കഥ ഇതുവരെ-
കന്യാസ്ത്രീകൾ നടത്തുന്ന അനാഥാലയത്തിൽ വളർന്ന , സുന്ദരിയും പാട്ടുകാരിയുമായ അനിതയോട് ആ നാട്ടിലെ ധനാഢ്യനായ ഇലഞ്ഞിക്കൽ സഖറിയാസിന്റെ മകൻ റോയിക്ക് പ്രണയം തോന്നി. റോയിയുടെ മാതാപിതാക്കൾ ആദ്യം എതിർത്തെങ്കിലും അവന്റെ നിർബന്ധത്തിനു വഴങ്ങി കല്യാണം ആലോചിച്ചു. അനിതക്കും റോയിയെ ഇഷ്ടമായി . മനസമ്മതം കഴിഞ്ഞു വിവാഹവസ്ത്രങ്ങൾ വാങ്ങിക്കൊണ്ടു വരുന്നതിനിടയിൽ റോയിയും അനിതയും സഞ്ചരിച്ചകാർ അപകടത്തിൽപെട്ടു. ആർക്കും ഗുരുതരമായ പരിക്കുണ്ടായില്ലെങ്കിലും അനിത ശാപം കിട്ടിയ പെണ്ണാണെന്ന് റോയിയുടെ മാതാപിതാക്കൾ വിധിയെഴുതി. ആ വിവാഹം ഒഴിവാക്കാൻ അവർ ശ്രമിച്ചെങ്കിലും നടന്നില്ല . റോയിയുടെ നിർബന്ധം മൂലം വിവാഹം നടന്നു. ആദ്യരാത്രിയിൽ അനിതക്ക് മനസിലായി തന്റെ ഭർത്താവ് മദ്യത്തിന് അടിമയാണെന്ന് . അത് അവളെ തളർത്തി. ലയൺസ് ക്ലബ് ഹാളിൽ നവദമ്പതികൾക്ക് സുഹൃത്തുക്കൾ ഒരുക്കിയ സ്വീകരണ സൽക്കാരത്തിൽ പെപ്സിയാണെന്ന് തെറ്റിദ്ധരിപ്പിച്ചു മദ്യം ചേർത്ത സോഫ്റ്ഡ്രിങ്ക് റോയി അവൾക്കു കുടിക്കാൻ കൊടുത്തു. (തുടർന്ന് വായിക്കുക )
അല്പനേരം കഴിഞ്ഞപ്പോൾ തലയ്ക്കു ഒരു പെരുപ്പ് അനുഭവപ്പെട്ടു അനിതയ്ക്ക്.
ഹാൾ കറങ്ങുന്നതുപോലൊരു തോന്നൽ .
“സത്യം പറ. പെപ്സിയാണോ റോയിച്ചൻ കൊണ്ടു തന്നത്?” അവൾ ചോദിച്ചു.
“എങ്ങനുണ്ട് സാധനം? ഇപ്പം നല്ല ഉന്മേഷം തോന്നുന്നില്ലേ?”
“ഉന്മേഷം ! കുന്തം. ! എനിക്കു നേരേ നിൽക്കാൻ പറ്റുന്നില്ല. വാ , നമുക്കിപ്പത്തന്നെ വീട്ടിലേക്ക് പോകാം.”
“ഫുഡ് കഴിക്കാത്തതുകൊണ്ടുള്ള പ്രശ്നമാ. വാ… നമുക്കു ഫുഡ് കഴിക്കാം.”
അനിതയെ വിളിച്ചു കൊണ്ടു റോയി ഫുഡ് കൗണ്ടറിനടുത്തേക്ക് നടന്നു.
രണ്ടു ചപ്പാത്തിയും ഇത്തിരി ചിക്കൻകറിയും മാത്രമേ അനിത കഴിച്ചുള്ളൂ. എത്രയും വേഗം സ്ഥലം വിടണമെന്നായിരുന്നു ചിന്ത. ശരീരത്തിനാകെ തളർച്ച!
റോയി വീണ്ടും വീണ്ടും മദ്യം പകർന്നു കഴിക്കുന്നതു കണ്ടപ്പോൾ അനിതയ്ക്കു സങ്കടവും ദേഷ്യവും വന്നു.
“മതി റോയിച്ചാ…,നമുക്കു പോകാം.”
അവൾ തിടുക്കം കൂട്ടി.
