Home Entertainment അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 18. രചന: ഇഗ്‌നേഷ്യസ് കലയന്താനി

അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 18. രചന: ഇഗ്‌നേഷ്യസ് കലയന്താനി

1968
0
അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 18. രചന: ഇഗ്‌നേഷ്യസ് കലയന്താനി

കഥ ഇതുവരെ-
കന്യാസ്ത്രീകൾ നടത്തുന്ന അനാഥാലയത്തിൽ വളർന്ന , സുന്ദരിയും പാട്ടുകാരിയുമായ അനിതയോട് ആ നാട്ടിലെ ധനാഢ്യനായ ഇലഞ്ഞിക്കൽ സഖറിയാസിന്റെ മകൻ റോയിക്ക് അനുരാഗം തോന്നി. റോയിയുടെ മാതാപിതാക്കൾ അവന്റെ നിർബന്ധത്തിനു വഴങ്ങി കല്യാണം നടത്തിക്കൊടുത്തു . ആദ്യരാത്രിയിൽ അനിതക്ക് മനസിലായി തന്റെ ഭർത്താവ് മദ്യത്തിന് അടിമയാണെന്ന് . അത് അവളെ തളർത്തി.
റോയിയുടെ അഭാവത്തിൽ അയാളുടെ പപ്പയും അമ്മയും അനിതയെ മാനസികമായി പീഡിപ്പിച്ചു. അനിത ഭർത്താവിനോട് തന്റെ ദുഃഖങ്ങൾ പറഞ്ഞു. അനിതയെ പീഡിപ്പിച്ചതിന്റെ പേരിൽ ഒരു രാത്രി മദ്യപിച്ചു വന്ന റോയി പപ്പയും അമ്മയുമായി വഴക്കിട്ടു . സഖറിയാസ് മകന്റെ കരണത്തടിച്ചു . കലിപൂണ്ട റോയി ആ രാത്രി തന്നെ ഭാര്യയെയും വിളിച്ചിറക്കി വീടുവിട്ടിറങ്ങി വാടകവീട്ടിൽ താമസമാക്കി . ചെരിപ്പുകമ്പനിയിൽ ജോലിക്കെന്നു പറഞ്ഞു രാവിലെ പോകുന്ന റോയി നേരെ ചീട്ടുകളി കേന്ദ്രത്തിലേക്കാണ് പോകുന്നതെന്ന് അനിത അറിഞ്ഞു. ഇതിന്റെ പേരിൽ റോയിയും അനിതയും തമ്മിൽ വഴക്കുണ്ടായി. ഇണക്കവും പിണക്കവുമായി അവരുടെ ജീവിതം മുന്പോട്ടുപോകുന്നതിനിടയിൽ അനിത ഗർഭിണിയായി. ചീട്ടുകളി കേന്ദ്രത്തിന്റെ ഉടമയായ ഷമീർ റോയിയെ ചതിയിൽ വീഴ്ത്തി കള്ളനോട്ടുകച്ചവടത്തിൽ പങ്കാളിയാക്കി . കള്ളനോട്ടു കൊടുത്തതിനു തുണിക്കടയിൽ വച്ച് റോയിയെ പോലീസ് അറസ്റ്റുചെയ്തു സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അനിത ഇലഞ്ഞിക്കൽ തറവാട്ടിൽ അഭയം തേടി എത്തി. ആ സമയം സഖറിയാസ് വീട്ടിലുണ്ടായിരുന്നില്ല . ഗർഭിണിയാണെന്ന് കണ്ടപ്പോൾ അവളെ അവിടെ താമസിപ്പിക്കാൻ മേരിക്കുട്ടി നിര്ബന്ധിതയായി. സഖറിയാസിനെ അവർ ഒരുവിധം പറഞ്ഞു സമ്മതിപ്പിച്ചു.
റോയി പിണങ്ങിപ്പോയതിനു ശേഷം ഒരിക്കൽ സഖറിയാസ് ഒരു ജ്യോത്സ്യനെ കണ്ടിരുന്നു. ജ്യോൽസ്യൻ ഗണിച്ചു പറഞ്ഞത് ഇപ്രകാരമായിരുന്നു: ” ഏതോ തെരുവ് വേശ്യക്ക് പിഴച്ചുണ്ടായ സന്തതിയാണ് അനിത . അവളിൽ ഒരു ദുഷ്ടശക്തി കടന്നുകൂടിയിട്ടുണ്ട് . പ്രാർത്ഥനകൊണ്ടോ പൂജകൊണ്ടോ അതിനെ ഒഴിപ്പിക്കാനാവില്ല. അവളുടെ മരണം വരെ ആ ദുരാത്മാവും അവളോടൊപ്പമുണ്ടായിരിക്കും. അവളുടെ കൂടെ താമസിക്കുന്നവരെയെല്ലാം ആ ശക്തി നശിപ്പിക്കും. പണനഷ്ടവും മാനഹാനിയും ദുർമരണവും ഉണ്ടായേക്കാം. അവൾക്കു ഒരു കുഞ്ഞുണ്ടായാൽ ആ ദുഷ്ടശക്തി കുഞ്ഞിലേക്കും കുടിയേറും. അപകടങ്ങൾ തുടർന്നുകൊണ്ടേയിരിക്കും . പ്രതിവിധി ഒന്നേയുള്ളൂ . ആ പെണ്ണിന്റെ മരണം. ”
അത് സത്യമാണെന്നു സഖറിയാസ് വിശ്വസിച്ചു. മേരിക്കുട്ടി അറിയാതെ അനിതയെ കൊല്ലാൻ അയാൾ ചാക്കോ എന്ന വാടക കൊലയാളിയെ ഏർപ്പെടുത്തി. ചാക്കോ വന്നു അനിതയെ ഇടുക്കിയിലെ വനാന്തർഭാഗത്തേക്കു കൊണ്ടുപോയി. വനത്തിനു നടുവിൽ വച്ച് അവളുടെ കഴുത്തിൽ കയർ മുറുക്കി.
(തുടർന്ന് വായിക്കുക )

