കഥ ഇതുവരെ –
കന്യാസ്ത്രീകൾ നടത്തുന്ന അനാഥാലയത്തിൽ വളർന്ന , സുന്ദരിയും പാട്ടുകാരിയുമായ അനിതയോട് ആ ഇടവകയിലെ ധനാഢ്യനായ ഇലഞ്ഞിക്കൽ സഖറിയാസിന്റെ മകൻ റോയിക്ക് അനുരാഗം തോന്നി. റോയിയുടെ മാതാപിതാക്കൾ ആദ്യം എതിർത്തെങ്കിലും അവന്റെ നിർബന്ധത്തിനു വഴങ്ങി ആ കല്യാണം നടത്തിക്കൊടുത്തു. ആദ്യരാത്രിയിൽ അനിതക്ക് മനസിലായി തന്റെ ഭർത്താവ് മദ്യത്തിന് അടിമയാണെന്ന് . അത് അവളെ തളർത്തി. കാഞ്ഞിരപ്പള്ളിയില്‍ 25 ഏക്കർ റബര്‍ത്തോട്ടമുണ്ട് സഖറിയാസിന്. അതു നോക്കി നടത്തി ആദായമെടുക്കുന്ന ചുമതല റോയിയെയാണ് ഏല്പിച്ചിരുന്നത്. ആഴ്ചയില്‍ മൂന്നോ നാലോ ദിവസം റോയി അവിടെപ്പോകും. റോയിയുടെ അഭാവത്തിൽ പപ്പയും അമ്മയും അനിതയെ മാനസികമായി നിരന്തരം പീഡിപ്പിപ്പിച്ചു. അനിത ഭർത്താവിനോട് തന്റെ ദുഃഖങ്ങൾ പറഞ്ഞു.
അനിതയെ പീഡിപ്പിക്കുന്നതിന്റെ പേരിൽ റോയി മാതാപിതാക്കളുമായി വഴക്കിട്ടു. കലിപൂണ്ട റോയിയുടെ പപ്പ സക്കറിയാസ് ഒരപകട മരണത്തിലൂടെ അനിതയെ കൊന്നുകളയാൻ രഹസ്യമായി പദ്ധതി തയ്യാറാക്കി.
ഒരുദിവസം അവളുടെ ആഗ്രഹപ്രകാരം കാഞ്ഞിരപ്പള്ളിയിലെ എസ്റ്റേറ്റിൽ പോയി ഒരാഴ്ചക്കാലം ഭർത്താവിനോടൊപ്പം അനിത അവിടെ താമസിച്ചു. അവളുടെ വിവാഹാനന്തര ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനങ്ങളായിരുന്നു അത്. ഭർത്താവുമായുള്ള ശാരീരികവും മാനസികവുമായ ബന്ധം അതോടെ ശക്തിപ്പെട്ടു. റോയിക്കും ഭാര്യയെ കൂടുതൽ ഇഷ്ടമായി. ഇതിനിടയിൽ അനിതയെ ജീപ്പിടിച്ചു കൊല്ലാൻ സഖറിയാസ് ഒരാളെ ഏർപ്പാട് ചെയ്തു. എന്നാൽ അനിതയുടെ ഭാഗ്യത്തിന് ആ ഓപ്പറേഷൻ പാളി . അനിതയെ മാനസികമായി പീഡിപ്പിച്ചതിന്റെ പേരിൽ ഒരു രാത്രി പപ്പയുമായി വഴക്കിട്ടു റോയി ഭാര്യയെയും വിളിച്ചു വീടുവിട്ടിറങ്ങി .(തുടർന്ന് വായിക്കുക )
ടൗണിൽ വന്ന് ഒരു ടൂറിസ്റ്റുഹോമിൽ റൂം എടുത്തു റോയി.
കിടക്കയിൽ ബെഡ് ഷീറ്റു വിരിച്ചിട്ട് റൂംബോയി പോയികഴിഞ്ഞപ്പോൾ അനിത ചോദിച്ചു:
“ഇനിയുള്ള കാലം ഈ ലോഡ്ജിൽ കഴിയാനാണോ ഉദ്ദേശം ?”
