”രാത്രി വീടിനകത്ത് കിടക്കുമ്പോൾ ഓല കീറിയ മേൽക്കൂരയിലൂടെ ആകാശം കാണും. മഞ്ഞുകാലം ആയാൽ വീടിനകത്തേക്ക് മഞ്ഞ് ഒഴുകിയിറങ്ങുന്ന അനുഭവം. പക്ഷേ മഴക്കാലം ഇത്തിരി കഷ്ടപ്പാടാണ്. മഴയത്തു ചൂടുന്ന ഓലകൊണ്ട് ഞങ്ങളുടെ മേൽ വെള്ളം വീഴാതെ ചാച്ചനും അമ്മച്ചിയും മറച്ചു പിടിക്കും. ഇതൊക്കെ എനിക്ക് എങ്ങനെ മറക്കാൻ കഴിയും?”
ഇത് സാബു ആരക്കുഴ എന്ന കലാകാരന്റെ കണ്ണീരിൽ കുതിർന്ന ബാല്യകാലാനുഭവം. ആരാണ് സാബു ആരക്കുഴ ? പേര് കേൾക്കുമ്പോൾ തന്നെ പലർക്കും അറിയാം ഇദ്ദേഹത്തെ . ടിവിയിലും യുട്യൂബിലും അദ്ദേഹത്തിന്റെ പാട്ടും മിമിക്രിയും മോണോ ആക്റ്റുമൊക്കെ ഒരുപാട് പേര് കണ്ടിട്ടുണ്ടാകും .
മലയാളത്തിലും തമിഴിലും സാബു സ്വയം എഴുതി ആലപിച്ച നൂറുകണക്കിന് ആൽബങ്ങൾ ഉണ്ട്. യുട്യൂബിൽ സാബുവിന്റെ ഗാനങ്ങൾ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടിട്ടുള്ളത് . നന്നായി ചിത്രം വരക്കും സാബു . നാടകം, മോണോ ആക്ട് ടെലിഫിലിം തുടങ്ങി സാബു കൈവയ്ക്കാത്ത കലാമേഖല ഒന്നും തന്നെ ഇല്ല.
കേവലം ഒരു കലാകാരൻ മാത്രമല്ല സാബു . തൊടുപുഴ സെന്റ് സെബാസ്റ്റ്യൻ സ്കൂളിലെ ചിത്രകലാ അധ്യാപകൻ കൂടിയാണ്. ഔദ്യോഗിക പേര് കെ.വി. സാബു. തൂപ്പു ജോലിയിൽ നിന്നാണ് സാബു അധ്യാപകന്റെ കസേരയിലേക്ക് ഉയർന്നത് . ആ ഉയർച്ചയ്ക്ക് പിന്നിൽ കണ്ണീരിന്റെ നനവുള്ള ഒരുപാട് അനുഭവങ്ങളുണ്ട് . കഷ്ടപ്പാടിന്റെ കരളലിയിക്കുന്ന സംഭവങ്ങളുണ്ട് .
സാബുവിന്റെ ബാല്യകാലം ദാരിദ്ര്യത്തിൽ മുങ്ങിതാഴ്ന്നതായിരുന്നു. കഠിനാധ്വാനം കൊണ്ടാണ് സാബു
കലാരംഗത്തു പ്രശസ്തനായതും ഒടുവിൽ അധ്യാപക ജോലിയിൽ എത്തിച്ചേർന്നതും. കണ്ണീരിൽ കുതിർന്ന ആ അനുഭവകഥകൾ സാബുവിന്റെ വാചകങ്ങളിൽ തന്നെ വായിക്കാം :


ആരക്കുഴ മലേക്കുരിശ് പള്ളിക്കടുത്തുണ്ടായിരുന്ന പഴയ ഒരു ഓലപ്പുര. അവിടെയാണ് ഞാൻ ജനിച്ചുവളർന്നത്. പട്ടിണിയും രോഗങ്ങളും എല്ലാം ഒരുപാട് ഉണ്ടായിരുന്നെങ്കിലും ചാച്ചനും അമ്മച്ചിയും നാല് സഹോദരിമാരും ഞാനും ആ വീട്ടിൽഏറെ സന്തോഷത്തോടെ കഴിഞ്ഞിരുന്ന ആ നല്ല നാളുകൾ ഇപ്പോഴും എൻറെ മനസ്സിൽ ഉണ്ട് . അതുകൊണ്ടുതന്നെയാണ് പണ്ട് വീടിനു മുൻപിൽ നിന്ന് ഞാൻ എടുത്ത ഫോട്ടോ ഇന്നും നിധിപോലെ സൂക്ഷിക്കുന്നത്.