കഴുത്തിലെ കുരുക്കഴിക്കാനുള്ള അനിതയുടെ ശ്രമം വിഫലമായപ്പോൾ ശ്വാസം മുട്ടി അവൾ കൈകാലിട്ടടിച്ചു. കണ്ണുകൾ പുറത്തേക്കു തള്ളുകയും നാക്ക് വെളിയിലേക്ക് ചാടുകയും ചെയ്തു.
പെട്ടെന്നാണ് ചാക്കോ അതു ശ്രദ്ധിച്ചത്. അവളുടെ വയറിനുള്ളിൽ ഒരനക്കം! ഒരു കുഞ്ഞിന്റെ പിടച്ചിൽ പോലെ തോന്നിയപ്പോൾ ചാക്കോ വയറിലേക്ക് സൂക്ഷിച്ചു നോക്കി! ഓ, ഈ പെണ്ണ് ഗർഭിണിയാണല്ലോ !
ഒരു നിമിഷം അയാളുടെ മനസ്സില്‍ ഭാര്യയുടെ മുഖം തെളിഞ്ഞു. ഒരു കുഞ്ഞിക്കാലു കാണാന്‍ എത്ര വര്‍ഷമായി മരുന്നും മന്ത്രവുമായി താൻ കാത്തിരിക്കുന്നു.
പൊടുന്നനെ അയാളുടെ കൈകള്‍ അയഞ്ഞു. കയറില്‍നിന്നു പിടിവിട്ടുപോയി.
കഴുത്തില്‍ മുറുകിയ കയര്‍ വെപ്രാളത്തോടെ വലിച്ചു മാറ്റിയിട്ട്, കിതച്ചുകൊണ്ടു ചാക്കോയെ നോക്കി കൈകൂപ്പി ദയനീയ സ്വരത്തില്‍ അവള്‍ അപേക്ഷിച്ചു:
“പ്ലീസ്… എന്നെ കൊല്ലരുതേ! എന്‍റെ വയറ്റില്‍ ഒരു കുഞ്ഞുണ്ട്. ആ പാവത്തിനെ കൊല്ലല്ലേ . പ്ലീസ് ”
അനിതയുടെ വിറയലും കരച്ചിലും കണ്ടപ്പോൾ ചാക്കോയുടെ മനസ് ഉരുകി ഒലിച്ചു . കയര്‍ ചുരുട്ടിക്കൂട്ടി ദൂരേക്ക് എറിഞ്ഞിട്ട് അയാള്‍ പറഞ്ഞു:
“നിന്‍റെ അപ്പനും കെട്ട്യോനും കൂടി നിന്നെ കൊന്നു കത്തിച്ചു കളയാന്‍ എല്പിച്ചതാ എന്നെ. പക്ഷേ വയറ്റില്‍ക്കിടക്കുന്ന കുഞ്ഞിന്റെ അനക്കം കണ്ടപ്പം എന്‍റെ ശക്തി ചോര്‍ന്നുപോയി. ഒരു പക്ഷേ, എനിക്കൊരു കുഞ്ഞില്ലാത്തതിന്‍റെ വിഷമം കൊണ്ടായിരിക്കാം.”
“പ്ലീസ് കൊല്ലരുത്. ഞാനെവിടെങ്കിലും പോയി ജീവിച്ചോളാം. കൊന്നുകളഞ്ഞു എന്നു പറഞ്ഞു തരാമെന്നു പറഞ്ഞ കാശു വാങ്ങിച്ചോളൂ. ഞാനിനി ആ വീട്ടിലേക്കു പോകുകയോ അവരെ കാണുകയോ ഫോണ്‍ വിളിക്കുകയോ ചെയ്യില്ല . എന്നെ വെറുതെ വിട്ടൂടെ .. പ്ലീസ് ”
” ഞാൻ നിന്നെ എങ്ങനെ വിശ്വസിക്കും ? നീ നിന്റെ സ്വന്തം വീട്ടിലേക്കു മടങ്ങിച്ചെന്നാലോ ?”
” സ്വന്തം വീടോ? നിങ്ങള്‍ക്കറിയുവോ, അപ്പനും അമ്മയും ആരെന്നറിയാത്ത ഒരനാഥപ്പെണ്ണാ ഞാന്‍. ജനിച്ചനാൾ മുതൽ അനാഥാലയത്തില്‍ വളര്‍ന്ന എനിക്ക് എവിടെയാ സ്വന്തം വീട് ? ഒരിക്കലും ഞാൻ നിങ്ങൾക്കെതിരെ പോലീസിൽ പരാതി കൊടുക്കില്ല. സത്യം . ഇനിയുള്ള കാലം ഏതെങ്കിലും അനാഥമന്ദിരത്തിൽ ജീവിച്ചോളാം . എന്റെ കുഞ്ഞിന്റെ മുഖം എനിക്ക് ഒന്ന് കാണണമെന്നുള്ള ആഗ്രഹം മാത്രമേ ഇപ്പം ഉള്ളൂ . .പ്ലീസ് എന്നെ കൊല്ലരുത് ”
