Home Entertainment അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 13. രചന: ഇഗ്‌നേഷ്യസ് കലയന്താനി

അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 13. രചന: ഇഗ്‌നേഷ്യസ് കലയന്താനി

1966
0
അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 13. രചന: ഇഗ്‌നേഷ്യസ് കലയന്താനി

കഥ ഇതുവരെ-
കന്യാസ്ത്രീകൾ നടത്തുന്ന അനാഥാലയത്തിൽ വളർന്ന , സുന്ദരിയും പാട്ടുകാരിയുമായ അനിതയോട് ആ നാട്ടിലെ ധനാഢ്യനായ ഇലഞ്ഞിക്കൽ സഖറിയാസിന്റെ മകൻ റോയിക്ക് അനുരാഗം തോന്നി. റോയിയുടെ മാതാപിതാക്കൾ ആദ്യം എതിർത്തെങ്കിലും അവന്റെ നിർബന്ധത്തിനു വഴങ്ങി കല്യാണം നടത്തിക്കൊടുത്തു. ആദ്യരാത്രിയിൽ അനിതക്ക് മനസിലായി തന്റെ ഭർത്താവ് മദ്യത്തിന് അടിമയാണെന്ന് . അത് അവളെ തളർത്തി. കാഞ്ഞിരപ്പള്ളിയില്‍ 25 ഏക്കർ റബര്‍ത്തോട്ടമുണ്ട് സഖറിയാസിന്. അതു നോക്കി നടത്തി ആദായമെടുക്കുന്ന ചുമതല റോയിയെയാണ് ഏല്പിച്ചിരുന്നത്. ആഴ്ചയില്‍ മൂന്നോ നാലോ ദിവസം റോയി അവിടെപ്പോകും. റോയിയുടെ അഭാവത്തിൽ അയാളുടെ പപ്പയും
അമ്മയും അനിതയെ മാനസികമായി പീഡിപ്പിച്ചു. അനിത ഭർത്താവിനോട് തന്റെ ദുഃഖങ്ങൾ പറഞ്ഞു. ഭാര്യയുടെ വിഷമങ്ങൾ അകറ്റാൻ അവളുടെ ആഗ്രഹപ്രകാരം കാഞ്ഞിരപ്പള്ളിയിലെ എസ്റ്റേറ്റ് ബംഗ്ളാവിൽ പോയി ഒരാഴ്ചക്കാലം റോയിയും അനിതയും താമസിച്ചു. അവളുടെ വിവാഹാനന്തര ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനങ്ങളായിരുന്നു അത്. അനിതയെ മാനസികമായി പീഡിപ്പിച്ചതിന്റെ പേരിൽ മാതാപിതാക്കളെ ശകാരിച്ചു റോയി . അതോടെ അനിതയോടുള്ള പപ്പയുടെ ദേഷ്യം പകയായി മാറി . ഒരു രാത്രി മദ്യപിച്ചു വന്ന റോയി അനിതയെ ചൊല്ലി പപ്പയും അമ്മയുമായി വഴക്കിട്ടു . സഖറിയാസ് മകന്റെ കരണത്തടിച്ചു . കലിപൂണ്ട റോയി ആ രാത്രി തന്നെ ഭാര്യയെയും വിളിച്ചിറക്കി ലോഡ്ജിൽ പോയി താമസിച്ചു . പിന്നീട് വാടകവീട്ടിലേക്കു താമസം മാറ്റി. ഒരു ഇരുനില വീട് . മുകളിലത്തെ നിലയിൽ റോയിയും ഭാര്യയും . താഴെ വീട്ടുടമയായ ഹരികൃഷ്ണനും ഭാര്യ മിനിയും യു കെ ജിയിൽ പഠിക്കുന്ന മകൾ നീരജയും. ചെരിപ്പുകമ്പനിയിൽ ജോലിക്കെന്നു പറഞ്ഞു എന്നും രാവിലെ റോയി പോകും . അനിത വീട്ടിൽ തനിച്ചാകും . റോയി മദ്യപാനം തുടർന്നു. ജോലിക്കുപോകാതെ റോയി പെട്ടെന്ന് പണമുണ്ടാക്കാനായി ചീട്ടുകളി തുടങ്ങി. ഇതറിഞ്ഞ അനിത ഒരുദിവസം രാവിലെ ഇതിന്റെ പേരിൽ റോയിയോട് വഴക്കിട്ടു. അനിതയോടു പിണങ്ങി ബ്രേക്ഫാസ്റ് പോലും കഴിക്കാതെ റോയി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. തിരിച്ചുവന്നപ്പോൾ അനിത പൊട്ടിക്കരഞ്ഞു ക്ഷമചോദിച്ചു. ഇണക്കവും പിണക്കവുമായി അവരുടെ ജീവിതം മുന്പോട്ടുപോകുന്നതിനിടയിൽ അനിത ഗർഭിണിയായി. ഗർഭഛിദ്രം നടത്താൻ റോയി അനിതയെ നിർബന്ധിച്ചു. അവൾ പൊട്ടിത്തെറിച്ചു. (തുടർന്ന് വായിക്കുക )