ഒരു കലാകാരനിലേക്കുള്ള എൻറെ വളർച്ച ഈ വീട്ടിൽ നിന്നാണ്. കുഞ്ഞുനാളിൽ നാടൻ പാട്ടുകളും സിനിമ പാട്ടുകളും എല്ലാം അമ്മച്ചി എന്നെ പഠിപ്പിച്ചിരുന്നു. എൻറെ പാട്ടും മിമിക്രിയും പടം വരയും എല്ലാം അമ്മച്ചിക്ക് ഒത്തിരി ഇഷ്ടമായിരുന്നു. ഞാനെഴുതുന്ന കഥകളും കവിതകളും എല്ലാം അമ്മച്ചിയെ വായിച്ചു കേൾപ്പിക്കുമായിരുന്നു .
അന്നു വീട്ടിൽ വൈദ്യുതി ഇല്ലാത്തതിനാൽ മണ്ണെണ്ണവിളക്ക് ആയിരുന്നു . രാത്രി വീടിനകത്ത് കിടക്കുമ്പോൾ ഓല കീറിയ മേൽക്കൂരയിലൂടെ ആകാശം കാണും. ആകാശത്ത് മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളും. മഞ്ഞുകാലം ആയാൽ വീടിനകത്തേക്ക് മഞ്ഞ് ഒഴുകിയിറങ്ങുന്ന അനുഭവം. പക്ഷേ മഴക്കാലം ഇത്തിരി കഷ്ടപ്പാടാണ്. വീട്ടിനകത്ത് മുഴുവൻ വെള്ളം ആയിരിക്കും. മഴയത്തു ചൂടുന്ന ഓലകൊണ്ട് ഞങ്ങളുടെ മേൽ വെള്ളം വീഴാതെ ചാച്ചനും അമ്മച്ചിയും മറച്ചു പിടിക്കും. ഇതൊക്കെ എങ്ങനെ മറക്കാൻ കഴിയും?
പഠിക്കാൻ കഴിവില്ലാത്ത എന്നെ ഒരു സ്കൂൾ പ്യൂൺ എങ്കിലും ആക്കാനാണ് ചാച്ചൻ ആഗ്രഹിച്ചിരുന്നുത്. എന്നാൽ ഞാനൊരു അധ്യാപകനായി കാണാനാണ് അമ്മച്ചി ആഗ്രഹിച്ചിരുന്നത്. എങ്ങനെയെങ്കിലും പത്തു വരെ പഠിച്ചു പാസാകാൻ നോക്ക് എന്ന് ചാച്ചൻ എപ്പോഴും പറയുമായിരുന്നു. പക്ഷേ എന്തു ചെയ്യാം, ഒമ്പതിൽ മൂന്നാം വർഷവും തോറ്റപ്പോൾ പഠിത്തം നിർത്തേണ്ടി വന്നു.
പെയിൻറിംഗ് ,ടാപ്പിംഗ് പാറമടയിൽ പണി ,വാർക്കപ്പണി, പിന്നീട് ഇതൊക്കെയായിരുന്നു എന്റെ ജോലി. ഇതിനിടയിൽ മൂവാറ്റുപുഴ കലാകേന്ദ്ര ഫൈൻ ആർട്സ് അക്കാദമിയിൽ ചിത്രകല പഠിക്കാൻ ചേർന്നു. പക്ഷേ പഠനം നിർത്തേണ്ടി വന്നു.


കൂട്ടുകാർക്ക് ഒക്കെ നനയാത്ത വീടുണ്ട്. പക്ഷേ എനിക്ക് മാത്രം…! എങ്ങനെയെങ്കിലും നനയാത്ത ഒരു വീട് പണിയണം . അതിനായിരുന്നു പിന്നീട് എന്റെ ശ്രമം. കലാരംഗത്ത് എനിക്ക് ചെറിയ അവസരങ്ങൾ ലഭിക്കാൻ തുടങ്ങിയതോടെ കിട്ടുന്ന കാശ് ഞാൻ കൂട്ടി കൂട്ടി വച്ചു.