” അനാഥയാണെങ്കിൽ നീ എങ്ങനെയാ അത്രയും വല്യ വീട്ടിൽ കല്യാണം കഴിച്ചു വന്നത് ? ”
” ക്ഷമയോടെ കേൾക്കുമെങ്കിൽ ഞാൻ എന്റെ ജീവിത കഥ മുഴുവൻ പറയാം.”
”ഉം, പറ .”
അവൾ തന്‍റെ ജീവിതാനുഭവങ്ങൾ ഒന്നൊഴിയാതെ, കണ്ണീരോടെ ചാക്കോയോടു പറഞ്ഞു. എന്നിട്ടു തുടര്‍ന്നു:
“അങ്ങ് ഒരുപകാരം ചെയ്യുമെങ്കിൽ വല്യ സന്തോഷമായി . ഏതെങ്കിലും ഒരനാഥാലയത്തില്‍ എന്നെ ഒന്ന് കൊണ്ടാക്കുമോ?”
ക്രൂരനായ ചാക്കോയുടെപോലും മനമുരുകി അവളുടെ ദുരനുഭവങ്ങള്‍ കേട്ടപ്പോള്‍. അയാൾ പറഞ്ഞു :
“പേടിക്കണ്ട. ഞാന്‍ നിന്നെ കൊല്ലില്ല. സുരക്ഷിതമായി നിന്നെ ഒരു വീട്ടില്‍ കൊണ്ടെ താമസിപ്പിക്കാം. അനാഥാലയത്തിലല്ല. എനിക്ക് പരിചയമുള്ള ഒരു വീട്ടിൽ. പക്ഷേ ഒരുറപ്പു തരണം. നിന്റെ അപ്പനോ ഭര്‍ത്താവോ ഇനി ഒരിക്കലും നിന്നെ കണ്ടുമുട്ടാന്‍ ഇടവരരുത്. നീ ജീവിച്ചിരുപ്പുണ്ടെന്ന് എന്നെങ്കിലും അവരറിഞ്ഞാല്‍ എന്‍റെ ബോസ് എന്നെ വച്ചേക്കില്ല.”
“എന്നെ കൊല്ലാൻ കൊടുത്ത ഭർത്താവിനെയും അപ്പനെയും ഇനി ആർക്കു കാണണം ? മരിച്ചാലും ഇനി എനിക്കവരെ വേണ്ട . ഞാൻ ആ വീട്ടിലേക്കു ഇനി തിരിച്ചു പോകുകയുമില്ല “- അവളുടെ വാക്കുകളിൽ റോയിയോടും സഖറിയാസിനോടുമുള്ള അവജ്ഞയും വെറുപ്പും പ്രകടമായിരുന്നു.
“അതാ നിന്റെ ഭാവിക്കു നല്ലത് . നീ ശാപംകിട്ടിയ പെണ്ണാണെന്നും നീ ജീവിച്ചിരുന്നാല്‍ കുടുംബത്തിനും ഭര്‍ത്താവിനും ദോഷമാണെന്നും ഏതോ ജോത്സ്യന്‍ പറഞ്ഞൂന്നു പറഞ്ഞാണ് നിന്നെ കൊന്നുകളയാൻ ഞങ്ങളെ ഏൽപ്പിച്ചത് . അങ്ങനെ വിശ്വസിക്കുന്ന ആളുകളുടെ അടുത്തേക്ക് ഇനി പോകാതിരിക്കുന്നതാ നിനക്കു നല്ലത്.”
“എന്നെ വേണ്ടാത്ത ഒരു ഭര്‍ത്താവിനെയും അപ്പനെയും എനിക്കിനി ഒരിക്കലും കാണണ്ട . ഒരിക്കലും… ” അവൾ തീർത്തു പറഞ്ഞു.
ചാക്കോയ്ക്കു സമാധാനമായി. അയാള്‍ ജീപ്പില്‍ കയറി സ്റ്റാർട്ട് ചെയ്തു. വണ്ടി റിവേഴ്സെടുത്തു മെയിന്‍ റോഡിലേക്കിറക്കി. ടാര്‍ റോഡിലൂടെ അതു മുമ്പോട്ടു കുതിച്ചു.
പോകുന്നവഴി ചാക്കോ അവളോട് ഓരോന്നു ചോദിച്ചുകൊണ്ടിരുന്നു. ഒരു സഹോദരനോടെന്നപോലെ അനിത എല്ലാറ്റിനും സത്യസന്ധമായി മറുപടി നല്‍കി.

