Home Entertainment അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 28. രചന: ഇഗ്‌നേഷ്യസ് കലയന്താനി

അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 28. രചന: ഇഗ്‌നേഷ്യസ് കലയന്താനി

2374
0
അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 28. രചന: ഇഗ്‌നേഷ്യസ് കലയന്താനി

ജേക്കബിന്റെ കാർ ഗേറ്റു കടന്ന് മുറ്റത്തേക്ക് കയറിയിട്ട് ഗാർഡൻ ചുറ്റി പോർച്ചിൽ വന്നു നിന്നു! ആദ്യം ജേക്കബ് ഇറങ്ങി. പിന്നാലെ അനിതയും റോയിയും. സിറ്റൗട്ടിൽ അവരെ കാത്തു ജേക്കബിന്റെ ഭാര്യ മോളി നില്പുണ്ടായിരുന്നു. അനിതയെ കണ്ടതും അവർ ഓടി വന്ന് കരം പുണർന്നു കൊണ്ട് പറഞ്ഞു :
”നിങ്ങള് വരുന്നത് നോക്കി എത്രനേരമായി ഞാൻ കാത്തിരിക്കുന്നൂന്ന് അറിയുവോ? എന്റെ മോളെ ഞാൻ കൺകുളിർക്കെ ഒന്ന് കാണട്ടെ! ”
ഇരുകൈകളിലും പിടിച്ചുകൊണ്ടു മോളി അവളെ ആപാദചൂഡം നോക്കി. ” കഴിഞ്ഞ ഇരുപത്തിരണ്ടു വർഷമായി ഒരു കുഞ്ഞില്ലാത്തതിന്റെ വേദന തിന്നു ജീവിച്ചവരാ ഞങ്ങൾ. ഒടുവിൽ ദൈവം ഞങ്ങൾക്ക് കൊണ്ടു തന്നല്ലോ , ഞങ്ങടെ സ്വന്തം കുഞ്ഞിനെതന്നെ!”
അവളുടെ കവിളുകളിൽ ഇരുകൈകളും ചേർത്തു മോളി വികാരഭരിതയായി പറഞ്ഞു.
മോളിയുടെ സ്നേഹപ്രകടനം കണ്ടപ്പോൾ സന്തോഷം കൊണ്ട് അനിതയുടെ കണ്ണ് നിറഞ്ഞു പോയി. അമ്മയെ ആലിംഗനം ചെയ്തുകൊണ്ട് അവൾ പറഞ്ഞു : ” എന്റെ പെറ്റമ്മ മരിച്ചുപോയെങ്കിലും പെറ്റമ്മയേക്കാൾ സ്നേഹനിധിയായ ഒരമ്മയെ ദൈവം എനിക്ക് തന്നല്ലോ! എനിക്കും ഒത്തിരി സന്തോഷമായി. ”
അവൾ അമ്മയുടെ കവിളിൽ സ്നേഹവായ്‌പോടെ ഒരു ഉമ്മ നൽകി.
എല്ലാം കണ്ടു കൊണ്ടു തെല്ലു മാറി റോയി നില്പുണ്ടായിരുന്നു. റോയിയുടെ അടുത്തേക്ക് ചെന്നിട്ടു മോളി ചോദിച്ചു :
”അനിത മോളുടെ ഹസ്ബൻഡാ അല്ലെ ?”
” അതെ ”
