കഥ ഇതുവരെ-
അനാഥാലയത്തില്‍ വളര്‍ന്ന, സുന്ദരിയും പാട്ടുകാരിയുമായ അനിതയോടു പ്രണയം തോന്നി, ധനാഢ്യനായ ഇലഞ്ഞിക്കല്‍ റോയി അവളെ കല്യാണം കഴിച്ചു. അനിതയെ മാനസികമായി പീഡിപ്പിച്ചതിന്റെ പേരിൽ മാതാപിതാക്കളോട് വഴക്കിട്ട് അവര്‍ വാടകവീട്ടില്‍ താമസമാക്കി. മദ്യപാനവും ചീട്ടുകളിയും മൂലം സാമ്പത്തികപ്രതിസന്ധിയുണ്ടായപ്പോള്‍ റോയി കള്ളനോട്ടുകച്ചവടത്തില്‍ പങ്കാളിയായി. പോലീസ് പിടിച്ച് അയാളെ ജയിലിലാക്കി. അനിത ഇലഞ്ഞിക്കല്‍ തറവാട്ടില്‍ തിരിച്ചെത്തി. അനിതയെ കൊല്ലാന്‍ ഒരു വാടകഗുണ്ടയെ ചുമതലപ്പെടുത്തി സഖറിയാസ്. ഗര്‍ഭിണിയായ അനിതയോടു സഹതാപം തോന്നിയ ഗുണ്ട അവളെ കൊല്ലാതെ ഇടുക്കിയിലെ കടുവാക്കുന്ന് എന്ന ഗ്രാമത്തില്‍ ഏലിക്കുട്ടി എന്ന വൃദ്ധയുടെ വീട്ടില്‍ കൊണ്ടുവന്നു രഹസ്യമായി താമസിപ്പിച്ചു. കടുവാക്കുന്നുപള്ളിയിലെ വികാരിയച്ചന്‍ അവളെ പള്ളിയിലെ ഗായകസംഘത്തിന്റെ ലീഡറാക്കി. റോയിയെ ജാമ്യത്തിലിറക്കിയ സഖറിയാസ് അനിത മറ്റൊരാളുടെ കൂടെ നാടുവിട്ടുപോയി എന്ന് മകനെ തെറ്റിദ്ധരിപ്പിച്ചു. റോയി ദുഃഖിതനായി. അവനെ മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചു സഖറിയാസ് . ആ കല്യാണം ഉറപ്പിച്ചു. (തുടര്‍ന്നു വായിക്കുക)
നിർമ്മലഗിരി ആശുപത്രി!
ലേബര്‍ റൂമിന്‍റെ പുറത്ത്, വരാന്തയിലെ പ്ലാസ്റ്റിക് കസേരയിൽ കൊന്ത ഉരുട്ടി, ജപമാല ചൊല്ലി ഇരിക്കുകയാണ് ഏലിക്കുട്ടി. അവരുടെ ഹൃദയം ക്രമാതീതമായി മിടിച്ചുകൊണ്ടിരുന്നു.
തെല്ലുനേരം കഴിഞ്ഞപ്പോള്‍ ലേബര്‍ റൂമിന്‍റെ വാതിൽ തുറക്കപ്പെട്ടു. തല വെളിയിലേക്കു നീട്ടിയിട്ടു നേഴ്സ് ചോദിച്ചു:
“അനിതയുടെ ആള്‍ ആരാ?”
”ഞാനാ ”
ഏലിക്കുട്ടി എഴുന്നേറ്റു അടുത്തേക്ക് ചെന്നു.
“പ്രസവിച്ചു. ആണ്‍കുട്ടിയാ. രണ്ടുപേരും സുഖായിട്ടിരിക്കുന്നു.” നേഴ്സ് തല വലിച്ചിട്ടു വാതിൽ അടച്ചു.
