തൊടുപുഴ ∙ ഡോക്ടറും അമ്മയും തമ്മിലുള്ള സംഭാഷണങ്ങളിലൂടെ ആയുർവേദ ഔഷധത്തിന്റെ പ്രാധാന്യം ഒരു വീഡിയോയിലൂടെ ജനങ്ങളിലേക്കെത്തിച്ച തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയിലെ പഞ്ചകർമ വിഭാഗം മെഡിക്കൽ ഓഫിസർ ഡോ. സതീഷ് വാരിയരും അമ്മ ഗീതാ വാരിയരും ഇപ്പോൾ ലോകപ്രശസ്തർ. ആയുർവേദ മരുന്നിലൂടെ രോഗപ്രതിരോധ ശേഷി എങ്ങനെ കൂട്ടാമെന്ന മാർഗ്ഗ നിർദേശമാണ് ഒരു കൊച്ചു വിഡിയോയിലൂടെ ഈ അമ്മയും മകനും സമൂഹത്തിനു പങ്കുവച്ചത്. സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വൈറലായതോടെ ലോകത്തിന്റെ നാനാഭാഗത്തുനിന്നും ഡോക്ടർക്ക് അഭിനന്ദങ്ങളും എത്തി.
അടുക്കളയിൽ അമ്മയും മകനും തമ്മിൽ നടത്തുന്ന കൊച്ചു കൊച്ചു സംഭാഷണങ്ങളിലൂടെയാണ് ഈ കോവിഡ് അതിജീവന വീഡിയോ രൂപകല്പന ചെയ്ത് എഡിറ്റ് ചെയ്തു പുറത്തിറക്കിയത് . സർക്കാർ നിർദേശങ്ങൾക്കൊപ്പം സ്വന്തമായി തയ്യാറാക്കിയ ഡയലോഗുകൾ ചേർത്താണ് തിരക്കഥ ഒരുക്കിയത് . ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെ കോവിഡിനെ എങ്ങനെ പ്രതിരോധിക്കാമെന്നാണ് അമ്മയും മകനും വീഡിയോയിലൂടെ പൊതുസമൂഹത്തിനു പറഞ്ഞു കൊടുത്തത് . തൊടുപുഴ കുമാരമംഗലം സ്‌കൂളിലെ അധ്യാപകനായ ബിനോയ് ഈ വീഡിയോ ഡോക്ടറുടെ പേര് സഹിതം ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. നിമിഷ നേരത്തിനുള്ളിൽ ഇത്വൈറലായി .
കലയന്താനി കാഴ്ചകൾ എന്ന പേജിൽ ആറു മണിക്കൂറിനുള്ളിൽ ഒരുലക്ഷത്തിലേറെ ആളുകളാണ് ഈ വിഡിയോ കണ്ടത് . 2000 ലേറെ ആളുകൾ ആ പേജിലൂടെ മാത്രം വീഡിയോ ഷെയർ ചെയ്തു. അതോടെ മറ്റുപല പേജുകളിലും ഗ്രൂപ്പുകളിലും വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടു. പിന്നെ അത് ഒരു തരംഗമായി പടരുകയായിരുന്നു . ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറടക്കം ഒട്ടേറെ പേർ വിളിച്ച് അഭിനന്ദിച്ചെന്ന് ഡോ. സതീഷ് വാരിയർ പറഞ്ഞു