പന്തളം : ഇത് പാറ്റൂർ കുതിരകെട്ടുന്നിടം തൂവംപള്ളിൽ പുത്തൻവീട്ടിൽ സി.കെ.ദാനിയേൽ. റിട്ടയേർഡ് അധ്യാപകനാണ് . വയസ് 103 ആയെങ്കിലും ദാനിയേൽ സാറിന് ഇപ്പോഴും ഒരു ചെറുപ്പക്കാരനെപ്പോലുള്ള ചുറുചുറുക്കും ഉന്മേഷവും ഉത്സാഹവും . കാര്യമായ രോഗങ്ങൾ ഒന്നുമില്ല. ഈ ആരോഗ്യത്തിന്റെയും ചുറുചുറുക്കിന്റെയും രഹസ്യം എന്തെന്നു ചോദിച്ചാൽ ദാനിയേൽ സാർ പറയും :
” ഒന്നാമത് ദൈവകൃപ . രണ്ടാമത് ജീവിച്ചു പോന്ന രീതി . എന്നുവച്ചാൽ പതിവായ വ്യായാമവും ഭക്ഷണത്തിൽ ക്രമീകരണവും. ദൈവാനുഗ്രഹത്താൽ പരസഹായമില്ലാതെ ദിനചര്യകൾ എല്ലാം ചെയ്യാൻ ഈ നൂറ്റി മൂന്നാം വയസിലും കഴിയുന്നുണ്ട്. ”
ചിട്ടയായ ജീവിതത്തിലൂടെയും പതിവായ വ്യായാമത്തിലൂടെയും രോഗങ്ങളെ പടിക്ക് പുറത്തുനിറുത്തി നൂറിന്റെ പടി കടക്കാൻ ഡാനിയേൽ സാറിന് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. പറയത്തക്ക രോഗങ്ങളോ ശാരീരിക അവശതയോ ഒന്നുമില്ല.
വീട്ടിലേക്ക് വേണ്ടുന്ന പച്ചക്കറികളും പഴങ്ങളും സ്വന്തം വീട്ടുവളപ്പിൽ ഉൽപ്പാദിപ്പിക്കുകയായിരുന്നു ദാനിയേൽ സാർ. വിഷമില്ലാത്ത പച്ചക്കറികൾ ദാനിയേലിന്റെ പരിപാലനത്തിലാണ് വളർന്നുവന്നത്. അതാണ് വീട്ടിൽ ഉപയോഗിച്ചിരുന്നത്. ആരോഗ്യത്തിന്റെ ഒരു രഹസ്യവും അതാണ് .
സ്കൂളിലേക്കും തിരിച്ചുമുള്ള യാത്ര പതിവായി സൈക്കിളിലായിരുന്നു . 16 കിലോമീറ്റർ ദൂമുണ്ട് സ്കൂളിലേക്ക് . ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും വീട്ടിലേക്കും യാത്ര സൈക്കിളിൽ തന്നെ . സൈക്കിൾ സവാരി നല്ലൊരു വ്യായാമമാണെന്ന് ദാനിയേൽസാർ പറയുന്നു.
എന്നും അതിരാവിലെ ഉണരും. പല്ലുതേയ്ക്കാൻ ടൂത്തു പേസ്റ്റ് ഉപയോഗിക്കില്ല . പണ്ടുമുതലേ ഉമിക്കരിയാണ് പ്രിയം. പ്രാതലിനു ഇഡ്ഡലി, ചട്നി, നാടൻ വാഴപ്പഴം. ഉച്ചയ്ക്ക് മീനും മോരും. വൈകിട്ട് ചായയും ചെറുകടിയും .
രാത്രി നിശ്ചിത സമയത്ത് പ്രാർഥന. അത്താഴത്തിനു കഞ്ഞി, പച്ചടി, പപ്പടം . ആഹാരത്തിലുപരി വ്യായാമത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്. ഇരുന്നും നിന്നും ചെയ്യാവുന്ന ചെറിയ ചെറിയ വ്യായാമങ്ങൾ പതിവായി ദാനിയേൽ സാർ ചെയ്യുന്നു.
നമ്മുടെ മാതാപിതാക്കൾ നമ്മളോട് നീതി കാട്ടിയില്ലെങ്കിൽ പോലും വാർദ്ധക്യത്തിൽ നാം അവരെ കൈവിടാതിരിക്കുക
അമ്മയും നാലു മക്കളുമുള്ള വീട് . നേരം പുലരും മുൻപേ അമ്മ ഉണർന്ന് വീട്ടിലെ എല്ലാ ജോലികളും ചെയ്യും . കുട്ടികൾ സ്കൂളിൽ പോയാൽ പിന്നെ വസ്ത്രം കഴുകിയിടും . വീടും പരിസരവും വൃത്തിയാക്കും, വീട്ടിലേക്കുള്ള പലവ്യഞ്ജനങ്ങൾ വാങ്ങിക്കൊണ്ടു വരും. വിറകുശേഖരിക്കും. അങ്ങനെ എല്ലാം അമ്മ തന്നെ ചെയ്തുകൊണ്ടിരുന്നു.
ഒരു ദിവസം മൂത്ത മകനോട് അമ്മ പറഞ്ഞു. ”മോനെ, അമ്മയ്ക്ക് പ്രായമായി . കടയിൽ പോയി സാധനങ്ങൾ വാങ്ങിക്കൊണ്ടു വരാനും വെള്ളം കോരാനും വിറകുവെട്ടാനുമൊക്കെ ഈ അമ്മക്ക് തനിയെ പറ്റുന്നില്ല . ഇനി മുതൽ നീയും കൂടിയൊന്ന് സഹായിക്കണം”
മകൻ സമ്മതിച്ചു. പിന്നീടുള്ള ദിവസങ്ങളിൽ അവൻ അമ്മയെ സഹായിച്ചു.
അടുത്ത മാസം ഒന്നാം തീയതി അമ്മയുടെ മേശപ്പുറത്തു ഒരു കുറിപ്പ്. അമ്മ എടുത്തു നോക്കി.
കടയിൽ പോയി സാധനങ്ങൾ വാങ്ങിക്കൊണ്ടു വന്നത് അഞ്ചു ദിവസം. ദിവസം 10 രൂപ വച്ച് 50 രൂപ. വെള്ളം കോരിയത് 20 ദിവസം. രണ്ടു രൂപാ വച്ച് 40 രൂപ. വിറക് പെറുക്കിയത് നാല് ദിവസം. അഞ്ചു രൂപാ വച്ച് 20 രൂപ. വസ്ത്രം ഇസ്തിരിയിട്ടത് അഞ്ചു ദിവസം. നാല് രൂപാ വച്ച് 20 രൂപ. ആകെ തരേണ്ടത് 130 രൂപ. കാശ് ഈ കടലാസിൽ വച്ചേക്കുക .
അമ്മ അതു വായിച്ചു. അവരുടെ കണ്ണു നിറഞ്ഞു. 130 രൂപ അപ്പോൾ തന്നെ കടലാസില്‍ എടുത്തു വച്ചു.
മകൻ വന്നു നോക്കി. കാശ് കണ്ടപ്പോൾ സന്തോഷമായി. അവൻ അതു എടുത്തു പോക്കറ്റിലിട്ടു . അപ്പോഴാണ് കടലാസിന്റെ മറുപുറത്ത് അമ്മയുടെ കുറിപ്പ് കണ്ടത് .
”പത്തുമാസം ചുമന്ന് പ്രസവിച്ചതിനു കാശ് ഒന്നും വേണ്ട . മുലപ്പാലൂട്ടി വളർത്തിയതിനും കാശ് ഒന്നും വേണ്ട. എന്നും താരാട്ട് പാടിയുറക്കിയതിനു കാശ് വേണ്ട. പനി വന്നപ്പോൾ ഉറക്കമിളച്ചിരുന്ന് ശുശ്രൂഷിച്ചതിനും കാശ് ഒന്നും വേണ്ട. വീണു കാലൊടിഞ്ഞപ്പോൾ എടുത്ത് സ്കൂളിൽ കൊണ്ടു പോയതിനും തിരികെ കൊണ്ടുവന്നതിനും കാശ് വേണ്ട. എന്നും ഭക്ഷണം പാകം ചെയ്തു വിളമ്പി തന്നതിനും കാശ് വേണ്ട. പക്ഷേ പ്രായമായി കിടപ്പിലാകുമ്പോൾ വായിലേക്ക് ഇത്തിരി വെള്ളം ഒഴിച്ച് തരാനുള്ള മനസ് കാണിക്കണം! അതുമാത്രം മതി മോനെ . ”
അതു വായിച്ച മകൻ ഓടിച്ചെന്നു അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു ക്ഷമ ചോദിച്ചു.
ഈ കഥ നമുക്ക് നൽകുന്ന ഒരു ഗുണപാഠം ഉണ്ട് . അമ്മയോട് കണക്ക് പറഞ്ഞാൽ തോറ്റു തുന്നം പാടുന്നത് മക്കളായിരിക്കും എന്ന വലിയ ഗുണപാഠം !
