Home More Crime പഞ്ചവടിപ്പാലത്തെ തോൽപ്പിച്ച പാലാരിവട്ടം പാലം

പഞ്ചവടിപ്പാലത്തെ തോൽപ്പിച്ച പാലാരിവട്ടം പാലം

1999
0
39 കോടി രൂപ മുടക്കിയാണ് 750 മീറ്റര്‍ ദൈര്‍ഘ്യമുള്ള പാലാരിവട്ടം മേൽപ്പാലം നിർമ്മിച്ചത്

പുതുക്കിപ്പണിയാനായി പാലാരിവട്ടം പാലം പൊളിക്കുന്നതിനിടയിൽ, കഴിഞ്ഞദിവസം പാലത്തിൽ രസകരമായ ഒരു ദൃശ്യം കണ്ടു. സോഷ്യൽമീഡിയയിൽ പച്ചയ്ക്കു പറഞ്ഞു ജനശ്രദ്ധ നേടിയ കൊച്ചിയിലെ മാധ്യമ പ്രവത്തകൻ ബെന്നി ജനപക്ഷം രണ്ടു തേങ്ങ ഉടയ്ക്കുന്ന കാഴ്ചയായിരുന്നു അത്. ഒരുവലിയ തേങ്ങയും ഒരു ചെറിയ തേങ്ങയും . പാലം പൊളിക്കുന്നതിന്റെ സമീപം പാലത്തിലേക്ക് വലിയതേങ്ങ വലിച്ചെറിഞ്ഞിട്ട് അദ്ദേഹം പറഞ്ഞു : ” ഇത് ഈ പാലം നിർമ്മാണത്തിൽ അഴിമതി നടത്തി കാശുപോക്കറ്റിലാക്കിയവരുടെ തല തകർന്നു പോകാനുള്ള തേങ്ങ. ” രണ്ടാമത്തെ തേങ്ങ പക്ഷെ പുതുതായി പണിയുന്ന പാലത്തെ അഴിമതിയുടെ നീരാളി പിടിക്കാതിരിക്കാൻ വേണ്ടിയായിരുന്നു .

പാലാരിവട്ടം പാലത്തിന്റെ നാൾവഴി

39 കോടി രൂപ മുടക്കിയാണ് 750 മീറ്റര്‍ ദൈര്‍ഘ്യമുള്ള പാലാരിവട്ടം മേൽപ്പാലം നിർമ്മിച്ചത്. 2016 ഒക്ടോബർ 12 ന് ഇത് ഗതാഗതത്തിനായി തുറന്നുകൊടുത്തു.

ഒരു വര്‍ഷം തികയുന്നതിനു മുൻപേ പാലത്തിൽ ഇരുപതിലേറെ കുഴികൾ രൂപപ്പെട്ടു. പിന്നീട് കുഴികളുടെ എണ്ണം വർധിക്കുകയും യാത്ര ദുഷ്കരമാവുകയും ചെയ്തു. പരിശോധനയിൽ നിർമ്മാണത്തിൽ ഗുരുതരമായ തകരാറുകൾ കണ്ടെത്തി. മൂന്നു വര്‍ഷം പോലും തികയുന്നതിനുമുമ്പേ അറ്റകുറ്റപ്പണിക്കായി ഈ ‘പഞ്ചവടിപ്പാലം’ അടച്ചിടേണ്ടി വന്നു.

