കഥ ഇതുവരെ-
കന്യാസ്ത്രീകൾ നടത്തുന്ന അനാഥാലയത്തിൽ വളർന്ന , സുന്ദരിയും പാട്ടുകാരിയുമായ അനിതയോട് ആ നാട്ടിലെ ധനാഢ്യനായ ഇലഞ്ഞിക്കൽ സഖറിയാസിന്റെ മകൻ റോയിക്ക് അനുരാഗം തോന്നി. റോയിയുടെ മാതാപിതാക്കൾ ആദ്യം എതിർത്തെങ്കിലും അവന്റെ നിർബന്ധത്തിനു വഴങ്ങി കല്യാണം നടത്തിക്കൊടുത്തു . ആദ്യരാത്രിയിൽ അനിതക്ക് മനസിലായി തന്റെ ഭർത്താവ് മദ്യത്തിന് അടിമയാണെന്ന് . അത് അവളെ തളർത്തി.
കാഞ്ഞിരപ്പള്ളിയില്‍ 25 ഏക്കർ റബര്‍ത്തോട്ടമുണ്ട് സഖറിയാസിന്. അതു നോക്കി നടത്തി ആദായമെടുക്കുന്ന ചുമതല റോയിയെയാണ് ഏല്പിച്ചിരുന്നത്. ആഴ്ചയില്‍ മൂന്നോ നാലോ ദിവസം റോയി അവിടെപ്പോകും. റോയിയുടെ അഭാവത്തിൽ അയാളുടെ പപ്പയും അമ്മയും അനിതയെ മാനസികമായി പീഡിപ്പിച്ചു. അനിത ഭർത്താവിനോട് തന്റെ ദുഃഖങ്ങൾ പറഞ്ഞു. അനിതയെ മാനസികമായി പീഡിപ്പിച്ചതിന്റെ പേരിൽ മാതാപിതാക്കളെ ശകാരിച്ചു റോയി . അതോടെ അനിതയോടുള്ള പപ്പയുടെ ദേഷ്യം പകയായി മാറി . ഒരു രാത്രി മദ്യപിച്ചു വന്ന റോയി അനിതയെ ചൊല്ലി പപ്പയും അമ്മയുമായി വഴക്കിട്ടു . സഖറിയാസ് മകന്റെ കരണത്തടിച്ചു . കലിപൂണ്ട റോയി ആ രാത്രി തന്നെ ഭാര്യയെയും വിളിച്ചിറക്കി ലോഡ്ജിൽ പോയി താമസിച്ചു . പിന്നീട് വാടകവീട്ടിലേക്കു താമസം മാറ്റി. ഒരു ഇരുനില വീട് . മുകളിലത്തെ നിലയിൽ റോയിയും ഭാര്യയും . താഴെ വീട്ടുടമയായ ഹരികൃഷ്ണനും ഭാര്യ മിനിയും യു കെ ജിയിൽ പഠിക്കുന്ന മകൾ നീരജയും. ചെരിപ്പുകമ്പനിയിൽ ജോലിക്കെന്നു പറഞ്ഞു എന്നും രാവിലെ റോയി പോകും . അനിത വീട്ടിൽ തനിച്ചാകും . റോയി മദ്യപാനം തുടർന്നു. ഒരുദിവസം രാവിലെ ഇതിന്റെ പേരിൽ റോയിയും അനിതയും തമ്മിൽ വഴക്കുണ്ടായി. അനിതയോടു പിണങ്ങി ബ്രേക്ഫാസ്റ് പോലും കഴിക്കാതെ റോയി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. (തുടർന്ന് വായിക്കുക)
അനിത മൊബൈൽ ഫോണ്‍ എടുത്തു റോയിയുടെ നമ്പര്‍ ഡയല്‍ ചെയ്തു. ഫോണ്‍ സ്വിച്ച് ഓഫ്.