” നിനക്കിതൊന്നും ആസ്വദിക്കാൻ പറ്റുന്നില്ലെങ്കിൽ നീയവിടെപ്പോയി സ്വസ്ഥമായിട്ടിരുന്നോ. പോകാറാവുമ്പം ഞാൻ വന്നു വിളിച്ചേക്കാം.” തെല്ലു നീരസത്തോടെയാണ് റോയി അങ്ങനെ പറഞ്ഞത് .
അനിതക്ക് സങ്കടം വന്നു. ആളൊഴിഞ്ഞ കോണിൽ ഒരു കസേരയില്‍ വന്ന് അവളിരുന്നു. തലക്കുള്ളിലെ പെരുപ്പ് കൂടിവരികയാണെന്നു തോന്നിയപ്പോൾ കൈകളിലേക്ക് ശിരസു ചായ്‌ച്ചു കീഴ്പോട്ടു നോക്കിയിരുന്നു.
മദ്യം തലയ്ക്കുപിടിച്ച ചില ശൃംഗാരവേലന്മാർ അവളുടെ അടുത്തു വന്നിരുന്നു കുശലാന്വേഷണം തുടങ്ങി. സംഗതി പന്തിയല്ലെന്നു കണ്ടപ്പോൾ അവൾ എണീറ്റു മറ്റൊരു സ്ഥലത്തേക്കു മാറിയിരുന്നു. ആട്ടവും പാട്ടുമായി രംഗം കൂടുതൽ കൊഴുത്തു. ഒളിയും മറയുമില്ലാതെ സ്ത്രീകളും മദ്യം കഴിക്കുന്നതു കണ്ടപ്പോൾ അനിത അതിശയത്തോടെ നോക്കിയിരുന്നുപോയി! ഇതാണോ ന്യൂജൻ പെണ്ണുങ്ങൾ ?
രാത്രി ഒമ്പതുമണിയായിട്ടും ആഘോഷം തുടരുകയാണ്. ചില സ്ത്രീകൾ ഭർത്താവിനെയും വിളിച്ചുകൊണ്ടു പുറത്തേക്കിറങ്ങിപ്പോകുന്നതു കണ്ടപ്പോൾ അനിത എണീറ്റ് റോയിയുടെ അടുത്തേക്ക് ചെന്നു.
“നേരം ഒരുപാടായി. ഇനി പോകാം റോയിച്ചാ…” അനിത തിടുക്കം കൂട്ടി.
ഒരു പെഗുകൂടി അകത്താക്കിയിട്ട്, സുഹൃത്തുക്കളോടു യാത്ര പറഞ്ഞു റോയി ഭാര്യയെയും വിളിച്ചുകൊണ്ടു പുറത്തേക്കിറങ്ങി.
“കാറോടിക്കാന്‍ പറ്റുമോ റോയിച്ചാ?”
അനിത ചോദിച്ചു.
“അതെന്താ എന്‍റെ കൈ രണ്ടും തളര്‍ന്നുപോയോ?”
“അല്ല, പോലീസു വല്ലോം കൈകാണിച്ചാല്‍?”
“പോലീസു കൈകാണിച്ചാല്‍ കാശുകൊടുത്ത് ഊരിപ്പോരും. നീ കേറ്.”
അനിത കാറില്‍ കയറി ഇരുന്നു. ഡ്രൈവര്‍ സീറ്റില്‍ റോയിയും.
കാർ മുൻപോട്ടുരുണ്ടു .
വണ്ടിയുടെ സ്പീഡു കൂടിയപ്പോള്‍ അനിത പറഞ്ഞു:
“പതിയെപ്പോയാ മതി റോയിച്ചാ…”
“ഇയാൾക്കു പേടിയാകുന്നുണ്ടോ?”
“ഉം.”
“നീ കുറച്ചുകൂടിയൊക്കെ സ്മാര്‍ട്ടാകണം കേട്ടോ! എല്ലാരും അവിടെ അടിച്ചുപൊളിക്കുമ്പോൾ നീയൊരു മൂലയില്‍ പോയി താടിക്കു കൈയും കൊടുത്തു ചത്തവീട്ടില്‍ കുത്തിരിയിക്കുന്നതുപോലെ ഇരിക്കുവല്ലായിരുന്നോ . സത്യം പറഞ്ഞാൽ അത് കണ്ടപ്പം എനിക്ക് ദേഷ്യം തോന്നി. ”
“എന്നെ പെണ്ണ് കാണാന്‍ വന്നപ്പഴേ ഞാന്‍ പറഞ്ഞതല്ലായിരുന്നോ മോഡേണ്‍ രീതികളൊന്നും എനിക്കറിഞ്ഞൂടാന്ന്? കള്ളുകുടിച്ചു കൂത്താടാനൊന്നും എനിക്കറിഞ്ഞൂട റോയിച്ചാ.”