“നാളെ എവിടെയെങ്കിലും ഒരു വീട് വാടകയ്ക്കു സംഘടിപ്പിക്കണം.”
പാന്‍റ്സ് മാറ്റി ലുങ്കി ഉടുക്കുന്നതിനിടയിൽ റോയി പറഞ്ഞു.
കസേരയിൽ വന്നിരുന്നിട്ട് മേശയിൽ കൈമുട്ടുകളൂന്നി താടിക്കു കൈയും കൊടുത്ത് ചിന്താവിഷ്ടയായി ദൂരേക്കു നോക്കിയിരിക്കയായിരുന്നു അനിത. ഒരുപാട് പ്രതീക്ഷകളോടെ കൊട്ടാരത്തിലേക്കു വന്നു കയറിയ തനിക്ക് ഒടുവിൽ കിട്ടിയത് ലോഡ്ജിലെ ഒരു മുറി.
റോയി ബാത്റൂമിൽ പോയിട്ടു മടങ്ങിവന്നപ്പോൾ കണ്ടത് നിശ്ശബ്ദമായി ഇരുന്നു കരയുന്ന ഭാര്യയെയാണ് .
ടർക്കിടവ്വല്‍കൊണ്ടു മുഖം തുടച്ചിട്ടു റോയി പറഞ്ഞു:
“നിനക്കു വിഷമമുണ്ടെന്നറിയാം. പക്ഷേ എന്തു ചെയ്യാം. നമുക്കു വേറെ വഴിയൊന്നുമില്ല.”
“അമ്മേടെ കരച്ചിൽ ഇപ്പോഴും എന്റെ മനസ്സിൽ മുഴങ്ങുന്നുണ്ട് .”
ദുഃഖം കടിച്ചമർത്തിക്കൊണ്ട് അനിത പറഞ്ഞു.
“ഇനി ആ വീട്ടില്‍ താമസിച്ചാൽ നിന്‍റെ ജീവന്‍ പോലും ചിലപ്പം അപകടത്തികും . എന്തിനും മടിക്കാത്ത ആളാ എന്റെ പപ്പ.”
റോയി വന്ന് ഭാര്യയെ തന്നിലേക്കു ചേർത്തുപിടിച്ചുകൊണ്ടു തുടർന്നു :
“പേടിക്കണ്ട. നിന്നെ ഞാൻ പട്ടിണിക്കിടുവൊന്നുമില്ല. എനിക്ക് ജീവനുള്ളിടത്തോളം ഒരുതരത്തിലും വേദനിപ്പിക്കില്ല നിന്നെ ഞാൻ ”
“പപ്പയ്ക്കും അമ്മയ്ക്കും ഈ കല്യാണത്തിന് ഇഷ്ടമില്ലായിരുന്നു; അല്ലേ റോയിച്ചാ?”
“സത്യം പറഞ്ഞാൽ ഇഷ്ടമില്ലായിരുന്നു. എന്‍റെ പിടിവാശികൊണ്ട് അവരു സമ്മതിച്ചതാ.”
“എന്നെ കാണാൻ വന്നപ്പം എല്ലാർക്കും ഇഷ്ടമാണെന്നല്ലേ റോയിച്ചൻ എന്നോടു പറഞ്ഞത്?”
“അതെ. എനിക്കു നിന്നെ വേണമായിരുന്നു. അതുകൊണ്ട് അങ്ങനെ പറഞ്ഞു.”
ആ സമയം റോയിയുടെ മൊബൈൽ ഫോൺ ശബ്ദിച്ചു. റോയിഎടുത്തു നമ്പർ നോക്കി. വീട്ടിൽ നിന്ന് അമ്മയാണ്. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിട്ടു മേശപ്പുറത്തു വച്ചു.
”ആരാ ?” അനിത ആരാഞ്ഞു.