ഏലിക്കുട്ടി നെഞ്ചത്തു കൈവച്ച് കര്‍ത്താവിനു നന്ദി പറഞ്ഞു. ഒരാണ്‍കുഞ്ഞിനെ കൊടുത്ത് ദൈവം അവളെ അനുഗ്രഹിച്ചല്ലോ! തന്‍റെ പ്രാര്‍ത്ഥനയ്ക്കു ഫലമുണ്ടായി. വലുതാകുമ്പോൾ അവളെ നോക്കാൻ ഒരാളായില്ലേ!ആശ്വാസത്തോടെ ഏലിക്കുട്ടി തിരികെ വന്നു കസേരയിൽ ഇരുന്നു. പിന്നെയും കൊന്ത ഉരുട്ടലും പ്രാർത്ഥനയും തുടർന്നുകൊണ്ടേയിരുന്നു. അമ്മയ്ക്കും കുഞ്ഞിനും ആപത്തൊന്നും വരുത്താതെ ആരോഗ്യത്തോടെ സംരക്ഷിച്ചുകൊള്ളണേ മാതാവേ എന്നായിരുന്നു അവർ പ്രാർത്ഥിച്ചത് .
കുറച്ചുസമയം കഴിഞ്ഞപ്പോള്‍ നേഴ്സ് കുഞ്ഞിനെ കൊണ്ടുവന്ന് ഏലിക്കുട്ടിയെ കാണിച്ചു. വെളുത്തു തുടുത്ത് ഒരു തങ്കക്കുടം! കൈകള്‍ ചുരുട്ടിപ്പിടിച്ച് കണ്ണുംപൂട്ടി മയങ്ങുകയാണ് കൊച്ചുകള്ളന്‍. തന്റെ കൈകളിലേക്ക് അവനെ വാങ്ങിയിട്ട് കുറേനേരം ആ മുഖത്തേക്ക് തന്നെ നോക്കിനിന്നു ഏലിക്കുട്ടി. റോസാദളങ്ങൾ പോലുള്ള ആ കവിളിൽ ഒരുമ്മ കൊടുക്കണമെന്ന് തോന്നിയെങ്കിലും കുഞ്ഞിന്റെ സുരക്ഷിതത്വം ഓർത്തു അത് വേണ്ടെന്നു വച്ചു . കുഞ്ഞിനെ തിരികെ നേഴ്‌സിനെ ഏൽപ്പിച്ചുകൊണ്ട് ഏലിക്കുട്ടി ചോദിച്ചു.
” മുറിയിലേക്ക് എപ്പ കൊണ്ടുവരും ?”
“വൈകാതെ കൊണ്ടുവരാം . അമ്മ ഇനി ഇവിടെ ഇരിക്കണമെന്നില്ല . റൂമിൽ പോയി ഇരുന്നോ. എന്തേലും ആവശ്യമുണ്ടെങ്കിൽ വിളിച്ചേക്കാം. “
”ഓ ”
നേഴ്സ് പറഞ്ഞതനുസരിച്ച് ഏലിക്കുട്ടി മുറിയിലേക്കു പോയി.
ഉച്ചകഴിഞ്ഞപ്പോൾ അനിതയെയും കുഞ്ഞിനെയും മുറിയിലേക്കു കൊണ്ടുവന്നു.
കുഞ്ഞിനെ അനിതയുടെ ദേഹത്തോടു ചേര്‍ത്തു കിടത്തിയിട്ട് ഏലിക്കുട്ടി പറഞ്ഞു:
“ഒരു കുഴപ്പവും കൂടാതെ ആരോഗ്യമുള്ള ഒരു തങ്കക്കുടത്തിനെയല്ലേ ദൈവം നിനക്കു തന്നിരിക്കുന്നത്. അതും ആണ്‍കുട്ടി. വലുതാവുമ്പം നിന്നെ നോക്കാനും സംരക്ഷിക്കാനും ഒരാളായില്ലേ? നന്ദി പറഞ്ഞോ നീ ദൈവത്തിന് ?”