അനിതയ്ക്കു സങ്കടം അണപൊട്ടി.
“വെള്ളമടിച്ചു ഫിറ്റായപ്പം ഒരുത്തൻ എന്നോടു പറയുവാ, എനിക്കു ചേരുന്ന പെണ്ണേയല്ല നീയെന്ന്. ” റോയി പറഞ്ഞു.
” റോയിച്ചന് അങ്ങനെ തോന്നുന്നുണ്ടോ ?”
“എനിക്കിഷ്ടായതുകൊണ്ടല്ലേ നിന്നെ കെട്ടീത്”
“മദ്യം വിളമ്പുന്ന പാര്‍ട്ടിയാന്നറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ വരില്ലായിരുന്നു. വെള്ളമടിച്ചു പൂസായാല്‍ മനുഷ്യന്‍ പിശാചായി മാറുകല്ലേ. റോയിച്ചന്‍ കണ്ടായിരുന്നോ ഒരു പൂവാലന്‍ എന്‍റടുത്തു വന്നിരുന്നു ശൃംഗരിക്കാന്‍ നോക്കീത്? ഞാന്‍ രൂക്ഷമായി ഒന്നു നോക്കിയപ്പം അവന്‍ എണീറ്റുപോയി.”
“ഇനി ഒരു സ്ഥലത്തും നിന്നെ കൊണ്ടുപോകില്ല. വീട്ടിലിരുന്നോ, പ്രാര്‍ത്ഥനയും ഭക്തിഗാനവുമായിട്ട്.”
“ഇപ്പം സംസാരിക്കുന്നത് റോയിച്ചനല്ല. വയറ്റില്‍ കിടക്കുന്ന മദ്യമാ. ആ പിശാച് ഇറങ്ങിപ്പോയിട്ട് നമുക്കിനി സംസാരിക്കാം.”
തന്‍റെ സ്വപ്നങ്ങളും പ്രതീക്ഷകളും തകര്‍ന്നുവീഴുകയാണോ എന്ന് അനിത ഭയപ്പെട്ടു. അവളുടെ തേങ്ങല്‍ കേട്ടപ്പോള്‍ റോയി പറഞ്ഞു:
“കരയാന്‍ മാത്രം ഇപ്പം എന്താ ഉണ്ടായേ? എനിക്കിയാളോട് ഇഷ്ടക്കുറവൊന്നുമില്ല.”
“ഇഷ്ടമല്ല എനിക്കുവേണ്ടത്. സ്നേഹമാണ്. ഇരുപത്തിമൂന്നു വര്‍ഷം സ്വന്തക്കാരുടെയോ ബന്ധുക്കളുടെയോ സ്നേഹം അനുഭവിക്കാതെ വളര്‍ന്ന പെണ്ണാ ഞാന്‍. റോയിച്ചന്‍ അതു മനസ്സിലാക്കണം.”
അനിതയ്ക്കു ദുഃഖം അണപൊട്ടി. മിഴിനീർ കുടുകുടെ ഒഴുകി
റോയി ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ദുഃഖം നിയന്ത്രിക്കാനായില്ല അവള്‍ക്ക്.
കാർ വളഞ്ഞും പുളഞ്ഞുമാണ് പോകുന്നതെന്നു കണ്ടപ്പോള്‍ അനിത പറഞ്ഞു:
“പതിയെപ്പോയാ മതി റോയിച്ചാ.”
അതു കേട്ടപ്പോള്‍ റോയിക്കു വാശി കൂടി.
അയാള്‍ ആക്സിലേറ്ററില്‍ കുറച്ചുകൂടി അമര്‍ത്തിച്ചവിട്ടി.
“ചാകാനുള്ള പോക്കാണോ?”
