Home Entertainment അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 7. രചന: ഇഗ്‌നേഷ്യസ് കലയന്താനി

അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 7. രചന: ഇഗ്‌നേഷ്യസ് കലയന്താനി

1974
0
അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 7. ഇഗ്‌നേഷ്യസ് കലയന്താനി

കഥ ഇതുവരെ
കന്യാസ്ത്രീകൾ നടത്തുന്ന അനാഥാലയത്തിൽ വളർന്ന , സുന്ദരിയും പാട്ടുകാരിയുമായ അനിതയോട് ആ ഇടവകയിലെ ധനാഢ്യനായ ഇലഞ്ഞിക്കൽ സഖറിയാസിന്റെ മകൻ റോയിക്ക് അനുരാഗം തോന്നി. റോയിയുടെ മാതാപിതാക്കൾ ആദ്യം എതിർത്തെങ്കിലും അവന്റെ നിർബന്ധത്തിനു വഴങ്ങി ആ കല്യാണം നടത്തിക്കൊടുത്തു. ആദ്യരാത്രിയിൽ അനിതക്ക് മനസിലായി തന്റെ ഭർത്താവ് മദ്യത്തിന് അടിമയാണെന്ന് . അത് അവളെ തളർത്തി. കാഞ്ഞിരപ്പള്ളിയില്‍ 25 ഏക്കർ റബര്‍ത്തോട്ടമുണ്ട് സഖറിയാസിന്. അതു നോക്കി നടത്തി ആദായമെടുക്കുന്ന ചുമതല റോയിയെയാണ് ഏല്പിച്ചിരുന്നത്. ആഴ്ചയില്‍ മൂന്നോ നാലോ ദിവസം റോയി അവിടെപ്പോകും. റോയിയുടെ അഭാവത്തിൽ പപ്പയും അമ്മയും അനിതയെ മാനസികമായി നിരന്തരം പീഡിപ്പിപ്പിച്ചു. അനിത ഭർത്താവിനോട് തന്റെ ദുഃഖങ്ങൾ പറഞ്ഞു. അനിതയെ പീഡിപ്പിക്കുന്നതിന്റെ പേരിൽ ഒരു രാത്രി റോയി മാതാപിതാക്കളുമായി വഴക്കിട്ടു. കലിപൂണ്ട റോയിയുടെ പപ്പ സക്കറിയാസ് ഒരപകട മരണത്തിലൂടെ അനിതയെ കൊന്നുകളയാൻ രഹസ്യമായി പദ്ധതി തയ്യാറാക്കി.(തുടർന്ന് വായിക്കുക )

ഇലഞ്ഞിക്കൽ തറവാട്ടിൽ താൻ ഒറ്റപ്പെട്ടു പോയി എന്ന തോന്നൽ അനിതയെ വല്ലാതെ തളർത്തി. സഖറിയാസും മേരിക്കുട്ടിയും ജിഷയും ഇപ്പോൾ അവളോട് മിണ്ടാറേയില്ല . ഭക്ഷണം കഴിക്കുന്നതുപോലും അവൾ ഒറ്റക്കിരുന്നാണ് .
റോയി എസ്റ്റേറ്റിൽ പോയിക്കഴിഞ്ഞാൽ അവൾ കിടപ്പുമുറിയിൽ ടി വി കണ്ടിരിക്കും . അല്ലെങ്കിൽ വിശുദ്ധഗ്രൻഥം വായിച്ചിരിക്കും . അതുമല്ലെങ്കിൽ മൊബൈൽ ഫോണിൽ പാട്ടുകേട്ടിരിക്കും .
റോയിയുടെ ആഗ്രഹപ്രകാരം കല്യാണത്തിന് മുൻപു തന്നെ സ്‌കൂളിലെ ജോലി അവൾ രാജിവച്ചിരുന്നു. അത് അബദ്ധമായിപ്പോയി എന്ന് അവൾക്ക് തോന്നി. ഒരു ജോലിയുണ്ടായിരുന്നെങ്കിൽ ഈ വിരസത ഒഴിവാക്കാമായിരുന്നു.
