കട്ടുമുടിക്കുന്ന രാഷ്ട്രീയക്കാരുടെ കൈകളിലേക്ക് പഞ്ചായത്തിന്റെ ഭരണം വീണ്ടും കൊടുക്കാതെ, ജനനന്മ ആഗ്രഹിക്കുന്ന ഒരു വ്യക്തിയുടെ നേതൃത്വത്തിൽ ജനങ്ങളുടെ ഒരു കൂട്ടായ്മയെ ഭരണം ഏൽപ്പിച്ചപ്പോൾ ആരും വിചാരിച്ചിരുന്നിരിക്കില്ല അഞ്ചുവർഷത്തിനുള്ളിൽ ഇത്രയും അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന്. നന്മ നിറഞ്ഞ ഒരുകൂട്ടം ആളുകൾ ഒരു ഗ്രാമത്തിൽ ഒരുമിച്ചുനിന്ന് രാഷ്ട്രീയത്തിന് അതീതമായി ചിന്തിച്ചു തോളോടുതോൾ ചേർന്ന് പ്രവർത്തിച്ചപ്പോൾ ഒരു നാടിന്റെ മുഖച്ഛായ പാടെ മാറി.
കിഴക്കമ്പലത്തെ ട്വന്റി20 കൂട്ടായ്മ കേരളത്തിന് മാത്രമല്ല ലോകത്തിനു തന്നെ മാതൃകയായിരിക്കയാണ് . അഴിമതിയും വെട്ടിപ്പും കണ്ടുമടുത്ത ജനം അതിൽനിന്നൊരു മോചനത്തിനുവേണ്ടിയായിരുന്നു കിഴക്കമ്പലത്ത് 20/20 രൂപീകരിച്ചത് . അത് വൻ വിജയമായി.
നാടിന്റെ വികസനത്തിനായി ചെലവഴിക്കാൻ സർക്കാർ മാറ്റിവയ്ക്കുന്ന പണം വെട്ടിച്ചും തട്ടിച്ചും സ്വന്തം കീശയിലാക്കിയിട്ട് ”ഇപ്പ ശര്യാക്കി തരാം” എന്ന് പറഞ്ഞു പറ്റിക്കുന്ന രാഷ്ട്രീയ കോമരങ്ങളെ പഞ്ചായത്ത് ഭരണത്തിൽ നിന്ന് മാറ്റി നിറുത്തിയപ്പോൾ അതിശയിപ്പിക്കുന്ന വികസനമാണ് കിഴക്കമ്പലത്തിനു കൈവരിക്കാനായത് . എല്ലാറ്റിനും ചുക്കാൻ പിടിക്കാൻ മനുഷ്യസ്നേഹിയായ ഒരു വ്യവസായികൂടി ഒപ്പം ചേർന്നപ്പോൾ കിഴക്കമ്പലം പൊന്നമ്പലം ആയി . ട്വന്റി20 കിഴമ്പലത്തെ ജനങ്ങൾക്ക് ചെയ്ത് കൊടുക്കുന്ന സേവനങ്ങൾ അടുത്തുള്ള പഞ്ചായത്തുവാസികൾ അസൂയയോടെയാണ് ഇപ്പോൾ നോക്കിക്കാണുന്നത് .
രാഷ്ട്രീയ അടിമത്തം വെടിഞ്ഞ് കേരള ജനത ഉണർന്നു പ്രവർത്തിക്കേണ്ട സമയമായിരിക്കുന്നു എന്നാണ് കിഴക്കമ്പലം നമുക്ക് പഠിപ്പിച്ചു തരുന്ന പാഠം. വോട്ടുകുത്തുമ്പോൾ തീരുന്ന ജനാധിപത്യമല്ല നമുക്കു വേണ്ടത് . ദൈനം ദിന ഭരണകാര്യങ്ങളിലും നാടിന്റെ വികസനത്തിലും ജനങ്ങളുടെ ഇഷ്ടവും താൽപര്യവും നടക്കണം. പോൾ ചെയ്യുന്ന 70 ശതമാനം വോട്ടിൽ 35% വാങ്ങി ഭരഅധികാരത്തിൽ കയറി സകല തോന്ന്യാസങ്ങളും കാണിച്ചിട്ട് ഞങ്ങൾ ജനവിധിയനുസരിച്ചാണ് ഭരിക്കുന്നതെന്നു വീമ്പിളക്കുന്നവർ കിഴക്കമ്പലത്തെ പഞ്ചായത്ത് ഭരണസമിതിയെ കണ്ടു പഠിക്കണം . സ്വപ്നമാർക്കും ശങ്കരന്മാർക്കും തട്ടിയെടുക്കാനുള്ളതല്ല പൊതുജനത്തിന്റെ നികുതിപ്പണം.