” ജേക്കബ് എന്നെ ഫോണിൽ വിളിച്ച്‌ എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നു.” മോളി അയാളുടെ കൈകളിൽ പിടിച്ചുകൊണ്ടു തുടർന്നു . ” നല്ലൊരാളെ കൊടുത്ത് ദൈവം എന്റെ കുഞ്ഞിനെ അനുഗ്രഹിച്ചല്ലോ. സന്തോഷമായി.”
” വിശേഷങ്ങളൊക്കെ അകത്തു കയറി ഇരുന്നിട്ട് പറയാം മോളിക്കുട്ടി. നീ അവരെ വിളിച്ചു അകത്തേക്ക് കൊണ്ടുപോ. ” ജേക്കബ് ഭാര്യയോട് പറഞ്ഞു.
മോളി രണ്ടുപേരെയും അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി സ്വീകരണമുറിയിൽ ഇരുത്തി.
വിശാലമായ സ്വീകരണമുറി. അനിത ചുറ്റും നോക്കി. സിനിമയിലും മറ്റും കണ്ടിട്ടുള്ളതുപോലുള്ള സജ്ജീകരണങ്ങൾ. ഫോറിൻ സാധനങ്ങളാണ് മുറിയിലാകെ. ഇലഞ്ഞിക്കലെ സ്വീകരണ മുറിയേക്കാൾ എത്രയോ വലുതും മനോഹരവും എന്ന് അവൾ ഓർത്തു.
” വർഷത്തിൽ രണ്ടുതവണ ഞങ്ങൾ നാട്ടിൽ വരും . വരുമ്പം താമസിക്കുന്നത് ഇവിടെയാ ” ജേക്കബ് തുടർന്നു : ” പലരും വാടകക്ക് ചോദിച്ചതാ . കൊടുക്കുന്നില്ലാന്നു വച്ചു . ഇതിന്റെ വാടക കിട്ടീട്ട് വേണ്ടല്ലോ ഞങ്ങൾക്ക് ജീവിക്കാൻ. ”
” വീട് മനോഹരമായിരിക്കുന്നു ! ” ചുറ്റും നോക്കിയിട്ട് റോയി പറഞ്ഞു .
” ആറു വർഷമേ ആയുള്ളൂ പണിതിട്ട് . വീടിനുമാത്രം രണ്ടര കോടിയോളം മുടക്കി. ചുറ്റുവട്ടമൊക്കെ ശരിയാക്കാൻ വേറെ. മക്കൾ ഇല്ലെങ്കിലും നാട്ടിൽ നല്ലൊരു വീടിരിക്കെട്ടേന്ന് വച്ചു.” മോളിയെ ചൂണ്ടി ജേക്കബ് ചിരിച്ചുകൊണ്ട് തുടർന്നു: ”ഞാൻ തട്ടിപ്പോയാലും നാട്ടിൽ വന്നു ഇവൾക്ക് സുഖമായി ജീവിക്കണമല്ലോ ”
” ഒന്ന് മിണ്ടാതിരി അച്ചായാ. തട്ടിപ്പോകുന്ന കാര്യമേ ഈ അച്ചായന് എപ്പഴും പറയാനുള്ളൂ. ” മോളി അനിതയെ നോക്കി തുടർന്നു:
” ദൈവം സഹായിച്ച് ആവശ്യത്തിലേറെ പണം തമ്പുരാൻ ഞങ്ങൾക്ക് തന്നു.. ഞങ്ങളുടെ കാലശേഷം അതെല്ലാം അനുഭവിക്കാൻ ആരും ഇല്ലല്ലോ എന്ന ദുഖമായിരുന്നു ഇത്രയും കാലം . ഇപ്പം അത് മാറി ”
അനിത ചിരിച്ചതേയുള്ളൂ.