ഒരുപാട് സ്വപ്നങ്ങളും മോഹങ്ങളുമായി വിവാഹജീവിതത്തിലേക്കു പ്രവേശിച്ച തനിക്ക് ഒടുവിൽ കിട്ടിയത് എന്താണ് ? കുറെ സങ്കടങ്ങളും കണ്ണീരും മാത്രം ! തന്റെ കല്യാണം നിശ്ചയിച്ചപ്പോൾ സൗമ്യ ടീച്ചർ അസൂയയോടെ പറഞ്ഞ വാക്കുകൾ അവളോർത്തു: ”നിനക്ക് രാജയോഗമായിരിക്കും ഇനി.., രാജയോഗം !” ങ്‌ഹും! ഇതാണോ രാജയോഗം? അവരൊക്കെ ഇപ്പോൾ വിചാരിക്കുന്നത് താൻ ഇലഞ്ഞിക്കൽ തറവാട്ടിൽ ഒരു റാണിയെപ്പോലെ ജീവിക്കുകയാണെന്നല്ലേ? ഇതിനേക്കാൾ എത്രയോ ഭേദമായിരുന്നു ഓർഫനേജിലെ ആ കൊച്ചു വീട്ടിലെ ജീവിതം ! അവിടെ തന്നെ സ്നേഹിക്കാൻ കുറെ കുരുന്നുകളുണ്ടായിരുന്നു.
എമിലിയെയും മഞ്ജുഷയെയും അപ്പൂസിനെയുമൊക്കെ കാണാൻ കൊതിയാവുന്നു. അവരൊക്കെ ഈ കുഞ്ഞേച്ചിയെ ഓർക്കുന്നുണ്ടാവുമോ ?
ഒരുദിവസം റോയിയുടെ അനുമതി വാങ്ങി ഓർഫനേജിലേക്കു പോയി അവൾ. ആദ്യം നേരെ കോൺവെന്റിലേക്കാണ് ചെന്നത് . കന്യാസ്ത്രീകൾ അവളെ ഹൃദ്യമായി സ്വീകരിച്ചിരുത്തി വിശേഷങ്ങൾ തിരക്കി. ഇലഞ്ഞിക്കൽ വീട്ടിൽ തനിക്കു പരമസുഖമാണെന്നാണ് അവൾ എല്ലാവരോടും പറഞ്ഞത്. വെറുതെ എന്തിനു തന്റെ വിഷമങ്ങൾ വിളമ്പി അവരുടെയും മനസുവേദനിപ്പിക്കണം എന്നവൾ ചിന്തിച്ചു.
” ഒക്കെ ദൈവാനുഗ്രഹമാ ! നീ കർത്താവിന് നന്ദി പറയണം കേട്ടോ ” മദർ പറഞ്ഞു.
അനിത മന്ദഹസിച്ചതേയുള്ളു.
” നിന്നെ ഇപ്പം പള്ളീൽ പാട്ടുപാടാനൊന്നും കാണാറില്ലല്ലോ ? കല്യാണം കഴിഞ്ഞൂന്നു വച്ചു ക്വയറീന്നു മാറുവൊന്നും വേണ്ടാട്ടോ ”
” ഉം ” അവൾ തലയാട്ടി
” നിനക്ക് പാടാനുള്ള കഴിവും നല്ല ശബ്ദവും ദൈവം തന്നിട്ടുണ്ട്. അത് ദൈവത്തെ സ്തുതിക്കാനായിട്ടുകൂടി വിനിയോഗിക്കണം .’
അനിതയുടെ കണ്ണുകൾ നിറഞ്ഞതു സിസ്റ്റർ കണ്ടില്ല.
ഏറെ നേരം കന്യാസ്ത്രീകളുമായി അവൾ വിശേഷണങ്ങൾ പങ്കുവച്ചിരുന്നു.