ഒരു കുഞ്ഞിനെ താലോലിക്കാനും കൊഞ്ചിക്കാനും ആറ്റുനോറ്റിരുന്നപ്പോൾ ദൈവം കൊണ്ടു തന്ന പൊന്നുണ്ണിയെ വെട്ടി നുറുക്കി ദൂരെ എറിയാൻ പറയാൻ എങ്ങനെ തോന്നി ഈ മനുഷ്യന് ?
” നിങ്ങൾ ഒരു ക്രിസ്ത്യാനിയാണോ?” അനിത കൈചൂണ്ടി രോഷം കൊണ്ട് വിറച്ചു : ” വയറ്റിൽ കിടക്കുന്ന ഈ കുരുന്നിനെ കൊന്നാൽ പിന്നെ ഒരു ദിവസമെങ്കിലും മനസമധാനത്തോടെ നമുക്കൊന്നുറങ്ങാൻ പറ്റുമോ ? ഈശോയുടെ സാന്നിധ്യം പിന്നെ എന്നെങ്കിലും ഈ വീട്ടിലുണ്ടാവുമോ ? പരിശുധാത്മാവിന്റെ അരൂപി നമ്മുടെ ഹൃദയത്തിൽ ഉണ്ടാവുമോ? ”
” നാട്ടിൽ നടക്കുന്ന അബോർഷനുകളുടെ കണക്കൊന്നു നീ എടുത്തു നോക്ക് . ഇപ്പഴത്തെ കാലത്തു ഇതൊന്നും ഒരു പാപമായി ഒരു പെണ്ണും കണക്കാക്കുന്നില്ല. നീ കന്യാസ്ത്രീ മഠത്തിൽ വളർന്ന പെണ്ണായതുകൊണ്ടാ ഇത്രയും വികാരവിക്ഷോഭം! വല്ലപ്പഴും പത്രമൊക്കെ ഒന്ന് വായിക്കണം. ”
” എന്റെ പപ്പയും അമ്മയും ക്രിസ്ത്യാനിയായിരുന്നോ എന്ന് എനിക്കറിയില്ല . ഞാനവരെ കണ്ടിട്ടില്ലല്ലോ . പക്ഷെ ഓർമ്മവച്ചനാൾ മുതൽ ബൈബിൾ വചനങ്ങൾ കേട്ടും ധ്യാനം കൂടിയുമൊക്കെയാ ഞാൻ വളർന്നത്‌ . അതുകൊണ്ടു കർത്താവിന്റെ വഴിയിൽ നിന്ന് വ്യതിചലിക്കാതെ എനിക്ക് ജീവിക്കാൻ പറ്റി. ഇനിയും അങ്ങനെ തന്നെ ജീവിക്കും. ആര് എന്തൊക്കെ പറഞ്ഞാലും എന്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞിനെ ഞാൻ കൊല്ലില്ല. റോയിച്ചൻ എന്നെ ഉപേക്ഷിക്കുമെന്നു പറഞ്ഞാൽപോലും.”
പാറപോലെ ഉറച്ചതായിരുന്നു അവളുടെ തീരുമാനം. ആ തീരുമാനത്തിന് മുൻപിൽ റോയി മുട്ടുമടക്കി.
പിന്നെ അയാൾ നിർബന്ധിച്ചില്ല. ദീർഘമായി ഒന്ന് നിശ്വസിച്ചിട്ട് അയാൾ പറഞ്ഞു :
”നിന്റെ ഇഷ്ടം പോലെ നടക്കട്ടെ. ഇനി ഇതിന്റെ പേരിൽ നമ്മൾ തമ്മിൽ ഒരു വഴക്കു വേണ്ട. നീ പോയി ഒരു ചായ ഇട്ടോണ്ട് വാ. ”
തുറിച്ചൊന്നു നോക്കിയിട്ടു അനിത കിച്ചണിലേക്കു പോയി.

