കഥ ഇതുവരെ
കന്യാസ്ത്രീകൾ നടത്തുന്ന അനാഥാലയത്തിൽ വളർന്ന , സുന്ദരിയും പാട്ടുകാരിയുമായ അനിതയോട് ആ ഇടവകയിലെ ധനാഢ്യനായ ഇലഞ്ഞിക്കൽ സഖറിയാസിന്റെ മകൻ റോയിക്ക് അനുരാഗം തോന്നി. റോയിയുടെ മാതാപിതാക്കൾ ആദ്യം എതിർത്തെങ്കിലും അവന്റെ നിർബന്ധത്തിനു വഴങ്ങി ആ കല്യാണം നടത്തിക്കൊടുത്തു. ആദ്യരാത്രിയിൽ അനിതക്ക് മനസിലായി തന്റെ ഭർത്താവ് മദ്യത്തിന് അടിമയാണെന്ന് . അത് അവളെ തളർത്തി. കാഞ്ഞിരപ്പള്ളിയില്‍ 25 ഏക്കർ റബര്‍ത്തോട്ടമുണ്ട് സഖറിയാസിന്. അതു നോക്കി നടത്തി ആദായമെടുക്കുന്ന ചുമതല റോയിയെയാണ് ഏല്പിച്ചിരുന്നത്. ആഴ്ചയില്‍ മൂന്നോ നാലോ ദിവസം റോയി അവിടെപ്പോകും. റോയിയുടെ അഭാവത്തിൽ പപ്പയും അമ്മയും അനിതയെ മാനസികമായി നിരന്തരം പീഡിപ്പിപ്പിച്ചു. അനിത ഭർത്താവിനോട് തന്റെ ദുഃഖങ്ങൾ പറഞ്ഞു. അനിതയെ പീഡിപ്പിക്കുന്നതിന്റെ പേരിൽ ഒരു രാത്രി റോയി മാതാപിതാക്കളുമായി വഴക്കിട്ടു. കലിപൂണ്ട റോയിയുടെ പപ്പ സക്കറിയാസ് ഒരപകട മരണത്തിലൂടെ അനിതയെ കൊന്നുകളയാൻ രഹസ്യമായി പദ്ധതി തയ്യാറാക്കി. ഒരുദിവസം അനിത അനാഥാലയത്തിൽ പോയി അവളുടെ പഴയ കുട്ടികളോടൊപ്പം അവിടെ താമസിച്ചു. അനിത അനാഥാലയത്തിൽ കിടന്നതു റോയ്ക്കിഷ്ടപ്പെട്ടില്ല . അതയാൾ തുറന്നു പറഞ്ഞു . (തുടർന്ന് വായിക്കുക )
ഒരു ശിലാബിംബംപോലെ കുറേനേരം അനിത മരവിച്ചിരുന്നു പോയി. പിന്നെ മുഖം ഉയർത്തി റോയിയെ നോക്കി. പത്രത്തില്‍ മിഴികളൂന്നി ഇരിക്കുകയാണ് ആ മനുഷ്യൻ.
ഇടയ്ക്ക് ഒളികണ്ണിട്ടു റോയി ഭാര്യയെ നോക്കി. നിശബ്ദമായി അവള്‍ മുഖം കുമ്പിട്ട് ഇരിക്കുന്നതു കണ്ടപ്പോള്‍ റോയി ആരോടെന്നില്ലാതെ പത്രത്തിലേക്കു നോക്കി പറഞ്ഞു:
“കല്യാണം കഴിഞ്ഞാല്‍ ഭര്‍ത്താവിന്‍റെ ഇഷ്ടത്തിനനുസരിച്ചുവേണം ഭാര്യ ജീവിക്കാന്‍. ഒരു നല്ല ഭാര്യ അങ്ങനെയാ ചെയ്യേണ്ടത്.”