അനിത അങ്ങനെ ചോദിച്ചതും അടുത്തനിമിഷം കാർ ഒരു ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു. പോസ്റ്റ് ഒടിഞ്ഞു കാറിനു മുകളിലേക്കു വീണു.
ശബ്ദം കേട്ട് ആളുകള്‍ ഓടിക്കൂടി. വൈദ്യുതി ബന്ധം നിലച്ചതിനാല്‍ വലിയ അപകടം ഒഴിവായി.
നാട്ടുകാര്‍ രണ്ടുപേരെയും മറ്റൊരു കാറില്‍ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചു.
രണ്ടുപേര്‍ക്കും ഗുരുതരമായ പരിക്കുണ്ടായിരുന്നില്ല. റോയിയുടെ ഇടതുകൈയ്ക്കു ചെറിയൊരു ഫ്രാക്ചര്‍. കുറച്ചു ദിവസം ആശുപത്രിയില്‍ കിടക്കണം. അനിതയ്ക്ക് അവിടവിടെ ചെറിയ മുറിവും ചതവും മാത്രം.
സംഭവമറിഞ്ഞു സഖറിയാസും മേരിക്കുട്ടിയും ജിഷയും ആശുപത്രിയില്‍ പാഞ്ഞെത്തി. രണ്ടുപേരും മദ്യം കഴിച്ചിരുന്നു എന്നു ഡോക്ടര്‍ പറഞ്ഞപ്പോള്‍ സഖറിയാസും മേരിക്കുട്ടിയും മുഖത്തോടുമുഖംനോക്കി കണ്ണു മിഴിച്ചുനിന്നുപോയി.
അടുത്ത ദിവസം ഉച്ചയായപ്പോള്‍ അനിതയെ ഡിസ്ചാര്‍ജു ചെയ്തു. സഖറിയാസിന്‍റെയും മേരിക്കുട്ടിയുടെയും കൂടെയാണ് അവള്‍ കാറില്‍ വീട്ടിലേക്കു പോന്നത്.
“നീയും കുടിച്ചൂന്നു കേട്ടപ്പം എന്റെ ചങ്കു തകര്‍ന്നുപോയി മോളേ.” മേരിക്കുട്ടി പറഞ്ഞു.
നടന്ന സംഭവങ്ങളൊക്കെ അവൾ തുറന്നുപറഞ്ഞിട്ടും അവര്‍ വിശ്വസിച്ചില്ല.
“എന്തായാലും ഇലഞ്ഞിക്കല്‍ തറവാടിന് വല്യനാണക്കേടായിപ്പോയി. നിന്നെ കല്യാണം ആലോചിച്ചതിനുശേഷം ഇതിപ്പം രണ്ടാമത്തെ അപകടമല്ലേ.”
വീട്ടിലെത്തുന്നതുവരെ ഓരോന്നു പറഞ്ഞ് അനിതയെ വേദനിപ്പിച്ചുകൊണ്ടിരുന്നു ഇരുവരും.
വീട്ടിലെത്തിയതും അവള്‍ മുറിയില്‍ കയറി കതകടച്ചിട്ട് കിടക്കയിലേക്ക് ഒറ്റവീഴ്ചയായിരുന്നു. തലയണയില്‍ കെട്ടിപ്പിടിച്ച് ഏങ്ങിയേങ്ങി കരഞ്ഞു.
വേണ്ടായിരുന്നു ഈ കല്യാണം. മദ്യത്തിനടിമയായ ഒരു പുരുഷനൊടോപ്പം എങ്ങനെ ജീവിക്കും? പപ്പയ്ക്കും അമ്മയ്ക്കും ഇനി തന്നോടു വെറുപ്പായിരിക്കില്ലേ?
ഏറെനേരം അവള്‍ കരഞ്ഞു. ആരും അന്വേഷിക്കാനോ അവളുടെ ക്ഷേമം തിരക്കാനോ അങ്ങോട്ടു വന്നില്ല.
രാത്രി അത്താഴം കഴിക്കാന്‍ വേലക്കാരിയാണു വന്നുവിളിച്ചത്. അനിത ഡൈനിംഗ് റൂമിലേക്കു ചെന്നപ്പോള്‍ മേരിക്കുട്ടിയും സഖറിയാസും ജിഷയും ഭക്ഷണം കഴിച്ചു എണീറ്റ് പോയിരുന്നു. മൂന്നുപേരും അവളോട് ഒന്നും മിണ്ടിയില്ല.