“ഉം… ഒരുപാട് ഒരുപാട് !…”
ഏലിക്കുട്ടി ഫ്ളാസ്കില്‍നിന്ന് ഒരു ഗ്ലാസ് പാല്‍ പകര്‍ന്ന് അവള്‍ക്കു കുടിക്കാന്‍ നീട്ടി.
“പാലും മുട്ടയും പഴങ്ങളുമൊക്കെ ശരിക്കു കഴിക്കണം. എന്നാലേ മുലപ്പാലുണ്ടാവൂ!”
ചിരിച്ചുകൊണ്ട് കൊണ്ട് അനിത കിടക്കയിൽ എണീറ്റിരുന്നു. എന്നിട്ട് എലിച്ചേടത്തിയുടെ കയ്യിൽ നിന്ന് പാല്‍ വാങ്ങി ഒറ്റവലിക്കു കുടിച്ചു. ഗ്ലാസ് തിരികെക്കൊടുക്കുമ്പോള്‍ അവള്‍ പറഞ്ഞു:
“പ്രസവവേദന ഇത്രയും വല്യ വേദനയായിരിക്കൂന്നു ഞാന്‍ സ്വപ്നത്തിൽ പോലും ഓർത്തില്ല അമ്മച്ചി “
“നൊന്തു പ്രസവിച്ചാലേ അമ്മയും കുഞ്ഞും തമ്മിലുള്ള സ്നേഹ ബന്ധം ശക്തിപ്പെടൂ. ഇപ്പഴത്തെ പെണ്ണുങ്ങള്‍ക്ക് അതു വല്ലതും അറിയാമോ? വേദന സഹിക്കാന്‍ പറ്റിയേലാത്തതുകൊണ്ടു വേഗം പോയി കീറിമുറിക്കും. അതുകൊണ്ടെന്താ.. വലുതാവുമ്പം മക്കള് അമ്മയെ കൊണ്ടുപോയി വൃദ്ധമന്ദിരത്തിലാക്കും.. “
ഏലിക്കുട്ടിയുടെ നിരീക്ഷണങ്ങള്‍ കേട്ടപ്പോള്‍ ചിരി വന്നുപോയി അനിതയ്ക്ക്.
കുഞ്ഞ് ഉണര്‍ന്നു കരഞ്ഞപ്പോള്‍ അനിത അവനെ നെഞ്ചോടു ചേര്‍ത്തുപിടിച്ചു മുലകൊടുത്തു. ആ നിര്‍വൃതിയില്‍ അവള്‍ എല്ലാം മറന്ന് മറന്ന് കണ്ണടച്ചു കിടന്നു. കുഞ്ഞ് മുല കുടിക്കുമ്പോഴാണ് ഒരമ്മയ്ക്ക് അവനോട് ഏറ്റവും അധികം സ്നേഹവും വാത്സല്യവും തോന്നുന്നതെന്ന് അവള്‍ തിരിച്ചറിഞ്ഞത് ആ നിമിഷങ്ങളിലായിരുന്നു.
ഏലിക്കുട്ടി പറഞ്ഞു :
“എന്‍റെ ഇളയമോന്‍ ബെന്നി നാലുവയസുവരെ മുലപ്പാലു കുടിച്ചു. അതുകൊണ്ട് അവന് ഇന്നേവരെ ഒരു സൂക്കേടും വന്നിട്ടില്ല. എന്നാ മൂത്തമോന്‍ ഒരു വയസ്സുവരെയേ കുടിച്ചുള്ളൂ. അവനിപ്പം ആശുപത്രീന്നിറങ്ങാന്‍ നേരമില്ല. മുലപ്പാലിന്റെ ഗുണം ചില്ലറയല്ല മോളെ. നീ ഇവനെ ഒരു അഞ്ചുവയസുവരെയെങ്കിലും മുലപ്പാലുകുടിപ്പിക്കണം കേട്ടോ ”
അതുകേട്ടപ്പോൾ ചിരിപൊട്ടി അനിതയ്ക്ക്. ഏലിച്ചേടത്തിയുടെ ഓരോരോ കണ്ടുപിടിത്തങ്ങൾ രസകരമായിരിക്കുന്നു.
