നമ്മൾ ഓരോരുത്തരിലും ഉണ്ട് പാപബന്ധനങ്ങളും പാപത്തിന്റെ കെട്ടുകളും. നമ്മുടെ ജീവിതത്തെക്കുറിച്ചു വെറുതെ ഒന്ന് ആലോചിച്ചാൽ മതി ഓരോ നിമിഷവും പാപവാസന എങ്ങനെയാണ് നമ്മളിൽ തികട്ടി വരുന്നത് എന്ന് അറിയാൻ പറ്റും.
ഒരു ബസിൽ കയറാൻ ബസ്‌സ്റ്റോപ്പിൽ നിൽക്കുമ്പോൾ, എട്ട് പത്ത് പേരെ ഉള്ളുവെങ്കിലും നമ്മൾ തിക്കിത്തിരക്കിഎല്ലാവരെയും ഇടിച്ചു തെറിപ്പിച്ചിട്ട് ആദ്യം അകത്തേക്ക് കയറാൻ നോക്കും. അകത്തു കയറി നോക്കുമ്പോൾ ഇരിക്കാൻ അഞ്ചാറു സീറ്റ് ഉണ്ടെങ്കിലും എവിടെയിരിക്കണമെന്ന് ഓർത്ത് വെരുകിനെപ്പോലെ ഓടിനടക്കും.
അതുപോലെ സിനിമ തീയേറ്ററിൽ ചെല്ലുമ്പോൾ കാണാം മനുഷ്യന്റെ സ്വാർത്ഥത. ഫസ്റ്റ് ഷോ കണ്ടുകൊണ്ടിരിക്കുന്നു. ഇന്റർവെൽ ആകാൻ അഞ്ച് മിനിറ്റ് ഉള്ളപ്പോൾ കറണ്ട് പോയി. ആ സമയം എത്ര പേര് പറയും ഈശോയുടെ തിരുഹൃദയത്തിന് സ്തുതി ഉണ്ടായിരിക്കട്ടെ എന്ന് ? ഒറ്റ കൂവൽ അല്ലേ! കറണ്ട് പോയോ മനുഷ്യന്റെ ഉള്ളിൽ കിടക്കുന്ന കുറുക്കൻ തലപൊക്കും.
Also Read ”ഒന്നും കഴിക്കാൻ ഇല്ലാത്തവർ കഴിക്കുന്നതല്ല വിവാഹം.” ഫാ.തോമസ് കോഴിമല
നൂറിന്റെ രണ്ട് നോട്ടുമായിട്ട് ഞാൻ പൊൻകുന്നം ചന്തയ്ക്ക് പോയി. ഒന്ന് കീറിപറിഞ്ഞു തോരണം പോലെ ഞാന്നുകിടക്കുന്ന പഴഞ്ചൻ നോട്ട്. മറ്റേത് റിസർവ് ബാങ്കിന്റെ മഷി മായാത്ത പുത്തൻ നോട്ട് . എനിക്ക് പച്ചക്കറിയും വാങ്ങിക്കണം പച്ച മത്തിയുംവാങ്ങിക്കണം. ആദ്യം ഞാൻ 80 രൂപയുടെ പച്ചക്കറി വാങ്ങി. ഏതു നോട്ട് ഞാൻ അവിടെ കൊടുക്കും? കീറി പറഞ്ഞ് നമ്പർപോയി തോരണം പോലെ ഞാന്നു കിടക്കുന്ന നോട്ട്. മറ്റേത് അഞ്ചു മിനിറ്റ് കഴിഞ്ഞ് മീൻകാരൻ കൊണ്ടുപോകും. എന്നാലും അത്രയും നേരം കൂടെ കയ്യിൽ മുറുകെ അത് പിടിക്കാലോ എന്നുകരുതി നമ്മൾ പിടിച്ചു കൊണ്ടിരിക്കും. ഇത് നമ്മളോരോരുത്തരിലും ഉള്ള അടിസ്ഥാനപരമായ ഒരു പ്രവണതയാണ്.