********

ഹൈറേഞ്ചിലെ ഒരു കുഗ്രാമം.
കുത്തനെയുള്ള കയറ്റം.
കുണ്ടും കുഴിയുമുള്ള ചെമ്മണ്‍റോഡിലൂടെ ജീപ്പ് സാവധാനമാണ് നീങ്ങിയത്.
ഏറെ ദൂരം ഓടിയിട്ട് ഒരു തോടിന്‍റെ സമീപം ജീപ്പു നിന്നു. ചാക്കോ തിരിഞ്ഞുനോക്കിയിട്ടു അനിതയോടു പറഞ്ഞു:
“ഇവിടുന്ന് ഇത്തിരി നടക്കണം. ബുദ്ധിമുട്ടില്ലല്ലോ?”
“ഇല്ല.”
ചാക്കോ ജീപ്പില്‍ നിന്നിറങ്ങി. എന്നിട്ട് അനിതയെ ഇറങ്ങാൻ സഹായിച്ചു.
” ആ ബാഗ് ഇങ്ങു താ.. ഞാൻ പിടിയ്ക്കാം ” ചാക്കോ കൈ നീട്ടി.
”വേണ്ട ഞാൻ പിടിച്ചോളാം ‘
”എന്നെ ഇപ്പോഴും വിശ്വാസമായില്ലേ ?”
” അയ്യോ, അതുകൊണ്ടല്ല . എന്നെ രക്ഷിച്ച ഒരാളിനെ വീണ്ടും ബുദ്ധിമുട്ടിക്കണ്ടല്ലോന്ന് കരുതിയാ. ”
” ഒരു ബാഗ് ചുമക്കുന്നതാണോ ബുദ്ധിമുട്ട് . ” ചാക്കോ അവളുടെ കയ്യിൽ നിന്ന് ബാഗ്‌ വാങ്ങി തലയിൽ വച്ചു .
വിജനമായ ഒറ്റയടിപ്പാതയിലൂടെ ചാക്കോയുടെ പിന്നാലെ അവള്‍ നടന്നു.
“ഈ സ്ഥലത്തിന്‍റെ പേരെന്താ?” നടക്കുന്ന വഴി അവൾ ചോദിച്ചു.
“കടുവാക്കുന്ന്. പണ്ടിവിടെ വനമായിരുന്നു. കുടിയേറ്റക്കാരാ എല്ലാം. പക്ഷേ സ്നേഹമുള്ള മനുഷ്യരാ കേട്ടോ.”
അഞ്ചു മിനിറ്റു നടന്ന്, ഓടിട്ട ഒരു പഴയ വീടിന്‍റെ മുമ്പിലെത്തി അവര്‍. അനിതയെ മുറ്റത്തു നിറുത്തിയിട്ട് ചാക്കോ അകത്തേക്കു കയറിപ്പോയി. കുറച്ചുനേരം കഴിഞ്ഞ് എഴുപതു വയസ്സിലേറെ പ്രായം തോന്നിക്കുന്ന വൃദ്ധയോടൊപ്പം ചാക്കോ പുറത്തേക്കിറങ്ങി വന്നു.
ചട്ടയും മുണ്ടുമായിരുന്നു സ്ത്രീയുടെ വേഷം. കഴുത്തില്‍ ഒരു വെന്തിങ്ങയുണ്ട് . ഒറ്റനോട്ടത്തിലേ ആള് ക്രിസ്ത്യാനിയാണെന്ന് അവള്‍ക്കു മനസ്സിലായി.
അനിതയുടെ അടുത്തേക്കു വന്ന് ആപാദചൂഢം നോക്കിയിട്ട്, താടിക്കു കയ്യും കൊടുത്തു ആ വൃദ്ധ പറഞ്ഞു :
“സിനിമാനടിയേപ്പോലിരിക്കുന്ന ഒരു പെണ്ണ്! നിന്നെ കൊന്നു കളയാന്‍ എങ്ങനെയാ കൊച്ചേ ആ തന്തയ്ക്കും കെട്ട്യോനും തോന്നീത്? “
അനിത ഒന്നും പറയാതെ നിര്‍വികാരയായി നിന്നതേയുള്ളൂ.
“ചാക്കോ എല്ലാം എന്നോടു പറഞ്ഞു. നീ വിഷമിക്കണ്ട കൊച്ചേ . ഇവിടെ ഞാന്‍ മാത്രമേയുള്ളൂ. സ്വന്തം വീട്ടില്‍ താമസിക്കുന്നതുപോലെ നിനക്കിവിടെ താമസിക്കാം. സൗകര്യങ്ങളൊക്കെ ഇത്തിരി കുറവാന്നേയുള്ളൂ.”
” തലചായ്ക്കാന്‍ ഒരിടവും വിശപ്പുമാറ്റാൻ ഇത്തിരി കഞ്ഞീം കിട്ടിയാല്‍ മതി എനിക്ക്. വേറൊന്നും വേണ്ടമ്മേ “
