കൊന്നും അറിയില്ല അല്ലേ ? മനസിലാക്കി തരാം ! കേറെടാ വണ്ടീല്‍..”
റോയിയെ പോലീസുകാര്‍ ബലമായി പിടിച്ചുകൊണ്ടു പോയി ജീപ്പിൽ കയറ്റുന്നത് കണ്ടപ്പോള്‍ അനിത വാവിട്ടു കരഞ്ഞു.
(തുടരും.അടുത്തഭാഗം നാളെ )
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
Also Read അവൾ അനാഥയല്ല- നോവൽ- അദ്ധ്യായം 1
Also Read അവൾ അനാഥയല്ല – നോവൽ – അദ്ധ്യായം 2
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 3
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 4
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 5
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 6
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 7
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 8
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 9
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 10
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 11
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 12
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 13
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 14