റോയിച്ചൻ തന്നെ ഉപേക്ഷിച്ചിട്ടു പോയോ? തീ പടർന്ന മനസ്സുമായി അവള്‍ മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു. പിന്നീട് പല തവണ വിളിച്ചപ്പോഴും ഫോൺ സ്വിച്ചോഫ് തന്നെ! ആരോടാണ് താന്‍ സഹായം അഭ്യര്‍ത്ഥിക്കുക? ഹരിയോട് പോയി പറയണോ? വേണ്ട .., റോയിച്ചൻ തന്നെ സംശയിച്ചാലോ.
മാതാവിനോട്, ജപമാല ചൊല്ലി അവള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു; റോയി തന്നിൽ നിന്ന് അകലരുതേ അമ്മേ എന്ന്.
റോയി വിളിക്കുമെന്ന് അവൾ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.
നേരം ഉച്ചയായി.. നാലുമണിയായി.. സന്ധ്യയായി!
ആഹാരം പോലും കഴിക്കാതെ കർത്താവിന്റെ തിരുസ്വരൂപത്തിനു മുൻപിൽ നിന്നവൾ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. റോയിച്ചൻ എത്രയും വേഗം മടങ്ങിവരണേയെന്ന് .
ഇരുട്ട് വീണപ്പോൾ അവൾക്കു ഭയം വർധിച്ചു! റോയി വന്നില്ലെങ്കിൽ താൻ എന്ത് ചെയ്യും? രാത്രി ഹരിയുടെ വീട്ടിൽ ചെന്ന് അഭയം ചോദിക്കണോ? അതോ പേടിച്ചു വിറച്ചു തനിയെ ഈ മുറിയിൽ കഴിയണോ?
അങ്ങനെ ചിന്തിച്ചിരിക്കുമ്പോൾ പുറത്തു പാദപതന ശബ്ദം കേട്ടു. പ്രതീക്ഷയോടെ ഓടിച്ചെന്നു അവൾ വാതില്‍ തുറന്നു.
പ്രതീക്ഷ തെറ്റിയില്ല. സ്റ്റെപ്പുകൾ കയറി റോയി സാവധാനം നടന്നു വരുകയാണ്. അയാളുടെ മുഖത്ത് അപ്പോഴും ദേഷ്യഭാവമായിരുന്നു. അനിതയുടെ മുഖത്തേക്ക് നോക്കാൻ പോലും കൂട്ടാക്കിയില്ല ആ മനുഷ്യൻ.
റോയി മുറിയിലേക്ക് കയറിയ ഉടനെ അനിത വാതിൽ അടച്ചിട്ട് ഭര്‍ത്താവിന്‍റെ കരം പുണര്‍ന്നുകൊണ്ട് തളർന്ന സ്വരത്തില്‍ പറഞ്ഞു:
“എന്‍റെ അറിവില്ലായ്മകൊണ്ടു ഞാനെന്തോ പറഞ്ഞുപോയി റോയിച്ചാ. എന്നോട് ക്ഷമിക്കണം.., പ്ലീസ് . ഇനി ഞാനൊന്നും പറയില്ല. കുടിച്ചാലും എനിക്ക് സങ്കടമില്ല. റോയിച്ചന്‍ എന്നോടു പിണങ്ങി ഇരിക്കരുത്. ഈ അനാഥപ്പെണ്ണിന് റോയിച്ചനല്ലാതെ വേറാരാ ഉള്ളത് ?”
ഭര്‍ത്താവിനെ നെഞ്ചിൽ മുഖം അമർത്തി, കെട്ടിപ്പിടിച്ചു അവൾ പൊട്ടിക്കരഞ്ഞു. ദേഹത്ത് കണ്ണീരിന്‍റെ നനവു പറ്റിയപ്പോള്‍ റോയിയുടെ മനസ്സിലെ ദേഷ്യം അലിഞ്ഞലിഞ്ഞു ഇല്ലാതായി. ഭാര്യയെ ആലിംഗനം ചെയ്തുകൊണ്ട് അയാള്‍ പറഞ്ഞു:
“സോറി. നിനക്ക് ഇത്രയും വിഷമമുണ്ടെന്നു ഞാന്‍ കരുതിയില്ല. നീ പേടിക്കുവൊന്നും വേണ്ട. ഞാന്‍ നിന്നെ കൈയൊഴിയുവൊന്നുമില്ല.”
