കഥ ഇതുവരെ-
അനാഥാലയത്തില്‍ വളര്‍ന്ന, സുന്ദരിയും പാട്ടുകാരിയുമായ അനിതയോടു പ്രണയം തോന്നി, ധനാഢ്യനായ ഇലഞ്ഞിക്കല്‍ റോയി അവളെ കല്യാണം കഴിച്ചു. മാതാപിതാക്കളോട് വഴക്കിട്ട് അവര്‍ വാടകവീട്ടില്‍ താമസമാക്കി. മദ്യപാനവും ചീട്ടുകളിയും മൂലം സാമ്പത്തികപ്രതിസന്ധിയുണ്ടായപ്പോള്‍ റോയി കള്ളനോട്ടുകച്ചവടത്തില്‍ പങ്കാളിയായി. പോലീസ് പിടിച്ച് അയാളെ ജയിലിലാക്കി. ഇലഞ്ഞിക്കല്‍ തറവാട്ടില്‍ തിരിച്ചെത്തിയ അനിതയെ കൊല്ലാന്‍ വാടകക്കൊലയാളിയെ ചുമതലപ്പെടുത്തി സഖറിയാസ്. ഗര്‍ഭിണിയായ അനിതയോടു സഹതാപം തോന്നിയ വാടക ഗുണ്ട അവളെ കൊല്ലാതെ ഇടുക്കിയിലെ കടുവാക്കുന്ന് എന്ന ഗ്രാമത്തില്‍ ഏലിക്കുട്ടി എന്ന വൃദ്ധയുടെ വീട്ടില്‍ കൊണ്ടുവന്നു രഹസ്യമായി താമസിപ്പിച്ചു. കടുവാക്കുന്നുപള്ളിയിലെ വികാരിയച്ചന്‍ അവളെ പള്ളിയിലെ ഗായകസംഘത്തിന്റെ ലീഡറാക്കി. റോയിയെ ജാമ്യത്തിലിറക്കിയ സഖറിയാസ്, അനിത മറ്റൊരാളുടെ കൂടെ നാടുവിട്ടുപോയി എന്ന് അവനെ തെറ്റിദ്ധരിപ്പിച്ചു. റോയി ദുഃഖിതനായി. അവനെ മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചു സഖറിയാസ് . ആ കല്യാണം ഉറപ്പിച്ചു. അനിത ഒരു ആൺ കുഞ്ഞിന് ജന്മം നൽകി . കല്യാണത്തിന് ഒരാഴച്ച മുൻപ് പ്രതിശ്രുതവധു അപർണ റോയിയെ ഫോൺ ചെയ്തു ഒരു രഹസ്യം അറിയിച്ചു . (തുടര്‍ന്നു വായിക്കുക)
അപർണയുടെ ഫോണ്‍ സംഭാഷണം റോയി മൊബൈലിൽ റെക്കോര്‍ഡു ചെയ്തിരുന്നു. അത് ഒരിക്കല്‍ക്കൂടി അവൻ പ്ലേ ചെയ്തു കേട്ടു.