വിശപ്പുണ്ടായിരുന്നിട്ടും ഒന്നും കഴിക്കാന്‍ തോന്നിയില്ല അവള്‍ക്ക്. ഒരു ചപ്പാത്തിയും അല്പം വെജിറ്റബിള്‍ കറിയും മാത്രം കഴിച്ചിട്ട് അവള്‍ എണീറ്റു കൈകഴുകി. ആരോടും ഒന്നും പറയാതെ അവള്‍ വേഗം പടികള്‍ കയറി റൂമിലേക്കു പോയി. കട്ടിലിലേക്കു തളര്‍ന്നുവീണ് പിന്നെയും വിതുമ്പിക്കരഞ്ഞു.
ആരോടാണു തന്‍റെ വേദനകളും വിഷമങ്ങളും ഒന്നു പറയുക? തനിക്കു പപ്പയും അമ്മയും ഉണ്ടായിരുന്നെങ്കില്‍ ഒന്നാശ്വസിപ്പിക്കുകയെങ്കിലും ചെയ്തേനെ.
റോയി മൊബൈലില്‍ വിളിക്കുമെന്ന് അവള്‍ പ്രതീക്ഷിച്ചു. പക്ഷേ, വിളിച്ചില്ല. റോയിച്ചനും തന്നോടു ദേഷ്യമായിരിക്കുമോ?
കര്‍ത്താവിന്‍റെ തിരുസ്വരൂപത്തിനു മുമ്പില്‍ കണ്ണടച്ച് കൈകൂപ്പിനിന്ന് അവള്‍ പ്രാര്‍ത്ഥിച്ചു.
രാത്രി വൈകിയാണ് അവള്‍ ഉറങ്ങിയത്.
പുലര്‍ച്ചെ അവള്‍ എണീറ്റു. പ്രഭാതകൃത്യങ്ങളെല്ലാം കഴിഞ്ഞ് നേരേ അടുക്കളയിലേക്കു ചെന്നു. മേരിക്കുട്ടി ഓരോ ജോലികള്‍ ചെയ്തുകൊണ്ട് അടുക്കളയില്‍ ഉണ്ടായിരുന്നെങ്കിലും അവളോട് ഒന്നും മിണ്ടിയില്ല.
“അമ്മയ്ക്ക് എന്നോടു ദേഷ്യാണോ?”
പതിഞ്ഞ സ്വരത്തില്‍ അവള്‍ ചോദിച്ചു.
“നീ മുറിയില്‍പോയി ഇരുന്നോ. ഭക്ഷണം കഴിക്കാറാവുമ്പം വന്നു വിളിച്ചേക്കാം.”
മേരിക്കുട്ടി തിരിഞ്ഞുനോക്കാനേ പോയില്ല.
സങ്കടത്തോടെ അവള്‍ തിരിച്ചു മുറിയിലേക്കു പോന്നു. റോയിച്ചനെങ്കിലും തന്നോടു സ്നേഹക്കുറവുകാണിക്കാതിരുന്നാല്‍ മതിയായിരുന്നു എന്നവളോര്‍ത്തു.
മുറിയില്‍ വന്നിട്ട് അവള്‍ റോയിയെ ഫോണ്‍ ചെയ്തു വിശേഷങ്ങള്‍ തിരക്കി. ഭാഗ്യം! റോയിക്ക് പിണക്കമോ ദേഷ്യമോ ഒന്നുമില്ലെന്നു കണ്ടപ്പോൾ അവള്‍ക്കു സമാധാനമായി.
*****
ഒരാഴ്ച കഴിഞ്ഞപ്പോള്‍ റോയിയെ ഡിസ്ചാര്‍ജു ചെയ്തു. സഖറിയാസും മേരിക്കുട്ടിയും കൂടിയാണു റോയിയെ കൂട്ടിക്കൊണ്ടു വന്നത്.
അനിത വരേണ്ടെന്ന് അവര്‍ പറഞ്ഞതുകൊണ്ട് അവള്‍ വീട്ടില്‍ത്തന്നെ ഇരുന്നു.
മുറ്റത്തു കാറുവന്നു നിന്നതും അവള്‍ ഓടിച്ചെന്നു ഭര്‍ത്താവിനെ കൈപിടിച്ചുകൊണ്ട് മുകളിലത്തെ നിലയിലേക്കു കൊണ്ടുപോയി.