“അതു പോരാ. റോയിച്ചന്‍ എന്നെ സ്നേഹിക്കണം. ഹൃദയം നിറയെ സ്നേഹം തരണം. കൊച്ചുന്നാളില്‍പ്പോലും അപ്പന്‍റേം അമ്മേടേം സ്നേഹം കിട്ടാതെ വളര്‍ന്ന പെണ്ണല്ലേ റോയിച്ചാ ഞാന്‍. എന്‍റെ പപ്പയും അമ്മയും എന്നെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചുപോയി. എത്രയോ രാത്രികളില്‍ ഞാന്‍ ഉണര്‍ന്നിരുന്നു കരഞ്ഞിട്ടുണ്ടെന്നു റോയിച്ചനറിയാമോ? ഇനിയും എന്നെ കരയിക്കല്ലേ റോയിച്ചാ. പ്ലീസ് .. റോയിച്ചനല്ലാതെ ഇനി എനിക്കാരാ ഉള്ളത് ” അവൾ ഏങ്ങലടിച്ചു കരഞ്ഞു.
റോയി അവളുടെ മുഖം പിടിച്ചുയർത്തി കണ്ണുനീർ തുടച്ചുകൊണ്ടു പറഞ്ഞു .
” സാരമില്ല. പെട്ടെന്ന് ദേഷ്യം വന്നപ്പോൾ ഞാനങ്ങു ഇറങ്ങിപ്പോയി. ഇനി അങ്ങനെ ഉണ്ടാവില്ല . ”
”ഒന്ന് വിളിക്കപോലും ചെയ്യാഞ്ഞപ്പോൾ എനിക്ക് ഒരുപാട് വിഷമമായി റോയിച്ചാ..ഞാൻ മരിച്ചുപോയിരുന്നെങ്കിൽ എന്നുപോലും ഞാൻ ആഗ്രഹിച്ചുപോയി.”
”ഇത്രയും വിഷമം ഉണ്ടെന്നു ഞാൻ കരുതിയില്ലെന്നു പറഞ്ഞല്ലോ . ” കവിളിൽ ഒരു മുത്തം നൽകിയിട്ട് റോയി ചോദിച്ചു :
”നീ വല്ലതും കഴിച്ചോ ”
” ഇല്ല . പ്രാർത്ഥിച്ചുകൊണ്ടിരിക്കുവായിരുന്നു ഈ നേരമത്രയും. ”
റോയി നല്ല വാക്കുകള്‍ പറഞ്ഞു അവളെ സമാധാനിപ്പിച്ചു. എന്നിട്ടു പറഞ്ഞു.
” നമുക്ക് ഇന്ന് വെളിയിൽ നിന്ന് ഭക്ഷണം കഴിക്കാം. നീ ഡ്രസ് മാറ് ”
അനിതയുടെ ഹൃദയത്തിലെ തീക്കനല്‍ മെല്ലെ അണഞ്ഞു.
ചുട്ടുപൊള്ളിയ മനസ്സില്‍ തണുത്ത വെള്ളം വീണതുപോലെ അവള്‍ക്ക് വലിയ ആശ്വാസം തോന്നി.