“കോളജില്‍ പഠിക്കുന്ന കാലത്ത് എനിക്കൊരു തെറ്റ് പറ്റി. ഞാനൊരാളുമായി സ്നേഹത്തിലായിരുന്നു. ആ സ്നേഹത്തിന്റെ ഊഷ്മളതയിൽ അയാളെ വിശ്വസിച്ചു ഞാൻ എന്റെ ശരീരവും കൂടി പങ്കുവച്ചു . പ്രഗ്നന്റ് ആയീന്നു മനസ്സിലായപ്പം ആരും അറിയാതെ അയാൾ എന്നെ ഒരു ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി അബോര്‍ഷന്‍ നടത്തി. അതിനുശേഷം അയാൾ എന്നിൽ നിന്നു അകന്നു. പിന്നീട് പഠനം കഴിഞ്ഞ് വേറൊരാളുമായി എന്‍റെ കല്യാണം നടന്നു. എനിക്കൊരു കുഞ്ഞുണ്ടാവാതെ വന്നപ്പം ഞാനും ഹസ്ബന്‍റും കൂടി പോയി ഒരു ഡോക്ടറെ കണ്ടു. പരിശോധനയെല്ലാം കഴിഞ്ഞിട്ട് ഡോക്ടര്‍ എന്നെ വിളിച്ചു രഹസ്യമായി ചോദിച്ചു മുന്‍പ് അബോര്‍ഷന്‍ നടത്തിയിട്ടുണ്ടോന്ന്. ഉണ്ടെന്നു പറഞ്ഞപ്പം ഡോക്ടര്‍ സങ്കടത്തോടെ ഒരു സത്യം പറഞ്ഞു. അബോര്‍ഷന്‍ നടത്തിയതിലെ പിഴവുമൂലം എന്‍റെ യൂട്രസിനു തകരാറു സംഭവിച്ചെന്നും എനിക്കിനി ഒരിക്കലും ഒരമ്മയാകാന്‍ പറ്റില്ലെന്നും. അതോടെ തളര്‍ന്നുപോയി ഞാന്‍. അബോര്‍ഷന്‍ നടത്തിയ കാര്യം ഹസ്ബന്‍റിനോടു ഡോക്ടര്‍ പറഞ്ഞില്ല. പക്ഷേ, ഒരിക്കലും എനിക്ക് ഒരു കുഞ്ഞിന് ജന്മം നൽകാനാവില്ലെന്ന് പറഞ്ഞു. ആ വിഷമത്തിലാണ് എന്റെ ഹസ്ബന്‍റ് അറ്റാക്കു വന്നു മരിച്ചത്.
കുഞ്ഞുണ്ടാവില്ലെന്ന കാര്യം റോയിയോടു പലതവണ പറയാന്‍ ഞാന്‍ ഒരുമ്പെട്ടതാ. പക്ഷേ, പപ്പയും അമ്മയും സമ്മതിച്ചില്ല. അവര്‍ക്കെന്നെ ആരുടെയെങ്കിലും തലേല്‍ കെട്ടിയേല്പിക്കണമെന്നേയുണ്ടായിരുന്നുള്ളൂ. ഇനിയും എനിക്കതു ഒളിച്ചുവയ്ക്കാനുള്ള ശക്തിയില്ല . അതുകൊണ്ടാ ഞാൻ ഇപ്പം എല്ലാം തുറന്നു പറയുന്നത് . റോയി എന്നോടു ക്ഷമിക്കണം.”
കുറച്ചുനേരം താടിക്കു കൈയും കൊടുത്തു ചിന്താമൂകനായി ഇരുന്നു റോയി. പത്തുകല്പനകളില്‍ ഏതെങ്കിലും ലംഘിച്ചാല്‍ ദൈവം പൊറുക്കില്ല. അതിന്റെ ശിക്ഷയാണ് അപർണ ഇപ്പോൾ അനുഭവിക്കുന്നത് ! അനിത ഗര്‍ഭിണിയാണെന്നു പറഞ്ഞപ്പോള്‍ താന്‍ എന്തുമാത്രം നിര്‍ബന്ധിച്ചു അബോര്‍ഷന്‍ നടത്താന്‍! അന്ന് അങ്ങനെ പറഞ്ഞതിന്‍റെ ശിക്ഷയായിരിക്കാം ഇപ്പോള്‍ താൻ അനുഭവിക്കുന്നതും.
ഒരു കുഞ്ഞിന്‍റെ അമ്മയാകാന്‍ കഴിവില്ലാത്ത ഒരു പെണ്ണിനെ താന്‍ എന്തിനു വിവാഹം കഴിക്കണം? വെറുതെ ഒരു കൂട്ടിനോ? പക്ഷേ, ഇത്രയും അടുത്ത സ്ഥിതിക്ക് അവളെയങ്ങുപേക്ഷിക്കാനും മനസ്സു വരുന്നില്ല.
എന്തുചെയ്യണമെന്ന് അവനു ഒരെത്തും പിടിയും കിട്ടിയില്ല.
റോയി മൊബൈല്‍ എടുത്തിട്ട് മുറിയില്‍ നിന്നിറങ്ങി. പടികള്‍ ചവിട്ടി ഇറങ്ങി താഴേക്കു ചെന്നു.