മദ്യപാനവും പുകവലിയും ജീവിതത്തിൽ ഇല്ലാത്തതിനാൽ ജോലി ചെയ്തു കിട്ടുന്ന കാശ് ചിലവാക്കി കളയാതെ സൂക്ഷിച്ചു വയ്ക്കാൻ എനിക്ക് സാധിച്ചു. ഇതിനിടയിൽ കലാഭവൻ മണി ചേട്ടൻ മിമിക്രി കാസറ്റിൽ പാട്ടെഴുതാൻ എനിക്കൊരു അവസരം തന്നു. അതൊരു നല്ല തുടക്കമായിരുന്നു. പിന്നീട് ക്രിസ്തീയ ഭക്തിഗാന രംഗത്തും ദിലീപ് നാദിർഷ എന്നിവരുടെ ആൽബങ്ങളിലും എനിക്ക് നിരവധി അവസരങ്ങൾ കിട്ടി. നാദിർഷാ ഇക്കാ യുമായുള്ള സൗഹൃദം ഇന്നും തുടരുന്നു. മേരാ നാം ഷാജി എന്ന സിനിമയിൽ കുണുങ്ങിക്കുണുങ്ങി എന്ന സൂപ്പർ ഹിറ്റ്ഗാനം എഴുതി സംഗീതം നൽകാൻ നാദിർഷഇക്ക എനിക്ക്അവസരം തന്നതും പഴയ ആ സൗഹൃദം കൊണ്ടാണ്.
അന്ന് പ്രോഗ്രാമുകളിൽ നിന്നും കിട്ടുന്ന ചെറിയ തുക പോലും വീടുപണിക്കായി ഞാൻ സൂക്ഷിച്ചു വച്ചു. ഇതിനിടെ രോഗംവന്നു എന്റെ രണ്ടു സഹോദരിമാർ ഈ ലോകത്തോട് വിട പറഞ്ഞു.
കഷ്ടപ്പാടുകൾ വിടാതെ പിന്തുടരുകയാണ്. എങ്കിലും ദൈവത്തിൽ ആശ്രയിച്ചു തളരാതെ മുന്നോട്ടു നീങ്ങി. വലിയ കലാകാരൻ ഒന്നും ആയില്ലെങ്കിലും ഒരു വീട് പണിയണം. പരിശ്രമം അതിനു വേണ്ടിയായിരുന്നു.
മുറ്റത്തെ മാവിൽ കുഞ്ഞാറ്റ കുരുവി പുല്ലും നാരും തൂവലും എല്ലാം ശേഖരിച്ച് മനോഹരമായ കൂടുണ്ടാക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. എൻറെ പ്രാർത്ഥനയും പ്രവർത്തനവും ഞാൻ തുടർന്നുകൊണ്ടിരുന്നു.
എന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ചാച്ചൻ ഊർജ്ജസ്വലനായി മുന്നിൽ നിന്നു. അങ്ങനെ ഒരുപാട് കഷ്ടപ്പെട്ട് ആണെങ്കിലും ആ ഓലപ്പുരയുടെ സ്ഥാനത്ത് ആരുടെയും സഹായങ്ങൾ ഒന്നും തന്നെ ഇല്ലാതെ ഒരു കൊച്ചു വീട് ഞങ്ങൾ പണിതു.ദൈവം തന്ന വീട്.എൻറെ കല്യാണത്തിൻറെ തലേദിവസം ആണ് പുതിയ വീട്ടിൽ താമസം തുടങ്ങിയത്.
പിന്നീട് ഒരു വർഷത്തിനു ശേഷം കോതമംഗലം സെൻറ് ജോർജ് ഹൈസ്കൂളിൽ തൂപ്പ് ജോലിക്കാരനായി എനിക്ക് പണി കിട്ടി. പക്ഷേ ശമ്പളം ഇല്ലാത്തതിനാൽ ജീവിക്കാൻ ഏറെ ബുദ്ധിമുട്ടായിരുന്നു. ആരക്കുഴ നിന്നും ദിവസവും ജോലിക്കായി കോതമംഗലത്തു വന്നു പോവുക ബുദ്ധിമുട്ടായതിനാൽ ചാച്ചന്റെയും അമ്മച്ചിയുടെയും നിർദ്ദേശപ്രകാരം കോതമംഗലത്ത് ഒരു വീട് വാടകക്കെടുത്ത് ഞങ്ങൾ താമസം തുടങ്ങി.