”അമ്മയാ ”
”എന്നിട്ടെന്തേ സംസാരിക്കാതിരുന്നത് ?”
”അതിന്റെ ആവശ്യമുണ്ടെന്നു തോന്നിയില്ല ”
”വാശീടെ കാര്യത്തിൽ അപ്പനും മകനും ഒരുപോലെയാ. ”
” ആ രക്തത്തിൽ പിറന്നതല്ലേ ഞാൻ.അത് കാണാണ്ടിരിക്കില്ലല്ലോ.ങ്ഹാ .., എണീറ്റു ഡ്രസ് ചേഞ്ച് ചെയ്യ് . നമുക്കു കിടക്കാം.” റോയി പറഞ്ഞു
“റോയിച്ചൻ കിടന്നോ. എനിക്കുറക്കം വരുന്നില്ല ”
“ഈ വിഷമമൊക്കെ രണ്ടു ദിവസം കഴിയുമ്പം മാറൂന്നേ.. എണീക്ക് .”
റോയി അവളെ പിടിച്ചെഴുന്നേല്പിച്ചു.
വേഷം മാറിയിട്ട് അവൾ വന്നു കട്ടിലിൽ ഇരുന്നു. ബെഡ്ഡില്‍ കൈയൂന്നി ചിന്താമൂകയായി കീഴ്‌പോട്ട് നോക്കി.
“കിടക്ക്.”
റോയി അവളെ മെല്ലെ കിടക്കയിലേക്കു ചായ്‌ച്ചു.
ലൈറ്റ് ഓഫ് ചെയ്തപ്പോൾ അനിതയ്ക്കു ഭയം തോന്നി. രാത്രി ആരെങ്കിലും വന്ന് കത്തികാട്ടി കഴുത്തിൽ കിടക്കുന്ന മാലയും പറിച്ചുകൊണ്ട് ഓടിയാൽ ?
റോയി കൂർക്കം വലിക്കുന്നതു കേട്ടപ്പോൾ ഭയം ഇരട്ടിച്ചു. മദ്യം കഴിച്ചു ബോധമില്ലാതെ ഉറങ്ങുന്ന ഭർത്താവിന് എങ്ങനെയാണ് ഒരു ഭാര്യയെ സംരക്ഷിക്കാനാവുക ? ആ രാത്രി അവള്‍ക്ക് ഉറക്കമേ വന്നില്ല.
രാവിലെ എണീറ്റ് അവൾ ബാത്റൂമിൽ പോയിട്ടു തിരിച്ചുവന്നപ്പോൾ റോയി പത്രം വായിച്ചുകൊണ്ടു കസേരയിൽ ഇരിപ്പുണ്ടായിരുന്നു. അവള്‍ പറഞ്ഞു:
“ഇത്രേം വാശിവേണോ റോയിച്ചാ? നമുക്കു വീട്ടിലേക്കു തിരിച്ചു പോയാലോ ?.”
“തിരിച്ചു ചെന്നാൽ ഒരു പക്ഷേ പപ്പ എന്നെ സ്വീകരിക്കുമായിരിക്കും. പക്ഷേ, നിന്നെ സ്വീകരിക്കുമെന്നു കരുതുന്നുണ്ടോ? സ്വീകരിച്ചാൽ തന്നെ പിന്നീട് ഒരപകടമരണം ഉണ്ടാക്കി നിന്നെകൊല്ലാൻ ഒരു ബുദ്ധിമുട്ടുമില്ല ആ മനുഷ്യന്. കൊടുക്കണോ നിന്നെ കൊണ്ടുപോയി ഞാൻ കൊലക്ക് ?”
അവൾ മിണ്ടിയില്ല ! അവളുടെ ഉള്ളില്‍ ഭയം കൂടുകൂട്ടി. റോയി പറഞ്ഞതിൽ കാര്യമുണ്ട്. തന്നോട് അടങ്ങാത്ത പകയായിരിക്കും പപ്പയ്ക്ക്! താനാണല്ലോ അവരുടെ മനസ്സമാധാനം തകർത്തത്. അവരുടെ മകനെ അവരിൽ നിന്ന് അകറ്റിയത് . ആ ദേഷ്യം എന്നെങ്കിലും മാറുമോ ?
