Home Entertainment അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 16. രചന: ഇഗ്‌നേഷ്യസ് കലയന്താനി

അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 16. രചന: ഇഗ്‌നേഷ്യസ് കലയന്താനി

1811
0
അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 16. രചന: ഇഗ്‌നേഷ്യസ് കലയന്താനി

കഥ ഇതുവരെ-
കന്യാസ്ത്രീകൾ നടത്തുന്ന അനാഥാലയത്തിൽ വളർന്ന , സുന്ദരിയും പാട്ടുകാരിയുമായ അനിതയോട് ആ നാട്ടിലെ ധനാഢ്യനായ ഇലഞ്ഞിക്കൽ സഖറിയാസിന്റെ മകൻ റോയിക്ക് അനുരാഗം തോന്നി. റോയിയുടെ മാതാപിതാക്കൾ അവന്റെ നിർബന്ധത്തിനു വഴങ്ങി കല്യാണം നടത്തിക്കൊടുത്തു . ആദ്യരാത്രിയിൽ അനിതക്ക് മനസിലായി തന്റെ ഭർത്താവ് മദ്യത്തിന് അടിമയാണെന്ന് . അത് അവളെ തളർത്തി.
റോയിയുടെ അഭാവത്തിൽ അയാളുടെ പപ്പയും അമ്മയും അനിതയെ മാനസികമായി പീഡിപ്പിച്ചു. അനിത ഭർത്താവിനോട് തന്റെ ദുഃഖങ്ങൾ പറഞ്ഞു. അനിതയെ പീഡിപ്പിച്ചതിന്റെ പേരിൽ ഒരു രാത്രി മദ്യപിച്ചു വന്ന റോയി പപ്പയും അമ്മയുമായി വഴക്കിട്ടു . സഖറിയാസ് മകന്റെ കരണത്തടിച്ചു . കലിപൂണ്ട റോയി ആ രാത്രി തന്നെ ഭാര്യയെയും വിളിച്ചിറക്കി വീടുവിട്ടിറങ്ങി വാടകവീട്ടിൽ താമസമാക്കി . ഒരു ഇരുനില വീട് . മുകളിലത്തെ നിലയിൽ റോയിയും ഭാര്യയും . താഴെ വീട്ടുടമയായ ഹരികൃഷ്ണനും ഭാര്യ മിനിയും യു കെ ജിയിൽ പഠിക്കുന്ന മകൾ നീരജയും. ചെരിപ്പുകമ്പനിയിൽ ജോലിക്കെന്നു പറഞ്ഞു രാവിലെ പോകുന്ന റോയി നേരെ ചീട്ടുകളി കേന്ദ്രത്തിലേക്കാണ് പോകുന്നതെന്ന് ഹരിയിൽ നിന്ന് അനിത അറിഞ്ഞു. ഇതിന്റെ പേരിൽ റോയിയും അനിതയും തമ്മിൽ വഴക്കുണ്ടായി. ഇണക്കവും പിണക്കവുമായി അവരുടെ ജീവിതം മുന്പോട്ടുപോകുന്നതിനിടയിൽ അനിത ഗർഭിണിയായി. ചീട്ടുകളിയിൽ നഷ്ടം വന്നു സാമ്പത്തിക പ്രതിസന്ധിയിലായ റോയി ഗർഭഛിദ്രം നടത്താൻ അനിതയെ നിർബന്ധിച്ചു. അവൾ സമ്മതിച്ചില്ല. ഹരിയും അനിതയും തമ്മിൽ വഴിവിട്ട ബന്ധം ഉണ്ടോ എന്ന് സംശയിച്ചു റോയി ആ വീട് ഒഴിഞ്ഞു . വിജനമായ സ്ഥലത്തു ഒറ്റപ്പെട്ട ഒരു വീട്ടിലായിരുന്നു പിന്നീടുള്ള താമസം. ചീട്ടുകളി കേന്ദ്രത്തിന്റെ ഉടമയായ ഷമീർ റോയിയെ ചതിയിൽ വീഴ്ത്തി കള്ളനോട്ടുകച്ചവടത്തിൽ പങ്കാളിയാക്കി . കള്ളനോട്ടു കൊടുത്തതിനു തുണിക്കടയിൽ വച്ച് റോയിയെ പോലീസ് അറസ്റ്റുചെയ്തു .(തുടർന്ന് വായിക്കുക )