ഈ സന്തോഷം പങ്കിടാൻ റോയിച്ചൻ കൂടി അടുത്തുണ്ടായിരുന്നെങ്കില്‍ എന്ന് ഒരു നിമിഷം അനിത ആഗ്രഹിച്ചുപോയി.
“എന്താ മോളെ ഒരു വിഷമം പോലെ ?”
അവളുടെ മുഖത്തെ സങ്കടഭാവം ഏലിക്കുട്ടി തിരിച്ചറിഞ്ഞു.
“ഒന്നുമില്ലമ്മച്ചി .”
“എനിക്കറിയാം. സാരമില്ല മോളെ. ദൈവം എല്ലാം കാണുന്നുണ്ടല്ലോ! എന്നെങ്കിലും നിനക്കൊരു നല്ല കാലം ദൈവം തരാതിരിക്കുകേല. ”
“കര്‍ത്താവ് എന്നെ കൈവിടില്ലെന്ന് എനിക്കുറപ്പുണ്ടമ്മേ. അതുകൊണ്ടല്ലേ ചാക്കോക്ക് എന്നെ കൊല്ലാൻ തോന്നിപ്പിക്കാതെ അമ്മേടെ അടുത്ത് ദൈവം എന്നെ കൊണ്ടെത്തിച്ചത്. പെറ്റമ്മയ്ക്കു പോലും ഉണ്ടാവില്ല ഇത്രയ്ക്കു സ്നേഹം. ഞാൻ എപ്പഴും അതോർക്കും. “
ഏലിക്കുട്ടിയുടെ ഹൃദയം സന്തോഷത്താൽ തുടിച്ചു.
“നീ സങ്കടപ്പെടാതെ കിടക്ക്. ഞാന്‍ പോയി കുറച്ചു പഴങ്ങളൊക്കെ വാങ്ങിക്കൊണ്ടുവരാം.”
”ഒന്നും വേണ്ടമ്മേ. ”
”വേണോ വേണ്ടയൊന്നു നീയല്ല തീരുമാനിക്കുന്നത്. ഞാനാ..”
ഏലിക്കുട്ടി കുറച്ചു കാശെടുത്തു കയ്യിൽ ചുരുട്ടിപ്പിടിച്ചുകൊണ്ടു പുറത്തേക്കു പോയി.
സന്ധ്യയായപ്പോള്‍ ഏലിക്കുട്ടിയുടെ മകന്‍ ബെന്നി ആശുപത്രിയില്‍ വന്നു. കുറച്ചു കാശുകൊണ്ടുത്തരണമെന്നു പറഞ്ഞ് ഏലിക്കുട്ടി അവനെ വിളിച്ചുവരുത്തിയതാണ് .
അനിത കാണാതെ രണ്ടായിരം രൂപ അമ്മയ്ക്കു കൈമാറിക്കൊണ്ടു ബെന്നി പറഞ്ഞു:
“ഇനീം ചോദിക്കരുത്. എങ്ങാണ്ടുന്നോ തെണ്ടിത്തിരിഞ്ഞുവന്ന ഒരു പെണ്ണിന്‍റെ പ്രസവം എടുക്കാനൊന്നും എന്‍റെ കൈയില്‍ കാശില്ല. അമ്മക്ക് വേറെ പണിയൊന്നുമില്ലേ ഇതിനെയും ചുമന്നോണ്ട് നടക്കാതെ? ”
“വേണ്ടെടാ നിന്‍റെ നക്കാപ്പിച്ച. എന്‍റെ കെട്ട്യോന്‍ സമ്പാദിച്ച കാശ് എന്‍റെ പേരില് ബാങ്കിലിട്ടിട്ടുണ്ട്. ഞാനതെടുത്തോളാം. നിന്നെക്കാളും സ്നേഹം ആ കൊച്ചിന് എന്നോടുണ്ടെടാ . നീ നിന്റെ പാട്ടിനു പൊക്കോ “
ഏലിക്കുട്ടി ദേഷ്യത്തോടെ പണം തിരികെ അവന്‍റെ കൈയില്‍ പിടിപ്പിച്ചിട്ടു ചവിട്ടിത്തുള്ളി മുറിയിലേക്കു പോയി.
