കഥ ഇതുവരെ-
കന്യാസ്ത്രീകൾ നടത്തുന്ന അനാഥാലയത്തിൽ വളർന്ന , സുന്ദരിയും പാട്ടുകാരിയുമായ അനിതയോട് ആ നാട്ടിലെ ധനാഢ്യനായ ഇലഞ്ഞിക്കൽ സഖറിയാസിന്റെ മകൻ റോയിക്ക് അനുരാഗം തോന്നി. റോയിയുടെ മാതാപിതാക്കൾ ആദ്യം എതിർത്തെങ്കിലും അവന്റെ നിർബന്ധത്തിനു വഴങ്ങി കല്യാണം നടത്തിക്കൊടുത്തു . ആദ്യരാത്രിയിൽ അനിതക്ക് മനസിലായി തന്റെ ഭർത്താവ് മദ്യത്തിന് അടിമയാണെന്ന് . അത് അവളെ തളർത്തി.
കാഞ്ഞിരപ്പള്ളിയില്‍ റബര്‍ത്തോട്ടമുണ്ട് സഖറിയാസിന്. അതു നോക്കി നടത്തി ആദായമെടുക്കുന്ന ചുമതല റോയിയെയാണ് ഏല്പിച്ചിരുന്നത്. ആഴ്ചയില്‍ മൂന്നോ നാലോ ദിവസം റോയി അവിടെപ്പോകും. റോയിയുടെ അഭാവത്തിൽ അയാളുടെ പപ്പയും അമ്മയും അനിതയെ മാനസികമായി പീഡിപ്പിച്ചു. അനിത ഭർത്താവിനോട് തന്റെ ദുഃഖങ്ങൾ പറഞ്ഞു. ഭാര്യയുടെ വിഷമങ്ങൾ അകറ്റാൻ അവളുടെ ആഗ്രഹപ്രകാരം കാഞ്ഞിരപ്പള്ളിയിലെ എസ്റ്റേറ്റ് ബംഗ്ളാവിൽ പോയി ഒരാഴ്ചക്കാലം റോയിയും അനിതയും താമസിച്ചു. അതോടെ ഭർത്താവുമായി ശാരീരികവും മാനസികവുമായി അവൾ കൂടുതൽ അടുത്തു. അനിതയെ മാനസികമായി പീഡിപ്പിച്ചതിന്റെ പേരിൽ മാതാപിതാക്കളെ ശകാരിച്ചു റോയി . അതോടെ അനിതയോടുള്ള സഖറിയാസിന്റെ ദേഷ്യം പകയായി മാറി . ഒരു രാത്രി മദ്യപിച്ചു വന്ന റോയി അനിതയെ ചൊല്ലി പപ്പയുമായി വഴക്കിട്ടു . സഖറിയാസ് മകന്റെ കരണത്തടിച്ചു . കലിപൂണ്ട റോയി ആ രാത്രി തന്നെ ഭാര്യയെയും വിളിച്ചിറക്കി ലോഡ്ജിൽ പോയി താമസിച്ചു . പിന്നീട് വാടകവീട്ടിലേക്കു താമസം മാറ്റി. ഒരു ഇരുനില വീട് . മുകളിലത്തെ നിലയിൽ റോയിയും ഭാര്യയും . താഴെ വീട്ടുടമയായ ഹരികൃഷ്ണനും ഭാര്യ മിനിയും യു കെ ജിയിൽ പഠിക്കുന്ന മകൾ നീരജയും. (തുടർന്ന് വായിക്കുക )
ടർക്കി ടവ്വലെടുത്തു കണ്ണും മുഖവും തുടച്ചിട്ട് അനിത വേഗം ചെന്നു വാതിൽ തുറന്നു.
ഹരികൃഷ്ണനും ഭാര്യയും നീരജമോളുമായിരുന്നു വാതിൽക്കൽ. ഹൃദ്യമായി ചിരിച്ചുകൊണ്ട് അനിത അവരെ അകത്തേക്കു ക്ഷണിച്ചു കസേരയിൽ ഇരുത്തി .