****

നാലു ചുവരുകൾക്കുള്ളിലെ ബന്ധനവും ഏകാന്തതയും അനിതയെ വല്ലാതെ വീർപ്പു മുട്ടിച്ചു. ഒരു ജോലിയുണ്ടായിരുന്നെങ്കിൽ എന്നവളാശിച്ചു. പക്ഷെ ആശിക്കാനല്ലേ കഴിയൂ. ആര് ജോലി തരാൻ !.
എത്ര സന്തോഷകരമാണ് ഹരിയുടെയും മിനിയുടെയും ദാമ്പത്യ ജീവിതം! മാതൃകാ ദമ്പതികൾ ! അതുപോലൊരു കുടുംബ ജീവിതം തന്നില്ലല്ലോ ദൈവം തനിക്ക് ! ഇങ്ങനെ ശിക്ഷിക്കാൻ മാത്രം എന്ത് തെറ്റാണ് താൻ ചെയ്തത് ?
” ആന്റീ ”
പുറത്തു നീരജമോളുടെ വിളികേട്ട് അവൾ ചെന്ന് വാതിൽ തുറന്നു.
” കേറിവാ മോളെ ” അനിത അവളെ ഹാർദ്ദമായി അകത്തേക്ക് ക്ഷണിച്ചു.
” മമ്മി പറഞ്ഞു സിനിമക്ക് പോകാൻ ആന്റിയെ വിളിച്ചോണ്ട് ചെല്ലാൻ . ആന്റിയെ വിളിക്കാൻ വന്നതാ ഞാൻ ”
” ആന്റി വരുന്നില്ല മോളെ.. ”
”അതെന്നാ ?”
”ആന്റിക്ക് നല്ല സുഖമില്ല. ” റോയിക്ക് അത് ഇഷ്ടമാവില്ലെന്ന് അവൾക്കറിയാമായിരുന്നു. അതുകൊണ്ടു അവൾ ഒരു കള്ളം പറഞ്ഞു .
” ആന്റിയില്ലാതെ ഞാൻ പോകൂല്ല.. ” നീരാജ ഇരുകൈകൾ കൊണ്ടും അവളുടെ കയ്യിൽ പിടിച്ചു വലിച്ചു
” ആന്റിക്ക് തലവേദനയാ മോളെ.. ” ഒഴിവാകാൻ അവൾ ഒരു സൂത്രം പ്രയോഗിച്ചു.
” നുണ ! ആന്റി നുണപറയുവാ.. വാ ആന്റി… പ്ലീസ് … ഈ നീരജമോളോട് ഇഷ്ട്ടമുണ്ടെങ്കിൽ വാ.. ”
അനിത ധർമ്മ സങ്കടത്തിലായി. എന്ത് ചെയ്യണം? മോളുടെ സ്നേഹം കാണുമ്പോൾ നിരസിക്കാൻ കഴിയുന്നില്ല.
” വാ ആന്റീ . പ്ലീസ് ”
അവളുടെ നിർബന്ധം മുറുകിയപ്പോൾ അനിത റോയിയെ ഫോൺ ചെയ്തു അനുവാദം ചോദിച്ചു. റോയി എതിർപ്പൊന്നും കൂടാതെ അനുമതി നൽകിയപ്പോൾ സന്തോഷമായി. വേഗം ഡ്രസ്സ് മാറിയിട്ട് അവൾ നീരജയോടൊപ്പം താഴേക്കു ചെന്നു. ഹരിയും മിനിയും വേഷം മാറി പോകാൻ തയ്യാറായി നിൽക്കുകയായിരുന്നു.
” ഇന്ന് ഞങ്ങൾക്ക് രണ്ടുപേർക്കും ഓഫാ. അതുകൊണ്ടു ഒരു സിനിമ കണ്ടേക്കാമെന്നു വച്ചു. വല്ലപ്പോഴും ഒരു റിലാക്സ് വേണ്ടേ .” മിനി പറഞ്ഞു .
” തീർച്ചയായും. ഇതൊക്കെയല്ലേ ജീവിതത്തിലെ സന്തോഷം! ”