Read Also  36 വർഷമായി കട്ടിൽ ചുമന്നു ജീവിക്കുന്നു എഴുപത്താറു വയസുള്ള അശോകൻ

പാലം പണിയിൽ അഴിമതി നടന്നു എന്ന് വിജിലൻസിന്റെ പ്രഥമിക അന്വേഷണത്തിൽ കണ്ടെത്തി . 4 പേർ അറസ്റ്റിലായി . മുൻ പൊതുമരാമത്തു മന്ത്രി ഇബ്രാഹിം കുഞ്ഞ് ഉൾപ്പെടെയുള്ള പ്രമുഖർ അഴിമതിയുടെ നിഴലിലായി. മാധ്യമങ്ങളിൽ രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങൾ ഉയർന്നു. കേസ് സുപ്രീം കോടതിയിലെത്തി . സുപ്രീം കോടതി പാലം പൊളിച്ചുപണിയാൻ ഉത്തരവിട്ടു. കഴിഞ്ഞ ദിവസം പാലം പൊളിക്കൽ തുടങ്ങി . പൊതുജനത്തിന്റെ 39 കോടിരൂപ അങ്ങനെ കണ്ണിൽക്കൂടി പോയി . ‘പാലാരിവട്ടം പാലം പഞ്ചവടിപ്പാലം പോലെയായല്ലോ! സിനിമാക്കഥ യാഥാർഥ്യമാവുകയാണോ ?’ എന്ന് ഹൈക്കോടതി ജഡ്ജി ഒരിക്കൽ ചോദിക്കുകയും ചെയ്തു

പഞ്ചവടിപ്പാലത്തിന്റെ കഥ

പ്രശസ്ത ഹാസസാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയുടെ തൂലികയിൽ വിരിഞ്ഞ ഒരു ഹാസ്യ നോവലാണ് ‘പാലം അപകടത്തില്‍’ . ഐരാവതക്കുഴി പഞ്ചായത്തിലെ ആളുകളും അവിടുത്തെ ഭരണപക്ഷവും പ്രതിപക്ഷവും നടത്തിയ പോരാട്ടവും അഴിമതിയുമൊക്കെയാണ് നോവലിലെ പ്രതിപാദ്യം . 1984 ൽ കെ.ജി. ജോര്‍ജ്ജ് ”പഞ്ചവടിപ്പാലം” എന്ന പേരിൽ ഈ നോവൽ ചലച്ചിത്രമാക്കി.

പഞ്ചായത്തു പ്രസിഡന്റ് ദുശ്ശാസനക്കുറുപ്പിന്റെ ഇമേജ് വർധിപ്പിക്കുന്നതിനായി ശിഖണ്ഡിപ്പിള്ള കൊണ്ടുവന്ന ഒരു ആശയമാണ് നിലവിലുള്ള ഒരു പാലം പൊളിച്ചു പുതിയതൊന്ന് പണിയുക എന്നത്. എന്നാൽ പ്രതിപക്ഷത്തിന്‍റെ എതിർപ്പ് കാരണം പാലം മറ്റൊരിടത്തു പണിയാൻ തീരുമാനിക്കുന്നു. അവിടെ പുതിയ റോഡിനും പാലത്തിനും രണ്ടു ടെണ്ടറുകൾ വിളിക്കുന്നു. ഒത്തുതീർപ്പ് വ്യവസ്ഥയിൽ രണ്ടു ടെണ്ടറുകളിൽ ഒന്ന് ഭരണപക്ഷത്തെ കരാറുകാരനും മറ്റൊന്ന് പ്രതിപക്ഷത്തെ കരാറുകാരനും ലഭിക്കുന്നു. പാലത്തിന്‍റെ ഉദ്‌ഘാടന ദിവസം കരാറുകാരനും കുറുപ്പിന്‍റെ മകളും തമ്മിൽ വിവാഹവും നിശ്ചയിക്കുന്നു. ഉദ്‌ഘാടനത്തിന്റെ അന്നുതന്നെ പാലം പൊളിഞ്ഞു പുഴയിൽ വീഴുന്നു. വെള്ളത്തിൽ വീണ് നാട്ടുകാരനായ ഒരു പാവം വികലാംഗൻ മരിക്കുന്നു. ഇതായിരുന്നു ചിത്രത്തിന്‍റെ ഇതിവൃത്തം. സംവിധായകൻ കെ ജി ജോർജ്ജിന്റെ തിരക്കഥയിൽ കാർട്ടൂണിസ്റ്റ് യേശുദാസനായിരുന്നു സഭാഷണം രചിച്ചത് . 1984 സെപ്റ്റംബർ 28 ന് ചിത്രം തിയറ്ററുകളിൽ എത്തി.