“ഹസ്ബെന്റ് എവിടെ?”
ചുറ്റും നോക്കിയിട്ടു ഹരി ചോദിച്ചു.
“പുറത്തേക്കു പോയതാ.”
“സൗകര്യങ്ങളൊക്കെ എങ്ങനെ?”
മിനി ആരാഞ്ഞു.
“ഞങ്ങളു രണ്ടു പേരല്ലേയുള്ളൂ. ഇതു ധാരാളമാ.”
”റോയിയെ എനിക്ക് നേരത്തെ അറിയാം . അതുകൊണ്ടാ വീട്ടീന്ന് പിണങ്ങിപോന്നതാന്ന് പറഞ്ഞിട്ടും ഞാനീ വീട് തന്നത് ”
” വല്യ ഉപകാരമായി. ഇവിടാകുമ്പം താഴെ നിങ്ങളൊള്ളതുകൊണ്ടു ഞങ്ങൾക്കൊരു സഹായമായി ”
”എന്താവശ്യമുണ്ടെങ്കിലും ചോദിച്ചാൽ മതി. പറ്റുന്നതൊക്കെ ചെയ്തുതരാം. റോയി വരുമ്പം ഗ്യാസ് സിലിണ്ടറു വന്ന് എടുത്തോളാന്‍ പറ. ഒരെണ്ണം സ്‌പെയറുണ്ട് .” ഹരി പറഞ്ഞു
” വളരെ നന്ദി ”
കുറേനേരം വിശേഷങ്ങൾ പറഞ്ഞ് അവർ ഇരുന്നു.
“മോളിങ്ങു വന്നേ…”
അനിത നീരജമോളെ അടുത്തേക്കു വിളിച്ചു. എന്നിട്ട് അവളുടെ കൈപിടിച്ചുകൊണ്ട് അടുക്കളയിലേക്കു നടന്നു. കബോര്‍ഡില്‍നിന്ന് ഒരു ടിന്നെടുത്തു തുറന്ന് അതിനകത്തുനിന്ന് ഒരുപിടി മിഠായി വാരി അവളുടെ കൈയില്‍ കൊടുത്തു. നീരജയ്ക്കു ഒരുപാട് സന്തോഷമായി.
തിരിച്ചു സ്വീകരണമുറിയലേക്കു വന്നപ്പോള്‍ മിനിഅവളെ നോക്കി ചിരിച്ചുകൊണ്ടു ചോദിച്ചു: “വന്നതേ സമ്മാനവും കിട്ടിയോ?” അനിതയെ നോക്കി അവർ തുടർന്നു: ” ആള് വല്യ മിഠായി കൊതിച്ചിയാ.”
“കുട്ടികൾക്ക് ഇതൊക്കെയല്ലേ സന്തോഷം. അല്ലേ മോളെ ” കുനിഞ്ഞു അവളുടെ കുഞ്ഞികവിളില്‍ ഒരു മുത്തം നല്‍കി അനിത.
പോകാനായി എണീറ്റപ്പോൾ മിനി പറഞ്ഞു:
“സമയം കിട്ടുമ്പം താഴേക്കു വരണേ. എനിക്കു മിണ്ടീം പറഞ്ഞുമിരിക്കാന്‍ ഇനി ഒരാളായല്ലോ.”
അനിത ചിരിച്ചുകൊണ്ട് തലകുലുക്കി.
അവർ പോയിക്കഴിഞ്ഞപ്പോൾ അനിത ഓര്‍ത്തു. എത്ര സ്നേഹമുള്ള അയല്‍ക്കാര്‍. ഈ വീടുകിട്ടിയതു ഭാഗ്യമായി. റോയി വരാൻ താമസി ച്ചാലും പേടിക്കാതെ കഴിയാല്ലോ .
ഇരുട്ടു വീണപ്പോഴാണു റോയി തിരിച്ചുവന്നത്. വന്നു കയറിയതേ അനിതയ്ക്കു മനസ്സിലായി കുടിച്ചിട്ടുണ്ടെന്ന്.