ഏതാനും വർഷം മുൻപ് മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വൈറലായ ഒരു വാർത്ത മറന്നിട്ടുണ്ടാവില്ല . കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ പ്രായമായ ഒരു അമ്മയെ സ്വന്തം മകൾ ക്രൂരമായി മർദ്ദിച്ച സംഭവം! 75 വയസുകാരിയായ കാർത്ത്യായനിയെ മകൾ ചന്ദ്രമതി മർദ്ദിക്കുന്ന ദൃശ്യങ്ങൾ ടി വിയിലും യൂ ട്യൂബിലും കണ്ടപ്പോൾ നമ്മുടെയൊക്കെ കണ്ണ് നിറഞ്ഞുപോയില്ലേ? മറവി രോഗിയായ അമ്മ കിടക്കയിൽ മൂത്രമൊഴിക്കുന്നു എന്ന കാരണം പറഞ്ഞായിരുന്നുവത്രെ മകളുടെ അടിയും ശകാരവും . കൈ കൊണ്ടും ചൂലുകൊണ്ടും അമ്മയെ തല്ലുന്ന വീഡിയോ ദൃശ്യങ്ങൾ മകൻ വേണുഗോപാലാണ് പകർത്തി പോലീസിനു നൽകിയത് . അമ്മയുടെ സ്വത്തും മറ്റും കൈക്കലാക്കിയ ശേഷം ഇവർ അമ്മയെ മർദ്ദിക്കുന്നത് പതിവാണെന്നും തങ്ങളെ അമ്മയുടെ അടുത്തെത്താൻ സമ്മതിക്കാറില്ലെന്നും അമ്മയുടെ മറ്റു മക്കളും ആരോപിച്ചിരുന്നു .
ഇത് ഒറ്റപ്പെട്ട സംഭവം അല്ല! കാലൊടിഞ്ഞു നടക്കാൻ കഴിയാത്ത വയോധികയായ അമ്മയെ ജേഷ്ഠന്റെ വീട്ടു വരാന്തയിൽ ഉപേക്ഷിച്ച് ഇളയ മകൻ മുങ്ങിയതും നമ്മൾ പത്രത്തിൽ വായിച്ചു. പനച്ചിക്കാട് പഞ്ചായത്തിലായിരുന്നു സംഭവം . 65 വയസുള്ള അമ്മയെ ആളില്ലാത്ത വീട്ടിലെ വരാന്തയില്‍ ഉപേക്ഷിച്ചു മകനും ബന്ധുക്കളും മുങ്ങി. രാവിലെ വരാന്തയില്‍ തണുത്തു വിറങ്ങലിച്ചു കിടക്കുകയായിരുന്ന വൃദ്ധയെ അയൽവാസികളാണു സംരക്ഷിച്ചത്. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു . മുത്തമകനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും അമ്മയെ വീട്ടില്‍ താമസിപ്പിക്കാന്‍ സമ്മതമല്ലെന്ന മറുപടിയാണ് പൊലീസിന് കിട്ടിയത് .
ആറ് മക്കളും ഉപേക്ഷിച്ച ഒരു അമ്മ ഭക്ഷണത്തിനും അന്തിയുറങ്ങാനുമായി ഒരു സ്ഥലം അന്വേഷിച്ച് എത്തിയത് വളപട്ടണം പോലീസ് സ്റ്റേഷനിൽ ആയിരുന്നു . മുഴുപ്പട്ടിണിയയായതോടെയാണ് അമ്മ അഭയം തേടി പൊലീസ് സ്റ്റേഷനിൽ എത്തിയത് ! അമ്മയെ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സർക്കാർ ജോലിക്കാരായ മക്കളെ ഓരോരുത്തരെയും സമീപിച്ചെങ്കിലും ആരും കൊണ്ടുപോകാൻ തയ്യാറായില്ല. തുടർന്ന് അവരെ വൃദ്ധസദനത്തിലാക്കി. മക്കൾ പുറംതള്ളിയെങ്കിലും അവർക്കെതിരെ കേസെടുക്കേണ്ടന്ന് ഈ അമ്മ പോലീസിനോട് പറഞ്ഞു എന്ന് വായിച്ചപ്പോഴാണ് ആ അമ്മയ്ക്ക് മക്കളോടുള്ള സ്നേഹം എത്രയധികമാണെന്ന് മനസിലായത് .
ഒരിക്കൽ ഭിക്ഷക്കു വീട്ടിൽ വന്ന ഒരമ്മയോട് ഞാൻ ചോദിച്ചു : ”മക്കളൊക്കെ എന്ത് ചെയ്യുന്നു ?” അമ്മ പറഞ്ഞു : ”അവരെയൊക്കെ വളർത്തി ഞാൻ ഒരു നെലേലാക്കി ! ഇപ്പം അവരെല്ലാം ചേർന്ന് എന്നെ ഈ നെലേലാക്കി ”
വാർധക്യത്തിലെത്തി, അവശരും രോഗികളുമായി മാറിയ മാതാപിതാക്കളെ വൃദ്ധസദനത്തിൽ ഉപേക്ഷിക്കുന്ന മക്കളുടെ എണ്ണം ദിനം പ്രതി കൂടിവരുന്നു.
പണ്ട് യൂറോപ്യൻ രാജ്യങ്ങളിൽ പ്രായമായ മാതാപിതാക്കളെ പാർപ്പിക്കാൻ പ്രത്യേക മന്ദിരങ്ങളും അവരെ നോക്കാൻ ഹോം നഴ്സുമാരും ഉണ്ടെന്ന് കേട്ടപ്പോൾ നാമൊക്കെ അവിടുത്തെ ആളുകളെ കുറ്റപ്പെടുത്തിയിരുന്നില്ലേ ? ഇന്ന് കൂണുകൾ പോലെ മുളച്ചു പൊന്തിക്കൊണ്ടിരിക്കുന്ന നമ്മുടെ നാട്ടിലെ വൃദ്ധമന്ദിരങ്ങൾ കാണുമ്പോൾ മലയാളികളുടെ മാതൃസ്നേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എത്ര പരിതാപകരമാണെന്നു നാം തിരിച്ചറിയുന്നു. ഇന്ന് നമ്മുടെ മാതാപിതാക്കളെ ബാധ്യതയായി കണ്ടു നമ്മൾ കൈ ഒഴിയുമ്പോൾ നാളെ നമ്മുടെ മക്കൾ നമ്മൾക്ക് സമ്മാനിക്കാൻ പോകുന്നത് ഇതിനേക്കാൾ ദുരിതം നിറഞ്ഞ ജീവിതാന്തരീക്ഷമായിരിക്കും എന്ന് ഓർക്കുക .
പത്തു മാസത്തോളം വയറ്റിൽ ചുമന്നു നൊന്തു പ്രസവിച്ച അമ്മയെയും , പുറത്തിരുത്തി ആന കളിപ്പിച്ച വൃദ്ധമന്ദിരത്തിലാക്കുന്നവർ ഓർക്കേണ്ടതായ ഒരു യാഥാർഥ്യമുണ്ട് . ഒരുകാലത്തു താനും വൃദ്ധനാകും, മുടി നടക്കും , ആരോഗ്യം ക്ഷയിക്കും, പരസഹായമില്ലാതെ ഒന്നും ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥയിലാകും എന്ന് . അന്ന് നമ്മളെ സംരക്ഷിക്കാൻ ആരുമുണ്ടാവില്ല . ഒരുവൻ തന്റെ പിതാവിനോടും മാതാവിനോടും ചെയ്യന്നത് ഏഴിരട്ടിയായി അവന്റെ മക്കളില്‍ നിന്ന് അവനു ലഭിക്കും എന്നാണല്ലോ ബൈബിൾ വാക്യം.
സ്വന്തം സുഖങ്ങൾ മാറ്റിവച്ചു മക്കൾക്ക് വേണ്ടി ജീവിതം സമർപ്പിച്ചവരാണ് ഭൂരിപക്ഷം മാതാപിതാക്കളും . അസുഖം വന്നപ്പോൾ നമ്മളെ ചുമന്ന് ആശുപത്രിയിലെത്തിച്ചതും പനിവന്നപ്പോൾ അരികിലിരുന്നു ശുശ്രൂഷിച്ചതും അവരാണ് . സ്വാദുള്ള ഭക്ഷണം കഴിക്കാന്‍ ആഗ്രഹിച്ചപ്പോഴൊക്കെ മക്കളുടെ ഭാവിക്കുവേണ്ടി അവർ ആശയടക്കി പണം സ്വരുക്കൂട്ടി വച്ചു . അന്ന് അവർ സമ്പാദിച്ചു വച്ചതാണ് ഇന്നു താൻ അനുഭവിക്കുന്ന സമൃദ്ധി എന്ന് പല മക്കളും മനസിലാക്കുന്നില്ല .അതേസമയം പ്രായമായ മാതാപിതാക്കളെ വേണ്ടെന്നു പറയുന്ന മക്കള്‍ അവരുടെ സമ്പാദ്യത്തിനു വേണ്ടി കടിപിടി കൂടുകയും ചെയ്യുന്നു.
മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളെ ശിക്ഷിക്കാൻ ഈ രാജ്യത്തു നിയമമുണ്ട് . എന്നിട്ടും മക്കൾ അവരെ പെരുവഴിയിലിറക്കിവിടുന്നു എന്ന് പറയുമ്പോൾ നിയമം ഇവിടെ നോക്കുകുത്തിയാവുന്നു എന്നല്ലേ അർത്ഥം ?
വാർദ്ധക്യത്തിന്റെ മൂല്യവും കുടുംബബന്ധത്തിന്റെ വിലയും അറിയുന്നവർ അച്ഛനമ്മമാരെ എപ്പോഴും നെഞ്ചോട് ചേര്‍ത്തു പിടിക്കും . നമ്മുടെ മാതാപിതാക്കൾ നമ്മളോട് നീതി കാട്ടിയില്ലെങ്കിൽ പോലും വാർദ്ധക്യത്തിൽ നാം അവരെ കൈവിടാതിരിക്കുക . കരുണയുടെ വാതിലുകൾ അവർക്കായി തുറന്നിടുക.
എഴുതിയത് : ഇഗ്നേഷ്യസ് കലയന്താനി (copyright reserved )
39 കോടി രൂപ മുടക്കിയാണ് 750 മീറ്റര്‍ ദൈര്‍ഘ്യമുള്ള പാലാരിവട്ടം മേൽപ്പാലം നിർമ്മിച്ചത്
പുതുക്കിപ്പണിയാനായി പാലാരിവട്ടം പാലം പൊളിക്കുന്നതിനിടയിൽ, കഴിഞ്ഞദിവസം പാലത്തിൽ രസകരമായ ഒരു ദൃശ്യം കണ്ടു. സോഷ്യൽമീഡിയയിൽ പച്ചയ്ക്കു പറഞ്ഞു ജനശ്രദ്ധ നേടിയ കൊച്ചിയിലെ മാധ്യമ പ്രവത്തകൻ ബെന്നി ജനപക്ഷം രണ്ടു തേങ്ങ ഉടയ്ക്കുന്ന കാഴ്ചയായിരുന്നു അത്. ഒരുവലിയ തേങ്ങയും ഒരു ചെറിയ തേങ്ങയും . പാലം പൊളിക്കുന്നതിന്റെ സമീപം പാലത്തിലേക്ക് വലിയതേങ്ങ വലിച്ചെറിഞ്ഞിട്ട് അദ്ദേഹം പറഞ്ഞു : ” ഇത് ഈ പാലം നിർമ്മാണത്തിൽ അഴിമതി നടത്തി കാശുപോക്കറ്റിലാക്കിയവരുടെ തല തകർന്നു പോകാനുള്ള തേങ്ങ. ” രണ്ടാമത്തെ തേങ്ങ പക്ഷെ പുതുതായി പണിയുന്ന പാലത്തെ അഴിമതിയുടെ നീരാളി പിടിക്കാതിരിക്കാൻ വേണ്ടിയായിരുന്നു .
പാലാരിവട്ടം പാലത്തിന്റെ നാൾവഴി
39 കോടി രൂപ മുടക്കിയാണ് 750 മീറ്റര്‍ ദൈര്‍ഘ്യമുള്ള പാലാരിവട്ടം മേൽപ്പാലം നിർമ്മിച്ചത്. 2016 ഒക്ടോബർ 12 ന് ഇത് ഗതാഗതത്തിനായി തുറന്നുകൊടുത്തു.
ഒരു വര്‍ഷം തികയുന്നതിനു മുൻപേ പാലത്തിൽ ഇരുപതിലേറെ കുഴികൾ രൂപപ്പെട്ടു. പിന്നീട് കുഴികളുടെ എണ്ണം വർധിക്കുകയും യാത്ര ദുഷ്കരമാവുകയും ചെയ്തു. പരിശോധനയിൽ നിർമ്മാണത്തിൽ ഗുരുതരമായ തകരാറുകൾ കണ്ടെത്തി. മൂന്നു വര്‍ഷം പോലും തികയുന്നതിനുമുമ്പേ അറ്റകുറ്റപ്പണിക്കായി ഈ ‘പഞ്ചവടിപ്പാലം’ അടച്ചിടേണ്ടി വന്നു.
പാലം പണിയിൽ അഴിമതി നടന്നു എന്ന് വിജിലൻസിന്റെ പ്രഥമിക അന്വേഷണത്തിൽ കണ്ടെത്തി . 4 പേർ അറസ്റ്റിലായി . മുൻ പൊതുമരാമത്തു മന്ത്രി ഇബ്രാഹിം കുഞ്ഞ് ഉൾപ്പെടെയുള്ള പ്രമുഖർ അഴിമതിയുടെ നിഴലിലായി. മാധ്യമങ്ങളിൽ രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങൾ ഉയർന്നു. കേസ് സുപ്രീം കോടതിയിലെത്തി . സുപ്രീം കോടതി പാലം പൊളിച്ചുപണിയാൻ ഉത്തരവിട്ടു. കഴിഞ്ഞ ദിവസം പാലം പൊളിക്കൽ തുടങ്ങി . പൊതുജനത്തിന്റെ 39 കോടിരൂപ അങ്ങനെ കണ്ണിൽക്കൂടി പോയി . ‘പാലാരിവട്ടം പാലം പഞ്ചവടിപ്പാലം പോലെയായല്ലോ! സിനിമാക്കഥ യാഥാർഥ്യമാവുകയാണോ ?’ എന്ന് ഹൈക്കോടതി ജഡ്ജി ഒരിക്കൽ ചോദിക്കുകയും ചെയ്തു
പഞ്ചവടിപ്പാലത്തിന്റെ കഥ
പ്രശസ്ത ഹാസസാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയുടെ തൂലികയിൽ വിരിഞ്ഞ ഒരു ഹാസ്യ നോവലാണ് ‘പാലം അപകടത്തില്‍’ . ഐരാവതക്കുഴി പഞ്ചായത്തിലെ ആളുകളും അവിടുത്തെ ഭരണപക്ഷവും പ്രതിപക്ഷവും നടത്തിയ പോരാട്ടവും അഴിമതിയുമൊക്കെയാണ് നോവലിലെ പ്രതിപാദ്യം . 1984 ൽ കെ.ജി. ജോര്‍ജ്ജ് ”പഞ്ചവടിപ്പാലം” എന്ന പേരിൽ ഈ നോവൽ ചലച്ചിത്രമാക്കി.
പഞ്ചായത്തു പ്രസിഡന്റ് ദുശ്ശാസനക്കുറുപ്പിന്റെ ഇമേജ് വർധിപ്പിക്കുന്നതിനായി ശിഖണ്ഡിപ്പിള്ള കൊണ്ടുവന്ന ഒരു ആശയമാണ് നിലവിലുള്ള ഒരു പാലം പൊളിച്ചു പുതിയതൊന്ന് പണിയുക എന്നത്. എന്നാൽ പ്രതിപക്ഷത്തിന്റെ എതിർപ്പ് കാരണം പാലം മറ്റൊരിടത്തു പണിയാൻ തീരുമാനിക്കുന്നു. അവിടെ പുതിയ റോഡിനും പാലത്തിനും രണ്ടു ടെണ്ടറുകൾ വിളിക്കുന്നു. ഒത്തുതീർപ്പ് വ്യവസ്ഥയിൽ രണ്ടു ടെണ്ടറുകളിൽ ഒന്ന് ഭരണപക്ഷത്തെ കരാറുകാരനും മറ്റൊന്ന് പ്രതിപക്ഷത്തെ കരാറുകാരനും ലഭിക്കുന്നു. പാലത്തിന്റെ ഉദ്ഘാടന ദിവസം കരാറുകാരനും കുറുപ്പിന്റെ മകളും തമ്മിൽ വിവാഹവും നിശ്ചയിക്കുന്നു. ഉദ്ഘാടനത്തിന്റെ അന്നുതന്നെ പാലം പൊളിഞ്ഞു പുഴയിൽ വീഴുന്നു. വെള്ളത്തിൽ വീണ് നാട്ടുകാരനായ ഒരു പാവം വികലാംഗൻ മരിക്കുന്നു. ഇതായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം. സംവിധായകൻ കെ ജി ജോർജ്ജിന്റെ തിരക്കഥയിൽ കാർട്ടൂണിസ്റ്റ് യേശുദാസനായിരുന്നു സഭാഷണം രചിച്ചത് . 1984 സെപ്റ്റംബർ 28 ന് ചിത്രം തിയറ്ററുകളിൽ എത്തി.