Read Also 99 ന്റെ പടിയിലും നിറഞ്ഞ ചിരിയുമായി അന്നക്കുട്ടി അമ്മച്ചി

രാഷ്ട്രീയത്തിലെ കുതികാൽവെട്ടും വഞ്ചനയും കാലുവാരലുമൊക്കെ ആക്ഷേപഹാസ്യത്തിൽ പൊതിഞ്ഞു ഭംഗിയായി അവതരിപ്പിച്ച ഒരു നല്ല സിനിമയായിരുന്നു പഞ്ചവടിപ്പാലം. ഈ സിനിമ വന്നതിനെത്തുടർന്നാണ് അഴിമതിയിൽ കെട്ടിപ്പൊക്കിയ പാലങ്ങൾക്ക് നാട്ടുകാർ പഞ്ചവടിപ്പാലം എന്ന് പേരിട്ടു തുടങ്ങിയത് . കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമയെന്നാണ് മാധ്യമങ്ങൾ ഇപ്പോൾ പഞ്ചവടിപ്പാലത്തെ വിശേഷിപ്പിക്കുന്നത് .

പാലാരിവട്ടത്തെ ”പഞ്ചവടിപ്പാലം

സംസ്ഥാന റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനായിരുന്നു പാലാരിവട്ടത്തെ മേൽപ്പാലം നിർമ്മാണ ചുമതല . ഉദ്‌ഘാടനം കഴിഞ്ഞു മൂന്നു വര്‍ഷം പോലും തികയുന്നതിനുമുമ്പേ ഈ ‘പഞ്ചവടിപ്പാലം’ പൊളിച്ചു കളഞ്ഞു പുതിയത് പണിയേണ്ട സ്ഥിതി വന്നു എന്നത് കേരളത്തിനു കുറച്ചൊന്നുമല്ല ചീത്തപ്പേരുണ്ടാക്കിയത്.

പാലം നിര്‍മ്മിച്ചത് നാഷണല്‍ ഹൈവേ അഥോറിറ്റിയുടെ അനുമതി ഇല്ലാതെയാണെന്ന് വിവരാവകാശ രേഖ പറയുന്നു. സംസ്ഥാന സര്‍ക്കാരിന് എന്‍ഒസി നല്‍കിയിട്ടില്ല. നിർമ്മാണം ഏറ്റെടുത്ത സ്വകാര്യ കരാറുകാരന് 8.25 കോടി രൂപ മൊബിലൈസേഷന്‍ അഡ്വാന്‍സ് അനുവദിച്ചത് കരാര്‍ വ്യവസ്ഥകളില്‍ ഉള്‍പ്പെടുത്താതെയാണെന്നും വ്യക്തമായി. സ്വകാര്യ കരാറുകാര്‍ നടത്തുന്ന നിര്‍മ്മാണങ്ങള്‍ക്ക് മുന്‍കൂര്‍ പണം നല്‍കരുതെന്ന ചട്ടം അന്ന് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞ് മറികടന്നു എന്നാണ് മേൽനോട്ട ചുമതലമുണ്ടായിരുന്നു ഐ എ എസ് ഉദ്യോഗസ്ഥൻ സൂരജ് വെളിപ്പെടുത്തിയത്. മന്ത്രിയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് അഡ്വാന്‍സ് നല്‍കിയതെന്നാണ് ടി.ഒ.സൂരജ് വിജിലൻസിനോട് പറഞ്ഞത് .

Read Also  ” എന്റെ മകൾ നിനക്കുള്ളതാകുന്നു ”: ഡോ.അലക്‌സാണ്ടർ ജേക്കബിന്റെ പ്രഭാഷണം

പാലം നിര്‍മ്മാണത്തിനുള്ള പണം മുഴുവന്‍ നിര്‍വഹണ ഏജന്‍സിയായ കേരള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ (ആര്‍ബിഡിസികെ) മുഖേന കൈമാറിയപ്പോള്‍ മൊബിലൈസേഷന്‍ അഡ്വാന്‍സ് രണ്ടു തവണകളായി കരാറുകാരന് നല്‍കിയത് കേരള റോഡ് ഫണ്ട് ബോര്‍ഡ് (കെഎഫ്‌ആര്‍ബി) നേരിട്ടാണ്. ഇതിലും ദുരൂഹതയുണ്ടെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.

