തിങ്കളാഴ്ച്ച രാവിലെ വിശുദ്ധ കുർബാന അർപ്പിച്ചിട്ട് ഫാ.ആന്റണി ആലുംമൂട്ടിൽ മുറിയിൽ വന്നിരുന്നു പത്രം വായിക്കുകയായിരുന്നു. അപ്പോഴാണ് സിസ്റ്റർ തെരേസയും സിസ്റ്റർ ശുഭയും അങ്ങോട്ട് വന്നത്. സണ്ടേസ്‌കൂളിന്റെ ഹെഡ്മിസ്ട്രസാണ് സിസ്റ്റർ തെരേസ. അതുമായി ബന്ധപ്പെട്ട ഒരു കാര്യം സംസാരിക്കാനാണ് വന്നത്. പള്ളിയിലെ മുൻ ഗായികയായിരുന്നു കൂടെവന്ന സിസ്റ്റർ ശുഭ. അനിതയെ ഗായകസംഘത്തിന്റെ ലീഡർ ആയി അച്ചൻ നിയമിച്ചതോടെ സിസ്റ്റർ ശുഭ ആ സ്ഥാനത്തുനിന്ന് സ്വയം പിൻമാറുകയായിരുന്നു. അതുകൊണ്ടുതന്നെ അനിതയുടെ കുറ്റങ്ങൾ ചികയാനെ അവർക്ക് നേരമുണ്ടായിരുന്നുള്ളൂ.
സിസ്റ്റർ തെരേസയുമായി കാര്യങ്ങൾ ചർച്ച ചെയ്തശേഷം അച്ചൻ ശുഭയുടെ നേരെ തിരിഞ്ഞു:
”എന്താ ശുഭ സിസ്റ്റർ ഒന്നും മിണ്ടാതെ നിൽക്കുന്നത്?” ശുഭയുടെ മൗനം കണ്ടപ്പോൾ അച്ചൻ ചോദിച്ചു.
”ഓ.. ഞാനിപ്പം എന്നാ പറയാനാ അച്ചാ. എന്നെ ഇവിടെ ഇപ്പം ആർക്കും വേണ്ടല്ലോ.” അച്ചന്റെ മുഖത്തേക്ക് നോക്കാതെയായിരുന്നു മറുപടി.
”അതെന്താ അങ്ങനെ പറഞ്ഞത്?”
”ഓരോന്ന് കണ്ടപ്പോൾ പറഞ്ഞെന്നേയുള്ളൂ.”
”ഇടവകദിനത്തിൽ അനിത പാടിയ പാട്ട് കേട്ടായിരുന്നോ?”
”കേട്ടു കേട്ടു..”
”എങ്ങനെയുണ്ടായിരുന്നു..?”
”ഞാൻ കൊള്ളുകേലെന്നു പറഞ്ഞാൽ അച്ചൻ അത് സമ്മതിച്ചുതരില്ലല്ലോ. അതുകൊണ്ടു ഞാൻ അഭിപ്രായമൊന്നും പറയുന്നില്ല അച്ചാ.”
”ഇടവകക്കാരൊക്കെ വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്. ”
”എന്നോട് ആരും പറഞ്ഞിട്ടില്ല. ”
”സിസ്റ്റർ ആരോടെങ്കിലും ചോദിച്ചോ?”
”ഞാൻ എന്തിനു ചോദിക്കണം?”
”അതാ കുഴപ്പം. അസൂയക്കും കഷണ്ടിക്കും മരുന്നില്ല.”
”എനിക്ക് ആരോടും അസൂയയൊന്നുമില്ല അച്ചോ ”
”അത് എനിക്ക് മനസിലായി. സിസ്റ്റർ ഇപ്പം എന്താ പള്ളിയിൽ പാട്ടുപാടാൻ കൂടാത്തത്?”
”എന്നെക്കാൾ വലിയ പാട്ടുകാരുള്ളപ്പം ഞാൻ എന്തിനാ പാടി കൊളമാക്കുന്നത് എന്നോർത്തിട്ടാ. ”
”നല്ലതിനെ നമ്മൾ അംഗീകരിക്കണ്ടേ സിസ്റ്ററെ..? ”
”ഞാൻ പോകുവാ അച്ചോ. ഇവിടെ നിന്നാൽ ഞാൻ വല്ലതും പറഞ്ഞുപോകും. അത് പിന്നെ അച്ചന് പിടിക്കാതെ വരും. ” അങ്ങനെ പറഞ്ഞിട്ട് അവർ വേഗം പുറത്തേക്കു ഇറങ്ങി പോയി.
