കഥ ഇതുവരെ-
കന്യാസ്ത്രീകൾ നടത്തുന്ന അനാഥാലയത്തിൽ വളർന്ന, സുന്ദരിയും പാട്ടുകാരിയുമായ അനിതയോട് ആ നാട്ടിലെ ധനാഢ്യനായ ഇലഞ്ഞിക്കൽ സഖറിയാസിന്റെ മകൻ റോയിക്ക് പ്രണയം തോന്നി. റോയിയുടെ മാതാപിതാക്കൾ ആദ്യം എതിർത്തെങ്കിലും അയാളുടെ നിർബന്ധത്തിനു വഴങ്ങി കല്യാണം ആലോചിച്ചു. ഓർഫനേജിലെ സന്ദർശകമുറിയിൽ പെണ്ണുകാണൽ നടന്നു. അനിതക്കും റോയിയെ ഇഷ്ടമായി.
(തുടർന്ന് വായിക്കുക )
ഡിസംബറിലെ മഞ്ഞുപെയ്യുന്ന രാത്രി.
ഓർഫനേജിന്റെ മുറ്റം നിറയെ പാൽനുര പോലെ നിലാവെളിച്ചം പരന്നുകിടക്കുന്നു.
പാതി തുറന്ന ജനാലയുടെ അരികിൽ വെളിയിലേക്കു മിഴികൾ നട്ടുകിടക്കുകയായിരുന്നു അനിത. ആകാശത്തിലെ അമ്പിളിയമ്മാവനെപ്പോലെ മനസിന്റെ കണ്ണാടിയിൽ തിളങ്ങി നില്‍ക്കുകയാണ് റോയിയുടെ ചിരിക്കുന്ന മുഖം. ആ ചിരി കാണാന്‍ എന്തൊരു ഭംഗിയാണ് ! സംസാരം കേൾക്കാൻ എത്ര രസം! ഒരു ദിവസത്തെ പരിചയമേയുള്ളുവെങ്കിലും ഒരു വർഷത്തെ അടുപ്പം പോലെ തോന്നുന്നു !
പണക്കാരനെന്ന അഹങ്കാരമോ തലക്കനമോ ഇല്ലാത്ത സുമുഖനായ ചെറുപ്പക്കാരൻ! തന്നോട് ഇത്രയധികം ഇഷ്ടം തോന്നാൻ എന്തുയോഗ്യതയാണ് തനിക്കുള്ളത്? അത്രക്കും സുന്ദരിയാണോ താൻ?
അവൾ കണ്ണാടിയെടുത്തു മുഖം നോക്കി.
ങും ! കൊള്ളാം! കാണാൻ ചന്തമുണ്ട് !
തന്റെ സൗന്ദര്യമാണോ ഹൃദയശുദ്ധിയാണോ റോയിയെ ആകർഷിച്ചത് ? ആവോ !
മനസ്സിൽ സ്വപ്നങ്ങളും മോഹങ്ങളും നെയ്തുകൂട്ടി അവൾ ഏറെനേരം റോയിയെക്കുറിച്ച് ഓര്‍ത്തു കിടന്നു.
നാളെ റോയിയുടെ പപ്പയും അമ്മയും കാണാൻ വരും!
അവരോട് എങ്ങനെ സംസാരിക്കണം?
ഇഷ്ടപ്പെടാത്ത ഒരു വാക്കോ പ്രവൃത്തിയോ തന്നിൽ നിന്ന് ഉണ്ടാകാതിരിക്കാൻ നോക്കികൊള്ളണേ ഈശോയേ എന്നവൾ മനസിൽ പ്രാര്‍ത്ഥിച്ചു.
പപ്പയുടെയും അമ്മയുടെയും വാല്‍സല്യം നുകര്‍ന്ന്, ഭര്‍ത്താവിന്‍റെ നെഞ്ചിലെ ചൂടുപറ്റി ഇലഞ്ഞിക്കൽ തറവാട്ടിലെ വലിയ ബംഗ്ലാവിൽ ഒരു റാണിയെപ്പോലെ ജീവിക്കുന്നത് അവള്‍ ഭാവനയില്‍ കണ്ടു.