” അത് രണ്ടും ഞാൻ തരാം .” ചാക്കോയെ ചൂണ്ടിക്കൊണ്ട് വൃദ്ധ തുടർന്നു : “ഇവന്‍ ആളു തല്ലിപ്പൊളിയാണേലും സ്നേഹിച്ചാല്‍ ചങ്കുപറിച്ചു കൊടുക്കുന്നോനാ. അതുകൊണ്ടല്ലേ നിന്നെ കൊല്ലാതെ ഇവിടെകൊണ്ടേ ഏൽപ്പിച്ചത്. എനിക്കിവനെ ചെറുപ്പം മുതലേ അറിയാം. ഗുണ്ടാപ്പണി നിറുത്താന്‍ ഞാനിവനോടു പലവട്ടം പറഞ്ഞതാ. കേള്‍ക്കണ്ടേ?”
“എന്നാ ഞാനങ്ങു പൊക്കോട്ടെ ഏലിച്ചേടത്തീ?” ചാക്കോ യാത്ര ചോദിച്ചു.
“ഈ കൊല്ലും കൊലയും ഇനിയെങ്കിലും ഒന്നും നിറുത്തിക്കൂടേടാ നിനക്ക്?”
“ജീവിക്കണ്ടേ ഏലിച്ചേടത്തീ. ”
“ഓ പിന്നെ. കൊന്നും മോഷ്ടിച്ചുവല്ലേ നാട്ടിലുള്ളോരു മുഴുവന്‍ ജീവിക്കുന്നെ! എന്നേക്കൊണ്ടൊന്നും പറയിപ്പിക്കണ്ട. സ്ഥലം വിട്ടോ. ഇനി ഞാൻ നോക്കിക്കൊള്ളാം ഇവളെ. “
ചാക്കോ അനിതയെ നോക്കി പറഞ്ഞു : ” പറഞ്ഞത് ഓർമ്മയുണ്ടല്ലോ ? നിന്നെ കൊന്നു കത്തിച്ചു കളഞ്ഞു എന്നുപറഞ്ഞു ഞാൻ പോയി കാശുവാങ്ങിക്കാൻ പോകുവാ . ഇനി ഒരിക്കലും തിരിച്ചു അങ്ങോട്ട് ചെന്നേക്കരുത്. നീ ഇവിടുണ്ടെന്നു ആരും അറിയുകയും ചെയ്യരുത്.”
” ഇല്ല . ഞാനിനി ഒരിക്കലും അങ്ങോട്ട് പോകില്ല . ദയ കാണിച്ചതിന് ഒരുപാട് നന്ദിയുണ്ട് ട്ടോ ”
”നന്ദിയൊന്നും വേണ്ട . ആരെയും ബുദ്ധിമുട്ടിക്കാതെ അടങ്ങിയും ഒതുങ്ങിയും ഇവിടെ നിന്നാൽ മതി ”
എലിക്കുട്ടിയോടു യാത്ര പറഞ്ഞിട്ട് ചാക്കോ തിരിഞ്ഞുനടന്നു; വന്ന വഴിയേ ഏകനായി.
“കേറി വാ മോളേ.” ഏലിക്കുട്ടി അവളെ അകത്തേക്കു വിളിച്ചു കയറ്റി. “എനിക്കൊരു മോളില്ലാത്തതിന്റെ വിഷമം ഇപ്പഴാ മാറീത്. നീ കത്തോലിക്കാപ്പെണ്ണല്ലേ?”
“ഉം ! അമ്മയ്ക്കു മക്കളൊന്നുമില്ലേ?”
അമ്മേ എന്ന വിളി കേട്ടപ്പോള്‍ ഏലിച്ചേടത്തിയുടെ മനസ്സു കുളിര്‍ന്നു. അവര്‍ പറഞ്ഞു:
“എനിക്കു രണ്ട് ആണ്‍മക്കളേയുള്ളൂ. അവരു പെണ്ണുകെട്ടി വേറെ താമസിക്ക്വാ. അവരുടെ കെട്ട്യോളുമാര് ഒരു ചൊവ്വില്ലാത്തതാ. അവളുമ്മാരുമായിട്ടു എനിക്കു യോജിച്ചു പോകാന്‍ പറ്റാതെവന്നപ്പം ഞാന്‍ തനിച്ചു താമസിച്ചോളാമെന്നു പറഞ്ഞു . ഇതെന്റെ കെട്ടിയോൻ ഉണ്ടാക്കിയ വീടാ.”
“ഭര്‍ത്താവ്?”
“അഞ്ചുവര്‍ഷം മുമ്പു മരിച്ചു പോയി മോളെ. . ബസിലെ ഡ്രൈവറായിരുന്നു. ഒരപകടത്തില്‍ ആളുപോയി. നല്ല സ്നേഹമുള്ള ആളായിരുന്നു കേട്ടോ . ങാ .., ഇനി അതൊക്കെ പറഞ്ഞിട്ട് എന്നാ കാര്യം .”
ഏലിക്കുട്ടിയുടെ മുഖത്തു സങ്കടം .
“നിനക്കു കഴിക്കാന്‍ വല്ലതും വേണോ മോളേ? കപ്പയും മീൻ കറിയും ഇരിപ്പുണ്ട്. എടുക്കട്ടേ ഇത്തിരി?”
“ഇപ്പം ഒന്നും വേണ്ടമ്മേ. നല്ല ക്ഷീണം തോന്നുന്നു. ഡ്രസ്സ് മാറിയിട്ട് ഒന്ന് കുളിക്കണം. എന്നിട്ടു കുറച്ചുനേരം കിടക്കണം. യാത്രചെയ്തു മടുത്തു.”
