Home Health ഉപ്പൂറ്റിവേദന മാറ്റാൻ 15 മാർഗങ്ങൾ; അലോപ്പതിയിലും ആയുർവേദത്തിലും.

ഉപ്പൂറ്റിവേദന മാറ്റാൻ 15 മാർഗങ്ങൾ; അലോപ്പതിയിലും ആയുർവേദത്തിലും.

10228
0
ഉപ്പൂറ്റിവേദന മാറ്റാൻ 15 വഴികൾ

രാവിലെ എഴുന്നേൽക്കുമ്പോൾ കാലിന്റെ ഉപ്പൂറ്റിയിൽ വേദന. കാൽ തറയിൽ കുത്താൻ പറ്റാത്ത രീതിയിൽ കടുത്ത വേദന. കുറച്ചു നടക്കുമ്പോൾ കുറയും. വിശ്രമിച്ചശേഷം വീണ്ടും നടന്നാല്‍ പിന്നെയും വേദന. നാൽപതു പിന്നിട്ട സ്ത്രീകളിൽ ഏറെപ്പേർ ഡോക്ടറോട് പറയുന്ന ഒരു ആവലാതിയാണ് ഇത് . പഴയ ആൾക്കാർ ഇതിനെ ‘കുതികാൽ വേദന’യെന്നു പറയും.

അമിതവണ്ണമുള്ളവരിലാണ് ഉപ്പൂറ്റിവേദന കൂടുതലായി കാണപ്പെടുന്നത് . പ്രത്യേകിച്ചു സ്ത്രീകളിൽ . ചിലർക്ക് കാൽ തറയിൽ കുത്താൻ പറ്റാത്ത രീതിയിൽ വേദനയായിരിക്കും . ചരൽ പോലുള്ള പ്രതലത്തിലൂടെ നടന്നാൽ ജീവൻ പോകുന്ന വേദന.

ഉപ്പൂറ്റി വേദന പ്രധാനമായും രണ്ടു തരത്തിലുണ്ട്. ഒന്ന് കാലിലെ പേശികളെ ഉപ്പൂറ്റിയുമായി ബന്ധിപ്പിക്കുന്ന സ്നായുക്കളിൽ ഒന്നായ അക്കില്ലസ് ടെൻഡനിൽ അനുഭവപ്പെടുന്ന പ്രശ്നമായ അക്കില്ലസ് ടെൻഡിനൈറ്റിസ് (Achilles Tendinitis) . രണ്ട് , ഉപ്പൂറ്റിയിൽ വളരെ സാധാരണമായി ഉണ്ടാകുന്ന വേദനയായ പ്ലാന്റാർ ഫാസിയൈറ്റിസ് (Plantar fasciitis).

ഉപ്പൂറ്റി വേദനയ്ക്ക് 15 പരിഹാര മാർഗ്ഗങ്ങൾ ഇങ്ങനെ :

  • കാലിനു രണ്ടുമാസം വിശ്രമം കൊടുക്കുക.
  • തുടര്‍ച്ചയായി നിന്നുള്ള ജോലിയാണെങ്കില്‍ ഇടയ്ക്കിടെ ഇരുന്ന് വിശ്രമിക്കുക. കാലിന്റെ സമ്മര്‍ദ്ദം കുറയ്ക്കുക.
  • കാലിൽ ഐസ് ക്യൂബ് വയ്ക്കുക.
  • ചെറുചൂടുള്ള വെള്ളത്തിൽ അഞ്ചു മിനിറ്റ് കാൽ മുക്കി വച്ച ശേഷം ഉടനെ തന്നെ തണുത്തവെള്ളത്തിലേക്ക് പതിനഞ്ചു മിനിറ്റ് മുക്കുക .
  • ഹൈഹീല്‍ ചെരിപ്പുകള്‍ ഒഴിവാക്കുക. പ്രത്യേകം നിർമ്മിച്ചിട്ടുള്ള ചെരിപ്പ് ധരിക്കുക.
  • അമിതശരീരഭാരം കുറയ്ക്കുക .
  • ആൻറി – കോശജ്വലന (anti-inflamatory ) മരുന്നുകളായ നാപ്രോക്സെൻ (അലീവ്), ഇബുപ്രോഫെൻ (അഡ്വിൽ), എന്നിവ ഫലപ്രദമാണ് . (ഡോക്ട്ടരുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക )
  • ഉറങ്ങുമ്പോൾ കാൽ നീട്ടുന്ന പ്രത്യേക ഉപകരണമായ നൈറ്റ് സ്പ്ലിന്റ് ധരിക്കുക.
  • പ്രത്യേക ഉപകരണമായ ഹീൽ സ് പ്ലിന്റ് ഉപയോഗിക്കുക .
  • ഷൂവിന്റെ അകത്ത് ഇൻസോൾ ഉപയോഗിക്കുക.
  • വീടിനകത്തും ചെരിപ്പ് ഉപയോഗിക്കുക. ചെരിപ്പില്ലാതെ ദീര്‍ഘദൂരം നടക്കുകയോ നില്‍ക്കുകയോ ചെയ്യരുത്.

മുകളിൽ പറഞ്ഞ മാർഗങ്ങൾ കൊണ്ട് മാറുന്നില്ലെങ്കിൽ മരുന്നുകൾ ഉപയോഗിക്കണം

  • അൾട്രാ സൗണ്ട് തെറാപ്പി ചെയ്യുക .
  • സ്റ്റിറോയിഡ് കുത്തിവയ്പ്പ് എടുക്കുക .
  • പെർക്യുട്ടനെസ് ശസ്ത്രക്രിയ നടത്തുക .
  • ടെൻ തെറാപ്പി നടത്തുക .