” കുഞ്ഞിനെക്കൂടി കൊണ്ടുവരാമായിരുന്നില്ലേ മോളേ? ” മോളി ചോദിച്ചു.
”ട്രീസാമ്മ സിസ്റ്റർ എന്നെ വിളിച്ചിട്ട് ഉടനെ മഠത്തിലേക്ക് വരണമെന്നു മാത്രമേ പറഞ്ഞുള്ളൂ! പപ്പയെ കാണാമെന്നു പ്രതീക്ഷയുണ്ടായിരുന്നെങ്കിലും പപ്പ എന്നെ മകളായി സ്വീകരിക്കുമെന്ന് ഒട്ടും ഓർത്തില്ല . പപ്പ കല്യാണം കഴിച്ചു ഭാര്യയുടെയും മക്കളുടെയും കൂടെ അമേരിക്കയിൽ സന്തോഷത്തോടെ ജീവിക്കുകയാണെന്നാ സിസ്റ്റർ എന്നോട് പറഞ്ഞത് . അതുകൊണ്ടു പപ്പയെ ദൂരെ നിന്ന് ഒന്ന് കാണാൻ വേണ്ടി മാത്രമാ ഞാൻ ഓടിക്കിതച്ചു വന്നത് . വേറൊന്നും ഞാൻ ആഗ്രഹിച്ചില്ല.”
” ഒരു പക്ഷേ നിന്റെ അനാഥാവസ്ഥ കണ്ടിട്ടാകാം ഞങ്ങക്കൊരു കുഞ്ഞിനെ തരാതെ ദൈവം ഇത്രകാലവും പരീക്ഷിച്ചത്.”
” ഇനി അതുമിതും പറഞ്ഞു അവളുടെ മനസ് വേദനിപ്പിക്കാതെ നീ പോയി കാപ്പിയെടുക്കാൻ നോക്ക് ” ജേക്കബ് ഭാര്യയെ വിഷയത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചു.
” വാ മോളെ . നമുക്ക് കിച്ചണിലിരുന്നു സംസാരിക്കാം. ”
മോളി അനിതയെ വിളിച്ചുകൊണ്ടു അടുക്കളയിലേക്കു പോയി.
ജേക്കബ് റോയിയെ കൂട്ടിക്കൊണ്ടു പുറത്തേക്കിറങ്ങി വീടും പരിസരവും കാണിച്ചു കൊടുത്തു . അരയേക്കർ സ്ഥലത്ത് ഒരു വലിയ വീട് . ചുറ്റും മനോഹരമായ ഉദ്യാനവും പുൽത്തകിടിയും . ഉദ്യാനത്തിന് നടുവിൽ താമരക്കുളം. കുളത്തിന്റെ മദ്ധ്യത്തിൽ സദാസമയവും വെള്ളം ചീറ്റുന്ന മനോഹരമായ ജലധാര.
” രാത്രി ലൈറ്റു വെട്ടത്തിൽ മനോഹരമാണ് വീടിനു ചുറ്റുമുള്ള കാഴ്ചകൾ. കാശ് കുറെ മുടക്കി ഇതൊന്നു ഭംഗിയാക്കാൻ . വീടു മാത്രം പോരല്ലോ , പരിസരവും ഭംഗിയായിരിക്കണ്ടേ.” ജേക്കബ് പറഞ്ഞു
” വെരി ബ്യൂട്ടിഫുൾ. ആർക്കിടെക്ട് നല്ല ഭാവനയുള്ള ആളാ. ”
” കാശ്‌നോക്കണ്ട , വെറൈറ്റി ആയിരിക്കണമെന്ന് ഞാൻ പ്രത്യേകം പറഞ്ഞിരുന്നു. ”