പുതിയ പാലത്തിന്റെ നിര്‍മാണം ഒരുവര്‍ഷംകൊണ്ട് തീര്‍ക്കുമെന്ന് മേല്‍നോട്ടച്ചുമതലയുള്ള ഇ. ശ്രീധരന്‍ പറഞ്ഞിട്ടുണ്ട് . നിർമ്മാണത്തിന് 18 കോടി രൂപ മതി എന്നാണ് എസ്റ്റിമേറ്റ് .

അഴിമതി വളരുന്നു.

കേരളം വളരുന്നതിനൊപ്പം അഴിമതികളും വളരുകയാണ്. അഴിമതിക്കേസില്‍ ഇതുവരെ എട്ട് മന്ത്രിമാര്‍ രാജിവെച്ചെങ്കിലും ഒരുമന്ത്രിമാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ഇടമലയാര്‍ കേസിലും ഗ്രാഫൈറ്റ് കേസിലും പ്രതിചേർക്കപ്പെട്ട ആർ ബാലകൃഷ്ണപിള്ള. ഒരു വർഷത്തെ ശിക്ഷ കഴിഞ്ഞു വന്ന അദ്ദേഹമാകട്ടെ ഇപ്പോൾ കാബിനറ്റ് റാങ്കിലിരുന്നു നമ്മളെ ഭരിക്കുന്നു. ശിക്ഷവാങ്ങിക്കൊടുത്തവർ തന്നെ അധികാരത്തിൽ കയറ്റി ഇരുത്തി ഖജനാവ് കൊള്ളയടിക്കാൻ സാഹചര്യം ഉണ്ടാക്കിക്കൊടുത്ത വിചിത്ര സംഭവത്തിനും കേരളം അങ്ങനെ സാക്ഷിയായി.

Read Also രക്തസമ്മർദ്ദം കുറയ്ക്കാൻ ഫലപ്രദമായ ഭക്ഷണക്രമം

കേരളത്തിലെ ആദ്യ അഴിമതി ആരോപണം 1958 ലെ ആന്ധ്ര അരികുംഭകോണമാണ്. ടെണ്ടറില്ലാതെ അരി വാങ്ങിയതില്‍ പതിനറര ലക്ഷത്തിന്‍റെ അഴിമതിയെന്നായിരുന്നു ആക്ഷേപം. ഹൈക്കോടതി ജഡ്ജി നടത്തിയ അന്വേഷണത്തില്‍ അരിവാങ്ങിയതില്‍ അഴിമതിയില്ലെങ്കിലും ടെണ്ടര്‍ വിളിക്കാത്തതിലൂടെ ഒന്നരലക്ഷത്തിന്‍റ നഷ്ടമുണ്ടായെന്ന് കണ്ടെത്തി. തുടര്‍ന്നിങ്ങോട്ട് വലുതും ചെറുതുമായ നിരവധി അഴിമതി ആരോപണങ്ങള്‍ ഉയർന്നു. പാമോലിൻ, ലാവലിൻ , പ്ലസ് ടു , ബന്ധുനിയമനങ്ങള്‍, സർവകലാശാല അസിസ്റ്റന്റ് നിയമനം, ബാര്‍കോഴ, സോളാര്‍ തുടങ്ങി എത്രയെത്ര അഴിമതിആക്ഷേപങ്ങൾക്കാണ് കേരളം സാക്ഷിയായത് .

ഒരു വാതിലടച്ചാൽ പത്ത്‌ വാതിലുകൾ വേറെ തുറക്കും

മാർഗം എന്തായാലും പരമാവധിസമ്പത്ത് ഉണ്ടാക്കുക എന്നതാണ് അഴിമതിക്കാരുടെ ലക്ഷ്യം . ഇവരുടെ മുൻപിൽ സർക്കാരും കോടതിയും ഒരു വാതിലടച്ചാൽ പത്ത്‌ വാതിലുകൾ വേറെ തുറക്കും അവർ .