******
റോയി ജോലിക്കു പോയിക്കഴിഞ്ഞാല്‍ പിന്നെ അനിത മുറിയില്‍ തനിച്ചാണ്. മിനിക്ക് ഓഫുള്ളപ്പോള്‍ ഇടയ്ക്കിടെ അവള്‍ താഴെ ചെന്ന് അവരുമായി വിശേഷങ്ങള്‍ പങ്കുവച്ചിരിക്കും. നീരജമോളുമായി അവള്‍ കൂടുതല്‍ അടുത്തു. സ്കൂള്‍ വിട്ടുവന്നാല്‍ മിക്കപ്പോഴും അവള്‍ മുകളിലേക്ക് കയറിവന്ന് അനിതയുടെ അടുത്തു കുഞ്ഞുവര്‍ത്തമാനം പറഞ്ഞിരിക്കും. ഹോംവര്‍ക്കു ചെയ്യാനും പിറ്റേന്നു പഠിച്ചുകൊണ്ടു ചെല്ലേണ്ട പാഠഭാഗങ്ങള്‍ പഠിക്കാനും അനിത അവളെ സഹായിച്ചു.
മോളെ പഠിപ്പിക്കാനും നല്ല കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാനും ഒരു ടീച്ചറെ കിട്ടിയല്ലോ എന്ന സന്തോഷമായിരുന്നു മിനിക്കും ഹരിക്കും. കൊച്ചുവർത്തമാനം പറയാൻ ഒരു കുഞ്ഞുമോളെ കിട്ടിയ സന്തോഷം അനിതക്കും.
ഒരു ദിവസം വൈകുന്നേരം അനിത നീരജമോളെ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ മിനിയും ഹരിയും മുകളിലത്തെ നിലയിലേക്കു കയറി വന്നു. അവരെ കണ്ടതും അനിത എഴുന്നേറ്റു ഭവ്യതയോടെ ഒതുങ്ങി നിന്നു.
“മോള് എങ്ങനെയുണ്ട് പഠിക്കാന്‍?”
ഹരി ആരാഞ്ഞു.
“മിടുക്കിയല്ലേ. ഒരു പ്രാവശ്യം പറഞ്ഞു കൊടുത്താല്‍ മതി. മനഃപാഠമാക്കിക്കൊള്ളും.”
കേട്ടപ്പോൾ ഹരിക്കും മിനിക്കും വലിയ സന്തോഷം!
“ഞാന്‍ ചോദിച്ചപ്പം ഡോക്ടറാകാനാ ആഗ്രഹമെന്നു പറഞ്ഞു.”- അനിത അവളെ തന്റെ ദേഹത്തോട് ചേര്‍ത്തു പിടിച്ചു തലോടി.
“ക്ലാസിലെ ഫസ്റ്റാ.”
മിനി അഭിമാനത്തോടെ പറഞ്ഞു.
കുറെനേരം അവര്‍ വിശേഷങ്ങള്‍ പറഞ്ഞിരുന്നു. അനിത പോയി ചായ ഉണ്ടാക്കിക്കൊണ്ടുവന്ന് രണ്ടുപേര്‍ക്കും കൊടുത്തു.
“റോയി എന്നും മദ്യപിച്ചിട്ടാണോ വരുന്നത്?” ചായ ഒരു കവിൾ കുടിച്ചതിനു ശേഷം ഹരി ചോദിച്ചു.
“ഉം.”
അനിതയ്ക്കു ജാള്യം തോന്നി.
“എവിടാ ജോലീന്നാ പറഞ്ഞേ?”
“ഒരു ചെരിപ്പുകമ്പനീലാ. സൂപ്പർവൈസറായിട്ട് ”
ഹരിയും മിനിയും പരസ്പരം നോക്കി. എന്നിട്ടു അനിതയെ നോക്കി സ്വരം താഴ്ത്തി ഹരി പറഞ്ഞു:
“അവന്‍ പറഞ്ഞതു നുണയാ. ഒരു ചീട്ടുകളിസങ്കേതത്തില്‍ പണം വച്ചുള്ള ചീട്ടുകളിയാ അവന്‍റെ തൊഴില്. കഴിഞ്ഞ ദിവസം ആരോ ആയിട്ട് വഴക്കുണ്ടാക്കീന്നും കേട്ടു. ഈ പോക്കുപോയാൽ അപകടമാ ”
അനിത സ്തബ്ധയായി നിന്നു പോയി.