എല്ലായിടവും ചുറ്റിനടന്നു കണ്ടിട്ട് ജേക്കബ് റോയിയെ വിളിച്ചു കൊണ്ടു അകത്തേക്കുപോയി. എന്നിട്ടു അനിതയെയും കൂട്ടി ഓരോ മുറിയിലും കയറി എല്ലാം കാണിക്കുകയും വിശദീകരിക്കുകയും ചെയ്തു.
അപ്പോഴേക്കും കാപ്പി റെഡിയാണെന്നു പറഞ്ഞു മോളിയുടെ വിളി വന്നു. അവർ ഡൈനിംഗ് റൂമിലേക്ക് ചെന്നു .
ഡൈനിംഗ് റൂമിലെ മനോഹരമായ മേശയിൽ കാപ്പിയും പലഹാരങ്ങളും പഴങ്ങളുമെല്ലാം നിരത്തിയിരുന്നു.
എല്ലാവരും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത്.
” പപ്പയും അമ്മയും എന്നാ ഞങ്ങടെ വീട്ടിലേക്കു വരിക?” ഭക്ഷണം കഴിക്കുന്നതിനിടയിൽ അനിത ചോദിച്ചു
” നാളെ തന്നെ വരും ! ഞങ്ങൾക്ക് നിന്റെ ഉണ്ണിക്കുട്ടനെ ഒന്ന് കാണണ്ടേ. ” ജേക്കബ് തുടർന്നു : ” മൂന്നാഴ്ച കഴിഞ്ഞു ഞങ്ങൾ അമേരിക്കേലേക്കു തിരിച്ചുപോകും. പിന്നെ നിങ്ങളെ മൂന്നു പേരെയെയും വിസിറ്റിംഗ് വിസയിൽ അങ്ങോട്ട് കൊണ്ടുപോകാനുള്ള ഏർപ്പാടുകൾ ചെയ്യുവാ . പാസ്പോർട്ടും മറ്റും എടുത്തിട്ടില്ലെങ്കിൽ അതൊക്കെ എടുത്തു വച്ചു പോരാൻ റെഡിയായി നിന്നോണം. ”
അനിത ചിരിച്ചുകൊണ്ട് തലകുലുക്കി.
” അവിടെ ഒരുപാട് സ്ഥലങ്ങളുണ്ട് കാണാൻ. എല്ലാം കണ്ടു സാവകാശം തിരിച്ചു പോന്നാൽ മതി, കേട്ടോ മോളേ ?” മോളി പറഞ്ഞു.
” അത്രേയുള്ളു മോളിക്കുട്ടി. ഓടിപ്പിടിച്ചു അവർക്കു ഇവിടെ വന്നിട്ടെന്താ അത്യാവശ്യം?” ജേക്കബാണ് മറുപടി പറഞ്ഞത്.
” പപ്പേടെയും അമ്മയുടെയും കൂടെ താമസിക്കുന്നത് ഞങ്ങൾക്ക് സന്തോഷമുള്ള കാര്യമല്ലേ ”
അനിതയുടെ പ്രതികരണം ജേക്കബിനും മോളിക്കും ആഹ്ലാദം പകർന്നു.
”പിന്നെ, സിനിമയിൽ പാടാൻ കിട്ടുന്ന അവസരമൊന്നും കളയണ്ട,കേട്ടോ . എന്റെ മോള് പ്രശസ്തയാകുന്നതു ഞങ്ങൾക്കും ഒരഭിമാനമല്ലേ. ”
” നല്ലൊരു ശബ്ദം ദൈവം എനിക്ക് തന്നു. അത് ഞാൻ പരമാവധി പ്രയോജനപ്പെടുത്തും പപ്പാ ” അനിത പറഞ്ഞു.