” റോയിക്കു സിനിമയൊന്നും ഇഷ്ടമല്ലേ? ”
”ഇഷ്ടമാണ് .. പക്ഷേ അതിനൊന്നും സമയം കിട്ടാറില്ല. ”
ഹരി കാറിന്റെ ഡോർ തുറന്നു കൊടുത്തു. പിൻസീറ്റിൽ അനിതയും നീരജയും കയറി. മുൻപിൽ ഹരിയും മിനിയും. ഹരിയാണ് ഡ്രൈവ് ചെയ്തത് .
നീരജമോൾ അനിതയുടെ മടിയിലേക്കു ചാഞ്ഞു കിടക്കുകയായിരുന്നു.
” ഇവൾക്കിപ്പം എന്നെക്കാൾ ഇഷ്ടം അനിതയോടാ. ” തിരിഞ്ഞു അനിതയെ നോക്കി മിനി പറഞ്ഞു.
” കഴിഞ്ഞ ജന്മത്തിൽ ഞങ്ങള് അമ്മയും മോളുമായിരുന്നു. അല്ലേ മുത്തേ? ” അനിത നീരജയുടെ മുടിയിൽ സ്നേഹത്തോടെ തലോടിക്കൊണ്ടിരുന്നു .
തീയേറ്ററിൽ അനിതയുടെ തൊട്ടടുത്താണ് നീരജ ഇരുന്നത്.
ഒരു നല്ല കോമഡി ചിത്രം. രണ്ടു മണിക്കൂർ നേരം അനിത എല്ലാം മറന്നിരുന്നു ഒരുപാട് ചിരിച്ചു. സമയം പോയത് അറിഞ്ഞതേയില്ല.
സിനിമ കഴിഞ്ഞു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. ടേബിളിൽ ഒരുപാട് വിഭവങ്ങൾ നിരന്നപ്പോൾ എന്ത് എടുക്കണമെന്നറിയാതെ അനിത വിഷമിച്ചു. മിനി അവളുടെ പ്ളേറ്റിലേക്കു എല്ലാം കുറെശ്ശെ വിളമ്പി.
തമാശകൾ പറഞ്ഞും ചിരിച്ചും സന്തോഷത്തോടെ അവർ ഭക്ഷണം കഴിച്ചു. നീരജമോൾക്ക് അനിതയാണ് ഭക്ഷണം വാരിക്കൊടുത്തത്.
എല്ലാം കഴിഞ്ഞു തിരിച്ചു വീട്ടിലെത്തിയപ്പോൾ മണി ആറര .
മിനിയോട് നന്ദി പറഞ്ഞിട്ട് അവൾ സ്റ്റെയർകെയ്‌സ് കയറി വേഗം മുകളിലേക്ക് ചെന്നു . വാതിൽ അകത്തുനിന്നു ലോക്ക് ചെയ്തിരിക്കുന്നു എന്ന് അറിഞ്ഞപ്പോൾ മനസിലായി റോയി വന്നിട്ടുണ്ടെന്ന്.
ഇന്ന് നേരത്തെ എത്തിയല്ലോ ആള്?
കാളിംഗ് ബില്ലിൽ വിരലമർത്തി കാത്തു നിന്നപ്പോൾ റോയി വന്നു വാതിൽ തുറന്നു.
” ഇതെപ്പ വന്നു? ഇന്നെന്തേ നേരത്തെ ?”
അകത്തേക്ക് കയറുന്നതിനിടയിൽ ചിരിച്ചുകൊണ്ട് അനിത ചോദിച്ചു.
” നേരത്തെ വന്നത് ഇഷ്ടപ്പെട്ടില്ലേ ?”
” പതിവില്ലാത്തതുകൊണ്ടു ചോദിച്ചെന്നേയുള്ളൂ. ”
” പതിവില്ലാത്തതാണല്ലോ ഇപ്പം ഇവിടെ നടക്കുന്നത്. ആട്ടെ , സിനിമ എങ്ങനെയുണ്ടായിരുന്നു?”