ഉപ്പൂറ്റി വേദന ഒഴിവാക്കാനുള്ള വ്യായാമങ്ങൾ

  • ഇരുന്നുകൊണ്ട് , ശീതീകരിച്ച വാട്ടർ ബോട്ടിൽ, ഐസ്-കോൾഡ് കാൻ അല്ലെങ്കിൽ ഫോം റോളർ എന്നിവയിലൂടെ നിങ്ങളുടെ കാൽ മുന്നോട്ടും പിന്നോട്ടും ഉരുട്ടുക . ഒരു മിനിറ്റ് ഇത് ചെയ്യുക, തുടർന്ന് മറ്റേ കാലിലേക്ക് മാറുക.
  • ഒരു ടവൽ നീളത്തിൽ മടക്കുക. ഇരുന്നിട്ട് , മടക്കിയ തൂവാല ഇരു കാലുകളുടെയും കമാനങ്ങൾക്കടിയിൽ വയ്ക്കുക. രണ്ട് കൈകൊണ്ടും തൂവാലയുടെ അറ്റങ്ങൾ പിടിക്കുക, നിങ്ങളുടെ പാദങ്ങളുടെ മുകൾഭാഗം സാവധാനം നിങ്ങളുടെ അടുത്തേക്ക് വലിക്കുക. 15 മുതൽ 30 സെക്കൻഡ് വരെ പിടിക്കുക.മൂന്ന് തവണ ആവർത്തിക്കുക.
  • ഒരു കാൽ മറ്റൊന്നിനു മുകളിൽ കയറ്റിവച്ചിട്ട് നിങ്ങളുടെ കാലിന്റെ പെരുവിരൽ പിടിക്കുക. അത് മുൻപോട്ടും പിറകോട്ടും മൃദുവായി വലിക്കുക. രാവിലെ പത്തുമിനിറ്റ് നേരം രണ്ടുകാലിലും ഇത് ചെയ്യുക.
  • ഒരു ഭിത്തിയിൽ കൈകുത്തി നിന്ന് കാൽ പിറകോട്ട് ആക്കി വയ്ക്കുക . വലതു കാൽ ഇടതിന്റെ പിന്നിൽ വയ്ക്കുക. ഇടതു കാൽ പതുക്കെ പതുക്കെ വളയ്ക്കുക. വലത് കാൽമുട്ട് നേരെയും വലത് ഉപ്പൂറ്റി നിലത്തും ചേർക്കുക . കാല് മടക്കുകയും നിവർക്കുകയും ചെയ്യുക.പലതവണ ആവർത്തിക്കുക.
  • ടെന്നീസ് ബോൾ നിലത്തുവച്ചിട്ട് പാദം അതിൽ കയറ്റിവച്ചു മുൻപോട്ടും പിറകോട്ടും ഉരുട്ടുക . ഹീൽ പമ്പ് വ്യായാമം ചെയ്യുക.

ഉപ്പൂറ്റി വേദനയ്ക്ക് ആയുർവേദത്തിൽ മരുന്ന് ഇങ്ങനെ :

  • കൊട്ടംചുക്കാദി തൈലവും സഹചരാദി തൈലവും ഒരുമിച്ചു ചേർത്ത് അൽപമൊന്നു ചൂടാക്കി ഉപ്പൂറ്റിയിലും പരിസരത്തും പുരട്ടിയാൽ വേദനയ്ക്കു കുറവുണ്ടാകും . ഈ മിശ്രിതം ചെറു ചൂടോടെ 20 മിനിറ്റ് ധാരകോരിയാലും മതി. എരിക്കിന്റെ ഇല അരിഞ്ഞു വാട്ടി കിഴികെട്ടി ചൂടാക്കിയും മുറിച്ച ചെറു നാരങ്ങയും പൊടിച്ച ഇന്തുപ്പും കൂടി വാട്ടിയും ഉപ്പൂറ്റി ഭാഗത്തു കിഴിവയ്ക്കുന്നതും നല്ലതാണ്.
  • ഒരു ട്രേയിലോ മറ്റോ പത്തിരുപതു ഗോലികൾ (കുട്ടികൾ കളിക്കുന്ന ഗോലി) ഇട്ട് അതിൽ നേരത്തേ പറഞ്ഞ തൈലം ചൂടാക്കിയത് (25 മി.ലി) ഒഴിച്ചു വേദനയുള്ള കാൽ കൊണ്ടു ചവിട്ടി ചലിപ്പിച്ചു മസാജ് ചെയ്യുന്നതും നല്ല ചികിത്സയാണ്. രാത്രിയിൽ സോക്സ് ഇട്ട് കമ്പിളിപ്പുതപ്പു പുതയ്ക്കണം. വീട്ടിനകത്തു റബർ ചെരിപ്പ് ഇടാനും ശ്രമിക്കണം.
ഉപ്പൂറ്റി വേദന മാറ്റാനുള്ള വ്യായാമങ്ങളും ചികിത്സയും . വീഡിയോ കാണുക

Read Also ഫാറ്റി ലിവര്‍, ലിവർ സിറോസിസ്‌ (CIRRHOSIS) ആകുന്നത് എപ്പോൾ

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here