പോലീസ് സ്റ്റേഷനിൽ കൊണ്ടു വന്ന് റോയിയെ എസ്.ഐ. ചോദ്യം ചെയ്തു. ഒന്നും ഒളിച്ചുവയ്ക്കാതെ നടന്ന കാര്യങ്ങള്‍ റോയി തുറന്നു പറഞ്ഞു . ഷമീറാണു മുഖ്യപ്രതി എന്നറിഞ്ഞപ്പോൾ എസ്.ഐ. വിഷമവൃത്തത്തിലായി. ഷമീറിനെ എസ് ഐക്കറിയാം. അയാൾക്ക്‌ മാസാമാസം പണം കൊടുക്കുന്ന ക്രിമിനലാണ് ആ മനുഷ്യൻ .
റോയിയെ ലോക്കപ്പിലിട്ടിട്ട് എസ്.ഐ. ഷമീറിനെ ഫോണില്‍ വിളിച്ചു. ഷമീർ കുറ്റം നിഷേധിച്ചപ്പോൾ എസ്.ഐ. പറഞ്ഞു:
” താൻ നല്ലപിള്ള ചമയുകയൊന്നും വേണ്ട . തനിക്കിതില്‍ പങ്കുണ്ടെന്ന് എനിക്കറിയാം. എന്നുവച്ച് തന്നെ ഞാന്‍ പ്രതി ചേർത്ത് അകത്തു പിടിച്ചിടുവൊന്നുമില്ല. പൊന്‍മുട്ടയിടുന്ന താറാവിനെ ആരെങ്കിലും കൊല്ലുമോ? താനൊരു കാര്യം ചെയ്യ്. ഗോഡൗണില്‍ സാധനം ഒരുപാട് ഇരിപ്പുണ്ടെങ്കില്‍ എല്ലാം എടുത്തു മാറ്റിയിട്ട് പത്തോ പതിനായിരമോ അവിടെ വച്ചേക്ക് . കേസ് ഇവന്‍റെ തലേല്‍ കെട്ടിവച്ചു ഞാൻ തന്നെ രക്ഷപ്പെടുത്തിക്കൊള്ളാം .”
” സന്തോഷം സാർ ”
“ങ്ഹ പിന്നെ ഒരു കാര്യം. ഒരു പാലം ഇട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണം. അടുത്തമാസം എന്‍റെ മോളുടെ കല്യാണമാ. കാശിനിപ്പം ഇത്തിരി ടൈറ്റാ. വീട്ടില്‍ വന്നൊന്നു കാര്യമായിട്ട് കാണണം.”
“കാണാം സാര്‍. മാസാമാസം കാണുന്നുണ്ടല്ലോ?”
“അതു പോരാ. ഇതൊരു സ്പെഷ്യല്‍ കാഴ്ച. ഒരു വലിയ അപകടത്തിൽ നിന്നാ തന്നെ ഞാൻ ഇപ്പം രക്ഷിച്ചിരിക്കുന്നത് ”
” അറിയാം സാർ. ഞാൻ വന്നു വേണ്ട രീതിയിൽ കണ്ടോളാം ”
”ഓകെ. വൈകാതെ വരണം. ”
എസ്.ഐ. മേലുദ്യോഗസ്ഥരെ വിളിച്ചു വിവരം അറിയിച്ചു. സി ഐയുടെ നേതൃത്വത്തില്‍ റോയിയെ താമസസ്ഥലത്തു കൊണ്ടുവന്നു തെളിവെടുത്തു. 9600 രൂപയുടെ കള്ളനോട്ടുകള്‍ കൂടി മുറിയില്‍നിന്നു പോലീസ് കണ്ടെടുത്തു.
ഷമീറിനെ പ്രതിപട്ടികയിൽ ഉൾപ്പെടുത്താതെ റോയിയുടെ പേരില്‍ മാത്രം കേസ് രജിസ്റ്റര്‍ ചെയ്തിട്ടു പോലീസ് അയാളെ കോടതിയില്‍ ഹാജരാക്കി. കോടതി റോയിയെ പതിന്നാലു ദിവസത്തേക്കു റിമാന്‍ഡു ചെയ്തു.