വണ്ടി യാത്രയിലും കാണാം മനുഷ്യന്റെ ഈ സ്വാർത്ഥത. ഞാൻ ഒരിക്കൽ ഒരു ബസിൽ യാത്ര ചെയ്യുകയായിരുന്നു. ബസ് ഏറ്റുമാനൂർ കെഎസ്ആർടിസി ബസ്റ്റാൻഡിൽ വന്നു നിന്നപ്പോൾ 75 വയസ്സ് പ്രായം വരുന്ന ഒരു അമ്മച്ചി ബസ്സിൽ നിന്ന് ഇറങ്ങാൻ നോക്കുകയാണ്. ഈ അമ്മച്ചി കുട കക്ഷത്തിൽ വച്ച്, കവണി നേരെയാക്കി തള്ളി തള്ളി പുറത്തേക്കിറങ്ങാൻ നോക്കുമ്പോൾ പുറത്തുനിൽക്കുന്ന കുറെ ചെറുപ്പക്കാർ തള്ളി തള്ളി അകത്തേക്ക് കയറാൻ നോക്കുകയാണ്. അമ്മച്ചിക്ക് ഇറങ്ങാൻ പറ്റുന്നില്ല . അമ്മച്ചി മടുത്തു. എത്രശ്രമിച്ചിട്ടും ഇറങ്ങാൻ പറ്റുന്നില്ല എന്ന് കണ്ടപ്പോൾ അമ്മച്ചി പറഞ്ഞു: ” പൊന്നു മക്കളെ, ഒരു കാര്യം ഓർത്തു കൊള്ളണം. നിങ്ങൾക്ക് ഈ വണ്ടിയിൽ അല്ലാതെ വേറെ ഏത് വണ്ടിയിലും കയറാൻ പറ്റും. എന്റെ അവസ്ഥ എന്ന് ഓർത്ത് നോക്കിക്കേ. എനിക്ക് ഈ വണ്ടിയിൽ നിന്നല്ലാതെ വേറെ ഏതെങ്കിലും വണ്ടിയിൽ നിന്ന് ഇറങ്ങാൻ പറ്റുമോ? ” ഓരോ നിമിഷത്തിലും മനുഷ്യന്റെ സ്വാർത്ഥത അല്ലെങ്കിൽ പാപബന്ധനങ്ങൾ തലപൊക്കിക്കൊണ്ടിരിക്കുന്നു.
Also Read ആദ്യരാത്രിയിൽ നവവധു കൊടുത്ത സമ്മാനം കണ്ട് ഞെട്ടിതരിച്ചു നവവരൻ
ഈ ഭൂമിയിൽ സ്വർഗ്ഗത്തിന്റെ മുന്നാസ്വാദനം എന്താണ്? ചൊറിയാൻ തോന്നുമ്പോൾ ചൊറിയയേണ്ട സ്ഥാനത്ത് ചൊറിയുമ്പോൾ അത് സ്വർഗ്ഗം. ചൊറിയാൻ തോന്നിയിട്ട് കൈ പൊക്കാൻ പറ്റുന്നില്ലെങ്കിൽ അത് സാക്ഷാൽ നരകം. പിടലിയുടെ പിറകിൽ വല്ലാത്തൊരു കടി. പക്ഷെ രണ്ടുകൈയും പൊക്കാൻ പറ്റുന്നില്ല. പിന്നെ ഭിത്തിയായ ഭിത്തി, മതിലായ മതില്, മരമായ മരം, തിരുമ്മോട് തിരുമ്മ് . ഇതാണ് നരകം . പക്ഷെ അത് മാന്തി പറിച്ചാലോ? ആ സ്വർഗ്ഗത്തിന്റെ മുന്നാസ്വാദനം. പക്ഷെ ഒരു കുഴപ്പമുണ്ട്. പുഴുക്കടിയിൽ ചൊറിഞ്ഞാൽ ചൊറിയുമ്പോൾ ഒരു സുഖം ഉണ്ട്. പക്ഷേ പുഴുക്കടി ഒരിക്കലും കരിയുകേല.