”അനിതയെ കൊയറിന്റെ ലീഡറാക്കിയത് സിസ്റ്ററിനു ഒട്ടും ഇഷ്ടപ്പെട്ടില്ല. അതാ ഈ ദേഷ്യം.” ആന്റണി അച്ചൻ സിസ്റ്റർ തെരേസയോട് പറഞ്ഞു.
”എനിക്കറിയാം. മഠത്തിലിരുന്നു അവളെ എപ്പഴും കുറ്റം പറയാനെ സിസ്റ്ററിനു നേരമുള്ളൂ. ങ്ഹാ ..,ഞാൻ പോട്ടെ . ഇല്ലെങ്കിൽ സിസ്റ്റർ ദേഷ്യപ്പെടും. ”
”ങ്‌ഹും.”
സിസ്റ്റർ തെരേസ മുറിയിൽ നിന്നിറങ്ങി .
അവർ പോയി കഴിഞ്ഞപ്പോൾ പള്ളിയിൽ പാട്ട് പാടുന്ന നാലഞ്ചു കുട്ടികൾ അച്ചന്റെ മുറിയിലേക്ക് കയറിവന്നു. കുർബാന കഴിഞ്ഞു പതിവായി അവർ വരാറുള്ളതാണ്. അച്ചൻ അവർക്കു മിട്ടായി കൊടുക്കും. പാട്ട് പാടുന്ന ദിവസങ്ങളിൽ കുട്ടികൾ വന്നു മിട്ടായി വാങ്ങിക്കൊണ്ടു പോകണമെന്ന് അച്ചൻ നേരത്തെ പറഞ്ഞിട്ടുള്ളത്. അത് തെറ്റിക്കാറില്ല അവർ.
എല്ലാവർക്കും മിട്ടായി കൊടുത്തിട്ട് അച്ചൻ ചോദിച്ചു.
” എങ്ങനെയുണ്ടായിരുന്നു ഇടവക ദിനത്തിൽ നിങ്ങടെ അനിതച്ചേച്ചി പാടിയ പാട്ട്?”
”എല്ലാവർക്കും ഒരുപാട് ഇഷ്ടമായി അച്ചോ. അത് യുട്യൂബിലും ഫേസ്ബുക്കിലും ഞങ്ങൾ ഇട്ടിട്ടുണ്ട്. ഒത്തിരി ലൈക്ക്‌സും കമന്റ്സും കിട്ടി. ”
”ഉവ്വോ. എന്നെ അത് ഒന്ന് കാണിച്ചേ ”
അച്ചൻ തന്റെ മൊബൈൽ ഫോൺ എടുത്തു കുട്ടികളുടെ കയ്യിലേക്ക് കൊടുത്തു.
നൊടിയിടയ്ക്കുള്ളിൽ അവിടെയും ഇവിടെയും രണ്ടു ഞെക്കു ഞെക്കി കുട്ടികൾ ആ പാട്ട് സ്‌ക്രീനിൽ കൊണ്ടുവന്നു. അച്ചൻ അത് കേട്ടു. മനോഹരം! ഗംഭീരം!
”അനിത ഇത് അറിഞ്ഞോ?” അച്ചൻ ചോദിച്ചു .
”അറിഞ്ഞൂടാ. ഞങ്ങളാരും പറഞ്ഞിട്ടില്ല. മിനിഞ്ഞാന്നാ ഞങ്ങൾ ഇത് അപ്ലോഡ് ചെയ്തത്.”
”സന്തോഷം. എന്നാൽ നിങ്ങൾ പൊയ്‌ക്കോ”
അച്ചന്റെ അനുമതി കിട്ടിയതും കുട്ടികൾ മുറിവിട്ടിറങ്ങി.
