അമ്മയും നാലു മക്കളുമുള്ള വീട് . നേരം പുലരും മുൻപേ അമ്മ ഉണർന്ന് വീട്ടിലെ എല്ലാ ജോലികളും ചെയ്യും . കുട്ടികൾ സ്‌കൂളിൽ പോയാൽ പിന്നെ വസ്ത്രം കഴുകിയിടും . വീടും പരിസരവും വൃത്തിയാക്കും, വീട്ടിലേക്കുള്ള പലവ്യഞ്ജനങ്ങൾ വാങ്ങിക്കൊണ്ടു വരും. വിറകുശേഖരിക്കും. അങ്ങനെ എല്ലാം അമ്മ തന്നെ ചെയ്തുകൊണ്ടിരുന്നു.
ഒരു ദിവസം മൂത്ത മകനോട് അമ്മ പറഞ്ഞു. ”മോനെ, അമ്മയ്ക്ക് പ്രായമായി . കടയിൽ പോയി സാധനങ്ങൾ വാങ്ങിക്കൊണ്ടു വരാനും വെള്ളം കോരാനും വിറകുവെട്ടാനുമൊക്കെ ഈ അമ്മക്ക് തനിയെ പറ്റുന്നില്ല . ഇനി മുതൽ നീയും കൂടിയൊന്ന് സഹായിക്കണം”
മകൻ സമ്മതിച്ചു. പിന്നീടുള്ള ദിവസങ്ങളിൽ അവൻ അമ്മയെ സഹായിച്ചു.
അടുത്ത മാസം ഒന്നാം തീയതി അമ്മയുടെ മേശപ്പുറത്തു ഒരു കുറിപ്പ്. അമ്മ എടുത്തു നോക്കി.
കടയിൽ പോയി സാധനങ്ങൾ വാങ്ങിക്കൊണ്ടു വന്നത് അഞ്ചു ദിവസം. ദിവസം 10 രൂപ വച്ച് 50 രൂപ. വെള്ളം കോരിയത് 20 ദിവസം. രണ്ടു രൂപാ വച്ച് 40 രൂപ. വിറക് പെറുക്കിയത് നാല് ദിവസം. അഞ്ചു രൂപാ വച്ച് 20 രൂപ. വസ്ത്രം ഇസ്തിരിയിട്ടത് അഞ്ചു ദിവസം. നാല് രൂപാ വച്ച് 20 രൂപ. ആകെ തരേണ്ടത് 130 രൂപ. കാശ് ഈ കടലാസിൽ വച്ചേക്കുക .
അമ്മ അതു വായിച്ചു. അവരുടെ കണ്ണു നിറഞ്ഞു. 130 രൂപ അപ്പോൾ തന്നെ കടലാസില്‍ എടുത്തു വച്ചു.
മകൻ വന്നു നോക്കി. കാശ് കണ്ടപ്പോൾ സന്തോഷമായി. അവൻ അതു എടുത്തു പോക്കറ്റിലിട്ടു . അപ്പോഴാണ് കടലാസിന്റെ മറുപുറത്ത് അമ്മയുടെ കുറിപ്പ് കണ്ടത് .
”പത്തുമാസം ചുമന്ന് പ്രസവിച്ചതിനു കാശ് ഒന്നും വേണ്ട . മുലപ്പാലൂട്ടി വളർത്തിയതിനും കാശ് ഒന്നും വേണ്ട. എന്നും താരാട്ട് പാടിയുറക്കിയതിനു കാശ് വേണ്ട. പനി വന്നപ്പോൾ ഉറക്കമിളച്ചിരുന്ന് ശുശ്രൂഷിച്ചതിനും കാശ് ഒന്നും വേണ്ട. വീണു കാലൊടിഞ്ഞപ്പോൾ എടുത്ത് സ്കൂളിൽ കൊണ്ടു പോയതിനും തിരികെ കൊണ്ടുവന്നതിനും കാശ് വേണ്ട. എന്നും ഭക്ഷണം പാകം ചെയ്തു വിളമ്പി തന്നതിനും കാശ് വേണ്ട. പക്ഷേ പ്രായമായി കിടപ്പിലാകുമ്പോൾ വായിലേക്ക് ഇത്തിരി വെള്ളം ഒഴിച്ച് തരാനുള്ള മനസ് കാണിക്കണം! അതുമാത്രം മതി മോനെ . ”
അതു വായിച്ച മകൻ ഓടിച്ചെന്നു അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു ക്ഷമ ചോദിച്ചു.