*******

തുണിക്കടയിലെ സോഫയിൽ തളര്‍ന്നിരുന്നു പോയ അനിതയെ ജോലിക്കാരും കസ്റ്റമേഴ്‌സും സഹതാപത്തോടെ നോക്കി. അവള്‍ കുടിക്കാൻ വെള്ളം ചോദിച്ചപ്പോള്‍ ആരോ വെള്ളം കൊണ്ടുവന്നു കൊടുത്തു. വെള്ളം കുടിച്ചിട്ട് അവള്‍ ചുറ്റുപാടും കണ്ണോടിച്ചു. എല്ലാവരും തന്നെ നോക്കി നില്‍ക്കുകയാണ്.
കള്ളനോട്ടുകച്ചവടക്കാരന്‍റെ ഭാര്യയെ കാണാനുള്ള കൗതുകമാണ് എല്ലാ മുഖങ്ങളിലും !
ആരെയാണ് താൻ ഒന്നു സഹായത്തിനു വിളിക്കുക? റോയിയുടെ പപ്പയെ വിളിച്ചിട്ടു കാര്യമില്ല. പപ്പ വരില്ല. പിന്നെ മനസ്സില്‍ തെളിഞ്ഞത് മിനിയുടെ മുഖമാണ്. അവള്‍ മിനിയെ മൊബൈലില്‍ വിളിച്ചു.
അന്ന് നൈറ്റ് ഡ്യൂട്ടിയായിരുന്നതിനാല്‍ മിനി വീട്ടിലുണ്ടായിരുന്നു.
സംഭവം കേട്ടപ്പോള്‍ മിനി അമ്പരന്നു. അവള്‍ അപ്പോഴേ ഹരിയെ വിളിച്ചു കാര്യം പറഞ്ഞു. ഹരിയുടെ നിര്‍ദ്ദേശാനുസരണം മിനി ഒരു ഓട്ടോയിൽ തുണിക്കടയില്‍ ചെന്ന് അനിതയെ കൂട്ടിക്കൊണ്ടു നേരെ വീട്ടിലേക്കു പോന്നു.
കള്ളനോട്ടു കേസില്‍ റോയിയെ അറസ്റ്റു ചെയ്ത വാര്‍ത്ത ടീവിയില്‍ ന്യുസായി വന്നു. പോലീസ്‌റ്റേഷനിൽ മുഖം കുമ്പിട്ടു നല്കുന്ന റോയിയുടെ വിഷ്വൽസ് കണ്ടപ്പോൾ ബോധം മറയുന്നതുപോലെ തോന്നി അനിതക്ക്.
കിടക്കയില്‍ വന്നു കിടന്ന് അനിത ഏങ്ങലടിച്ചു. നാടുമുഴുവൻ സംഭവം അറിഞ്ഞിരിക്കുന്നു. വികാരി അച്ചനും സിസ്റ്റേഴ്‌സുമൊക്കെ ഇത് കണ്ടു കാണില്ലേ? താനും അറിഞ്ഞുകൊണ്ടാണ് ഇതൊക്കെ ചെയ്തതെന്ന് അവർ വിചാരിക്കില്ലേ? പപ്പക്കും അമ്മയ്ക്കും എന്നോടുള്ള ദേഷ്യം പതിന്മടങ്ങായിക്കാണും !
എന്തൊരു വിധിയാണ് കര്ത്താവേ അങ്ങ് എനിക്ക് തന്നിരിക്കുന്നത് ! അവൾ പിറുപിറുത്തു.
മിനിയുടെ ആശ്വാസവാക്കുകളൊന്നും അവളുടെ ഹൃദയത്തെ തണുപ്പിച്ചില്ല.
ബാങ്കില്‍ നിന്ന് ഹരികൃഷ്ണന്‍ നേരത്തേ വന്നു. അനിതയില്‍ നിന്നു ഫോൺ നമ്പർ വാങ്ങിയിട്ട് ഹരി സഖറിയാസിന്‍റെ നമ്പര്‍ ഡയല്‍ ചെയ്തു. ഫോണ്‍ സ്വിച്ചോഫ്. മേരിക്കുട്ടിയെയും ജിഷയെയും വിളിച്ചെങ്കിലും രണ്ടും സ്വിച്ചോഫ് ആയിരുന്നു.
”അവര് മനപൂർവ്വം ഓഫ് ചെയ്തു വച്ചിരിക്കുന്നതാവും ” മിനി പറഞ്ഞു.