” നല്ല കോമഡി പടമായിരുന്നു. റോയിച്ചനും കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാനോർത്തു. ”
” ഞാനുണ്ടായിരുന്നെങ്കിൽ അത്രക്കങ്ങു ആസ്വദിക്കാൻ പറ്റുമായിരുന്നോ ?”
” അതെന്താ റോയിച്ചൻ അങ്ങനെ പറഞ്ഞത്?”
അനിതയുടെ നെറ്റി ചുളിഞ്ഞു .
” നിന്നെ സിനിമക്ക് കൊണ്ടുപോകണമെന്ന് ഹരിക്കെന്തേ ഇപ്പം ആഗ്രഹം തോന്നിയത്.?”
അടികിട്ടിയതു പോലെ ഒരു നിമിഷം അനിത ഒന്ന് പിടഞ്ഞു.
” നീരജ മോള് നിർബന്ധിച്ചത് കൊണ്ട് മാത്രമാ ഞാൻ പോയത്. അതിനു വേറെ അർത്ഥമൊന്നും കാണണ്ടാ. റോയിച്ചനോട് അനുവാദം വാങ്ങിയിട്ടല്ലേ പോയത് ? ഒളിച്ചും പാത്തുമൊന്നുമല്ലല്ലോ?”
വല്ലാതെ ദേഷ്യം വന്നു അവൾക്ക്.
”ആരുടെ അടുത്തിരുന്നാ സിനിമ കണ്ടത് ?”
”എന്റെ അടുത്ത് നീരജമോൾ . അവളുടെ അടുത്ത് മിനി . അതിനപ്പുറം ഹരി . ഞാൻ ഒരു നിരയുടെ ഇങ്ങേ അറ്റത്തായിരുന്നു . എന്നെ ആരും തട്ടുകയോ മുട്ടുകയോ ഒന്നും ചെയ്തില്ല . പോരെ ?”
” ഇനി സിനിമ കാണണമെന്ന് ആഗ്രഹം തോന്നിയാൽ എന്നോട് പറഞ്ഞാൽ മതി . ഞാൻ കൊണ്ടുപോയി കാണിക്കാം. അയൽക്കാരന്റെ കൂടെ പോയി കാണണ്ട. ”
”അതിനിപ്പം എന്താ ഉണ്ടായത് ?’
” ഒന്നും ഉണ്ടാകാതിരിക്കാൻ പറഞ്ഞതാ. ”
പിന്നെ അവൾ ഒന്നും മിണ്ടിയില്ല. റോയിയുടെ മനസിൽ സംശയത്തിന്റെ മുള പൊട്ടിയിരിക്കുന്നു എന്നവൾക്കു മനസിലായി. കള്ളുകുടിക്കുന്നവന്റെയും ചീട്ടുകളിക്കുന്നവന്റെയും ഹൃദയം ചെകുത്താന്റെ വാസസ്ഥലമായിരിക്കുമെന്നു ഒരിക്കൽ ധ്യാനിപ്പിച്ച അച്ചൻ പറഞ്ഞത് എത്രയോ ശരിയാണ് എന്നവൾ ഓർത്തു. റോയിയുടെ ഹൃദയത്തിൽ ഇപ്പോൾ ചെകുത്താൻ കുടിയേറി പാർത്തിരിക്കുകയാണ്. അതപകടമാണ് . എന്ത് ചെയ്യാം . അനുഭവിക്കുകയല്ലാതെ മറ്റൊരു മാർഗവും മുൻപിലില്ലല്ലോ!
ഈ വീട്ടിൽ നിന്ന് കുറച്ചു ദിവസം മാറി നിൽക്കണമെന്ന് അനിതക്ക് തോന്നി. ഓർഫനേജിൽ പോയി കുട്ടികളെ ഒന്ന് കാണണം . അവരോടൊപ്പം കുറച്ചുദിവസം താമസിക്കണം . റോയിച്ചൻ സമ്മതിക്കുമോ?