റൂമില്‍ കയറി വാതിൽ ചാരിയിട്ട് റോയി വന്നു കസേരയിലിരുന്നു. ഇടതുകൈയിൽ പ്ലാസ്റ്റര്‍ ഇട്ടിട്ടുണ്ടായിരുന്നു.
“ഇപ്പം എങ്ങനെയുണ്ട്? വേദനയൊക്കെ മാറിയോ.”അനിത ചോദിച്ചു.
“ഉം.”
“ഞാന്‍ മനസ്സുരുകി പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു.”
“പപ്പേം അമ്മേം എന്തു പറഞ്ഞു?”
“എല്ലാരും എന്നേയാ കുറ്റപ്പെടുത്തീത്.”
“സാരമില്ല. തെറ്റ് എന്‍റെ ഭാഗത്താ. നീ വിഷമിക്കണ്ട. ഞാന്‍ നിന്നെ വേദനിപ്പിക്കുവൊന്നുമില്ല.”
“ആ ഒരു സന്തോഷം മാത്രമേയുള്ളൂ റോയിച്ചാ എനിക്ക്.”
“കുറെ ദിവസമായി നന്നായിട്ടൊന്ന് ഉറങ്ങീട്ട്. അതെങ്ങനാ, ഉറങ്ങാനുള്ള മരുന്ന് ഇവിടായിപ്പോയില്ലേ…”
റോയി എണീറ്റു അലമാര തുറന്നു.
അതിനുള്ളില്‍ ഒളിപ്പിച്ചുവച്ചിരുന്ന മദ്യക്കുപ്പി എടുത്തുകൊണ്ടുവന്നിട്ട് അനിതയുടെ നേരേ നീട്ടിക്കൊണ്ടു പറഞ്ഞു:
“ഇതീന്നിത്തിരി ആ ഗ്ലാസിലേക്ക് ഒഴിച്ചേ.”
“എന്താ റോയിച്ചാ ഇത്?” അനിത അന്തംവിട്ടു. “ഇനീം കുടിക്കാനോ? ഞാന്‍ സമ്മതിക്കില്ല.”
അവള്‍ കുപ്പിവാങ്ങി അലമാരയില്‍ വയ്ക്കാന്‍ ഒരുങ്ങിയപ്പോള്‍ റോയി കൈയില്‍ കടന്നു പിടിച്ചു.
“ഇത്തിരി മതി. ഒന്നുറങ്ങാന്‍ മാത്രം.”
“ബ്രാണ്ടി കഴിച്ചിട്ടുള്ള ഉറക്കം ഇനി വേണ്ട. റോയിച്ചന്‍ കിടക്ക്. ഞാനുറക്കാം.”
“എന്നെ ഭരിക്കാന്‍ വരുന്നതെനിക്കിഷ്ടമല്ല. നീയാ ഗ്ലാസു കഴുകിയെടുത്ത് അതിലേക്കു കുറച്ച് ഒഴിക്ക്.”-റോയിയുടെ ശബ്ദവും ഭാവവും മാറി.
റോയിയുടെ ഭാവമാറ്റം കണ്ടപ്പോള്‍ അനിത ഭയന്നു. ഇനി എതിര്‍ത്തിട്ടു കാര്യമില്ലെന്നു തോന്നി. അവള്‍ പോയി ഗ്ലാസുകഴുകി എടുത്തുകൊണ്ടുവന്നു.
“ഇത്തിരിയേ തരൂട്ടോ.”
അനിത ഗ്ലാസിലേക്കു മദ്യം പകര്‍ന്നു.
ഇതു കണ്ടുകൊണ്ടാണ് സഖറിയാസും മേരിക്കുട്ടിയും ആ സമയം മുറിയിലേക്കു കയറിവന്നത്. പരസ്പരം നോക്കി അവര്‍ കണ്ണുമിഴിച്ചു നിന്നു പോയി
(തുടരും. അടുത്ത അദ്ധ്യായം നാളെ )
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
Also Read അവൾ അനാഥയല്ല- നോവൽ- അദ്ധ്യായം ഒന്ന്.
Also Read അവൾ അനാഥയല്ല – നോവൽ – അദ്ധ്യായം 2 .
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 3
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 4














