അവർ പോയിക്കഴിഞ്ഞപ്പോൾ അച്ചൻ ആ പാട്ട് ഒരിക്കൽ കൂടി കേട്ടു. എത്ര നല്ല സ്വരം! വളരെ ഭംഗിയായി അനിത പാടിരിക്കുന്നു. പാട്ടിന്റെ രചനയും സംഗീതവും തന്‍റേതാണല്ലോ എന്നോര്‍ത്തപ്പോള്‍ അച്ചന് അഭിമാനവും ആഹ്ലാദവും തോന്നി. അപ്പോള്‍ തന്നെ അച്ചന്‍ ഏലിക്കുട്ടിയെ ഫോണില്‍ വിളിച്ചു.
” ഏലിക്കുട്ടി ചേടത്തി, പളളിലെ വികാരിയച്ചനാ വിളിക്കുന്നേ. ഫോൺ അനിതക്കൊന്നു കൊടുത്തേ ”
”എന്തിനാ അച്ചോ ?”
”ഒരു കാര്യം പറയാനാ . ഫോൺ അങ്ങോട്ട് കൊടുക്ക് .”
ഏലിക്കുട്ടി അനിതയെ വിളിച്ചിട്ടു ഫോൺ അവൾക്കു കൈമാറി.
”ഹലോ ”
”എടീ കൊച്ചേ. ,പളളിലെ വികാരിയച്ചനാ . നീ അത്യാവശ്യമായി ഇവിടം വരെ ഒന്ന് വന്നേ ?”
”എന്താ അച്ചോ ?”
”ഇങ്ങോട്ടു വാ. ഒരു സന്തോഷവാർത്ത പറയാനാ. ”
അരമണിക്കൂറിനുള്ളില്‍ അനിത ഓടിക്കിതച്ചു പള്ളിമേടയിലെത്തി. അച്ചന്‍ മുറിയിലുണ്ടായിരുന്നു. അവളെ കണ്ടതേ അച്ചന്‍ ആഹ്ലാദത്തോടെ പറഞ്ഞു:
“നീയിപ്പം ലോകം മുഴുവന്‍ അറിയപ്പെടുന്ന താരമായി മാറി കൊച്ചേ. ”
ഒന്നും മനസ്സിലാകാതെ അനിത വായ്പൊളിച്ചു നിൽക്കുന്നത് കണ്ടപ്പോൾ അച്ചൻ തുടർന്നു :
“നീ പാടിയ പാട്ട് ദേ യൂടൂബില്‍ സൂപ്പര്‍ ഹിറ്റായിരിക്കുന്നു. ഇങ്ങടുത്തുവാ കാണിച്ചു തരാം .”
അച്ചന്‍ മൊബൈൽ ഫോൺ അവളുടെ മുൻപിലേക്ക് നീക്കിവച്ചിട്ടു യൂടൂബില്‍ അനിതയുടെ പാട്ട് പ്ലേ ചെയ്തു കേള്‍പ്പിച്ചു.
സന്തോഷംകൊണ്ട് അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
“കടുവാക്കുന്നുപള്ളിയിലെ ഇടവകദിനാഘോഷത്തില്‍ ഇടവകയിലെ അനുഗൃഹീതഗായിക അനിത റോയി പാടിയ ഭക്തി ഗാനം .”
വീഡിയോയുടെ അടിക്കുറിപ്പ് അച്ചന്‍ ഉറക്കെ വായിച്ചു കേള്‍പ്പിച്ചു.
” നീ കാരണം ഇപ്പം കടുവാക്കുന്നു പള്ളിയും പ്രസിദ്ധമായി. ” അച്ചന് അടക്കാനാവാത്ത സന്തോഷം.
”നന്ദി പറയേണ്ടത് അച്ചനോടാ. എല്ലാത്തിനും എന്നെ പ്രോത്സാഹിപ്പിച്ചതും അവസരം തന്നതും അച്ചനല്ലേ!”
നിറഞ്ഞ ഹൃദയത്തോടെ അനിത പറഞ്ഞു.
“ദൈവം എന്നിലൂടെ നിനക്കൊരു വഴി കാണിച്ചുതന്നൂന്നു കരുതിയാൽ മതി. ദൈവത്തിനു നന്ദി പറയുക.”