മേരിക്കുട്ടി അടുക്കളയില്‍ കറി ചൂടാക്കിക്കൊണ്ടിരിക്കുകയായിരുന്നു. അപര്‍ണ ഫോൺ ചെയ്ത കാര്യം അമ്മയോടു പറഞ്ഞിട്ടു റോയി മൊബൈലില്‍ റിക്കോര്‍ഡു ചെയ്ത അവളുടെ സംഭാഷണം പ്ലേ ചെയ്ത് അമ്മയെ കേള്‍പ്പിച്ചു.
എല്ലാം കേട്ടപ്പോൾ മേരിക്കുട്ടി വായ് പൊളിച്ചു താടിക്കു കൈയും കൊടുത്തു നിന്നുപോയി.
“ആ പെണ്ണിനിതു നേരത്തേ പറയായിരുന്നില്ലേ? വൃത്തികെട്ടവൾ ” – മേരിക്കുട്ടിക്ക് രോഷവും സങ്കടവും അടക്കാനായില്ല . അപർണയെക്കുറിച്ചു വായിൽ വന്നതൊക്കെ അവർ പുലമ്പി.
“ഞാനെന്തു ചെയ്യണം അമ്മേ?” റോയി ചോദിച്ചു.
“എന്തുചെയ്യാൻ? കുഞ്ഞുങ്ങളുണ്ടാകേലാത്ത പെണ്ണിനെ നിനക്കെന്തിനാടാ? ദൈവാനുഗ്രഹംകൊണ്ട് ഇപ്പഴെങ്കിലും അതവൾക്കു പറയാൻ തോന്നിയല്ലോ . നീയവളെ മനസ്സീന്നു കളഞ്ഞേക്ക്. ഇനി ആ പെണ്ണിനെക്കുറിച്ചു ഓർക്കുകയേ വേണ്ട ”
മേരിക്കുട്ടി ഫോണുമായി അടുത്തനിമിഷം സഖറിയാസിന്‍റെ അടുത്തേക്കോടി. ഭർത്താവിനെ അവർ ഫോൺ സംഭാഷണം കേൾപ്പിച്ചു. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ സഖറിയാസിനും മേരിക്കുട്ടിയുടെ അതേ അഭിപ്രായമായിരുന്നു. ഈ കല്യാണം വേണ്ട.
“പക്ഷേ, ഇത്രയും ആയ സ്ഥിതിക്ക്.”
റോയി അങ്ങനെ പറഞ്ഞപ്പോൾ മേരിക്കുട്ടി ഇടപെട്ടു.
“എന്ത് ആയ സ്ഥിതിക്ക് ? കല്യാണമൊന്നും നടന്നില്ലല്ലോ? പിന്നെന്താ? അമ്മയാകാന്‍ കഴിവില്ലാത്ത ഒരു പെണ്ണിന്‍റെ കൂടെ ജീവിതകാലം മുഴുവന്‍ നിനക്കു കഴിയാന്‍ പറ്റുമോ മോനെ ? ഒരുകുഞ്ഞിക്കാല് കാണാതെ എന്ത് ജീവിതമാടാ? ഒരു കാരണവശാലും ഞാനിതിന്നു സമ്മതിക്കുകേല.”
മേരിക്കുട്ടിയുടെ അഭിപ്രായത്തെ സഖറിയാസും പിന്തുണച്ചു.
“പപ്പയ്ക്കും അമ്മയ്ക്കും വേണ്ടെങ്കില്‍ എനിക്കും വേണ്ട. ചിറകു കരിഞ്ഞ ഒരു പക്ഷിയായിപ്പോയില്ലേ ഞാൻ. ഇനി എന്റെ അഭിപ്രായത്തിനിവിടെ എന്ത് വില . പക്ഷേ, ഒരു കാര്യം ഞാൻ പറഞ്ഞേക്കാം . ഇനിയും ഒരു കല്യാണത്തിനു എന്നെ നിര്‍ബന്ധിക്കരുത്. ”
അത്രയും പറഞ്ഞിട്ട് റോയി എണീറ്റ് തന്‍റെ മുറിയിലേക്കു പോയി.
മേരിക്കുട്ടിയും സഖറിയാസും മുഖത്തോട് മുഖം നോക്കി.