രാഷ്ട്രീയത്തിലെ കുതികാൽവെട്ടും വഞ്ചനയും കാലുവാരലുമൊക്കെ ആക്ഷേപഹാസ്യത്തിൽ പൊതിഞ്ഞു ഭംഗിയായി അവതരിപ്പിച്ച ഒരു നല്ല സിനിമയായിരുന്നു പഞ്ചവടിപ്പാലം. ഈ സിനിമ വന്നതിനെത്തുടർന്നാണ് അഴിമതിയിൽ കെട്ടിപ്പൊക്കിയ പാലങ്ങൾക്ക് നാട്ടുകാർ പഞ്ചവടിപ്പാലം എന്ന് പേരിട്ടു തുടങ്ങിയത് . കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമയെന്നാണ് മാധ്യമങ്ങൾ ഇപ്പോൾ പഞ്ചവടിപ്പാലത്തെ വിശേഷിപ്പിക്കുന്നത് .
പാലാരിവട്ടത്തെ ”പഞ്ചവടിപ്പാലം”
സംസ്ഥാന റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനായിരുന്നു പാലാരിവട്ടത്തെ മേൽപ്പാലം നിർമ്മാണ ചുമതല . ഉദ്ഘാടനം കഴിഞ്ഞു മൂന്നു വര്‍ഷം പോലും തികയുന്നതിനുമുമ്പേ ഈ ‘പഞ്ചവടിപ്പാലം’ പൊളിച്ചു കളഞ്ഞു പുതിയത് പണിയേണ്ട സ്ഥിതി വന്നു എന്നത് കേരളത്തിനു കുറച്ചൊന്നുമല്ല ചീത്തപ്പേരുണ്ടാക്കിയത്.
പാലം നിര്‍മ്മിച്ചത് നാഷണല്‍ ഹൈവേ അഥോറിറ്റിയുടെ അനുമതി ഇല്ലാതെയാണെന്ന് വിവരാവകാശ രേഖ പറയുന്നു. സംസ്ഥാന സര്‍ക്കാരിന് എന്‍ഒസി നല്‍കിയിട്ടില്ല. നിർമ്മാണം ഏറ്റെടുത്ത സ്വകാര്യ കരാറുകാരന് 8.25 കോടി രൂപ മൊബിലൈസേഷന്‍ അഡ്വാന്‍സ് അനുവദിച്ചത് കരാര്‍ വ്യവസ്ഥകളില്‍ ഉള്‍പ്പെടുത്താതെയാണെന്നും വ്യക്തമായി. സ്വകാര്യ കരാറുകാര്‍ നടത്തുന്ന നിര്‍മ്മാണങ്ങള്‍ക്ക് മുന്‍കൂര്‍ പണം നല്‍കരുതെന്ന ചട്ടം അന്ന് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞ് മറികടന്നു എന്നാണ് മേൽനോട്ട ചുമതലമുണ്ടായിരുന്നു ഐ എ എസ് ഉദ്യോഗസ്ഥൻ സൂരജ് വെളിപ്പെടുത്തിയത്. മന്ത്രിയുടെ പ്രത്യേക താല്പര്യപ്രകാരമാണ് അഡ്വാന്‍സ് നല്‍കിയതെന്നാണ് ടി.ഒ.സൂരജ് വിജിലൻസിനോട് പറഞ്ഞത് .
പാലം നിര്‍മ്മാണത്തിനുള്ള പണം മുഴുവന്‍ നിര്‍വഹണ ഏജന്‍സിയായ കേരള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്പറേഷന് (ആര്‍ബിഡിസികെ) മുഖേന കൈമാറിയപ്പോള്‍ മൊബിലൈസേഷന്‍ അഡ്വാന്‍സ് രണ്ടു തവണകളായി കരാറുകാരന് നല്‍കിയത് കേരള റോഡ് ഫണ്ട് ബോര്‍ഡ് (കെഎഫ്ആര്‍ബി) നേരിട്ടാണ്. ഇതിലും ദുരൂഹതയുണ്ടെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.
പുതിയ പാലത്തിന്റെ നിര്‍മാണം ഒരുവര്‍ഷംകൊണ്ട് തീര്‍ക്കുമെന്ന് മേല്‍നോട്ടച്ചുമതലയുള്ള ഇ. ശ്രീധരന് പറഞ്ഞിട്ടുണ്ട് . നിർമ്മാണത്തിന് 18 കോടി രൂപ മതി എന്നാണ് എസ്റ്റിമേറ്റ് .
അഴിമതി വളരുന്നു.
കേരളം വളരുന്നതിനൊപ്പം അഴിമതികളും വളരുകയാണ്. അഴിമതിക്കേസില്‍ ഇതുവരെ എട്ട് മന്ത്രിമാര്‍ രാജിവെച്ചെങ്കിലും ഒരുമന്ത്രിമാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ഇടമലയാര്‍ കേസിലും ഗ്രാഫൈറ്റ് കേസിലും പ്രതിചേർക്കപ്പെട്ട ആർ ബാലകൃഷ്ണപിള്ള. ഒരു വർഷത്തെ ശിക്ഷ കഴിഞ്ഞു വന്ന അദ്ദേഹമാകട്ടെ ഇപ്പോൾ കാബിനറ്റ് റാങ്കിലിരുന്നു നമ്മളെ ഭരിക്കുന്നു. ശിക്ഷവാങ്ങിക്കൊടുത്തവർ തന്നെ അധികാരത്തിൽ കയറ്റി ഇരുത്തി ഖജനാവ് കൊള്ളയടിക്കാൻ സാഹചര്യം ഉണ്ടാക്കിക്കൊടുത്ത വിചിത്ര സംഭവത്തിനും കേരളം അങ്ങനെ സാക്ഷിയായി.
കേരളത്തിലെ ആദ്യ അഴിമതി ആരോപണം 1958 ലെ ആന്ധ്ര അരികുംഭകോണമാണ്. ടെണ്ടറില്ലാതെ അരി വാങ്ങിയതില്‍ പതിനറര ലക്ഷത്തിന്റെ അഴിമതിയെന്നായിരുന്നു ആക്ഷേപം. ഹൈക്കോടതി ജഡ്ജി നടത്തിയ അന്വേഷണത്തില്‍ അരിവാങ്ങിയതില്‍ അഴിമതിയില്ലെങ്കിലും ടെണ്ടര്‍ വിളിക്കാത്തതിലൂടെ ഒന്നരലക്ഷത്തിന്റ നഷ്ടമുണ്ടായെന്ന് കണ്ടെത്തി. തുടര്‍ന്നിങ്ങോട്ട് വലുതും ചെറുതുമായ നിരവധി അഴിമതി ആരോപണങ്ങള്‍ ഉയർന്നു. പാമോലിൻ, ലാവലിൻ , പ്ലസ് ടു , ബന്ധുനിയമനങ്ങള്‍, സർവകലാശാല അസിസ്റ്റന്റ് നിയമനം, ബാര്‍കോഴ, സോളാര്‍ തുടങ്ങി എത്രയെത്ര അഴിമതിആക്ഷേപങ്ങൾക്കാണ് കേരളം സാക്ഷിയായത് .
ഒരു വാതിലടച്ചാൽ പത്ത് വാതിലുകൾ വേറെ തുറക്കും
മാർഗം എന്തായാലും പരമാവധിസമ്പത്ത് ഉണ്ടാക്കുക എന്നതാണ് അഴിമതിക്കാരുടെ ലക്ഷ്യം . ഇവരുടെ മുൻപിൽ സർക്കാരും കോടതിയും ഒരു വാതിലടച്ചാൽ പത്ത് വാതിലുകൾ വേറെ തുറക്കും അവർ .
മുന്നണിയുടെ ശക്തി വർധിപ്പിക്കാൻ എല്ലാ പാർട്ടി നേതാക്കളും അഴിമതിക്കാരെ മാടി വിളിക്കുന്ന കാഴ്ചയാണ് സമീപകാലത്തു നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. ഇതേ അഴിമതിക്കാരെ ജയിലിലടയ്ക്കണമെന്നു പറഞ്ഞു മുൻപ് പ്രക്ഷോഭം ഉണ്ടാക്കി അണികളെ പോലീസിന്റെ മുൻപിലേക്ക് എറിഞ്ഞ് കൊടുത്തു തല്ലു വാങ്ങികൊടുത്തവർ ആണ് ഈ നേതാക്കന്മാർ എന്ന് എന്നോർക്കുക.
ഇതൊന്നും കണ്ടിട്ടും അനുഭവിച്ചിട്ടും പാർട്ടി അടിമകൾക്ക് ഒരുകുലുക്കവുമില്ല എന്നത് അത്ഭുതപ്പെടുത്തുന്നു. അടിമകൾ ഇപ്പോഴും അടിമകളായി തുടരുന്നു. കാപ്സ്യൂളുകൾ കൊടുത്തു അവരുടെയെല്ലാം തലച്ചോറ് മരവിപ്പിച്ചിട്ടിരിക്കയാണല്ലോ ! പിന്നെങ്ങനെ അവർക്ക് സ്വയം ചിന്തിക്കാനാവും ?