അതിനു മറുപടി ഒന്നും പറഞ്ഞില്ല അനിത. കീഴ്‌പോട്ടു നോക്കി ഇരുന്നതേയുള്ളൂ. കണ്ണുകളിൽ നിന്ന് കുടുകുടെ കണ്ണീർ ഒഴുകി.
പത്രം മടക്കി വച്ചിട്ട് റോയി എണീറ്റ് ബാത്റൂമിലേക്കു പോയി. കുളി കഴിഞ്ഞു വന്നപ്പോള്‍ അയാള്‍ കണ്ടത് കിടക്കയില്‍ ചെരിഞ്ഞു കിടന്നു തേങ്ങിക്കരയുന്ന അനിതയെയാണ്.
“കരയാന്‍ മാത്രം ഇവിടാരും ഒന്നും പറഞ്ഞില്ലല്ലോ.” റോയി വന്നു അവളുടെ സമീപം കിടക്കയില്‍ ഇരുന്നു.
പൊടുന്നനെ എണീറ്റിട്ടു റോയിയെ നോക്കി അനിത രോഷത്തോടെ ചോദിച്ചു:
“ഞാനൊരനാഥയാണെന്നറിഞ്ഞുകൊണ്ടല്ലേ റോയിച്ചന്‍ എന്നെ കെട്ടിയത്?”
“അതിനിപ്പം എന്താ ഉണ്ടായേ? ഓര്‍ഫനേജില്‍ പോയി അവിടെ കിടക്കുന്നത് എനിക്കിഷ്ടമില്ലെന്നു പറഞ്ഞതാണോ എന്റെ കുറ്റം ? അവിടെ പോകണ്ടാന്നോ ആരേം കാണണ്ടാന്നോ പറഞ്ഞില്ലല്ലോ?”
“എന്‍റെ കൂടപ്പിറപ്പിനെപ്പോലുള്ള കുറെ കുഞ്ഞുങ്ങളുണ്ട് റോയിച്ചാ അവിടെ. സ്വന്തക്കാരും ബന്ധുക്കളുമില്ലാത്ത കുട്ടികള്. എന്നെ ചേച്ചിയെപ്പോലെയാ അവരു കാണുന്നത്. അവരു നിർബന്ധിച്ചിട്ടാ ഞാൻ അവിടെ കിടന്നത്. ഇനി അങ്ങനുണ്ടാവില്ല. പോരെ?”
“മതി. അതേ ഞാനും പറഞ്ഞുള്ളൂ. ഇലഞ്ഞിക്കലെ പെണ്ണ് ഇനി അനാഥാലയത്തില്‍ കിടക്കേണ്ടവളല്ല.”
അതു പറഞ്ഞിട്ട് റോയി എണീറ്റ് വേഷം മാറി, കുര്‍ബാനയില്‍ പങ്കുകൊള്ളാന്‍ പള്ളിയിലേക്കു പുറപ്പെട്ടു.
കുറേനേരം മുറിയിലിരുന്ന് വിതുമ്പിയിട്ടു അനിത താഴെ, ഡൈനിംഗ് റൂമില്‍ ചെന്നു ഭക്ഷണം കഴിച്ചു . എന്നിട്ടു വീണ്ടും മുറിയില്‍ വന്നു ചടഞ്ഞുകൂടിയിരുന്നു.
താഴെ, സ്വീകരണമുറിയില്‍ സഖറിയാസും മേരിക്കുട്ടിയും ജിഷയും തമാശകള്‍ പറഞ്ഞു ചിരിക്കുന്നതുകേട്ടപ്പോള്‍ അനിതയുടെ ഹൃദയം വിങ്ങി. തനിക്ക് പപ്പയും അമ്മയും ഉണ്ടായിരുന്നെങ്കില്‍ ഇതുപോലെ ചിരിയും കളിയുമായി എത്ര സന്തോഷകരമായിരുന്നേനെ ജീവിതം!. എന്നെങ്കിലുമൊരിക്കല്‍ പപ്പയേയും അമ്മയെയും കാണാന്‍ പറ്റുമോ തനിക്ക്?
രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ അനിത ഭര്‍ത്താവിനോടു പറഞ്ഞു:
“മടുത്തു റോയിച്ചാ, ഈ ജയിലിലെ ജീവിതം! നമുക്കു കുറച്ചു ദിവസം വേറെവിടെങ്കിലും പോയി തനിയെ താമസിക്കാം. ഒരു ചെയ്ഞ്ചിനുവേണ്ടി. കല്യാണം കഴിഞ്ഞിട്ട് നമ്മൾ എങ്ങും പോയില്ലല്ലോ.”
“ഒരു കാര്യം ചെയ്യാം. കാഞ്ഞിരപ്പള്ളിയിലെ എസ്റ്റേറ്റില്‍ പോയി നമുക്കു കുറച്ചുദിവസം താമസിക്കാം. അവിടൊരു വീടുണ്ട്; താമസിക്കാന്‍ പറ്റീത്.”
“എവിടാണെങ്കിലും വേണ്ടില്ല. ഈ ജയിലീന്ന് ഒരു മോചനം കിട്ടിയാ മതി എനിക്ക്.”
“എന്നാ നാളെത്തന്നെ പുറപ്പെട്ടേക്കാം.”
“ഉം” അനിതയ്ക്കു സന്തോഷമായി.
ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് അവള്‍ ഒരു ചുംബനം സമ്മാനിച്ചു.
******
വിസ്തൃതമായ റബര്‍തോട്ടം!
നിരനിരയായി നില്‍ക്കുന്ന റബ്ബർ മരങ്ങള്‍ കാണാന്‍ എന്തു ഭംഗി.
റോയി അവളെ തോട്ടം മുഴുവന്‍ ചുറ്റി നടന്നു കാണിക്കുകയും തൊഴിലാളികള്‍ക്കു പരിചയപ്പെടുത്തുകയും ചെയ്തു.
ഉച്ചയ്ക്ക് തൊഴിലാളികളോടൊപ്പമിരുന്നാണ് ഊണു കഴിച്ചത്. ഭക്ഷണം കഴിഞ്ഞു റോയിയുടെ കൂടെ കൃഷിപ്പണികള്‍ നടക്കുന്ന സ്ഥലത്തു പോയി അവൾ എല്ലാം കണ്ടു നിന്നു.
വൈകുന്നേരം എസ്റ്റേറ്റ് ബംഗ്ലാവില്‍ തിരിച്ചെത്തി.
താമസിക്കാന്‍ എല്ലാ സൗകര്യങ്ങളുമുള്ള മനോഹരമായ വീട്. കിടക്കാന്‍ കട്ടിലും ബെഡുമെല്ലാം ഉണ്ട്. അനിതയ്ക്കു നന്നേ ഇഷ്ടമായി വീടും പരിസരവും .
സന്ധ്യയായപ്പോള്‍ ദൂരെ, ടൗണിലുള്ള ഹോട്ടലില്‍ പോയി അവര്‍ ഭക്ഷണം കഴിച്ചു. ഭക്ഷണം കഴിഞ്ഞ് തമാശകള്‍ പറഞ്ഞ്, ചിരിച്ചും കളിച്ചുമാണ് കാറില്‍ ബംഗ്ലാവിലേക്കു മടങ്ങിയത്.
രാത്രി കിടക്കയില്‍ ബഡ്ഷീറ്റു വിരിച്ച് കിടന്നു. അനിതയുടെ വിവാഹാനന്തരജീവിതത്തിലെ ഏറ്റവും സുന്ദരരാത്രിയായിരുന്നു അത്. ഭര്‍ത്താവിന്‍റെ സ്നേഹവും സ്പര്‍ശനവും ലാളനയും മതിയാവോളം കിട്ടിയ മധുവിധു രാത്രി. റോയിയുടെ നെഞ്ചില്‍ മുഖം ചേര്‍ത്ത് വികാരതരളിതയായി കിടക്കുമ്പോള്‍ അവള്‍ പാടി.