“ഞാന്‍ എന്നും ദൈവത്തിനു നന്ദി പറയുന്നുണ്ടച്ചോ. ദൈവത്തിന്‍റെ പരീക്ഷകളിലെല്ലാം ജയിച്ചതുകൊണ്ട് ഇപ്പം ദൈവത്തിന് എന്നോടു കൂടുതല്‍ സ്നേഹമുണ്ടെന്നു എനിക്ക് തോന്നുന്നു. ഇപ്പം എന്‍റെ മനസ്സിലെ പ്രയാസമെല്ലാം മാറി. ഉണ്ണിക്കുട്ടനുള്ളതുകൊണ്ടു പഴയ കാര്യങ്ങളൊന്നും ഞാൻ ഇപ്പം ഓർക്കാറേയില്ല ”
“നിനക്കിനി നല്ല കാലമായിരിക്കും വരാന്‍ പോകുന്നത്. ഈ ആന്‍റണിയച്ചന്‍റെ പ്രവചനം സത്യമാകുമോന്നു നീ നോക്കിക്കോ.”
“അച്ചന്‍റെ നാക്ക് പൊന്നാവട്ടെ.”
ചിരിച്ചുകൊണ്ട് അവള്‍ പ്രതിവചിച്ചു.
”എന്നാ ചെല്ല് . ചെന്ന് ഏലിച്ചേടത്തിയോട് പറ, സന്തോഷവാർത്ത. ”
” ഉം” തല കുലുക്കിയിട്ട് അവൾ ആഹ്ലാദത്തോടെ പള്ളിമേടയിൽ നിന്നിറങ്ങി വീട്ടിലേക്കു നടന്നു.
വർത്തകേട്ടപ്പോൾ ഏലിച്ചേടത്തിക്കും സന്തോഷം .
”ഈ യൂട്യൂബെന്നു പറഞ്ഞാൽ എന്നതാ മോളെ? ”
” നമ്മള് ടിവിയിൽ സിനിമ കാണുന്നപോലെ ഇന്റർനെറ്റിൽ കയറി സിനിമയും വിഡിയോയുമൊക്കെ കാണാനുള്ള ഒരു സൂത്രമാ അമ്മേ. ”
”ആ .. എന്തുകുന്തമെങ്കിലും ആകട്ടെ . നീ പ്രസിദ്ധയായല്ലോ .അത് മതി.”
”അച്ചനെ പരിചയപ്പെടാൻ പറ്റിയത് എന്റെ ഭാഗ്യമായി ”
”അതെ .. ദൈവം നിനക്ക് കാട്ടി തന്നതാ ആന്റണി അച്ചനെ. ”
അടുത്ത ദിവസം ആന്‍റണിയച്ചന് ഒരു ഫോണ്‍കോള്‍! പ്രശസ്തമായ ഒരു മലയാളം ന്യൂസ് ചാനലിന്‍റെ റിപ്പോര്‍ട്ടറാണ് വിളിച്ചത്. അനിതാ റോയിയെ ഇന്‍റര്‍വ്യൂ ചെയ്ത് ടിവിയില്‍ ഒരു പ്രോഗ്രാം കൊടുക്കാന്‍ ആഗ്രഹിക്കുന്നുവത്രേ. അവളോട് ചോദിച്ചിട്ടു തിരിച്ചുവിളിക്കാമെന്നു പറഞ്ഞിട്ട് അച്ചന്‍ ഫോണ്‍ കട്ടു ചെയ്തു.
അപ്പോള്‍ത്തന്നെ അനിതയെ വിളിച്ച് അച്ചന്‍ വിവരം പറഞ്ഞു.
“അതു വേണോ അച്ചാ…?” അനിത ചോദിച്ചു. “ഞാന്‍ ജീവിച്ചിരിപ്പുണ്ടെന്നു പപ്പ അറിഞ്ഞാല്‍ എന്‍റെ ജീവൻ അപകടത്തിലാവില്ലേ?”
“ഇവിടെ വന്നു നിന്നെ ആരും ഒന്നും ചെയ്യില്ല. അങ്ങനെ ചെയ്യാന്‍ ധൈര്യമുള്ളവന്‍ ഉണ്ടെങ്കിൽ ഇങ്ങോട്ടു വരട്ടെ. ഈ ഇടവകക്കാരെ മുഴുവന്‍ അണിനിരത്തി അവന്‍റെ കാലുതല്ലിയൊടിക്കും ഞാന്‍.”
