യുട്യൂബിൽ സ്ത്രീകളെ അവഹേളിച്ചു വീഡിയോ പോസ്റ്റ് ചെയ്തയാളെ കൈകാര്യം ചെയ്ത സംഭവത്തിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ പൊലീസ് കേസെടുത്തു. തല്ലു കിട്ടിയ വിജയ് പി. നായരുടെ പരാതിയിലാണ് കേസ്. ആദ്യം പരാതിയില്ലെന്നു പറഞ്ഞ വിജയൻ പിന്നീട് നിലപാട് മാറ്റുകയായിരുന്നു.
അതേസമയം വീഡിയോയെപ്പറ്റി ചോദിക്കാനെത്തിയപ്പോൾ വിജയൻ ചീത്ത വിളിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന ഭാഗ്യലക്ഷ്മിയുടെ പരാതിയിൽ തമ്പാനൂർ പൊലീസ് വിജയ് പി. നായരുടെ പേരിലും കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് ചേർത്താണ് കേസെടുത്തിരിക്കുന്നത്.
വിവാദ വീഡിയോ ഇപ്പോഴും യുട്യൂബിൽ സജീവം ആണ്. സംഭവം ലോകം മുഴുവൻ അറിഞ്ഞതോടെ വീഡിയോ മുൻപ് കാണാത്തവരും കണ്ടു. 12 മണിക്കൂറിനുള്ളിൽ കണ്ടത് ലക്ഷക്കണക്കിന് ആളുകൾ. തല്ലല്ല, അവന്റെ തലമണ്ട അടിച്ചു പൊട്ടിക്കേണ്ടിയിരുന്നുവെന്ന് വീഡിയോ കണ്ട ചിലരുടെ കമന്റുകൾ.
‘പിണറായി വിജയന്റെ ഭരണത്തിൽ സ്ത്രീകൾക്ക് നീതി ലഭിക്കില്ലെന്നും നിയമം കയ്യിലെടുക്കുകയല്ലാതെ രക്ഷയില്ലെന്നും തെളിയിച്ച ഭാഗ്യലക്ഷ്മി ചേച്ചിക്കും സഹഅക്രമികൾക്കും അഭിനന്ദനങ്ങൾ.’ എന്നായിരുന്നു ബിജെപി വക്താവ് സന്ദീപ് വാര്യർ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത് .
പ്രതികരണവുമായി അധ്യാപികയും ഇടതുപക്ഷ പ്രവർത്തകയുമായ ദീപ നിശാന്തും എത്തി. നിയമവ്യവസ്ഥയുള്ള ഒരു നാട്ടിൽ ഇവരെന്താണീ കാട്ടുന്നതെന്ന ചിന്ത വന്നു. ആ അനുഭാവം അയാൾടെ വീഡിയോകൾ കണ്ടപ്പോ മാറിക്കിട്ടി. നാല് തല്ല് കൂടുതൽ കിട്ടേണ്ടതായിരുന്നു എന്നേ ഇപ്പോ തോന്നുന്നുള്ളൂ. കൊച്ചുകുഞ്ഞുങ്ങളെ ഉപദ്രവിക്കുന്ന പീഡോകൾക്കും അവരെ പിന്തുണക്കുന്നവർക്കും കൂടി ആ അടി കിട്ടേണ്ടതുണ്ടെന്നു വിചാരിക്കത്തക്ക പൊ.ക.( പൊളിറ്റിക്കൽ കറക്റ്റ്നെസ്)യേ തൽക്കാലം കയ്യിലുള്ളൂവെന്നും ദീപാ നിഷാന്ത് ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.
നീതി നിർവഹണത്തിന്റെ പേരിൽ മുഖ്യമന്ത്രിയെ പ്രകീർത്തിച്ച ഒരാൾക്ക് അതേ നീതി നിർവഹണത്തിന്റെ ഭാഗമായി ഒരാളെ തല്ലേണ്ടി വന്നെങ്കിൽ, നമ്മുടെ നാട്ടിലെ ഭരണസംവിധാനം കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് എങ്ങനെ പരിണമിച്ചുവെന്ന് ചിന്തിക്കൂ എന്നാണ് ശ്രീജിത്ത് പണിക്കർ പ്രതികരിച്ചത് . വനിതാ കമ്മീഷൻ, പൊലീസ്, ആഭ്യന്തരവകുപ്പ് എന്നീ സംവിധാനങ്ങളിൽ നിന്നും നീതി ലഭിക്കുമെന്ന് ബോധ്യമുണ്ടായിരുന്നെങ്കിൽ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും നിയമം കയ്യിലെടുക്കുന്ന അവസ്ഥ ഉണ്ടാകുമായിരുന്നില്ല എന്നും ശ്രീജിത്ത് ഫേസ്ബുക്കിൽ കുറിച്ചു.
നിയമം തോൽക്കുന്നിടത്ത് സ്ത്രീകൾ നേരിട്ടിറങ്ങി ഞരമ്പ് രോഗികളെ കൈകാര്യം ചെയ്യുന്നത് നിയമത്തിന്റെ കണ്ണിൽ തെറ്റാണെങ്കിലും ഒരർത്ഥത്തിൽ അത് നീതിയാണെന്ന് പരിസ്ഥിതി പ്രവർത്തകൻ ഹരീഷ് വാസുദേവൻ പ്രതികരിച്ചു. കൂടുതൽ പേർ ഇറങ്ങി ഇത്തരം ഞരമ്പ് രോഗികളെ അടിച്ചു മര്യാദ പഠിപ്പിക്കുന്ന കാഴ്ച നാം കാണും. ബസ്സിൽ ഞരമ്പ് രോഗികളെ പിൻ വെച്ചു കുത്തുന്ന പോലുള്ള ഒരു റിയാക്ഷൻ ആണ് സ്ത്രീകൾ നടത്തിയതെന്നും ഹരീഷ് വാസുദേവൻ ഫേസ്ബുക്കിൽ കുറിച്ചു .
”പാർലമെന്റിന്റെയും കേന്ദ്രസർക്കാരിന്റെയും സമ്പൂർണ പരാജയമാണ് ഈ സൈബർ ബുള്ളിയിങ്. IT ആക്ടിൽ ഭേദഗതി കൊണ്ടുവരാതെ കേന്ദ്രമാണ് ഈ സ്ഥിതി ഉണ്ടാക്കിയത്. ഇക്കാര്യത്തിൽ കേരളാ സർക്കാരും ഒന്നും ചെയ്യുന്നില്ല. ഈ സൈബർ അശ്ലീലം തടയാൻ നിയമം കൊണ്ടുവന്നില്ലെങ്കിൽ ഇരകൾ നേരിട്ട് ഇറങ്ങി അടിച്ചു തീർക്കും. Rule of Law യുടെ പരാജയമാണ് എന്നു നിലവിളിച്ചിട്ടു കാര്യമില്ല. ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ, ഒരുപാട് സ്ത്രീകൾ മടിക്കുന്ന കാര്യമാണ് നിങ്ങൾ ചെയ്തത്. നിങ്ങൾക്കെന്റെ അഭിവാദ്യങ്ങൾ. ” ഹരീഷ് വാസുദേവൻ ഫേസ്ബുക്കിൽ കുറിച്ചു