“കുടിച്ചു അല്ലേ?”
“പുതിയൊരു ജീവിതം തുടങ്ങ്വല്ലേ. അതിന്‍റെ ഒരു സന്തോഷത്തിന് ഒരല്‍പ്പം.” റോയി ഒരു വളിച്ച ചിരി ചിരിച്ചു.
” ങ്ഹും! സന്തോഷം വന്നാലും സങ്കടം വന്നാലും നിങ്ങൾ ആണുങ്ങൾക്ക് കുടി. വിഷം വലിച്ചുകേറ്റിയാണോ റോയിച്ചാ സന്തോഷിക്കുന്നത്?”
“ഞാന്‍ ഫുഡ് വാങ്ങിക്കൊണ്ടു വന്നിട്ടുണ്ട്. ചപ്പാത്തിയും ചിക്കൻ കറിയും . നീ പോയി പ്ലേറ്റു കഴുകിവയ്ക്ക്.”
വിഷയത്തിൽ നിന്നു ശ്രദ്ധ തിരിക്കാൻ റോയി പറഞ്ഞു.
തുറിച്ചൊന്നു നോക്കിയിട്ട് അനിത അടുക്കളയിലേക്കു പോയി.
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ അനിത ചോദിച്ചു:
“വീട്ടീന്ന് ആരെങ്കിലും വിളിച്ചിരുന്നോ?”
“അമ്മ പല പ്രാവശ്യം വിളിച്ചു. ഞാന്‍ എടുത്തില്ല.”
“സംസാരിക്കായിരുന്നില്ലേ?”
“എന്തു സംസാരിക്കാന്‍? എനിക്കിനി അമ്മേം ഇല്ല, അപ്പനുമില്ല, പെങ്ങളുമില്ല . ഉള്ളത് നീ മാത്രം . അത് മതി . നമുക്ക് പണിയെടുത്തു അന്തസായിട്ടു ജീവിക്കാന്നേ ”
“ഒരത്യാവശ്യം വന്നാല്‍ സഹായത്തിന് ആരാ ഉള്ളത്? എനിക്കോ ആരും ഇല്ല. റോയിച്ചനും ഇല്ലെന്നു വന്നാല്‍?”
“കാശു കൊടുത്താല്‍ കിട്ടാത്ത എന്താ ഈ ലോകത്തിൽ ഇല്ലാത്തത്? പെട്ടെന്നു കുറച്ചു കാശൊണ്ടാക്കണം. അതിനുള്ള വഴിയാ ഞാന്‍ ഇപ്പം നോക്കുന്നത്.”
“വളഞ്ഞ വഴിയൊന്നും നോക്കണ്ടാട്ടോ. കാശിനേക്കാള്‍ വലുത് മനസ്സമാധാനമാ.”
റോയി മറുപടി ഒന്നും പറഞ്ഞില്ല.
ഭക്ഷണം കഴിച്ചിട്ട് റോയി താഴെ ചെന്ന് ഗ്യാസ് സിലിണ്ടര്‍ എടുത്തുകൊണ്ടു വന്നു ഫിറ്റു ചെയ്തു.
കിടക്കാൻ നേരമായപ്പോൾ അനിത ബെഡിൽ ഷീറ്റു വിരിച്ചിട്ടു റോയിയോടു പറഞ്ഞു:
“നമുക്കൊന്നു പ്രാർത്ഥിച്ചിട്ടു കിടക്കാം. പ്രാർത്ഥനേടെ കുറവുകൊണ്ടാ റോയിച്ചനു കുടിക്കാനും ദേഷ്യപ്പെടാനുമൊക്കെ തോന്നുന്നത്.”
ഭർത്താവിനെ അടുത്തു പിടിച്ചുനിറുത്തി കർത്താവിന്‍റെ രൂപത്തിന്‍റെ മുമ്പില്‍നിന്ന് അനിത കുറേനേരം പ്രാര്‍ത്ഥിച്ചു. പിന്നെ റോയിക്കു സ്തുതി ചൊല്ലിയിട്ട് ഒരുമ്മയും കൊടുത്തു . റോയി തിരിച്ചും ഒരുമ്മ കൊടുത്തു .