ഈ കഥ നമുക്ക് നൽകുന്ന ഒരു ഗുണപാഠം ഉണ്ട് . അമ്മയോട് കണക്ക് പറഞ്ഞാൽ തോറ്റു തുന്നം പാടുന്നത് മക്കളായിരിക്കും എന്ന വലിയ ഗുണപാഠം !
Read Also പഞ്ചവടിപ്പാലത്തെ തോൽപ്പിച്ച പാലാരിവട്ടം പാലം
ഏതാനും വർഷം മുൻപ് മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വൈറലായ ഒരു വാർത്ത മറന്നിട്ടുണ്ടാവില്ല . കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ പ്രായമായ ഒരു അമ്മയെ സ്വന്തം മകൾ ക്രൂരമായി മർദ്ദിച്ച സംഭവം! 75 വയസുകാരിയായ കാർത്ത്യായനിയെ മകൾ ചന്ദ്രമതി മർദ്ദിക്കുന്ന ദൃശ്യങ്ങൾ ടി വിയിലും യൂ ട്യൂബിലും കണ്ടപ്പോൾ നമ്മുടെയൊക്കെ കണ്ണ് നിറഞ്ഞുപോയില്ലേ? മറവി രോഗിയായ അമ്മ കിടക്കയിൽ മൂത്രമൊഴിക്കുന്നു എന്ന കാരണം പറഞ്ഞായിരുന്നുവത്രെ മകളുടെ അടിയും ശകാരവും . കൈ കൊണ്ടും ചൂലുകൊണ്ടും അമ്മയെ തല്ലുന്ന വീഡിയോ ദൃശ്യങ്ങൾ മകൻ വേണുഗോപാലാണ് പകർത്തി പോലീസിനു നൽകിയത് . അമ്മയുടെ സ്വത്തും മറ്റും കൈക്കലാക്കിയ ശേഷം ഇവർ അമ്മയെ മർദ്ദിക്കുന്നത് പതിവാണെന്നും തങ്ങളെ അമ്മയുടെ അടുത്തെത്താൻ സമ്മതിക്കാറില്ലെന്നും അമ്മയുടെ മറ്റു മക്കളും ആരോപിച്ചിരുന്നു .
Read Also വിവാഹമോചനമില്ലാത്ത ലോകത്തിലെ ഏക നഗരം ഇതാണ്. കാരണം അറിയാമോ
ഇത് ഒറ്റപ്പെട്ട സംഭവം അല്ല! കാലൊടിഞ്ഞു നടക്കാൻ കഴിയാത്ത വയോധികയായ അമ്മയെ ജേഷ്ഠന്റെ വീട്ടു വരാന്തയിൽ ഉപേക്ഷിച്ച് ഇളയ മകൻ മുങ്ങിയതും നമ്മൾ പത്രത്തിൽ വായിച്ചു. പനച്ചിക്കാട് പഞ്ചായത്തിലായിരുന്നു സംഭവം . 65 വയസുള്ള അമ്മയെ ആളില്ലാത്ത വീട്ടിലെ വരാന്തയില്‍ ഉപേക്ഷിച്ചു മകനും ബന്ധുക്കളും മുങ്ങി. രാവിലെ വരാന്തയില്‍ തണുത്തു വിറങ്ങലിച്ചു കിടക്കുകയായിരുന്ന വൃദ്ധയെ അയൽവാസികളാണു സംരക്ഷിച്ചത്. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു . മുത്തമകനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും അമ്മയെ വീട്ടില്‍ താമസിപ്പിക്കാന്‍ സമ്മതമല്ലെന്ന മറുപടിയാണ് പൊലീസിന് കിട്ടിയത് .