”വൈകാതെ നമുക്കൊരു സിനിമ പിടിച്ചേക്കാം. എന്റെ മോളു ചില്ലറക്കാരിയല്ലെന്നു സിനിമാക്കാരൊക്കെ ഒന്നറിയട്ടെ ” ജേക്കബ് പറഞ്ഞു.
അനിത മന്ദഹസിച്ചതേയുള്ളൂ.
കാപ്പി കുടിച്ചു കഴിഞ്ഞു സന്തോഷത്തോടെയാണ് ജേക്കബും മോളിയും അവരെ യാത്ര അയച്ചത്. ഒരു ഡ്രൈവറെ കൂട്ടി ജേക്കബിന്റെ കാറിൽ അവരെ കോൺവെന്റിൽ എത്തിച്ചു. അവിടെ പാർക്ക് ചെയ്തിരുന്ന സ്വന്തം കാറിൽ റോയിയും അനിതയുംവീട്ടിലേക്കു മടങ്ങി. വീട്ടിലെത്തിയപ്പോൾ രാത്രി വൈകിയിരുന്നു.
അനിതയുടെ പപ്പയെ കണ്ടുമുട്ടിയെന്നും പുരാതന കുടുംബാംഗമായ അദ്ദേഹം ഇപ്പോൾ അമേരിക്കയിൽ താമസിക്കുന്ന കോടീശ്വരനാണെന്നും കേട്ടപ്പോൾ സഖറിയാസിനും മേരിക്കുട്ടിക്കും വലിയ സന്തോഷമായി.
” ഒടുവിൽ എല്ലാം സന്തോഷമായി പര്യവസാനിച്ചത് എന്റെ മോളുടെ ഹൃദയത്തിന്റെ നന്മ കൊണ്ടാ ” മേരിക്കുട്ടി അനിതയെ തന്നിലേക്ക് ചേർത്തുപിടിച്ചുകൊണ്ടു തുടർന്നു : ” ഞങ്ങൾ ഇത്രയൊക്കെ ദ്രോഹിച്ചിട്ടും ഞങ്ങളെ കുറ്റപ്പെടുത്തി നീ ഒരുവാക്കുപോലും ആരോടും പറഞ്ഞില്ലല്ലോ . ഒത്തിരി നന്ദിയുണ്ട് മോളെ.”
”എനിക്കാരോടും വൈരാഗ്യമില്ല അമ്മേ. ഈശോയുടെ കൈകളിൽ മുറുകെ പിടിച്ചു ജീവിച്ചതുകൊണ്ടായിരിക്കും ഈശോ അങ്ങനെയൊന്നും തോന്നിപ്പിക്കാതിരുന്നത്. ”
” ആന്റണിയച്ചനെ വിളിച്ചു സന്തോഷവാർത്ത പറഞ്ഞോ?”
”തിരിച്ചുപോരുന്നവഴി കാറിൽ വച്ചുതന്നെ വിളിച്ചാരുന്നു. ”
” അനിതയെ കല്യാണം കഴിക്കണമെന്ന് ഞാൻ ആഗ്രഹം പറഞ്ഞപ്പം പപ്പ എന്നോട് പറഞ്ഞ ഒരു വാചകം ഓർമ്മയുണ്ടോ ? കല്യാണം കഴിയുമ്പം ഇവളുടെ അപ്പനും അമ്മയുമാണെന്നു പറഞ്ഞു വല്ല തെണ്ടികളും കയറി വന്നാൽ ഈ കുടുംബത്തിന് എന്ത് നാണക്കേടായിരിക്കുമെന്ന് ? ഇപ്പം എന്ത് തോന്നുന്നു? എന്റെ സെലക്ഷൻ ഉഗ്രനായിരുന്നില്ലേ ?” റോയി ചോദിച്ചു.
” പഴയതൊക്കെ കുത്തിപ്പൊക്കി എന്റെ മനസു വിഷമിപ്പിക്കാതെടാ. ” സഖറിയാസ് വിലക്കി.