ഈ സാഹചര്യത്തിലാണ് ബുദ്ധിമരവിക്കാത്ത ജനങ്ങൾ ഉണർന്നെണീറ്റ് ട്വന്റി 20 പോലുള്ള ജനകീയ കൂട്ടായ്മകൾക്ക് രൂപം കൊടുത്തത് . അതിന്റെ വിജയത്തിൽ നിന്ന് ആവേശം കൊണ്ട് ഇപ്പോൾ കൊച്ചിയിൽ വി ഫോർ കൊച്ചി എന്നൊരു കൂട്ടായ്മയും രൂപം കൊണ്ടിരിക്കുന്നു . ഇത്തരം ജനകീയ കൂട്ടായ്മകൾ കേരളം മുഴുവൻ വളർന്നു പടരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
ധാർമ്മിക മൂല്യങ്ങൾക്ക് പ്രാധാന്യം കൊടുക്കണം
അഴിമതിയുടെ അടിസ്ഥാനകാരണം മൂല്യശോഷണമാണ്. അത് പരിഹരിക്കാൻ നമ്മുടെ വിദ്യാഭ്യാസത്തിൽ ധാർമ്മികമൂല്യങ്ങൾക്ക് പ്രാധാന്യം കൊടുക്കണം . നമ്മുടെ വീട്ടിൽ നിന്ന് തന്നെ അതിനു തുടക്കം കുറിക്കണം . മാതാപിതാക്കന്മാർ വാക്കിലും പ്രവൃത്തിയിലും മക്കൾക്ക് എന്നും മാതൃകയായിരിക്കണം .
അഴിമതി തടയാൻ പഴുതില്ലാത്ത നിയമവും പിഴവില്ലാത്ത ശിക്ഷയും ആവശ്യമാണ്. പോലീസും സർക്കാരും കോടതിയും ഒരുപോലെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കേണ്ടതുണ്ട്.
എഴുതിയത് : ഇഗ്നേഷ്യസ് കലയന്താനി (copyright reserved )
പാലാരിവട്ടം പാലം പണിതവന്റെ തല പൊട്ടിപ്പോകാൻ ഒരു തേങ്ങാ ഉടയ്ക്കൽ
കോവിഡ് രോഗിയെ വീട്ടിൽ എത്തിച്ചപ്പോൾ കണ്ടത് ദേഹമാസകലം പുഴു
തിരുവനന്തപുരം: വീണു പരുക്കേററ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ച രോഗിയെ ഡിസ്ചാർജ്ജ് ചെയ്തപ്പോൾ കണ്ടത് ദേഹത്ത് വലിയ പുഴുക്കൾ ഇഴയുന്നത്. വട്ടിയൂര്‍ക്കാവ് സ്വദേശിയായ അനില്‍കുമാർ എന്ന വൃദ്ധനാണ് ഈ ദുര്യോഗം ഉണ്ടായത് . അച്ഛനെ ആശുപത്രിയിൽ നിന്ന് തിരികെ കിട്ടിയത് ദേഹാസകലം പുഴുക്കള്‍ ഇഴയുന്ന അവസ്ഥയിൽ ആയിരുന്നെന്നു മക്കൾ ആരോഗ്യമന്ത്രിക്കു പരാതി നല്കി.
ആഗസ്റ്റ് 21 ന് തെന്നിവീണ് പരിക്കുപറ്റിയ അനില്‍കുമാറിനെ ആദ്യം പ്രവേശിപ്പിച്ചത് പേരൂര്‍ക്കട ആശുപത്രിയിലാണ് . പിന്നീട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അവിടെ ഐസിയുവിൽ ചികിത്സയിലിരിക്കെ ഈ മാസം 6 ന് കോവിഡ് സ്ഥിരീകരിച്ചു. കൂട്ടിരുന്ന വീട്ടുകാർ ഇതോടെ ക്വാറന്റീനില്‍ പോയി. 26ന് അനില്‍കുമാർ കോവിഡ് നെഗററീവായി.
ഡിസ്ചാർജ്ജ് ചെയ്ത അനിൽകുമാറിനെ വീട്ടുകാർ കണ്ടപ്പോൾ കരഞ്ഞുപോയി. എല്ലും തോലുമായ ഒരു അസ്ഥിപഞ്ജരം! അച്ഛന് ഭക്ഷണം കൊടുത്തുകാണുമോ എന്നുപോലും മക്കൾ സംശയിക്കുന്നു. ദേഹത്ത് നോക്കിയപ്പോഴാണ് വലിയ പുഴു ഇഴഞ്ഞുനടക്കുന്നത് കണ്ടത്. കഴുത്തിലിട്ടിരുന്ന കോളര്‍ ഉരഞ്ഞ് ഉണ്ടായ മുറിവിലും പുഴുക്കള്‍ ഉണ്ടായിരുന്നുവത്രേ. ആ ദൃശ്യം മക്കൾക്ക് സഹിക്കാനായില്ല. അവർ പൊട്ടിക്കരഞ്ഞു. ആശുപത്രി അധികൃതർക്കെതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് വീട്ടുകാർ ആരോഗ്യമന്ത്രിക്ക് പരാതി നൽകി .
പരാതിപ്പെട്ടിട്ടും പൊലീസില്‍ നിന്ന് നീതി കിട്ടിയില്ലെന്ന് ഭാഗ്യലക്ഷ്മി
യുട്യൂബിൽ സ്ത്രീകളെ അവഹേളിച്ചു വീഡിയോ പോസ്റ്റ് ചെയ്തയാളെ കൈകാര്യം ചെയ്ത സംഭവത്തിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ പൊലീസ് കേസെടുത്തു. തല്ലു കിട്ടിയ വിജയ് പി. നായരുടെ പരാതിയിലാണ് കേസ്. ആദ്യം പരാതിയില്ലെന്നു പറഞ്ഞ വിജയൻ പിന്നീട് നിലപാട് മാറ്റുകയായിരുന്നു.
അതേസമയം വീഡിയോയെപ്പറ്റി ചോദിക്കാനെത്തിയപ്പോൾ വിജയൻ ചീത്ത വിളിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന ഭാഗ്യലക്ഷ്മിയുടെ പരാതിയിൽ തമ്പാനൂർ പൊലീസ് വിജയ് പി. നായരുടെ പേരിലും കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് ചേർത്താണ് കേസെടുത്തിരിക്കുന്നത്.
വിവാദ വീഡിയോ ഇപ്പോഴും യുട്യൂബിൽ സജീവം ആണ്. സംഭവം ലോകം മുഴുവൻ അറിഞ്ഞതോടെ വീഡിയോ മുൻപ് കാണാത്തവരും കണ്ടു. 12 മണിക്കൂറിനുള്ളിൽ കണ്ടത് ലക്ഷക്കണക്കിന് ആളുകൾ. തല്ലല്ല, അവന്റെ തലമണ്ട അടിച്ചു പൊട്ടിക്കേണ്ടിയിരുന്നുവെന്ന് വീഡിയോ കണ്ട ചിലരുടെ കമന്റുകൾ.
‘പിണറായി വിജയന്റെ ഭരണത്തിൽ സ്ത്രീകൾക്ക് നീതി ലഭിക്കില്ലെന്നും നിയമം കയ്യിലെടുക്കുകയല്ലാതെ രക്ഷയില്ലെന്നും തെളിയിച്ച ഭാഗ്യലക്ഷ്മി ചേച്ചിക്കും സഹഅക്രമികൾക്കും അഭിനന്ദനങ്ങൾ.’ എന്നായിരുന്നു ബിജെപി വക്താവ് സന്ദീപ് വാര്യർ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത് .
പ്രതികരണവുമായി അധ്യാപികയും ഇടതുപക്ഷ പ്രവർത്തകയുമായ ദീപ നിശാന്തും എത്തി. നിയമവ്യവസ്ഥയുള്ള ഒരു നാട്ടിൽ ഇവരെന്താണീ കാട്ടുന്നതെന്ന ചിന്ത വന്നു. ആ അനുഭാവം അയാൾടെ വീഡിയോകൾ കണ്ടപ്പോ മാറിക്കിട്ടി. നാല് തല്ല് കൂടുതൽ കിട്ടേണ്ടതായിരുന്നു എന്നേ ഇപ്പോ തോന്നുന്നുള്ളൂ. കൊച്ചുകുഞ്ഞുങ്ങളെ ഉപദ്രവിക്കുന്ന പീഡോകൾക്കും അവരെ പിന്തുണക്കുന്നവർക്കും കൂടി ആ അടി കിട്ടേണ്ടതുണ്ടെന്നു വിചാരിക്കത്തക്ക പൊ.ക.( പൊളിറ്റിക്കൽ കറക്റ്റ്നെസ്)യേ തൽക്കാലം കയ്യിലുള്ളൂവെന്നും ദീപാ നിഷാന്ത് ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.