“ഇതിന്‍റെ പേരില്‍ അനിത ഇനി വഴക്കുകൂടാനൊന്നും പോകണ്ട. വരുമ്പം സൂത്രത്തിലൊന്നു ചോദിച്ചുനോക്ക്. ഞങ്ങളാ ഇതു പറഞ്ഞതെന്നു പറഞ്ഞേക്കല്ലേ.” മിനി പറഞ്ഞു.
ദുർബലമായി അനിത തലയാട്ടി.
“പോലീസ് വന്നു പിടിച്ചോണ്ടുപോയാല്‍ ആരും സഹായിക്കാന്‍ കാണുകേല. അതുമാത്രമല്ല, ചീട്ടുകളിയല്ലേ. ചിലപ്പം അടിപിടീം കത്തിക്കുത്തും ഒക്കെ ഉണ്ടാകും. അനിത നയത്തിലൊന്നു പറഞ്ഞു പിന്തിരിപ്പിക്കാന്‍ നോക്ക്. ഈ ചീട്ടുകളിയും കള്ളുകുടിയുമൊക്കെ അഡിക്റ്റായിപ്പോയാൽ മാറ്റാൻ ബുദ്ധിമുട്ടാ ”
അനിതയുടെ കണ്ണുകള്‍ നിറയുന്നതും മുഖം സങ്കടഭാരത്താൽ ചുവക്കുന്നതും ഹരിയും മിനിയും കണ്ടു.
”അനിതയെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല. ഞങ്ങൾക്ക് അനിതയോട് പ്രത്യേക സ്നേഹം ഉള്ളതുകൊണ്ട് ഒന്ന് സൂചിപ്പിച്ചെന്നേയുള്ളൂ.” മിനി പറഞ്ഞു.
”അത് എനിക്കറിയാം ചേച്ചി.” കരയാതിരിക്കാൻ അവൾ പാടുപെട്ടു.
ഓരോന്ന് പറഞ്ഞു അവളെ ആശ്വസിപ്പിച്ചിട്ട് മോളെയും കൂട്ടിക്കൊണ്ട് അവര്‍ താഴേക്കു പോയി.
ഒരു പാവകണക്കെ അനിത കുറെ നേരം ചുമരിൽ ചാരി നിന്നു. പിന്നെ പോയി കൂജയില്‍ നിന്ന് രണ്ടു ഗ്ലാസ് വെള്ളം എടുത്തു കുടിച്ചു.
സന്ധ്യ മയങ്ങിയപ്പോൾ റോയി വന്നു. ഭാര്യയുടെ മുഖം കടന്നൽ കുത്തിയതുപോലെ ഇരിക്കുന്നതു കണ്ടപ്പോള്‍ മനസ്സിലായി എന്തോ പ്രശ്നമുണ്ടെന്ന്.
“എന്തു പറ്റി ഒരു മ്ലാനത?”
” ഒന്നുമില്ല.”
ചായ എടുക്കാനായി അവള്‍ അടുക്കളയിലേക്കു പോയി. റോയി ബാത് റൂമിലേക്കും.
ചായ തയ്യാറാക്കിക്കൊണ്ടുവന്നപ്പോള്‍ റോയി കുളികഴിഞ്ഞു വന്നു മുടി ചീകിക്കൊണ്ടിരിക്കുകയായിരുന്നു.
“ഏതു ചെരിപ്പുകമ്പനീലാ റോയിച്ചനു ജോലി?”
അപ്രതീക്ഷിതമായുള്ള ആ ചോദ്യം കേട്ടു റോയി ഞെട്ടിത്തിരിഞ്ഞു. മുഖത്തു ഭാവമാറ്റം വരുത്താതെ റോയി ഒരു ചെരിപ്പു കമ്പനിയുടെ പേരു പറഞ്ഞു.
“എന്നോടു കള്ളംപറയാനും തുടങ്ങി അല്ലേ?”-അനിത അയാളുടെ കണ്ണുകളിലേക്ക് തുറിച്ചു നോക്കി കൊണ്ടു കുറച്ചുനേരം നിന്നു.