Read Also ഈ വേഷം ധരിക്കലും അഴിക്കലും വിഷമം പിടിച്ച ഒന്നാണേ!
ആറ് മക്കളും ഉപേക്ഷിച്ച ഒരു അമ്മ ഭക്ഷണത്തിനും അന്തിയുറങ്ങാനുമായി ഒരു സ്ഥലം അന്വേഷിച്ച് എത്തിയത് വളപട്ടണം പോലീസ് സ്റ്റേഷനിൽ ആയിരുന്നു . മുഴുപ്പട്ടിണിയയായതോടെയാണ് അമ്മ അഭയം തേടി പൊലീസ് സ്‌റ്റേഷനിൽ എത്തിയത് ! അമ്മയെ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സർക്കാർ ജോലിക്കാരായ മക്കളെ ഓരോരുത്തരെയും സമീപിച്ചെങ്കിലും ആരും കൊണ്ടുപോകാൻ തയ്യാറായില്ല. തുടർന്ന് അവരെ വൃദ്ധസദനത്തിലാക്കി. മക്കൾ പുറംതള്ളിയെങ്കിലും അവർക്കെതിരെ കേസെടുക്കേണ്ടന്ന് ഈ അമ്മ പോലീസിനോട് പറഞ്ഞു എന്ന് വായിച്ചപ്പോഴാണ് ആ അമ്മയ്ക്ക് മക്കളോടുള്ള സ്നേഹം എത്രയധികമാണെന്ന് മനസിലായത് .
ഒരിക്കൽ ഭിക്ഷക്കു വീട്ടിൽ വന്ന ഒരമ്മയോട് ഞാൻ ചോദിച്ചു : ”മക്കളൊക്കെ എന്ത് ചെയ്യുന്നു ?” അമ്മ പറഞ്ഞു : ”അവരെയൊക്കെ വളർത്തി ഞാൻ ഒരു നെലേലാക്കി ! ഇപ്പം അവരെല്ലാം ചേർന്ന് എന്നെ ഈ നെലേലാക്കി ”
വാർധക്യത്തിലെത്തി, അവശരും രോഗികളുമായി മാറിയ മാതാപിതാക്കളെ വൃദ്ധസദനത്തിൽ ഉപേക്ഷിക്കുന്ന മക്കളുടെ എണ്ണം ദിനം പ്രതി കൂടിവരുന്നു.
Read Also സിമിത്തേരിയിൽ ഞാൻ കണ്ട ഏറ്റവും സുന്ദരമായ കാഴ്ച!!
പണ്ട് യൂറോപ്യൻ രാജ്യങ്ങളിൽ പ്രായമായ മാതാപിതാക്കളെ പാർപ്പിക്കാൻ പ്രത്യേക മന്ദിരങ്ങളും അവരെ നോക്കാൻ ഹോം നഴ്‌സുമാരും ഉണ്ടെന്ന് കേട്ടപ്പോൾ നാമൊക്കെ അവിടുത്തെ ആളുകളെ കുറ്റപ്പെടുത്തിയിരുന്നില്ലേ ? ഇന്ന് കൂണുകൾ പോലെ മുളച്ചു പൊന്തിക്കൊണ്ടിരിക്കുന്ന നമ്മുടെ നാട്ടിലെ വൃദ്ധമന്ദിരങ്ങൾ കാണുമ്പോൾ മലയാളികളുടെ മാതൃസ്നേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എത്ര പരിതാപകരമാണെന്നു നാം തിരിച്ചറിയുന്നു. ഇന്ന് നമ്മുടെ മാതാപിതാക്കളെ ബാധ്യതയായി കണ്ടു നമ്മൾ കൈ ഒഴിയുമ്പോൾ നാളെ നമ്മുടെ മക്കൾ നമ്മൾക്ക് സമ്മാനിക്കാൻ പോകുന്നത് ഇതിനേക്കാൾ ദുരിതം നിറഞ്ഞ ജീവിതാന്തരീക്ഷമായിരിക്കും എന്ന് ഓർക്കുക .