“ഇപ്പഴത്തെ ആ വിഷമംകൊണ്ടു പറഞ്ഞതാ അവൻ.. അതു മാറിക്കോളും. ഇനി ഉടനെ ഒരു കല്യാണം ആലോചിക്കണ്ട. ഒരു വര്‍ഷം കഴിയട്ടെ. പ്രായം ഒരുപാടൊന്നും ആയില്ലല്ലോ. അപ്പോഴേക്കും കേസും പുക്കാറുമൊക്കെ തീര്‍ന്ന് അവന്‍റെ മനസ്സു സ്വസ്ഥമാകും. അതുകഴിയുമ്പം നമുക്ക് ആലോചിക്കാം ”
മേരിക്കുട്ടിയുടെ അഭിപ്രായം സഖറിയാസിനും സ്വീകാര്യമായിരുന്നു.
********
അനിതയുടെ ഉണ്ണിക്കുട്ടന് അടുത്ത ആഴ്ച ഒരു വയസ്സ് തികയുകയാണ്. ഒന്നാം പിറന്നാള്‍ ഗംഭീരമായി ആഘോഷിക്കണമെന്ന് ഏലിക്കുട്ടിക്ക് നിർബന്ധം . അനിത വിസമ്മതിച്ചു.
”എനിക്കും മോനും വേണ്ടി ഇതിനോടകം അമ്മ എന്തുമാത്രംപൈസ ചെലവാക്കി. ഇനി ബര്‍ത് ഡേ ആഘോഷത്തിനുകൂടി പൈസ ചിലവാക്കണ്ടാ അമ്മേ . തന്നതൊന്നും തിരിച്ചുതരാൻ എനിക്കാവില്ലല്ലോ !” അവൾ പറഞ്ഞു.
” അത് സാരമില്ല കൊച്ചേ. എനിക്കൊരു മകളില്ലാത്തതിന്റെ പ്രയാസം നീ വന്നപ്പഴാ മാറിയത്. നമുക്കിത് ഗംഭീരമായിട്ടങ്ങു ആഘോഷിക്കാന്നേ ”
”വേണ്ടമ്മേ . ഒരുപാട് പബ്ലിസിറ്റി ഒന്നും കൊടുക്കണ്ട . പിന്നെ നാട്ടുകാരുടെ ചോദ്യങ്ങളും പറച്ചിലുകളുമൊക്കെ ഉണ്ടാകും. ഇപ്പം തന്നെ ഓരോരുത്തര് കഥകളുണ്ടാക്കി പറഞ്ഞു നടക്കുന്നുണ്ടല്ലോ. നമുക്ക് വികാരിയച്ചനെ വിളിച്ചു പ്രാര്‍ത്ഥിച്ചിട്ട് ഒരു കേക്കു മുറിച്ച് സിമ്പിളായി ആഘോഷിച്ചാല്‍ മതി”
”ദൈവം നിനക്ക് തന്ന മുത്തല്ലേ ഇവൻ. ആ സന്തോഷം നമ്മൾ നന്നായി ആഘോഷിക്കണ്ടേ?”
”അങ്ങനെയുള്ള ഒരു സാഹചര്യത്തിലല്ലല്ലോ അമ്മേ എന്റെ ജീവിതം. ഞാൻ പിഴച്ചു പെറ്റ പെണ്ണാണെന്ന് വരെ ഇവിടെ ചിലർ പറഞ്ഞു നടക്കുന്നുണ്ട്. ”
”എനിക്കറിയാം മോളെ . ചില മനുഷ്യർക്ക് മറ്റുള്ളവരിൽ കുറ്റം കണ്ടെത്തുന്നതിലാണ് സന്തോഷം. എത്ര ശ്രമിച്ചാലും നമുക്ക് അവരെ തിരുത്താൻ പറ്റില്ല.”
” അതുകൊണ്ടാ ഞാൻ പറഞ്ഞത് ബർത്ത് ഡേ ഒരു ആഘോഷമാക്കണ്ടാന്ന് . അച്ചനെ വിളിച്ചാൽ മാത്രം മതി അമ്മേ. ”
“എന്നാ നിന്‍റെ ഇഷ്ടംപോലെ ആയിക്കോട്ടെ.” ഏലിക്കുട്ടി തുടര്‍ന്നു: “നാളെ കുര്‍ബാന കഴിയുമ്പം അച്ചനെക്കണ്ടു കാര്യം പറ. പിറന്നാൾ ആഘോഷത്തിനൊക്കെ അച്ചന്‍ വരുമോന്നറിഞ്ഞൂടാ.”