” നീ എന്റെയാ , എന്റെമാത്രം ” അവളെ ചേർത്തുപിടിച്ചു കവിളിൽ സ്നേഹത്തോടെ ഒരു ചുംബനം നൽകിയിട്ട് റോയി തുടർന്നു : ” ഇനി നമ്മൾ രണ്ടുപേരും മാത്രമുള്ള ഒരു വീട്ടിൽ സന്തോഷത്തോടെ നമുക്ക് ജീവിക്കാം. ”
അനിതക്കു തെല്ല് ആശ്വാസം തോന്നി.
പ്രഭാതഭക്ഷണം റൂംബോയി മുറിയിൽ കൊണ്ടുവന്നു കൊടുത്തു. രണ്ടുപേരും ഒരുമിച്ചിരുന്നു അത് കഴിച്ചു.
ഭക്ഷണം കഴിച്ചിട്ട് വീട് അന്വേഷിക്കാനാണെന്നു പറഞ്ഞു റോയി പുറത്തേക്കു പോയി. മുറിയില്‍ അനിത തനിച്ചായി.
വാതില്‍ അടച്ചു കുറ്റി ഇട്ടിട്ടു അവൾ ഓരോന്നോർത്തു നെടുവീർപ്പിട്ടിരുന്നു. ജപമാലചൊല്ലി മാതാവിനോട് അനുഗ്രഹങ്ങൾ യാചിച്ചു.
ഉച്ചയായപ്പോൾ റോയി തിരിച്ചെത്തി. വന്നു കയറിയതേ അവൾ ചോദിച്ചു:
“വീടു കിട്ടിയോ?”
“കിട്ടി. നാളെത്തന്നെ അങ്ങോട്ടു മാറാം.” അനിതയുടെ സമീപം വന്ന് ഇരുന്നിട്ട് റോയി തുടർന്നു: ” മോള് തനിച്ചിരുന്നു മടുത്തായിരുന്നോ?”
“ഉം…”
“സാരമില്ല. ഞാനീ കഷ്ടപ്പെടുന്നതൊക്കെ നിന്റെ സുരക്ഷിതത്വത്തിനുവേണ്ടിയല്ലേ? എന്നോട് ദേഷ്യമൊന്നും തോന്നരുത് കേട്ടോ “
” അങ്ങനെ പറയല്ലേ റോയിച്ചാ . എനിക്ക് റോയിച്ചനോട് ദേഷ്യപ്പെടാൻ പറ്റുമോ ? ”
ആ സമയം വാതിലിൽ മുട്ടു കേട്ടു. റോയി ചെന്നു വാതിൽ തുറന്നു. ഭക്ഷണവുമായി റൂംബോയി വന്നതാണ്.
രണ്ടുപേരും ഒരുമിച്ചിരുന്ന് ഉച്ചഭക്ഷണം കഴിച്ചു.
അടുത്ത ദിവസം രാവിലെ അവർ വാടകവീട്ടിലേക്കു താമസം മാറ്റി.
ഒരു രണ്ടു നിലക്കെട്ടിടം.
മുകളിലത്തെ നിലയിൽ റോയിയും ഭാര്യയും. താഴെ വീട്ടുടമയായ ഹരികൃഷ്ണനും കുടുംബവും.
ഹരിക്കു ബാങ്കിലാണു ജോലി. ഭാര്യ മിനി സ്വകാര്യആശുപത്രിയിൽ നേഴ്സ്. ഏകമകൾ നീരജ യുകെജി വിദ്യാര്‍ത്ഥിനി.
പുതിയ വീട് അനിതയ്ക്കിഷ്ടമായി. രണ്ടുമുറിയും അടുക്കളയും ടോയ്ലറ്റും. അത്യാവശ്യം വേണ്ട ഫര്‍ണിച്ചറുകളും അടുക്കളയുപകരണങ്ങളുമുണ്ട്. മുമ്പ് താമസിച്ചിരുന്നവർ വീടൊഴിഞ്ഞപ്പോൾ ഹരിക്കു വിറ്റിട്ടു പോയതാണ് എല്ലാം.