”പ്രാർത്ഥന കഴിഞ്ഞപ്പം മനസിന് ഒരു സന്തോഷമില്ലേ? ” അവൾ ചോദിച്ചു.
”പിന്നില്ലേ. നീ മുൻപിൽ നിൽക്കുമ്പോൾ തന്നെ മനസിന് വല്ലാത്തൊരു സന്തോഷമല്ലേ. വാ കിടക്കാം ”
അവളെ കൈപിടിച്ച് അയാൾ കട്ടിലിനടുത്തേക്കു നടന്നു.
പിന്നെ രണ്ടുപേരും സാവധാനം കിടക്കയിലേക്കു ചാഞ്ഞു.
”റോയിച്ചാ .. ” ഭർത്താവിന്റെ രോമാവൃതമായ മാറിൽ വിരലുകൾ ഓടിച്ചുകൊണ്ടു അവൾ സ്നേഹാർദ്രമായി വിളിച്ചു
” ഉം ”
”എന്നോട് ഇഷ്ടമുണ്ടെങ്കിൽ ഇനി കുടിക്കരുത് കേട്ടോ ”
” നിറുത്താൻ നോക്കിയതാ . പറ്റുന്നില്ല. നീ ക്ഷമിക്ക് ”
റോയി അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു.
റോയിയുടെ സിരകൾക്കു ചൂടുപിടിക്കുമെന്നും നിർവൃതിയുടെ അനന്ത വിഹായസിലേക്കു തന്നെ സാവധാനം കൂട്ടിക്കൊണ്ടുപോകുമെന്നും അവൾ പ്രതീക്ഷിച്ചു. പക്ഷേ ആ കൈകൾ ചലനമില്ലാതെ തന്റെ നൈറ്റ് ഡ്രസിന്റെ പുറത്തുമാത്രം ഇരിക്കുന്നത് കണ്ടപ്പോൾ സങ്കടം വന്നു അവൾക്ക് . തെല്ലുനേരം അനക്കമൊന്നും ഉണ്ടാകാതിരുന്നപ്പോൾ അവൾ പതിയെ വിളിച്ചു.
”റോയിച്ചാ ”
മറുപടി ഉണ്ടായില്ല . മദ്യത്തിന്റെ ലഹരിയിൽ റോയി വേഗം ഉറങ്ങിപ്പോയിരുന്നു . കരച്ചിലും ദേഷ്യവും വന്നു അവൾക്ക് . ഭര്‍ത്താവിന്‍റെ കൂര്‍ക്കംവലി കേട്ടപ്പോള്‍ അവൾ ഒന്നു ദീർഘമായി നിശ്വസിച്ചിട്ടു തിരിഞ്ഞു കിടന്നു.
മദ്യപനായ ഒരു ഭർത്താവില്‍നിന്നു ഭാര്യയ്ക്കു ശാരീരികമോ മാനസികമോ ആയ സുഖം കിട്ടില്ലെന്ന് ധ്യാനിപ്പിച്ച അച്ചൻ ഒരിക്കൽ പറഞ്ഞത് എത്രയോ ശരിയാണ് എന്നവൾ ഓർത്തു. മദ്യത്തില്‍ സുഖം കണ്ടെത്തുന്നവർക്കു മറ്റെന്തു സുഖമാണു വേണ്ടത്? ചത്ത മനുഷ്യനെപ്പോലെ കിടക്കുന്നതു കണ്ടില്ലേ ? മനസിൽ നിറഞ്ഞ വേദന അവള്‍ ചുണ്ടുകൾ കടിച്ചമർത്തി ഒതുക്കി.
പിറ്റേന്ന് രാവിലെ ബ്രേക്ഫാസ്റ്റ് കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അനിത ചോദിച്ചു:
“ഇനി എന്താ പ്ലാന്‍? എത്ര കാലം ഇവിടെ താമസിക്കാനാ? ഒരു വരുമാനോം ഇല്ലാതെ…?”