ജോലി കഴിഞ്ഞുള്ള വൈകുന്നേരങ്ങളിൽ കലാപ്രവർത്തനങ്ങൾക്ക് ഞാൻ സമയം കണ്ടെത്തി.
എൻറെ അവസ്ഥ അറിഞ്ഞ ചില നല്ല വ്യക്തികൾ കലാപരമായ ക്ലാസ്സുകൾ എടുക്കാൻ എനിക്ക് അവസരം തന്നു സഹായിച്ചു.
കോതമംഗലം സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ അന്ന് തൂപ്പു ജോലിക്കാരനായി ഞാൻ ഒരാൾ മാത്രം. മുൻപ് രണ്ടു പേർ ഉണ്ടായിരുന്നതാണ് . എന്നും രാവിലെ 6 മണിക്ക് സ്കൂളിലെ പണി ചെയ്യാൻ ഞാൻ എത്തും. സ്കൂളും മുറ്റവും എല്ലാം അടിച്ചുവാരി . സ്കൂളിലെ ടോയ്‌ലറ്റിൽ തന്നെ കുളിച്ചിട്ട് എട്ടു മണിയോടെ ഞാൻ വീട്ടിലെത്തും. എനിക്ക് രണ്ടു കുഞ്ഞു കുട്ടികൾ ആയതിനാൽ വീട്ടുജോലിയിൽ ഭാര്യ അനുവിനെയും സഹായിച്ചു ഒൻപതു മണിക്ക് മുൻപായി വീണ്ടും ഞാൻ സ്കൂളിൽ എത്തും. കോതമംഗലം സെൻറ് ജോർജ് സ്കൂളിലുണ്ടായിരുന്ന 5 വർഷവും ഇങ്ങനെ തന്നെ.
എൻറെ ജോലിയോടൊപ്പം സെൻറ് ജോർജ്സ്കൂളിൽ കുട്ടികളെ നാടകം, നാടൻപാട്ട്, മിമിക്രി ,മോണോ ആക്ട് തുടങ്ങി വിവിധ കലാപരിപാടികളിലും ഞാൻ ഏർപ്പെട്ടു . യാതൊരു പ്രതിഫലവും വാങ്ങാതെയാണ് ഞാൻ പഠിപ്പിച്ചിരുന്നത്.
എറണാകുളം ജില്ലയിൽ പല സ്കൂളുകളിൽ നിന്നും കലോത്സവത്തിന് കുട്ടികളെപഠിപ്പിക്കാനായി എന്നെ ക്ഷണിച്ചതാണ് . പക്ഷേ സ്വന്തം സ്കൂളിൽ കുട്ടികളെ പഠിപ്പിക്കുമ്പോൾ എനിക്ക് മറ്റൊരു സ്കൂളിൽ പോയി പഠിപ്പിക്കാൻ ആവില്ലല്ലോ. എത്ര തന്നെ പ്രതിഫലം ഓഫർ ചെയ്താലും.
ഇതിനിടയിൽ എൻറെ കുട്ടികൾക്ക് അസുഖം. ഭാര്യ അനുമോൾക്ക് അസുഖം. സാമ്പത്തികമായി ഞാൻ ഏറെ ബുദ്ധിമുട്ടി . അപ്പോയിമെൻറ് പാസ്സാകാത്തതിനാൽ സ്കൂളിൽ നിന്നു സർക്കാർശമ്പളവും ഇല്ലായിരുന്നു. ദൈവത്തിൽ മാത്രം ആശ്രയിച്ചു.ഈ സമയം ഒരു ദൈവദൂതനെപ്പോലെ ഫാദർ തോമസ് ജെ പറയിടം എന്നെ സഹായിക്കാൻ എത്തി.
ഞാൻ ഡെങ്കിപ്പനി പിടിപെട്ട് ധർമ്മഗിരി ആശുപത്രിയിൽ കഴിയുമ്പോൾ 10000രൂപയുമായി എന്റെ അരികിൽ എത്തിയ കോതമംഗലത്തുള്ള മാധ്യമപ്രവർത്തകൻ ടാൽസൺ ചേട്ടനെ ഒരിക്കലും മറക്കാൻ കഴിയില്ല . ഒരു കലാകാരനായി എന്നെ പരിചയപ്പെടുത്തിക്കൊണ്ട് ആദ്യമായി ദീപിക ദിനപ്പത്രത്തിൽ എന്നെക്കുറിച്ച്എഴുതിയതും ടാൽസൺചേട്ടൻ ആയിരുന്നു.