“ഒരു കാര്യം ചെയ്യാം. നാളെ നമുക്ക് അനിതയെയും കൂട്ടി അങ്ങോട്ടു പോകാം. ഇപ്പം സംഭവം അവരറിഞ്ഞിട്ടുണ്ടാവും.” ”അവിടെ ചെന്നാലും പപ്പ സ്വീകരിക്കുമെന്ന് തോന്നുന്നില്ല” -അനിത പറഞ്ഞു. ”എന്തായാലും നമുക്ക് ഒന്ന് ചെന്നു നോക്കാം . സ്വീകരിച്ചില്ലെങ്കിൽ ബാക്കി എന്താണ് വച്ചാൽ നമുക്ക് ചെയ്യാം ” ഹരി പറഞ്ഞു.
”ഉം” മിനി തലയാട്ടി.
അന്ന് ഹരിയുടെ വീട്ടില്‍ അന്തിയുറങ്ങി അനിത.
അടുത്തദിവസം ഹരിയും മിനിയും അനിതയെയും കൂട്ടി കാറില്‍ ഇലഞ്ഞിക്കല്‍ തറവാട്ടിലേക്കു പുറപ്പെട്ടു. വീടിന്റെ മുന്‍പിലെത്തിയപ്പോള്‍ കണ്ടു; ഗേറ്റു പൂട്ടിക്കിടക്കുന്നു. ഹരി പലപ്രാവശ്യം ഹോണ്‍ മുഴക്കി. ഹോണ്‍ ശബ്ദം കേട്ടിട്ടാവണം വീടിന്‍റെ പിന്നാമ്പുറത്തുനിന്ന് ഒരു മദ്ധ്യവയസ്കന്‍ ഗേറ്റിനരികിലേക്കു നടന്നു വന്നു. ഹരി കാറില്‍നിന്നിറങ്ങി അയാളുടെ അടുത്തേക്കു ചെന്നിട്ടു പറഞ്ഞു:
“സഖറിയാസുചേട്ടനെ കാണാന്‍ വന്നതാ.”
“അയ്യോ അവരിവിടെനിന്നു താമസം മാറ്റീട്ടു കുറെ നാളായല്ലോ. ഇപ്പം കാഞ്ഞിരപ്പള്ളീലുള്ള എസ്റ്റേറ്റുബംഗ്ലാവിലാ.”
“അപ്പം ഇവിടെ…?”
“ഇവിടാരുമില്ല. ഇതു വില്‍ക്കാനിട്ടിരിക്കുവാ. നിങ്ങളു വീടു നോക്കാന്‍ വന്നതാണോ?”
“അല്ല.”
ഹരി കൂടുതലൊന്നും ചോദിച്ചില്ല. തിരിച്ചു കാറില്‍ വന്നിരുന്നിട്ട് അനിതയോടു വിവരം പറഞ്ഞു.
“എന്നെ ആ കോണ്‍വെന്‍റില്‍ കൊണ്ടാക്കിയാല്‍ മതി. ഞാൻ അവിടെ താമസിച്ചോളാം ”
ഇടറിയ സ്വരത്തില്‍ അനിത പറഞ്ഞു.
ഹരി കാർ റിവേഴ്സെടുത്തിട്ടു നേരേ കോണ്‍വന്‍റിലേക്കു വിട്ടു. ഗേറ്റു കടന്ന് കോണ്‍വെന്‍റിന്‍റെ മുറ്റത്തു കാറു നിന്നു. അനിതയോടു കാറില്‍ത്തന്നെ ഇരുന്നുകൊള്ളാന്‍ പറഞ്ഞിട്ട് ഹരിയും മിനിയും പുറത്തേക്കിറങ്ങി.
കാറിന്‍റെ ശബ്ദം കേട്ടിട്ടാവണം ഒരു കന്യാസ്ത്രീ വാതിൽ തുറന്നു പുറത്തേക്കിറങ്ങി വന്നു. മദറിനെ കാണാന്‍ വന്നതാണെന്നു പറഞ്ഞപ്പോള്‍ കന്യാസ്ത്രീ അകത്തേക്കു കയറിപ്പോയി. അല്പനേരം കഴിഞ്ഞപ്പോള്‍ മദര്‍ സുപ്പീരിയര്‍ പൂമുഖത്തേക്കു വന്നു.
ഹരി ആഗമനോദ്ദേശ്യം വെളിപ്പെടുത്തി. എല്ലാം കേട്ടശേഷം മദര്‍ പറഞ്ഞു:
