ഓർമ്മയുണ്ടോ പി നരേന്ദ്രനാഥിന്റെ കുഞ്ഞിക്കൂനൻ എന്ന നോവൽ ?1970 കാലത്ത് ആറാം ക്ലാസിൽ മലയാളം ഉപപാഠം പുസ്തകമായിരുന്നു കുഞ്ഞിക്കൂനൻ . കുട്ടികൾ തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു കഥയാണ് .
മുട്ടത്തുവർക്കിയുടെ ഒരുകുടയും കുഞ്ഞുപെങ്ങളും പോലെ കണ്ണ് നിറയിച്ച കഥയാണ് കുഞ്ഞിക്കൂനന്റെതും . ഇപ്പോൾ വായിച്ചാലും മിഴികൾ നനയും.
മലകളും കാടുകളും പുഴകളും പുല്‍ത്തകിടികളും ധാരാളമുള്ള മനോഹരമായ നാട്ടിലാണ് കുഞ്ഞിക്കൂനൻ ജനിച്ചത്. ജനിച്ചപ്പോള്‍ത്തന്നെ പുറത്തൊരു കൂനുണ്ടായിരുന്നു. അതുകൊണ്ട് നല്ലപോലെ നിവര്‍ന്നു നടക്കാന്‍ വയ്യ. മുതുക് അല്പം വളഞ്ഞിരുന്നു. കനമുള്ള ചാക്ക് പുറത്തേറ്റിയാലെന്നപോലെ. എല്ലാവരും അവനെ വിളിച്ചു; കുഞ്ഞിക്കൂനന്‍!കുഞ്ഞിക്കൂനന്റെ അമ്മ അവനെ പ്രസവിച്ചതിന്റെ നാലാം ദിവസം മരിച്ചു. അവന്റെ അച്ഛന് അവനെ കണ്ണിനുനേരെ കണ്ടുകൂടായിരുന്നു. കുഞ്ഞിക്കൂനന്‍ കാരണമാണുപോലും അവന്റെ അമ്മ പെട്ടന്നു മരിച്ചത്. കരിംപൂരാടമാണ് കുഞ്ഞിക്കൂനന്റെ ജന്മനക്ഷത്രം. അപ്പോള്‍ അച്ഛനോ അമ്മയോ ആരെങ്കിലും ഒരാള്‍ മരിച്ചേപറ്റു എന്നാണ് വിധി. കുഞ്ഞിക്കൂനന്റെ അച്ഛന്‍ പറഞ്ഞത് ഇങ്ങനെയാണ് .
”സ്വന്തം അമ്മയുടെ കാലനാണിവന്‍. ഈ ഭൂമിയിലേക്കുവരാന്‍ വേറൊരു നാളും അവന്‍ കണ്ടില്ല. കരിംപൂരാടദിവസേ, അവന്‍ കണ്ടുള്ളു. അസത്ത് ! എനിക്കവനെ കാണെണ്ടാ അശ്രീകരം..! ”
പാവം കുഞ്ഞിക്കൂനന്‍.. അവന്‍ വിചാരിച്ചാല്‍ കരിംപൂരാടത്തിന്‍ നാള്‍ ഭൂമിയിലേക്കു വരാതിരിക്കാന്‍ പറ്റുമായിരുന്നോ.?
എന്നാല്‍ നാട്ടുകാര്‍ക്കെല്ലാം കുഞ്ഞിക്കൂനനെ വലിയ ഇഷ്ടമായിരുന്നു. അവരിലൊരെഴുത്താശാന്‍ അവനെ എഴുതാനും വായിക്കാനെല്ലാം പഠിപ്പിച്ചു മിടുക്കനാക്കി. ഇങ്ങനെയിരിക്കെ അവന്‍ ഒരു വലിയ ആപത്തില്‍നിന്നും തങ്ങളുടെ ഗ്രാമത്തെ രക്ഷിച്ചു. അതിലൂടെ അവന് ആ നാടുഭരിക്കുന്ന മന്ത്രിയാകാനുള്ള ഭാഗ്യവും സിദ്ധിച്ചു.