കോതമംഗലത്തെ ഞങ്ങളുടെ ജീവിതം വളരെ കഷ്ടപ്പാടിൽ ആയിരുന്നെങ്കിലും ഞാൻ പഠിക്കാൻ തന്നെ തീരുമാനിച്ചു.
ഇതിനിടെ കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിലിനെ ഞാൻ ചെന്നു കണ്ടു. എനിക്ക് നേരത്തെ പരിചയമുള്ള ആ പിതാവ് എന്നോട് പറഞ്ഞു. ”സാബു വിഷമിക്കേണ്ട . ഞങ്ങളൊക്കെ ഇല്ലേ ഇവിടെ ? എന്തു സഹായവും ഞങ്ങൾ ചെയ്തു തരും. സാബു പഠിക്ക് . എന്നിട്ട് അധ്യാപക ഇൻറർവ്യൂൽ പങ്കെടുത്ത് ഒന്നാം റാങ്ക് വാങ്ങൂ. നാളെ സാബു ഒരു അധ്യാപകൻ ആയി മാറുമ്പോൾ ഈ സങ്കടം എല്ലാം സന്തോഷമായി മാറും.” പിതാവിന്റെ വാക്കുകൾ ഞാൻ എപ്പോഴും ഓർക്കും.
ചുറ്റും പ്രതിസന്ധികൾ മാത്രം ആയിരുന്നിട്ടും തളരാതെ ഞാൻ പഠിച്ചു. എനിക്ക് വിഷമം ഉള്ള വിഷയങ്ങൾ ട്യൂഷൻ എടുത്തു പഠിച്ചു . രാത്രി 9 മണിക്ക് ശേഷം ട്യൂഷൻ സാർ വീട്ടിൽ വന്ന് എന്നെ പഠിപ്പിച്ചു. കോതമംഗലത്ത് വീടിനടുത്തുള്ള ടിജോ സാറിനെ നന്ദിയോടെ ഓർക്കുന്നു. എല്ലാത്തിനും എൻറെ ഭാര്യ അനുമോളുടെ എല്ലാ സപ്പോർട്ടും എനിക്കുണ്ടായിരുന്നു.
അങ്ങനെ ഒൻപതാം ക്ലാസിൽ വച്ച് പഠനം നിർത്തിയ എനിക്ക് എസ്എസ്എൽസി, പ്ലസ് ടു, ബി എ സോഷ്യോളജി, ചിത്രകല ഡിപ്ലോമ… ഇവയെല്ലാം വിജയം നൽകുന്ന ദൈവത്താൽ നേടാനായി.
ഇതിനിടയിൽ എന്റെ അമ്മച്ചി ഒരു രോഗി ആയി മാറി. ഒഴിവു ദിവസങ്ങളിൽ ഞാൻ ആരക്കുഴ ചെല്ലും. അപ്പോൾ ചാച്ചൻ പറയും.” നീ വിഷമിക്കേണ്ട . ഇവിടെ ഞങ്ങളൊക്കെ ഉണ്ട്.”
പക്ഷേ ഇടയ്ക്കൊക്കെ അമ്മച്ചിയെ കോതമംഗലത്ത് വീട്ടിൽ ഞങ്ങൾ കൊണ്ടുവരും . ജോലി കഴിഞ്ഞ് വൈകുന്നേരം ഞാൻ എത്തുമ്പോൾ പണ്ട് അമ്മച്ചി എനിക്ക് പാടി തന്നിരുന്ന മലർവാക പൂവേ മണമുള്ള പൂവേ എന്ന ഗാനം മൊബൈലിലൂടെ കേൾപ്പിച്ചു കൊടുക്കും. അപ്പോൾ ചെറുതായി ചിരിച്ചു കൊണ്ട് അമ്മച്ചി താളം പിടിക്കും. പതിനഞ്ച് ദിവസത്തോളം ഒക്കെ കോതമംഗലത്ത് താമസിക്കും . പിന്നെഅസുഖം കുറയുമ്പോൾ അമ്മച്ചി ആരക്കുഴ വീട്ടിലേക്ക് മടങ്ങും.