“ഇന്നത്തെ പത്രത്തില്‍ വാര്‍ത്ത കണ്ടു. ഇവിടുണ്ടായിരുന്ന ഒരു കൊച്ചാ അതിന്റെ കെട്ടിയോളെന്നു ചില സിസ്റ്റേഴ്സ് എന്നോടു പറഞ്ഞു. എനിക്കാ പെണ്ണിനെ പരിചയമില്ല. കഴിഞ്ഞ ആഴ്ചയാ ഞാനിങ്ങോട്ടു സ്ഥലം മാറി വന്നത്. പഴേ മദറു വേറൊരു മഠത്തിലേക്ക് പോയി. നിങ്ങളൊരു കാര്യം ചെയ്യ്. അവളെ കാഞ്ഞിരപ്പള്ളീല്‍ കൊണ്ടുപോയി അവളുടെ ഭര്‍ത്താവിന്‍റെ വീട്ടിലാക്ക്. ഗര്‍ഭിണിയായിരിക്കുന്ന ഈ അവസ്ഥേല്‍ അവളവിടെ താമസിക്കുന്നതാ നല്ലത്.”
“അതു ശരിയാ. പക്ഷേ ഞാന്‍ പറഞ്ഞല്ലോ, അവരുമായി അത്ര ഇഷ്ടത്തിലല്ല. കുറേക്കാലമായി പിണങ്ങി വേറെ താമസിക്കുവായിരുന്നു.”
“അതിനിപ്പം ഞാനെന്തു ചെയ്യാനാ? അവരു സ്വീകരിച്ചില്ലെങ്കില്‍ നിങ്ങള് പോലീസ്‌റ്റേഷനിൽ കൊണ്ടുപോയി ഏൽപ്പിക്ക് . അവരെന്തെങ്കിലും വഴി കണ്ടോളും . “
“അല്ല, കുറച്ചു ദിവസം ഇവിടെ.”
“ഇവിടെ പറ്റില്ലാന്നു പറഞ്ഞല്ലോ. അപ്പനേം അമ്മേം തെറിപറഞ്ഞു ഇറങ്ങിപ്പോയപ്പം ഓർക്കണമായിരുന്നു . അനുഭവിക്കട്ടെ . കണ്ട കള്ളന്മാരുടെയും കൊള്ളക്കാരുടെയുമൊക്കെ ഭാര്യമാരെ നോക്കുന്ന സ്ഥലമല്ല ഇത് . ആ പെണ്ണു കാരണം ഈ ഓര്‍ഫനേജിനുകൂടി പേരുദോഷമായി.”
കൂടുതല്‍ സംസാരിക്കാന്‍ അവസരം കൊടുക്കാതെ മദര്‍ വെട്ടി തിരിഞ്ഞു മുറിയിലേക്കു കയറി വാതിൽ കൊട്ടി അടച്ചു .
മിനിയും ഹരിയും പരസ്പരം നോക്കി. ഇനി എന്തു ചെയ്യും?
“നേരേ കാഞ്ഞിരപ്പള്ളിക്കു പോയാലോ?”
മിനി ചോദിച്ചു.
“അവരു സ്വീകരിച്ചില്ലെങ്കിലോ?”
“ഇല്ലെങ്കില്‍ നമ്മുടെ വീട്ടില്‍ കൊണ്ടെ താമസിപ്പിക്കാം! ഗര്‍ഭിണിയായ പെണ്ണല്ലേ; വഴീല്‍ ഉപേക്ഷിച്ചു കളയാൻ പറ്റില്ലല്ലോ.”
തിരിച്ചു കാറില്‍ വന്നു കയറിയിട്ട് മിനി അനിതയോടു പറഞ്ഞു:
“പഴയ മദറു സ്ഥലം മാറിപ്പോയി. പുതിയ മദറിനു നിന്നെ അറിയില്ലാത്തതുകൊണ്ടു താമസിപ്പിക്കാന്‍ ഒരു മടി. നീ പേടിക്കണ്ട. നമുക്കു കാഞ്ഞിരപ്പള്ളിക്കു പോകാം.”
“പപ്പ സ്വീകരിക്കുമെന്നു തോന്നുന്നില്ല.”
“സ്വീകരിച്ചില്ലെങ്കില്‍ ഞങ്ങടെ വീട്ടില്‍ താമസിക്കാം നിനക്ക് . സമാധാനമായിട്ടിരിക്ക്‌ ”
മിനി ആശ്വസിപ്പിച്ചു.
കാർ ‍ നേരേ കാഞ്ഞിരപ്പള്ളിയിലേക്കു പുറപ്പെട്ടു. ഏറെ നേരത്തെ യാത്രക്കു ശേഷം എസ്റ്റേറ്റു റോഡിലേക്കു കയറിയിട്ട് ബംഗ്ലാവിനെ ലക്ഷ്യമാക്കി അതു നീങ്ങി.
വീടിന്‍റെ മുറ്റത്ത് കാര്‍ വന്നു നിന്നു. അനിതയെയും മിനിയെയും കാറില്‍ ഇരുത്തിയിട്ട് ഹരി ഇറങ്ങിച്ചെന്നു കാളിംഗ് ബെല്ലിന്റെ സ്വിച്ചിൽ വിരൽ അമര്‍ത്തി.