ഇതുപോലെ നൈമിഷിക സുഖങ്ങളെ തൃപ്തിപ്പെടുത്തി പോയാൽ തൃപ്തിപ്പെടുത്തുമ്പോൾ ഒരു സുഖം കിട്ടും. പക്ഷേ ആന്തരിക മുറിവ് ഒരിക്കലും കരിയുകയില്ല. സ്വയംഭോഗം, സ്വവർഗ്ഗഭോഗം, മദ്യപാനം, മയക്കുമരുന്ന്, മദിരാക്ഷി, ഇതിലൊക്കെ വ്യാപൃതരാകുന്ന മനുഷ്യന് ഒരു താല്ക്കാലിക സുഖംകിട്ടും എന്നത് ശരിയാണ്. പക്ഷേ ജീവിതം തകർന്നു പോകും. വലിയ വലിയ ആളുകളുടെ ജീവിതം തകർന്നുപോകുന്നത് നിസ്സാര കാര്യങ്ങളുടെ പേരിൽ അല്ലേ! ഒരു പന്നിയെലി അതിന്റെ വിലപ്പെട്ട ജീവൻ സമർപ്പിക്കുന്നത് ഇന്ത്യൻ പട്ടാളത്തിൽ ചേർന്ന് പാക്കിസ്ഥാനെതിരെ യുദ്ധം ചെയ്യാൻ പോയിട്ടില്ലല്ലോ. ഒരു ഉണക്കമീനിന്റെ തലയ്ക്കും ഒരു തേങ്ങാ പൂളിനും വേണ്ടിയിട്ടല്ലേ. നൈമിഷികമായ സുഖം തേടുന്ന മനുഷ്യൻ വീണുപോകുന്നു. എന്നു പറഞ്ഞാൽ ദൈവത്തിന്റെ സ്വരത്തിനു പകരം സാത്താന്റെ സ്വരത്തിനു കാതുകൊടുക്കുന്നു. ഇതായിരുന്നു പറുദീസയിലെ ആദ്യപാപം. അങ്ങനെ തിന്മ മനുഷ്യന്റെ ജീവിതത്തിലേക്ക് കടന്നു വന്നു.
Also Read വേലക്കാരി വെള്ളം കൊണ്ട് പോകുമ്പോൾ പുള്ളിക്കാരൻ എത്തിപ്പിടിച്ചൊരു നോട്ടമാണ്
അന്നുവരെ മനുഷ്യന് ഒളിക്കാനും മറയ്ക്കാനും ഒന്നുമില്ലായിരുന്നു. അതിനു ശേഷം അവനും അവളും ഒളിക്കുന്നവനും മറക്കുന്നവനും ആയി മാറി. പുരുഷനും സ്ത്രീയും നഗ്നരായിരുന്നു. ലജ്ജ തോന്നിയിരുന്നില്ല. പഴയനിയമത്തിൽ നഗ്നത എന്നുപറഞ്ഞാൽ പരിപൂർണ്ണ സ്വാതന്ത്ര്യം എന്നാണർത്ഥം.
കള്ളുകുടിയനായ മത്തായിചേട്ടൻ പള്ളിയുടെ മുൻപിലൂടെ നടന്നു പോയപ്പോൾ വികാരി അച്ചൻ പറഞ്ഞു: ”എപ്പ നോക്കിയാലും മത്തായി നിന്റെ മുണ്ട് അരയിൽ അല്ല തോളിൽ ആണല്ലോ കിടക്കുന്നത് . അതുകൊണ്ട് എനിക്ക് നിന്നോട് പറയാനുള്ളത് നീ നിന്റെ മദ്യപാനത്തെ ക്രൂശിക്കണം. മോഹങ്ങളെ പെട്ടിയിൽ അടയ്ക്കണം. ഇച്ഛകളെ കല്ലറയിൽ വെച്ചു പൂട്ടണം. എന്നിട്ട് പുതിയൊരു മനുഷ്യനായി മാറണം.” മത്തായി മൂളി കേട്ടു.