ഇതിനിടെ കോതമംഗലം രൂപത കലാഅധ്യാപക ഇൻറർവ്യൂൽ ഞാൻ പങ്കെടുത്തു. ദൈവാനുഗ്രഹം. ഒന്നാംറാങ്ക് എനിക്ക്.!!
തുടർന്ന് അധ്യാപക യോഗ്യതയിലേക്കുള്ള കെ ടെറ്റ് പരീക്ഷ ഞാൻ പാസായി. അപ്പോൾ കോതമംഗലം രൂപത എജുക്കേഷൻ സെക്രട്ടറി സ്റ്റാൻലി കുന്നേൽ അച്ചൻ തൊടുപുഴ സെൻറ് സെബാസ്റ്റ്യൻ ഹൈസ്കൂളിലേക്ക് അധ്യാപകനായി എനിക്ക് പ്രൊമോഷൻ നൽകി .
2019 ജൂൺ 6. ഞാൻ അധ്യാപകനായ ആ ദിവസം വീട്ടിൽ കേക്ക് മുറിച്ചു. ഞങ്ങൾക്ക് കേക്ക്എടുത്ത് തരുമ്പോൾ അമ്മച്ചിയുടെ കണ്ണുകൾ നിറഞ്ഞു. എന്തിനാ അമ്മച്ചി കരയുന്നത് എന്ന് ഞാൻ ചോദിച്ചു .പക്ഷേ, സത്യത്തിൽ ആരും അറിയാതെ ഉള്ളിൽ ഞാനും കരയുകയായിരുന്നു.
2019 ഒക്ടോബർ 5. എന്റെ അമ്മച്ചി ഞങ്ങളെ എല്ലാവരെയും വിട്ടു പിരിഞ്ഞ് സ്വർഗ്ഗത്തിലേക്ക് യാത്രയായി .
അമ്മച്ചി മരിച്ചആ ദിവസത്തിന് ഒരു പ്രത്യേകത കൂടി ഉണ്ടായിരുന്നു . ഒക്ടോബർ 5 അന്നാണ് അന്തർദേശീയ അധ്യാപക ദിനം .
അമ്മച്ചി ഏറെആഗ്രഹിച്ചതും പ്രാർത്ഥിച്ചതും ഞാനൊരു അധ്യാപകനായി കാണാനായിരുന്നു.
അമ്മച്ചിയുടെ വേർപാടിൽ സങ്കടം ഉണ്ടെങ്കിലും എൻറെ മാതാപിതാക്കളുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ കഴിഞ്ഞതിൽ ഞാൻ ഇന്ന് ഏറെ സന്തോഷിക്കുന്നു.
അധ്യാപകർ കുട്ടികളെ ശിക്ഷിക്കുന്നത് അവരോടുള്ള ദേഷ്യംകൊണ്ടാണോ ? ഒരിക്കലും അല്ല . സ്വന്തം മക്കളോട് തോന്നുന്ന സ്നേഹവാത്സല്യങ്ങൾ തന്നെയാണ് അധ്യാപകർക്ക് കുട്ടികളോടും . പലപ്പോഴും കുട്ടികൾ അത് തിരിച്ചറിയുന്നില്ല . സാബു ആരക്കുഴ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത ‘ഈനാശു ‘ എന്ന ഈ ഷോട്ട് ഫിലിം കണ്ടു നോക്കൂ.
ഒരു വിദ്യാർത്ഥി പുകവലിച്ചതിന് അധ്യാപിക കുട്ടിയെ ശിക്ഷിച്ചു. കുട്ടിയുടെ മനസിൽ അത് കനലായി കിടന്നു . ഒടുവിൽ എന്ത് സംഭവിച്ചു ? ബാക്കി കഥ ഷോർട്ട് ഫിലിം കണ്ടു മനസിലാക്കു. ഇതിലെ മുഖ്യ കഥാപാത്രമായി അഭിനയിക്കുന്നത് മുകളിൽ പറഞ്ഞ കഥയിലെ നായകനായ സാബു ആരക്കുഴയാണ് .
സാബുവിന്റെ ഭാര്യ അനുമോൾ. മക്കൾ അനുഗ്രഹ്, അഭിഷേക്.














