കുറ്റബോധത്താൽ റോയിയുടെ മുഖം കുനിഞ്ഞുപോയി.
“പ്ലീസ് റോയിച്ചാ. എന്നോട് ഇഷ്ടമുണ്ടെങ്കില്‍ ചീട്ടുകളിക്കാന്‍ പോകരുത്. മറ്റുള്ളവരെ പറ്റിച്ചുണ്ടാക്കുന്ന ഒരു കാശും നമുക്കു വേണ്ട റോയിച്ചാ. അതനുഭവിക്കാന്‍ കര്‍ത്താവ് നമ്മളെ അനുവദിക്കില്ല. റോയിച്ചന് ആരോഗ്യമുണ്ടല്ലോ. പണിയെടുത്തു ജീവിച്ചാല്‍ പോരേ? അല്ലെങ്കില്‍ നമുക്കു വീട്ടിലേക്കു തിരിച്ചുപോകാം.” – അനിത യാചിച്ചു.
“ഹരിയാണോ ഇവിടെ വന്ന് ഇതു കൊളുത്തീത്?”
“അല്ല. ദൈവം എന്നോടു പറഞ്ഞതാ.”
“ദൈവം! അവനാ പറഞ്ഞതെന്ന് എനിക്കറിയാം. ആരു പറഞ്ഞാലും എനിക്കൊരു ചുക്കും ഇല്ല. ഞാന്‍ എങ്ങനെ ജീവിക്കണമെന്ന് ഞാന്‍ തീരുമാനിക്കും. നിനക്കറിയാമോ. ഇന്ന് അയ്യായിരം രൂപയാ ചീട്ടുകളിയിയിൽ നിന്ന് എനിക്കു ലാഭം കിട്ടീത്. ഇന്നലെ നാലായിരത്തി അഞ്ഞൂറ്. ഇത്രയും വരുമാനം വേറെ എന്തു ബിസിനസീന്നു കിട്ടും?”
“മറ്റൊരാളുടെ കണ്ണീരല്ലേ റോയിച്ചാ ഈ സമ്പാദ്യം?”
“ഞാനാരുടേയും പിടിച്ചുപറിക്കുന്നൊന്നുമില്ലല്ലോ? കളിച്ചു കിട്ടുന്ന കാശാ. അതു ദൈവം തരുന്നതു തന്നെയാ. അതിലൊരു തെറ്റുമില്ല. ”
“ചീട്ടുകളീം ചൂതുകളീം നടത്തി പെട്ടെന്നു പണമുണ്ടാക്കിയാല്‍ അതു പെട്ടെന്നു തന്നെ പോകുവേം ചെയ്യും. അദ്ധ്വാനിച്ചു ജീവിക്കാനുള്ള ആരോഗ്യം തന്നിട്ടുണ്ടല്ലോ ദൈവം റോയിച്ചന്. “
“നിന്നെപ്പോലെ പ്രാര്‍ത്ഥനേം കുര്‍ബാനേം ആയിട്ടു മാത്രം നടന്നാല്‍ അവസാനം പട്ടിണി കിടന്നു ചാകേണ്ടി വരും. എന്തു ചെയ്യണമെന്നും എങ്ങനെ ചെയ്യണമെന്നും എനിക്കറിയാം. എന്നെ പഠിപ്പിക്കാൻ നീ വരണ്ട. മനസിലായോ ?”
ഉറച്ച നിലപാടിലായിരുന്നു റോയി. അനിത എത്ര ശ്രമിച്ചിട്ടും പിന്തിരിപ്പിക്കാന്‍ കഴിഞ്ഞില്ല. പരാജിതയായി അവള്‍ നിസ്സഹായതയോടെ താടിക്കു കൈയും കൊടുത്ത് ഇരുന്നു. എന്തോ വലിയ ദുരന്തം സംഭവിക്കാന്‍ പോകുന്നതായി അവളുടെ മനസ്സ് പിറുപിറുത്തു. പിന്നെ അവൾ ഒന്നും പറഞ്ഞില്ല. പറഞ്ഞിട്ട് പ്രയോജനമില്ലെന്നു മനസിലായി. ഇഷ്ടം പോലെ ചെയ്യട്ടെ !