മുന്നണിയുടെ ശക്തി വർധിപ്പിക്കാൻ എല്ലാ പാർട്ടി നേതാക്കളും അഴിമതിക്കാരെ മാടി വിളിക്കുന്ന കാഴ്ചയാണ് സമീപകാലത്തു നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. ഇതേ അഴിമതിക്കാരെ ജയിലിലടയ്ക്കണമെന്നു പറഞ്ഞു മുൻപ് പ്രക്ഷോഭം ഉണ്ടാക്കി അണികളെ പോലീസിന്റെ മുൻപിലേക്ക് എറിഞ്ഞ് കൊടുത്തു തല്ലു വാങ്ങികൊടുത്തവർ ആണ് ഈ നേതാക്കന്മാർ എന്ന് എന്നോർക്കുക.

Read Also  കുടലിലെ കാന്‍സര്‍: ലക്ഷണങ്ങളും ചികിത്സയും

ഇതൊന്നും കണ്ടിട്ടും അനുഭവിച്ചിട്ടും പാർട്ടി അടിമകൾക്ക് ഒരുകുലുക്കവുമില്ല എന്നത് അത്ഭുതപ്പെടുത്തുന്നു. അടിമകൾ ഇപ്പോഴും അടിമകളായി തുടരുന്നു. കാപ്സ്യൂളുകൾ കൊടുത്തു അവരുടെയെല്ലാം തലച്ചോറ് മരവിപ്പിച്ചിട്ടിരിക്കയാണല്ലോ ! പിന്നെങ്ങനെ അവർക്ക് സ്വയം ചിന്തിക്കാനാവും ?

ഈ സാഹചര്യത്തിലാണ് ബുദ്ധിമരവിക്കാത്ത ജനങ്ങൾ ഉണർന്നെണീറ്റ് ട്വന്റി 20 പോലുള്ള ജനകീയ കൂട്ടായ്‌മകൾക്ക് രൂപം കൊടുത്തത് . അതിന്റെ വിജയത്തിൽ നിന്ന് ആവേശം കൊണ്ട് ഇപ്പോൾ കൊച്ചിയിൽ വി ഫോർ കൊച്ചി എന്നൊരു കൂട്ടായ്മയും രൂപം കൊണ്ടിരിക്കുന്നു . ഇത്തരം ജനകീയ കൂട്ടായ്മകൾ കേരളം മുഴുവൻ വളർന്നു പടരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

ധാർമ്മിക മൂല്യങ്ങൾക്ക് പ്രാധാന്യം കൊടുക്കണം

അഴിമതിയുടെ അടിസ്ഥാനകാരണം മൂല്യശോഷണമാണ്. അത് പരിഹരിക്കാൻ നമ്മുടെ വിദ്യാഭ്യാസത്തിൽ ധാർമ്മികമൂല്യങ്ങൾക്ക് പ്രാധാന്യം കൊടുക്കണം . നമ്മുടെ വീട്ടിൽ നിന്ന് തന്നെ അതിനു തുടക്കം കുറിക്കണം . മാതാപിതാക്കന്മാർ വാക്കിലും പ്രവൃത്തിയിലും മക്കൾക്ക്‌ എന്നും മാതൃകയായിരിക്കണം .

Read Also സൈബർ അശ്ലീലം തടയാൻ നിയമം കൊണ്ടുവന്നില്ലെങ്കിൽ ഇരകൾ ഇറങ്ങി അടിച്ചു തീർക്കുമെന്ന് ഹരീഷ്

അഴിമതി തടയാൻ പഴുതില്ലാത്ത നിയമവും പിഴവില്ലാത്ത ശിക്ഷയും ആവശ്യമാണ്. പോലീസും സർക്കാരും കോടതിയും ഒരുപോലെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കേണ്ടതുണ്ട്.

എഴുതിയത് : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

പാലാരിവട്ടം പാലം പണിതവന്റെ തല പൊട്ടിപ്പോകാൻ ഒരു തേങ്ങാ ഉടയ്ക്കൽ

Read Also ഭവനരഹിതർക്ക് ഒൻപത് വീടുകൾ നൽകി അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന പള്ളി ഇടവക

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here