മഠത്തിൽ നിന്ന് ഉച്ചയൂണ് കഴിച്ചിട്ട് സിസ്റ്റർ മരിയായോടൊപ്പം അവൾ ഓർഫനേജിലേക്കു പോയി . അന്ന് ശനിയാഴ്ചയായിരുന്നതിനാൽ കുട്ടികളെല്ലാവരും അവിടെയുണ്ടായിരുന്നു. അനിതയെ കണ്ടതേ കുഞ്ഞേച്ചി വന്നേ എന്നാർത്തു വിളിച്ചുകൊണ്ടു കുട്ടികളെല്ലാവരും ഓടിവന്നു അവളുടെ കരംപിടിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തു. ആ സ്നേഹം കണ്ടപ്പോൾ സന്തോഷം കൊണ്ട് അനിതയുടെ കണ്ണ് നിറഞ്ഞു. അവർക്കു കൊടുക്കാൻ അവൾ മിഠായിയും കേക്കും വാങ്ങി കൊണ്ടുവന്നിട്ടുണ്ടായിരുന്നു. അത് എല്ലാവർക്കുമായി വിതരണം ചെയ്തു.
” കുഞ്ഞേച്ചി ഒരു പാട്ടുപാടാമോ ? ” മധുരം നുണയുന്നതിനിടയിൽ അനിതയുടെ കയ്യിൽ തൂങ്ങിക്കൊണ്ടു എമിലി ചോദിച്ചു .
” പാടാല്ലോ മുത്തേ”
എമിലിയെ ചേർത്ത് നിറുത്തി കവിളിൽ ഒരുമ്മ കൊടുത്തിട്ട് അവൾ പാടി.
” പരിത്രാണകനാം ഈശോ പോരുക.., മമ മാനസ പൂവാടിയിൽ പോരുക. ദിവ്യ സ്നേഹാഗ്നി വീശി എന്നിൽ വാഴുക.., സുര ദീപ്തി ചിന്തി എന്നും വാഴുക ..,”
വിശുദ്ധ അൽഫോൻസാമ്മയുടെ ഏറ്റവും പ്രിയപ്പെട്ട ഗാനം.
പാട്ടു തീർന്നതും അനിതയുടെ കണ്ണുകൾ നിറഞ്ഞൊഴുകി . കൈത്തണ്ടയിൽ ഒരു തുള്ളി കണ്ണീർ വീണപ്പോൾ എമിലി മുഖം ഉയർത്തി ചോദിച്ചു
” കുഞ്ഞേച്ചി കരയുവാണോ ? ”
” അൽഫോൻസാമ്മ അനുഭവിച്ച വേദനകൾ ഓർത്തപ്പോൾ കരഞ്ഞുപോയതാ പോയതാ മോളെ ”
കൈ ഉയർത്തി അനിത മിഴികൾ തുടച്ചു.
കുട്ടികൾ അവളുടെ മടിയിൽ കയറി ഇരിക്കുകയും കഴുത്തിൽ കൈചുറ്റിയിട്ടു കവിളിൽ ഉമ്മവയ്ക്കുകയും ചെയ്തു. അവരുടെ സ്നേഹപ്രകടങ്ങൾ കണ്ടപ്പോൾ അനിത മനസ്സിൽ പറഞ്ഞു. നിഷ്കളങ്കരായ ഈ കുരുന്നുകളുടെ സ്നേഹമാണ് ദൈവത്തിന്റെ സ്നേഹം ! ഇവരുടെ സാമീപ്യമാണ് ദൈവത്തിന്റെ സമീപിപ്യം . ഈ കുഞ്ഞുങ്ങളെ വിട്ടു പോകാനേ തോന്നുന്നില്ല .
” കുഞ്ഞേച്ചി ഇന്ന് പോകണ്ടാട്ടോ . ഞങ്ങടെ കൂടെ ഇന്ന് ഇവിടെ കിടക്കണം ”
അവളുടെ മടിയിൽ കയറി ഇരുന്നിട്ട് കഴുത്തിൽ കൈചുറ്റി അപ്പൂസ് നിർബന്ധം പിടിച്ചു.
”കുഞ്ഞേച്ചിക്കിന്നു പോണല്ലോ മോനെ. പോകാതിരിക്കാൻ പറ്റിയേല ” അനിത അവന്റെ കുഞ്ഞിക്കവിളിൽ ഒരു മുത്തം നൽകി
” ഞങ്ങള് വിടൂല്ലല്ലോ ” മഞ്‌ജുഷയും അവളെ വട്ടം പിടിച്ചു .