“സൗകര്യങ്ങളെല്ലാം ഉണ്ട്. പക്ഷേ, അടുപ്പുകത്തിക്കാനാ ഇപ്പം മാർഗ്ഗമില്ലാത്തത്.”
അടുക്കളയിലെ മാറാല തൂത്തു വൃത്തിയാക്കുന്നതിനിടയിൽ അനിത പറഞ്ഞു.
“ഹരീടെ അടുത്ത് ഗ്യാസ് സിലിണ്ടർ സ്പെയർ ഉണ്ടോന്ന് ഒന്നു ചോദിച്ചുനോക്കാം.”
റോയി ഹരിക്കു ഫോണ്‍ ചെയ്തു. ഭാഗ്യം! ഒരെണ്ണം ഉണ്ട്. വൈകിട്ടു വരുമ്പോൾ തരാമെന്നു ഹരി പറഞ്ഞു.
“അച്ചനെ വിളിച്ച് ഈ വീടൊന്നു വെഞ്ചരിക്കണ്ടേ റോയിച്ചാ…?”
“അതിനൊക്കെ ഇനിയും സമയമുണ്ടല്ലോ ! നീ ഡ്രസു മാറ്. പുറത്തുപോയി ഭക്ഷണം കഴിച്ചിട്ട് അത്യാവശ്യം വേണ്ട വീട്ടുസാധനങ്ങളൊക്കെ വാങ്ങിച്ചോണ്ടു വരാം.”
അനിത വേഷം മാറിയിട്ടു റോയിയുടെ അടുത്തേക്കു വന്നു.
“കാശുണ്ടോ കൈയില്‍?”
“അതോർത്തു വിഷമിക്കണ്ട. കുറച്ചു ദിവസത്തേക്കു പിടിച്ചു നിൽ ക്കാനുള്ള കാശൊക്കെ എന്‍റെ അക്കൗണ്ടിലുണ്ട്. ഒന്നും ഇല്ലാതെയാ ഇറങ്ങിപ്പോന്നതെന്നാണോ നീ വിചാരിച്ചത് ? ”
” ഞാനൊന്നും വിചാരിച്ചില്ലേ ” അനിത മന്ദഹസിച്ചു.
അനിതയെ കൂട്ടിക്കൊണ്ടു റോയി പുറത്തേക്കിറങ്ങി . വീടുപൂട്ടിയിട്ടു പടികളിറങ്ങി മുറ്റത്തേക്കും അവിടെനിന്നും റോഡിലേക്കും നടന്നു . ഒരു ഓട്ടോയിൽ കയറി നേരെ ടൗണിലേക്ക് പുറപ്പെട്ടു .
ടൗണിലെ നല്ലൊരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചു. പിന്നെ കടകൾ കയറിയിറങ്ങി അത്യാവശ്യം വേണ്ട പാത്രങ്ങളും പലവ്യഞ്ജനങ്ങളും വാങ്ങി. കൂടെ തിരുഹൃദയത്തിന്‍റെയും തിരുക്കുടുംബത്തിന്‍റെയും രണ്ടു കലണ്ടറുകളും.
വീട്ടില്‍ വന്ന് സാധനങ്ങളെല്ലാം അടുക്കിപ്പെറുക്കി അതതിന്‍റെ സ്ഥാനത്തു വച്ചു.
“ഇതെവിടെയാ തുക്കേണ്ടത് റോയിച്ചാ ?”
കലണ്ടർ പൊക്കിപ്പിടിച്ചുകൊണ്ട് അവള്‍ റോയിയുടെ അടുത്തുവന്നു.
കിടപ്പുമുറിയിലെ ചുമരിൽ രണ്ട് ആണിയടിച്ചുറപ്പിച്ച് കലണ്ടറുകൾ റോയി അതില്‍ തൂക്കിയിട്ടു .