രണ്ടാഴ്ച കഴിഞ്ഞ് അച്ചൻ നോക്കുമ്പോൾ മത്തായി ഉടുമുണ്ട് കമ്പിൽ പൊക്കി പട്ടം പറപ്പിക്കുന്നപോലെ റോഡിലൂടെ നടന്നു പോകുന്നു. അച്ചൻ പറഞ്ഞു: ” മത്തായി ഞാൻ പറഞ്ഞില്ലേ, മദ്യപാനത്തെ ക്രൂശിക്കണം, മോഹങ്ങളെ പെട്ടിയിൽ ആക്കണം, ഇച്ഛകളെ കല്ലറയിൽ വച്ച് പൂട്ടണമെന്ന്. എന്നിട്ട് നീ എന്താ അങ്ങനെ ചെയ്യാതിരുന്നത് ?” അപ്പോൾ മത്തായി പറഞ്ഞു: ” എന്റെ പൊന്ന് അച്ചോ, അച്ചൻ പറഞ്ഞതുപോലെ മദ്യപാനത്തെ ക്രൂശിച്ചു. മോഹങ്ങളെ പെട്ടിയിലാക്കി പൂട്ടി. ഇച്ഛകളെ കല്ലറയിലാക്കി. പക്ഷേ അതെല്ലാം അവനോടൊപ്പം മൂന്നാം ദിവസം ഉയർത്തുവന്നു, നിത്യകാലം ജീവിക്കാനായിട്ട്.”
പാപത്തിന്റെ അധമ വാസനകൾ മനുഷ്യന്റെ ജീവിതത്തിൽ കടന്നു കൂടിയിട്ടുണ്ട്. എന്താണ് പാപം? പാപത്തിന് നാല് വ്യാഖ്യാനങ്ങളുണ്ട്. ഒന്ന്. പാപം എന്നത് ഒരാൾ സ്വന്തം സ്വാർത്ഥതയുടെ ലോകത്തേക്ക് ഒതുങ്ങുന്നതാണ്. പാപം ചെയ്യുന്നതിനു മുമ്പ് ആദ്യ മാതാപിതാക്കൾ ചിത്രശലഭങ്ങളെപോലെ, പൂമ്പാറ്റകളെ പ്പോലെ, വാനമ്പാടിയെപ്പോലെ പറന്നു ഉല്ലസിച്ചു നടന്നു. പാപം ചെയ്തപ്പോൾ മനുഷ്യൻ ഒളിക്കാനും മറയ്ക്കാനും തുടങ്ങി.
ദൈവമായ കർത്താവ് പറയുന്നു , മകനെ, മകളെ നീ നിന്റെ സ്വാർത്ഥതയുടെ ലോകത്തേക്ക് ഒതുങ്ങിയ ആളാണ്. ഞാൻ, എന്റെ ഭാര്യ, എന്റെ ഭർത്താവ്, എന്റെ മക്കൾ, എന്റെ വീട്, എന്റെ പറമ്പ്, എന്റെ റബർ, എന്റെ കോഴി, എന്റെ ആട്, എന്റെ പശു.., അങ്ങനെ ഒതുങ്ങിപ്പോയ മനുഷ്യനാണ് നമ്മൾ ഓരോരുത്തരും. നമ്മുടെയൊക്കെ തിന്മയാണ് സ്വന്തം ലോകത്തിലേക്ക് നമ്മൾ ഒതുങ്ങുന്നത്.
ബ്രഹ്മാണ്ഡം കെട്ടിടം ഒരെണ്ണം പണിത് വച്ചിരിക്കുന്നു. കെട്ടിടത്തിന്റെ മെയിൻ ഗേറ്റിനടുത്ത് ഒരു ബോർഡ്. എന്താ അതിൽ എഴുതിയിരിക്കുന്നത്? കടിക്കുന്ന പട്ടിയുണ്ട്. ആരും ഇങ്ങോട്ട് വന്നേക്കരുത്. പിരിവുകാർ വന്നാൽ പട്ടിയെ അഴിച്ചുവിടും. അച്ചന്മാരെ കണ്ടാൽ അകത്ത് അടച്ചുപൂട്ടി ഇരിക്കും. ചില മനുഷ്യർ അങ്ങനെയാണ്. സ്വന്തം ലോകത്തിലേക്ക് ഒതുങ്ങിപ്പോയി. ആദി മാതാപിതാക്കൾ ചെടികൾക്ക് പിന്നിൽ ഒളിച്ചതുപോലെ ഒതുങ്ങിപ്പോയ മനുഷ്യനാണോ ഞാൻ ? എന്റെ സ്വാർത്ഥതയുടെ കവചത്തിലേക്ക് ആമയെപ്പോലെ തല ഉള്ളിലേക്ക് വലിച്ചവൻ ആണോ ഞാൻ? എങ്കിൽ ഞാൻ പാപത്തിലാണ്. പാപം ആകാശം ചുരുങ്ങുന്നത് ആണ്.