കുട്ടികളുടെ സ്നേഹത്തിന്റെ ആഴം കണ്ടപ്പോൾ അവരോടൊപ്പം ഒരു രാത്രി അവിടെ കിടക്കണമെന്ന് അവൾക്കും ആഗ്രഹം തോന്നി. അപ്പോൾ തന്നെ അവൾ റോയിയെ മൊബൈലിൽ വിളിച്ചു അനുവാദം ചോദിച്ചു . റോയി ആദ്യം എതിർത്തെങ്കിലും അവളുടെ നിർബന്ധത്തിനു വഴങ്ങി ഒടുവിൽ സമ്മതം മൂളി .
സന്ധ്യാപ്രാർത്ഥന കഴിഞ്ഞ് ഏറെനേരം അവൾ കുട്ടികളോടൊപ്പം കഥകൾ പറഞ്ഞും പാട്ടുപാടിയും സമയം ചിലവിട്ടു. എമിലിയും അപ്പൂസും അവളുടെ മടിയിലിരുന്ന് കഥകൾ കേട്ട് ഉറങ്ങിപ്പോയി.
എല്ലാവരെയും ഉറക്കാൻ കിടത്തിയിട്ട് അനിതയും കിടന്നു, അവരോടൊപ്പം ആ മുറിയിൽ, കുട്ടികളെ കെട്ടിപ്പിടിച്ച്‌ .
ഇലഞ്ഞിക്കലെ എ സി മുറിയേക്കാൾ എത്രയോ സുഖപ്രദമാണ് അനാഥമന്ദിരത്തിലെ ഈ ഡോർമിറ്ററി എന്നവൾ ഓർത്തു. ഇതാണ് ദൈവത്തിന്റെ ഭവനം !
പിറ്റേന്ന് ഞായറാഴ്ച്ച.
പുലർച്ചെ എണീറ്റ് അവൾ പള്ളിയിൽ പോയി വിശുദ്ധ കുർബാനയിൽ പങ്കുകൊണ്ടു . കുർബാനകഴിഞ്ഞു നേരെ പള്ളി മേടയിൽ വികാരിയച്ചന്റെ മുറിയിലേക്ക് ചെന്നു. അവളെ കണ്ടതേ അച്ചൻ പറഞ്ഞു :
”ഞാൻ വിചാരിച്ചു കല്യാണം കഴിഞ്ഞപ്പം പഴയ ആൾക്കാരെയൊക്കെ മറന്നൂന്ന്. ”
” ഒരിക്കലും മറക്കില്ലച്ചോ . അങ്ങനെ മറക്കാൻ പറ്റുന്ന ഒരു മനസല്ലല്ലോ ദൈവം എനിക്ക് തന്നിരിക്കുന്നത്. ”
” പള്ളീല് പാട്ടുപാടാനൊന്നും ഇപ്പം നിന്നെ കാണുന്നില്ലല്ലോ ? കല്യാണം കഴിഞ്ഞപ്പം പള്ളീൽ വരവൊക്കെ
കുറഞ്ഞോ?”
” ഇടയ്ക്കു മുടങ്ങാറുണ്ട്’ ”
” അത് പാടില്ല. കുർബാനയും കുമ്പസാരവുമൊക്കെ കുറയുന്നതുകൊണ്ടാ പല പ്രശ്നങ്ങളും ഉണ്ടാകുന്നത്.”
ചുറ്റുമൊന്നു കണ്ണോടിച്ചിട്ട് സ്വരം താഴ്ത്തി അച്ചൻ തുടർന്നു : ” നിന്നോടൊരു രഹസ്യം ചോദിക്കട്ടെ ; റോയി കുടിക്കുമോ മോളെ ?”
” ഉം ” അനിത തലയാട്ടി
” മദ്യപിച്ചു കാറോടിച്ചിട്ടാ അപകടം ഉണ്ടായതല്ലേ ?”
”ഉം ”
” അന്ന് നീയും കുടിച്ചായിരുന്നെന്നു കേട്ടത് ശരിയാണോ ?”