“ഈ രാത്രി പുലരാതെ ഇങ്ങനെ കഴിഞ്ഞെങ്കിൽ “
റോയി ബാക്കി പാടി: “ഇന്ദുലേഖ പൊലിയാതെ ഇരുന്നെങ്കിൽ…”
ഏറെ നേരം അവര്‍ വര്‍ത്തമാനം പറഞ്ഞും, ഹൃദയവികാരങ്ങള്‍ കൈമാറിയും കിടന്നു. ഭര്‍ത്താവിന്‍റെ കരലാളനയിൽ എല്ലാ വിഷമങ്ങളും മറന്ന് അവള്‍ ആനന്ദസാഗരത്തിലാറാടി.
പിറ്റേന്നു രാവിലെ അടുത്തുള്ള ഒരു ഹോട്ടലില്‍ പോയി അവര്‍ ബ്രേക്ക്ഫാസ്റ്റ് കഴിച്ചു. തിരിച്ചു ബംഗ്ലാവില്‍ വന്നപ്പോള്‍ അനിത പറഞ്ഞു:
“ഇവിടുന്നു തിരിച്ചു പോകാനേ എനിക്കിപ്പം തോന്നുന്നില്ല. ഒരാറുമാസം നമുക്കിവിടെ അടിച്ചുപൊളിച്ചു കഴിഞ്ഞാലോ റോയിച്ചാ? എന്തു രസാ ഇവിടത്തെ താമസം! നല്ല വീടും പരിസരവും “
“ഇടയ്ക്കിടെ നമുക്കിവിടെ വന്നു താമസിക്കാന്നേ…”
“മാസത്തില്‍ ഒന്നെങ്കിലും വരണം. വരുവോ ?”
“ഉം.”
“കല്യാണത്തിനു ശേഷം ഏറ്റവും കൂടുതല്‍ സന്തോഷം തോന്നുന്നത് ഇപ്പഴാ.”
റോയിയുടെ ഇരുകവിളുകളിലും കൈകള്‍ ചേര്‍ത്തുകൊണ്ട് അനിത തുടര്‍ന്നു:
“കള്ളു കുടിക്കാത്തവരുടെ ഹൃദയത്തില്‍ ഈശോയുടെ അരൂപി ഉണ്ടായിരിക്കുമെന്ന് ഒരിക്കല്‍ വികാരിയച്ചന്‍ പ്രസംഗിച്ചതു നേരാ. ഇപ്പം റോയിച്ചന്‍റെ മുഖത്ത് എന്തൊരു തെളിച്ചമാ.”
റോയി ചിരിച്ചതേയുള്ളൂ.
“ഇന്ന് എങ്ങോട്ടാ നമ്മൾ യാത്ര?”
“ഇവിടെ ഒരുപാട് ബ്യൂട്ടിഫുള്‍ പ്ലെയ്സസുണ്ട് കാണാന്‍. എല്ലാം കാണിച്ചിട്ടേ തിരിച്ചു വീട്ടിലേക്കുള്ളൂ. ഇടയ്ക്കൊരു സിനിമേം കാണാം. ആരുടേയും ശല്യമില്ലാതെ ഒരാഴ്ച്ച നമുക്കടിച്ചു പൊളിച്ചു ജീവിക്കാന്നെ ”
“ഇപ്പഴാ റോയിച്ചൻ ഒരു ഭർത്താവായത് ! ഇതുപോലൊരു ഭര്‍ത്താവിനെയാ ഞാന്‍ കൊതിച്ചതും.”
അനിത റോയിയുടെ കവിളില്‍ സ്നേഹവായ്പോടെ ഒരു മുത്തം നല്‍കി.
*********
ആറു പകലും അഞ്ചു രാത്രിയും കണ്ണടച്ചു തുറന്നതുപോലെ കടന്നുപോയി. ഇനി മടക്കയാത്ര.