“ഈ അമ്മയ്ക്കു ഭ്രാന്താ…”
അങ്ങനെ പിറുപിറുത്തുകൊണ്ടു ബെന്നി മുറ്റത്തേക്കിറങ്ങി ബൈക്കില്‍ കയറി ഓടിച്ചുപോയി.
*******
റോയിയുടെ മനസിലെ വേദനയും വിഷമവും ക്രമേണ കുറഞ്ഞു വന്നു. അനിതയുടെ ചിത്രം മനസ്സിന്‍റെ ഫ്രെയിമില്‍നിന്ന് എടുത്തുമാറ്റിയിട്ട് അയാള്‍ പുതുതായി കല്യാണം കഴിക്കാന്‍ പോകുന്ന അപർണയുടെ ചിത്രം ആ സ്ഥാനത്തു പ്രതിഷ്ഠിച്ചു.
സുന്ദരിയാണവള്‍! ഒരിക്കല്‍ കല്യാണം കഴിച്ചതാണെങ്കിലും കണ്ടാല്‍ അങ്ങനെ തോന്നുകയേയില്ല. തറവാട്ടുമഹിമയുണ്ട്. പപ്പയും അമ്മയും കണ്ട് ഇഷ്ടപ്പെട്ടതിനാല്‍ ഈ വീട്ടില്‍ വന്ന് ഒരു റാണിയെപ്പോലെ അവള്‍ക്കു കഴിയുകയും ചെയ്യാം.
നഷ്ടപ്പെട്ട പഴയ പ്രസരിപ്പും ഉന്മേഷവും റോയിയിൽ തിരിച്ചുവന്നതു കണ്ടപ്പോള്‍ സഖറിയാസിനും മേരിക്കുട്ടിക്കും സമാധാനമായി. ഇപ്പോള്‍ മുറിക്കു പുറത്തേക്ക് ഇറങ്ങാനും പണിസ്ഥലത്തു പോകാനുമൊക്കെ തുടങ്ങിയിരിക്കുന്നു അവന്‍.
“കല്യാണം കഴിഞ്ഞ് ആ പെണ്ണുകൂടി ഇങ്ങോട്ടു വന്നു കയറിയാല്‍ അവന്‍റെ എല്ലാ പ്രശ്നോം തീരും! നീ നോക്കിക്കോ, അവളു മിടുക്കിയാണെങ്കില്‍ പഴേതിനേക്കാള്‍ മിടുക്കനായ ഒരു മകനെ നമുക്കു കിട്ടും.”
സഖറിയാസ് പറഞ്ഞു.
“എല്ലാം എന്‍റെ പ്രാര്‍ത്ഥനകൊണ്ടാ.”
മേരിക്കുട്ടി ദൈവത്തിനു നന്ദിപറഞ്ഞു .
“പിന്നെ! ഞാനാ പിഴച്ച പെണ്ണിനെ കൊന്നു കാലപുരിക്ക് അയച്ചതുകൊണ്ട്.”