” കുടിച്ചതല്ല , എന്നെ ചതിയിൽ വീഴ്ത്തി കുടിപ്പിച്ചതാ അച്ചോ”
” മനസിലായില്ല ? ”
നടന്നതെന്താണെന്ന് അവൾ തുറന്നു പറഞ്ഞു. എല്ലാം കേട്ടശേഷം അച്ചൻ പറഞ്ഞു :” അവൻ അത്രയും വലിയ കുടിയനാണെന്നു ഞാൻ അറിഞ്ഞതേയില്ല .” ഒരുനിമിഷത്തെ ഇടവേളക്കുശേഷം അച്ചൻ തുടർന്നു : ” ഇന്നത്തെ ചെറുപ്പക്കാരുടെ ഏറ്റവും വലിയ ശാപമാ മദ്യപാനവും മയക്കുമരുന്നുപയോഗവും . കഴിഞ്ഞ ദിവസം പത്രത്തിൽ വായിച്ചില്ലേ , ഏതോ കോളേജിന്നു ടൂറുപോയ ആമ്പിള്ളേരും പെമ്പിള്ളേരും കൂടി കുടിച്ചു കൂത്താടീന്നും , അതിന്റെ വീഡിയോ ആരോ എടുത്തു ഫേസ്ബുക്കിൽ ഇട്ടെന്നുമൊക്കെ. നാട്ടുകാരും വീട്ടുകാരുമൊക്കെ അറിഞ്ഞെന്നു കണ്ടപ്പം അതിൽ ഒരു പെണ്ണ് ആത്മഹത്യക്കു ശ്രമിച്ചു . നീ വായിച്ചായിരുന്നോ ആ വാർത്ത ”
” ഉം ”
” പെണ്ണുങ്ങൾക്ക് പോലും ഇപ്പം മദ്യപാനം വല്ല്യ കാര്യമല്ലെന്നായി. ക്രിസ്മസും ഈസ്റ്ററുമൊക്കെ വരുമ്പം പല കുടുംബത്തിലും മാതാപിതാക്കളും മക്കളും ഒരുമിച്ചിരുന്നല്ലേ മദ്യപിക്കുന്നത്. ”
അനിത ഒന്നും മിണ്ടിയില്ല.
” നീ ശ്രദ്ധിക്കണം കേട്ടോ. വലിയ വീടാകുമ്പം ഇടയ്ക്കിടെ പാർട്ടിയും വെള്ളമടിയുമൊക്കെ കാണും. ഇത്തിരി കഴിച്ചോളാൻ ഭർത്താവ് ചിലപ്പോൾ നിർബന്ധിച്ചെന്നുമിരിക്കും . പക്ഷേ കുടി തുടങ്ങിയാൽ പിന്നെ അത് നിറുത്താൻ ബുദ്ധിമുട്ടാ മോളെ .”
” എനിക്കറിയാം അച്ചോ. ഞാൻ ശ്രദ്ധിച്ചോളാം ”
” നീ നിന്നെ ശ്രദ്ധിച്ചാൽ മാത്രം പോരാ ! റോയിയെക്കൂടി ശ്രദ്ധിക്കണം . അവന്റെ കുടി നിറുത്തിക്കാൻ നീ നോക്കണം .ഇല്ലെങ്കിൽ പത്തുപതിനഞ്ചു വർഷം കഴിയുമ്പം ചങ്കും കരളുമൊന്നും കാണുകേല .” തൂവാലയെടുത്തു മുഖം തുടച്ചിട്ട് അച്ചൻ തുടർന്നു : ”ആരോഗ്യമുള്ള കാലത്തു അതിനെപ്പറ്റിയൊന്നും ആരും ചിന്തിക്കുകേല. ഒടുവിൽ ആശുപത്രിയിൽ കിടക്കുമ്പം പഴയതൊക്കെ ഓർത്തു ദുഖിക്കും.
അതുകൊണ്ട് ഒരു കാര്യവുമില്ല താനും .”