“പുതിയ ജീവിതം തുടങ്ങുവല്ലേ . നമുക്കൊന്നു പ്രാർത്ഥിക്കാം റോയിച്ചാ.”
“ആയിക്കോട്ടെ.”
തിരുഹൃദയത്തിന്‍റെയും തിരുക്കുടുംബത്തിന്‍റെയും രൂപത്തിന്‍റെ മുന്‍പില്‍ മെഴുകുതിരി കത്തിച്ചു വച്ചിട്ട് കൈകൂപ്പി നിന്ന് അനിത പ്രാര്‍ത്ഥിച്ചു. ഈ കുടുംബത്തെ അനുഗ്രഹിക്കണമെന്നും ശാന്തിയും സമാധാനവും ഐശ്വര്യവും നിറഞ്ഞ ജീവിതം തരണമേയെന്നുമൊക്കെ. അവളുടെ വായിൽ നിന്ന് നിന്ന് ബൈബിൾ വാക്യങ്ങളും സ്വയംപ്രേരിത പ്രാർത്ഥനകളും നിർഗ്ഗളം ഒഴുകുന്നതു കേട്ടപ്പോൾ റോയി അദ്ഭുതം കൂറി.
പ്രാർത്ഥന കഴിഞ്ഞതും റോയി ചോദിച്ചു :
“ഇങ്ങനെയൊക്കെ പ്രാര്‍ത്ഥിക്കാൻ എങ്ങനാ പഠിച്ചേ?”
“കന്യാസ്ത്രീകളുടെ കൂടെ വളർന്ന പെണ്ണല്ലേ റോയിച്ചാ ഞാൻ . മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം എന്നാണല്ലോ ചൊല്ല്.”
ചിരിച്ചുകൊണ്ടു അവൾ തുടര്‍ന്നു:
“എന്‍റെ പ്രാര്‍ത്ഥന നല്ലതാണെന്ന് സിസ്റ്റേഴ്സ് എന്നോടു പറയാറുണ്ടായിരുന്നു.”
”ദൈവാനുഗ്രഹം ഉള്ളതുകൊണ്ടാ ഇങ്ങനെയൊക്കെ പ്രാർത്ഥിയ്‌ക്കാൻ പറ്റുന്നത് ”
”റോയിച്ചന് കുറച്ചുകൂടിയൊക്കെ ദൈവവിശ്വാസം വേണം കേട്ടോ ”
”ആവശ്യത്തിനില്ലേ ?”
”പോരാ . നന്നായിട്ടു പ്രാർത്ഥിക്കണം . എങ്കിലേ ഈ കുടുംബത്തിൽ സന്തോഷം ഉണ്ടാവൂ ”
”നിന്നെപ്പോലൊരു മിടുക്കി പെണ്ണിനെ കിട്ടിയതാ എന്റെ ഏറ്റവും വലിയ ഭാഗ്യം ”
റോയി അവളെ മാറോട് ചേർത്തു പിടിച്ചുകൊണ്ടു പറഞ്ഞു:
“ഇന്നു മുതൽ നമ്മൾ പുതിയ ഒരു ജീവിതം തുടങ്ങ്വാ. പ്രശ്നങ്ങളും ബുദ്ധിമുട്ടുകളുമൊക്കെയുണ്ടാവും. പക്ഷേ മോളെനിക്ക് ധൈര്യവും ശക്തിയും പകർന്ന് എപ്പഴും കൂടെയുണ്ടാവണം. ഉണ്ടാവില്ലേ?”
“പിന്നില്ലേ? എന്‍റെ ശക്തിയും സ്നേഹവും ഇനി റോയിച്ചനല്ലാതെ വേറെയാർക്കാ ?”
ഭർത്താവിനെ കെട്ടിപ്പിടിച്ച് ആ നെഞ്ചിലേക്കു മുഖംചേർത്ത് നിർവൃതിപൂണ്ട് അവള്‍ നിന്നു. റോയി അവളുടെ മുടിയിഴകളില്‍ സ്നേഹവായ്പോടെ തഴുകി.