“അങ്ങനെ പറയല്ലേ അച്ചായാ. അത് ഓര്‍ക്കുമ്പം എന്‍റെ ചങ്കുപിടയുകാ! ഒരു ഗര്‍ഭിണിയെ കൊന്നു കത്തിച്ചുകളയുകാന്നു പറഞ്ഞാല്‍… ഹൃദയമുള്ള ആരെങ്കിലും ചെയ്യുന്ന പ്രവൃത്തിയാണോ അത് ? ഹൊ! എനിക്ക് ഓര്‍ക്കാന്‍ കൂടി വയ്യ.”
“നിന്നോടാരു പറഞ്ഞു ഓര്‍ക്കാന്‍? ഒരു കാര്യം പറഞ്ഞേക്കാം. റോയി ഒരിക്കലും ഇതറിയരുതു കേട്ടോ? അറിഞ്ഞാല്‍ തീര്‍ന്നു. അവന്‍റേം നമ്മുടേം ജീവിതം.”
“ഞാന്‍ ആരോടും പറയില്ലച്ചായാ. പറഞ്ഞാല്‍ എനിക്കുകൂടിയല്ലേ അതിന്‍റെ ദോഷം. എന്റെയും കൂടി മോനല്ലേ അവൻ ”
മേരിക്കുട്ടി ഒന്ന് നെടുവീര്‍പ്പിട്ടു.
വിവാഹത്തിന് ഒരാഴ്ച മുമ്പ് രാത്രി എട്ടുമണിക്ക് റോയിക്ക് ഒരു ഫോണ്‍കോള്‍. പ്രതിശ്രുതവധു അപര്‍ണയായിരുന്നു അങ്ങേത്തലയ്ക്കല്‍! റോയി അദ്ഭുതപ്പെട്ടുപോയി! അയാള്‍ പല തവണ അപർണയെ വിളിച്ചിട്ടുണ്ടെങ്കിലും അവൾ ഒരിക്കല്‍പ്പോലും റോയിയെ തിരിച്ചുവിളിച്ചിട്ടുണ്ടായിരുന്നില്ല. ഇന്ന് എന്തുപറ്റി ഇവൾക്ക് ഇങ്ങനെ തോന്നിയത്?
“പതിവില്ലാതെ എന്തേ ഇന്ന് ഇങ്ങോട്ടു ഒരു വിളി ? ഞാന്‍ പലപ്പഴും ഓര്‍ത്തിട്ടുണ്ട് ഒരിക്കല്‍പോലും അപർണ എന്നെ ഇങ്ങോട്ട് വിളിച്ചിട്ടില്ലല്ലോന്ന്. സന്തോഷായി ട്ടോ.” – റോയി പറഞ്ഞു.
“കല്യാണത്തിന്‍റെ ഒരുക്കങ്ങളൊക്കെ എത്രത്തോളമായി?”
അപര്‍ണയുടെ ശബ്ദത്തിന് ഒരു പതര്‍ച്ച.
“രജിസ്റ്റര്‍ മാര്യേജിന് എന്തൊരുക്കം! രജിസ്റ്റര്‍ ആഫീസില്‍പോയി സൈന്‍ ചെയ്യുക. പോരുക. അത്രയല്ലേയുള്ളു .”
“എനിക്ക് റോയിയോട് ഒരു സ്വകാര്യം പറയാനുണ്ട്. ”
“എന്താ അപര്‍ണേ?”
“നേരത്തേ പലവട്ടം പറയണമെന്നോര്‍ത്തതാ. എന്‍റെ പപ്പേം അമ്മേം പറയരുതെന്നു പറഞ്ഞതുകൊണ്ടു ഞാന്‍ പറഞ്ഞില്ല. പക്ഷേ, ഇപ്പം ഓരോ ദിവസവും എന്‍റെ മനഃസാക്ഷി എന്നെ കുത്തിനോവിച്ചുകൊണ്ടിരിക്കുകയാ. പറഞ്ഞില്ലെങ്കില്‍ ഞാന്‍ റോയിയോടു ചെയ്യുന്ന വലിയ വഞ്ചനയായിരിക്കും അതെന്ന് എന്‍റെ മനസ്സു പറയുന്നു. ആ ഭാരം ഇനിയും താങ്ങാൻ എനിക്കു വയ്യ . “
റോയിയില്‍നിന്നു പ്രതികരണമൊന്നും കേള്‍ക്കാഞ്ഞപ്പോള്‍ അവള്‍ ചോദിച്ചു:
“റോയി ഫോണ്‍ കട്ടു ചെയ്തോ?”