അനിതയുടെ മിഴിക്കോണുകളിൽ കണ്ണുനീർ ഉരുണ്ടു കൂടിയത് അച്ചൻ ശ്രദ്ധിച്ചില്ല.
അച്ചൻ തുടർന്നു : ”നമ്മടെ സർക്കാരാകട്ടെ , ഇതിന്റെ ലഭ്യത കൂടിക്കൊണ്ടിരിക്കുകയാണ് താനും . എന്നിട്ടു പ്രസംഗിക്കും , മദ്യ നിരോധനമല്ല മദ്യവർജ്ജനമാണ് വേണ്ടതെന്ന്. സത്യം പറഞ്ഞാൽ ഈ സാധനം പണ്ടേ നിരോധിക്കേണ്ടതായിരുന്നു. ഇത് കുടിച്ചു എത്ര കുടുംബങ്ങളാ നശിച്ചത്. ഇന്ന് നടക്കുന്ന പീഡനങ്ങളുടെയും കൊലപാതകങ്ങളുടെയും മുഖ്യ കാരണക്കാരൻ ഇവനാ . വണ്ടിയപകടത്തിന്റെ കാര്യത്തിലും ഇവൻ തന്നെ വില്ലൻ . അത് നിനക്ക് അനുഭവത്തിന്നു മനസിലായല്ലോ. ഇനിം കുടിക്കരുതെന്നു നീ അവനോടു പറയണം കേട്ടോ ”
” ഉം ” അനിത തലയാട്ടി.
” അവൻ കുടിക്കുമെന്നു എനിക്ക് നേരത്തെ അറിയില്ലായിരുന്നു . അറിഞ്ഞായിരുന്നെങ്കിൽ ഞാനീ കല്യാണത്തിന് മുൻകൈ എടുക്കില്ലായിരുന്നു. ”
അനിതയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയത് കണ്ടപ്പോൾ അച്ചൻ പറഞ്ഞു
” നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല . നീ സന്തോഷമായിട്ടു ജീവിക്കുന്നത് കാണണമെന്നുള്ള ആഗ്രഹം കൊണ്ടു പറഞ്ഞതാ ”
”എനിക്കറിയാം അച്ചോ ” ഷാളിന്റെ അഗ്രം കൊണ്ട് അവൾ മിഴികൾ തുടച്ചു.
”ഇപ്പഴത്തെ കാലത്തു ഇത്തിരി കഴിക്കാത്ത ചെറുപ്പക്കാരില്ലെന്നത് നേരാ . പക്ഷെ ഇതിപ്പം അങ്ങനെയല്ലല്ലോ . അഡിക്ടായിപ്പോയില്ലേ . നീ അവനെ മാറ്റിയെടുക്കണം മോളെ . വഴക്കു കൂടിയല്ല , സ്നേഹം കൊണ്ട്. സ്നേഹം കൊണ്ട് കീഴ്‌പ്പെടുത്താൻ പറ്റാത്ത യാതൊന്നും ഈ ലോകത്തിലില്ല മോളെ . ഈശോ പഠിപ്പിച്ചിരുന്ന മാർഗവും അതാണല്ലോ ”
അനിതയുടെ കണ്ണുകൾ പൊട്ടി ഒഴുകി. ഇടറിയ സ്വരത്തിൽ അവൾ പറഞ്ഞു: ”അച്ചൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം. ”
”തീർച്ചയായും. നീ പറഞ്ഞില്ലെങ്കിലും അച്ചൻ നിനക്ക് വേണ്ടി എന്നും പ്രാർത്ഥിക്കുന്നുണ്ട്‌ . അതാണല്ലോ എന്റെ തൊഴിലും. ”
അച്ചൻ എഴുന്നേറ്റ് അലമാര തുറന്ന് ഒരു കൊന്തയെടുത്തു നീട്ടിക്കൊണ്ടു പറഞ്ഞു : ” ഫ്രാൻസിസ് മാർപാപ്പ വെഞ്ചിരിച്ച കൊന്തയാ . ഇത് കയ്യിൽ പിടിച്ചു എന്നും ജപമാല ചൊല്ലണം കേട്ടോ . മാതാവ് നിന്റെ പ്രാർത്ഥന കേൾക്കാതിരിക്കില്ല ”
അനിത രണ്ടു കയ്യും നീട്ടി കൊന്ത വാങ്ങി .