“ചോദിച്ചു നോക്കാം അമ്മേ. വന്നാൽ വരട്ടെ . ഇല്ലെങ്കിൽ നമുക്കു മൂന്നുപേർക്കും കൂടി ഒരു കേക്ക് മുറിച്ചങ്ങു ആഘോഷിക്കാം ”
”ഉം ”
അടുത്ത ദിവസം കുര്‍ബാന കഴിഞ്ഞു പള്ളിമേടയില്‍ ചെന്ന് അനിത ആന്‍റണിയച്ചനെ കണ്ടു. ആഗമനോദ്ദേശ്യം വെളിപ്പെടുത്തിയപ്പോൾ അച്ചൻ പറഞ്ഞു .
“എന്റെ കൊച്ചേ ഞാനീ ബർത്ത് ഡേ പാര്‍ട്ടിക്കൊന്നും പോകാറുള്ളതല്ല. ഇതിപ്പം നിന്‍റെ മോന്‍റെയായതുകൊണ്ട് ഞാന്‍ വരാം. നിന്‍റെ വേദനേം വിഷമോം എനിക്കറിയാവുന്നതുകൊണ്ടാ വരാന്നു വച്ചത്. അതുമല്ല , നീ പള്ളീലെ ക്വയറിന്റെ ലീഡറുമാണല്ലോ. ആ സ്നേഹം എനിക്ക് കാണിക്കാതിരിക്കാൻ പറ്റുമോ.”
“താങ്ക്യൂ ഫാദര്‍.”
അച്ചനോടു നന്ദി പറഞ്ഞിട്ട് അവള്‍ പള്ളിമേടയില്‍നിന്നിറങ്ങി വീട്ടിലേക്കു നടന്നു.
പിറന്നാൾ ദിവസം കൃത്യസമയത്തുതന്നെ ആന്‍റണിയച്ചന്‍ ഏലിക്കുട്ടിയുടെ വീട്ടിലെത്തി.
അനിതയുടെ ഒക്കത്തിരുന്ന ഉണ്ണിക്കുട്ടന്‍റെ ശിരസ്സില്‍ അച്ചന്‍ സ്നേഹവായ്പോടെ തഴുകി. അച്ചനെ നോക്കി അവന്‍ വെളുക്കെ ചിരിച്ചു. അവന്‍റെ കുഞ്ഞിക്കവിളില്‍ വാത്സല്യപൂര്‍വ്വം മൃദുവായി ഒന്ന് നുള്ളിയിട്ട് അച്ചന്‍ പറഞ്ഞു:
“കണ്ടോ, ഇവനെന്നെ ഇഷ്ടായി. ഇവന് ദൈവവിളി ഉണ്ട് . വലുതാവുമ്പം നീയും പോരെടാ ഞങ്ങടെ സഭേലേക്ക്. ഞാൻ നിന്നെ ഇപ്പഴേ ബുക്ക് ചെയ്തിരിക്കുന്നു. “
അതു കേട്ടപ്പോള്‍ ഏലിക്കുട്ടി പറഞ്ഞു:
”ആ കരിനാക്കുകൊണ്ടൊന്നും പറയാതെ അച്ചോ. വയസാംകാലത്ത് ഈ കൊച്ചേയുള്ളൂ ഈ പെണ്ണിനെ നോക്കാന്‍.”
”ഞാനൊരു തമാശപറഞ്ഞതല്ലേ? ഏലിച്ചേടത്തി അത് കാര്യമാക്കിയോ?”
”ഞാനും തമാശ പറഞ്ഞതാ അച്ചാ. ”
കുലുങ്ങി ചിരിച്ചിട്ട് ഏലിക്കുട്ടിപോയി കേക്ക് എടുത്തുകൊണ്ടു വന്ന് സ്വീകരണമുറിയിലെ ടേബിളില്‍ വച്ചു. പ്രാര്‍ത്ഥന ചൊല്ലിയിട്ട് അച്ചന്‍ കേക്കു മുറിച്ചു. ആദ്യം ഒരു ചെറിയ കഷണമെടുത്ത്, അനിതയുടെ ഒക്കത്തിരുന്ന ഉണ്ണിക്കുട്ടന്‍റെ കുഞ്ഞുവായിലേക്കു വച്ചുകൊടുത്തു. അവന്‍ അതു നുണഞ്ഞിറക്കുന്നതു മൂന്നുപേരും കൗതുകത്തോടെ നോക്കി നിന്നു. പിന്നെ, അനിതയ്ക്കും ഏലിക്കുട്ടിക്കും ഓരോ കഷണം കേക്ക് എടുത്ത് അച്ചൻ കൊടുത്തു. അച്ചനും ഒരു കഷണം എടുത്തു തിന്നു.