നീതി നിർവഹണത്തിന്റെ പേരിൽ മുഖ്യമന്ത്രിയെ പ്രകീർത്തിച്ച ഒരാൾക്ക് അതേ നീതി നിർവഹണത്തിന്റെ ഭാഗമായി ഒരാളെ തല്ലേണ്ടി വന്നെങ്കിൽ, നമ്മുടെ നാട്ടിലെ ഭരണസംവിധാനം കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് എങ്ങനെ പരിണമിച്ചുവെന്ന് ചിന്തിക്കൂ എന്നാണ് ശ്രീജിത്ത് പണിക്കർ പ്രതികരിച്ചത് . വനിതാ കമ്മീഷൻ, പൊലീസ്, ആഭ്യന്തരവകുപ്പ് എന്നീ സംവിധാനങ്ങളിൽ നിന്നും നീതി ലഭിക്കുമെന്ന് ബോധ്യമുണ്ടായിരുന്നെങ്കിൽ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും നിയമം കയ്യിലെടുക്കുന്ന അവസ്ഥ ഉണ്ടാകുമായിരുന്നില്ല എന്നും ശ്രീജിത്ത് ഫേസ്ബുക്കിൽ കുറിച്ചു.
നിയമം തോൽക്കുന്നിടത്ത് സ്ത്രീകൾ നേരിട്ടിറങ്ങി ഞരമ്പ് രോഗികളെ കൈകാര്യം ചെയ്യുന്നത് നിയമത്തിന്റെ കണ്ണിൽ തെറ്റാണെങ്കിലും ഒരർത്ഥത്തിൽ അത് നീതിയാണെന്ന് പരിസ്ഥിതി പ്രവർത്തകൻ ഹരീഷ് വാസുദേവൻ പ്രതികരിച്ചു. കൂടുതൽ പേർ ഇറങ്ങി ഇത്തരം ഞരമ്പ് രോഗികളെ അടിച്ചു മര്യാദ പഠിപ്പിക്കുന്ന കാഴ്ച നാം കാണും. ബസ്സിൽ ഞരമ്പ് രോഗികളെ പിൻ വെച്ചു കുത്തുന്ന പോലുള്ള ഒരു റിയാക്ഷൻ ആണ് സ്ത്രീകൾ നടത്തിയതെന്നും ഹരീഷ് വാസുദേവൻ ഫേസ്ബുക്കിൽ കുറിച്ചു .
”പാർലമെന്റിന്റെയും കേന്ദ്രസർക്കാരിന്റെയും സമ്പൂർണ പരാജയമാണ് ഈ സൈബർ ബുള്ളിയിങ്. IT ആക്ടിൽ ഭേദഗതി കൊണ്ടുവരാതെ കേന്ദ്രമാണ് ഈ സ്ഥിതി ഉണ്ടാക്കിയത്. ഇക്കാര്യത്തിൽ കേരളാ സർക്കാരും ഒന്നും ചെയ്യുന്നില്ല. ഈ സൈബർ അശ്ലീലം തടയാൻ നിയമം കൊണ്ടുവന്നില്ലെങ്കിൽ ഇരകൾ നേരിട്ട് ഇറങ്ങി അടിച്ചു തീർക്കും. Rule of Law യുടെ പരാജയമാണ് എന്നു നിലവിളിച്ചിട്ടു കാര്യമില്ല. ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ, ഒരുപാട് സ്ത്രീകൾ മടിക്കുന്ന കാര്യമാണ് നിങ്ങൾ ചെയ്തത്. നിങ്ങൾക്കെന്റെ അഭിവാദ്യങ്ങൾ. ” ഹരീഷ് വാസുദേവൻ ഫേസ്ബുക്കിൽ കുറിച്ചു
കൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു.
ബിനീഷിന്റെ സ്വത്തുവകകള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ബന്ധപ്പെട്ടവർക്ക് കത്ത് കൊടുത്തു.
ഇ ഡിയുടെ അനുമതിയില്ലാതെ ബിനീഷിന്റെ സ്വത്തുക്കൾ ക്രയവിക്രയം ചെയ്യാന്‍ പാടില്ലെന്ന് രജിസ്ട്രേഷൻ വകുപ്പിനും ഇ ഡി കത്ത് നൽകിയിട്ടുണ്ട്. മുഴുവൻ ആസ്തിയും സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനും നീക്കം തുടങ്ങി. ഇതിനായി ബാങ്കുകൾക്കും നോട്ടീസ് നൽകി.
ആസ്തി വിവരം ലഭിച്ച ശേഷം ബിനീഷിനെതിരെ കൂടുതൽ നടപടികളുണ്ടാവും എന്നാണ് ഇഡി വ്യക്തമാക്കുന്നത്. യുഎപിഎ വകുപ്പ് 16,17,18 പ്രകാരം ബിനീഷ് കുറ്റം ചെയ്തതായി സംശയിക്കുന്നുവെന്നു ഇ ഡി കത്തിൽ വ്യക്തമാക്കി .
വിദേശത്തുനിന്നുള്ള പണമിടപാട് സംബന്ധിച്ചു ബിനീഷ് കോടിയേരിയെ രണ്ടാഴ്ച മുമ്പ് ഇഡി ചോദ്യം ചെയ്തിരുന്നു. ബെംഗളൂരു മയക്കുമരുന്ന് കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് അനൂപും ബിനീഷും തമ്മിൽ അടുത്ത ബന്ധമുള്ളതായും ബിസിനസ് ബന്ധങ്ങളുണ്ടെന്നും അന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നു.
വീട് ഇല്ലാത്ത ഒൻപത് പാവങ്ങൾക്ക് പുതിയ വീടു വച്ചു നൽകി അരുവിത്തുറ സെന്റ ജോർജ് ഫൊറോന ഇടവക മാതൃകയായി
ഈരാറ്റുപേട്ട : സ്വന്തമായി വീട് ഇല്ലാത്ത ഒൻപത് പാവങ്ങൾക്ക് പുതിയ വീടു നിർമ്മിച്ച് നൽകി അരുവിത്തുറ സെന്റ് ജോർജ് ഫൊറോന ഇടവക അംഗങ്ങൾ പൊതുസമൂഹത്തിനു മാതൃകയായി. എല്ലാ സൗകര്യങ്ങളുമുള്ള 600 സ്ക്വയര്‍ ഫീറ്റ് വീടുകളാണ് നിർമ്മിച്ചു നൽകിയത്. ഒപ്പം ഇടവകയിലെ 30 വീടുകളുടെ നവീകരണവും നടത്തി. വീടില്ലാത്തവർക്കായി, പാലാ രൂപത രൂപം കൊടുത്ത പാലാ ഹോംസ് പദ്ധതിയുടെ ഭാഗമായാണ് വീടുകൾ നൽകിയത് .
പള്ളിയുടെ വരുമാനത്തിൽ നിന്ന് ഒരു കോടി രൂപയാണ് ഇതിനായി മാറ്റിവച്ചത് . വിൻസെന്റ് ഡി പോൾ സൊസൈറ്റി, എസ്എം വൈഎം, പ്രൊവിൻഷ്യൽ ഹൗസ്, പിത്യവേദി തുടങ്ങിയവർ നിർമ്മാണത്തിൽ പങ്കാളികളായി.
പുതിയ വീടുകളുടെ താക്കോൽ ദാനം പാലാ രുപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. ദരിദ്രരരോടും നിരാലംബരോടുമുള്ള ഇടവകയുടെ പ്രതിബദ്ധതയുടെ അടയാളമാണ് ഇതെന്ന് പ്രസംഗത്തിൽ അദ്ദേഹം സൂചിപ്പിച്ചു .
വികാരി ഫാ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. പൂഞ്ഞാർ എംഎൽഎ പി. സി ജോർജ്, അസി. വികാരിമാരായ ഫാ. ജോർജ് പൈമ്പള്ളിൽ, ഫാ. സ്കറിയ മേനാംപറമ്പിൽ, ബർസാർ ഫാ. ജോർജ് പുല്ലുകാലായിൽ, പ്രോവിൻഷ്യൽ സിസ്റ്റർ ആനി കല്ലറങ്ങാട്, ജയ്സൺ കൊട്ടുകാപ്പളിൽ എന്നിവർ പങ്കെടുത്തു.
വീട് നിർമ്മാണത്തിന് സാങ്കേതിക സഹായം നൽകിയ സെന്റ് ജോർജ് ഹയര്‍ സെക്കൻഡറി സ്കൂൾ അധ്യാപകൻ സജി സെബാസ്റ്റ്യനെ ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു. കൈക്കാരന്മാരായ ചാക്കോച്ചൻ വെള്ളുക്കുന്നേൽ, ബോസ് പ്ലാത്തോട്ടം, ജോർജി മുണ്ഡപത്തിൽ, അരുൺ താഴത്തുപറമ്പിൽ നിർമ്മാണ കമ്മറ്റിയംഗങ്ങളായ സിബി പാലാത്ത്, ബെന്നി വെട്ടത്തേൽ, സാബു പ്ലാത്തോട്ടം എന്നിവർ നേതൃത്വം നൽകി.