പള്ളിയില്‍ റോയിയുടെ ഇടതുവശം ചേര്‍ന്നുനില്‍ക്കുമ്പോള്‍ കല്യാണപ്പെണ്ണിന്‍റെ സ്വന്തക്കാരെന്നു പറഞ്ഞ് അടുത്തുനില്‍ക്കാന്‍ ആരുമില്ലല്ലോ തനിക്ക്! പപ്പയും അമ്മയും കൂടപ്പിറപ്പുകളുമൊക്കെ ഉണ്ടായിരുന്നെങ്കിൽ എത്ര സന്തോഷകരമായിരുന്നേനെ ഈ കല്യാണം !
ഓർത്തപ്പോൾ അവളുടെ മിഴികൾ നിറഞ്ഞു. ഓരോന്നോര്‍ത്തു കിടന്നു എപ്പോഴോ അവൾ ഉറക്കത്തിലേക്കു വീണു.
പിറ്റേന്നു രാവിലെ പള്ളിയില്‍ പോയി അവള്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊണ്ടു. ആ പതിവ് തെറ്റിക്കാറില്ല.
തിരികെവന്ന് അനാഥാലയത്തിലെ കുഞ്ഞുങ്ങള്‍ക്ക് ബ്രേക്ക്ഫാസ്റ്റ് വിളമ്പിക്കൊണ്ടിരുന്നപ്പോള്‍ കുസൃതിക്കുടുക്കയായ മഞ്ജുഷ ചോദിച്ചു:
“കുഞ്ഞേച്ചി കല്യാണം കഴിക്കാന്‍ പോക്വാണോ?”
“ആരാ കാന്താരീ ഇതു പറഞ്ഞേ?”
“മറിയാമ്മ ആന്‍റി പറഞ്ഞു. കുഞ്ഞേച്ചി ഞങ്ങളെ ഇട്ടേച്ച് വല്യ കൊട്ടാരത്തിലേക്കു പോക്വാന്ന്.”
“കുഞ്ഞേച്ചി എവിടെപ്പോയാലും നിങ്ങളെ കാണാന്‍ ഇടയ്ക്കിടെ ഇവിടെ ഓടിയെത്തൂലേ മുത്തേ ! നിങ്ങളെ ഉപേക്ഷിച്ചിട്ടു ഈ കുഞ്ഞേച്ചിക്കു പോകാന്‍ പറ്റുമോ ?”
അവള്‍ മഞ്ജുഷയെ വാരിയെടുത്തു സ്നേഹവായ്പോടെ കവിളില്‍ ഒരു മുത്തം നല്‍കി.
” ഇടയ്ക്കിടെ വന്നാൽ പോരാ ! എന്നും വരണം !” അപ്പൂസിന്റെ കല്പന.
” വരാടാ കണ്ണാ ” അവന്റെ കവിളിൽ അവൾ വാത്സല്യത്തോടെ ഒരു നുള്ളുകൊടുത്തു.
അനിത ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ മദര്‍ സുപ്പീരിയര്‍ അങ്ങോട്ടു വന്നു.
“ഇത്തിരി മുമ്പ് സഖറിയാസ് വിളിച്ചു. ഇന്നു നാലു മണിയാകുമ്പം അവരിങ്ങോട്ടു വരുമെന്ന്. സ്കൂളീന്ന് ഇത്തിരി നേരത്തേ വരാന്‍ മേലേ നിനക്ക്?” മദർ ചോദിച്ചു.
“ഉം” അനിത തലയാട്ടി.
കുട്ടികളോടു കുശലാന്വേഷണം നടത്തിയിട്ട് മദര്‍ തിരിച്ചുപോയി.
പതിവിലേറെ ഉത്സാഹത്തോടെയാണ് അന്ന് അനിത സ്കൂളിലേക്കു പോയത്. സ്കൂളിലിരിക്കുമ്പോള്‍ എത്രയും വേഗം നാലുമണിയാകണേ എന്നായിരുന്നു പ്രാര്‍ത്ഥന. മൂന്നരയായപ്പോള്‍ ഹെഡ്മിസ്ട്രസിനോട് അനുമതി വാങ്ങിയിട്ട് അവള്‍ ഓര്‍ഫനേജിലേക്കു തിരിച്ചു.