അനിതയ്ക്കു സങ്കടമായി. ഈ വീടും ഇവിടുത്തെ മനുഷ്യരും മതി തനിക്ക്. തൊഴിലാളികള്‍ക്ക് എന്തൊരു സ്നേഹവും ആദരവുമാണ് തന്നോട്! ഇലഞ്ഞിക്കലെ മഹാറാണിയല്ലേ താൻ !
തിരിച്ചുപോകാനായി കാറില്‍ കയറിയപ്പോള്‍ സ്ത്രീത്തൊഴിലാളികള്‍ അടുത്തുവന്നു കൈകൂപ്പി യാത്രാമംഗളം നേര്‍ന്നു.
കാര്‍ മുമ്പോട്ടു നീങ്ങിയപ്പോള്‍ അനിത പറഞ്ഞു: “ഇതുപോലുള്ള ഒരു സാധാരണ വീട്. സ്നേഹിക്കാന്‍ റോയിച്ചന്‍. ഓമനിക്കാനും താലോലിക്കാനും രണ്ടോ മൂന്നോ കുഞ്ഞുങ്ങള്‍. അത്രയും മതി എനിക്ക്. വേറൊരാഗ്രഹവുമില്ല റോയിച്ചാ “
“എല്ലാം ശരിയാകും. നീ സമാധാനമായിട്ടിരിക്ക് ”
റോയി ആശ്വസിപ്പിച്ചു .
ഈ സമയം ഇലഞ്ഞിക്കല്‍ വീട്ടില്‍ സഖറിയാസും ക്വട്ടേഷന്‍ സംഘത്തലവന്‍ വിശ്വംഭരനും തമ്മില്‍ രഹസ്യ ചര്‍ച്ച നടത്തുകയായിരുന്നു. സഖറിയാസ് പറഞ്ഞു: “അവളു ഞായറാഴ്ച പള്ളിയില്‍ പോകുമ്പം ജീപ്പുമായി പിന്നാലെ ചെന്ന് ഒറ്റ ഇടി. സ്പോട്ടില്‍ ആളു മരിക്കണം. അതുറപ്പുവരുത്തണം ”
“അതു ഞാനേറ്റു. ഈ വിശ്വംഭരന്‍ ഇതുപോലെ എത്രയോ ഓപ്പറേഷന്‍ നടത്തീട്ടുള്ളതാ. ഇതൊക്കെ ചെറിയ കേസല്ലേ ”
“നമ്മള്‍ രണ്ടുപേരുമല്ലാതെ ഒരീച്ചപോലും അറിയരുത്.”
“ഒരിക്കലുമില്ല. പിന്നെ, കേസു വന്നാല്‍ മുതലാളി നോക്കിക്കോണം.”
“എന്തു കേസ്? തന്തേം തള്ളേം ഇല്ലാത്ത അവള്‍ക്കുവേണ്ടി ആരു കേസു കൊടുക്കാനാ? ഇനി അഥവാ ആരെങ്കിലും കൊടുത്താല്‍ ബാക്കി കാര്യം ഞാന്‍ നോക്കിക്കോളാം. ഒന്നുകൊണ്ടും പേടിക്കണ്ട ”
“എന്നാ പതിനായിരം ഇപ്പം അഡ്വാന്‍സ് താ. ബാക്കി ഓപ്പറേഷന്‍ കഴിഞ്ഞിട്ട്.”
സഖറിയാസ് അലമാരയില്‍നിന്നു പണമെടുത്തുകൊണ്ടു വന്നു കൊടുത്തു.
“ഞായറാഴ്ച ആ പെണ്ണ് ഇവിടെനിന്നിറങ്ങുമ്പം മുതലാളി ഫോണ്‍ ചെയ്തു ഒന്ന് പറഞ്ഞേക്കണം.”
“ഷുവർ .”
വിശ്വംഭരന്‍ ഗുഡ്ബൈ പറഞ്ഞു പിരിഞ്ഞു.
ഞായറാഴ്ച!