പത്തു മാസത്തോളം വയറ്റിൽ ചുമന്നു നൊന്തു പ്രസവിച്ച അമ്മയെയും , പുറത്തിരുത്തി ആന കളിപ്പിച്ച വൃദ്ധമന്ദിരത്തിലാക്കുന്നവർ ഓർക്കേണ്ടതായ ഒരു യാഥാർഥ്യമുണ്ട് . ഒരുകാലത്തു താനും വൃദ്ധനാകും, മുടി നടക്കും , ആരോഗ്യം ക്ഷയിക്കും, പരസഹായമില്ലാതെ ഒന്നും ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥയിലാകും എന്ന് . അന്ന് നമ്മളെ സംരക്ഷിക്കാൻ ആരുമുണ്ടാവില്ല . ഒരുവൻ തന്റെ പിതാവിനോടും മാതാവിനോടും ചെയ്യന്നത് ഏഴിരട്ടിയായി അവന്റെ മക്കളില്‍ നിന്ന്‍ അവനു ലഭിക്കും എന്നാണല്ലോ ബൈബിൾ വാക്യം.
Read Also “ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ഞാനൊരത്ഭുതം കണ്ടു”: പിണറായി വിജയൻ
സ്വന്തം സുഖങ്ങൾ മാറ്റിവച്ചു മക്കൾക്ക് വേണ്ടി ജീവിതം സമർപ്പിച്ചവരാണ് ഭൂരിപക്ഷം മാതാപിതാക്കളും . അസുഖം വന്നപ്പോൾ നമ്മളെ ചുമന്ന് ആശുപത്രിയിലെത്തിച്ചതും പനിവന്നപ്പോൾ അരികിലിരുന്നു ശുശ്രൂഷിച്ചതും അവരാണ് . സ്വാദുള്ള ഭക്ഷണം കഴിക്കാന്‍ ആഗ്രഹിച്ചപ്പോഴൊക്കെ മക്കളുടെ ഭാവിക്കുവേണ്ടി അവർ ആശയടക്കി പണം സ്വരുക്കൂട്ടി വച്ചു . അന്ന് അവർ സമ്പാദിച്ചു വച്ചതാണ് ഇന്നു താൻ അനുഭവിക്കുന്ന സമൃദ്ധി എന്ന് പല മക്കളും മനസിലാക്കുന്നില്ല .അതേസമയം പ്രായമായ മാതാപിതാക്കളെ വേണ്ടെന്നു പറയുന്ന മക്കള്‍ അവരുടെ സമ്പാദ്യത്തിനു വേണ്ടി കടിപിടി കൂടുകയും ചെയ്യുന്നു.
മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളെ ശിക്ഷിക്കാൻ ഈ രാജ്യത്തു നിയമമുണ്ട് . എന്നിട്ടും മക്കൾ അവരെ പെരുവഴിയിലിറക്കിവിടുന്നു എന്ന് പറയുമ്പോൾ നിയമം ഇവിടെ നോക്കുകുത്തിയാവുന്നു എന്നല്ലേ അർത്ഥം ?
വാർദ്ധക്യത്തിന്റെ മൂല്യവും കുടുംബബന്ധത്തിന്റെ വിലയും അറിയുന്നവർ അച്ഛനമ്മമാരെ എപ്പോഴും നെഞ്ചോട് ചേര്‍ത്തു പിടിക്കും . നമ്മുടെ മാതാപിതാക്കൾ നമ്മളോട് നീതി കാട്ടിയില്ലെങ്കിൽ പോലും വാർദ്ധക്യത്തിൽ നാം അവരെ കൈവിടാതിരിക്കുക . കരുണയുടെ വാതിലുകൾ അവർക്കായി തുറന്നിടുക.
എഴുതിയത് : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
Read Also ”ഒരുനാൾ സാബു തൂപ്പുകാരനിൽ നിന്ന് അധ്യാപകനിലേക്ക് ഉയരുമ്പോൾ ഈ സങ്കടമെല്ലാം














