മുറിയില്‍ വന്ന് സാരി മാറിയിട്ട് ചുരിദാര്‍ ധരിച്ചു. മുട്ടറ്റം നീണ്ടുകിടന്ന മുടി അഴിച്ചു ചീകിയൊതുക്കിയിട്ട് അഗ്രം കെട്ടിയിട്ടു. മുഖത്തു പൗഡറിട്ടുകൊണ്ടിരിക്കുമ്പോള്‍ വെളിയില്‍ കാറുവരുന്ന ശബ്ദം കേട്ടു.
വൈകാതെ സിസ്റ്റർ മരിയ മുറിയിലേക്കു വന്നു.
“ഒരുക്കം കഴിഞ്ഞില്ലേ? അവരു വന്നു കാത്തിരിക്കുന്നു.”
” ഇതാ വരുന്നു.”
അവസാന മിനുക്കുപണിയും നടത്തിയിട്ട് അനിത കണ്ണാടിയില്‍ നോക്കി. എല്ലാം തൃപ്തികരമെന്നു ഉറപ്പു വരുത്തിയിട്ട് അവൾ പുറത്തേക്കിറങ്ങി സന്ദര്‍ശകമുറിയിലേക്കു നടന്നു. ഹൃദയം പെരുമ്പറ കൊട്ടുകയായിരുന്നു.
വിസിറ്റേഴ്സ് റൂമിൽ സഖറിയാസും ഭാര്യ മേരിക്കുട്ടിയും ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. അനിത സാവധാനം അകത്തേക്ക് കയറിയിട്ട് എല്ലാവർക്കും കാണത്തക്കവിധം ചുമരിനോടു ചേര്‍ന്ന് ഒതുങ്ങിനിന്നു.
“ഇരിക്കൂ മോളേ…”
മേരിക്കുട്ടിയുടെ മധുരം കിനിയുന്ന സ്വരം. അവള്‍ അവർക്കഭിമുഖമായി സെറ്റിയില്‍ ഇരുന്നു.
” അനിതയെന്നല്ലേ പേര് ? മേരിക്കുട്ടിയുടെ ചോദ്യം.
” അതെ ”
“ഞങ്ങളെ മുമ്പു കണ്ടിട്ടുണ്ടോ?”
ഇല്ല എന്നഅർത്ഥത്തിൽ അവള്‍ തലയാട്ടി.
“ഞങ്ങളു കണ്ടിട്ടുണ്ട് കേട്ടോ. റോയി ഇങ്ങനെ ഒരാഗ്രഹം പറഞ്ഞപ്പം ഞങ്ങൾക്കു സന്തോഷമായി. പണമല്ലല്ലോ വലുത്, സ്വഭാവമല്ലേ. നല്ലസ്വഭാവമുള്ള ഒരു കുട്ടിയെ കിട്ടണമെന്നേ ഞങ്ങൾ ആഗ്രഹിച്ചിട്ടുള്ളൂ .”
അനിത മന്ദഹസിച്ചതേയുള്ളൂ.
“ഇവിടെ വന്നിട്ട് എത്ര കാലമായി ? ” സഖറിയാസ് ചോദിച്ചു.
“മൂന്നുവർഷം. ഇവിടെ പുതിയ ഓർഫനേജു തുടങ്ങീപ്പം ഇവിടുത്തെ മദറു കൂട്ടിക്കൊണ്ടു വന്നതാ.”
”നേരത്തെ എവിടായിരുന്നു?”
അവൾ സ്ഥലപ്പേര് പറഞ്ഞു.
“എത്ര വരെ പഠിച്ചു?”
“ഡിഗ്രി പാസായി”
പിന്നെയും കുറേ ചോദ്യങ്ങൾ . എല്ലാറ്റിനും ഭംഗിയായി മറുപടി പറഞ്ഞു.
“പള്ളീലെ പാട്ടു കേട്ടിട്ടുണ്ട്. നല്ല ശബ്ദമാ കേട്ടോ മോളെ. ദൈവം തന്ന ആ വലിയ കഴിവ് കൂടുതൽ പ്രയോജനപ്പെടുത്തണം! ” മേരിക്കുട്ടി പറഞ്ഞു .