അത്താഴം കഴിക്കാനിരുന്നപ്പോൾ മടിച്ചു മടിച്ചാണ് അവൾ ആഗ്രഹം പറഞ്ഞത് . അവളെ അത്ഭുതപ്പെടുത്തിക്കൊണ്ട് റോയി അപ്പോഴേ സമ്മതം മൂളി .
കുറച്ചു ദിവസം അനിതയെ അകറ്റി നിറുത്തി ഇഷ്ടംപോലെ മദ്യപിക്കാമല്ലോ എന്ന സന്തോഷമായിരുന്നു റോയിക്ക് .
ചീട്ടുകളിയിൽ നിന്നുള്ള വരുമാനം ഇല്ലാതായി. കഴിഞ്ഞ കുറെ ദിവസങ്ങളായിട്ടു നഷ്ടത്തിലാണ് കളി . പലരിൽ നിന്നും കടം വാങ്ങി കൂടുതൽ കാശിറക്കിയപ്പോൾ നഷ്ടം പെരുകി. അതുകൊണ്ടു ആകെ നിരാശയിലും മനോവിഷമത്തിലുമായിരുന്നു അയാൾ.
പലവ്യഞ്ജനങ്ങൾ വാങ്ങാൻ പോലും പണം ഇല്ലാത്ത അവസ്ഥ. റോയി ഓർത്തു. കടത്തിൽ മുങ്ങി കൈകാലിട്ടടിച്ചു എത്രകാലം മുൻപോട്ടു പോകാനാവാവും ? പോരെങ്കിൽ അനിത ഗർഭിണിയും . അവൾക്കു മരുന്നുവാങ്ങാൻ പോലും കയ്യിൽ കാശില്ല. ചെരുപ്പുകമ്പനിയിൽ ജോലിയാണെന്ന് തെറ്റിദ്ധരിപ്പിച്ചു ചീട്ടുകളിക്കാൻ പോയതിന്റെ ദൈവശിക്ഷയായിരിക്കാം .
റോയി താടിക്കു കൈയും കൊടുത്തു വിഷണ്ണനായി ഇരുന്നു .
അടുത്ത ദിവസം രാവിലെ അനിത കോൺവെന്റിലേക്കു പുറപ്പെട്ടു. കന്യാസ്ത്രീകൾ അവളെ ഹൃദ്യമായി സ്വീകരിച്ചു വിശേഷങ്ങൾ തിരക്കി. റോയിയെക്കുറിച്ചു നല്ലതുമാത്രമേ അവൾ എല്ലാവരോടും പറഞ്ഞുള്ളൂ. മഠത്തിൽ നിന്ന് ഊണു കഴിച്ചിട്ട് , ഉച്ചകഴിഞ്ഞു അവൾ ഓർഫനേജിൽ പോയി കുട്ടികളെ കണ്ടു. കുഞ്ഞേച്ചിയെ കണ്ടപ്പോൾ എല്ലാവരും ആഹ്ലാദത്തോടെ ചുറ്റും കൂടി. അവരോടൊപ്പം ഒരാഴ്ച അവൾ അവിടെ താമസിക്കുകയാണെന്നു കേട്ടപ്പോൾ കുട്ടികൾ സന്തോഷാതിരേകത്താൽ തുള്ളിച്ചാടി. കുട്ടികളോട് കഥകൾ പറഞ്ഞും പാട്ടുപാടിയും കൊച്ചുവർത്തമാനം പറഞ്ഞും അന്ന് രാത്രി അവരോടൊപ്പം ഏറെനേരം അവൾ ചിലവഴിച്ചു .
പിറ്റേന്ന് രാവിലെ കുർബാന കഴിഞ്ഞു അവൾ പള്ളിമേടയിൽ ചെന്ന് വികാരിയച്ചനെ കണ്ടു. അച്ചന് സന്തോഷമായി. അടുത്ത് പിടിച്ചിരുത്തിഅച്ചൻ വിശേഷങ്ങൾ തിരക്കി .
വീട്ടിൽ നിന്ന് പിണങ്ങിപ്പോയതിന് അച്ചൻ അവളെ ശകാരിച്ചു. എന്നിട്ടു പറഞ്ഞു :