വാതില്‍ തുറന്നതു മേരിക്കുട്ടിയായിരുന്നു . അവര്‍ മനസിലാകാത്ത ഭാവത്തിൽ നോക്കിയപ്പോള്‍ ഹരി കാര്യങ്ങള്‍ വിശദീകരിച്ചു.
“എനിക്കു കാണണ്ട അവളെ.” മേരിക്കുട്ടി തീർത്തു പറഞ്ഞു : “എന്‍റെ കുഞ്ഞിനെ കൊണ്ടുപോയി കൊലയ്ക്കുകൊടുത്ത യക്ഷിയാ. എനിക്ക് അവളെ ഇനി വേണ്ട .”
“എന്തായാലും നിങ്ങടെ മോന്റെ ഭാര്യയല്ലേ അവള് ? ആറുമാസം ഗര്‍ഭിണിയാ ആ പെണ്ണ്. നിങ്ങടെ മകന്‍റെ കുഞ്ഞാ അവളുടെ വയറ്റില്‍. നിങ്ങള്‍ ഒരമ്മയല്ലേ? ഒന്ന് ആലോചിച്ചുനോക്ക്. ഒരഗതിമന്ദിരത്തില്‍ കിടന്നു പ്രസവിക്കണോ അവൾ ആ കുഞ്ഞിനെ?”
മേരിക്കുട്ടി സന്ദേഹത്തോടെ നില്‍ക്കുമ്പോള്‍ ഹരി തുടര്‍ന്നു:
“നിങ്ങളു സ്വീകരിക്കില്ലെങ്കില്‍ ഞങ്ങളവളെ പോലീസ് സ്റ്റേ ഷനില്‍ കൊണ്ടാക്കീട്ടു പോകും. അവരവളെ എന്തു ചെയ്യുമെന്ന് ആര്‍ക്കറിയാം. നമ്മുടെ പോലീസുകാരല്ലേ; ആരോരുമില്ലാത്ത ഒരു പെണ്ണിനെ കിട്ടിയാല്‍ വെറുതെ വിടുമോ? റോയി പുറത്തിറങ്ങുമ്പം അവന്‍റെ ഭാര്യയ്ക്കെന്തെങ്കിലും സംഭവിച്ചുന്നറിഞ്ഞാല്‍ അവന്‍ സഹിക്കുമോ? അനിത ഇവിടെ ഉണ്ടെന്നറിഞ്ഞാല്‍ അവനു സന്തോഷമാകും. നിങ്ങളോടുള്ള ദേഷ്യവും വാശിയും മാറുകേം ചെയ്യും. മകനെ തിരിച്ചു കിട്ടണമെന്നല്ലേ നിങ്ങൾ ആഗ്രഹിക്കുന്നത്? ഇത് പറ്റിയ അവസരമാ. അത് കളഞ്ഞു കുളിക്കരുത് ”
മേരിക്കുട്ടി ധര്‍മ്മസങ്കടത്തിലായി. ഹരി പറഞ്ഞതില്‍ കാര്യമുണ്ടെന്ന് അവര്‍ക്കു തോന്നി. പക്ഷേ, പപ്പ സമ്മതിക്കില്ലെന്ന് അവര്‍ക്കറിയാം.
“അവന്‍റെ പപ്പ ഇപ്പം ഇവിടില്ല. അവളെ ഇവിടെ താമസിപ്പിക്കുന്നത് പപ്പയ്ക്കിഷ്ടമാവില്ല. പത്രത്തില്‍ വാര്‍ത്ത വായിച്ചപ്പം മുതല് ഭയങ്കര ചൂടിലാ പപ്പ. “
“പപ്പയോടു കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കണം. മകനെ തിരിച്ചുകിട്ടാനുള്ള ഏറ്റവും നല്ല അവസരമാ ഇത്.”
“പപ്പ ഭയങ്കര വാശിക്കാരനാ.”
മേരിക്കുട്ടി നിസ്സഹായാവസ്ഥ പ്രകടിപ്പിച്ചു.
“ഒരു കാര്യം ചെയ്യ്. മകളായിട്ടു സ്വീകരിക്കണ്ട. ഒരു വേലക്കാരിയായിക്കണ്ട് അവളെ ഇവിടെ താമസിപ്പിച്ചൂടേ? കിടക്കാന്‍ ഒരു പായും വിശപ്പകറ്റാന്‍ ഇത്തിരി കഞ്ഞീം കൊടുത്താല്‍ മതി.”
മറുപടി പറയാന്‍ മേരിക്കുട്ടിക്കു കഴിഞ്ഞില്ല. അവരുടെ നിസ്സഹായാവസ്ഥ ഹരിക്കു മനസ്സിലായി.