കിഴക്കമ്പലത്തിലെ ട്വൻ്റി-ട്വൻ്റി യിൽ നിന്ന് ആവേശം കൊണ്ട് കിഴക്കമ്പലം മാതൃകയിൽ കോട്ടയം നഗരത്തോടൊപ്പം ചങ്ങനാശേരി നഗരവും ജില്ലയിലെ മറ്റു ചില പഞ്ചായത്തുകളും ഒരു കൂട്ടായ്‌മ രൂപീകരിക്കാൻ കരുക്കൾ നീക്കുകയായായിരുന്നു കുറെ നല്ല മനുഷ്യർ കഴിഞ്ഞ നാളുകളിൽ . ചങ്ങനാശേരിയിൽ സകല കോവിഡ് മാനദണ്ഡങ്ങളും സാമൂഹ്യ അകലവും പാലിച്ചു കൊണ്ട് കഴിഞ്ഞ ഞായർ വൈകുന്നേരം യോഗം ചേർന്ന് ചരിത്രത്തിലെ പുതിയ അധ്യായം കുറിക്കാനായിരുന്നു പ്ലാൻ. പഞ്ചായത്തു തിരഞ്ഞെടുപ്പിന് മുൻപായി കൂട്ടായ്‍മ രൂപീകരിച്ചു പ്രതിനിധികളെ മത്സരിപ്പിക്കാനായിരുന്നു ഉദ്ദേശ്യം. എന്നാൽ പോലീസ് എത്തി യോഗം തടഞ്ഞു . യോഗം ഒഴിവാക്കണമെന്ന് നിർദ്ദേശിച്ചതനുസരിച്ച് ലോഗോ പ്രകാശനം മാത്രം നടത്തി സംഘാടകർ പിരിഞ്ഞു.
കൂട്ടായ്‍മയെ തകർക്കാൻ പോലീസിനെ ഉപയോഗിച്ച് ചിലർ ശ്രമിക്കുന്നതായി സംഘാടകർ കുറ്റപ്പെടുത്തി.
ഇത്തരം കൂട്ടായ്‌മ കേരളം മുഴുവൻ വ്യാപിപ്പിക്കേണ്ടത് അത്യാവശ്യമാണ് . കേരളത്തിലെ മുഴുവൻ ജനങ്ങളും ഇതുപോലുള്ള കൂട്ടായ്മകളുടെ പിന്നിൽ അണിനിരന്നാൽ, നമ്മുടെ നാട് മോഹനവാഗ്‌ദാനങ്ങൾ നൽകി പറ്റിക്കുന്ന രാഷ്ട്രിയ തട്ടിപ്പുകാരുടെ പിടിയിൽനിന്നും മോചിതയാകും .
ചങ്ങനാശേരിയിൽ രൂപീകരിച്ച കിഴക്കമ്പലം മോഡൽ കൂട്ടായ്മയുടെ ഉദ്ദേശ്യത്തെപ്പറ്റിയും അതിന്റെ ആദ്യയോഗം പോലീസ് തടഞ്ഞതിനെപ്പറ്റിയും സംഘാടക സമിതി അംഗം പ്രേംസെബാസ്റ്റ്യൻ മാധ്യമങ്ങളോട് വിശദീകരിച്ചത് എങ്ങനെയെന്ന് കേൾക്കൂ
Read Also ഇതൊക്കെ കണ്ടതുകൊണ്ടാണ് ഇവിടുത്തെ ജനങ്ങൾ രാഷ്ടീയക്കാരെ എടുത്ത് പൊട്ടക്കിണറ്റിൽ എറിഞ്ഞത്














