“ഒരു ചെരിപ്പുകമ്പനീല്‍ സൂപ്പര്‍വൈസറായിട്ട് ഒരു ജോലി തരപ്പെടുത്തീട്ടുണ്ട്. ഇന്നങ്ങോട്ടു പോക്വാ.”
“എന്നാ കിട്ടും ശമ്പളം?”
“പത്തു പതിനായിരം കിട്ടും. തല്‍ക്കാലം അതു മതീല്ലോ. ഒന്നു സ്റ്റെഡിയായികഴിഞ്ഞിട്ട് നമുക്കെന്തെങ്കിലും ബിസിനസ് തുടങ്ങാം. അപ്പോ പെട്ടെന്ന് കാശൊണ്ടാകും”
“കുടി നിറുത്താതെ എന്തു തുടങ്ങിയാലും രക്ഷപെടില്ല. ”
അതു പറഞ്ഞിട്ട് അവള്‍ എണീറ്റു കൈ കഴുകി.
ഭക്ഷണം കഴിച്ചിട്ടു റോയി വേഷം മാറി പുറത്തേക്കു പോയി. അനിത തനിച്ചായി ആ വീട്ടില്‍.
രാത്രി എട്ടു മണികഴിപ്പോഴാണ് റോയി തിരിച്ചു വന്നത്. അന്നും മദ്യപിച്ചിരുന്നു.
അവള്‍ക്കു വല്ലാതെ സങ്കടവും ദേഷ്യവും വന്നു. എങ്കിലും കണ്ണു തുറിച്ചു കുറെനേരം നോക്കിനിന്നതല്ലാതെ ഒന്നും ചോദിച്ചില്ല.
“നീയാ ബഡ് ഷീറ്റ് വിരിക്ക്. എനിക്കൊന്നു കിടക്കണം. നല്ല ക്ഷീണം.”
“ഭക്ഷണം കഴിച്ചോ?” നിർവികാരയായി അവള്‍ ചോദിച്ചു.
“ഉം.”
അനിത കിടക്കയില്‍ ബഡ്ഷീറ്റ് വിരിച്ചുകൊടുത്തു. വേഷം മാറിയിട്ടു റോയി വന്നു കിടന്നു. അപ്പോഴേ ഉറങ്ങിപ്പോയി.
സങ്കടം ഒതുക്കാന്‍ അനിത ചുണ്ടുകള്‍ കടിച്ചമര്‍ത്തി.
താഴെ നിന്ന് നീരജമോളുടെ വർത്തമാനവും ചിരിയുമൊക്കെ കേട്ടപ്പോള്‍ അവള്‍ ഓര്‍ത്തു: തനിക്കൊരു കുഞ്ഞുണ്ടായിരുന്നെങ്കില്‍ ഈ വിരസതയും വിഷമങ്ങളുമൊക്കെ കുറഞ്ഞേനെ. കുഞ്ഞിനെ ലാളിക്കുമ്പോഴും പാലൂട്ടുമ്പോഴും ഒരമ്മയ്ക്കു കിട്ടുന്ന സന്തോഷം എത്രയധികമാണ്! അതൊന്നും റോയിച്ചനോടു പറഞ്ഞാൽ മനസിലാവില്ലല്ലോ. ചത്ത ആളിനെപ്പോലെ അനക്കമില്ലാതെ കിടക്കുകയല്ലേ ഈ മനുഷ്യൻ!
ഭാര്യയുടെ വികാരങ്ങളും സ്വപ്നങ്ങളും മനസിലാക്കാൻ കഴിവില്ലാത്ത ഒരു ഭർത്താവ് ! ഇങ്ങനെയാണോ വെള്ളമടിക്കുന്ന ഭർത്താക്കന്മാരെല്ലാം ?
