Home Agri നാടൻ കൂണുകളിൽ രുചിയിൽ കേമൻ പാവക്കൂൺ

നാടൻ കൂണുകളിൽ രുചിയിൽ കേമൻ പാവക്കൂൺ

4894
0
നാടൻ കൂണുകൾ

പണ്ട് കാലത്തു നമ്മുടെ പറമ്പുകളിൽ തനിയെ മുളച്ചു പൊന്തുന്ന കൂണുകൾ ധാരാളമായി ഉണ്ടായിരുന്നു.
പാവക്കൂൺ, കച്ചികൂൺ, അരിക്കൂൺ, ഉപ്പുകൂൺ , പെരുംകൂൺ, വെട്ടിക്കാടൻകൂൺ, പനംകുൺ, എന്നിവയാണ് കേരളത്തിൽ പ്രധാനമായി കാണപ്പെടുന്ന ഭക്ഷ്യയോഗ്യമായ കൂണുകൾ . ഇതിൽ രുചിയിൽ കേമൻ പാവക്കുണാണ് .

പാവക്കൂൺ അടുത്തടുത്ത് രണ്ടോ മൂന്നോ എണ്ണം സാധാരണയായി കാണപ്പെടുന്നു.ഒന്നുമാത്രമായും കാണപ്പെടുന്നു . പെരുംകൂൺ മഴയുള്ളപ്പോൾ വെളുപ്പു നിറത്തിൽ മൊട്ടും വിരിഞ്ഞതുമായി ഒരു പാടെണ്ണം ഉണ്ടാവും. വെട്ടിക്കാടൻ കൂൺ കാടുള്ള സ്ഥലങ്ങളിൽ മരങ്ങളുടെ ചുവട്ടിലായി കാണുന്ന ചിതൽപ്പുററിൽ കുറെയെണ്ണം ഉണ്ടാവും . അല്പം കറുപ്പുനിറം കൂടുതലുണ്ടാവും ഇതിന് . പനങ്കൂൺ പനയുടെ തടിയിലുണ്ടാവുന്നത്. ഏറ്റവും ചെറിയ കൂണാണ് അരികൂൺ . കറിയ്ക്കും സൂപ്പിനും ഇവൻ ഒന്നാന്തരം.

രുചിയിൽ കേമൻ പാവക്കൂൺ

ചെറുതും കൂട്ടമായും ഉണ്ടാകുന്ന ഉപ്പുകൂൺ വിരിഞ്ഞു നിൽക്കുന്നത് കാണാൻ നല്ല ഭംഗിയാണ്. ഉപ്പ് വാരിവിതറിയപോലെ കാണപ്പെടുന്നതുകൊണ്ടാണ് ഉപ്പുകൂൺ എന്ന പേര് വന്നത്. ചിതൽ പുറ്റുകളിലും മറ്റും ഇത് ധാരാളം കണ്ടിരുന്നു . ചെറുതായതിനാൽ വൃത്തിയാക്കി ഒരുക്കി എടുക്കുന്നതിന് സമയം എടുക്കും .

പാടത്തെ കൊയ്ത്ത് കഴിഞ്ഞ് വയ്ക്കോൽ കൂട്ടിയിട്ടു കഴിയുമ്പോൾ അതിൽ ഉണ്ടാകുന്ന വൈക്കോൽ കൂണും ഭക്ഷ്യയോഗ്യമാണ്.

കീടനാശിനികളും കളനാശിനികളും പ്രയോഗിക്കാത്ത, ധാരാളം ഇലകളും മരങ്ങളും, ജൈവവസ്തുക്കളും അലിഞ്ഞു ചേർന്ന മണ്ണിലാണ് സമൃദ്ധമായി കൂണുകളുണ്ടാകുന്നത് . മഴ കഴിഞ്ഞുള്ള പ്രഭാതങ്ങളിൽ പറമ്പിൽ കൂൺ കൂട്ടമായി പൊന്തി വിടർന്നു നില്ക്കുന്നതു കാണാൻ നല്ല ഭംഗിയാണ് . അമ്മച്ചിമാരെ ഹരം കൊള്ളിക്കുന്ന കാഴ്ചയാണത് .