അനിത മന്ദഹസിച്ചു തലകുലുക്കിയതേയുള്ളൂ.
പത്തു മിനിറ്റു നേരത്തെ കൂടിക്കാഴ്ച. ഒടുവില്‍ പോകാനായി എണീറ്റപ്പോള്‍ മേരിക്കുട്ടി ചിരിച്ചുകൊണ്ടു പറഞ്ഞു:
“ഇനി പള്ളീല്‍ ചെല്ലുമ്പം അവനുവേണ്ടിക്കൂടി പ്രാര്‍ത്ഥിക്കണേ.”
“ഉം.” ചിരിച്ചുകൊണ്ട് അവള്‍ തലകുലുക്കി.
മേരിക്കുട്ടി യാത്ര പറഞ്ഞിട്ടു പുറത്തേക്കിറങ്ങി. അവർ കാറിൽ കയറി പോകുന്നത് നോക്കി അവൾ വരാന്തയിൽ നിന്നു.
തിരികെ മുറിയിലേക്ക് നടക്കുമ്പോൾ അനിത ഓർത്തു. എത്ര നല്ല പപ്പയും അമ്മയും! തന്നോട് എന്ത് സ്നേഹത്തോടെയാണ് അമ്മ സംസാരിച്ചത്. ! ഈ കല്യാണം നടന്നാൽ തന്റെ രാജയോഗമായിരിക്കും ! മുറിയിൽ കയറി അവൾ കൈകൂപ്പി മാതാവിനോട് പ്രാർത്ഥിച്ചു .
ഈ കല്യാണം ഒരിക്കലും മുടങ്ങിപ്പോകരുതേ അമ്മേ എന്ന്.
“എന്തു പറഞ്ഞു അവര്?”
മദറിന്‍റെ ശബ്ദംകേട്ട് അനിത തിരിഞ്ഞു നോക്കി.
” പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല.”
” ഇഷ്ടപ്പെട്ടോ നിന്നെ?”
” ആവോ ”
“ഇനി എല്ലാം നിന്‍റെ യോഗംപോലെയിരിക്കും . കര്‍ത്താവിനോടു മനസ്സുരുകി പ്രാര്‍ത്ഥിച്ചോ. പത്തിരുപത്തി മൂന്നു വർഷം സങ്കടം തിന്നു ജീവിച്ചില്ലേ! ഇനി സന്തോഷിക്കാനായിരിക്കും ദൈവനിശ്ചയം.”
അത് പറഞ്ഞിട്ട് മദര്‍ തിരിച്ചുപോയി.
പിറ്റേന്ന് സ്കൂളില്‍ ചെന്നപ്പോള്‍ സൗമ്യടീച്ചര്‍ കല്യാണക്കാര്യം തിരക്കി. അനിത എല്ലാം വിശദമായി പറഞ്ഞു.
“നീ നന്നായിട്ടു പ്രാര്‍ത്ഥിച്ചോ. എന്നാ വല്യ സ്വത്തുകാരാ. റോയിയാണേല്‍ സിനിമാനടനെപ്പോലെ സുന്ദരനും. സത്യം പറഞ്ഞാ എനിക്കിപ്പം നിന്നോട് അസൂയയാ. എനിക്കാണെങ്കിൽ രണ്ടുവർഷമായി കല്യാണം ആലോചിക്കാൻ തുടങ്ങിയിട്ട് ! ചൊവൊള്ള ഒരെണ്ണം പോലും ഇതുവരെ വന്നില്ല! സ്ത്രീധനമായിട്ട് അമ്പത് ലക്ഷം കൊടുക്കാനാ പപ്പേടെ പ്ലാൻ ! പക്ഷെ അത് മേടിക്കാൻ യോഗ്യതയുള്ള ഒരുത്തൻ കയറി വരണ്ടേ! ”
അനിതക്ക് ചിരിവന്നുപോയി.
“എല്ലാത്തിനും ഓരോ സമയമുണ്ട് ടീച്ചറേ” അനിത പറഞ്ഞു.
” അതെയതെ ! നമ്മൾ എത്ര ഓടിനടന്നാലും ദൈവം നിശ്ചയിച്ച സമയത്തേ കല്യാണം നടക്കൂ !”