” ഇന്നുതന്നെ ഇലഞ്ഞിക്കൽ പോയി പപ്പയെയും അമ്മയെയും കണ്ടു നീ മാപ്പുചോദിക്കണം. എന്നിട്ടു പോയി റോയിയെയും കൂട്ടി തിരിച്ചങ്ങോട്ടു ചെല്ലണം. ഭാവിയിൽ ആ സ്വത്തനുഭവിക്കേണ്ടത് നീയും നിന്റെ മക്കളുമാണെന്ന് ഓർമ്മവേണം. അത് നഷ്ടപ്പെടുത്തീട്ടു തെണ്ടിത്തിരിഞ്ഞു നടക്കുന്നത് ബുദ്ധിമോശമാ .”
റോയിക്കു ഇഷ്ടമാവില്ലെന്നു പറഞ്ഞിട്ടും അച്ചൻ സമ്മതിച്ചില്ല. ഒടുവിൽ അച്ചന്റെ നിർബന്ധത്തിന് വഴങ്ങി അവൾ ഇലഞ്ഞിക്കൽ തറവാട്ടിലേക്ക് പോയി.
ഗേറ്റുകടന്നു മുറ്റത്തേക്ക് കാലെടുത്തു വച്ചപ്പോൾ വീടിന്റെ ബാൽക്കണിയിൽ നിന്നൊരു ശബ്ദം.
” നിൽക്കവിടെ. ”
അനിത ഞെട്ടി മുഖമുയർത്തി നോക്കിയപ്പോൾ കയ്യിൽ പത്രവുമായി ബാൽക്കണിയിൽ സഖറിയാസ് .
” എന്റെ മുറ്റത്തു കാലുകുത്തിപ്പോകരുത്‌ .”
അനിത സഡൻ ബ്രേക്കിട്ടപോലെ നിന്നു .
” ഇറക്കിവിട്ടു ഗേറ്റ് അടക്കെടാ ”
പൂന്തോട്ടത്തിൽ പുല്ലുപറിക്കുകയായിരുന്ന ജോലിക്കാരനോടായിരുന്നു സഖറിയാസിന്റെ ആജ്ഞ . അയാൾ ഓടിവന്നു അനിതയോട് പുറത്തെക്കിറങ്ങാൻ പറഞ്ഞു . പിന്നെ ഒരു നിമിഷം പോലും അവൾ അവിടെ നിന്നില്ല. തിരിഞ്ഞു നടന്നു.
ഓർഫനേജിലേക്കു മടങ്ങുമ്പോൾ വഴിയിൽ വച്ച് സരസ്വതിയെ കണ്ടു. ഇലഞ്ഞിക്കലെ അടുക്കള ജോ ലിക്കാരിയാണ് സരസ്വതി. അനിത അവരോടു വിശേഷങ്ങൾ തിരക്കി.
” മേരിക്കുട്ടി ആശുപത്രീലാ . ” സരസ്വതി തുടർന്നു : ” റോയിമോൻ പോയതിനിശേഷം അവരാകെ മനഃപ്രയാസത്തിലായിരുന്നു. ആരോടും അധികം സംസാരമില്ല. ഇടയ്ക്കിടെ തന്നത്താൻ ഓരോന്ന് പറഞ്ഞോണ്ടിരിക്കും . മരുന്ന് കഴിക്കുന്നുണ്ടായിരുന്നു . കുറവില്ലെന്നു കണ്ടപ്പം കഴിഞ്ഞ ദിവസം ആശുപത്രിയിലാക്കി. ”
നെഞ്ചു വിങ്ങി കഴക്കുന്നതുപോലെ തോന്നി അനിതക്ക്. എന്തിനാ കർത്താവേ റോയിച്ചന് തന്നോട് ഇഷ്ടം തോന്നാൻ അങ്ങ് പ്രേരിപ്പിച്ചത് എന്നവൾ മനസിൽ ചോദിച്ചു.
കൂടുതൽ കേൾക്കാൻ ശക്തിയില്ലാത്തതിനാൽ അവൾ വേഗം മുൻപോട്ടു നടന്നു.