” എന്നാലും എന്റെ പെണ്ണേ, നിന്നെ കൊന്നുകളയാൻ ആ കെട്ടിയോനും തന്തക്കും തോന്നിയല്ലോ ! അതും വയറ്റിലുള്ള ഒരു പെണ്ണിനെ. എന്തൊരു ദുഷ്ടന്മാരാ അവര് ”
” ഇനി അതൊന്നും ഓർമ്മിപ്പിക്കരുതേ …. എനിക്ക് കരച്ചില് വരും. ”
ഏലിക്കുട്ടി സോപ്പും തോര്‍ത്തുമെടുത്തു കൊടുത്തിട്ട് അവള്‍ക്കു കുളിമുറി കാണിച്ചുകൊടുത്തു. വേഷം മാറിയിട്ട് അവള്‍ കുളിക്കാനായി ബാത്റൂമില്‍ കയറി.
കുളികഴിഞ്ഞു വന്നപ്പോഴേക്കും അവള്‍ക്കു കിടക്കാനുള്ള മുറി ഒരുക്കിയിരുന്നു ഏലിക്കുട്ടി. പഴയ ഒരു കട്ടിലും പായും തലയണയും പുതപ്പും.
“സൗകര്യങ്ങളൊക്കെ കുറവാ കേട്ടോ മോളെ.”
“ഇതു തന്നെ ധാരാളമല്ലേ അമ്മച്ചി. എന്നെ മോളെ എന്നു വിളിക്കാന്‍ എനിക്കൊരമ്മയെ ദൈവം കൊണ്ടു തന്നല്ലോ . അതു തന്നെ വല്യ കാര്യമല്ലേ?”
“എന്നാ മോളു കുറച്ചുനേരം കിടന്നുറങ്ങ്. വിശേഷങ്ങളൊക്കെ നമുക്കു പിന്നെ പറയാം.”
വാതില്‍ ചാരിയിട്ട് ഏലിക്കുട്ടി പിന്‍വലിഞ്ഞു.
(തുടരും. )
രചന : ഇഗ്‌നേഷ്യസ് കലയന്താനി copyright reserved

Also Read അവൾ അനാഥയല്ല- നോവൽ- അദ്ധ്യായം 1

Also Read അവൾ അനാഥയല്ല – നോവൽ – അദ്ധ്യായം 2

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 3

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 4

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 5

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 6

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 7

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 8

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 9

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 10

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 11

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 12

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 13

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 14

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 15

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 16

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 17

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here