അച്ചന്‍ ധൈര്യം പകര്‍ന്നപ്പോള്‍ അവള്‍ സമ്മതം മൂളി.
അനിതയുടെ അനുമതി കിട്ടിയപ്പോൾ അച്ചൻ ചാനൽ റിപ്പോര്‍ട്ടറെ ഫോൺ ചെയ്തു സമ്മതം അറിയിച്ചു.
ഏലിക്കുട്ടിയുടെ വീട്ടിലെത്താനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് പള്ളിമേടയില്‍വച്ച് ഇന്‍റര്‍വ്യൂ നടത്താന്‍ ധാരണയായി .
പിറ്റേന്നു പതിനൊന്നുമണിയായപ്പോള്‍ ക്യാമറാമാനും റിപ്പോര്‍ട്ടറും പള്ളിമേടയിലെത്തി.
അനിതയും ഏലിക്കുട്ടിയും നേരത്തേതന്നെ സ്ഥലത്തു എത്തിയിരുന്നു. ഉണ്ണിക്കുട്ടനുമുണ്ടായിരുന്നു അവളുടെ തോളിൽ..
റിപ്പോര്‍ട്ടര്‍ സ്വയം പരിചയപ്പെടുത്തിയതിനുശേഷം അനിതയെ നോക്കി ചിരിച്ചുകൊണ്ടു പറഞ്ഞു:
“ആളിത്രയും ചെറുപ്പമാണെന്നു ഞാൻ വിചാരിച്ചില്ല. യുട്യൂബിൽ പാട്ടു കേട്ടു . മനോഹരമായിരിക്കുന്നു കേട്ടോ, അഭിനന്ദനങ്ങൾ .”
”താങ്ക് യു ” തെല്ലു ലജ്ജയോടെ അവൾ ഒരു പുഞ്ചിരി സമ്മാനിച്ചു.
“ഇപ്പം ഫേസ്ബുക്കിലും വൈറലായിക്കൊണ്ടിരിക്കുവാ. ആയിരക്കണക്കിന് ആളുകളാ ഷെയര്‍ ചെയ്തിരിക്കുന്നേ. കണ്ടായിരുന്നോ?”
“ഇല്ല.”
“ഫേസ്ബുക്കില്‍ അക്കൗണ്ടില്ലേ?”
“ഇല്ല.”
“ഇക്കാലത്ത് ഫേസ്ബുക്ക് അക്കൗണ്ടില്ലാത്ത ആൾക്കാരുണ്ടോ ? ഇപ്പം ആള് ഫേമസ് ആയില്ലേ? ഇനി ഒരു പേജൊക്കെ ക്രിയേറ്റു ചെയ്തു കുറെ പാട്ടൊക്കെ അപ്ലോഡു ചെയ്ത് ,സെലിബ്രിറ്റി ആയി ഒന്ന് ഷൈൻ ചെയ്യാൻ നോക്ക്.”
അതിനു മറുപടി പറയാതെ ചിരിച്ചതേയുള്ളൂ അവൾ.
ക്യാമറാമാന്‍ ക്യാമറ സെറ്റു ചെയ്തു. അഭിമുഖത്തിനു മുമ്പ് കുറെ നിര്‍ദ്ദേശങ്ങളൊക്കെ നല്‍കി റിപ്പോര്‍ട്ടര്‍.
എല്ലാം റെഡി!
ഷൂട്ട് തുടങ്ങി. റിപ്പോര്‍ട്ടര്‍ ചോദിച്ചതിനെല്ലാം അവള്‍ കൃത്യമായി മറുപടി നല്‍കി. അനാഥാലയത്തിലാണു വളര്‍ന്നതെന്നും ഭര്‍ത്താവിന്‍റെ പേരു റോയി എന്നാണെന്നും അദ്ദേഹം മരിച്ചുപോയി എന്നുമാണ് അവള്‍ പറഞ്ഞത്. ഭര്‍ത്തൃവീട്ടുകാര്‍ കൈയൊഴിഞ്ഞപ്പോള്‍ അഭയം നല്‍കിയ ഏലിക്കുട്ടിയെയും അവള്‍ സ്നേഹപൂര്‍വ്വം സ്മരിച്ചു. പാടാന്‍ പ്രോത്സാഹിപ്പിക്കുകയും അവസരമൊരുക്കിക്കൊടുക്കുകയും ചെയ്ത ആന്‍റണിയച്ചനും അവള്‍ അഭിമുഖത്തില്‍ നന്ദി പറഞ്ഞു.