അന്ന് അനിത അത്താഴം കഴിച്ചില്ല. കൂജയില്‍നിന്ന് ഒരു ഗ്ലാസ് വെള്ളെമെടുത്തു കുടിച്ചിട്ട് ഭര്‍ത്താവിന്‍റെ സമീപം അവളും കിടന്നു. ഒരു മരപ്പാവയെപ്പോലെ നിർവ്വികാരയായി, മിഴിനീർ തൂവി.
പിറ്റേന്നു രാവിലെ വൈകിയാണ് റോയി ഉണര്‍ന്നത്. അനിത മുഖം വീർപ്പിച്ചിരിക്കുന്നതുകണ്ടപ്പോള്‍ റോയി സ്നേഹം പ്രകടിപ്പിച്ചുകൊണ്ട് അടുത്തുചെന്നു. ഈർഷ്യയോടെ മുഖം തിരിച്ചിട്ട് അവള്‍ പറഞ്ഞു:
“കുടിച്ചിട്ടു വന്നു ചത്തപോലെ കിടന്നുറങ്ങുന്നതല്ല ഒരു ഭർത്താവിന്‍റെ ധര്‍മ്മം.”
“നീ പറയുന്നത് എനിക്ക് മനസിലാവുന്നില്ല ?”
”മനസ്സിലാവണമെങ്കിൽ ഭാര്യയോട് സ്നേഹമുള്ള ഒരു ഭർത്താവായിരിക്കണം ?”
”ഞാനെന്തു സ്നേഹക്കുറവാ കാണിച്ചത് ?”
“എനിക്കൊരു കുഞ്ഞുവേണം. കല്യാണം കഴിഞ്ഞ ഏതൊരു പെണ്ണിന്‍റേയും ആഗ്രഹമാണത്”
“ഓ അതാണോ കാര്യം ! ഇപ്പം ഒരു കുഞ്ഞുണ്ടായാല്‍ അതിനെ നേരാംവണ്ണം നോക്കാന്‍ പറ്റുമോ നമുക്ക്? ആദ്യം ഒന്നു നേരേ നില്‍ക്കട്ടെ. എന്നിട്ടാലോചിക്കാം കുഞ്ഞിനെക്കുറിച്ച്.”
“റോയിച്ചന്‍റെ ഇഷ്ടം മാത്രം നടന്നാ മതീല്ലോ.”
കലിതുള്ളി അവള്‍ എണീറ്റ് അടുക്കളയിലേക്കു പോയി. റോയി പിന്നാലെ ചെന്നു സമാധാനിപ്പിക്കാൻ നോക്കി. അവൾ പക്ഷേ മിണ്ടിയില്ല.
”സാരമില്ലെന്നേ . നമുക്ക് എല്ലാത്തിനും പരിഹാരം ഉണ്ടാക്കാം ”
വെട്ടി തിരിഞ്ഞിട്ടു അനിത പറഞ്ഞു :
“ഈ ഏകാന്തതയും വിഷമങ്ങളുമൊക്കെ മാറ്റാന്‍ എനിക്കൊരു കുഞ്ഞുവേണം റോയിച്ചാ. ഒരു പെണ്ണിന്‍റെ വികാരവിചാരങ്ങള്‍ റോയിച്ചനു മനസ്സിലാവില്ല.” – അനിതയുടെ ശബ്ദം ഉയർന്നു.
“കൂള്‍ഡൗണ്‍ കൂള്‍ ഡൗണ്‍. നമുക്കാലോചിക്കാം.”
റോയി അടുപ്പിന്‍റെ സമീപം അനിതയോടു മുട്ടിച്ചേര്‍ന്ന് നിന്നിട്ട് ഇരു കൈകൾ കൊണ്ടും അവളെ ചുറ്റിപ്പിടിച്ചു പ്രണയചാപല്യത്തോടെ കവിളിൽ ഒരു മുത്തം നൽകി .
“ഇപ്പഴല്ല സ്നേഹം കാണിക്കേണ്ട സമയം. ഞാനതൊക്കെ പറഞ്ഞു തരണോ ? രാത്രി മൂക്കുമുട്ടെ കുടിച്ചിട്ട് വന്നു പോത്തിനെപ്പോലെ കിടന്നുറങ്ങും .”