പിറ്റേന്ന് രാവിലെ എണീറ്റപ്പോൾ അനിതയ്ക്ക് ഒരു മനംപിരട്ടൽ, ഓക്കാനം!
വയറ്റില്‍ ഒരു ജീവന്‍ നാമ്പിട്ടോ എന്ന് സംശയം! എങ്കിലും റോയിയോട് ഒന്നും പറഞ്ഞില്ല.
റോയി പുറത്തേക്കു പോയിക്കഴിഞ്ഞപ്പോള്‍ അവള്‍ മിനിയെ ഫോണില്‍ വിളിച്ചു കാര്യം പറഞ്ഞു. ആശുപത്രിയില്‍ പോയി ടെസ്റ്റു ചെയ്യാമെന്നു മിനി നിർബന്ധിച്ചു.
തൽക്കാലം ഈ വിവരം റോയിയെ അറിയിക്കേണ്ടെന്ന് അനിത തീരുമാനിച്ചു. സംശയം ദൂരീകരിച്ചിട്ടു കാര്യം വെളിപ്പെടുത്തിയാല്‍ മതിയല്ലോ! ഇനി അതല്ലെങ്കിൽ വെറുതെ മോഹിപ്പിക്കേണ്ട കാര്യമില്ലല്ലോ!
മിനിയോടൊപ്പം രാവിലെ തന്നെ അവള്‍ ആശുപത്രിയില്‍പോയി ഗൈനക്കോളജിസ്റ്റിനെ കണ്ടു. പ്രഗ്നൻസി ടെസ്റ്റിന്റെ റിസല്‍റ്റു കിട്ടിയപ്പോള്‍ അനിത സന്തോഷംകൊണ്ടു തുള്ളിച്ചാടി. താന്‍ ഒരമ്മയാകാന്‍ പോകുന്നു! ഓമനിക്കാനും താലോലിക്കാനും തനിക്കൊരു കുഞ്ഞിനെ ദൈവം തന്നിരിക്കുന്നു. തന്റെ പ്രാർത്ഥന കർത്താവ് കേട്ടിരിക്കുന്നു. വാര്‍ത്ത കേട്ടപ്പോള്‍ മിനിക്കും സന്തോഷമായി.
“ഹസ്ബന്‍റിനെ വിളിച്ചു വേഗം പറ, സന്തോഷവാർത്ത! ”
മിനി പറഞ്ഞു.
“വൈകിട്ട് വരുമ്പം പറഞ്ഞോളാം. അതാവുമ്പം ഒരു സർപ്രൈസ് ആകുമല്ലോ. ആ മുഖത്തെ സന്തോഷമെനിക്ക് നേരിട്ട് കാണുകയും ചെയ്യാം.”
” അത് നേരാ. കെട്ടിപ്പിടിച്ചൊരു നൂറുമ്മ തരും. എന്റെ ഹസ്ബന്റിനു എന്തുസന്തോഷമായിരുന്നെന്നോ. സ്നേഹം കൊണ്ട് എന്നെ വീർപ്പുമുട്ടിച്ചു ” മിനി ചിരിച്ചുകൊണ്ട് പറഞ്ഞു.
ഒരു ഓട്ടോയില്‍ കയറ്റി മിനി അനിതയെ വീട്ടിലേക്കു യാത്രയാക്കി.
ആരോഗ്യമുള്ള കുഞ്ഞു ജനിക്കണമെങ്കില്‍ മനസു സന്തോഷപ്രദവും ശരീരം ആരോഗ്യമുള്ളതുമായിരിക്കണമെന്ന് അവള്‍ ഒരു മാസികയില്‍ വായിച്ചതോര്‍ത്തു. മനസിനു പ്രയാസമുണ്ടാകാതിരിക്കാന്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം. റോയിയോട് വഴക്കുണ്ടാക്കാതിരിക്കാൻ നോക്കണം.