അനിതയെ ഇന്‍റര്‍വ്യൂ ചെയ്തു കഴിഞ്ഞു റിപ്പോര്‍ട്ടര്‍ ആന്‍റണിയച്ചന്‍റെയും ഏലിക്കുട്ടിയുടെയും കുറെ ബൈറ്റ്സും എടുത്തു.
ചാനലുകാര്‍ പോയി കഴിഞ്ഞപ്പോള്‍ ആന്‍റണിയച്ചന്‍ അനിതയോടു പറഞ്ഞു:
“ഏതായാലും നീ ഭര്‍ത്താവിന്‍റെ വീട്ടുപേരോ സ്ഥലമോ ഒന്നും പറയാതിരുന്നതു നന്നായി. നമ്മള്‍ അവരെ നാണം കെടുത്താനും പ്രതികാരം ചെയ്യാനുമൊന്നും പോകണ്ട. തെറ്റു ചെയ്യുന്നവരെ കര്‍ത്താവ് ശിക്ഷിച്ചോളും.”
” അതാ അച്ചോ എന്റെയും നിലപാട് . എനിക്കാരോടും ദേഷ്യമോ വൈരാഗ്യമോ ഒന്നുമില്ല. റോയിയെക്കുറിച്ചു ഞാനിപ്പം ഓര്‍ക്കാറുപോലുമില്ല. എന്നെ ഉപേക്ഷിച്ച ആളെ ഞാനും മനസ്സീന്നു കുടിയിറക്കി. എനിക്കൊരു തങ്കക്കുടത്തിനെ തന്നിട്ടുണ്ടല്ലോ ദൈവം; വയ്യാതാവുമ്പം എന്നെ നോക്കാനും ശുശ്രൂഷിക്കാനും ഇവൻ മതി എനിക്ക്.”
അനിത ഉണ്ണിക്കുട്ടനെ നെഞ്ചോടു ചേര്‍ത്ത് പിടിച്ചു കവിളിൽ ഒരുമ്മ കൊടുത്തു.
“എന്നാല്‍ പൊയ്‌ക്കോ . വ്യാഴാഴ്ച രാവിലെ ടിവിയിൽ ‘ പ്രഭാത സ്പന്ദനം ‘ കാണാന്‍ മറക്കണ്ട.”
“ഉം.” – ചിരിച്ചു കൊണ്ട് തലകുലുക്കി , അച്ചനോടു യാത്ര പറഞ്ഞിട്ട് അവൾ ഏലിക്കുട്ടിയോടൊപ്പം വീട്ടിലേക്കു മടങ്ങി.
*****
സർജറി കഴിഞ്ഞ് സഖറിയാസ് വീട്ടില്‍ തിരിച്ചെത്തി. ഏതാനും ആഴ്ചകൾ കൊണ്ട് ആരോഗ്യം വീണ്ടെടുത്തു. ഇപ്പോള്‍ ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടില്ല. വിശപ്പും സാധാരണ നിലയിലായി.
മൂന്നുമാസത്തെ പൂർണ്ണ വിശ്രമത്തിനുശേഷം ഒരു ദിവസം ചെക്കപ്പിനായി വീണ്ടും ആശുപത്രിയിൽ ചെന്നു. പരിശോധനകളെല്ലാം പൂർത്തിയാക്കിയിട്ടു ഡോക്ടര്‍ പറഞ്ഞു:
“ഇപ്പം എല്ലാം നോര്‍മ്മലായി. ഇനി ഒന്നും പേടിക്കാനില്ല . എങ്കിലും ഭാവിയിൽ വീണ്ടും വരാനുള്ള സാധ്യത കണക്കിലെടുത്തു ആറു മാസം കൂടുമ്പോൾ വന്നു ചെക്കപ്പ് ചെയ്യണം . ”
“ഉം .”