Also Read ചില വീടുകൾ ബ്യൂട്ടി പാർലറുകളാണ് !
രണ്ട്, പാപം ഒരു വലിയ മറവിയാണ്. എങ്ങനെയുള്ള മറവി? ദൈവം പരിപാലിച്ച വഴികളെ വെറുതെയങ്ങ് മറക്കുക. ദൈവത്തിന്റെ ഇടപെടലുകളെ ഒരു നിമിഷം കൊണ്ട് മറക്കുക. വന്ന വഴികളെ മറക്കുന്നത് പാപ മാണ്. ദൈവം നമ്മളെ ഇത്രമാത്രം ഉയർത്തിയില്ലേ? പണ്ടത്തെ ചാണകം മെഴുകിയ തറയിൽ നിന്നും നല്ല ഒരു വാർക്ക വീട്ടിലേക്ക് ദൈവം നമ്മളെ ഉയർത്തിയില്ലേ? ആവശ്യത്തിന് ആഹാരം കിട്ടാതിരുന്ന കാലത്തുനിന്നും ഭക്ഷണത്തിന്റെ സമൃദ്ധിയിലേക്ക് നമ്മളെ ഉയർത്തിയില്ലേ? 50 പൈസ കയ്യിലെടുക്കാൻ ഇല്ലാതിരുന്ന കാലത്ത് നിന്ന് എത്രയോ നോട്ടുകളുടെ സമൃദ്ധിയിലേക്ക് നമ്മളെ ഉയർത്തി! നിസ്സാരപ്പെട്ട കുടുംബത്തിൽ നിന്നു സമൃദ്ധിയിലേക്ക് നമ്മളെ ഉയർത്തി. പക്ഷേ അപ്പോൾ ഒന്നും നമ്മൾ പഴയകാലം മറക്കരുത് .
ഞാൻ ഇങ്ങനെ കണ്ണാടിയിൽ നോക്കി ചിരിക്കുകയാണ്. കുലുങ്ങിക്കുലുങ്ങി പാട്ടു പാടിക്കൊണ്ട്. അപ്പോൾ ദൈവം ഒരു ചോദ്യം. പുത്തൻപുരയ്ക്കൽ കുഞ്ഞേപ്പ് ചേട്ടന്റെ മകനായ ജോസഫേ നീ എന്തിനാണ് ചിരിക്കുന്നത്? നീ ഏത് ധ്യാനഗുരു ആയാലും നിന്റെ അപ്പന്റെ ദേഹത്തുള്ള ഒട്ടുപാൽ മണം നീ മറക്കരുത്. വന്ന വഴികളെ നീ മറക്കരുത്. നിന്റെ യോഗങ്ങളെ നീ മറക്കരുത്. എന്റെ വീട്ടുപേര്, എന്റെ ഷേപ്പ്, എന്റെ മുടി, ഇതൊക്കെ ദൈവം തന്നതാണ്. ഇതിനോട് പൊരുത്തപ്പെട്ടല്ലേ പറ്റൂ.
Also Read രണ്ടു മക്കളും കൂടി അച്ഛനെയും അമ്മയെയും പങ്കിട്ടെടുത്തു.
ഒരിക്കൽ ഞാൻ അമേരിക്കയിൽ ചെന്നപ്പോൾ ഒരാൾ പറഞ്ഞു . ഒരു 1500 ഡോളർ ഉണ്ടെങ്കിൽ ഇപ്പോഴത്തെ അച്ചന്റെ ഈ മുടിയൊക്കെ മാറ്റി കാലാകാലം കോലു പോലെ നീണ്ടു നിൽക്കുന്ന മുടി ആക്കി തരാം എന്ന്. ഞാൻ പറഞ്ഞു . അത്രയും പൈസ ഉണ്ടെങ്കിൽ നാട്ടിൽ ഇടയ്ക്കിടയ്ക്ക് മുടി വെട്ടിച്ചു ചായയും കുടിച്ച് നടക്കാൻ അത് ധാരാളം മതിയല്ലോ എന്ന്.