അനിത ചിരിച്ചതേയുള്ളൂ .
അടുത്തദിവസം രാവിലെ പള്ളിയിലെ കുർബാന കഴിഞ്ഞപ്പോള്‍ വികാരിയച്ചന്‍ ഫാദര്‍ കുര്യാക്കോസ് പുത്തന്‍പുരയ്ക്കല്‍ കപ്യാരെ വിട്ട് അനിതയെ പള്ളിമേടയിലേക്കു വിളിപ്പിച്ചു. അച്ചന്‍റെ മുമ്പില്‍ വന്ന് അവൾ ഭവ്യതയോടെ നിന്നു.
“ഒരു സന്തോഷവാര്‍ത്ത പറയാനാ നിന്നെ വിളിപ്പിച്ചത്. സഖറിയാസിനും മേരിക്കുട്ടിക്കും നിന്നെ ഇഷ്ടമായി! ഇന്നലെ രാത്രി എന്നെ വിളിച്ചിരുന്നു. നോമ്പു കഴിഞ്ഞു കല്യാണം നടത്താനാ അവരുടെ പ്ലാന്‍. നിനക്ക് ഇഷ്ടക്കേടൊന്നുമില്ലല്ലോ അല്ലെ?”
ഇല്ല എന്ന അര്‍ത്ഥത്തില്‍ അവള്‍ തലയാട്ടി.
“ഇപ്പം എത്ര വയസ്സായി നിനക്ക്?”
“ഇരുപത്തിമൂന്നു കഴിഞ്ഞു.”
“ഇനിയുള്ള കാലം സന്തോഷമായിട്ടു ജീവിക്കാനായിരിക്കും ദൈവനിശ്ചയം.”
അവള്‍ ഒന്നും പറഞ്ഞില്ല.
” കല്യാണം കഴിഞ്ഞു അങ്ങോട്ട് ചെല്ലുമ്പം നിന്നെ ഇട്ടിട്ടു പോയ നിന്റെ അപ്പനേം അമ്മേം ഓർത്തു കരഞ്ഞു പിഴിഞ്ഞ് ഇരുന്നേക്കരുത് കേട്ടോ? ദൈവം സ്നേഹസമ്പന്നനായ ഒരു അപ്പനെയും അമ്മയെയുമാ നിനക്ക് തരാൻ പോകുന്നത്. ഹൃദയം തുറന്നു സ്നേഹിച്ചോണം അവരെ . ”
” ഉം ” അവൾ സമ്മതഭാവത്തിൽ തലയാട്ടി.
ഭര്‍ത്താവിന്‍റെ വീട്ടില്‍ച്ചെല്ലുമ്പോള്‍ ഒരു ഭാര്യ പാലിക്കേണ്ട കടമകളെക്കുറിച്ചും കര്‍ത്തവ്യങ്ങളെക്കുറിച്ചും അച്ചന്‍ ചില നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കി. അവൾ എല്ലാം മൂളി കേട്ടു .
“എന്നാ ഇനി പൊയ്ക്കോ.”
അച്ചന്‍റെ അനുമതി കിട്ടിയതും അവള്‍ പള്ളിമേടയില്‍ നിന്നിറങ്ങി.
ഓര്‍ഫനേജില്‍ വന്ന് വേഷം മാറിയിട്ട് അവൾ ഡൈനിംഗ് റൂമിലേക്കു ചെന്നു. പാചകക്കാരി മറിയാമ്മച്ചേടത്തി കിച്ചണില്‍ നിന്നു ഭക്ഷണമെടുത്തു കൊണ്ടുവന്നു മേശപ്പുറത്തു വയ്ക്കുകയായിരുന്നു ആ സമയം. അനിതയും അവരെ സഹായിച്ചു.
“കല്യാണം കഴിയുമ്പം കുഞ്ഞ് റോയിയോടു പറഞ്ഞ് എനിക്കു വീടു വയ്ക്കാന്‍ ഒരു അമ്പതിനായിരം രൂപ വാങ്ങിത്തരണം കേട്ടോ. കടമായിട്ടു തന്നാ മതി. ഉണ്ടാകുമ്പം തിരിച്ചു തന്നേക്കാം !”