“നിങ്ങള്‍ ഒരു ഭാര്യയല്ലേ? ഭര്‍ത്താവിനെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തണം. ഒരു പക്ഷേ എല്ലാം കലങ്ങിത്തെളിയാന്‍ വേണ്ടി ദൈവം സൃഷ്ടിച്ച ഒരു സിറ്റ്വേഷന്‍ ആയിരിക്കാം ഇതൊക്കെ.”
അവരുടെ മനസുമാറ്റാൻ ഹരി പിന്നെയും ഓരോന്നു പറഞ്ഞുകൊണ്ടിരുന്നു. ഒടുവില്‍ മേരിക്കുട്ടി സമ്മതം മൂളി.
ഹരി വന്നു കാറില്‍നിന്ന് അനിതയെ വിളിച്ചിറക്കി. പിന്നാലെ മിനിയും ഇറങ്ങി. മൂന്നുപേരും മേരിക്കുട്ടിയുടെ അടുത്തേക്കു ചെന്നു. അനിതയുടെ മുഖത്തേക്കു നോക്കാന്‍ പോലും കൂട്ടാക്കിയില്ല മേരിക്കുട്ടി.
“ഞങ്ങൾക്കറിയാവുന്നിടത്തോളം ഇവളൊരു മാലാഖക്കുട്ടിയാ. കുറച്ചുകഴിയുമ്പം നിങ്ങൾക്കത് മനസിലാകും. “
പിന്നെ ഒന്നും ചോദിക്കാനും പറയാനും നില്‍ക്കാതെ ഹരിയും മിനിയും മൗനമായി അനിതയോടു യാത്ര ചോദിച്ചു . എന്നിട്ടു തിരിച്ചു വന്നു കാറില്‍ കയറി ഡോർ അടച്ചു. കാര്‍ റിവേഴ്സെടുത്ത്, വന്നവഴിയെ തിരിച്ചുപോയി.
( തുടരും. അടുത്തഭാഗം നാളെ )
രചന : ഇഗ്‌നേഷ്യസ് കലയന്താനി copyright reserved

Also Read അവൾ അനാഥയല്ല- നോവൽ- അദ്ധ്യായം 1

Also Read അവൾ അനാഥയല്ല – നോവൽ – അദ്ധ്യായം 2

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 3

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 4

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 5

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 6

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 7

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 8

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 9

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 10

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 11

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 12

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 13

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 14

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 15

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here