” വല്ലപ്പോഴും ഈ വയസ്സനച്ചനെ കാണാൻ വരണം കേട്ടോ ”
” വരാം അച്ചോ ”
അനിത തലകുലുക്കി.
”കർത്താവ് നിന്നെയും നിന്റെ കുടുംബത്തെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ ”
അച്ചൻ അവളുടെ തലയിൽ കൈവച്ചു പ്രാർത്ഥിച്ചു.
” എന്നാ ഇനി പൊയ്ക്കോ! ”
അച്ചന്റെ അനുമതി കിട്ടിയതും പള്ളിമേടയിൽ നിന്നിറങ്ങി അവൾ വീട്ടിലേക്കു നടന്നു. വീട്ടിലെത്തിയപ്പോൾ മണി ഒൻപത് . മേരിക്കുട്ടിയും ജിഷയും അവളെ കണ്ടതേ മുഖം വെട്ടിച്ചു മാറി . അനിത ഗോവണിപ്പടികൾ കയറി നേരെ കിടപ്പുമുറിയിലേക്ക് പോയി.
റോയി പത്രം വായിച്ചുകൊണ്ടു മുറിയിൽ ഇരിപ്പുണ്ടായിരുന്നു. അനിതയെ കണ്ടതേ അയാൾ ചോദിച്ചു :
” ങ് ഹാ ,വന്നോ ! എങ്ങനുണ്ടായിരുന്നു അനാഥമന്ദിരത്തിലെ കിടപ്പ് ? ഇവിടുത്തേക്കാൾ സുഖമായിരുന്നോ ?”
ചോദ്യത്തിലെ പരിഹാസം അവൾ തിരിച്ചറിഞ്ഞു.
” സുഖവും ദുഖവും നോക്കിയല്ല , കുട്ടികള് നിർബന്ധിച്ചപ്പം അവരോടൊപ്പം ഒരു രാത്രി അവിടെ തങ്ങീന്നേയുള്ളൂ . എനിക്ക് സ്വന്തക്കാ രെന്നു പറയാൻ അവരല്ലേയുള്ളു .” അനിത നീരസത്തോടെ പറഞ്ഞു
” സത്യം പറയട്ടെ ; നീയവിടെ കിടന്നത് എനിക്കൊട്ടും ഇഷ്ടപ്പെട്ടില്ല . പിന്നെ നീയൊരാഗ്രഹം പറഞ്ഞപ്പം ഞാൻ എതിർത്തില്ലെന്നേയുള്ളൂ . ഇനിയത് സമ്മതിക്കുകേല കേട്ടോ ”
” എനിക്ക് പോകാൻ വേറെവിടാ റോയിച്ചാ ഉള്ളത് ? അപ്പനും അമ്മേം ഇല്ലാത്ത ഒരനാഥ പെണ്ണല്ലേ ഞാൻ ? ”
” നിന്റെ അപ്പനും അമ്മേം നിന്നെ ഉപേക്ഷിച്ചു പോയത് എന്റെ കുറ്റം കൊണ്ടാണോടീ ?”
അടി കിട്ടിയതുപോലെ അനിത ഒരു നിമിഷം ഒന്ന് പിടഞ്ഞു . ഹൃദയത്തിലൂടെ ഒരീർച്ചവാൾ കടന്നുപോയതുപോലെ തോന്നി.
റോയിയുടെ വാക്കുകൾ ഹൃദയത്തിനേൽപ്പിച്ച ആഘാതം സഹിക്കാവുന്നതിനും അപ്പുറമായിരുന്നു അവൾക്ക് .
(തുടരും. അടുത്ത അദ്ധ്യായം നാളെ )
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved)

Also Read അവൾ അനാഥയല്ല- നോവൽ- അദ്ധ്യായം ഒന്ന്.

Also Read അവൾ അനാഥയല്ല – നോവൽ – അദ്ധ്യായം 2 .

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 3

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 4

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 5

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 6

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here