“ഇല്ല; പറഞ്ഞോളൂ.”
“മൂന്നു മാസം കഴിഞ്ഞു നമ്മുടെ വിവാഹം ഉറപ്പിച്ചിട്ട്. എന്‍റെ ബ്രദര്‍ കുവൈറ്റീന്നു വന്നിട്ട് വിവാഹം നടത്താമെന്നു പറഞ്ഞായിരുന്നല്ലോ ഞാൻ ഇത്രയും വൈകിപ്പിച്ചത്. ശരിക്കും പറഞ്ഞാല്‍ അതായിരുന്നില്ല കാരണം!”
“പിന്നെ…?” റോയിയുടെ നെഞ്ചിടിപ്പ് കൂടി.
“ഞാന്‍ എല്ലാം തുറന്നു പറയാം. പക്ഷേ, റോയി എന്നെ ശപിക്കുകയോ ചീത്തവിളിക്കുകയോ ചെയ്യരുത്. എല്ലാം കേട്ടിട്ട് റോയിക്കു തീരുമാനിക്കാം എന്നെ വേണമോ വേണ്ടയോന്ന് ”
“വലിച്ചു നീട്ടാതെ കാര്യം പറ.”
റോയിക്കു ക്ഷമകെട്ടു.
അപർണ തന്‍റെ ജീവിതത്തിലെ ആ ദുരന്തകഥ കണ്ണീരോടെ റോയിയോടു പറഞ്ഞു. തിരിച്ചൊന്നും ചോദിക്കാതെ ഒരു പാവയെപ്പോലെ എല്ലാം കേട്ടുനിന്നതേയുള്ളൂ റോയി. ഫാനിനു കീഴെയായിരുന്നിട്ടും അയാളുടെ മുഖവും ദേഹവും വിയര്‍ത്തു.
അപര്‍ണ തുടര്‍ന്നു:
“പപ്പയോടും അമ്മയോടും കാര്യങ്ങളെല്ലാം പറഞ്ഞിട്ട് ഇനി റോയിക്കു തീരുമാനിക്കാം ഈ കല്യാണം വേണോ വേണ്ടയോന്ന്. എന്തു തീരുമാനമെടുത്താലും എനിക്കു വിഷമമില്ല. പക്ഷേ ഒരപേക്ഷയുണ്ട്. ഞാനിതു റോയിയോടു പറഞ്ഞു എന്ന് ഒരിക്കലും എന്‍റെ പപ്പേം അമ്മേം അറിയരുത്. അത്രയെങ്കിലും കരുണ എന്നോടു കാണിക്കണം. കാണിക്കില്ലേ? “
“ഉം…”
“ഗുഡ്നൈറ്റ്. ” – ഫോണ്‍ കട്ടായി.
റോയി തളര്‍ന്ന്, കസേരയിലേക്ക് ഇരുന്നുപോയി .
(തുടരും )
രചന : ഇഗ്‌നേഷ്യസ് കലയന്താനി copyright reserved
Also Read അവൾ അനാഥയല്ല- നോവൽ- അദ്ധ്യായം 1
Also Read അവൾ അനാഥയല്ല – നോവൽ – അദ്ധ്യായം 2
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 3
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 4
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 5
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 6
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 7
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 8
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 9
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 10
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 11
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 12
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 13
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 14
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 15
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 16
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 17
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 18
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 19
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 20














