നാട്ടിൻപുറങ്ങളിലെ പറമ്പുകളിൽ പണ്ട് കൂണുകൾ ധാരാളം കണ്ടിരുന്നു. ഇക്കാലത്തു പക്ഷെ കൂണുകൾ കുറവാണ് . മണ്ണിലെ രാസവള പ്രയോഗം ആണ് അതിന് ഒരു കാരണം. പറമ്പുകളെല്ലാം തെളിഞ്ഞതും ജൈവവൈവിധ്യം ഇല്ലാതായതുമൊക്കെ കൂണുകളുടെ വളർച്ചയെ ബാധിച്ചു. മാത്രമല്ല കൂൺ നോക്കി പറമ്പിൽ നടക്കുന്ന ശീലവും നമുക്ക് ഇല്ലാതായി.

പാവക്കൂൺ

മഴക്കാലത്ത് തെളിയുന്ന മാനത്ത് നിന്നും ഇടിശബ്ദം കേൾക്കുമ്പോൾ കൂൺ മുളക്കുമെന്നാണ് പഴമക്കാർ പറയുന്നത് . ഇടിയുടെ ശബ്ദത്തിൽ അനങ്ങുന്ന മേൽമണ്ണിനിടയിലൂടെ കൂൺ വിത്തുകൾ മുളപൊട്ടുമെന്ന പരമ്പരാഗത അറിവാണ് ഇതിനു പിന്നിൽ. ഒരിക്കൽ കൂൺ ഉണ്ടായിടത്ത് അടുത്ത വർഷം വീണ്ടും ഉണ്ടാകാറുണ്ട് . ഒരു ദിവസത്തെ ആയുസ് മാത്രമായിരിക്കും മിക്ക കൂണുകൾക്കും .

പണ്ട് ഇടിയും മഴയും ഉണ്ടായാൽ പിറ്റേന്ന് പറമ്പ് മുഴുവൻ അരിച്ചുപെറുക്കി നോക്കുമായിരുന്നു നമ്മുടെ അമ്മച്ചിമാർ. കൂൺ കിട്ടിയാൽ വലിയ സന്തോഷമാണ് . അത് പറിച്ചുകൊണ്ടുവന്ന് മണിക്കൂറുകളോളം ഇരുന്നു ഒരുക്കിയെടുക്കുന്നതിനു അമ്മച്ചിമാർക്കു ഒരു മടിയുമില്ലായിരുന്നു. ഇന്ന് പുതു തലമുറയ്ക്ക് അതിനൊക്കെ എവിടെ നേരം ? എളുപ്പം നോക്കി എല്ലാവരും ഇന്ന് കൂൺ വാങ്ങിക്കാൻ നേരെ കടയിലേക്കോടും . കൃത്രിമമായി ഉണ്ടാക്കുന്ന ആ കൂണിന്റെയും പറമ്പിലെ നാടൻ കൂണിന്റെയും രുചി തമ്മിൽ കടലും കടലാടിയും പോലുള്ള വ്യത്യാസമുണ്ട് .

പറമ്പിൽ നിന്ന് കിട്ടുന്ന എല്ലാ കൂണുകളും ഭക്ഷ്യയോഗ്യമല്ല . ചിലതിനു വിഷമുണ്ട് .
വിഷ കൂൺ തിരിച്ചറിയുന്ന വിധം.

  1. വിഷ കൂൺ കളർഫുൾ ആയിരിക്കും.
  2. ഈച്ച ,വണ്ട് മുതലായ ജീവികൾ കാണില്ല.
  3. കൂൺ കുടയുടെ അടിയിൽ ഉള്ള ചെകിള പോലുള്ള സാധനം കളർഫുൾ, ബ്ലാക്ക് ആയിരിക്കും.
  4. തടിയിൽ റിംഗ് ഉണ്ടായിരിക്കും.
  5. ദിവസങ്ങളോളം കേട് കൂടാതിരിക്കും.
  6. പൂച്ച, പട്ടി എന്നിവ മണക്കുക പോലുമില്ല.
  7. വിഷ,കൂണിൽ പൊടി ഉണ്ടാകും.
    8. വലപോലുള്ള പുറം ഭാഗമുള്ള കൂണുകൾ .