സന്ധ്യയ്ക്ക് റോയി വന്നപ്പോള്‍ അനിത സന്തോഷവാര്‍ത്ത പറഞ്ഞു. പക്ഷേ, റോയിയുടെ മുഖം തെളിയുന്നതിനു പകരം ഇരുളുകയാണുണ്ടായത് .
“റോയിച്ചനെന്താ ഇതു കേട്ടപ്പം ഒരു സന്തോഷമില്ലാത്തേ?”
“ഇപ്പം ഒരു കുഞ്ഞു വേണ്ടായിരുന്നു.”
“അതെന്താ ? കുഞ്ഞുങ്ങള്‍ ദൈവത്തിന്‍റെ സമ്മാനമല്ലേ റോയിച്ചാ. അതു കിട്ടുമ്പോള്‍ നമ്മള്‍ സന്തോഷംകൊണ്ടു തുള്ളിച്ചാടുകയല്ലേ വേണ്ടത്.”
“ഇപ്പഴത്തെ നമ്മുടെ സാഹചര്യത്തിൽ ഒരു കുഞ്ഞിനെ പ്രസവിച്ചു വളര്‍ത്തുകാന്നു പറഞ്ഞാല്‍ എളുപ്പമാണോ? അതും ഈ വാടകവീട്ടിൽ നമ്മൾ ഒറ്റയ്ക്ക് കഴിയുമ്പം. ഒന്ന് നേരേ നിന്നിട്ടു മതിയായിരുന്നു എല്ലാം. ”
” ദൈവം എല്ലാത്തിനും ഒരു വഴി കാണിച്ചു തരും റോയിച്ചാ.”
“എന്തു വഴി? സഹായത്തിന് ആരുമില്ല. സാമ്പത്തികശേഷിയുമില്ല ” ഒന്നു നിറുത്തിയിട്ട് മടിച്ചു മടിച്ചു റോയി പറഞ്ഞു: “ഞാനൊരു കാര്യം പറഞ്ഞാല്‍ നീ അനുസരിക്കുമോ?”
“എന്താ?”
“ഈ കുഞ്ഞിനെ നമുക്കു വേണ്ടെന്നു വയ്ക്കാം.”
അനിത ഒരു നിമിഷം ശ്വാസം നിലച്ച് വായ്പൊളിച്ചു നിന്നുപോയി.
“കുഞ്ഞ് ഇനിയുമുണ്ടാകും. നിനക്ക് അധികം പ്രായമൊന്നും ആയില്ലല്ലോ. ഇപ്പഴാകുമ്പം ഒരബോർഷനു വല്യ ചിലവൊന്നുമില്ല.”
കൈ നിവര്‍ത്തി ഭര്‍ത്താവിന്‍റെ കരണത്തൊന്നു കൊടുക്കാനാണ് അവൾക്കു തോന്നിയത്! ഒരു കുഞ്ഞിക്കാലു കാണാന്‍ എത്രയോ ഭാര്യാഭർത്താക്കന്മാരാണ് നേര്‍ച്ചയും ചികിത്സയുമായി കണ്ണീരൊഴുക്കിക്കഴിയുന്നത്. അപ്പോള്‍ ഇവിടൊരാള്‍ പറയുന്നു ദൈവം തന്ന തങ്കക്കുടത്തിനെ വയറ്റിൽ വച്ചുതന്നെ കൊന്നുകളയാമെന്ന്! ഈ മനുഷ്യനു ഭ്രാന്തു പിടിച്ചോ?
(തുടരും …അടുത്ത അധ്യായം നാളെ )
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved)
Also Read അവൾ അനാഥയല്ല- നോവൽ- അദ്ധ്യായം 1
Also Read അവൾ അനാഥയല്ല – നോവൽ – അദ്ധ്യായം 2
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 3
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 4
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 5
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 6
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 7
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 8
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 9
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 10
Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 11