” എന്നാൽ സന്തോഷമായിട്ടു പൊയ്‌ക്കോ. ”
ആഹ്ലാദത്തോടെയാണ് അയാൾ ആശുപത്രിയിൽ നിന്ന് മടങ്ങിയത്.
” ദൈവം നമ്മളോട് ക്ഷമിച്ചു മേരിക്കുട്ടി . ഇനിയുള്ള കാലം ദൈവഹിതത്തിനു വിരുദ്ധമായി ഞാൻ ഒന്നും ചെയ്യില്ല. ”
” അതുപോരാ അച്ചായാ . പാവങ്ങൾക്ക് ധനസഹായം കൂടി ചെയ്യണം ” മേരിക്കുട്ടി പറഞ്ഞു .
” തീർച്ചയായും . ഒരുപാട് സ്വത്തുകൂട്ടിവച്ചിട്ടെന്താ പ്രയോജനം.ഉള്ളവൻ ഇല്ലാത്തവന് കൊടുക്കണമെന്നല്ലേ കർത്താവ് പറഞ്ഞിരിക്കുന്നത് . പാവപ്പെട്ട രോഗികളെ സഹായിക്കാൻ നമുക്ക് ഒരു ആശുപത്രി തുടങ്ങിയാലോ എന്ന് ഞാൻ ആലോചിക്കുവാ ”
”അത് നല്ല കാര്യമാ അച്ചായാ. നമുക്ക് അതിനെക്കുറിച്ചു റോയിയോടൊന്നു
സംസാരിക്കാം. ”
മടക്കയാത്രയിൽ കാറിലിരിക്കുമ്പോൾ മേരിക്കുട്ടിക്കു ജിഷയുടെ ഫോണ്‍ കോള്‍. ഹോസ്റ്റലില്‍നിന്നു വിളിക്കുകയാണ് അവൾ .
“അമ്മ ഇപ്പം എവിടാ?”
“ഞങ്ങള് ആശുപത്രീന്നു വീട്ടിലേക്കു പോക്വാ. എന്താടീ ?”
“റോയിച്ചായൻ അടുത്തുണ്ടോ?”
“ഇല്ല. അവന്‍ കേസിന്‍റെ കാര്യത്തിനു പോയിരിക്ക്വാ. ഞാനും പപ്പയുമേ ഉള്ളൂ. എന്തേ?”
“അമ്മയ്ക്ക് ഒരു സന്തോഷവാര്‍ത്ത കേള്‍ക്കണോ?”
“എന്നതാടീ?”
“അനിത ജീവിച്ചിരിപ്പുണ്ട്.”
”എവിടെ ?”
”ഇടുക്കീല് കടുവാക്കുന്ന് എന്ന സ്ഥലത്ത്.”
മേരിക്കുട്ടി ഒരു നിമിഷം അന്തം വിട്ടിരുന്നുപോയി.
“നിന്നോടാരാ ഇത് പറഞ്ഞേ?”
“അമ്മേ അവള് അവിടത്തെ പള്ളീലെ ഇടവകദിനത്തിനു പാടിയ പാട്ട് ഇപ്പം ഫേസ്ബുക്കിലും യുട്യൂബിലും സൂപ്പര്‍ ഹിറ്റായിരിക്ക്വാ. ഞാന്‍ കണ്ടു. എന്‍റെ റൂംമേറ്റ് ഇപ്പം അവളുടെ വല്യ ഫാനാ . ഞാനവളോടു പറഞ്ഞിട്ടില്ല എന്‍റെ ബ്രദറിന്‍റെ വൈഫാന്ന്.”
“അവളാന്നു നിനക്കുറപ്പുണ്ടോ ?”
“പിന്നെ. അനിത റോയീന്നു പേരും കൊടുത്തിട്ടുണ്ട്. പണ്ടത്തേക്കാളും സുന്ദരിയായി അവള് . ങ്ഹ…. ഞാന്‍ രാത്രി വിളിച്ചു വിശദമായിട്ടു കാര്യങ്ങൾ പറയാം . ബെല്ലടിക്കാന്‍ നേരമായി.”