******

ഒരാഴ്ച പെട്ടെന്ന് കടന്നുപോയി.
ഇനി തിരിച്ചു വീട്ടിലേക്ക് .
കുട്ടികളെ വിട്ടു പോകാനേ മനസ്സനുവദിക്കുന്നില്ല. പക്ഷെ പോയല്ലേ പറ്റൂ !
എല്ലാവരോടും യാത്ര പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അത് കണ്ടപ്പോൾ കുട്ടികളും കരഞ്ഞു. മരിയയെയും അപ്പൂസിനെയും മഞ്ജുഷയെയും അരികിൽ ചേർത്ത് നിറുത്തി ശിരസിൽ തലോടിക്കൊണ്ട് പറഞ്ഞു. :
” വല്ലപ്പോഴും ഈ കുഞ്ഞേച്ചിയെ ഓർക്കണം കേട്ടോ . കുഞ്ഞേച്ചിക്കുവേണ്ടി എന്നും പ്രാർത്ഥിക്കുകയും ചെയ്യണം .”
അതു കേട്ടപ്പോൾ അവർ അനിതയെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു.
” കുഞ്ഞേച്ചി പോകണ്ടാ.. ”
” ഇടയ്ക്കിടെ ഇനിം വരാം ഈ കുഞ്ഞേച്ചി. എന്റെ കുഞ്ഞുങ്ങൾ എപ്പഴും എന്റെ മനസ്സിൽ ഉണ്ടായിരിക്കും”
അനിത ഓരോരുത്തരെയും മാറിമാറി ഉമ്മവച്ചു. എന്നിട്ടു കൈവീശി റ്റാറ്റാ പറഞ്ഞിട്ട് സാവധാനം റോഡിലേക്ക് നടന്നു.
സന്ധ്യക്കു മുന്പേ അവൾ വീട്ടിലെത്തി .
അനിത ഇലഞ്ഞിക്കൽ തറവാട്ടിൽ പോയി എന്നും സഖറിയാസ് ആട്ടിപ്പായിച്ചുവെന്നും കേട്ടപ്പോൾ റോയി പൊട്ടിത്തെറിച്ചു.
” എന്റനുവാദം കൂടാതെ അവിടെ പോകാൻ ആര് പറഞ്ഞു നിന്നോട് ?”
” ദേഷ്യപ്പെടണ്ട . വികാരിയച്ചൻ നിർബന്ധിച്ചിട്ടാ ഞാൻ പോയത്.”
”ബ് ഭാ! വികാരിയച്ചൻ. അയാളാണോ നിനക്ക് ചിലവിനു തരുന്നത്?”
”റോയിച്ചൻ ഒരുപാട് കുടിച്ചിട്ടുണ്ടല്ലേ?”
” എന്റെ തന്തയെന്നു പറയുന്ന ആ ചെറ്റയെപ്പോയി കണ്ട് ആട്ടും തുപ്പും വാങ്ങിക്കൊണ്ടു വരാൻ ലജ്ജയില്ലായിരുന്നല്ലോടി നിനക്ക് ?”
റോയിയുടെ നിയന്ത്രണം കെട്ടഴിഞ്ഞു. വായിൽ വന്നതൊക്കെ അയാൾ വിളിച്ചു കൂവി.
സഹികെട്ടപ്പോൾ അനിത അടുക്കളയിൽ ചെന്ന് വെട്ടുകത്തി എടുത്തുകൊണ്ടുവന്നു റോയിയുടെ നേരെ നീട്ടിക്കൊണ്ടു പറഞ്ഞു
” ഇന്നാ, കൊല്ല് ! കൊന്നു കുഴിച്ചുമൂട് ! മതിയായി ഈ ജീവിതം എനിക്ക്.”
പൊടുന്നനെ റോയി ശാന്തനായി.
കത്തി നിലത്തേക്ക് വലിച്ചെറിഞ്ഞിട്ടു അനിത പൊട്ടിക്കരഞ്ഞു. കൈചുരുട്ടി ചുമരിലിടിക്കുകയും പതം പെറുക്കി കരയുകയും ചെയ്തു.
ബഹളം കേട്ട് താഴെ നിന്ന് ഹരിയും മിനിയും മുകളിലേക്ക് ഓടിക്കയറിവന്നു.
(തുടരും . അടുത്തഭാഗം നാളെ )
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

Also Read അവൾ അനാഥയല്ല- നോവൽ- അദ്ധ്യായം 1

Also Read അവൾ അനാഥയല്ല – നോവൽ – അദ്ധ്യായം 2

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 3

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 4

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 5

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 6

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 7

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 8

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 9

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 10

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 11

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 12

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here