മൂന്ന്, പാവം ഒരു ജീർണതയാണ്. പറുദീസയിലെ പടിവാതിലിൽ നിന്ന് ആദിമ മനുഷ്യൻ ജീർണ്ണിച്ചു ഇറങ്ങിപ്പോയി. ധൂർത്തപുത്രൻ പിതാവിന്റെ ഊട്ടുമേശയിൽ നിന്ന് പന്നിക്കുഴിയിലേക്ക് താഴ്ന്നു പോയി. പാപം ഒരു ജീർണതയാണ്. ഒരു ഇറക്കത്തിന്റെ അന്തരീക്ഷമാണ്. പാപത്തിന്റെ ഈ ഇറക്കം നമ്മുടെ ജീവിതത്തിലും ഉണ്ട്.
ദൈവം നൽകിയ ജീവിതത്തിന് ചേരാത്ത സംസാരവും പ്രവർത്തിയും ഉണ്ടെങ്കിൽ അതിനെ വിളിക്കുന്ന പേരാണ് പടിയിറക്കം. ഒരു വൈദികൻ എന്ന രീതിയിൽ എന്റെ അന്തസ്സിനു ചേരാത്ത സംസാരമോ പ്രവർത്തിയോ ഉണ്ടായാൽ എന്റെ പടിയിറക്കമാണ് അത്. ഒരു അപ്പന്റെ, ഒരു അമ്മയുടെ, ഒരു ഭർത്താവിന്റെ, ഒരു ഭാര്യയുടെ നിലവിട്ടുള്ള സംസാരമോ പ്രവർത്തിയോ ബന്ധങ്ങളോ വന്നാൽ അത് ജീർണതയാണ്.
Also Read വീര്യവും ശൗര്യവും പോയാൽ പിന്നെ ശാരീരികബന്ധം പോലും യാന്ത്രികമായിരിക്കും
നാല്. പാപം എന്ന് പറയുന്നത് നാല് ബന്ധങ്ങളിൽ വീഴുന്ന വിള്ളൽ ആണ്. പറുദീസയിൽ മനുഷ്യന്റെ നാല് ബന്ധങ്ങളിൽ വിള്ളലുകൾ വീണു. ഇതേ വിള്ളലാണ് ഇന്ന് നിങ്ങൾക്ക് എനിക്കും ഇവിടെ സംഭവിച്ചിരിക്കുന്നത്. ഏതൊക്കെയാണ് അത് ? ഒന്ന്, ദൈവവും മനുഷ്യനും തമ്മിലുള്ള . രണ്ട് , മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം . മൂന്ന്, മനുഷ്യനും മനസ്സാക്ഷിയും തമ്മിലുള്ള ബന്ധം. നാല് , മനുഷ്യനും പ്രപഞ്ചവും തമ്മിലുള്ള ബന്ധം. പറുദീസയിൽ ഈ നാലു ബന്ധങ്ങളിൽ വിള്ളലുകൾ വീണു. ഇന്ന് നമ്മൾ ആത്മപരിശോധന പരിശോധിക്കണം. നമ്മുടെ ബന്ധങ്ങളിൽ വിള്ളൽ വീണിട്ടുണ്ടോ എന്ന് .
കാപ്പിപ്പൊടിയച്ചൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഫാ ജോസഫ് പുത്തൻപുരക്കലിന്റെ നർമ്മ പ്രഭാഷണം കേൾക്കുക. വീഡിയോ കാണുക.
Also Read ചില ഹോട്ടലിൽ കയറി മസാലദോശയ്ക്ക് ഓർഡർ കൊടുക്കുമ്പോൾ ചോദിക്കാതെ കൊണ്ടുവരുന്ന
Also Read ഒരു ദുരന്തത്തെ ഒഴിവാക്കാൻ നിനക്ക് സാധിക്കുമോ ? അതാ പ്രവചനം.
Also Read ”എന്റെ മകൾ നിനക്കുള്ളതാകുന്നു ”: ഡോ.അലക്‌സാണ്ടർ ജേക്കബിന്റെ പ്രഭാഷണം
Also Read സ്ത്രീകൾ അറിഞ്ഞിരിക്കുക; തടികൂടിയാൽ ‘പീരിയഡ്’ പാളും!














