*********

പിറ്റേന്ന് രാവിലെ പതിനൊന്നു മണി സമയം.
ഇലഞ്ഞിക്കൽ തറവാടിന്റെ മുറ്റത്ത് ഒരു സ്കോഡ കാർ വന്നു നിന്നു.
കാറിൽ നിന്ന് ജേക്കബും മോളിയും പുറത്തേക്കിറങ്ങി. അനിതയും റോയിയും സഖറിയാസും മേരിക്കുട്ടിയും ജിഷയും മുറ്റത്തേക്ക് ഇറങ്ങിച്ചെന്നു അവരെ സ്വീകരിച്ചു.
അനിതയുടെ ഒക്കത്തിരുന്ന ഉണ്ണിക്കുട്ടനെ കണ്ടതും മോളി ഓടി അവന്റെ അടുത്തേക്ക് വന്നു .
” എന്റെ കുട്ടനെ കാണാൻ കൊതിച്ചിരിക്കുകയായിരുന്നു ഞാൻ. ഇങ്ങുവാടാ ചക്കരെ ”
അവർ കൈ നീട്ടിയതും ഉണ്ണിക്കുട്ടൻ അങ്ങോട്ട് ചാഞ്ഞു.
” കണ്ടോ , അവൻ അവന്റെ വല്യമ്മച്ചിയെ തിരിച്ചറിഞ്ഞു. ”
മോളി അവനെ കൈകളിലേക്ക് വാങ്ങിയിട്ട് നെഞ്ചോടുചേർത്തു പിടിച്ചു . എന്നിട്ട് ആ കുഞ്ഞി കവിളിൽ വാത്സല്യത്തോടെ ഉമ്മവച്ചു.
ഉണ്ണിക്കുട്ടന്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കിയിട്ടു മോളി ജേക്കബിനോട് പറഞ്ഞു : ” ജേക്കബ് അച്ചായന്റെ തനി ഛായയാ ഇവന്. ”
”വന്നു കയറിയാതെ അവള് ഛായയും കണ്ടു പിടിച്ചു.”
ജേക്കബ് വന്നു കുഞ്ഞിനെ വാങ്ങിയിട്ട് നെഞ്ചോട് ചേർത്തുപിടിച്ചു കവിളിൽ ഒരുമ്മ കൊടുത്തു.
” അകത്തേക്ക് കയറി ഇരുന്നിട്ടാകാം വർത്തമാനം.”
സഖറിയാസ് എല്ലാവരെയും അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.
സ്വീകരണമുറിയിൽ ഏറെനേരം അവർ വിശേഷങ്ങൾ പറഞ്ഞിരുന്നു.
മേരിക്കുട്ടി വിഭവസമൃദ്ധമായ ഉച്ചയൂണ് ഒരുക്കിയിരുന്നു. എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്ന നേരത്ത് മോളിയുടെ മടിയിലായിരുന്നു ഉണ്ണിക്കുട്ടൻ .ഊണ് കഴിച്ചുകൊണ്ടിരിക്കെ അനിത പറഞ്ഞു:
” ഞാൻ ഒരിക്കലും പ്രതീക്ഷിച്ചതല്ല എല്ലാവരും ഒരുമിച്ചു കൂടി ഇതുപോലൊരു സുന്ദര ദിവസം എന്റെ ജീവിതത്തിൽ ഉണ്ടാകുമെന്ന്. ഒക്കെ ഈശോയുടെ അനുഗ്രഹമാ. കർത്താവിനെ കൈവിടാതെ ജീവിച്ചതിന് ദൈവം തന്ന സമ്മാനം.”
”ഞാനും വലിയ ദൈവവിശ്വാസിയാ. അതുകൊണ്ടായിരിക്കാം എനിക്കെന്റെ മകളെ തിരിച്ചു കിട്ടിയത്” ജേക്കബ് പറഞ്ഞു.
ഭക്ഷണം കഴിഞ്ഞു സ്വീകരണമുറിയിൽ വന്ന് അവർ പിന്നെയും വിശേഷങ്ങൾ പങ്കുവച്ചിരുന്നു.
പോകാൻ നേരം ജേക്കബ് എണീറ്റു അനിതയുടെ അടുത്തേക്ക് വന്നിട്ട് ചോദിച്ചു.
” ഉണ്ണിക്കുട്ടനെയും കൊണ്ട് എന്നാ നിങ്ങൾ ഇനി അങ്ങോട്ട് വരിക?”
” നാളെ വരാം പപ്പാ .”
” ഞങ്ങൾ ഇനി മൂന്നാഴ്ച കൂടിയേ അവിടുണ്ടാകൂ. അതുവരെ ഞങ്ങളോടൊപ്പം താമസിച്ചുകൂടെ നിനക്ക് ?”
അനിത ഭർത്താവിനെ നോക്കി . റോയി സമ്മത ഭാവത്തിൽ തലകുലുക്കിയപ്പോൾ സന്തോഷമായി ജേക്കബിന്.
”അനിത മാത്രമല്ല, പോകുന്നതിനുമുമ്പ് എല്ലാവരും കൂടി വരണം അങ്ങോട്ടൊന്ന് .”
ജേക്കബ് സഖറിയാസിനെയും മേരിക്കുട്ടിയെയും ജിഷയെയും മാറി മാറി നോക്കി.
വരാമെന്ന അർത്ഥത്തിൽ സഖറിയാസ് തലകുലുക്കി.
അനിതയെ വിളിച്ചു മാറ്റി നിറുത്തിയിട്ട് ജേക്കബ് ശബ്ദം താഴ്ത്തി പറഞ്ഞു.
” ഒരുപാട് കാശ് ഞാൻ സമ്പാദിച്ചു കൂട്ടിയിട്ടുണ്ട്. എന്തിനാ ഇതെല്ലാം. കുറെ പാവങ്ങൾക്ക് ധനസഹായം ചെയ്യണമെന്ന് എനിക്കാഗ്രഹമുണ്ട് . നഷ്ടപ്പെട്ട എന്റെ കുഞ്ഞിനെ ദൈവം എനിക്ക് തിരിച്ചുതന്നില്ലേ. ആ നന്ദി ഞാൻ ദൈവത്തോട് കാണിക്കണ്ടേ? അർഹതപ്പെട്ടവരെ നീ തന്നെ കണ്ടു പിടിച്ചു തരണം. ”