”പ്രമേഹവും കൊളസ്ട്രോളുമൊക്കെയുണ്ട് . എന്നാലും കേക്കും അലുവായുമൊക്കെ കാണുമ്പോൾ വാരിവലിച്ചു തിന്നുപോകും. ”
അനിതയെ നോക്കി ചിരിച്ചുകൊണ്ട് അച്ചൻ പറഞ്ഞു.
”വല്ലപ്പോഴുമല്ലേയുള്ളൂ . സാരമില്ലച്ചോ ”
”അല്ല , വയസ് അറുപത്തഞ്ചു കഴിഞ്ഞു. ഇനിയും ഒരുപാടുകാലം ജീവിച്ചിരിക്കണമെന്ന് നമ്മൾ ആഗ്രഹിക്കാൻ പാടില്ലല്ലോ. ”
അനിത ചിരിച്ചതേയുള്ളൂ.
“അച്ചന്‍ ഇരിക്ക്. ഞാന്‍ ചായ ഇട്ടോണ്ട് പിടീന്നു വരാം.”
അച്ചന്‍റെ മുമ്പിലേക്കു കസേര നീക്കിയിട്ടിട്ട് ഏലിക്കുട്ടി അടുക്കളയിലേക്കു പാഞ്ഞു. അച്ചന്‍ ഇരുന്നിട്ട് അനിതയെ നോക്കി പറഞ്ഞു:
“എടി കൊച്ചേ നിന്‍റെ പാട്ടിനെക്കുറിച്ച് ഇടവകക്കാര്‍ക്കൊക്കെ നല്ല അഭിപ്രായമാ കേട്ടോ. നീ പരിശീലിപ്പിച്ചെടുത്ത പിള്ളേരും നല്ല മിടുക്കരാ. നമ്മുടെ ക്വയറിപ്പം ഗംഭീരമായിട്ടുണ്ട് . ഇടവകക്കാരൊക്കെ പറഞ്ഞു . അതിന്റെ ക്രെഡിറ്റ് മുഴുവൻ ഞാൻ നിനക്ക് തരുവാ. ”
അച്ചന്റെ അഭിനന്ദനം കേട്ടപ്പോൾ അനിതക്ക് ആത്മഹർഷം തോന്നി.
“ആ കന്യാസ്ത്രീക്കിപ്പം നിന്നോടു ഭയങ്കര കുശുമ്പാ. കഴിഞ്ഞദിവസം അവർ എന്നോട് പറഞ്ഞു, നിന്നെക്കാൾ നന്നായി പാടുന്ന ഒത്തിരി പിള്ളേർ ഇവിടെയുണ്ടെന്ന് . ഞാൻ ചോദിച്ചു എന്നിട്ടെന്തേ ഇത്രയും നാളായിട്ടും അവരെയൊന്നും ഇവിടെകൊണ്ട് വന്നു പാടിക്കാത്തതെന്ന് ? മിണ്ടിയില്ല . അസൂയയാന്നേ അസൂയ. കന്യസ്ത്രീയാന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല. ”
അനിത ചിരിച്ചു കൊണ്ടു നിന്നതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല.
“ങ്ഹ… പിന്നേയ്… നമ്മുടെ ഇടവകദിനാഘോഷം അടുത്ത മാസമാ. ഇപ്രാവശ്യം നിന്നേക്കൊണ്ടു ഞാനൊരു പാട്ടു പാടിപ്പിക്കുന്നുണ്ട്. ഞാന്‍ തന്നെ എഴുതി ഈണം നല്‍കിയതാ. ഓര്‍ക്കസ്ട്രയൊക്കെയിട്ട് ഒരു അടിപൊളി ഭക്തിഗാനം. എല്ലാം റഡിയാക്കിക്കൊണ്ടിരിക്കുവാ. നീ ഒരു ദിവസം വന്ന് ഒന്നു പാടി നോക്കി സെറ്റപ്പാക്കണം.”