വിഷക്കൂണുകൾ മരണത്തിനു വരെ കാരണമാകാമെന്നതിനാൽ ഭക്ഷ്യയോഗ്യമാണോ എന്ന് ഉറപ്പുവരുത്തിയിട്ടേ പയോഗിക്കാവൂ.

കൂണുകളെല്ലാം വിരിഞ്ഞയുടനെ പറിച്ചെടുത്തുപയോഗിക്കുന്നതാണു നല്ലത്. എല്ലാം ഒരുക്കിയെടുത്ത് കുറെ സമയം മഞ്ഞൾ വെള്ളത്തിലിട്ടു കഴുകിയെടുത്തിട്ടു വേണം കറിവയ്ക്കാൻ.

കൂണുകൾ തോരനായും ചാറുകറിയായും വയ്ക്കാം . ഉപ്പും മഞ്ഞപ്പൊടിയും ചേർത്ത് തിളപ്പിച്ച വെള്ളത്തിൽ കഴുകിയെടുത്ത് പാചകം ചെയ്യുന്നതാണുത്തമം.വിഷാംശം ഉണ്ടാകുമെങ്കിൽ അത് ഒഴിവാക്കാനാണ് കൂൺ കറിയിൽ കൂടുതലായി മഞ്ഞൾ ചേർക്കുന്നത്. മാംസ്യം കൂടുതലടങ്ങിയതിനാൽ മല്ലിപ്പൊടി ആവശ്യത്തിന് ചേർക്കുന്നതോടെ ഇറച്ചിക്കറിയുടെ സ്വദാണ് കൂൺകറിക്കും. സ്വതവേ മണ്ണിൽ മുളച്ചു പൊന്തുന്ന കൂണുകൾക്ക് ക്യാൻസർ പോലുള്ള പല അസുഖങ്ങളേയും പ്രതിരോധിക്കുവാനുള്ള കഴിവുണ്ട്‌ എന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട് .

വറുത്തരച്ച കൂണ്‍ കറി

ആവശ്യമായ സാധനങ്ങള്‍
കൂണ്‍ – 250 ഗ്രാം
മുളക്പൊടി – 4 ടീസ്പൂണ്‍
മല്ലിപ്പൊടി – 3 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – ഒരു ടീസ്പൂണ്‍
വെളിച്ചെണ്ണ, കടുക്, കറിവേപ്പില വറുത്തിടുന്നതിന്
ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

കൂൺ ചെറിയ കഷ്ണങ്ങളാക്കി വെള്ളമൊഴിച്ച് വേവിക്കുക. ഇതിലേക്ക് അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ഇടുക. തേങ്ങ ചിരകിയതും മുളക്പൊടി, മല്ലിപ്പൊടി എന്നിവ ഒരുമിച്ചിട്ട് നന്നായി വറുത്തെടുക്കുക. പിന്നീട് ഇത് ചൂടാറിയതിന്ശേഷം മിനുസ പരുവത്തില്‍ അരച്ചെടുക്കുക. വേവിച്ച്‌ വച്ച കൂണിലേക്ക് അരവ് ചേര്‍ക്കുക. ഇതില്‍ ആവശ്യത്തിന് വെള്ളം ഒഴിച്ച് പാകത്തിന് ഉപ്പിട്ട് തിളപ്പിച്ചെടുക്കുക. കറി അടുപ്പില്‍നിന്ന് വാങ്ങിയതിന്ശേഷം കടുക്, മുളക്, കറിവേപ്പില എന്നിവ വെളിച്ചെണ്ണയി ല്‍ വറുത്തിടുക

Read Also ”സ്വന്തം അമ്മയുടെ കാലനാണിവന്‍. ഈ ഭൂമിയിലേക്കുവരാന്‍ വേറൊരു നാളും അവന്‍ കണ്ടില്ല. അസത്ത് ! ”

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here