മൂന്നു മാസം കൊണ്ട് ആരതി നേടിയത് 350 ഓൺലൈൻ സര്‍ട്ടിഫിക്കറ്റ്
ആലുവ: ഇത് ആരതി രഘുനാഥ് . ആലുവ മാറമ്പിള്ളി എം.ഇ.എസ്. കോളേജിലെ എം.എസ്സി. ബയോ കെമിസ്ട്രി വിദ്യാർത്ഥിനി. ആരതി ഇപ്പോൾ ഈ കോളേജിലെ താരമാണ്. അധ്യാപകരുടെ പ്രിയങ്കരിയാണ്.
ഈ ലോക്ഡൗൺ കാലത്ത് മൂന്നു മാസം കൊണ്ട് ആരതി പഠിച്ചു നേടിയത് 350 ഓൺലൈൻ കോഴ്സ് സർട്ടിഫിക്കറ്റുകളാണ്. ഒപ്പം ഒരു ലോക റെക്കോഡും അടിച്ചെടുത്തു . യൂണിവേഴ്സൽ റെക്കോഡ് ഫോറത്തിന്റെ ഏഷ്യൻ വേൾഡ് റെക്കോഡ് .
അന്താരാഷ്ട്ര വിദ്യാഭ്യാസ പ്ലാറ്റ്ഫോമായ കോഴ്സിറയുമായി സഹകരിച്ച് ഓൺലൈൻ കോഴ്സുകൾ പഠിക്കാൻ ലോക്ഡൌൺ കാലത്ത് മാറമ്പിള്ളി എം.ഇ.എസ്.കോളേജ് സൗകര്യം ഒരുക്കിയിരുന്നു. ഈ സൗകര്യം ആരതി പ്രയോജനപ്പെടുത്തി.
ജോൺ ഹോക്കിൻസ് യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഒഫ് വെർജിന, ടെക്നിക്കൽ യൂണിവേഴ്സിറ്റി ഒഫ് ഡെന്മാർക്ക്, കൈസ്റ്റ്, സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഒഫ് ന്യൂയോർക്ക്, എസ്.യു.എൻ.വൈ , യൂണിവേഴ്സിറ്റി ഒഫ് കോപ്പൻഹാഗൻ, യൂണിവേഴ്സിറ്റി ഒഫ് റോച്ചസ്റ്റർ,യൂണിവേഴ്സിറ്റി ഒഫ് കൊളറാഡോ, എമോറി യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഒഫ് വെർജീനിയ, കോഴ്സിറ പ്രൊജക്ട് നെറ്റ്വർക്ക് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നാണ് ആരതി 350 സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കിയത്. എളമക്കര മാളിയേക്കൽ മഠത്തിൽ എം.ആർ. രഘുനാഥിന്റെയും കലാദേവിയുടെയും മകളാണ് ആരതി.
കോളേജ് മാനേജ്മെൻറ് അംഗങ്ങളായ എം.എ. മുഹമ്മദ് , എ.എ. അബുൾ ഹസൻ ,വി.എ. പരീത് , ടി.എം. സക്കീർ ഹുസൈൻ, പ്രിൻസിപ്പൽ ഡോ. അജിംസ് പി. മുഹമ്മദ്, വൈസ് പ്രിൻസിപ്പൽ ഡോ. മൻസൂർ അലി പി.പി., കോഴ്സെറ കോ-ഓർഡിനേറ്റർ ഹനീഫ കെ.ജി., ബയോസയൻസ് വിഭാഗം മേധാവി ഡോ.ഉമേഷ് ബി.ടി എന്നിവർ ആരതിയെ അനുമോദിച്ചു.
ബോസ്നിയ ഹെർസഗോവിനയിലെ സിറോക്കി-ബ്രിജെഗ് എന്ന പട്ടണമാണ് വിവാഹമോചനമില്ലാത്ത ലോകത്തിലെ ഏക നഗരം
വിവാഹമോചനമില്ലാത്ത ഒരു ലോകം. വേർപിരിയലുകൾ ഇല്ലാത്ത കുടുംബങ്ങൾ. വേർപാടിൻ്റെ വേദന അറിയാത്ത കുട്ടികൾ. എത്ര സുന്ദരമായ സങ്കല്പങ്ങൾ, അല്ലേ ? അങ്ങനെയുള്ള ഒരു സ്ഥലം ലോകത്ത് എവിടെ എങ്കിലും കാണുമോ? ഈ ചോദ്യത്തിന്റെ ഉത്തരം ചെന്ന് എത്തി നിൽക്കുക യൂറോപ്പിൽ ഒരു ചെറിയ നഗരത്തിലാണ്.
ബോസ്നിയ ഹെർസഗോവിനയിലെ (Bosnia and Herzegovina ) സിറോക്കി-ബ്രിജെഗ് ( Siroki-Brijeg) എന്ന പട്ടണമാണ് അത് . ഈ നഗരത്തിൽ 2013 ലെ കണക്കനുസരിച്ച് 29,000 ൽ അധികം ജനങ്ങൾ അധിവസിക്കുന്നു. ഈ നഗരത്തിൽ ഒരു വിവാഹമോചനമോ തകർന്ന കുടുംബ ബന്ധത്തിൻ്റെ കഥയോ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല എന്നത് ഈ നഗരത്തിൻ്റെ മഹത്വം വിളിച്ചറിയിക്കുന്നു .
എന്താണ് ശക്തമായ ഈ കുടുംബ ബന്ധങ്ങളുടെ രഹസ്യം ?
നൂറു ശതമാനവും ക്രോയേഷ്യൻ വംശജരയായ കത്തോലിക്കർ വസിക്കുന്ന സ്ഥലമാണ് സിറോക്കി-ബ്രിജെഗ്. അവരുടെ അടിയുറച്ച കത്തോലിക്കാ വിശ്വാസവും കുടുംബ ബന്ധങ്ങൾക്ക് അവർ കൽപ്പിക്കുന്ന പവിത്രതയുമാണ് വിവാഹമോചനമില്ലാത്ത ലോകത്തിലെ ഏക നഗരം എന്ന പദവിക്ക് അവരെ അർഹരാക്കിയത്.
വിശ്വാസ ജീവിതം ഇവിടുത്തെ കത്തോലിക്കർക്കെന്നും വെല്ലുവിളി ആയിരുന്നു. ആദ്യത്തെ പ്രതിസന്ധി തുർക്കിയിലെ ഓട്ടോമൻ ഭരണത്തിൽ നിന്നായിരുന്നെങ്കിൽ, പിന്നീടതു കമ്മ്യൂണിസ്റ്റുകാരിൽ നിന്നായിരുന്നു. ഭീഷണികൾക്കു നടുവിൽ രക്ഷയുടെ ഉറവിടമായ ക്രിസ്തുവിന്റെ കുരിശു മാത്രമായിരുന്നു അവർക്ക് ആശ്രയം. അങ്ങനെ വിശുദ്ധ കുരിശ് അവരുടെ ജീവിതത്തിൻ്റെ അവിഭാജ്യ ഘടകമായി മാറി. അതിനാലാണ് വിവാഹ ജീവിതത്തെപ്പോലും ക്രിസ്തുവിന്റെ കുരിശുമായി അവർ ബന്ധിപ്പിക്കുന്നത്.
ദൈവികജീവിതം മുളയെടുക്കുന്ന ക്രിസ്തുവിൻ്റെ മരക്കുരിശിൽ മനുഷ്യജീവിതം പിറവി കൊള്ളുന്ന വിവാഹം എന്ന കൂദാശയെ അവർ ബന്ധിപ്പിച്ചു. വിവാഹത്തിനായി വധുവും വരനും ദൈവാലയത്തിലേക്കു വരുമ്പോൾ അവർ ഒരു ക്രൂശിതരൂപവും കൈയ്യിലെടുക്കുന്നു. പുരോഹിതൻ കുരിശിനെ ആശീർവ്വദിക്കുകയും ജീവിതം പങ്കിടാൻ അനുയോജ്യമായ ജീവിത പങ്കാളിയെ കണ്ടെത്തിയെന്ന് പറയുന്നതിനു പകരം അദ്ദേഹം ഇപ്രകാരം ഉദ്ബോധിപ്പിക്കും, “നിങ്ങളുടെ കുരിശ് നിങ്ങൾ കണ്ടെത്തി! ഇതു നിങ്ങൾക്കു സ്നേഹിക്കാനും എപ്പോഴും കൂടെ കൊണ്ടുനടക്കേണ്ടതുമായ കുരിശാണ്, ഇതു വലിച്ചെറിയപ്പെടാനുള്ളതല്ല. എന്നും വിലമതിക്കാനുള്ള ഒരു കുരിശാണ്. ”
വിവാഹ വാഗ്ദാനം പരസ്പരം നടത്തുമ്പോൾ വധു അവളുടെ വലതു കൈ കുരിശിൽ വയ്ക്കുന്നു അതിനു മുകളിൽ വരൻ തൻ്റെ വലതു കൈ വയ്ക്കുന്നു. കുരിശിൽ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന അവരുടെ കരങ്ങളെ പുരോഹിതൻ തൻ്റെ പൗരോഹിത്യ ചിഹ്നമായ ഉറാലയാൽ മൂടി മുദ്ര ചെയ്യുന്നു. പിന്നിടു ഇന്നു മുതൽ മരണം വരെ സമ്പത്തിലും ദാരിദ്രത്തിലും, ആരോഗ്യത്തിലും അനാരോഗ്യത്തിലും സുഖത്തിലും ദുഃഖത്തിലും ഏക മനസ്സായി വിശ്വസ്തതയോടെ ജീവിച്ചു കൊള്ളാമെന്ന് വിശുദ്ധ കുരിശിനെ സാക്ഷിയാക്കി പ്രതിജ്ഞ ചെയ്യുന്നു. കുരിശിനെ ആദ്യം ചുംബിച്ചതിനു ശേഷം വധു വരന്മാർ പരസ്പരം ചുംബിക്കുന്നു.