”കുഞ്ഞിന്റെ കാര്യമല്ലേ . ഇന്ന് രാത്രി നമുക്ക് അതിനു പരിഹാരം ഉണ്ടാക്കാം “
”ഒന്ന് പോകുന്നുണ്ടോ എന്റെ മുൻപീന്ന് ”
തിരിഞ്ഞു ഭര്‍ത്താവിന്‍റെ നെഞ്ചില്‍ മൃദുവായി ഒരിടി കൊടുത്തിട്ട് ദോശക്കല്ലിലേക്കു മാവു കോരിയൊഴിച്ചു അവൾ.
“ഇന്നലെമുതല്‍ ഞാൻ ജോലിക്കു കയറി.” റോയി പറഞ്ഞു.
“ഇനിയെങ്കിലും അമ്മയെ വിളിച്ചൊന്നു പറയരുതോ, മകൻ സുരക്ഷിതമായി ഇവിടുണ്ടെന്ന്.”
“അതിനു റോയി വേറെ ജനിക്കണം.”
“ഇനി കുടിച്ചിട്ടു വരരുതു കേട്ടോ. എനിക്കിഷ്ടമല്ല നാലുകാലിൽ വരുന്നത്”
“ഞാനൊരു കാര്യം തുറന്നു ചോദിക്കട്ടെ. ഞാന്‍ കുടിക്കുന്ന ആളാന്നറിഞ്ഞിരുന്നെങ്കില്‍ ഈ കല്യാണത്തിനു നീ സമ്മതിക്ക്വായിരുന്നോ?”
കള്ളം പറയാൻ അവളുടെ മനസ് അനുവദിച്ചില്ല.
“ഞാന്‍ സമ്മതിക്കില്ലായിരുന്നു. കുടിക്കുന്നവരെ എനിക്കു പണ്ടേ ഇഷ്ടമല്ല.” അവൾ വെട്ടി തുറന്നു പറഞ്ഞു.
പെട്ടെന്ന് റോയിയുടെ മുഖഭാവം മാറിയത് അവള്‍ ശ്രദ്ധിച്ചു.
“എന്നു വച്ച് എനിക്കിപ്പം റോയിച്ചനോട് ഇഷ്ടക്കുറവൊന്നുമില്ല, കേട്ടോ?”
“തന്തേം തള്ളേം ഇല്ലാത്ത ഒരു പെണ്ണിന് എന്നേക്കാൾ മിടുക്കനായ ഒരാളെ വേറെ എവിടുന്നു കിട്ടാനാടി ?”
കരണത്തൊന്നു കിട്ടിയപോലെ അനിത ഒരു നിമിഷം നിശ്ചലയായി നിന്നുപോയി. തന്റെ മറുപടിക്ക് അങ്ങനെയൊരു തിരിച്ചടി അവള്‍ പ്രതീക്ഷിച്ചില്ലായിരുന്നു.
“ഞാൻ പറഞ്ഞത് റോയിച്ചനെ വേദനിപ്പിച്ചോ?”
“മദ്യപിക്കുന്ന ഭർത്താവിനോടൊപ്പം ജീവിക്കാന്‍ ഇഷ്ടമില്ലെങ്കില്‍ നിനക്കു പിരിഞ്ഞു പോകാം.” റോയിയുടെ ശബ്ദവും ഭാവവും മാറിയത് കണ്ടപ്പോൾ അനിത ഭയന്നു .
“എന്താ റോയിച്ചാ ഈ പറയുന്നേ?”
അമ്പരപ്പോടെ അവൾ നോക്കിനിന്നു.
“അപ്പനും അമ്മയും ആരാണെന്നറിയാത്ത ഒരു തെണ്ടിപെണ്ണിനെ നയാ പൈസ സ്ത്രീധനം വാങ്ങിക്കാതെ കെട്ടിക്കൊണ്ടുവന്നതാണോടീ ഞാൻ ചെയ്ത തെറ്റ് ? വേറെ ഏതു തെണ്ടി വന്നു കെട്ടും നിന്നെ ?”