“വരാം അച്ചോ. എന്നു വരണമെന്നു പറഞ്ഞാല്‍ മതി.”
“റെഡിയാകുമ്പം ഞാന്‍ വിളിച്ചു പറഞ്ഞേക്കാം.”
”ഉം ”
അവര്‍ സംസാരിച്ചിരിക്കുമ്പോൾ ഏലിക്കുട്ടി ചായയുമായി എത്തി. ചായ കുടിച്ചിട്ട് അച്ചന്‍ യാത്രപറഞ്ഞ് ഇറങ്ങി.
ഇറങ്ങുന്നതിനുമുമ്പ് ഉണ്ണിക്കുട്ടന്റെ കവിളിൽ ഒരുമ്മ കൊടുക്കാൻ മറന്നില്ല അച്ചൻ.
ഒഴാഴ്ച കഴിഞ്ഞപ്പോള്‍ അച്ചന്‍ ഫോണില്‍ വിളിച്ചിട്ട് അനിതയോട് അടുത്ത ദിവസം രാവിലെ പത്തുമണിക്ക് പള്ളിമേടയിലേക്കു വരാന്‍ ആവശ്യപ്പെട്ടു. ഉണ്ണിക്കുട്ടനെ എലിക്കുട്ടിയെ ഏല്പിച്ചിട്ട് പിറ്റേന്നു രാവിലെ അവള്‍ പള്ളിമേടയിലേക്കു ചെന്നു.
അച്ചന്‍റെ മുറിയില്‍ അപരിചിതനായ ഒരു ചെറുപ്പക്കാരന്‍ കൂടിയുണ്ടായിരുന്നു. അച്ചന്‍ അയാളെ പരിചയപ്പെടുത്തി:
“ഇദ്ദേഹം അലോഷ്യസ് ജോണ്‍. എന്‍റെ പാട്ട് ചിട്ടപ്പെടുത്താനും ഓര്‍ക്കസ്ട്രേഷന്‍ കൊടുക്കാനുമൊക്കെ സഹായിച്ച ആളാ. ഇദ്ദേഹം അത് വേറൊരാളെക്കൊണ്ടു പാടിപ്പിച്ചു ലാപ്ടോപ്പിലാക്കി കൊണ്ടുവന്നിട്ടുണ്ട്. അതൊന്നു കേട്ടിട്ട് അതിലെ വോക്കല്‍സ് മാറ്റി നിന്‍റെ ശബ്ദം കേറ്റണം. എന്നിട്ടു നമുക്കൊന്ന് കേട്ടു നോക്കാം എങ്ങനുണ്ടെന്ന്.”
“ഉം…”അനിത തലകുലുക്കി.
അലോഷ്യസ് ലാപ്ടോപ്പില്‍ പാട്ടു പ്ലേ ചെയ്ത് അനിതയെ കേള്‍പ്പിച്ചു. മനോഹരമായ വരികളും ഈണവും. പല പ്രാവശ്യം അതു കേട്ടിട്ട് അതിന്‍റെ താളവും ഈണവും വരികളും അവള്‍ ഹൃദിസ്ഥമാക്കി. പിന്നെ പല തവണ പാടി പരിശീലിച്ചു.
ഒടുവില്‍ ഫൈനല്‍ ടേക്ക്!
മുറിയില്‍ പൂര്‍ണ്ണനിശ്ശബ്ദത.
അലോഷ്യസ് സ്റ്റാര്‍ട്ട് എന്ന് ആംഗ്യം കാണിച്ചതും അനിത പാടിത്തുടങ്ങി. ഒറ്റ ടേക്കില്‍ എല്ലാം ഓക്കെ! റീപ്ലേ ചെയ്തു മൂന്നുപേരും പാട്ട് കേട്ടു.
ഗംഭീരം! അതി മനോഹരം!
അച്ചനും അലോഷ്യസും അനിതയെ അഭിനന്ദങ്ങൾ കൊണ്ട് പൊതിഞ്ഞു.
“ഇടവകദിനത്തിന് ഈ പാട്ടുപാടി നമുക്ക് കലക്കണം കൊച്ചേ .” അച്ചന്‍ വലിയ സന്തോഷത്തിലായിരുന്നു.