“കല്യാണം കഴിയട്ടെ മറിയാമ്മച്ചേടത്തീ. എനിക്കു പറ്റുന്ന സഹായമൊക്കെ ചെയ്യാം. ഉള്ളവന്‍ ഇല്ലാത്തവനു കൊടുക്കണമെന്നല്ലേ കർത്താവ് പറഞ്ഞിരിക്കുന്നത്. ഒരുപാട് സമ്പാദിച്ചു കൂട്ടിട്ട് എന്താ കാര്യം ?”
മറിയാമ്മയ്ക്കു സന്തോഷമായി.
അനിത ഒരു പ്ലേറ്റെടുത്ത് അതില്‍ രണ്ടു കഷണം പുട്ട് എടുത്തുവച്ചിട്ട് മീതെ കുറച്ചുകടലക്കറി ഒഴിച്ചു. അടുക്കളയില്‍ നിന്നു കൊണ്ടു തന്നെ അവളതു കഴിച്ചു.
ഭക്ഷണം കഴിച്ച് , പാത്രം കഴുകി വച്ചിട്ട് അവള്‍ മുറിയിലേക്കു പോയി
***************
ക്രിസ്മസ് കഴിഞ്ഞ് ആദ്യത്തെ ആഴ്ചയില്‍ റോയിയുടെയും അനിതയുടെയും മനസ്സമ്മതം നടന്നു.
മനസ്സമ്മതത്തിന് ഏറ്റവും അടുത്ത കൂട്ടുകാരെ മാത്രമേ അനിത ക്ഷണിച്ചുള്ളൂ. ചെറിയൊരു ചടങ്ങു മാത്രം.
കല്യാണം കെങ്കേമമായി നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു റോയി. വിവാഹത്തിനുള്ള വസ്ത്രങ്ങളും സ്വര്‍ണ്ണാഭരണങ്ങളുമൊക്കെ വാങ്ങിയത് റോയിയായിരുന്നു. .
നൂറ്റിയൊന്നു പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങി. അത്രയും വേണ്ടെന്ന് അനിത പറഞ്ഞതാണ്. പക്ഷേ, റോയി സമ്മതിച്ചില്ല. ഒന്നിനും ഒരു കുറവുണ്ടാകരുതെന്ന് റോയിക്കാഗ്രഹം!
തുണിക്കടയിൽ നിന്നിറങ്ങുമ്പോൾ സമയം നാലു മണി കഴിഞ്ഞിരുന്നു. റോയിയുടെ കാറിലായിരുന്നു അനിതയുടെ മടക്കയാത്ര. ആ കാറിൽ റോയിയും അനിതയും മാത്രം. സഖറിയാസും കൂട്ടരും മറ്റൊരു കാറില്‍ മുമ്പേ പോയി.
കാറിലിരുന്നു രണ്ടുപേരും ഒരുപാടു വിശേഷങ്ങള്‍ പങ്കുവച്ചു. തമാശകള്‍ പറഞ്ഞുചിരിച്ചു. ആളൊരു സംസാര പ്രിയനാണെന്ന് അനിതക്ക് തോന്നി. താമാശകൾ പറയാൻ എന്തൊരു സാമർഥ്യമാണ്.ചിരിപ്പിച്ചു കൊല്ലും .
“ഡ്രൈവിംഗ് അറിയാമോ?”
ഇടക്ക് റോയി ചോദിച്ചു.
“ഇല്ല.”
“ഒന്നോടിച്ചു നോക്കുന്നോ?”
“ഇപ്പഴോ… യ്യോ, വേണ്ട…”
“എന്തായാലും കല്യാണം കഴിഞ്ഞ് ഇതു പഠിക്കാതെ പറ്റിയേല. ഇപ്പം ഒന്നോടിച്ചു നോക്കിക്കേ…! ചുമ്മാ ഒരു ട്രയൽ ! ”
റോയി കാറു നിറുത്തി.
“വേണ്ട റോയിച്ചാ… പ്ലീസ്… ഇപ്പ വേണ്ട. കല്യാണം കഴിഞ്ഞിട്ട് മതി !”