വിവാഹ ശേഷം ഒരാൾ മറ്റൊരാളെ ഉപേക്ഷിക്കുകയാണെങ്കിൽ, അവർ ക്രൂശിൽ കിടക്കുന്ന ക്രിസ്തുവിനെ ഉപേക്ഷിക്കുന്നു എന്നാണ് അവർ വിശ്വസിക്കുന്നത്. അങ്ങനെ വിവാഹമോചിതർ യേശുവിനെ നഷ്ടപ്പെട്ടവരാകുന്നു .
വിവാഹ ശേഷം നവദമ്പതികൾ ഈ “വിവാഹക്കുരിശ് ” അവരുടെ വീടിൻ്റെ ഉമ്മറപ്പടിയിൽ സ്ഥാപിക്കും. . അന്നു മുതൽ അവരുടെ ജീവിതത്തിന്റെ റഫറൻസ് പോയിന്റായി ഈ കുരിശു മാറുന്നു. കുരിശു നോക്കിയാണ് നവദമ്പതികൾ തങ്ങളുടെ ജീവൻ കരുപിടിപ്പിക്കുന്നത്.
ബന്ധങ്ങള്‍ ആകസ്മികമല്ലെന്നും ജീവിത പങ്കാളി ദൈവ പദ്ധതിയുടെ ഭാഗമാണന്നുള്ള തിരിച്ചറിവു കുരിശു നൽകുമ്പോൾ ‘ദൈവം യോജിപ്പിച്ച’ ദാമ്പത്യത്തെ തകർത്തെറിയാൻ അവർക്കു കഴിയുകയില്ല. എല്ലാ മനുഷ്യബന്ധങ്ങളിലും സംഭവിക്കുന്നതു പോലെ ചില സമയങ്ങളിൽ കുടുംബ ജീവിതത്തിലും ബുദ്ധിമുട്ടും തെറ്റിദ്ധാരണകളും ഉണ്ടാകും. ആ സമയങ്ങളിൽ, പരിഹാരത്തിനായി മറ്റു മാർഗ്ഗങ്ങളിലേക്കു ആദ്യം തിരിയുന്നതിനു പകരം അവർ കുരിശിലേക്ക് തിരിയുന്നു. ക്രൂശിത രൂപത്തിനു മുമ്പിൽ മുട്ടുകുത്തി പരസ്പരം ഹൃദയം തുറക്കുമ്പോൾ പരസ്പരം മനസ്സിലാക്കാനും ക്ഷമിക്കാനും വീണ്ടും കുതിക്കാനുള്ള ശക്തി ദമ്പതികൾക്കു ലഭിക്കുന്നു.
ഈ പുണ്യ ആചാരം ഈ സമൂഹത്തിൽ നിലനിൽക്കുന്നതിനാൽ കുട്ടികൾ അതു കണ്ടാണ് വളരുന്നത്. അതു അവരുടെ വിവാഹ ജീവിതത്തിനു ഭദ്രത കൊടുക്കുന്നു.
ശക്തമായ ദാമ്പത്യബന്ധത്തിൽ നിന്ന് ജനിച്ച കുട്ടികൾ ചെറുപ്പം മുതലേ കുരിശിനെ സ്നേഹിക്കാനും കുരിശിൻ്റെ മുമ്പിൽ പ്രാർത്ഥിക്കുവാനും പരിശീലനം നേടുന്നു. ഉറങ്ങുന്നതിനു മുമ്പു കുരിശിനെ ചുംബിക്കുന്ന ശീലം ഈ പട്ടണത്തിലെ കുട്ടികളെ മാതാപിതാക്കൾ ചെറുപ്പത്തിലേ പഠിപ്പിക്കുന്നതിനാൽ ഈശോ തങ്ങളെ കൈകളിൽ പിടിച്ചിരിക്കുകയാണെന്നും ഭയപ്പെടേണ്ട കാര്യമില്ലെന്നും അവർ കൊച്ചുന്നാളിലെ തിരിച്ചറിയുന്നു .
കുരിശിൽ വിവാഹം ജീവിതം പണിതുയർത്തുമ്പോൾ ആ ദാമ്പത്യം പുഷ്പിക്കുകയും തലമുറകൾക്കു അനുഗ്രഹമാവുകയും ചെയ്യും. അങ്ങനെയുള്ള കുടുംബങ്ങൾ ഈ ദൈവത്തിൻ്റെ ഈ ലോകത്തിലെ ഏറ്റവും മനോഹര സൃഷ്ടിയാകുന്നു.
പൊഴിയൂർ പരുത്തിയൂർ പുതുവൽപുരയിടത്തിൽ പ്രദീഷ് (28) ആണ് അറസ്റ്റിലായത്
പാറശാല: കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ വ്യാജമായി തയ്യാറാക്കി വിതരണം ചെയ്ത കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. പൊഴിയൂർ പരുത്തിയൂർ പുതുവൽപുരയിടത്തിൽ പ്രദീഷ് (28) ആണ് അറസ്റ്റിലായത് . നൂറോളം വ്യാജ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തതായി ഇയാൾ പോലീസിനോട് പറഞ്ഞു. ബിടെക് ബിരുദധാരിയാണ് പ്രദീപ്. ഇയാളുടെ സഹായിയെ പോലീസ് തിരയുന്നു.
കുളത്തൂർ ഗ്രാമപ്പഞ്ചായത്ത് പി.എച്ച്.സി. പൊഴിയൂർ എന്ന ലെറ്റർ ഹെഡിലാണ് വ്യാജ സർട്ടിഫിക്കറ്റ് നൽകിയിരുന്നത്. ആന്റിജൻ ടെസ്റ്റിനു ഹാജരായെന്നും ടെസ്റ്റ് റിസൾട്ട് നെഗറ്റീവാണെന്നുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
പൊഴിയൂർ പി.എച്ച്.സിയിലെ മെഡിക്കൽ ഒാഫിസർ ഡോ.സാബുവിന്റെ ഒപ്പും, സീലും വ്യാജമായി തയ്യാറാക്കി കോവിഡ് സർട്ടിഫിക്കറ്റുകൾ ആവശ്യക്കാർക്ക് വിതരണം ചെയ്തു പണം വാങ്ങുകയായിരുന്നു പ്രദീഷ് . രണ്ടായിരം മുതൽ മൂവായിരം രൂപവരെ വാങ്ങിയിരുന്നുവെന്നാണ് വിവരം. മൊബൈൽ ആപ്പ് ഉപയോഗിച്ചാണ് സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കിയത്.
ജില്ലക്കു പുറത്തു മത്സ്യബന്ധനത്തിനു പോകുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. പരിശോധന നടത്താൻ ഇഷ്ടമില്ലാത്തവർക്കാണ് വ്യാജസർട്ടിഫിക്കറ്റുകൾ പ്രദീഷ് വിതരണം ചെയ്തിരുന്നത്.
കോവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് പൊഴിയൂരിൽ വ്യാപകമായി കണ്ടെത്തിയതിനെ തുടർന്ന് പൊഴിയൂർ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്.
സംഭവം അതീവ ഗൗരവത്തോടെയാണ് ആരോഗ്യ വകുപ്പും കണ്ടത്. ഇത് അങ്ങേയറ്റം അപലപനീയമാണെന്നും വ്യാജ സർട്ടിഫിക്കറ്റ് നല്‍കുന്നതിലൂടെ കൂടുതല്‍ ആളുകളിലേക്ക് രോഗം പകര്‍ത്താനാണ് ഇത്തരക്കാര്‍ ശ്രമിക്കുന്നതെന്നും ആരോഗ്യ മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.