കോഫിയും പലഹാരങ്ങളും കൊടുത്തു സൽക്കരിച്ചിട്ടാണ് അനിതയെ വീട്ടിലേക്ക് പറഞ്ഞുവിട്ടത് .
വീട്ടില്‍ വന്ന് ഏലിക്കുട്ടിയോട് അനിത ആ സന്തോഷവാര്‍ത്ത പറഞ്ഞു.
”അച്ചൻ അങ്ങനെയാ . നാടകവും പാട്ടുമൊക്കെ വല്യ ഇഷ്ടമാ. അതിനുവേണ്ടി എന്തോരം കാശുമുടക്കാനും മടിയില്ലതാനും. ”
”ഇടവക ദിനത്തിന് എന്റെ പാട്ടുകേൾക്കാൻ അമ്മച്ചി വരില്ലേ ?”
“പിന്നെ വരില്ലേ മോളെ. എന്റെ കൊച്ചിന്റെ പാട്ട് എനിക്ക് കേൾക്കാതിരിക്കാൻ പറ്റുമോ? “
ഏലിക്കുട്ടിയും സന്തോഷത്തിലായിരുന്നു.
ഒടുവില്‍ കാത്തിരുന്ന ഇടവകദിനം എത്തി. പാരീഷ്ഹാളിലാണു യോഗം. വികാരി ജനറാളാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. പ്രസംഗം കഴിഞ്ഞ് അച്ചന്‍ കസേരയില്‍ വന്നിരുന്നതും മൈക്കിലൂടെ അനൗണ്‍സ്മെന്‍റ്:
“സംഗീതത്തിന്‍റെ മാസ്മരികലോകത്തേക്കു ഇനി നമുക്കൊരു യാത്ര പോകാം. ശബ്ദവിസ്മയത്തിലൂടെ നമ്മളെ ആനന്ദ സാഗരത്തിൽ ആറാടിക്കാൻ ഇതാ എത്തുന്നു നമ്മുടെ ഇടവകയിലെ അനുഗ്രഹീത ഗായിക അനിതാ റോയി. ഈ ഗാനത്തിന്‍റെ രചനയും സംഗീതവും നിര്‍വഹിച്ചത് നമ്മുടെ പ്രിയപ്പെട്ട വികാരിയച്ചന്‍ റവ. ഫാ. ആന്‍റണി ആലുംമൂട്ടില്‍.”
സദസ്സില്‍ നീണ്ട കൈയടി. പിന്നെ പൂര്‍ണ്ണ നിശ്ശബ്ദത.
സ്റ്റേജിന്‍റെ പിന്നില്‍ നിന്ന് അനിത സാവധാനം മൈക്കിന്‍റെ അടുത്തേക്കു വന്നു. എല്ലാ കണ്ണുകളും അവളുടെ മുഖത്ത്.
സ്റ്റേജിന്‍റെ വലതുവശത്തു ലാപ്ടോപ്പില്‍ കരോക്കെ മ്യൂസിക് ഓണ്‍ ചെയ്തു. പശ്ചാത്തലസംഗീതത്തിന്‍റെ അകമ്പടിയോടെ സ്വയം മറന്ന് അനിത പാടി.
”കാൽവരി നാഥാ.. കരുണാമയനേ.. ”
പാട്ടു തീര്‍ന്നതും സദസ്സില്‍ നിലയ്ക്കാത്ത കരഘോഷം! എലിക്കുട്ടിയും നീട്ടി കൈ അടിച്ചു.
നിറഞ്ഞ സന്തോഷത്തോടെയാണ് അനിത കർട്ടന് പിന്നിലേക്ക് നടന്നകന്നത്.
(തുടരും )
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved)
Also Read അവൾ അനാഥയല്ല- നോവൽ- അദ്ധ്യായം 1
Also Read അവൾ അനാഥയല്ല – നോവൽ – അദ്ധ്യായം 2
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 3
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 4
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 5
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 6
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 7
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 8
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 9
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 10
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 11
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 12
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 13
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 14
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 15
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 16
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 17
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 18
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 19
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 20
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 21














