” എങ്കിൽ എനിക്ക് വേണ്ടപ്പെട്ട ഒരാളുണ്ട് പപ്പാ. എന്നെ ഒരുപാട് സ്നേഹിക്കുകയും സഹായിക്കുകയും ചെയ്തിട്ടുള്ള ഒരമ്മച്ചിയാ. ഇടുക്കിയിലെ കടുവാക്കുന്നു എന്ന ഗ്രാമത്തിൽ ചെറിയൊരു വീട്ടിലാ അവരിപ്പം താമസിക്കുന്നത് . അവർക്ക് നല്ലൊരു സ്ഥലം വാങ്ങി മനോഹരമായ ഒരു വീട് വച്ച് കൊടുക്കണം. എന്റെ ഒരാഗ്രഹമാ അത് ”
” തീർച്ചയായും. റോയിയോട് പറഞ്ഞിട്ട് അതിനുള്ള ഏർപ്പാടുകൾ ചെയ്തോ. പണം നിന്റെ അക്കൗണ്ടിലേക്കു ഇട്ടേക്കാം. ”
അനിതക്ക് സന്തോഷമായി.
എല്ലാവരോടും യാത്രപറഞ്ഞിട്ടു ജേക്കബും മോളിയും പോകാനായി ഇറങ്ങി.
ഉണ്ണിക്കുട്ടന്റെ കവിളിൽ ഒരിക്കൽക്കൂടി മുത്തം കൂടി നൽകിയിട്ടു മോളി അവനെ അനിതക്ക് കൈമാറി.
” വരട്ടെ മോളെ. ”
അനിതയുടെ കരം പുണർന്നു മോളി യാത്ര പറഞ്ഞു.
” പറഞ്ഞത് മറക്കരുത് . വരണം, എല്ലാവരും കൂടി അടുത്ത ദിവസം അങ്ങോട്ട്. ”
ജേക്കബ് ഓർമ്മിപ്പിച്ചു.
” തീർച്ചയായും ” സഖറിയാസ് ഉറപ്പു നൽകി.
കാറിൽ കയറിയിട്ട് ജേക്കബും മോളിയും അവരെ നോക്കി കൈവീശി. റോയിയും അനിതയും സഖറിയാസും മേരിക്കുട്ടിയും ജിഷയും തിരിച്ചു കൈ വീശി അവർക്കു യാത്രാമംഗളം നേർന്നു. കാർ സാവധാനം മുന്പോട്ടുരുണ്ടു. അത് ഗേറ്റുകടന്നു കണ്ണിൽ നിന്ന് മറയുന്നതുവരെ അവർ മുറ്റത്തു തന്നെ നിന്നു.
(അവസാനിച്ചു )
രചന : ഇഗ്‌നേഷ്യസ് കലയന്താനി. (copyright reserved)

Also Read അവൾ അനാഥയല്ല- നോവൽ- അദ്ധ്യായം 1

Also Read അവൾ അനാഥയല്ല – നോവൽ – അദ്ധ്യായം 2

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 3

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 4

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 5

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 6

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 7

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 8

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 9

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 10

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 11

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 12

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 13

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 14

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 15

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 16

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 17

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 18

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 19

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 20

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 21

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 22

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 23

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 24

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 25

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 26

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം27

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം28

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here