“ഇപ്പം നമ്മളു രണ്ടു പേരല്ലേയുള്ളൂ. നല്ല വീതിയുള്ള റോഡുമാ..ഓട്ടോ ഗീയർ മോഡിലേക്കിട്ടാൽ ഓടിക്കാൻ എളുപ്പമാ. സ്റ്റീയറിങ് മാത്രം പിടിച്ചാൽ മതി . ബാക്കി ഞാൻ നോക്കിക്കോളാം .”
റോയി കാറില്‍ നിന്നിറങ്ങിയിട്ട് അനിതയെ പിടിച്ചിറക്കി ഡ്രൈവര്‍ സീറ്റില്‍ കയറ്റി ഇരുത്തി. തൊട്ടടുത്ത്, ഇടതുവശത്തു റോയിയും ഇരുന്നു.
” പ്ലീസ് റോയിച്ചാ, ഇപ്പ വേണ്ട . എനിക്ക് പേടിയാ . ”
”എന്നാ പേടിക്കാനിരിക്കുന്നെ? മോളുടെ റോയിച്ചനല്ലേ അടുത്തിരിക്കുന്നത്. ഞാൻ പറയുന്നപോലെയങ്ങോട്ടും ഇങ്ങോട്ടും തിരിച്ചാൽ മതി. ”
”വേണ്ട റോയിച്ചാ.. . ആരെങ്കിലും കണ്ടാൽ മോശമാ. കല്യാണം കഴിയുന്നതിനുമുന്പേ…”
“ആരും കാണുകേല. മോള് ആ സ്റ്റീയറിംഗിലേക്കു കൈ പിടിച്ചേ.”
അവളുടെ കൈ എടുത്തു റോയി സ്റ്റീയറിംഗിലേക്കു വച്ചു . റോയിയുടെ കരസ്പര്‍ശമേറ്റപ്പോള്‍ കോരിത്തരിച്ചുപോയി അവള്‍.
ആദ്യം ചില നിർദേശങ്ങൾ നൽകി റോയി. എന്നിട്ടു അനിതയെക്കൊണ്ട് വണ്ടി സ്റ്റാർട്ട് ചെയ്യിപ്പിച്ചു. കാർ മെല്ലെ മുൻപോട്ട് ഉരുണ്ടു. ആദ്യമൊക്കെ സ്റ്റീയറിംഗ് തിരിക്കാൻ റോയി അവളെ സഹായിച്ചു. പിന്നീട് റോയിയുടെ നിര്‍ദ്ദേശമനുസരിച്ച് അനിത സ്റ്റീയറിംഗ് ഇടത്തോട്ടും വലത്തോട്ടും തിരിച്ചുകൊണ്ടിരുന്നു.
ഒരു വളവു തിരിഞ്ഞതും പൊടുന്നനെ എതിർദിശയില്‍നിന്ന് ഒരു ടിപ്പർ ലോറി പാഞ്ഞുവന്നു. സ്റ്റീയറിംഗ് എങ്ങോട്ടു തിരിക്കണമെന്നറിയാതെ അനിത ഒരു നിമിഷം പകച്ചുപോയി.
നൊടിയിടയിൽ റോയി സ്റ്റീയറിംഗ് പിടിച്ച് ഇടത്തേക്കു ആഞ്ഞു തിരിച്ചു.
നിയന്ത്രണം വിട്ട് കാര്‍ ഇടതുവശത്തെ ഓടയിലേക്കു വീണു മറിഞ്ഞു.
ലോറി നിറുത്തി. ഡ്രൈവർ ഇറങ്ങി ഓടിവന്നു.
മറിഞ്ഞുകിടന്ന കാറില്‍ നിന്ന് ഒരു സ്ത്രീയുടെ രോദനം അയാൾ കേട്ടു.
( തുടരും )
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved)
(അടുത്ത അദ്ധ്യായം നാളെ)
Alaso Read അവൾ അനാഥയല്ല- നോവൽ- അദ്ധ്യായം ഒന്ന്. രചന: ഇഗ്‌നേഷ്യസ് കലയന്താനി














