രാവിലെ എണീറ്റപ്പോള്‍ അനിത ഭര്‍ത്താവിനോടു പറഞ്ഞു:
“ഇന്നു നമുക്കു രണ്ടു പേര്‍ക്കും കൂടി ഒരുമിച്ചു കുര്‍ബാനയ്ക്കു പോകാം. കേട്ടോ?”
“ആയിക്കോട്ടെ…”
രണ്ടുപേരും വേഷം മാറി പള്ളിയില്‍ പോകാനായി ഇറങ്ങിയപ്പോള്‍ സഖറിയാസ് റോയിയോടു ചോദിച്ചു:
“നീയെങ്ങോട്ടാ..?”
“പള്ളീലേക്ക്…”
“തോമസ് വക്കീലിനു നമ്മള്‍ കുറച്ചു കാശു കൊടുത്തില്ലായിരുന്നോ. രാവിലെ പോയി നീയതു വാങ്ങിച്ചോണ്ടു വാ. ഇപ്പഴാണേല്‍ അയാളു വീട്ടിലുണ്ട്.”
“പള്ളീല്‍ കഴിഞ്ഞു പോയി വാങ്ങിച്ചാ പോരേ പപ്പാ?”
“പള്ളീല്‍ കഴിഞ്ഞു ചെല്ലുമ്പം അയാളു വല്ലിടത്തും പോയാലോ? നിനക്കു പത്തു മണിക്കത്തെ കുര്‍ബാനയ്ക്കു പോകാല്ലോ? അങ്ങനാണല്ലോ പതിവും? ഇന്നെന്താ പ്രത്യേകത?”
റോയി അനിതയെ നോക്കി. പപ്പയുടെ ഇഷ്ടം നടക്കട്ടെ എന്ന അര്‍ത്ഥത്തില്‍ അവള്‍ സങ്കടത്തോടെ കണ്ണു കാണിച്ചു.
“എന്നാ വാ… നിന്നെ പള്ളീലിറക്കി വിട്ടിട്ടു ഞാൻ പൊക്കോളാം.”
അതു പ്രതീക്ഷിച്ചില്ലായിരുന്നു സഖറിയാസ്. അതിനെ എതിര്‍ക്കാന്‍ പോയില്ല അയാള്‍. റോയിക്ക് ഒരു വിധത്തിലും സംശയം തോന്നാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു.
അനിതയെയും കൂട്ടിക്കൊണ്ട് റോയി ചെന്നു കാറില്‍ കയറി. കാര്‍ ഗേറ്റു കടന്ന് പോയപ്പോള്‍ സഖറിയാസ് വിശ്വംഭരന്‍റെ നമ്പര്‍ ഡയല്‍ ചെയ്തു.
കാര്യങ്ങള്‍ വിശദീകരിച്ചിട്ടു സഖറിയാസ് പറഞ്ഞു:
“അവളു പള്ളീല്‍ കഴിഞ്ഞു മടങ്ങി വരുമ്പം മതി നമ്മുടെ ഓപ്പറേഷന്‍. അപ്പം നടന്നായിരിക്കും അവളു വരിക. ആര്‍ക്കും സംശയം ഉണ്ടാകാത്ത രീതിയില്‍ ഒരിടി. സ്പോട്ടില്‍ ആളു തട്ടിപ്പോകണം. ട്ടോ ? അതുറപ്പുവരുത്തണം ”
“ഓക്കെ. എല്ലാം ഞാനേറ്റു . സാറ് ധൈര്യായിട്ടിരിക്ക് .”
സഖറിയാസ് ഫോണ്‍ കട്ടു ചെയ്തിട്ട് ഒരു ദീർഘനിശ്വാസം വിട്ടു.
(തുടരും. അടുത്ത അദ്ധ്യായം നാളെ )
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
Also Read അവൾ അനാഥയല്ല- നോവൽ- അദ്ധ്യായം 1
Also Read അവൾ അനാഥയല്ല – നോവൽ – അദ്ധ്യായം 2
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 3
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 4
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 5
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 6
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 7