ഒന്നാം അദ്ധ്യായത്തിൽ മന്ത്രവാദിയുടെ തട്ടിപ്പ് പൊളിച്ചു കുഞ്ഞിക്കൂനൻ . പിന്നെ കൊള്ളക്കാരുടെ തടവറയില്‍ പെടുന്നു. അവിടെ നിന്നും രക്ഷ പെട്ട് മരത്തടിയിൽ കയറി പുഴയിലൂടെയുള്ള യാത്ര നമ്മളെ മുൾമുനയിൽ നിറുത്തും. അവസാനം രാജാവിന് മൃതസഞ്ജീവിനി കാണിച്ചു കൊടുക്കുന്നതോടെ അത്യന്തം ജിജ്ഞാസാഭരിതമായ കഥ അവസാനിക്കുന്നു.
വായനക്കാർക്കെല്ലാം ഏറെ ഇഷ്ടപ്പെട്ട കുഞ്ഞിക്കൂനന്റെ കുട്ടിക്കാലം ലളിതവും ഹൃദ്യവുമായ ഭാഷയിലാണ് പി നരേന്ദ്രനാഥ് ആവിഷ്കരിച്ചത് . അന്നും ഇന്നും എന്നും നരേന്ദ്രനാഥിന്റെ കുഞ്ഞിക്കൂനൻ കഴിഞ്ഞേ ഉള്ളൂ വേറെ കൂനൻമാർ .
ജനയുഗംവാരിയില്‍1960കളില്‍ ഖണ്ഡശപ്രസിദ്ധീകരിച്ചിരുന്നു ഈ നോവൽ . , പങ്ങുണ്ണി, വികൃതിരാമന്‍, മിണ്ടാക്കുട്ടി, മനസറിയും യന്ത്രം, മണ്ടന്‍ കുഞ്ചു, അന്ധഗായകന്‍, ഇത്തിരിക്കുഞ്ഞന്‍ തുടങ്ങി 30 ഓളം കൃതികൾ രചിച്ചിട്ടുണ്ട് പി നരേന്ദ്രനാഥ് .ആദ്യകൃതിയായ നുറുങ്ങുന്ന ശൃംഘലകൾ 18-ആം വയസ്സിൽ പ്രസിദ്ധീകരിച്ചു .ആദ്യത്തെ ബാലസാഹിത്യകൃതി വികൃതിരാമനായിരുന്നു. ഇതിന് കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് ലഭിച്ചു.
കുഞ്ഞിക്കൂനൻ എന്ന ബാലസാഹിത്യ ഗ്രന്ഥത്തിന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ അവാർഡും അന്ധഗായകന് സാഹിത്യ പ്രവർത്തക സഹകരണ സംഘം പുരസ്കാരവും ലഭിച്ചു. വികൃതിരാമൻ, കുഞ്ഞിക്കൂനൻ, അന്ധഗായകൻ എന്നീ കൃതിക ഹിന്ദി, തമിഴ് ഭാഷകളിൽ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.


1934-ൽ പട്ടാമ്പിക്കടുത്ത് നെല്ലായി എന്ന സ്‌ഥലത്ത് പി നരേന്ദ്രനാഥ് ജനിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം കലാലയ വിദ്യാഭ്യാസം പൂർത്തിയാക്കുവാൻ കഴിഞ്ഞില്ല. 19-ആം വയസ്സിൽ കൊച്ചിൻ കമേഴ്സ്യൽ ബാങ്കിൽ ഗുമസ്തനായി ജോലിയിൽ പ്രവേശിച്ചു. സ്വപരിശ്രമം കൊണ്ട് ധനശാസ്ത്രം, ബാങ്കിംഗ് എന്നിവയിൽ വിജ്ഞാനവും ബിരുദങ്ങളും നേടി. 1963 മുതൽ കാനറാ ബാങ്കിൽ ജോലി ചെയ്തു. 1991 നവംബര്‍ 3 നു അന്തരിച്ചു.














