ഫോണ്‍ കട്ടായി.
“എന്നതാ മേരിക്കുട്ടീ?” സഖറിയാസ് ആരാഞ്ഞു.
“അനിത ജീവിച്ചിരുപ്പുണ്ടെന്ന്.”
സഖറിയാസ് അതിശയത്തോടെ കണ്ണു മിഴിച്ചിരിക്കെ , ജിഷ പറഞ്ഞ കാര്യങ്ങള്‍ മേരിക്കുട്ടി വിശദീകരിച്ചു. എന്നിട്ടു തുടര്‍ന്നു:
“നമുക്കു നാളെത്തന്നെ അവളെ പോയി കാണണം അച്ചായാ. എന്നിട്ടു ക്ഷമ പറഞ്ഞു കൂട്ടിക്കൊണ്ടു വരണം.”
“അവളു വരുമോടീ?”
“പോയി നോക്കാം. തല്ക്കാലം ഇതു റോയിയോടു പറയണ്ട. അവളുടെ മനസ്സ് എന്താന്നറിയട്ടെ. വരില്ലെന്നു തീര്‍ത്തു പറഞ്ഞാല്‍ അവനെ ഇതറിയിക്കണ്ട. അറിഞ്ഞാൽ അവൻ നമ്മളെ വച്ചേക്കില്ല. ”
” ഉം ” സഖറിയാസ് അതിനോട് യോജിച്ചു.
വീട്ടിലെത്തിയപ്പോള്‍ റോയിയുടെ ഫോണ്‍ കോള്‍. കള്ളനോട്ടുകേസില്‍ റോയിയെ കുറ്റവിമുക്തനാക്കി കോടതി വിധിച്ചിരിക്കുന്നു.
“കണ്ടോ അച്ചായാ, പുണ്യപ്രവൃത്തികളു ചെയ്യാന്‍ തുടങ്ങിയപ്പോള്‍ നമ്മുടെ കുടുംബത്തെ കര്‍ത്താവ് അനുഗ്രഹിക്കാനും തുടങ്ങി.”
സഖറിയാസിനും മേരിക്കുട്ടിക്കും വലിയ സന്തോഷം!
അടുത്തദിവസം റോയിയോടു ഒരു കള്ളം പറഞ്ഞിട്ടു മേരിക്കുട്ടിയും സഖറിയാസും കാറില്‍ ഇടുക്കിയിലേക്കു പുറപ്പെട്ടു. ദീര്‍ഘനേരത്തെ യാത്രയ്ക്കുശേഷം കടുവാക്കുന്ന് എന്ന ഗ്രാമത്തിലെത്തി. വഴിയില്‍ കണ്ട ഒരാളോട് പള്ളിയിലേക്കുള്ള വഴി ചോദിച്ചു മനസ്സിലാക്കി. നേരെ കാർ അങ്ങോട്ട് വിട്ടു. പള്ളിമുറ്റത്തു സഖറിയാസിന്റെ ഹോണ്ട സിറ്റി കാർ വന്നു നിന്നു.
നേരം ഉച്ചകഴിഞ്ഞിരുന്നു അപ്പോൾ . മുറ്റത്തരികിൽ കാർ പാർക്കുചെയ്തിട്ട് രണ്ടുപേരും കാറിൽ നിന്നിറങ്ങി പള്ളിമേടയിലേക്കുള്ള നടന്നു .
റവ ഫാ ആന്റണി ആലുംമൂട്ടിൽ ( വികാരി ) എന്ന് ബോർഡുവച്ച മുറിയുടെ വാതിൽക്കൽ വന്നിട്ട് അവർ കോളിംഗ് ബെല്ലിന്റെ സ്വിച്ചിൽ വിരൽ അമർത്തി കാത്തു നിന്നു .
(തുടരും… )
രചന: ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
Also Read അവൾ അനാഥയല്ല- നോവൽ- അദ്ധ്യായം 1
Also Read അവൾ അനാഥയല്ല – നോവൽ – അദ്ധ്യായം 2
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 3
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 4
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 5
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 6
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 7
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 8
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 9
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 10
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 11
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 12
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 13
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 14
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 15
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 16
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 17
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 18
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 19
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 20
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 21
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 22
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 23