ശിരസിൽ ചുറ്റികകൊണ്ട് ഒരിടി കിട്ടിയതുപോലെ അനിത അസ്ത്രപ്രജ്ഞയായി നിന്നുപോയി. ദോശക്കല്ലിൽ കിടന്ന് ദോശ കരിയുന്നതു കണ്ടിട്ടും അതു മറിച്ചിടാൻ അവളുടെ കൈകൾ പൊങ്ങിയില്ല. കണ്ണുകളിൽ നിന്നു മിഴിനീര്‍ ധാരയായി ഒഴുകി.
“ഇത്തിരി വെള്ളമടിക്കൂന്നുള്ള ദോഷമല്ലേ എനിക്കുള്ളൂ ? പെണ്ണു പിടിക്കാനും അടിപിടി കൂടാനുമൊന്നും പോകുന്നില്ലല്ലോ? നിനക്കുവേണ്ടി എന്‍റെ അപ്പനേം അമ്മേം പെങ്ങളെയും ഞാന്‍ ഉപേക്ഷിച്ചു. എന്നിട്ടും എന്നോടിതു നീ പറഞ്ഞല്ലോ ?”
“സോറി റോയിച്ചാ..ഐ ആം വെരി സോറി. റോയിച്ചൻ കുടിക്കുന്നൂന്ന് വച്ച് എനിക്കൊരിഷ്ടക്കുറവുമില്ല .ഇനി അങ്ങനെയൊന്നും പറയില്ല . എന്റെ ചക്കരയല്ലേ റോയിച്ചൻ. ”
അനിത ഭർത്താവിനെ കെട്ടിപ്പിടിച്ചു സ്നേഹവായ്‌പോടെ പലതവണ ഉമ്മ വച്ചു .എന്നിട്ടും റോയിയുടെ രോഷം അടങ്ങിയില്ല . അയാൾ പറഞ്ഞു
“വരാനുള്ളത് വഴീല്‍ തങ്ങുകേലെന്നു പറയുന്നത് നേരാ. എന്റെ തലേൽ കേറിപ്പോയില്ലേ. ഇനി ചുമന്നല്ലേ പറ്റൂ ”
അങ്ങനെ പറഞ്ഞിട്ട് റോയി വേഗം കിടപ്പുമുറയിലേക്കു പോയി.
അനിത തളർന്ന് , ശിരസൊടിഞ്ഞപോലെ അടുക്കളയിലെ ചുമരിൽ ചാരി നിന്നു..
റോയിക്ക് ഇത്രയേറെ മനോവേദനയുണ്ടാക്കാൻ എന്തു തെറ്റാ താൻ ചെയ്തത്? കുടിക്കുന്ന ആളിനെ ഇഷ്ടമില്ലെന്നു പറഞ്ഞതോ? അതു തെറ്റാണോ?
അനിത കിടപ്പുമുറിയിലേക്കു ചെന്നപ്പോൾ റോയി അവിടെ ഉണ്ടായിരുന്നില്ല. വേഷംമാറി അയാൾ വെളിയിലേക്കു പോയിരുന്നു.
ബ്രേക്ക്ഫാസ്റ്റ് കഴിക്കാതെ, തന്നോട് ഒരു വാക്കുപോലും പറയാതെ റോയിച്ചന്‍ പോയല്ലോ എന്നാര്‍ത്തപ്പോള്‍ ഹൃദയംപൊട്ടുന്ന വേദന തോന്നി അവൾക്ക്
(തുടരും…അടുത്തഭാഗം നാളെ )
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved)
Also Read അവൾ അനാഥയല്ല- നോവൽ- അദ്ധ്യായം 1
Also Read അവൾ അനാഥയല്ല – നോവൽ – അദ്ധ്യായം 2
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 3
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 4
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 5
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 6
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 7
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 8
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 9
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 10