ഒരു തേങ്ങൽ ശബ്ദം കേട്ടപ്പോൾ റോയി അവളുടെ മുഖം പിടിച്ചുയർത്തി.
“കരയ്വാണോ?”
“അമ്മ ഒരുപാട് വേദനിക്കുന്നുണ്ടാവില്ലേ ഇപ്പം? ഒന്നു വിളിക്കരുതോ?”
“കുറച്ചു വേദനിക്കട്ടെ. നിന്നേം ഒരുപാടു വേദനിപ്പിച്ചതല്ലേ? അനുഭവിക്കട്ടെ അതിന്‍റെ ശിക്ഷ! ഉപ്പുതിന്നുന്നവർ വെള്ളം കുടിക്കണം.”
“വാശി ഒട്ടും കുറഞ്ഞില്ല അല്ലേ?”
“അതു കുറയാന്‍ പോണില്ല. നീ വാ. നമുക്കു കുറച്ചുനേരം കിടക്കാം .”
അനിതയെ പിടിച്ചു കട്ടിലില്‍ കിടത്തിയിട്ട് റോയിയും അവളുടെ അരികിൽ കിടന്നു. ഇരുവരും കെട്ടിപ്പിടിച്ചു കിടന്നു ഒന്ന് മയങ്ങി .
നാലരയായപ്പോൾ റോയി എണീറ്റു. പിന്നാലെ അനിതയും. മുടി കെട്ടിയൊതുക്കി വച്ചിട്ട് അവൾ പോയി കണ്ണും മുഖവും കഴുകി.
റോയി എങ്ങോട്ടോ പോകാനായി വേഷം മാറുന്നതുകണ്ടപ്പോൾ അവൾ ചോദിച്ചു:
“എങ്ങോട്ടാ ഈ നേരത്ത്?”
“ഒരു ജോലി അന്വേഷിക്കണം. വേലേം കൂലീം ഇല്ലാതെ ഒരുപാടുകാലം ഇങ്ങനെ പോകാൻ പറ്റില്ലല്ലോ.”
“കുടിച്ചിട്ടു വരരുത് കേട്ടോ? നമ്മൾ ഇന്ന് ഒരു പുതിയ ജീവിതം തുടങ്ങിയിരിക്ക്വാണെന്ന ഓർമ്മ വേണം.”
റോയി ചിരിച്ചതേയുള്ളൂ. അയാൾ വാതിൽ തുറന്നിട്ട് മുറിയിൽ നിന്നിറങ്ങി.
അനിത വാതിൽ അടച്ചിട്ടു കസേരയിൽ വന്നിരുന്നു . മുറിയിൽ ഒറ്റയ്ക്കായപ്പോൾ അവളുടെ ചിന്തകൾ ഓര്‍ഫനേജിലേക്കു പറന്നു. മദറിനോടും അച്ചനോടും പപ്പ സംഭവങ്ങളൊക്കെ ഇപ്പോൾ പറഞ്ഞു കാണുമോ? താൻ ഭയങ്കരിയാണെന്ന് അവരൊക്കെ വിചാരിക്കില്ലേ? എന്തൊക്കെയായിരിക്കും പറഞ്ഞു കേൾപ്പിച്ചിരിക്കുക?
കോളിംഗ് ബെല്ലിന്‍റെ ശബ്ദം കേട്ടാണ് അവൾ ചിന്തയിൽ നിന്നുണർന്നത്.
(തുടരും. അടുത്ത ഭാഗം നാളെ )
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
Also Read അവൾ അനാഥയല്ല- നോവൽ- അദ്ധ്യായം 1
Also Read അവൾ അനാഥയല്ല – നോവൽ – അദ്ധ്യായം 2
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 3
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 4
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 5
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 6
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 7
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 8
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 9














































